Jump to content

പരിശുദ്ധ ഖുർആൻ/അൻആം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ സത്യനിഷേധികൾ തങ്ങളുടെ രക്ഷിതാവിന്‌ സമൻമാരെ വെക്കുന്നു.

2 അവനത്രെ കളിമണ്ണിൽ നിന്നും നിങ്ങളെ സൃഷ്ടിച്ചത്‌. എന്നിട്ടവൻ ഒരു അവധി നിശ്ചയിച്ചിരിക്കുന്നു. അവങ്കൽ നിർണിതമായ മറ്റൊരവധിയുമുണ്ട്‌. എന്നിട്ടും നിങ്ങൾ സംശയിച്ചു കൊണ്ടിരിക്കുന്നു.

3 അവൻ തന്നെയാണ്‌ ആകാശങ്ങളിലും ഭൂമിയിലും സാക്ഷാൽ ദൈവം. നിങ്ങളുടെ രഹസ്യവും നിങ്ങളുടെ പരസ്യവും അവൻ അറിയുന്നു. നിങ്ങൾ നേടിയെടുക്കുന്നതും അവൻ അറിയുന്നു.

4 അവരുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഏതൊരു ദൃഷ്ടാന്തം അവർക്ക്‌ വന്നുകിട്ടുമ്പോഴും അവരതിനെ അവഗണിച്ച്‌ കളയുക തന്നെയാകുന്നു.

5 അങ്ങനെ ഈ സത്യം അവർക്ക്‌ വന്ന്‌ കിട്ടിയപ്പോഴും അവരതിനെ നിഷേധിച്ചു കളഞ്ഞു. എന്നാൽ അവർ ഏതൊന്നിനെ പരിഹസിച്ച്‌ കൊണ്ടിരുന്നുവോ അതിൻറെ വൃത്താന്തങ്ങൾ വഴിയെ അവർക്ക്‌ വന്നെത്തുന്നതാണ്‌.

6 അവർ കണ്ടില്ലേ; അവർക്ക്‌ മുമ്പ്‌ നാം എത്ര തലമുറകളെ നശിപ്പിച്ചിട്ടുണ്ടെന്ന്‌? നിങ്ങൾക്ക്‌ നാം ചെയ്ത്‌ തന്നിട്ടില്ലാത്ത സൗകര്യം ഭൂമിയിൽ അവർക്ക്‌ നാം ചെയ്ത്‌ കൊടുത്തിരുന്നു. നാം അവർക്ക്‌ ധാരാളമായി മഴ വർഷിപ്പിച്ച്‌ കൊടുക്കുകയും, അവരുടെ താഴ്ഭാഗത്ത്‌ കൂടി നദികൾ ഒഴുക്കുകയും ചെയ്തിരുന്നു. എന്നിട്ട്‌ അവരുടെ പാപങ്ങൾ കാരണം നാം അവരെ നശിപ്പിക്കുകയും, അവർക്ക്‌ ശേഷം നാം വേറെ തലമുറകളെ ഉണ്ടാക്കുകയും ചെയ്തു.

7 ( നബിയേ, ) നിനക്ക്‌ നാം കടലാസിൽ എഴുതിയ ഒരു ഗ്രന്ഥം ഇറക്കിത്തരികയും, എന്നിട്ടവരത്‌ സ്വന്തം കൈകൾകൊണ്ട്‌ തൊട്ടുനോക്കുകയും ചെയ്താൽ പോലും ഇത്‌ വ്യക്തമായ മായാജാലമല്ലാതെ മറ്റൊന്നുമല്ല എന്നായിരിക്കും സത്യനിഷേധികൾ പറയുക.

8 ഇയാളുടെ ( നബി ( സ ) യുടെ ) മേൽ ഒരു മലക്ക്‌ ഇറക്കപ്പെടാത്തത്‌ എന്താണ്‌ എന്നും അവർ പറയുകയുണ്ടായി. എന്നാൽ നാം മലക്കിനെ ഇറക്കിയിരുന്നെങ്കിൽ കാര്യം ( അന്തിമമായി ) തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീടവർക്ക്‌ സമയം നീട്ടിക്കിട്ടുമായിരുന്നില്ല.

9 ഇനി നാം ഒരു മലക്കിനെ ( ദൂതനായി ) നിശ്ചയിക്കുകയാണെങ്കിൽ തന്നെ ആ മലക്കിനെയും നാം പുരുഷരൂപത്തിലാക്കുമായിരുന്നു. അങ്ങനെ ( ഇന്ന്‌ ) അവർ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തിൽ ( അപ്പോഴും ) നാം അവർക്ക്‌ സംശയമുണ്ടാക്കുന്നതാണ്‌.

10 നിനക്ക്‌ മുമ്പ്‌ പല ദൂതൻമാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട്‌ അവരെ കളിയാക്കിയിരുന്നവർക്ക്‌ അവർ പരിഹസിച്ചു കൊണ്ടിരുന്നതെന്തോ അത്‌ വന്നുഭവിക്കുക തന്നെ ചെയ്തു.

11 ( നബിയേ, ) പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട്‌ സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌ നോക്കൂ.

12 ചോദിക്കുക: ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം ആരുടെതാകുന്നു? പറയുക: അല്ലാഹുവിൻറെതത്രെ. അവൻ കാരുണ്യത്തെ സ്വന്തം പേരിൽ ( ബാധ്യതയായി ) രേഖപ്പെടുത്തിയിരിക്കുന്നു. ഉയിർത്തെഴുന്നേൽപിൻറെ നാളിലേക്ക്‌ നിങ്ങളെ അവൻ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതിൽ യാതൊരു സംശയവുമില്ല. എന്നാൽ സ്വദേഹങ്ങളെത്തന്നെ നഷ്ടത്തിലാക്കിയവരത്രെ അവർ. അതിനാൽ അവർ വിശ്വസിക്കുകയില്ല.

13 അവൻറെതാകുന്നു രാത്രിയിലും പകലിലും അടങ്ങിയതെല്ലാം. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ.

14 പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായ അല്ലാഹുവെയല്ലാതെ ഞാൻ രക്ഷാധികാരിയായി സ്വീകരിക്കുകയോ? അവനാകട്ടെ ആഹാരം നൽകുന്നു. അവന്ന്‌ ആഹാരം നൽകപ്പെടുകയില്ല. പറയുക: തീർച്ചയായും അല്ലാഹുവിന്‌ കീഴ്പെട്ടവരിൽ ഒന്നാമനായിരിക്കുവാനാണ്‌ ഞാൻ കൽപിക്കപ്പെട്ടിട്ടുള്ളത്‌. നീ ഒരിക്കലും ബഹുദൈവാരാധകരിൽ പെട്ടുപോകരുത്‌.

15 പറയുക: ഞാൻ എൻറെ രക്ഷിതാവിനോട്‌ അനുസരണക്കേട്‌ കാണിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷയെപ്പറ്റി തീർച്ചയായും ഞാൻ ഭയപ്പെടുന്നു.

16 അന്നേ ദിവസം ആരിൽ നിന്ന്‌ അത്‌ ( ശിക്ഷ ) ഒഴിവാക്കപ്പെടുന്നുവോ അവനെ അല്ലാഹു തീർച്ചയായും അനുഗ്രഹിച്ചിരിക്കുന്നു. അതത്രെ വ്യക്തമായ വിജയം.

17 ( നബിയേ, ) നിനക്ക്‌ അല്ലാഹു വല്ല ദോഷവും വരുത്തിവെക്കുകയാണെങ്കിൽ അത്‌ നീക്കം ചെയ്യുവാൻ അവനല്ലാതെ മറ്റാരുമില്ല. നിനക്ക്‌ അവൻ വല്ല ഗുണവും വരുത്തുകയാണെങ്കിലോ അവൻ ഏതൊരു കാര്യത്തിനും കഴിവുള്ളവനത്രെ.

18 അവൻ തൻറെ ദാസൻമാരുടെ മേൽ പരമാധികാരമുള്ളവനാണ്‌. യുക്തിമാനും സൂക്ഷ്മമായി അറിയുന്നവനുമത്രെ അവൻ.

19 ( നബിയേ, ) ചോദിക്കുക: സാക്ഷ്യത്തിൽ വെച്ച്‌ ഏറ്റവും വലിയത്‌ ഏതാകുന്നു? പറയുക: അല്ലാഹുവാണ്‌ എനിക്കും നിങ്ങൾക്കും ഇടയിൽ സാക്ഷി. ഈ ഖുർആൻ എനിക്ക്‌ ദിവ്യബോധനമായി നൽകപ്പെട്ടിട്ടുള്ളത്‌, അത്‌ മുഖേന നിങ്ങൾക്കും അത്‌ ( അതിൻറെ സന്ദേശം ) ചെന്നെത്തുന്ന എല്ലാവർക്കും ഞാൻ മുന്നറിയിപ്പ്‌ നൽകുന്നതിന്‌ വേണ്ടിയാകുന്നു. അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളുണ്ടെന്നതിന്‌ യഥാർത്ഥത്തിൽ നിങ്ങൾ സാക്ഷ്യം വഹിക്കുമോ? പറയുക: ഞാൻ സാക്ഷ്യം വഹിക്കുകയില്ല. പറയുക: അവൻ ഏകദൈവം മാത്രമാകുന്നു. നിങ്ങൾ അവനോട്‌ പങ്കുചേർക്കുന്നതുമായി എനിക്ക്‌ യാതൊരു ബന്ധവുമില്ല.

20 നാം വേദഗ്രന്ഥം നൽകിയിട്ടുള്ളവർ സ്വന്തം മക്കളെ അറിയുന്നത്‌ പോലെ അത്‌ അറിയുന്നുണ്ട്‌. സ്വദേഹങ്ങളെ നഷ്ടത്തിലാക്കിയവരത്രെ അവർ. അതിനാൽ അവർ വിശ്വസിക്കുകയില്ല.

21 അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവൻറെ ദൃഷ്ടാന്തങ്ങൾ തള്ളിക്കളയുകയോ ചെയ്തവനേക്കാൾ കടുത്ത അക്രമി ആരുണ്ട്‌? അക്രമികൾ വിജയം വരിക്കുകയില്ല; തീർച്ച.

22 നാം അവരെ മുഴുവൻ ഒരുമിച്ചുകൂട്ടുകയും, പിന്നീട്‌ ബഹുദൈവാരാധകരോട്‌ നിങ്ങൾ ജൽപിച്ച്‌ കൊണ്ടിരുന്ന നിങ്ങളുടെ വകയായുള്ള ആ പങ്കാളികൾ എവിടെയെന്ന്‌ നാം ചോദിക്കുകയും ചെയ്യുന്ന ദിവസം ( ഓർക്കുക. )

23 അനന്തരം, അവരുടെ ഗതികേട്‌ ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെത്തന്നെയാണ സത്യം, ഞങ്ങൾ പങ്കുചേർക്കുന്നവരായിരുന്നില്ല എന്ന്‌ പറയുന്നതല്ലാതെ മറ്റൊന്നുമായിരിക്കില്ല.

24 നോക്കൂ; അവർ സ്വന്തം പേരിൽ തന്നെ എങ്ങനെ കള്ളം പറഞ്ഞു എന്ന്‌. അവർ എന്തൊന്ന്‌ കെട്ടിച്ചമച്ചിരുന്നുവോ അതവർക്ക്‌ ഉപകരിക്കാതെ പോയിരിക്കുന്നു.

25 നീ പറയുന്നത്‌ ശ്രദ്ധിച്ച്‌ കേൾക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. എന്നാൽ അത്‌ അവർ ഗ്രഹിക്കാത്ത വിധം അവരുടെ ഹൃദയങ്ങളിൻമേൽ നാം മൂടികൾ ഇടുകയും, അവരുടെ കാതുകളിൽ അടപ്പ്‌ വെക്കുകയും ചെയ്തിരിക്കുന്നു. എന്തെല്ലാം ദൃഷ്ടാന്തങ്ങൾ കണ്ടാലും അവരതിൽ വിശ്വസിക്കുകയില്ല. അങ്ങനെ അവർ നിൻറെ അടുക്കൽ നിന്നോട്‌ തർക്കിക്കുവാനായി വന്നാൽ ആ സത്യനിഷേധികൾ പറയും; ഇത്‌ പൂർവ്വികൻമാരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല എന്ന്‌.

