Jump to content

പരിശുദ്ധ ഖുർആൻ/ഹിജ്റ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 അലിഫ്‌ ലാംറാ-വേദഗ്രന്ഥത്തിലെ അഥവാ ( കാര്യങ്ങൾ ) സ്പഷ്ടമാക്കുന്ന ഖുർആനിലെ വചനങ്ങളാകുന്നു അവ.

2 തങ്ങൾ മുസ്ലിംകളായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന്‌ ചിലപ്പോൾ സത്യനിഷേധികൾ കൊതിച്ച്‌ പോകും.

3 നീ അവരെ വിട്ടേക്കുക. അവർ തിന്നുകയും സുഖിക്കുകയും വ്യാമോഹത്തിൽ വ്യാപൃതരാകുകയും ചെയ്തു കൊള്ളട്ടെ. ( പിന്നീട്‌ ) അവർ മനസ്സിലാക്കിക്കൊള്ളും.

4 ഒരു രാജ്യത്തെയും നാം നശിപ്പിച്ചിട്ടില്ല; നിർണിതമായ ഒരു അവധി അതിന്ന്‌ നൽകപ്പെട്ടിട്ടല്ലാതെ.

5 യാതൊരു സമുദായവും അതിൻറെ അവധിയേക്കാൾ മുമ്പിലാവുകയില്ല. ( അവധി വിട്ട്‌ ) അവർ പിന്നോട്ട്‌ പോകുകയുമില്ല.

6 അവർ ( അവിശ്വാസികൾ ) പറഞ്ഞു: ഹേ; ഉൽബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീർച്ചയായും നീ ഒരു ഭ്രാന്തൻ തന്നെ.

7 നീ സത്യവാൻമാരിൽ പെട്ടവനാണെങ്കിൽ നീ ഞങ്ങളുടെ അടുക്കൽ മലക്കുകളെ കൊണ്ട്‌ വരാത്തതെന്ത്‌?

8 എന്നാൽ ന്യായമായ കാരണത്താലല്ലാതെ നാം മലക്കുകളെ ഇറക്കുന്നതല്ല. അന്നേരം അവർക്ക്‌ ( സത്യനിഷേധികൾക്ക്‌ ) സാവകാശം നൽകപ്പെടുന്നതുമല്ല.

9 തീർച്ചയായും നാമാണ്‌ ആ ഉൽബോധനം അവതരിപ്പിച്ചത്‌. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌.

10 തീർച്ചയായും നിനക്ക്‌ മുമ്പ്‌ പൂർവ്വികൻമാരിലെ പല കക്ഷികളിലേക്ക്‌ നാം ദൂതൻമാരെ അയച്ചിട്ടുണ്ട്‌.

11 ഏതൊരു ദൂതൻ അവരുടെ അടുത്ത്‌ ചെല്ലുമ്പോഴും അവർ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.

12 അപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളിൽ അത്‌ ( പരിഹാസം ) നാം ചെലുത്തി വിടുന്നതാണ്‌.

13 പൂർവ്വികൻമാരിൽ ( ദൈവത്തിൻറെ ) നടപടി നടന്ന്‌ കഴിഞ്ഞിട്ടും അവർ ഇതിൽ വിശ്വസിക്കുന്നില്ല.

14 അവരുടെ മേൽ ആകാശത്ത്‌ നിന്ന്‌ നാം ഒരു കവാടം തുറന്നുകൊടുക്കുകയും, എന്നിട്ട്‌ അതിലൂടെ അവർ കയറിപ്പോയിക്കൊണ്ടിരിക്കുകയും ചെയ്താൽ പോലും.

15 അവർ പറയും: ഞങ്ങളുടെ കണ്ണുകൾക്ക്‌ മത്ത്‌ ബാധിച്ചത്‌ മാത്രമാണ്‌. അല്ല, ഞങ്ങൾ മാരണം ചെയ്യപ്പെട്ട ഒരു കൂട്ടം ആളുകളാണ്‌.

