പരിശുദ്ധ ഖുർആൻ/നൂർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 നാം അവതരിപ്പിക്കുകയും നിയമമാക്കിവെക്കുകയും ചെയ്തിട്ടുള്ള ഒരു അദ്ധ്യായമത്രെ ഇത്‌. നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുന്നതിനു വേണ്ടി വ്യക്തമായ ദൃഷ്ടാന്തങ്ങൾ നാം ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.

2 വ്യഭിചരിക്കുന്ന സ്ത്രീ പുരുഷൻമാരിൽ ഓരോരുത്തരെയും നിങ്ങൾ നൂറ്‌ അടി അടിക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ അല്ലാഹുവിൻറെ മതനിയമത്തിൽ ( അത്‌ നടപ്പാക്കുന്ന വിഷയത്തിൽ ) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത്‌ സത്യവിശ്വാസികളിൽ നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ.

3 വ്യഭിചാരിയായ പുരുഷൻ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേൽ അത്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.

4 ചാരിത്രവതികളുടെ മേൽ ( വ്യഭിചാരം ) ആരോപിക്കുകയും, എന്നിട്ട്‌ നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ എൺപത്‌ അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങൾ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്‌. അവർ തന്നെയാകുന്നു അധർമ്മകാരികൾ.

5 അതിന്‌ ശേഷം പശ്ചാത്തപിക്കുകയും നിലപാട്‌ നന്നാക്കിത്തീർക്കുകയും ചെയ്തവരൊഴികെ. എന്നാൽ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും തന്നെയാകുന്നു.

6 തങ്ങളുടെ ഭാര്യമാരുടെ മേൽ ( വ്യഭിചാരം ) ആരോപിക്കുകയും, അവരവർ ഒഴികെ മറ്റു സാക്ഷികളൊന്നും തങ്ങൾക്ക്‌ ഇല്ലാതിരിക്കുകയും ചെയ്യുന്നവരാരോ അവരിൽ ഓരോരുത്തരും നിർവഹിക്കേണ്ട സാക്ഷ്യം തീർച്ചയായും താൻ സത്യവാൻമാരുടെ കൂട്ടത്തിലാകുന്നു എന്ന്‌ അല്ലാഹുവിൻറെ പേരിൽ നാലു പ്രാവശ്യം സാക്ഷ്യം വഹിക്കലാകുന്നു.

7 അഞ്ചാമതായി, താൻ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെങ്കിൽ അല്ലാഹുവിൻറെ ശാപം തൻറെ മേൽ ഭവിക്കട്ടെ എന്ന്‌ ( പറയുകയും വേണം. )

8 തീർച്ചയായും അവൻ കളവ്‌ പറയുന്നവരുടെ കൂട്ടത്തിലാകുന്നു എന്ന്‌ അല്ലാഹുവിൻറെ പേരിൽ അവൾ നാലു പ്രാവശ്യം സാക്ഷ്യം വഹിക്കുന്ന പക്ഷം, അതവളെ ശിക്ഷയിൽ നിന്ന്‌ ഒഴിവാക്കുന്നതാണ്‌.

9 അഞ്ചാമതായി അവൻ സത്യവാൻമാരുടെ കൂട്ടത്തിലാണെങ്കിൽ അല്ലാഹുവിൻറെ കോപം തൻറെ മേൽ ഭവിക്കട്ടെ എന്ന്‌ ( പറയുകയും വേണം. )

10 അല്ലാഹുവിൻറെ അനുഗ്രഹവും കാരുണ്യവും നിങ്ങളുടെ മേൽ ഇല്ലാതിരിക്കുകയും, അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും, യുക്തിമാനും അല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ ( നിങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു? )

11 തീർച്ചയായും ആ കള്ള വാർത്തയും കൊണ്ട്‌ വന്നവർ നിങ്ങളിൽ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത്‌ നിങ്ങൾക്ക്‌ ദോഷകരമാണെന്ന്‌ നിങ്ങൾ കണക്കാക്കേണ്ട. അല്ല, അത്‌ നിങ്ങൾക്ക്‌ ഗുണകരം തന്നെയാകുന്നു. അവരിൽ ഓരോ ആൾക്കും താൻ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്‌. അവരിൽ അതിൻറെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ്‌ ഭയങ്കര ശിക്ഷയുള്ളത്‌.