26 അവർ അതിൽ നിന്ന്‌ മറ്റുള്ളവരെ തടയുകയും, അതിൽ നിന്ന്‌ ( സ്വയം ) അകന്നു നിൽക്കുകയും ചെയ്യുന്നു. ( വാസ്തവത്തിൽ ) അവർ സ്വദേഹങ്ങൾക്ക്‌ തന്നെ നാശമുണ്ടാക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. അവർ ( അതിനെപ്പറ്റി ) ബോധവാൻമാരാകുന്നില്ല.

27 അവർ നരകത്തിങ്കൽ നിർത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നുവെങ്കിൽ! അപ്പോൾ അവർ പറയും: ഞങ്ങൾ ( ഇഹലോകത്തേക്ക്‌ ) ഒന്നു തിരിച്ചയക്കപ്പെട്ടിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനെ. എങ്കിൽ ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിൻറെ ദൃഷ്ടാന്തങ്ങൾ തള്ളിക്കളയാതിരിക്കുകയും, ഞങ്ങൾ സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്യുമായിരുന്നു.

28 അല്ല; അവർ മുമ്പ്‌ മറച്ചുവെച്ചുകൊണ്ടിരുന്നത്‌ ( ഇപ്പോൾ ) അവർക്ക്‌ വെളിപ്പെട്ടിരിക്കുന്നു. തിരിച്ചയക്കപ്പെട്ടാൽ തന്നെയും അവർ എന്തിൽ നിന്നൊക്കെ വിലക്കപ്പെട്ടുവോ അതിലേക്ക്‌ തന്നെ അവർ മടങ്ങിപ്പോകുന്നതാണ്‌. തീർച്ചയായും അവർ കള്ളം പറയുന്നവരാകുന്നു.

29 അവർ പറഞ്ഞിരുന്നു; ഞങ്ങളുടെ ഐഹികജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങൾ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവരുമല്ല എന്ന്‌.

30 അവർ അവരുടെ രക്ഷിതാവിൻറെ മുമ്പിൽ നിർത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നെങ്കിൽ! അവൻ ചോദിക്കും.: ഇത്‌ യഥാർത്ഥം തന്നെയല്ലേ? അവർ പറയും: അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ സത്യം. അവൻ പറയും: എന്നാൽ നിങ്ങൾ അവിശ്വസിച്ചു കൊണ്ടിരുന്നത്‌ നിമിത്തം ശിക്ഷ ആസ്വദിച്ച്‌ കൊള്ളുക.

31 അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയെ നിഷേധിച്ചു തള്ളിയവർ തീർച്ചയായും നഷ്ടത്തിൽ പെട്ടിരിക്കുന്നു. അങ്ങനെ പെട്ടെന്ന്‌ ആ സമയം വന്നെത്തുമ്പോൾ അവർ പറയും: ഞങ്ങൾ ഇത്‌ സംബന്ധിച്ച കാര്യത്തിൽ വീഴ്ച വരുത്തിയതിനാൽ ഹോ! ഞങ്ങൾക്ക്‌ കഷ്ടം! അവർ അവരുടെ പാപഭാരങ്ങൾ അവരുടെ മുതുകുകളിൽ വഹിക്കുന്നുണ്ടായിരിക്കും. അവർ പേറുന്ന ഭാരം എത്രയോ ചീത്ത!

32 ഐഹികജീവിതമെന്നത്‌ കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പാരത്രിക ലോകമാണ്‌ സൂക്ഷ്മത പാലിക്കുന്നവർക്ക്‌ ഉത്തമമായിട്ടുള്ളത്‌. നിങ്ങളെന്താണ്‌ ചിന്തിക്കാത്തത്‌?

33 ( നബിയേ, ) അവർ പറയുന്നത്‌ നിനക്ക്‌ വ്യസനമുണ്ടാക്കുന്നുണ്ട്‌ എന്ന്‌ തീർച്ചയായും നമുക്ക്‌ അറിയാം. എന്നാൽ ( യഥാർത്ഥത്തിൽ ) നിന്നെയല്ല അവർ നിഷേധിച്ചു തള്ളുന്നത്‌, പ്രത്യുത,അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെയാണ്‌ ആ അക്രമികൾ നിഷേധിക്കുന്നത്‌.

34 നിനക്ക്‌ മുമ്പും ദൂതൻമാർ നിഷേധിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട്‌ തങ്ങൾ നിഷേധിക്കപ്പെടുകയും, മർദ്ദിക്കപ്പെടുകയും ചെയ്തത്‌ നമ്മുടെ സഹായം അവർക്ക്‌ വന്നെത്തുന്നത്‌ വരെ അവർ സഹിച്ചു. അല്ലാഹുവിൻറെ വചനങ്ങൾക്ക്‌ ( കൽപനകൾക്ക്‌ ) മാറ്റം വരുത്താൻ ആരും തന്നെയില്ല. ദൈവദൂതൻമാരുടെ വൃത്താന്തങ്ങളിൽ ചിലത്‌ നിനക്ക്‌ വന്നുകിട്ടിയിട്ടുണ്ടല്ലോ.

35 അവർ പിന്തിരിഞ്ഞ്‌ കളയുന്നത്‌ നിനക്ക്‌ ദുസ്സഹമായി തോന്നുന്നുവെങ്കിൽ ഭൂമിയിൽ ( ഇറങ്ങിപ്പോകുവാൻ ) ഒരു തുരങ്കമോ, ആകാശത്ത്‌ ( കയറിപ്പോകുവാൻ ) ഒരു കോണിയോ തേടിപ്പിടിച്ചിട്ട്‌ അവർക്കൊരു ദൃഷ്ടാന്തം കൊണ്ടു വന്നുകൊടുക്കാൻ നിനക്ക്‌ സാധിക്കുന്ന പക്ഷം ( അതങ്ങ്‌ ചെയ്തേക്കുക. ) അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരെയൊക്കെ അവൻ സൻമാർഗത്തിൽ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യുമായിരുന്നു. അതിനാൽ നീ ഒരിക്കലും അവിവേകികളിൽ പെട്ടുപോകരുത്‌.

36 കേൾക്കുന്നവർ മാത്രമേ ഉത്തരം നൽകുകയുള്ളൂ. മരിച്ചവരെയാകട്ടെ അല്ലാഹു ഉയിർത്തെഴുന്നേൽപിക്കുന്നതാണ്‌. എന്നിട്ട്‌ അവങ്കലേക്ക്‌ അവർ മടക്കപ്പെടുകയും ചെയ്യും.

37 ഇവൻറെ മേൽ ഇവൻറെ രക്ഷിതാവിങ്കൽ നിന്ന്‌ ഏതെങ്കിലും ദൃഷ്ടാന്തം ഇറക്കപ്പെടാത്തതെന്താണ്‌ എന്നവർ ചോദിക്കുന്നു. പറയുക: തീർച്ചയായും അല്ലാഹു ദൃഷ്ടാന്തം ഇറക്കുവാൻ കഴിവുള്ളവനാണ്‌. പക്ഷെ, അവരിൽ അധികപേരും ( യാഥാർത്ഥ്യം ) അറിയുന്നില്ല.

38 ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട്‌ ചിറകുകൾ കൊണ്ട്‌ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങൾ മാത്രമാകുന്നു. ഗ്രന്ഥത്തിൽ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട്‌ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ അവർ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്‌.

39 നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവർ ബധിരരും ഊമകളും ഇരുട്ടുകളിൽ അകപ്പെട്ടവരുമത്രെ. താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താൻ ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗത്തിലാക്കുകയും ചെയ്യും.

40 ( നബിയേ, ) പറയുക: നിങ്ങളൊന്ന്‌ പറഞ്ഞുതരൂ; അല്ലാഹുവിൻറെ ശിക്ഷ നിങ്ങൾക്ക്‌ വന്നുഭവിച്ചാൽ, അല്ലെങ്കിൽ അന്ത്യസമയം നിങ്ങൾക്ക്‌ വന്നെത്തിയാൽ അല്ലാഹുവല്ലാത്തവരെ നിങ്ങൾ വിളിച്ച്‌ പ്രാർത്ഥിക്കുമോ ? ( പറയൂ; ) നിങ്ങൾ സത്യസന്ധരാണെങ്കിൽ.

41 ഇല്ല, അവനെ മാത്രമേ നിങ്ങൾ വിളിച്ച്‌ പ്രാർത്ഥിക്കുകയുള്ളൂ. അപ്പോൾ അവൻ ഉദ്ദേശിക്കുന്ന പക്ഷം ഏതൊരു വിഷമത്തിൻറെ പേരിൽ നിങ്ങളവനെ വിളിച്ച്‌ പ്രാർത്ഥിക്കുന്നുവോ അതവൻ ദൂരീകരിച്ച്‌ തരുന്നതാണ്‌. നിങ്ങൾ ( അവനോട്‌ ) പങ്കുചേർക്കുന്നവയെ നിങ്ങൾ ( അപ്പോൾ ) മറന്നുകളയും.

42 നിനക്ക്‌ മുമ്പ്‌ നാം പല സമൂഹങ്ങളിലേക്കും ( ദൂതൻമാരെ ) അയച്ചിട്ടുണ്ട്‌. അനന്തരം അവരെ ( ആ സമൂഹങ്ങളെ ) കഷ്ടപ്പാടും ദുരിതവും കൊണ്ട്‌ നാം പിടികൂടി; അവർ വിനയശീലരായിത്തീരുവാൻ വേണ്ടി.

43 അങ്ങനെ അവർക്ക്‌ നമ്മുടെ ശിക്ഷ വന്നെത്തിയപ്പോൾ അവരെന്താണ്‌ താഴ്മയുള്ളവരാകാതിരുന്നത്‌ ? എന്നാൽ അവരുടെ ഹൃദയങ്ങൾ കടുത്തുപോകുകയാണുണ്ടായത്‌. അവർ ചെയ്ത്‌ കൊണ്ടിരുന്നത്‌ പിശാച്‌ അവർക്ക്‌ ഭംഗിയായി തോന്നിക്കുകയും ചെയ്തു.

44 അങ്ങനെ അവരോട്‌ ഉൽബോധിപ്പിക്കപ്പെട്ട കാര്യങ്ങൾ അവർ മറന്നുകളഞ്ഞപ്പോൾ എല്ലാ കാര്യങ്ങളുടെയും വാതിലുകൾ നാം അവർക്ക്‌ തുറന്നുകൊടുത്തു. അങ്ങനെ അവർക്ക്‌ നൽകപ്പെട്ടതിൽ അവർ ആഹ്ലാദം കൊണ്ടപ്പോൾ പെട്ടെന്ന്‌ നാം അവരെ പിടികൂടി. അപ്പോൾ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു.

45 അങ്ങനെ ആ അക്രമികളായ ജനത നിശ്ശേഷം നശിപ്പിക്കപ്പെട്ടു. ലോകരക്ഷിതാവായ അല്ലാഹുവിന്ന്‌ സ്തുതി.

46 ( നബിയേ, ) പറയുക: നിങ്ങൾ ചിന്തിച്ച്‌ നോക്കിയോ? അല്ലാഹു നിങ്ങളുടെ കേൾവിയും കാഴ്ചകളും പിടിച്ചെടുക്കുകയും, നിങ്ങളുടെ ഹൃദയങ്ങളിൻമേൽ അവൻ മുദ്രവെക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവല്ലാതെ ഏതൊരു ദൈവമാണ്‌ നിങ്ങൾക്കത്‌ കൊണ്ടുവന്ന്‌ തരാനുള്ളത്‌? നോക്കൂ: ഏതെല്ലാം വിധത്തിൽ നാം തെളിവുകൾ വിവരിച്ചുകൊടുക്കുന്നു. എന്നിട്ടും അവർ പിന്തിരിഞ്ഞ്‌ കളയുന്നു.

47 ( നബിയേ, ) പറയുക: നിങ്ങളൊന്ന്‌ പറഞ്ഞുതരൂ; നിങ്ങൾക്ക്‌ അവിചാരിതമായിട്ടോ പ്രത്യക്ഷമായിട്ടോ അല്ലാഹുവിൻറെ ശിക്ഷ വന്നെത്തുന്ന പക്ഷം അക്രമികളായ ജനവിഭാഗമല്ലാതെ നശിപ്പിക്കപ്പെടുമോ ?

48 സന്തോഷവാർത്ത അറിയിക്കുന്നവരും, താക്കീത്‌ നൽകുന്നവരും ആയിട്ടല്ലാതെ നാം ദൂതൻമാരെ അയക്കുന്നില്ല. എന്നിട്ട്‌ ആർ വിശ്വസിക്കുകയും, നിലപാട്‌ നന്നാക്കിത്തീർക്കുകയും ചെയ്തുവോ അവർക്ക്‌ യാതൊന്നും ഭയപ്പെടാനില്ല.അവർ ദുഃഖിക്കേണ്ടി വരികയുമില്ല.