16 ആകാശത്ത്‌ നാം നക്ഷത്രമണ്ഡലങ്ങൾ നിശ്ചയിക്കുകയും, നോക്കുന്നവർക്ക്‌ അവയെ നാം അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.

17 ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളിൽ നിന്നും അതിനെ നാം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.

18 എന്നാൽ കട്ടുകേൾക്കാൻ ശ്രമിച്ചവനാകട്ടെ, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌.

19 ഭൂമിയെ നാം വിശാലമാക്കുകയും അതിൽ ഉറച്ചുനിൽക്കുന്ന പർവ്വതങ്ങൾ സ്ഥാപിക്കുകയും, അളവ്‌ നിർണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതിൽ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.

20 നിങ്ങൾക്കും, നിങ്ങൾ ആഹാരം നൽകിക്കൊണ്ടിരിക്കുന്നവരല്ലാത്തവർക്കും അതിൽ നാം ഉപജീവനമാർഗങ്ങൾ ഏർപെടുത്തുകയും ചെയ്തിരിക്കുന്നു.

21 യാതൊരു വസ്തുവും നമ്മുടെ പക്കൽ അതിൻറെ ഖജനാവുകൾ ഉള്ളതായിട്ടല്ലാതെയില്ല. ( എന്നാൽ ) ഒരു നിർണിതമായ തോതനുസരിച്ചല്ലാതെ നാമത്‌ ഇറക്കുന്നതല്ല.

22 മേഘങ്ങളുൽപാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട്‌ നിങ്ങൾക്ക്‌ അത്‌ കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങൾക്കത്‌ സംഭരിച്ച്‌ വെക്കാൻ കഴിയുമായിരുന്നില്ല.

23 തീർച്ചയായും, നാം തന്നെയാണ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്‌. ( എല്ലാറ്റിൻറെയും ) അനന്തരാവകാശിയും നാം തന്നെയാണ്‌.

24 തീർച്ചയായും നിങ്ങളിൽ നിന്ന്‌ മുമ്പിലായവർ ആരെന്ന്‌ നാം അറിഞ്ഞിട്ടുണ്ട്‌. പിന്നിലായവർ ആരെന്നും നാം അറിഞ്ഞിട്ടുണ്ട്‌.

25 തീർച്ചയായും നിൻറെ രക്ഷിതാവ്‌ തന്നെ അവരെ ഒരുമിച്ചുകൂട്ടുന്നതുമാണ്‌. തീർച്ചയായും അവൻ യുക്തിമാനും സർവ്വജ്ഞനുമത്രെ.

26 കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ( മുട്ടിയാൽ ) മുഴക്കമുണ്ടാക്കുന്ന കളിമൺ രൂപത്തിൽ നിന്ന്‌ നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.

27 അതിന്നു മുമ്പ്‌ ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയിൽ നിന്നു നാം സൃഷ്ടിച്ചു.

28 നിൻറെ രക്ഷിതാവ്‌ മലക്കുകളോട്‌ ഇപ്രകാരം പറഞ്ഞ സന്ദർഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമൺ രൂപത്തിൽ നിന്ന്‌ ഞാൻ ഒരു മനുഷ്യനെ സൃഷ്ടിക്കാൻ പോകുകയാണ്‌.

29 അങ്ങനെ ഞാൻ അവനെ ശരിയായ രൂപത്തിലാക്കുകയും, എൻറെ ആത്മാവിൽ നിന്ന്‌ അവനിൽ ഞാൻ ഊതുകയും ചെയ്താൽ, അപ്പോൾ അവന്ന്‌ പ്രണമിക്കുന്നവരായിക്കൊണ്ട്‌ നിങ്ങൾ വീഴുവിൻ.

30 അപ്പോൾ മലക്കുകൾ എല്ലാവരും പ്രണമിച്ചു.

31 ഇബ്ലീസ്‌ ഒഴികെ. പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാൻ അവൻ വിസമ്മതിച്ചു.

32 അല്ലാഹു പറഞ്ഞു: ഇബ്ലീസേ, പ്രണമിക്കുന്നവരുടെ കൂട്ടത്തിൽ ചേരാതിരിക്കുവാൻ നിനക്കെന്താണ്‌ ന്യായം?