12 നിങ്ങൾ അത്‌ കേട്ട സമയത്ത്‌ സത്യവിശ്വാസികളായ സ്ത്രീകളും പുരുഷൻമാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട്‌ നല്ലതു വിചാരിക്കുകയും, ഇതു വ്യക്തമായ നുണ തന്നെയാണ്‌ എന്ന്‌ പറയുകയും ചെയ്തില്ല?

13 അവർ എന്തുകൊണ്ട്‌ അതിനു നാലു സാക്ഷികളെ കൊണ്ടു വന്നില്ല.? എന്നാൽ അവർ സാക്ഷികളെ കൊണ്ട്‌ വരാത്തതിനാൽ അവർ തന്നെയാകുന്നു അല്ലാഹുവിങ്കൽ വ്യാജവാദികൾ.

14 ഇഹലോകത്തും പരലോകത്തും നിങ്ങളുടെ മേൽ അല്ലാഹുവിൻറെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കിൽ നിങ്ങൾ ഈ സംസാരത്തിൽ ഏർപെട്ടതിൻറെ പേരിൽ ഭയങ്കരമായ ശിക്ഷ നിങ്ങളെ ബാധിക്കുമായിരുന്നു.

15 നിങ്ങൾ നിങ്ങളുടെ നാവുകൾ കൊണ്ട്‌ അതേറ്റു പറയുകയും, നിങ്ങൾക്കൊരു വിവരവുമില്ലാത്തത്‌ നിങ്ങളുടെ വായ്കൊണ്ട്‌ മൊഴിയുകയും ചെയ്തിരുന്ന സന്ദർഭം. അതൊരു നിസ്സാരകാര്യമായി നിങ്ങൾ ഗണിക്കുന്നു. അല്ലാഹുവിൻറെ അടുക്കൽ അത്‌ ഗുരുതരമാകുന്നു.

16 നിങ്ങൾ അത്‌ കേട്ട സന്ദർഭത്തിൽ ഞങ്ങൾക്ക്‌ ഇതിനെ പറ്റി സംസാരിക്കുവാൻ പാടുള്ളതല്ല. ( അല്ലാഹുവേ, ) നീ എത്ര പരിശുദ്ധൻ! ഇത്‌ ഭയങ്കരമായ ഒരു അപവാദം തന്നെയാകുന്നു എന്ന്‌ നിങ്ങൾ എന്തുകൊണ്ട്‌ പറഞ്ഞില്ല?

17 നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ ഇതു പോലുള്ളത്‌ ഒരിക്കലും നിങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന്‌ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു.

18 അല്ലാഹു നിങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങൾ വിവരിച്ചുതരികയും ചെയ്യുന്നു. അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു.

19 തീർച്ചയായും സത്യവിശ്വാസികൾക്കിടയിൽ ദുർവൃത്തി പ്രചരിക്കുന്നത്‌ ഇഷ്ടപ്പെടുന്നവരാരോ അവർക്കാണ്‌ ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്‌. അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല.

20 അല്ലാഹുവിൻറെ അനുഗ്രഹവും കാരുണ്യവും നിങ്ങളുടെ മേൽ ഇല്ലാതിരിക്കുകയും, അല്ലാഹു ദയാലുവും കരുണാനിധിയും അല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ ( നിങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു? )

21 സത്യവിശ്വാസികളേ, പിശാചിൻറെ കാൽപാടുകൾ പിൻപറ്റരുത്‌. വല്ലവനും പിശാചിൻറെ കാൽപാടുകൾ പിൻപറ്റുന്ന പക്ഷം തീർച്ചയായും അവൻ ( പിശാച്‌ ) കൽപിക്കുന്നത്‌ നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും. നിങ്ങളുടെ മേൽ അല്ലാഹുവിൻറെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കിൽ നിങ്ങളിൽ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക്‌ പരിശുദ്ധി നൽകുന്നു. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ.

22 നിങ്ങളുടെ കൂട്ടത്തിൽ ശ്രേഷ്ഠതയും കഴിവുമുള്ളവർ കുടുംബബന്ധമുള്ളവർക്കും സാധുക്കൾക്കും അല്ലാഹുവിൻറെ മാർഗത്തിൽ സ്വദേശം വെടിഞ്ഞു വന്നവർക്കും ഒന്നും കൊടുക്കുകയില്ലെന്ന്‌ ശപഥം ചെയ്യരുത്‌. അവർ മാപ്പുനൽകുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങൾക്ക്‌ പൊറുത്തുതരാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.

23 പതിവ്രതകളും ( ദുർവൃത്തിയെപ്പറ്റി ) ഓർക്കുക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവർ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീർച്ച. അവർക്ക്‌ ഭയങ്കരമായ ശിക്ഷയുമുണ്ട്‌.