49 എന്നാൽ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ കളഞ്ഞവരാരോ അവർക്ക്‌ ശിക്ഷ ബാധിക്കുന്നതാണ്‌; അവർ ധിക്കാരികളായതിൻറെ ഫലമായിട്ട്‌.

50 പറയുക: അല്ലാഹുവിൻറെ ഖജനാവുകൾ എൻറെ പക്കലുണ്ടെന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നില്ല. അദൃശ്യകാര്യം ഞാൻ അറിയുകയുമില്ല. ഞാൻ ഒരു മലക്കാണ്‌ എന്നും നിങ്ങളോട്‌ പറയുന്നില്ല. എനിക്ക്‌ ബോധനം നൽകപ്പെടുന്നതിനെയല്ലാതെ ഞാൻ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ ? നിങ്ങളെന്താണ്‌ ചിന്തിച്ച്‌ നോക്കാത്തത്‌?

51 തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ ഒരുമിച്ചുകൂട്ടപ്പെടുമെന്ന്‌ ഭയപ്പെടുന്നവർക്ക്‌ ഇത്‌ ( ദിവ്യബോധനം ) മുഖേന നീ താക്കീത്‌ നൽകുക. അവന്നു പുറമെ യാതൊരു രക്ഷാധികാരിയും ശുപാർശകനും അവർക്കില്ല. അവർ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.

52 തങ്ങളുടെ രക്ഷിതാവിൻറെ അനുഗ്രഹം ലക്ഷ്യമാക്കിക്കൊണ്ട്‌ രാവിലെയും വൈകുന്നേരവും അവനോട്‌ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവരെ നീ ആട്ടിയകറ്റരുത്‌. അവരുടെ കണക്ക്‌ നോക്കേണ്ട യാതൊരു ബാധ്യതയും നിനക്കില്ല. നിൻറെ കണക്ക്‌ നോക്കേണ്ട യാതൊരു ബാധ്യതയും അവർക്കുമില്ല. എങ്കിലല്ലേ നീ അവരെ ആട്ടിയകറ്റേണ്ടി വരുന്നത്‌ ? അങ്ങനെ ചെയ്യുന്ന പക്ഷം നീ അക്രമികളിൽ പെട്ടവനായിരിക്കും.

53 അപ്രകാരം അവരിൽ ചിലരെ മറ്റു ചിലരെക്കൊണ്ട്‌ നാം പരീക്ഷണവിധേയരാക്കിയിരിക്കുന്നു. ഞങ്ങളുടെ ഇടയിൽ നിന്ന്‌ അല്ലാഹു അനുഗ്രഹിച്ചിട്ടുള്ളത്‌ ഇക്കൂട്ടരെയാണോ എന്ന്‌ അവർ പറയുവാൻ വേണ്ടിയത്രെ അത്‌. നന്ദികാണിക്കുന്നവരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ ?

54 നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവർ നിൻറെ അടുക്കൽ വന്നാൽ നീ പറയുക: നിങ്ങൾക്ക്‌ സമാധാനമുണ്ടായിരിക്കട്ടെ. നിങ്ങളുടെ രക്ഷിതാവ്‌ കാരുണ്യത്തെ തൻറെ മേൽ ( ബാധ്യതയായി ) നിശ്ചയിച്ചിരിക്കുന്നു. അതായത്‌ നിങ്ങളിൽ നിന്നാരെങ്കിലും അവിവേകത്താൽ വല്ല തിൻമയും ചെയ്തു പോകുകയും എന്നിട്ടതിന്‌ ശേഷം പശ്ചാത്തപിക്കുകയും, നിലപാട്‌ നന്നാക്കിത്തീർക്കുകയും ചെയ്യുന്ന പക്ഷം അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

55 അപ്രകാരം നാം തെളിവുകൾ വിശദീകരിച്ച്‌ തരുന്നു. കുറ്റവാളികളുടെ മാർഗം വ്യക്തമായി വേർ തിരിഞ്ഞ്‌ കാണുവാൻ വേണ്ടിയുമാകുന്നു അത്‌.

56 ( നബിയേ, ) പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നതിൽ നിന്ന്‌ തീർച്ചയായും ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: നിങ്ങളുടെ തന്നിഷ്ടങ്ങളെ ഞാൻ പിന്തുടരുകയില്ല. അങ്ങനെ ചെയ്യുന്ന പക്ഷം ഞാൻ പിഴച്ചു കഴിഞ്ഞു; സൻമാർഗം പ്രാപിച്ചവരുടെ കൂട്ടത്തിൽ ഞാൻ ആയിരിക്കുകയുമില്ല.

57 പറയുക: തീർച്ചയായും എൻറെ രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ പ്രമാണത്തിൻമേലാണ്‌ ഞാൻ. നിങ്ങളാകട്ടെ, അതിനെ നിഷേധിച്ച്‌ കളഞ്ഞിരിക്കുന്നു. നിങ്ങൾ എന്തൊന്നിന്‌ വേണ്ടി തിടുക്കം കൂട്ടുന്നുവോ അത്‌ ( ശിക്ഷ ) എൻറെ പക്കലില്ല. ( അതിൻറെ ) തീരുമാനാധികാരം അല്ലാഹുവിന്‌ മാത്രമാണ്‌. അവൻ സത്യം വിവരിച്ചുതരുന്നു. അവനത്രെ തീർപ്പുകൽപിക്കുന്നവരിൽ ഉത്തമൻ.

58 പറയുക: നിങ്ങൾ തിടുക്കം കൂട്ടിക്കൊണ്ടിരിക്കുന്ന കാര്യം എൻറെ പക്കലുണ്ടായിരുന്നുവെങ്കിൽ എൻറെയും നിങ്ങളുടെയും ഇടയിൽ കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അല്ലാഹു അക്രമികളെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ.

59 അവൻറെ പക്കലാകുന്നു അദൃശ്യകാര്യത്തിൻറെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത്‌ അവൻ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകൾക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയിൽ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല.

60 അവനത്രെ രാത്രിയിൽ ( ഉറങ്ങുമ്പോൾ ) നിങ്ങളെ പൂർണ്ണമായി ഏറ്റെടുക്കുന്നവൻ. പകലിൽ നിങ്ങൾ പ്രവർത്തിച്ചതെല്ലാം അവൻ അറിയുകയും ചെയ്യുന്നു. പിന്നീട്‌ നിർണിതമായ ജീവിതാവധി പൂർത്തിയാക്കപ്പെടുവാൻ വേണ്ടി പകലിൽ നിങ്ങളെ അവൻ എഴുന്നേൽപിക്കുന്നു. പിന്നീട്‌ അവങ്കലേക്കാണ്‌ നിങ്ങളുടെ മടക്കം. അനന്തരം നിങ്ങൾ ചെയ്ത്കൊണ്ടിരിക്കുന്നതിനെപ്പറ്റിയെല്ലാം അവൻ നിങ്ങളെ അറിയിക്കുകയും ചെയ്യും.

61 അവനത്രെ തൻറെ ദാസൻമാരുടെ മേൽ പരമാധികാരമുള്ളവൻ. നിങ്ങളുടെ മേൽനോട്ടത്തിനായി അവൻ കാവൽക്കാരെ അയക്കുകയും ചെയ്യുന്നു. അങ്ങനെ അവരിൽ ഒരാൾക്ക്‌ മരണം വന്നെത്തുമ്പോൾ നമ്മുടെ ദൂതൻമാർ ( മലക്കുകൾ ) അവനെ പൂർണ്ണമായി ഏറ്റെടുക്കുന്നു. ( അക്കാര്യത്തിൽ ) അവർ ഒരു വീഴ്ചയും വരുത്തുകയില്ല.

62 എന്നിട്ട്‌ അവർ യഥാർത്ഥ രക്ഷാധികാരിയായ അല്ലാഹുവിലേക്ക്‌ തിരിച്ചയക്കപ്പെടും. അറിയുക: അവന്നത്രെ തീരുമാനാധികാരം. അവൻ അതിവേഗം കണക്ക്‌ നോക്കുന്നവനത്രെ.

63 പറയുക: ഇതിൽ നിന്ന്‌ ( ഈ വിപത്തുകളിൽ നിന്ന്‌ ) അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾ നന്ദിയുള്ളവരുടെ കൂട്ടത്തിൽ ആയിക്കൊള്ളാം. എന്ന്‌ പറഞ്ഞുകൊണ്ട്‌ അവനോട്‌ നിങ്ങൾ താഴ്മയോടെയും രഹസ്യമായും പ്രാർത്ഥിക്കുന്ന സമയത്ത്‌ കരയിലെയും കടലിലെയും അന്ധകാരങ്ങളിൽ നിന്ന്‌ നിങ്ങളെ രക്ഷിക്കുന്നത്‌ ആരാണ്‌?

64 പറയുക: അല്ലാഹുവാണ്‌ അവയിൽനിന്നും മറ്റെല്ലാ ദുരിതങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കുന്നത്‌. എന്നിട്ടും നിങ്ങളവനോട്‌ പങ്കുചേർക്കുന്നുവല്ലോ.

65 പറയുക: നിങ്ങളുടെ മുകൾ ഭാഗത്ത്‌ നിന്നോ, നിങ്ങളുടെ കാലുകളുടെ ചുവട്ടിൽ നിന്നോ നിങ്ങളുടെ മേൽ ശിക്ഷ അയക്കുവാൻ, അല്ലെങ്കിൽ നിങ്ങളെ ഭിന്നകക്ഷികളാക്കി ആശയക്കുഴപ്പത്തിലാക്കുകയും, നിങ്ങളിൽ ചിലർക്ക്‌ മറ്റു ചിലരുടെ പീഡനം അനുഭവിപ്പിക്കുകയും ചെയ്യാൻ കഴിവുള്ളവനത്രെ അവൻ. നോക്കൂ; അവർ ഗ്രഹിക്കുവാൻ വേണ്ടി നാം തെളിവുകൾ വിവിധ രൂപത്തിൽ വിവരിച്ചുകൊടുക്കുന്നത്‌ എങ്ങനെയാണെന്ന്‌!

66 ( നബിയേ, ) നിൻറെ ജനത ഇത്‌ സത്യമായിരിക്കെ ഇതിനെ നിഷേധിച്ച്‌ കളഞ്ഞിരിക്കുന്നു. പറയുക: ഞാൻ നിങ്ങളുടെ മേൽ ( ഉത്തരവാദിത്തം ) ഏൽപിക്കപ്പെട്ടവനൊന്നുമല്ല.

67 ഓരോ വൃത്താന്തത്തിനും അത്‌ ( സത്യമായി ) പുലരുന്ന ഒരു സന്ദർഭമുണ്ട്‌. വഴിയെ നിങ്ങൾ അതറിഞ്ഞു കൊള്ളും.

68 നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതിൽ മുഴുകിയവരെ നീ കണ്ടാൽ അവർ മറ്റു വല്ല വർത്തമാനത്തിലും പ്രവേശിക്കുന്നത്‌ വരെ നീ അവരിൽ നിന്ന്‌ തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച്‌ മറപ്പിച്ച്‌ കളയുന്ന പക്ഷം ഓർമ വന്നതിന്‌ ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്‌.

69 സൂക്ഷ്മത പാലിക്കുന്നവർക്ക്‌ അവരുടെ ( അക്രമികളുടെ ) കണക്ക്‌ നോക്കേണ്ട യാതൊരു ബാധ്യതയുമില്ല. പക്ഷെ, ഓർമിപ്പിക്കേണ്ടതുണ്ട്‌. അവർ സൂക്ഷ്മതയുള്ളവരായേക്കാം.

70 തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീർക്കുകയും, ഐഹികജീവിതം കണ്ട്‌ വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. ഏതൊരു ആത്മാവും സ്വയം ചെയ്തു വെച്ചതിൻറെ ഫലമായി നാശത്തിലേക്ക്‌ തള്ളപ്പെടുമെന്നതിനാൽ ഇത്‌ ( ഖുർആൻ ) മുഖേന നീ ഉൽബോധനം നടത്തുക. അല്ലാഹുവിന്‌ പുറമെ ആ ആത്മാവിന്‌ യാതൊരു രക്ഷാധികാരിയും ശുപാർശകനും ഉണ്ടായിരിക്കുന്നതല്ല. എല്ലാവിധ പ്രായശ്ചിത്തവും നൽകിയാലും ആ ആത്മാവിൽ നിന്നത്‌ സ്വീകരിക്കപ്പെടുകയില്ല. സ്വയം ചെയ്ത്‌ വെച്ചതിൻറെ ഫലമായി നാശത്തിലേക്ക്‌ തള്ളപ്പെട്ടവരത്രെ അവർ. അവർ നിഷേധിച്ചിരുന്നതിൻറെ ഫലമായി ചുട്ടുപൊള്ളുന്ന കുടിനീരും വേദനാജനകമായ ശിക്ഷയുമാണ്‌ അവർക്കുണ്ടായിരിക്കുക.