33 അവൻ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ( മുട്ടിയാൽ ) മുഴക്കമുണ്ടാക്കുന്ന കളിമൺ രൂപത്തിൽ നിന്ന്‌ നീ സൃഷ്ടിച്ച മനുഷ്യന്‌ ഞാൻ പ്രണമിക്കേണ്ടവനല്ല.

34 അവൻ പറഞ്ഞു: നീ ഇവിടെ നിന്ന്‌ പുറത്ത്‌ പോ. തീർച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.

35 തീർച്ചയായും ന്യായവിധിയുടെ നാൾ വരെയും നിൻറെ മേൽ ശാപമുണ്ടായിരിക്കുന്നതാണ്‌.

36 അവൻ പറഞ്ഞു: എൻറെ രക്ഷിതാവേ, അവർ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസം വരെ എനിക്ക്‌ നീ അവധി നീട്ടിത്തരേണമേ.

37 അല്ലാഹു പറഞ്ഞു: എന്നാൽ തീർച്ചയായും നീ അവധി നൽകപ്പെടുന്നവരുടെ കൂട്ടത്തിൽ തന്നെയായിരിക്കും.

38 ആ നിശ്ചിത സന്ദർഭം വന്നെത്തുന്ന ദിവസം വരെ.

39 അവൻ പറഞ്ഞു: എൻറെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാൽ, ഭൂലോകത്ത്‌ അവർക്കു ഞാൻ ( ദുഷ്പ്രവൃത്തികൾ ) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവൻ ഞാൻ വഴികേടിലാക്കുകയും ചെയ്യും; തീർച്ച.

40 അവരുടെ കൂട്ടത്തിൽ നിന്ന്‌ നിൻറെ നിഷ്കളങ്കരായ ദാസൻമാരൊഴികെ.

41 അവൻ ( അല്ലാഹു ) പറഞ്ഞു: എന്നിലേക്ക്‌ നേർക്കുനേരെയുള്ള മാർഗമാകുന്നു ഇത്‌.

42 തീർച്ചയായും എൻറെ ദാസൻമാരുടെ മേൽ നിനക്ക്‌ യാതൊരു ആധിപത്യവുമില്ല. നിന്നെ പിൻപറ്റിയ ദുർമാർഗികളുടെ മേലല്ലാതെ.

43 തീർച്ചയായും നരകം അവർക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു.

44 അതിന്‌ ഏഴ്‌ കവാടങ്ങളുണ്ട്‌. ഓരോ വാതിലിലൂടെയും കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്‌.

45 തീർച്ചയായും സൂക്ഷ്മത പാലിച്ചവർ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും.

46 നിർഭയരായി ശാന്തിയോടെ അതിൽ പ്രവേശിച്ച്‌ കൊള്ളുക. ( എന്ന്‌ അവർക്ക്‌ സ്വാഗതം ആശംസിക്കപ്പെടും. )

47 അവരുടെ ഹൃദയങ്ങളിൽ വല്ല വിദ്വേഷവുമുണ്ടെങ്കിൽ നാമത്‌ നീക്കം ചെയ്യുന്നതാണ്‌. സഹോദരങ്ങളെന്ന നിലയിൽ അവർ കട്ടിലുകളിൽ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.

48 അവിടെവെച്ച്‌ യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന്‌ അവർ പുറത്താക്കപ്പെടുന്നതുമല്ല.

49 ( നബിയേ, ) ഞാൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌ എന്ന്‌ എൻറെ ദാസൻമാരെ വിവരമറിയിക്കുക.

50 എൻറെ ശിക്ഷ തന്നെയാണ്‌ വേദനയേറിയ ശിക്ഷ എന്നും ( വിവരമറിയിക്കുക. )

51 ഇബ്രാഹീമിൻറെ ( അടുത്ത്‌ വന്ന ) അതിഥികളെപ്പറ്റി നീ അവരെ വിവരമറിയിക്കുക.