24 അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവർക്കെതിരായി സാക്ഷിപറയുന്ന ദിവസത്തിലത്രെ അത്‌ ( ശിക്ഷ ) .

25 അന്ന്‌ അല്ലാഹു അവർക്ക്‌ അവരുടെ യഥാർത്ഥ പ്രതിഫലം നിറവേറ്റികൊടുക്കുന്നതാണ്‌. അല്ലാഹു തന്നെയാണ്‌ പ്രത്യക്ഷമായ സത്യമെന്ന്‌ അവർ അറിയുകയും ചെയ്യും.

26 ദുഷിച്ച സ്ത്രീകൾ ദുഷിച്ച പുരുഷൻമാർക്കും, ദുഷിച്ച പുരുഷൻമാർ ദുഷിച്ച സ്ത്രീകൾക്കുമാകുന്നു. നല്ല സ്ത്രീകൾ നല്ല പുരുഷൻമാർക്കും, നല്ല പുരുഷൻമാർ നല്ല സ്ത്രീകൾക്കുമാകുന്നു. ഇവർ ( ദുഷ്ടൻമാർ ) പറഞ്ഞുണ്ടാക്കുന്ന കാര്യത്തിൽ അവർ ( നല്ലവർ ) നിരപരാധരാകുന്നു. അവർക്ക്‌ പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും.

27 ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളിൽ നിങ്ങൾ കടക്കരുത്‌; നിങ്ങൾ അനുവാദം തേടുകയും ആ വീട്ടുകാർക്ക്‌ സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ്‌ നിങ്ങൾക്ക്‌ ഗുണകരം. നിങ്ങൾ ആലോചിച്ചു മനസ്സിലാക്കാൻ വേണ്ടിയത്രെ ( ഇതു പറയുന്നത്‌ ) .

28 ഇനി നിങ്ങൾ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കിൽ നിങ്ങൾക്ക്‌ സമ്മതം കിട്ടുന്നത്‌ വരെ നിങ്ങൾ അവിടെ കടക്കരുത്‌. നിങ്ങൾ തിരിച്ചുപോകൂ എന്ന്‌ നിങ്ങളോട്‌ പറയപ്പെട്ടാൽ നിങ്ങൾ തിരിച്ചുപോകണം. അതാണ്‌ നിങ്ങൾക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു.

29 ആൾ പാർപ്പില്ലാത്തതും, നിങ്ങൾക്ക്‌ എന്തെങ്കിലും ഉപയോഗമുള്ളതുമായ ഭവനങ്ങളിൽ നിങ്ങൾ പ്രവേശിക്കുന്നതിന്‌ നിങ്ങൾക്ക്‌ കുറ്റമില്ല. നിങ്ങൾ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു.

30 ( നബിയേ, ) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവർക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

31 സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയിൽ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകൾ കുപ്പായമാറുകൾക്ക്‌ മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭർത്താക്കൻമാർ, അവരുടെ പിതാക്കൾ, അവരുടെ ഭർതൃപിതാക്കൾ, അവരുടെ പുത്രൻമാർ, അവരുടെ ഭർതൃപുത്രൻമാർ, അവരുടെ സഹോദരൻമാർ, അവരുടെ സഹോദരപുത്രൻമാർ, അവരുടെ സഹോദരീ പുത്രൻമാർ, മുസ്ലിംകളിൽ നിന്നുള്ള സ്ത്രീകൾ, അവരുടെ വലംകൈകൾ ഉടമപ്പെടുത്തിയവർ ( അടിമകൾ ) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷൻമാരായ പരിചാരകർ, സ്ത്രീകളുടെ രഹസ്യങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികൾ എന്നിവരൊഴിച്ച്‌ മറ്റാർക്കും തങ്ങളുടെ ഭംഗി അവർ വെളിപ്പെടുത്തരുത്‌. തങ്ങൾ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാൻ വേണ്ടി അവർ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം.

32 നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളിൽ നിന്നും അടിമസ്ത്രീകളിൽ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങൾ വിവാഹബന്ധത്തിൽ ഏർപെടുത്തുക. അവർ ദരിദ്രരാണെങ്കിൽ അല്ലാഹു തൻറെ അനുഗ്രഹത്തിൽ നിന്ന്‌ അവർക്ക്‌ ഐശ്വര്യം നൽകുന്നതാണ്‌. അല്ലാഹു വിപുലമായ കഴിവുള്ളവനും സർവ്വജ്ഞനുമത്രെ.