71 പറയുക: അല്ലാഹുവിന്‌ പുറമെ ഞങ്ങൾക്ക്‌ ഉപകാരമോ, ഉപദ്രവമോ ചെയ്യാൻ കഴിവില്ലാത്തതിനെ ഞങ്ങൾ വിളിച്ച്‌ പ്രാർത്ഥിക്കുകയോ? അല്ലാഹു ഞങ്ങളെ നേർവഴിയിലാക്കിയതിനു ശേഷം ഞങ്ങൾ പുറകോട്ട്‌ മടക്കപ്പെടുകയോ? ( എന്നിട്ട്‌ ) പിശാചുക്കൾ തട്ടിത്തിരിച്ചു കൊണ്ടുപോയിട്ട്‌ ഭൂമിയിൽ അന്ധാളിച്ച്‌ കഴിയുന്ന ഒരുത്തനെപ്പോലെ ( ഞങ്ങളാവുകയോ? ) ഞങ്ങളുടെ അടുത്തേക്ക്‌ വരൂ എന്നു പറഞ്ഞുകൊണ്ട്‌ അവനെ നേർവഴിയിലേക്ക്‌ ക്ഷണിച്ചു കൊണ്ടിരിക്കുന്ന ചില കൂട്ടുകാരുണ്ട്‌ അവന്ന്‌. പറയുക: തീർച്ചയായും അല്ലാഹുവിൻറെ മാർഗദർശനമാണ്‌ യഥാർത്ഥ മാർഗദർശനം. ലോകരക്ഷിതാവിന്‌ കീഴ്പെടുവാനാണ്‌ ഞങ്ങൾ കൽപിക്കപ്പെട്ടിരിക്കുന്നത്‌.

72 നിങ്ങൾ നമസ്കാരം മുറപ്രകാരം നിർവഹിക്കണമെന്നും, അവനെ സൂക്ഷിക്കണമെന്നും കൽപിക്കപ്പെട്ടിരിക്കുന്നു. അവങ്കലേക്കായിരിക്കും നിങ്ങളെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്നത്‌.

73 അവനത്രെ ആകാശങ്ങളും ഭൂമിയും മുറപ്രകാരം സൃഷ്ടിച്ചവൻ. അവൻ ഉണ്ടാകൂ എന്ന പറയുന്ന ദിവസം അതുണ്ടാകുക തന്നെ ചെയ്യുന്നു. അവൻറെ വചനം സത്യമാകുന്നു. കാഹളത്തിൽ ഊതപ്പെടുന്ന ദിവസം അവന്ന്‌ മാത്രമാകുന്നു ആധിപത്യം. അദൃശ്യവും ദൃശ്യവും അറിയുന്നവനാണവൻ. അവൻ യുക്തിമാനും സൂക്ഷ്മജ്ഞാനമുള്ളവനുമത്രെ.

74 ഇബ്രാഹീം തൻറെ പിതാവായ ആസറിനോട്‌ പറഞ്ഞ സന്ദർഭം( ഓർക്കുക. ) ചില ബിംബങ്ങളെയാണോ താങ്കൾ ദൈവങ്ങളായി സ്വീകരിക്കുന്നത്‌? തീർച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന്‌ ഞാൻ കാണുന്നു.

75 അപ്രകാരം ഇബ്രാഹീമിന്‌ നാം ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യരഹസ്യങ്ങൾ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തിൽ ആയിരിക്കാൻ വേണ്ടിയും കൂടിയാണത്‌.

76 അങ്ങനെ രാത്രി അദ്ദേഹത്തെ ( ഇരുട്ട്കൊണ്ട്‌ ) മൂടിയപ്പോൾ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എൻറെ രക്ഷിതാവ്‌! എന്നിട്ട്‌ അത്‌ അസ്തമിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: അസ്തമിച്ച്‌ പോകുന്നവരെ ഞാൻ ഇഷ്ടപ്പെടുന്നില്ല.

77 അനന്തരം ചന്ദ്രൻ ഉദിച്ചുയരുന്നത്‌ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഇതാ എൻറെ രക്ഷിതാവ്‌! എന്നിട്ട്‌ അതും അസ്തമിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: എൻറെ രക്ഷിതാവ്‌ എനിക്ക്‌ നേർവഴി കാണിച്ചുതന്നില്ലെങ്കിൽ തീർച്ചയായും ഞാൻ വഴിപിഴച്ച ജനവിഭാഗത്തിൽ പെട്ടവനായിത്തീരും.

78 അനന്തരം സൂര്യൻ ഉദിച്ചുയരുന്നതായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഇതാ എൻറെ രക്ഷിതാവ്‌! ഇതാണ്‌ ഏറ്റവും വലുത്‌!! അങ്ങനെ അതും അസ്തമിച്ചു പോയപ്പോൾ അദ്ദേഹം പറഞ്ഞു: എൻറെ സമുദായമേ, നിങ്ങൾ ( ദൈവത്തോട്‌ ) പങ്കുചേർക്കുന്നതിൽ നിന്നെല്ലാം തീർച്ചയായും ഞാൻ ഒഴിവാകുന്നു.

79 തീർച്ചയായും ഞാൻ നേർമാർഗത്തിൽ ഉറച്ചുനിന്നു കൊണ്ട്‌ എൻറെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക്‌ തിരിച്ചിരിക്കുന്നു. ഞാൻ ബഹുദൈവവാദികളിൽ പെട്ടവനേ അല്ല.

80 അദ്ദേഹത്തിൻറെ ജനത അദ്ദേഹവുമായി തർക്കത്തിൽ ഏർപെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻറെ കാര്യത്തിൽ നിങ്ങളെന്നോട്‌ തർക്കിക്കുകയാണോ? അവനാകട്ടെ എന്നെ നേർവഴിയിലാക്കിയിരിക്കുകയാണ്‌. നിങ്ങൾ അവനോട്‌ പങ്കുചേർക്കുന്ന യാതൊന്നിനെയും ഞാൻ ഭയപ്പെടുന്നില്ല. എൻറെ രക്ഷിതാവ്‌ ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ ( സംഭവിക്കുകയില്ല. ) എൻറെ രക്ഷിതാവിൻറെ ജ്ഞാനം സർവ്വകാര്യങ്ങളെയും ഉൾകൊള്ളാൻ മാത്രം വിപുലമായിരിക്കുന്നു. നിങ്ങളെന്താണ്‌ ആലോചിച്ച്‌ നോക്കാത്തത്‌?

81 നിങ്ങൾ അല്ലാഹുവിനോട്‌ പങ്കുചേർത്തതിനെ ഞാൻ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങൾക്ക്‌ യാതൊരു പ്രമാണവും നൽകിയിട്ടില്ലാത്ത വസ്തുക്കളെ അവനോട്‌ പങ്ക്‌ ചേർക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോൾ രണ്ടു കക്ഷികളിൽ ആരാണ്‌ നിർഭയരായിരിക്കാൻ കൂടുതൽ അർഹതയുള്ളവർ ? ( പറയൂ; ) നിങ്ങൾക്കറിയാമെങ്കിൽ.

82 വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തിൽ അന്യായം കൂട്ടികലർത്താതിരിക്കുകയും ചെയ്തവരാരോ അവർക്കാണ്‌ നിർഭയത്വമുള്ളത്‌. അവർ തന്നെയാണ്‌ നേർമാർഗം പ്രാപിച്ചവർ.

83 ഇബ്രാഹീമിന്‌ തൻറെ ജനതയ്ക്കെതിരായി നാം നൽകിയ ന്യായപ്രമാണമത്രെ അത്‌. നാം ഉദ്ദേശിക്കുന്നവർക്ക്‌ നാം പദവികൾ ഉയർത്തികൊടുക്കുന്നു. തീർച്ചയായും നിൻറെ രക്ഷിതാവ്‌ യുക്തിമാനും സർവ്വജ്ഞനുമത്രെ.

84 അദ്ദേഹത്തിന്‌ നാം ഇസഹാഖിനെയും യഅ്ഖൂബിനെയും നൽകുകയും ചെയ്തു. അവരെയെല്ലാം നാം നേർവഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ നൂഹിനെയും നാം നേർവഴിയിലാക്കിയിട്ടുണ്ട്‌. അദ്ദേഹത്തിൻറെ സന്താനങ്ങളിൽ നിന്ന്‌ ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും ( നാം നേർവഴിയിലാക്കി. ) അപ്രകാരം സദ്‌വൃത്തർക്ക്‌ നാം പ്രതിഫലം നൽകുന്നു.

85 സകരിയ്യാ, യഹ്‌യാ, ഈസാ, ഇൽയാസ്‌ എന്നിവരെയും ( നേർവഴിയിലാക്കി. ) അവരെല്ലാം സജ്ജനങ്ങളിൽ പെട്ടവരത്രെ.

86 ഇസ്മാഈൽ, അൽയസഅ്‌, യൂനുസ്‌, ലൂത്വ്‌ എന്നിവരെയും ( നേർവഴിയിലാക്കി. ) അവരെല്ലാവരെയും നാം ലോകരിൽ വെച്ച്‌ ശ്രേഷ്ഠരാക്കിയിരിക്കുന്നു.

87 അവരുടെ പിതാക്കളിൽ നിന്നും സന്തതികളിൽ നിന്നും സഹോദരങ്ങളിൽ നിന്നും ( ചിലർക്ക്‌ നാം ശ്രേഷ്ഠത നൽകിയിരിക്കുന്നു. ) അവരെ നാം വിശിഷ്ടരായി തെരഞ്ഞെടുക്കുകയും, നേർമാർഗത്തിലേക്ക്‌ അവരെ നയിക്കുകയും ചെയ്തിരിക്കുന്നു.

88 അതാണ്‌ അല്ലാഹുവിൻറെ മാർഗദർശനം. അത്‌ മുഖേന തൻറെ ദാസൻമാരിൽ നിന്ന്‌ താൻ ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗത്തിലേക്ക്‌ നയിക്കുന്നു. അവർ ( അല്ലാഹുവോട്‌ ) പങ്കുചേർത്തിരുന്നുവെങ്കിൽ അവർ പ്രവർത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു.

89 നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നൽകിയിട്ടുള്ളവരത്രെ അവർ. ഇനി ഇക്കൂട്ടർ അവയൊക്കെ നിഷേധിക്കുകയാണെങ്കിൽ അവയിൽ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനവിഭാഗത്തെ നാമത്‌ ഭരമേൽപിച്ചിട്ടുണ്ട്‌

90 അവരെയാണ്‌ അല്ലാഹു നേർവഴിയിലാക്കിയിട്ടുള്ളത്‌. അതിനാൽ അവരുടെ നേർമാർഗത്തെ നീ പിന്തുടർന്ന്‌ കൊള്ളുക. ( നബിയേ, ) പറയുക: ഇതിൻറെ പേരിൽ യാതൊരു പ്രതിഫലവും ഞാൻ നിങ്ങളോട്‌ ആവശ്യപ്പെടുന്നില്ല. ഇത്‌ ലോകർക്ക്‌ വേണ്ടിയുള്ള ഒരു ഉൽബോധനമല്ലാതെ മറ്റൊന്നുമല്ല.