52 അദ്ദേഹത്തിൻറെ അടുത്ത്‌ കടന്ന്‌ വന്ന്‌ അവർ സലാം എന്ന്‌ പറഞ്ഞ സന്ദർഭം. അദ്ദേഹം പറഞ്ഞു: തീർച്ചയായും ഞങ്ങൾ നിങ്ങളെപ്പറ്റി ഭയമുള്ളവരാകുന്നു.

53 അവർ പറഞ്ഞു: താങ്കൾ ഭയപ്പെടേണ്ട. ജ്ഞാനിയായ ഒരു ആൺകുട്ടിയെപ്പറ്റി ഞങ്ങളിതാ താങ്കൾക്കു സന്തോഷവാർത്ത അറിയിക്കുന്നു.

54 അദ്ദേഹം പറഞ്ഞു: എനിക്ക്‌ വാർദ്ധക്യം ബാധിച്ചു കഴിഞ്ഞിട്ടാണോ എനിക്ക്‌ നിങ്ങൾ ( സന്താനത്തെപറ്റി ) സന്തോഷവാർത്ത അറിയിക്കുന്നത്‌? അപ്പോൾ എന്തൊന്നിനെപ്പറ്റിയാണ്‌ നിങ്ങളീ സന്തോഷവാർത്ത അറിയിക്കുന്നത്‌?

55 അവർ പറഞ്ഞു: ഞങ്ങൾ താങ്കൾക്ക്‌ സന്തോഷവാർത്ത നൽകിയിട്ടുള്ളത്‌ ഒരു യാഥാർത്ഥ്യത്തെപറ്റിതന്നെയാണ്‌. അതിനാൽ താങ്കൾ നിരാശരുടെ കൂട്ടത്തിലായിരിക്കരുത്‌.

56 അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: തൻറെ രക്ഷിതാവിൻറെ കാരുണ്യത്തെപ്പറ്റി ആരാണ്‌ നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ.

57 അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: ഹേ; ദൂതൻമാരേ, എന്നാൽ നിങ്ങളുടെ ( മുഖ്യ ) വിഷയമെന്താണ്‌?

58 അവർ പറഞ്ഞു: ഞങ്ങൾ കുറ്റവാളികളായ ഒരു ജനതയിലേക്ക്‌ അയക്കപ്പെട്ടിരിക്കുകയാണ്‌.

59 ( എന്നാൽ ) ലൂത്വിൻറെ കുടുംബം അതിൽ നിന്നൊഴിവാണ്‌. തീർച്ചയായും അവരെ മുഴുവൻ ഞങ്ങൾ രക്ഷപ്പെടുത്തുന്നതാണ്‌.

60 അദ്ദേഹത്തിൻറെ ഭാര്യ ഒഴികെ. തീർച്ചയായും അവൾ ശിക്ഷയിൽ അകപ്പെടുന്നവരുടെ കൂട്ടത്തിലാണെന്ന്‌ ഞങ്ങൾ കണക്കാക്കിയിരിക്കുന്നു.

61 അങ്ങനെ ലൂത്വിൻറെ കുടുംബത്തിൽ ആ ദൂതൻമാർ വന്നെത്തിയപ്പോൾ.

62 അദ്ദേഹം പറഞ്ഞു: തീർച്ചയായും നിങ്ങൾ അപരിചിതരായ ആളുകളാണല്ലോ.

63 അവർ ( ആ ദൂതൻമാരായ മലക്കുകൾ ) പറഞ്ഞു: അല്ല, ഏതൊരു ( ശിക്ഷയുടെ ) കാര്യത്തിൽ അവർ ( ജനങ്ങൾ ) സംശയിച്ചിരുന്നുവോ അതും കൊണ്ടാണ്‌ ഞങ്ങൾ താങ്കളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌.

64 യാഥാർത്ഥ്യവും കൊണ്ടാണ്‌ ഞങ്ങൾ താങ്കളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. തീർച്ചയായും ഞങ്ങൾ സത്യം പറയുന്നവരാകുന്നു.