33 വിവാഹം കഴിക്കാൻ കഴിവ്‌ ലഭിക്കാത്തവർ അവർക്ക്‌ അല്ലാഹു തൻറെ അനുഗ്രഹത്തിൽ നിന്ന്‌ സ്വാശ്രയത്വം നൽകുന്നത്‌ വരെ സൻമാർഗനിഷ്ഠ നിലനിർത്തട്ടെ. നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയവരിൽ ( അടിമകളിൽ ) നിന്ന്‌ മോചനക്കരാറിൽ ഏർപെടാൻ ആഗ്രഹിക്കുന്നവരാരോ അവരുമായി നിങ്ങൾ മോചനക്കരാറിൽ ഏർപെടുക; അവരിൽ നൻമയുള്ളതായി നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ. അല്ലാഹു നിങ്ങൾക്ക്‌ നൽകിയിട്ടുള്ള സമ്പത്തിൽ നിന്ന്‌ അവർക്ക്‌ നിങ്ങൾ നൽകി സഹായിക്കുകയും ചെയ്യുക. നിങ്ങളുടെ അടിമസ്ത്രീകൾ ചാരിത്രശുദ്ധിയോടെ ജീവിക്കാൻ അഗ്രഹിക്കുന്നുണ്ടെങ്കിൽ ഐഹികജീവിതത്തിൻറെ വിഭവം ആഗ്രഹിച്ചു കൊണ്ട്‌ നിങ്ങൾ അവരെ വേശ്യാവൃത്തിക്ക്‌ നിർബന്ധിക്കരുത്‌. വല്ലവനും അവരെ നിർബന്ധിക്കുന്ന പക്ഷം അവർ നിർബന്ധിതരായി തെറ്റുചെയ്തതിന്‌ ശേഷം തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.

34 തീർച്ചയായും നിങ്ങൾക്ക്‌ നാം വ്യക്തമായ ദൃഷ്ടാന്തങ്ങളും, നിങ്ങളുടെ മുമ്പ്‌ കഴിഞ്ഞുപോയവരുടെ ( ചരിത്രത്തിൽ നിന്നുള്ള ) ഉദാഹരണങ്ങളും, ധർമ്മനിഷ്ഠപാലിക്കുന്നവർക്ക്‌ വേണ്ടിയുള്ള ഉപദേശവും അവതരിപ്പിച്ചു തന്നിരിക്കുന്നു.

35 അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവൻറെ പ്രകാശത്തിൻറെ ഉപമയിതാ: ( ചുമരിൽ വിളക്ക്‌ വെക്കാനുള്ള ) ഒരു മാടം അതിൽ ഒരു വിളക്ക്‌. വിളക്ക്‌ ഒരു സ്ഫടികത്തിനകത്ത്‌ . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തിൽ നിന്നാണ്‌ അതിന്‌ ( വിളക്കിന്‌ ) ഇന്ധനം നൽകപ്പെടുന്നത്‌. അതായത്‌ കിഴക്ക്‌ ഭാഗത്തുള്ളതോ പടിഞ്ഞാറ്‌ ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ്‌ വൃക്ഷത്തിൽ നിന്ന്‌. അതിൻറെ എണ്ണ തീ തട്ടിയില്ലെങ്കിൽ പോലും പ്രകാശിക്കുമാറാകുന്നു. ( അങ്ങനെ ) പ്രകാശത്തിൻമേൽ പ്രകാശം. അല്ലാഹു തൻറെ പ്രകാശത്തിലേക്ക്‌ താൻ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങൾക്ക്‌ വേണ്ടി ഉപമകൾ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.

36 ചില ഭവനങ്ങളിലത്രെ ( ആ വെളിച്ചമുള്ളത്‌. ) അവ ഉയർത്തപ്പെടാനും അവയിൽ തൻറെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ്‌ നൽകിയിരിക്കുന്നു. അവയിൽ രാവിലെയും സന്ധ്യാസമയങ്ങളിലും അവൻറെ മഹത്വം പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു.

37 ചില ആളുകൾ. അല്ലാഹുവെ സ്മരിക്കുന്നതിൽ നിന്നും, നമസ്കാരം മുറപോലെ നിർവഹിക്കുന്നതിൽ നിന്നും, സകാത്ത്‌ നൽകുന്നതിൽ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവർ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു.