91 ഒരു മനുഷ്യന്നും അല്ലാഹു യാതൊന്നും അവതരിപ്പിച്ചുകൊടുത്തിട്ടില്ല എന്നു പറഞ്ഞ സന്ദർഭത്തിൽ അല്ലാഹുവെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ്‌ അവർ ചെയ്തത്‌. പറയുക: എന്നാൽ സത്യപ്രകാശമായിക്കൊണ്ടും, മനുഷ്യർക്ക്‌ മാർഗദർശകമായിക്കൊണ്ടും മൂസാ കൊണ്ടു വന്ന ഗ്രന്ഥം ആരാണ്‌ അവതരിപ്പിച്ചത്‌ ? നിങ്ങൾ അതിനെ കടലാസ്‌ തുണ്ടുകളാക്കി ചില ഭാഗങ്ങൾ വെളിപ്പെടുത്തുകയും, ( മറ്റു ) പലതും ഒളിച്ച്‌ വെക്കുകയും ചെയ്യുന്നുണ്ടല്ലോ. നിങ്ങൾക്കോ നിങ്ങളുടെ പിതാക്കൻമാർക്കോ അറിവില്ലാതിരുന്ന പലതും ( ആ ഗ്രന്ഥത്തിലൂടെ ) നിങ്ങൾ പഠിപ്പിക്കപ്പെട്ടിട്ടുമുണ്ട്‌. അല്ലാഹുവാണ്‌ ( അത്‌ അവതരിപ്പിച്ചത്‌ ) എന്ന്‌ പറയുക. പിന്നീട്‌ അവരുടെ കുതർക്കങ്ങളുമായി വിളയാടുവാൻ അവരെ വിട്ടേക്കുക.

92 ഇതാ, നാം അവതരിപ്പിച്ച, നൻമ നിറഞ്ഞ ഒരു ഗ്രന്ഥം! അതിൻറെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്‌. മാതൃനഗരി ( മക്ക ) യിലും അതിൻറെ ചുറ്റുഭാഗത്തുമുള്ളവർക്ക്‌ നീ താക്കീത്‌ നൽകുവാൻ വേണ്ടി ഉള്ളതുമാണ്‌ അത്‌. പരലോകത്തിൽ വിശ്വസിക്കുന്നവർ ഈ ഗ്രന്ഥത്തിൽ വിശ്വസിക്കുന്നതാണ്‌. തങ്ങളുടെ പ്രാർത്ഥന അവർ മുറപ്രകാരം സൂക്ഷിച്ച്‌ പോരുന്നതുമാണ്‌.

93 അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക്‌ യാതൊരു ബോധനവും നൽകപ്പെടാതെ എനിക്ക്‌ ബോധനം ലഭിച്ചിരിക്കുന്നു എന്ന്‌ പറയുകയോ ചെയ്തവനേക്കാളും, അല്ലാഹു അവതരിപ്പിച്ചത്‌ പോലെയുള്ളത്‌ ഞാനും അവതരിപ്പിക്കാമെന്ന്‌ പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട്‌ ? ആ അക്രമികൾ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കിൽ! നിങ്ങൾ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിൻ എന്ന്‌ പറഞ്ഞ്‌ കൊണ്ട്‌ മലക്കുകൾ അവരുടെ നേരെ തങ്ങളുടെ കൈകൾ നീട്ടികൊണ്ടിരിക്കുകയാണ്‌. നിങ്ങൾ അല്ലാഹുവിൻറെ പേരിൽ സത്യമല്ലാത്തത്‌ പറഞ്ഞുകൊണ്ടിരുന്നതിൻറെയും, അവൻറെ ദൃഷ്ടാന്തങ്ങളെ നിങ്ങൾ അഹങ്കരിച്ച്‌ തള്ളിക്കളഞ്ഞിരുന്നതിൻറെയും ഫലമായി ഇന്ന്‌ നിങ്ങൾക്ക്‌ ഹീനമായ ശിക്ഷ നൽകപ്പെടുന്നതാണ്‌. ( എന്ന്‌ മലക്കുകൾ പറയും. )

94 ( അവരോട്‌ അല്ലാഹു പറയും: ) നിങ്ങളെ നാം ആദ്യഘട്ടത്തിൽ സൃഷ്ടിച്ചത്‌ പോലെത്തന്നെ നിങ്ങളിതാ നമ്മുടെ അടുക്കൽ ഒറ്റപ്പെട്ടവരായി വന്നെത്തിയിരിക്കുന്നു. നിങ്ങൾക്ക്‌ നാം അധീനപ്പെടുത്തിതന്നതെല്ലാം നിങ്ങളുടെ പിന്നിൽ നിങ്ങൾ വിട്ടേച്ച്‌ പോന്നിരിക്കുന്നു. നിങ്ങളുടെ കാര്യത്തിൽ ( അല്ലാഹുവിൻറെ ) പങ്കുകാരാണെന്ന്‌ നിങ്ങൾ ജൽപിച്ചിരുന്ന നിങ്ങളുടെ ആ ശുപാർശക്കാരെ നിങ്ങളോടൊപ്പം നാം കാണുന്നില്ല. നിങ്ങൾ തമ്മിലുള്ള ബന്ധം അറ്റുപോകുകയും നിങ്ങൾ ജൽപിച്ചിരുന്നതെല്ലാം നിങ്ങളെ വിട്ടുപോകുകയും ചെയ്തിരിക്കുന്നു.

95 തീർച്ചയായും ധാന്യമണികളും ഈന്തപ്പഴക്കുരുവും പിളർക്കുന്നവനാകുന്നു അല്ലാഹു നിർജീവമായതിൽ നിന്ന്‌ ജീവനുള്ളതിനെ അവൻ പുറത്ത്‌ വരുത്തുന്നു. ജീവനുള്ളതിൽ നിന്ന്‌ നിർജീവമായതിനെയും അവൻ പുറത്ത്‌ വരുത്തുന്നതാണ്‌. അങ്ങനെയുള്ളവനത്രെ അല്ലാഹു.

96 പ്രഭാതത്തെ പിളർത്തിക്കൊണ്ട്‌ വരുന്നവനാണവൻ. രാത്രിയെ അവൻ ശാന്തമായ വിശ്രമവേളയാക്കിയിരിക്കുന്നു. സൂര്യനെയും ചന്ദ്രനെയും കണക്കുകൾക്ക്‌ അടിസ്ഥാനവും ( ആക്കിയിരിക്കുന്നു. ) പ്രതാപിയും സർവ്വജ്ഞനുമായ അല്ലാഹുവിൻറെ ക്രമീകരണമത്രെ അത്‌.

97 അവനാണ്‌ നിങ്ങൾക്ക്‌ വേണ്ടി നക്ഷത്രങ്ങളെ, കരയിലെയും കടലിലെയും അന്ധകാരങ്ങളിൽ നിങ്ങൾക്ക്‌ അവ മുഖേന വഴിയറിയാൻ പാകത്തിലാക്കിത്തന്നത്‌. മനസ്സിലാക്കുന്ന ആളുകൾക്ക്‌ വേണ്ടി നാമിതാ ദൃഷ്ടാന്തങ്ങൾ വിശദീകരിച്ചിരിക്കുന്നു.

98 അവനാണ്‌ ഒരേ ആത്മാവിൽ നിന്നും നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവൻ. പിന്നെ ( നിങ്ങൾക്ക്‌ ) ഒരു സ്ഥിരസങ്കേതവും സൂക്ഷിപ്പ്‌ കേന്ദ്രവുമുണ്ട്‌. ( കാര്യം ) ഗ്രഹിക്കുന്ന ആളുകൾക്ക്‌ വേണ്ടി നാം ഇതാ ദൃഷ്ടാന്തങ്ങൾ വിശദീകരിച്ചിരിക്കുന്നു.

99 അവനാണ്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നവൻ. എന്നിട്ട്‌ അത്‌ മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകൾ പുറത്ത്‌ കൊണ്ടുവരികയും, അനന്തരം അതിൽ നിന്ന്‌ പച്ചപിടിച്ച ചെടികൾ വളർത്തിക്കൊണ്ട്‌ വരികയും ചെയ്തു. ആ ചെടികളിൽ നിന്ന്‌ നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത്‌ വരുത്തുന്നു. ഈന്തപ്പനയിൽ നിന്ന്‌ അഥവാ അതിൻറെ കൂമ്പോളയിൽ നിന്ന്‌ തൂങ്ങി നിൽക്കുന്ന കുലകൾ പുറത്ത്‌ വരുന്നു. ( അപ്രകാരം തന്നെ ) മുന്തിരിത്തോട്ടങ്ങളും , പരസ്പരം തുല്യത തോന്നുന്നതും, എന്നാൽ ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും ( നാം ഉൽപാദിപ്പിച്ചു. ) അവയുടെ കായ്കൾ കായ്ച്ച്‌ വരുന്നതും മൂപ്പെത്തുന്നതും നിങ്ങൾ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങൾക്ക്‌ അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്‌.

100 അവർ ജിന്നുകളെ അല്ലാഹുവിന്‌ പങ്കാളികളാക്കിയിരിക്കുന്നു. എന്നാൽ അവരെ അവൻ സൃഷ്ടിച്ചതാണ്‌. ഒരു വിവരവും കൂടാതെ അവന്ന്‌ പുത്രൻമാരെയും പുത്രിമാരെയും അവർ ആരോപിച്ചുണ്ടാക്കിയിരിക്കുന്നു. അവർ പറഞ്ഞുണ്ടാക്കുന്നതിൽ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമാകുന്നു.

101 ആകാശങ്ങളുടെയും ഭൂമിയുടെയും നിർമാതാവാണവൻ. അവന്ന്‌ എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവൻ സൃഷ്ടിച്ചതാണ്‌. അവൻ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്‌.

102 അങ്ങനെയുള്ളവനാണ്‌ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ്‌ അവൻ. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. അവൻ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു.

103 കണ്ണുകൾ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവൻ കണ്ടെത്തുകയും ചെയ്യും. അവൻ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു.

104 നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന്‌ നിങ്ങൾക്കിതാ കണ്ണുതുറപ്പിക്കുന്ന തെളിവുകൾ വന്നെത്തിയിരിക്കുന്നു. വല്ലവനും അത്‌ കണ്ടറിഞ്ഞാൽ അതിൻറെ ഗുണം അവന്ന്‌ തന്നെയാണ്‌. വല്ലവനും അന്ധത കൈക്കൊണ്ടാൽ അതിൻറെ ദോഷവും അവന്നു തന്നെ. ഞാൻ നിങ്ങളുടെ മേൽ ഒരു കാവൽക്കാരനൊന്നുമല്ല.

105 അപ്രകാരം നാം വിവിധ രൂപത്തിൽ ദൃഷ്ടാന്തങ്ങൾ വിവരിക്കുന്നു. നീ ( വല്ലവരിൽ നിന്നും ) പഠിച്ചുവന്നതാണെന്ന്‌ അവിശ്വാസികൾ പറയുവാനും, എന്നാൽ മനസ്സിലാക്കുന്ന ആളുകൾക്ക്‌ നാം കാര്യം വ്യക്തമാക്കികൊടുക്കുവാനും വേണ്ടിയാണത്‌.

106 നിനക്ക്‌ നിൻറെ രക്ഷിതാവിങ്കൽ നിന്ന്‌ ബോധനം നൽകപ്പെട്ടതിനെ നീ പിന്തുടരുക. അവനല്ലാതെ ഒരു ദൈവവുമില്ല. ബഹുദൈവവാദികളിൽ നിന്ന്‌ നീ തിരിഞ്ഞുകളയുക.

107 അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവർ ( അവനോട്‌ ) പങ്കുചേർക്കുമായിരുന്നില്ല. നിന്നെ നാം അവരുടെ മേൽ ഒരു കാവൽക്കാരനാക്കിയിട്ടുമില്ല. നീ അവരുടെ മേൽ ഉത്തരവാദിത്തം ഏൽപിക്കപ്പെട്ടവനുമല്ല.

108 അല്ലാഹുവിനു പുറമെ അവർ വിളിച്ച്‌ പ്രാർത്ഥിക്കുന്നവരെ നിങ്ങൾ ശകാരിക്കരുത്‌. അവർ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാൻ അത്‌ കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവർത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട്‌ അവരുടെ രക്ഷിതാവിങ്കലേക്കാണ്‌ അവരുടെ മടക്കം. അവർ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോൾ അവൻ അവരെ അറിയിക്കുന്നതാണ്‌.

109 തങ്ങൾക്ക്‌ വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതിൽ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന്‌ അവർ അല്ലാഹുവിൻറെ പേരിൽ തങ്ങളെകൊണ്ടാവും വിധം ഉറപ്പിച്ച്‌ സത്യം ചെയ്ത്‌ പറയുന്നു. പറയുക: ദൃഷ്ടാന്തങ്ങൾ അല്ലാഹുവിൻറെ അധീനത്തിൽ മാത്രമാണുള്ളത്‌. നിങ്ങൾക്കെന്തറിയാം? അത്‌ വന്ന്‌ കിട്ടിയാൽ തന്നെ അവർ വിശ്വസിക്കുന്നതല്ല.