65 അതിനാൽ താങ്കളുടെ കുടുംബത്തെയും കൊണ്ട്‌ രാത്രിയിൽ അൽപസമയം ബാക്കിയുള്ളപ്പോൾ യാത്രചെയ്ത്‌ കൊള്ളുക. താങ്കൾ അവരുടെ പിന്നാലെ അനുഗമിക്കുകയും ചെയ്യുക. നിങ്ങളിൽ ഒരാളും തിരിഞ്ഞ്‌ നോക്കരുത്‌. നിങ്ങൾ കൽപിക്കപ്പെടുന്ന ഭാഗത്തേക്ക്‌ നടന്ന്‌ പോയിക്കൊള്ളുക.

66 ആ കാര്യം, അതായത്‌ പ്രഭാതമാകുന്നതോടെ ഇക്കൂട്ടരുടെ മുരടുതന്നെ മുറിച്ചുനീക്കപ്പെടുന്നതാണ്‌ എന്ന കാര്യം നാം അദ്ദേഹത്തിന്‌ ( ലൂത്വ്‌ നബിക്ക്‌ ) ഖണ്ഡിതമായി അറിയിച്ച്‌ കൊടുത്തു.

67 രാജ്യക്കാർ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട്‌ വന്നു.

68 അദ്ദേഹം ( ലൂത്വ്‌ ) പറഞ്ഞു: തീർച്ചയായും ഇവർ എൻറെ അതിഥികളാണ്‌. അതിനാൽ നിങ്ങളെന്നെ വഷളാക്കരുത്‌.

69 നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക.

70 അവർ പറഞ്ഞു: ലോകരുടെ കാര്യത്തിൽ ( ഇടപെടുന്നതിൽ ) നിന്നു നിന്നെ ഞങ്ങൾ വിലക്കിയിട്ടില്ലേ?

71 അദ്ദേഹം പറഞ്ഞു: ഇതാ എൻറെ പെൺമക്കൾ. ( അവരെ നിങ്ങൾക്ക്‌ വിവാഹം കഴിക്കാം. ) നിങ്ങൾക്ക്‌ ചെയ്യാം എന്നുണ്ടെങ്കിൽ

72 നിൻറെ ജീവിതം തന്നെയാണ സത്യം തീർച്ചയായും അവർ അവരുടെ ലഹരിയിൽ വിഹരിക്കുകയായിരുന്നു.

73 അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി.

74 അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകൾ അവരുടെ മേൽ നാം വർഷിക്കുകയും ചെയ്തു.

75 നിരീക്ഷിച്ച്‌ മനസ്സിലാക്കുന്നവർക്ക്‌ തീർച്ചയായും അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

76 തീർച്ചയായും അത്‌ ( ആ രാജ്യം ) ( ഇന്നും ) നിലനിന്ന്‌ വരുന്ന ഒരു പാതയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.

77 തീർച്ചയായും അതിൽ വിശ്വാസികൾക്ക്‌ ഒരു ദൃഷ്ടാന്തമുണ്ട്‌.

78 തീർച്ചയായും മരക്കൂട്ടത്തിൽ താമസിച്ചിരുന്ന ജനവിഭാഗം അക്രമികളായിരുന്നു.

79 അതിനാൽ നാം അവരുടെ നേരെ ശിക്ഷാനടപടി സ്വീകരിച്ചു. തീർച്ചയായും ഈ രണ്ട്‌ പ്രദേശവും തുറന്ന പാതയിൽ തന്നെയാണ്‌ സ്ഥിതിചെയ്യുന്നത്‌.

80 തീർച്ചയായും ഹിജ്‌റിലെ നിവാസികൾ ദൈവദൂതൻമാരെ നിഷേധിച്ച്‌ കളയുകയുണ്ടായി.

81 അവർക്ക്‌ നാം നമ്മുടെ ദൃഷ്ടാന്തങ്ങൾ നൽകുകയും ചെയ്തു. എന്നിട്ട്‌ അവർ അവയെ അവഗണിച്ച്‌ കളയുകയായിരുന്നു.

82 അവർ പർവ്വതങ്ങളിൽ നിന്ന്‌ ( പാറകൾ ) വെട്ടിത്തുരന്ന്‌ വീടുകളുണ്ടാക്കി നിർഭയരായി കഴിയുകയായിരുന്നു.