38 അല്ലാഹു അവർക്ക്‌ അവർ പ്രവർത്തിച്ചതിനുള്ള ഏറ്റവും നല്ല പ്രതിഫലം നൽകുവാനും, അവൻറെ അനുഗ്രഹത്തിൽ നിന്ന്‌ അവർക്ക്‌ കൂടുതലായി നൽകുവാനും വേണ്ടിയത്രെ അത്‌. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക്‌ കണക്ക്‌ നോക്കാതെ തന്നെ നൽകുന്നു.

39 അവിശ്വസിച്ചവരാകട്ടെ അവരുടെ കർമ്മങ്ങൾ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവൻ അത്‌ വെള്ളമാണെന്ന്‌ വിചാരിക്കുന്നു. അങ്ങനെ അവൻ അതിന്നടുത്തേക്ക്‌ ചെന്നാൽ അങ്ങനെ ഒന്ന്‌ ഉള്ളതായി തന്നെ അവൻ കണ്ടെത്തുകയില്ല. എന്നാൽ തൻറെ അടുത്ത്‌ അല്ലാഹുവെ അവൻ കണ്ടെത്തുന്നതാണ്‌. അപ്പോൾ ( അല്ലാഹു ) അവന്ന്‌ അവൻറെ കണക്ക്‌ തീർത്തു കൊടുക്കുന്നതാണ്‌. അല്ലാഹു അതിവേഗം കണക്ക്‌ നോക്കുന്നവനത്രെ.

40 അല്ലെങ്കിൽ ആഴക്കടലിലെ ഇരുട്ടുകൾ പോലെയാകുന്നു. ( അവരുടെ പ്രവർത്തനങ്ങളുടെ ഉപമ ) . തിരമാല അതിനെ ( കടലിനെ ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാർമേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകൾ. അവൻറെ കൈ പുറത്തേക്ക്‌ നീട്ടിയാൽ അതുപോലും അവൻ കാണുമാറാകില്ല. അല്ലാഹു ആർക്ക്‌ പ്രകാശം നൽകിയിട്ടില്ലയോ അവന്ന്‌ യാതൊരു പ്രകാശവുമില്ല.

41 ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക്‌ നിവർത്തിപ്പിടിച്ചു കൊണ്ട്‌ പക്ഷികളും അല്ലാഹുവിൻറെ മഹത്വം പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു എന്ന്‌ നീ കണ്ടില്ലേ? ഓരോരുത്തർക്കും തൻറെ പ്രാർത്ഥനയും കീർത്തനവും എങ്ങനെയെന്ന്‌ അറിവുണ്ട്‌. അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനത്രെ.

42 അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹുവിങ്കലേക്ക്‌ തന്നെയാണ്‌ മടക്കവും.

43 അല്ലാഹു കാർമേഘത്തെ തെളിച്ച്‌ കൊണ്ട്‌ വരികയും, എന്നിട്ട്‌ അത്‌ തമ്മിൽ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവൻ അട്ടിയാക്കുകയും ചെയ്യുന്നു. എന്ന്‌ നീ കണ്ടില്ലേ? അപ്പോൾ അതിന്നിടയിലൂടെ മഴ പുറത്ത്‌ വരുന്നതായി നിനക്ക്‌ കാണാം. ആകാശത്ത്‌ നിന്ന്‌ -അവിടെ മലകൾ പോലുള്ള മേഘകൂമ്പാരങ്ങളിൽ നിന്ന്‌ -അവൻ ആലിപ്പഴം ഇറക്കുകയും എന്നിട്ട്‌ താൻ ഉദ്ദേശിക്കുന്നവർക്ക്‌ അത്‌ അവൻ ബാധിപ്പിക്കുകയും താൻ ഉദ്ദേശിക്കുന്നവരിൽ നിന്ന്‌ അത്‌ തിരിച്ചുവിടുകയും ചെയ്യുന്നു. അതിൻറെ മിന്നൽ വെളിച്ചം കാഴ്ചകൾ റാഞ്ചിക്കളയുമാറാകുന്നു.

44 അല്ലാഹു രാവും പകലും മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു. തീർച്ചയായും അതിൽ കണ്ണുള്ളവർക്ക്‌ ഒരു ചിന്താവിഷയമുണ്ട്‌.

45 എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തിൽ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തിൽ ഉദരത്തിൽമേൽ ഇഴഞ്ഞ്‌ നടക്കുന്നവരുണ്ട്‌. രണ്ട്‌ കാലിൽ നടക്കുന്നവരും അവരിലുണ്ട്‌. നാലുകാലിൽ നടക്കുന്നവരും അവരിലുണ്ട്‌. അല്ലാഹു താൻ ഉദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുന്നു. തീർച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.