110 ഇതിൽ ( ഖുർആനിൽ ) ആദ്യതവണ അവർ വിശ്വസിക്കാതിരുന്നത്‌ പോലെത്തന്നെ ( ഇപ്പോഴും ) നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും മറിച്ചുകൊണ്ടിരിക്കും. അവരുടെ ധിക്കാരവുമായി വിഹരിച്ചുകൊള്ളുവാൻ നാം അവരെ വിട്ടേക്കുകയും ചെയ്യും.

111 നാം അവരിലേക്ക്‌ മലക്കുകളെ ഇറക്കുകയും, മരിച്ചവർ അവരോട്‌ സംസാരിക്കുകയും, സർവ്വവസ്തുക്കളെയും നാം അവരുടെ മുമ്പാകെ കൂട്ടം കൂട്ടമായി ശേഖരിക്കുകയും ചെയ്താലും അവർ വിശ്വസിക്കാൻ പോകുന്നില്ല. അല്ലാഹു ഉദ്ദേശിച്ചെങ്കിലല്ലാതെ. എന്നാൽ അവരിൽ അധികപേരും വിവരക്കേട്‌ പറയുകയാകുന്നു.

112 അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്‌. കബളിപ്പിക്കുന്ന ഭംഗിവാക്കുകൾ അവർ അന്യോന്യം ദുർബോധനം ചെയ്യുന്നു. നിൻറെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നെങ്കിൽ അവരത്‌ ചെയ്യുമായിരുന്നില്ല. അത്‌ കൊണ്ട്‌ അവർ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക.

113 പരലോകത്തിൽ വിശ്വാസമില്ലാത്തവരുടെ മനസ്സുകൾ അതിലേക്ക്‌ ( ആ ഭംഗിവാക്കുകളിലേക്ക്‌ ) ചായുവാനും, അവർ അതിൽ സംതൃപ്തരാകുവാനും, അവർ ചെയ്ത്‌ കൂട്ടുന്നതെല്ലാം ചെയ്ത്‌ കൂട്ടുവാനും വേണ്ടിയത്രെ അത്‌.

114 ( പറയുക: ) അപ്പോൾ വിധികർത്താവായി ഞാൻ അന്വേഷിക്കേണ്ടത്‌ അല്ലാഹു അല്ലാത്തവരെയാണോ? അവനാകട്ടെ, വിശദവിവരങ്ങളുള്ള വേദഗ്രന്ഥം നിങ്ങൾക്കിറക്കിത്തന്നവനാകുന്നു. അത്‌ സത്യവുമായി നിൻറെ രക്ഷിതാവിങ്കൽ നിന്ന്‌ ഇറക്കപ്പെട്ടതാണെന്ന്‌ നാം മുമ്പ്‌ വേദഗ്രന്ഥം നൽകിയിട്ടുള്ളവർക്കറിയാം. അതിനാൽ നീ ഒരിക്കലും സംശയാലുക്കളിൽ പെട്ടുപോകരുത്‌.

115 നിൻറെ രക്ഷിതാവിൻറെ വചനം സത്യത്തിലും നീതിയിലും പരിപൂർണ്ണമായിരിക്കുന്നു. അവൻറെ വചനങ്ങൾക്ക്‌ മാറ്റം വരുത്താനാരുമില്ല. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ.

116 ഭൂമിയിലുള്ളവരിൽ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിൻറെ മാർഗത്തിൽ നിന്നും നിന്നെ അവർ തെറ്റിച്ചുകളയുന്നതാണ്‌. ഊഹത്തെ മാത്രമാണ്‌ അവർ പിന്തുടരുന്നത്‌. അവർ അനുമാനിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.

117 തൻറെ മാർഗത്തിൽ നിന്ന്‌ തെറ്റിപ്പോകുന്നവൻ ആരാണെന്ന്‌ തീർച്ചയായും നിൻറെ രക്ഷിതാവിന്‌ അറിയാം. നേർവഴിപ്രാപിച്ചവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനും അവൻ തന്നെയാണ്‌.

118 അതിനാൽ അല്ലാഹുവിൻറെ നാമം ഉച്ചരി( ച്ച്‌ അറു ) ക്കപ്പെട്ടതിൽ നിന്നും നിങ്ങൾ തിന്നുകൊള്ളുക. നിങ്ങൾ അവൻറെ വചനങ്ങളിൽ വിശ്വസിക്കുന്നവരാണെങ്കിൽ.

119 അല്ലാഹുവിൻറെ നാമം ഉച്ചരി (ച്ച്‌ അറു) ക്കപ്പെട്ടതിൽ നിന്ന്‌ നിങ്ങൾ എന്തിന്‌ തിന്നാതിരിക്കണം.? നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത്‌ അവൻ നിങ്ങൾക്ക്‌ വിശദമാക്കിത്തന്നിട്ടുണ്ടല്ലോ. നിങ്ങൾ ( തിന്നുവാൻ ) നിർബന്ധിതരായിത്തീരുന്നതൊഴികെ. ധാരാളം പേർ യാതൊരു വിവരവുമില്ലാതെ തന്നിഷ്ടങ്ങൾക്കനുസരിച്ച്‌ ( ആളുകളെ ) പിഴപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. തീർച്ചയായും നിൻറെ രക്ഷിതാവ്‌ അതിക്രമകാരികളെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ.

120 പാപത്തിൽ നിന്ന്‌ പ്രത്യക്ഷമായതും പരോക്ഷമായതും നിങ്ങൾ വെടിയുക. പാപം സമ്പാദിച്ച്‌ വെക്കുന്നവരാരോ അവർ ചെയ്ത്‌ കൂട്ടുന്നതിന്‌ തക്ക പ്രതിഫലം തീർച്ചയായും അവർക്ക്‌ നൽകപ്പെടുന്നതാണ്‌.

121 അല്ലാഹുവിൻറെ നാമം ഉച്ചരിക്കപ്പെടാത്തതിൽ നിന്ന്‌ നിങ്ങൾ തിന്നരുത്‌. തീർച്ചയായും അത്‌ അധർമ്മമാണ്‌. നിങ്ങളോട്‌ തർക്കിക്കുവാൻ വേണ്ടി പിശാചുക്കൾ അവരുടെ മിത്രങ്ങൾക്ക്‌ തീർച്ചയായും ദുർബോധനം നൽകിക്കൊണ്ടിരിക്കും. നിങ്ങൾ അവരെ അനുസരിക്കുന്ന പക്ഷം തീർച്ചയായും നിങ്ങൾ ( അല്ലാഹുവോട്‌ ) പങ്കുചേർക്കുന്നവരായിപ്പോകും.

122 നിർജീവാവസ്ഥയിലായിരിക്കെ നാം ജീവൻ നൽകുകയും, നാം ഒരു ( സത്യ ) പ്രകാശം നൽകിയിട്ട്‌ അതുമായി ജനങ്ങൾക്കിടയിലൂടെ നടന്ന്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവൻറെ അവസ്ഥ, പുറത്ത്‌ കടക്കാനാകാത്ത വിധം അന്ധകാരങ്ങളിൽ അകപ്പെട്ട അവസ്ഥയിൽ കഴിയുന്നവൻറെത്‌ പോലെയാണോ? അങ്ങനെ, സത്യനിഷേധികൾക്ക്‌ തങ്ങൾ ചെയ്ത്‌ കൊണ്ടിരിക്കുന്നത്‌ ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു.

123 അതേ പ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാൻ അവിടത്തെ കുറ്റവാളികളുടെ തലവൻമാരെ നാം ഏർപെടുത്തിയിട്ടുണ്ട്‌. എന്നാൽ അവർ കുതന്ത്രം പ്രയോഗിക്കുന്നത്‌ അവർക്കെതിരിൽ തന്നെയാണ്‌. അവർ ( അതിനെപ്പറ്റി ) ബോധവാൻമാരാകുന്നില്ല.

124 അവർക്ക്‌ വല്ല ദൃഷ്ടാന്തവും വന്നാൽ, അല്ലാഹുവിൻറെ ദൂതൻമാർക്ക്‌ നൽകപ്പെട്ടത്‌ പോലുള്ളത്‌ ഞങ്ങൾക്കും ലഭിക്കുന്നത്‌ വരെ ഞങ്ങൾ വിശ്വസിക്കുകയേ ഇല്ല എന്നായിരിക്കും അവർ പറയുക. എന്നാൽ അല്ലാഹുവിന്ന്‌ നല്ലവണ്ണമറിയാം; തൻറെ ദൗത്യം എവിടെയാണ്‌ ഏൽപിക്കേണ്ടതെന്ന്‌. കുറ്റകൃത്യങ്ങളിൽ ഏർപെട്ടവർക്ക്‌ തങ്ങൾ പ്രയോഗിച്ചിരുന്ന കുതന്ത്രത്തിൻറെ ഫലമായി അല്ലാഹുവിങ്കൽ ഹീനതയും കഠിനമായ ശിക്ഷയും വന്നുഭവിക്കുന്നതാണ്‌.

125 ഏതൊരാളെ നേർവഴിയിലേക്ക്‌ നയിക്കുവാൻ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവൻറെ ഹൃദയത്തെ ഇസ്ലാമിലേക്ക്‌ അവൻ തുറന്നുകൊടുക്കുന്നതാണ്‌. ഏതൊരാളെ അല്ലാഹു പിഴവിലാക്കാൻ ഉദ്ദേശിക്കുന്നുവോ അവൻറെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീർക്കുന്നതാണ്‌. അവൻ ആകാശത്തിലൂടെ കയറിപ്പോകുന്നത്‌ പോലെ. വിശ്വസിക്കാത്തവരുടെ മേൽ അപ്രകാരം അല്ലാഹു ശിക്ഷ ഏർപെടുത്തുന്നു.

126 നിൻറെ രക്ഷിതാവിൻറെ നേരായ മാർഗമാണിത്‌. ശ്രദ്ധിച്ച്‌ മനസ്സിലാക്കുന്ന ജനങ്ങൾക്ക്‌ വേണ്ടി നാമിതാ ദൃഷ്ടാന്തങ്ങൾ വിശദീകരിച്ചിരിക്കുന്നു.

127 അവർക്ക്‌ അവരുടെ രക്ഷിതാവിൻറെ അടുക്കൽ സമാധാനത്തിൻറെ ഭവനമുണ്ട്‌. അവൻ അവരുടെ രക്ഷാധികാരിയായിരിക്കും. അവർ പ്രവർത്തിച്ചിരുന്നതിൻറെ ഫലമത്രെ അത്‌.

128 അവരെയെല്ലാം അവൻ ( അല്ലാഹു ) ഒരുമിച്ചുകൂട്ടുന്ന ദിവസം. ( ജിന്നുകളോട്‌ അവൻ പറയും: ) ജിന്നുകളുടെ സമൂഹമേ, മനുഷ്യരിൽ നിന്ന്‌ ധാരാളം പേരെ നിങ്ങൾ പിഴപ്പിച്ചിട്ടുണ്ട്‌. മനുഷ്യരിൽ നിന്നുള്ള അവരുടെ ഉറ്റമിത്രങ്ങൾ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ ചിലർ മറ്റുചിലരെക്കൊണ്ട്‌ സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങൾക്ക്‌ നിശ്ചയിച്ച അവധിയിൽ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവൻ പറയും: നരകമാണ്‌ നിങ്ങളുടെ പാർപ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതിൽ നിത്യവാസികളായിരിക്കും. തീർച്ചയായും നിൻറെ രക്ഷിതാവ്‌ യുക്തിമാനും സർവ്വജ്ഞനുമാകുന്നു.

129 അപ്രകാരം ആ അക്രമികളിൽ ചിലരെ ചിലർക്ക്‌ നാം കൂട്ടാളികളാക്കുന്നു. അവർ സമ്പാദിച്ച്‌ കൊണ്ടിരുന്നതിൻറെ ഫലമത്രെ അത്‌.

130 ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എൻറെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക്‌ വിവരിച്ചുതരികയും ഈ ദിവസത്തെ നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്ന്‌ നിങ്ങൾക്ക്‌ താക്കീത്‌ നൽകുകയും ചെയ്തുകൊണ്ട്‌ നിങ്ങളിൽ നിന്നുതന്നെയുള്ള ദൂതൻമാർ നിങ്ങളുടെ അടുക്കൽ വരികയുണ്ടായില്ലേ? അവർ പറഞ്ഞു: ഞങ്ങളിതാ ഞങ്ങൾക്കെതിരായിത്തന്നെ സാക്ഷ്യം വഹിച്ചിരിക്കുന്നു. ഐഹികജീവിതം അവരെ വഞ്ചിച്ചു കളഞ്ഞു. തങ്ങൾ സത്യനിഷേധികളായിരുന്നു വെന്ന്‌ സ്വദേഹങ്ങൾക്കെതിരായി തന്നെ അവർ സാക്ഷ്യം വഹിച്ചു.