83 അങ്ങനെയിരിക്കെ പ്രഭാതവേളയിൽ ഒരു ഘോരശബ്ദം അവരെ പിടികൂടി.

84 അപ്പോൾ അവർ പ്രവർത്തിച്ചുണ്ടാക്കിയിരുന്നതൊന്നും അവർക്ക്‌ ഉപകരിച്ചില്ല.

85 ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂർവ്വകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീർച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാൽ നീ ഭംഗിയായി മാപ്പ്‌ ചെയ്ത്‌ കൊടുക്കുക.

86 തീർച്ചയായും നിൻറെ രക്ഷിതാവ്‌ എല്ലാം സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.

87 ആവർത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ്‌ വചനങ്ങളും മഹത്തായ ഖുർആനും തീർച്ചയായും നിനക്ക്‌ നാം നൽകിയിട്ടുണ്ട്‌.

88 അവരിൽ ( അവിശ്വാസികളിൽ ) പെട്ട പല വിഭാഗക്കാർക്കും നാം സുഖഭോഗങ്ങൾ നൽകിയിട്ടുള്ളതിൻറെ നേർക്ക്‌ നീ നിൻറെ ദൃഷ്ടികൾ നീട്ടിപ്പോകരുത്‌. അവരെപ്പറ്റി നീ വ്യസനിക്കേണ്ട. സത്യവിശ്വാസികൾക്ക്‌ നീ നിൻറെ ചിറക്‌ താഴ്ത്തികൊടുക്കുക.

89 തീർച്ചയായും ഞാൻ വ്യക്തമായ ഒരു താക്കീതുകാരൻ തന്നെയാണ്‌ എന്ന്‌ പറയുകയും ചെയ്യുക.

90 വിഭജനം നടത്തിക്കളഞ്ഞവരുടെ മേൽ നാം ഇറക്കിയത്‌ പോലെത്തന്നെ.

91 അതായത്‌ ഖുർആനിനെ വ്യത്യസ്ത ഖണ്ഡങ്ങളാക്കി മാറ്റിയവരുടെ മേൽ.

92 എന്നാൽ നിൻറെ രക്ഷിതാവിനെത്തന്നെയാണ, അവരെ മുഴുവൻ നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും.

93 അവർ പ്രവർത്തിച്ച്‌ കൊണ്ടിരുന്നതിനെ സംബന്ധിച്ച്‌.

94 അതിനാൽ നീ കൽപിക്കപ്പെടുന്നതെന്തോ അത്‌ ഉറക്കെ പ്രഖ്യാപിച്ച്‌ കൊള്ളുക. ബഹുദൈവവാദികളിൽ നിന്ന്‌ തിരിഞ്ഞുകളയുകയും ചെയ്യുക.

95 പരിഹാസക്കാരിൽ നിന്ന്‌ നിന്നെ സംരക്ഷിക്കാൻ തീർച്ചയായും നാം മതിയായിരിക്കുന്നു.

96 അതായത്‌ അല്ലാഹുവോടൊപ്പം മറ്റുദൈവത്തെ സ്ഥാപിക്കുന്നവർ ( പിന്നീട്‌ ) അവർ അറിഞ്ഞ്‌ കൊള്ളും.

97 അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്‌ നിമിത്തം നിനക്ക്‌ മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട്‌ എന്ന്‌ തീർച്ചയായും നാം അറിയുന്നുണ്ട്‌.

98 ആകയാൽ നിൻറെ രക്ഷിതാവിനെ സ്തുതിച്ച്‌ കൊണ്ട്‌ നീ സ്തോത്രകീർത്തനം നടത്തുകയും, നീ സുജൂദ്‌ ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.

99 ഉറപ്പായ കാര്യം ( മരണം ) നിനക്ക്‌ വന്നെത്തുന്നത്‌ വരെ നീ നിൻറെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക.

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ഹിജ്റ്&oldid=14196" എന്ന താളിൽനിന്ന് ശേഖരിച്ചത്