46 ( യാഥാർത്ഥ്യം ) വ്യക്തമാക്കുന്ന ദൃഷ്ടാന്തങ്ങൾ നാം അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ നേരായ പാതയിലേക്ക്‌ നയിക്കുന്നു.

47 അവർ പറയുന്നു; ഞങ്ങൾ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും, അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്‌. പിന്നെ അതിന്‌ ശേഷം അവരിൽ ഒരു വിഭാഗമതാ പിൻമാറിപ്പോകുന്നു. അവർ വിശ്വാസികളല്ല തന്നെ.

48 അവർക്കിടയിൽ ( റസൂൽ ) തീർപ്പുകൽപിക്കുന്നതിനായി അല്ലാഹുവിലേക്കും അവൻറെ റസൂലിലേക്കും അവർ വിളിക്കപ്പെട്ടാൽ അപ്പോഴതാ അവരിൽ ഒരു വിഭാഗം തിരിഞ്ഞുകളയുന്നു.

49 ന്യായം അവർക്ക്‌ അനുകൂലമാണെങ്കിലോ അവർ അദ്ദേഹത്തിൻറെ ( റസൂലിൻറെ ) അടുത്തേക്ക്‌ വിധേയത്വത്തോട്‌ കൂടി വരികയും ചെയ്യും.

50 അവരുടെ ഹൃദയങ്ങളിൽ വല്ല രോഗവുമുണ്ടോ? അതല്ല അവർക്ക്‌ സംശയം പിടിപെട്ടിരിക്കുകയാണോ? അതല്ല അല്ലാഹുവും അവൻറെ റസൂലും അവരോട്‌ അനീതി പ്രവർത്തിക്കുമെന്ന്‌ അവർ ഭയപ്പെടുകയാണോ? അല്ല, അവർ തന്നെയാകുന്നു അക്രമികൾ.

51 തങ്ങൾക്കിടയിൽ ( റസൂൽ ) തീർപ്പുകൽപിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാൽ സത്യവിശ്വാസികളുടെ വാക്ക്‌, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്‌ പറയുക മാത്രമായിരിക്കും. അവർ തന്നെയാണ്‌ വിജയികൾ.

52 അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, അല്ലാഹുവെ ഭയപ്പെടുകയും അവനോട്‌ സൂക്ഷ്മത പുലർത്തുകയും ചെയ്യുന്നവരാരോ അവർ തന്നെയാണ്‌ വിജയം നേടിയവർ.

53 നീ അവരോട്‌ കൽപിക്കുകയാണെങ്കിൽ അവർ പുറപ്പെടുക തന്നെ ചെയ്യുമെന്ന്‌ - അവർക്ക്‌ സത്യം ചെയ്യാൻ കഴിയുന്ന വിധത്തിലെല്ലാം -അല്ലാഹുവിൻറെ പേരിൽ അവർ സത്യം ചെയ്ത്‌ പറഞ്ഞു. നീ പറയുക: നിങ്ങൾ സത്യം ചെയ്യേണ്ടതില്ല. ന്യായമായ അനുസരണമാണ്‌ വേണ്ടത്‌. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

54 നീ പറയുക: നിങ്ങൾ അല്ലാഹുവെ അനുസരിക്കുവിൻ. റസൂലിനെയും നിങ്ങൾ അനുസരിക്കുവിൻ. എന്നാൽ നിങ്ങൾ പിന്തിരിയുന്ന പക്ഷം അദ്ദേഹം ( റസൂൽ ) ചുമതലപ്പെടുത്തപ്പെട്ട കാര്യത്തിൽ മാത്രമാണ്‌ അദ്ദേഹത്തിന്‌ ബാധ്യതയുള്ളത്‌. നിങ്ങൾക്ക്‌ ബാധ്യതയുള്ളത്‌ നിങ്ങൾ ചുമതല ഏൽപിക്കപ്പെട്ട കാര്യത്തിലാണ്‌. നിങ്ങൾ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കിൽ നിങ്ങൾക്ക്‌ സൻമാർഗം പ്രാപിക്കാം. റസൂലിൻറെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു.