131 നാട്ടുകാർ ( സത്യത്തെപ്പറ്റി ) ബോധവാൻമാരല്ലാതിരിക്കെ അവർ ചെയ്ത അക്രമത്തിൻറെ പേരിൽ നിൻറെ രക്ഷിതാവ്‌ നാടുകൾ നശിപ്പിക്കുന്നവനല്ല എന്നതിനാലത്രെ അത്‌ ( ദൂതൻമാരെ അയച്ചത്‌ )

132 ഓരോരുത്തർക്കും അവരവർ പ്രവർത്തിച്ചതിൻറെ ഫലമായി പല പദവികളുണ്ട്‌. അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി നിൻറെ രക്ഷിതാവ്‌ ഒട്ടും അശ്രദ്ധനല്ല.

133 നിൻറെ രക്ഷിതാവ്‌ പരാശ്രയമുക്തനും കാരുണ്യവാനുമാകുന്നു. അവൻ ഉദ്ദേശിക്കുകയാണെങ്കിൽ നിങ്ങളെ നീക്കം ചെയ്യുകയും, നിങ്ങൾക്ക്‌ ശേഷം അവൻ ഉദ്ദേശിക്കുന്ന മറ്റൊരു ജനതയെ പകരം കൊണ്ടുവരുകയും ചെയ്യുന്നതാണ്‌. മറ്റൊരു ജനതയുടെ വംശപരമ്പരയിൽ നിന്ന്‌ നിങ്ങളെ അവൻ വളർത്തിയെടുത്തത്‌ പോലെ.

134 തീർച്ചയായും നിങ്ങൾക്ക്‌ മുന്നറിയിപ്പ്‌ നൽകപ്പെടുന്ന ആ കാര്യം വരിക തന്നെ ചെയ്യും. ( ആ വിഷയത്തിൽ അല്ലാഹുവെ ) പരാജയപ്പെടുത്താൻ നിങ്ങൾക്ക്‌ കഴിയില്ല.

135 ( നബിയേ, ) പറയുക: എൻറെ ജനങ്ങളേ, നിങ്ങൾ നിങ്ങളുടെ നിലപാടനുസരിച്ച്‌ പ്രവർത്തിച്ച്‌ കൊള്ളുക. തീർച്ചയായും ഞാനും ( അങ്ങനെ ) പ്രവർത്തിക്കാം. ലോകത്തിൻറെ പര്യവസാനം ആർക്ക്‌ അനുകൂലമായിരിക്കുമെന്ന്‌ വഴിയെ നിങ്ങൾക്കറിയാം. അക്രമികൾ വിജയം വരിക്കുകയില്ല; തീർച്ച.

136 അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയിൽ നിന്നും, കന്നുകാലികളിൽ നിന്നും അവർ അവന്ന്‌ ഒരു ഓഹരി നിശ്ചയിച്ച്‌ കൊടുത്തിരിക്കുകയാണ്‌. എന്നിട്ട്‌ അവരുടെ ജൽപനമനുസരിച്ച്‌ ഇത്‌ അല്ലാഹുവിനുള്ളതും, മറ്റേത്‌ തങ്ങൾ പങ്കാളികളാക്കിയ ദൈവങ്ങൾക്കുള്ളതുമാണെന്ന്‌ അവർ പറഞ്ഞു. എന്നാൽ അവരുടെ പങ്കാളികൾക്കുള്ളത്‌ അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികൾക്കെത്തുകയും ചെയ്യും. അവർ തീർപ്പുകൽപിക്കുന്നത്‌ എത്രമോശം!

137 അതുപോലെ തന്നെ ബഹുദൈവവാദികളിൽപെട്ട പലർക്കും സ്വന്തം മക്കളെ കൊല്ലുന്നത്‌ അവർ പങ്കാളികളാക്കിയ ദൈവങ്ങൾ ഭംഗിയായി തോന്നിച്ചിരിക്കുന്നു. അവരെ നാശത്തിൽ പെടുത്തുകയും, അവർക്ക്‌ അവരുടെ മതം തിരിച്ചറിയാൻ പറ്റാതാക്കുകയുമാണ്‌ അതുകൊണ്ടുണ്ടായിത്തീരുന്നത്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരത്‌ ചെയ്യുമായിരുന്നില്ല. അതിനാൽ അവർ കെട്ടിച്ചമച്ചുണ്ടാക്കുന്നതുമായി അവരെ വിട്ടേക്കുക.

138 അവർ പറഞ്ഞു: ഇവ വിലക്കപ്പെട്ട കാലികളും കൃഷിയുമാകുന്നു. ഞങ്ങൾ ഉദ്ദേശിക്കുന്ന ചിലരല്ലാതെ അവ ഭക്ഷിച്ചു കൂടാ. അതവരുടെ ജൽപനമത്രെ. പുറത്ത്‌ സവാരിചെയ്യുന്നത്‌ നിഷിദ്ധമാക്കപ്പെട്ട ചില കാലികളുമുണ്ട്‌. വേറെ ചില കാലികളുമുണ്ട്‌; അവയുടെ മേൽ അവർ അല്ലാഹുവിൻറെ നാമം ഉച്ചരിക്കുകയില്ല. ഇതെല്ലാം അവൻറെ ( അല്ലാഹുവിൻറെ ) പേരിൽ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്‌. അവർ കെട്ടിച്ചമച്ച്‌ കൊണ്ടിരുന്നതിന്‌ തക്ക ഫലം അവൻ അവർക്ക്‌ നൽകിക്കൊള്ളും.

139 അവർ പറഞ്ഞു: ഈ കാലികളുടെ ഗർഭാശയങ്ങളിലുള്ളത്‌ ഞങ്ങളിലെ ആണുങ്ങൾക്ക്‌ മാത്രമുള്ളതും, ഞങ്ങളുടെ ഭാര്യമാർക്ക്‌ നിഷിദ്ധമാക്കപ്പെട്ടതുമാണ്‌. അത്‌ ചത്തതാണെങ്കിലോ അവരെല്ലാം അതിൽ പങ്ക്‌ പറ്റുന്നവരായിരിക്കും. അവരുടെ ഈ ജൽപനത്തിന്‌ തക്ക പ്രതിഫലം അവൻ ( അല്ലാഹു ) വഴിയെ അവർക്ക്‌ നൽകുന്നതാണ്‌. തീർച്ചയായും അവൻ യുക്തിമാനും സർവ്വജ്ഞനുമാകുന്നു.

140 ഭോഷത്വം കാരണമായി ഒരു വിവരവുമില്ലാതെ സ്വന്തം സന്താനങ്ങളെ കൊല്ലുകയും, തങ്ങൾക്ക്‌ അല്ലാഹു നൽകിയത്‌ അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമച്ചുകൊണ്ട്‌ നിഷിദ്ധമാക്കുകയും ചെയ്തവർ തീർച്ചയായും നഷ്ടത്തിൽ പെട്ടിരിക്കുന്നു. തീർച്ചയായും അവർ പിഴച്ചു പോയി. അവർ നേർമാർഗം പ്രാപിക്കുന്നവരായില്ല.

141 പന്തലിൽ പടർത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാൽ സാദൃശ്യമില്ലാത്തതുമായ നിലയിൽ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത്‌ അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോൾ അതിൻറെ ഫലങ്ങളിൽ നിന്ന്‌ നിങ്ങൾ ഭക്ഷിച്ച്‌ കൊള്ളുക. അതിൻറെ വിളവെടുപ്പ്‌ ദിവസം അതിലുള്ള ബാധ്യത നിങ്ങൾ കൊടുത്ത്‌ വീട്ടുകയും ചെയ്യുക. നിങ്ങൾ ദുർവ്യയം ചെയ്യരുത്‌. തീർച്ചയായും ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.

142 കാലികളിൽ നിന്ന്‌ ഭാരം ചുമക്കുന്നവയും, അറുത്ത്‌ ഭക്ഷിക്കാനുള്ളവയും ( അവൻ സൃഷ്ടിച്ചിരിക്കുന്നു. ) നിങ്ങൾക്ക്‌ അല്ലാഹു നൽകിയതിൽ നിന്ന്‌ നിങ്ങൾ തിന്നുകൊള്ളുക. പിശാചിൻറെ കാലടികളെ നിങ്ങൾ പിൻപറ്റിപോകരുത്‌. തീർച്ചയായും അവൻ നിങ്ങളുടെ പ്രത്യക്ഷശത്രുവാകുന്നു.

143 എട്ടു ഇണകളെ ( അവൻ സൃഷ്ടിച്ചിരിക്കുന്നു. ) ചെമ്മരിയാടിൽ നിന്ന്‌ രണ്ടും, കോലാടിൽ നിന്ന്‌ രണ്ടും. പറയുക: ( അവ രണ്ടിലെയും ) ആൺവർഗങ്ങളെയാണോ, അതല്ല, പെൺവർഗങ്ങളെയാണോ, അതുമല്ല പെൺവർഗങ്ങളുടെ ഗർഭാശയങ്ങൾ ഉൾകൊണ്ടതിനെയാണോ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളത്‌? അറിവിൻറെ അടിസ്ഥാനത്തിൽ നിങ്ങൾ എനിക്ക്‌ പറഞ്ഞുതരൂ; നിങ്ങൾ സത്യവാൻമാരാണെങ്കിൽ.

144 ഒട്ടകത്തിൽ നിന്ന്‌ രണ്ട്‌ ഇണകളെയും, പശുവർഗത്തിൽ നിന്ന്‌ രണ്ട്‌ ഇണകളെയും( അവൻ സൃഷ്ടിച്ചു. ) പറയുക: ( അവ രണ്ടിലെയും ) ആൺവർഗങ്ങളെയാണോ, പെൺവർഗങ്ങളെയാണോ അതുമല്ല പെൺവർഗങ്ങളുടെ ഗർഭാശയങ്ങൾ ഉൾകൊണ്ടതിനെയാണോ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളത്‌? അല്ല, അല്ലാഹു നിങ്ങളോട്‌ ഇതൊക്കെ ഉപദേശിച്ച സന്ദർഭത്തിന്‌ നിങ്ങൾ സാക്ഷികളായിട്ടുണ്ടോ? അപ്പോൾ ഒരു അറിവുമില്ലാതെ ജനങ്ങളെ പിഴപ്പിക്കാൻ വേണ്ടി അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമച്ചവനെക്കാൾ വലിയ അക്രമി ആരുണ്ട്‌? അക്രമികളായ ആളുകളെ അല്ലാഹു നേർവഴിയിലേക്ക്‌ നയിക്കുകയില്ല; തീർച്ച.

145 ( നബിയേ, ) പറയുക: എനിക്ക്‌ ബോധനം നൽകപ്പെട്ടിട്ടുള്ളതിൽ ഒരു ഭക്ഷിക്കുന്നവന്ന്‌ ഭക്ഷിക്കുവാൻ പാടില്ലാത്തതായി യാതൊന്നും ഞാൻ കാണുന്നില്ല; അത്‌ ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത്‌ മ്ലേച്ഛമത്രെ. അല്ലെങ്കിൽ അല്ലാഹുവല്ലാത്തവരുടെ പേരിൽ ( നേർച്ചയായി ) പ്രഖ്യാപിക്കപ്പെട്ടതിനാൽ അധാർമ്മികമായിത്തീർന്നിട്ടുള്ളതും ഒഴികെ. എന്നാൽ വല്ലവനും ( ഇവ ഭക്ഷിക്കാൻ ) നിർബന്ധിതനാകുന്ന പക്ഷം അവൻ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കിൽ നിൻറെ നാഥൻ തീർച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

146 നഖമുള്ള എല്ലാ ജീവികളെയും ജൂതൻമാർക്ക്‌ നാം നിഷിദ്ധമാക്കുകയുണ്ടായി. പശു, ആട്‌ എന്നീ വർഗങ്ങളിൽ നിന്ന്‌ അവയുടെ കൊഴുപ്പുകളും നാം അവർക്ക്‌ നിഷിദ്ധമാക്കി. അവയുടെ മുതുകിൻമേലോ കുടലുകൾക്ക്‌ മീതെയോ ഉള്ളതോ, എല്ലുമായി ഒട്ടിച്ചേർന്നതോ ഒഴികെ. അവരുടെ ധിക്കാരത്തിന്ന്‌ നാമവർക്ക്‌ നൽകിയ പ്രതിഫലമത്രെ അത്‌. തീർച്ചയായും നാം സത്യം പറയുകയാകുന്നു.