55 നിങ്ങളിൽ നിന്ന്‌ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോട്‌ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവർക്ക്‌ പ്രാതിനിധ്യം നൽകിയത്‌ പോലെതന്നെ തീർച്ചയായും ഭൂമിയിൽ അവൻ അവർക്ക്‌ പ്രാതിനിധ്യം നൽകുകയും, അവർക്ക്‌ അവൻ തൃപ്തിപ്പെട്ട്‌ കൊടുത്ത അവരുടെ മതത്തിൻറെ കാര്യത്തിൽ അവർക്ക്‌ അവൻ സ്വാധീനം നൽകുകയും, അവരുടെ ഭയപ്പാടിന്‌ ശേഷം അവർക്ക്‌ നിർഭയത്വം പകരം നൽകുകയും ചെയ്യുന്നതാണെന്ന്‌. എന്നെയായിരിക്കും അവർ ആരാധിക്കുന്നത്‌. എന്നോട്‌ യാതൊന്നും അവർ പങ്കുചേർക്കുകയില്ല. അതിന്‌ ശേഷം ആരെങ്കിലും നന്ദികേട്‌ കാണിക്കുന്ന പക്ഷം അവർ തന്നെയാകുന്നു ധിക്കാരികൾ.

56 നിങ്ങൾ നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത്‌ നൽകുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിൻ. നിങ്ങൾക്ക്‌ കാരുണ്യം ലഭിച്ചേക്കാം.

57 സത്യനിഷേധികൾ ഭൂമിയിൽ ( അല്ലാഹുവെ ) തോൽപിച്ച്‌ കളയുന്നവരാണെന്ന്‌ നീ വിചാരിക്കരുത്‌. അവരുടെ വാസസ്ഥലം നരകമാകുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്ത.

58 സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയവ ( അടിമകൾ ) രും, നിങ്ങളിൽ പ്രായപൂർത്തി എത്തിയിട്ടില്ലാത്തവരും മൂന്ന്‌ സന്ദർഭങ്ങളിൽ നിങ്ങളോട്‌ ( പ്രവേശനത്തിന്‌ ) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാതനമസ്കാരത്തിനു മുമ്പും, ഉച്ചസമയത്ത്‌ ( ഉറങ്ങുവാൻ ) നിങ്ങളുടെ വസ്ത്രങ്ങൾ മേറ്റീവ്ക്കുന്ന സമയത്തും, ഇശാ നമസ്കാരത്തിന്‌ ശേഷവും. നിങ്ങളുടെ മൂന്ന്‌ സ്വകാര്യ സന്ദർഭങ്ങളത്രെ ഇത്‌. ഈ സന്ദർഭങ്ങൾക്ക്‌ ശേഷം നിങ്ങൾക്കോ അവർക്കോ ( കൂടിക്കലർന്ന്‌ ജീവിക്കുന്നതിന്‌ ) യാതൊരു കുറ്റവുമില്ല. അവർ നിങ്ങളുടെ അടുത്ത്‌ ചുറ്റി നടക്കുന്നവരത്രെ. നിങ്ങൾ അന്യോന്യം ഇടകലർന്ന്‌ വർത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങൾക്ക്‌ തെളിവുകൾ വിവരിച്ചുതരുന്നു. അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു.

59 നിങ്ങളിൽ നിന്നുള്ള കുട്ടികൾ പ്രായപൂർത്തിയെത്തിയാൽ അവരും അവർക്ക്‌ മുമ്പുള്ളവർ സമ്മതം ചോദിച്ചത്‌ പോലെത്തന്നെ സമ്മതം ചോദിക്കേണ്ടതാണ്‌. അപ്രകാരം അല്ലാഹു നിങ്ങൾക്ക്‌ അവൻറെ തെളിവുകൾ വിവരിച്ചുതരുന്നു. അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു.

60 വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ സംബന്ധിച്ചടത്തോളം സൗന്ദര്യം പ്രദർശിപ്പിക്കാത്തവരായിക്കൊണ്ട്‌ തങ്ങളുടെ മേൽവസ്ത്രങ്ങൾ മാറ്റി വെക്കുന്നതിൽ അവർക്ക്‌ കുറ്റമില്ല. അവർ മാന്യത കാത്തുസൂക്ഷിക്കുന്നതാണ്‌ അവർക്ക്‌ കൂടുതൽ നല്ലത്‌. അല്ലാഹു എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.