147 ഇനി അവർ നിന്നെ നിഷേധിച്ചുകളയുകയാണെങ്കിൽ നീ പറഞ്ഞേക്കുക: നിങ്ങളുടെ രക്ഷിതാവ്‌ വിശാലമായ കാരുണ്യമുള്ളവനാകുന്നു. എന്നാൽ കുറ്റവാളികളായ ജനങ്ങളിൽ നിന്ന്‌ അവൻറെ ശിക്ഷ ഒഴിവാക്കപ്പെടുന്നതല്ല.

148 ആ ബഹുദൈവാരാധകർ പറഞ്ഞേക്കും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ ഞങ്ങളോ, ഞങ്ങളുടെ പിതാക്കളോ ( അല്ലാഹുവോട്‌ ) പങ്കുചേർക്കുമായിരുന്നില്ല; ഞങ്ങൾ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല എന്ന്‌. ഇതേ പ്രകാരം അവരുടെ മുൻഗാമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നത്‌ വരെ നിഷേധിച്ചു കളയുകയുണ്ടായി. പറയുക: നിങ്ങളുടെ പക്കൽ വല്ല വിവരവുമുണ്ടോ? എങ്കിൽ ഞങ്ങൾക്ക്‌ നിങ്ങൾ അതൊന്ന്‌ വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ്‌ നിങ്ങൾ പിന്തുടരുന്നത്‌. നിങ്ങൾ അനുമാനിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.

149 പറയുക: ആകയാൽ അല്ലാഹുവിനാണ്‌ മികച്ച തെളിവുള്ളത്‌. അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളെ മുഴുവൻ അവൻ നേർവഴിയിലാക്കുക തന്നെ ചെയ്യുമായിരുന്നു.

150 പറയുക: അല്ലാഹു ഇതൊക്കെ നിഷിദ്ധമാക്കിയിരിക്കുന്നു എന്ന്‌ സാക്ഷ്യപ്പെടുത്തുന്ന നിങ്ങളുടെ സാക്ഷികളെ കൊണ്ടുവരിക. ഇനി അവർ ( കള്ള ) സാക്ഷ്യം വഹിക്കുകയാണെങ്കിൽ നീ അവരോടൊപ്പം സാക്ഷിയാകരുത്‌. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളിയവരും, പരലോകത്തിൽ വിശ്വസിക്കാത്തവരും തങ്ങളുടെ രക്ഷിതാവിന്‌ സമൻമാരെവെക്കുന്നവരുമായ ആളുകളുടെ തന്നിഷ്ടങ്ങളെ നീ പിന്തുടർന്ന്‌ പോകരുത്‌.

151 ( നബിയേ, ) പറയുക: നിങ്ങൾ വരൂ! നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത്‌ നിങ്ങൾക്ക്‌ ഞാൻ പറഞ്ഞ്‌ കേൾപിക്കാം. അവനോട്‌ യാതൊന്നിനെയും നിങ്ങൾ പങ്കചേർക്കരുത്‌. മാതാപിതാക്കൾക്ക്‌ നൻമചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങൾ കൊന്നുകളയരുത്‌. നാമാണ്‌ നിങ്ങൾക്കും അവർക്കും ആഹാരം തരുന്നത്‌. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങൾ സമീപിച്ച്‌ പോകരുത്‌. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങൾ ഹനിച്ചുകളയരുത്‌. നിങ്ങൾ ചിന്തിച്ച്‌ മനസ്സിലാക്കുവാൻ വേണ്ടി. അവൻ ( അല്ലാഹു ) നിങ്ങൾക്ക്‌ നൽകിയ ഉപദേശമാണത്‌.

152 ഏറ്റവും ഉത്തമമായ മാർഗത്തിലൂടെയല്ലാതെ നിങ്ങൾ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്‌. അവന്ന്‌ കാര്യപ്രാപ്തി എത്തുന്നത്‌ വരെ ( നിങ്ങൾ അവൻറെ രക്ഷാകർത്തൃത്വം ഏറ്റെടുക്കണം. ) നിങ്ങൾ നീതിപൂർവ്വം അളവും തൂക്കവും തികച്ചുകൊടുക്കണം. ഒരാൾക്കും അയാളുടെ കഴിവിലുപരിയായി നാം ബാധ്യത ചുമത്തുന്നതല്ല. നിങ്ങൾ സംസാരിക്കുകയാണെങ്കിൽ നീതി പാലിക്കുക. അതൊരു ബന്ധുവിൻറെ കാര്യത്തിലായിരുന്നാൽ പോലും. അല്ലാഹുവോടുള്ള കരാർ നിങ്ങൾ നിറവേറ്റുക. നിങ്ങൾ ശ്രദ്ധിച്ച്‌ മനസ്സിലാക്കുവാൻ വേണ്ടി അല്ലാഹു നിങ്ങൾക്ക്‌ നൽകിയ ഉപദേശമാണത്‌.

153 ഇതത്രെ എൻറെ നേരായ പാത. നിങ്ങൾ അത്‌ പിന്തുടരുക. മറ്റുമാർഗങ്ങൾ പിൻപറ്റരുത്‌. അവയൊക്കെ അവൻറെ ( അല്ലാഹുവിൻറെ ) മാർഗത്തിൽ നിന്ന്‌ നിങ്ങളെ ചിതറിച്ച്‌ കളയും. നിങ്ങൾ സൂക്ഷ്മത പാലിക്കാൻ വേണ്ടി അവൻ നിങ്ങൾക്ക്‌ നൽകിയ ഉപദേശമാണത്‌.

154 നൻമചെയ്തവന്ന്‌ ( അനുഗ്രഹത്തിൻറെ ) പൂർത്തീകരണമായിക്കൊണ്ടും, എല്ലാകാര്യത്തിനുമുള്ള വിശദീകരണവും മാർഗദർശനവും കാരുണ്യവുമായിക്കൊണ്ടും പിന്നീട്‌ മൂസായ്ക്ക്‌ നാം വേദഗ്രന്ഥം നൽകി. തങ്ങളുടെ രക്ഷിതാവുമായുള്ള കൂടിക്കാഴ്ചയിൽ അവർ വിശ്വസിക്കുന്നവരാകാൻ വേണ്ടി.

155 ഇതാകട്ടെ നാം അവതരിപ്പിച്ച നൻമ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങൾ പിൻപറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങൾക്ക്‌ കാരുണ്യം ലഭിച്ചേക്കാം.

156 ഞങ്ങളുടെ മുമ്പുള്ള രണ്ട്‌ വിഭാഗങ്ങൾക്ക്‌ മാത്രമേ വേദഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ. അവർ വായിച്ചുപഠിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി ഞങ്ങൾ തീർത്തും ധാരണയില്ലാത്തവരായിരുന്നു എന്ന്‌ നിങ്ങൾ പറഞ്ഞേക്കാം എന്നതിനാലാണ്‌ ( ഇതവതരിപ്പിച്ചത്‌. )

157 അല്ലെങ്കിൽ, ഞങ്ങൾക്ക്‌ ഒരു വേദഗ്രന്ഥം അവതരിച്ച്‌ കിട്ടിയിരുന്നെങ്കിൽ ഞങ്ങൾ അവരെക്കാൾ സൻമാർഗികളാകുമായിരുന്നു എന്ന്‌ നിങ്ങൾ പറഞ്ഞേക്കാം എന്നതിനാൽ. അങ്ങനെ നിങ്ങൾക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന്‌ വ്യക്തമായ പ്രമാണവും മാർഗദർശനവും കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു. എന്നിട്ടും അല്ലാഹുവിൻറെ തെളിവുകളെ നിഷേധിച്ചുതള്ളുകയും, അവയിൽ നിന്ന്‌ തിരിഞ്ഞുകളയുകയും ചെയ്തവനെക്കാൾ കടുത്ത അക്രമി ആരുണ്ട്‌? നമ്മുടെ തെളിവുകളിൽ നിന്ന്‌ തിരിഞ്ഞ്‌ കളയുന്നവർക്ക്‌ അവർ തിരിഞ്ഞ്‌ കളഞ്ഞുകൊണ്ടിരുന്നതിന്‌ പ്രതിഫലമായി നാം കടുത്ത ശിക്ഷ നൽകുന്നതാണ്‌.

158 തങ്ങളുടെ അടുക്കൽ മലക്കുകൾ വരുന്നതോ, നിൻറെ രക്ഷിതാവ്‌ തന്നെ വരുന്നതോ, നിൻറെ രക്ഷിതാവിൻറെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്നതോ അല്ലാതെ മറ്റെന്താണവർ കാത്തിരിക്കുന്നത്‌? നിൻറെ രക്ഷിതാവിൻറെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്ന ദിവസം, മുമ്പ്‌ തന്നെ വിശ്വസിക്കുകയോ, വിശ്വാസത്തോട്‌ കൂടി വല്ല നൻമയും ചെയ്ത്‌ വെക്കുകയോ ചെയ്തിട്ടില്ലാത്ത യാതൊരാൾക്കും തൻറെ വിശ്വാസം പ്രയോജനപ്പെടുന്നതല്ല.പറയുക: നിങ്ങൾ കാത്തിരിക്കൂ; ഞങ്ങളും കാത്തിരിക്കുകയാണ്‌.

159 തങ്ങളുടെ മതത്തിൽ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക്‌ യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക്‌ തന്നെയാണ്‌ ( മടക്കപ്പെടുന്നത്‌. ) അവർ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവൻ അവരെ അറിയിച്ച്‌ കൊള്ളും.

160 വല്ലവനും ഒരു നൻമ കൊണ്ടു വന്നാൽ അവന്ന്‌ അതിൻറെ പതിൻമടങ്ങ്‌ ലഭിക്കുന്നതാണ്‌. വല്ലവനും ഒരു തിൻമകൊണ്ടു വന്നാൽ അതിന്‌ തുല്യമായ പ്രതിഫലം മാത്രമേ അവന്ന്‌ നൽകപ്പെടുകയുള്ളൂ. അവരോട്‌ യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല.

161 പറയുക: തീർച്ചയായും എൻറെ രക്ഷിതാവ്‌ എന്നെ നേരായ പാതയിലേക്ക്‌ നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്‌. നേർമാർഗത്തിൽ നിലകൊണ്ട ഇബ്രാഹീമിൻറെ ആദർശത്തിലേക്ക്‌. അദ്ദേഹം ബഹുദൈവവാദികളിൽ പെട്ടവനായിരുന്നില്ല.

162 പറയുക: തീർച്ചയായും എൻറെ പ്രാർത്ഥനയും, എൻറെ ആരാധനാകർമ്മങ്ങളും, എൻറെ ജീവിതവും, എൻറെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.

163 അവന്ന്‌ പങ്കുകാരേയില്ല. അപ്രകാരമാണ്‌ ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നത്‌. ( അവന്ന്‌ ) കീഴ്പെടുന്നവരിൽ ഞാൻ ഒന്നാമനാണ്‌.

164 പറയുക: രക്ഷിതാവായിട്ട്‌ അല്ലാഹുവല്ലാത്തവരെ ഞാൻ തേടുകയോ? അവനാകട്ടെ മുഴുവൻ വസ്തുക്കളുടെയും രക്ഷിതാവാണ്‌. ഏതൊരാളും ചെയ്ത്‌ വെക്കുന്നതിൻറെ ഉത്തരവാദിത്തം അയാൾക്ക്‌ മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ്‌ നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തിൽ നിങ്ങൾ അഭിപ്രായഭിന്നത പുലർത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോൾ അവൻ നിങ്ങളെ അറിയിക്കുന്നതാണ്‌.

165 അവനാണ്‌ നിങ്ങളെ ഭൂമിയിൽ പിന്തുടർച്ചാവകാശികളാക്കിയത്‌. നിങ്ങളിൽ ചിലരെ ചിലരെക്കാൾ പദവികളിൽ അവൻ ഉയർത്തുകയും ചെയ്തിരിക്കുന്നു. നിങ്ങൾക്കവൻ നൽകിയതിൽ നിങ്ങളെ പരീക്ഷിക്കാൻ വേണ്ടിയത്രെ അത്‌. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയും കൂടിയാകുന്നു.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/അൻആം&oldid=52292" എന്ന താളിൽനിന്ന് ശേഖരിച്ചത്