61 അന്ധൻറെ മേൽ കുറ്റമില്ല. മുടന്തൻറെ മേലും കുറ്റമില്ല. രോഗിയുടെമേലും കുറ്റമില്ല. നിങ്ങളുടെ വീടുകളിൽ നിന്നോ, നിങ്ങളുടെ പിതാക്കളുടെ വീടുകളിൽ നിന്നോ, നിങ്ങളുടെ മാതാക്കളുടെ വീടുകളിൽ നിന്നോ, നിങ്ങളുടെ സഹോദരൻമാരുടെ വീടുകളിൽ നിന്നോ, നിങ്ങളുടെ സഹോദരിമാരുടെ വീടുകളിൽ നിന്നോ, നിങ്ങളുടെ പിതൃവ്യൻമാരുടെ വീടുകളിൽ നിന്നോ, നിങ്ങളുടെ അമ്മായികളുടെ വീടുകളിൽ നിന്നോ, നിങ്ങളുടെ അമ്മാവൻമാരുടെ വീടുകളിൽ നിന്നോ, നിങ്ങളുടെ മാതൃസഹോദരികളുടെ വീടുകളിൽ നിന്നോ, താക്കോലുകൾ നിങ്ങളുടെ കൈവശത്തിലിരിക്കുന്ന വീടുകളിൽ നിന്നോ, നിങ്ങളുടെ സ്നേഹിതൻറെ വീട്ടിൽ നിന്നോ നിങ്ങൾ ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ നിങ്ങൾക്കും കുറ്റമില്ല. നിങ്ങൾ ഒരുമിച്ചോ വെവ്വേറെയോ ഭക്ഷണം കഴിക്കുന്നതിന്‌ നിങ്ങൾക്ക്‌ കുറ്റമില്ല. എന്നാൽ നിങ്ങൾ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കിൽ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗൃഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയിൽ നിങ്ങൾ അന്യോന്യം സലാം പറയണം. നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുന്നതിന്‌ വേണ്ടി അപ്രകാരം അല്ലാഹു നിങ്ങൾക്ക്‌ തെളിവുകൾ വിവരിച്ചുതരുന്നു.

62 അല്ലാഹുവിലും അവൻറെ റസൂലിലും വിശ്വസിച്ചവർ മാത്രമാകുന്നു സത്യവിശ്വാസികൾ. അദ്ദേഹത്തോടൊപ്പം അവർ വല്ല പൊതുകാര്യത്തിലും ഏർപെട്ടിരിക്കുകയാണെങ്കിൽ അദ്ദേഹത്തോട്‌ അനുവാദം ചോദിക്കാതെ അവർ പിരിഞ്ഞു പോകുകയില്ല. തീർച്ചയായും നിന്നോട്‌ അനുവാദം ചോദിക്കുന്നവരാരോ അവരാകുന്നു അല്ലാഹുവിലും അവൻറെ റസൂലിലും വിശ്വസിക്കുന്നവർ. അങ്ങനെ അവരുടെ എന്തെങ്കിലും ആവശ്യത്തിന്‌ വേണ്ടി ( പിരിഞ്ഞ്‌ പോകാൻ ) അവർ നിന്നോട്‌ അനുവാദം ചോദിക്കുകയാണെങ്കിൽ അവരിൽ നീ ഉദ്ദേശിക്കുന്നവർക്ക്‌ നീ അനുവാദം നൽകുകയും, അവർക്ക്‌ വേണ്ടി നീ അല്ലാഹുവോട്‌ പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

63 നിങ്ങൾക്കിടയിൽ റസൂലിൻറെ വിളിയെ നിങ്ങളിൽ ചിലർ ചിലരെ വിളിക്കുന്നത്‌ പോലെ നിങ്ങൾ ആക്കിത്തീർക്കരുത്‌. ( മറ്റുള്ളവരുടെ ) മറപിടിച്ചുകൊണ്ട്‌ നിങ്ങളുടെ കൂട്ടത്തിൽ നിന്ന്‌ ചോർന്ന്‌ പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്‌. ആകയാൽ അദ്ദേഹത്തിൻറെ കൽപനയ്ക്ക്‌ എതിർ പ്രവർത്തിക്കുന്നവർ തങ്ങൾക്ക്‌ വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത്‌ സൂക്ഷിച്ചു കൊള്ളട്ടെ.

64 അറിയുക: തീർച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം. നിങ്ങൾ ഏതൊരു നിലപാടിലാണെന്ന്‌ അവന്നറിയാം. അവങ്കലേക്ക്‌ അവർ മടക്കപ്പെടുന്ന ദിവസം അവന്നറിയാം. അപ്പോൾ അവർ പ്രവർത്തിച്ചതിനെപ്പറ്റി അവർക്കവൻ പറഞ്ഞുകൊടുക്കുന്നതാണ്‌. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/നൂർ&oldid=52316" എന്ന താളിൽനിന്ന് ശേഖരിച്ചത്