Jump to content

പരിശുദ്ധ ഖുർആൻ/ഹജ്ജ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 മനുഷ്യരേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, തീർച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു.

2 നിങ്ങൾ അത്‌ കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താൻ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും. ഗർഭവതിയായ ഏതൊരു സ്ത്രീയും തൻറെ ഗർഭത്തിലുള്ളത്‌ പ്രസവിച്ചു പോകുകയും ചെയ്യും. ജനങ്ങളെ മത്തുപിടിച്ചവരായി നിനക്ക്‌ കാണുകയും ചെയ്യാം. ( യഥാർത്ഥത്തിൽ ) അവർ ലഹരി ബാധിച്ചവരല്ല.പക്ഷെ, അല്ലാഹുവിൻറെ ശിക്ഷ കഠിനമാകുന്നു.

3 യാതൊരു അറിവുമില്ലാതെ അല്ലാഹുവിൻറെ കാര്യത്തിൽ തർക്കിക്കുകയും, ധിക്കാരിയായ ഏത്‌ പിശാചിനെയും പിൻപറ്റുകയും ചെയ്യുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌.

4 അവനെ ( പിശാചിനെ ) വല്ലവനും മിത്രമായി സ്വീകരിക്കുന്ന പക്ഷം അവൻ ( പിശാച്‌ ) തീർച്ചയായും അവനെ പിഴപ്പിക്കുകയും, ജ്വലിക്കുന്ന നരകശിക്ഷയിലേക്ക്‌ അവനെ നയിക്കുകയും ചെയ്യുന്നതാണ്‌ എന്ന്‌ അവനെ സംബന്ധിച്ച്‌ എഴുതപ്പെട്ടിരിക്കുന്നു.

5 മനുഷ്യരേ, ഉയിർത്തെഴുന്നേൽപിനെ പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ ( ആലോചിച്ച്‌ നോക്കുക: ) തീർച്ചയായും നാമാണ്‌ നിങ്ങളെ മണ്ണിൽ നിന്നും,പിന്നീട്‌ ബീജത്തിൽ നിന്നും, പിന്നീട്‌ ഭ്രൂണത്തിൽ നിന്നും, അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങൾക്ക്‌ കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി ( പറയുകയാകുന്നു. ) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌ കൊണ്ടു വരുന്നു. അനന്തരം നിങ്ങൾ നിങ്ങളുടെ പൂർണ്ണ ശക്തി പ്രാപിക്കുന്നതു വരെ ( നാം നിങ്ങളെ വളർത്തുന്നു. ) ( നേരത്തെ ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന്‌ ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഭൂമി വരണ്ടു നിർജീവമായി കിടക്കുന്നതായി നിനക്ക്‌ കാണാം. എന്നിട്ട്‌ അതിൻമേൽ നാം വെള്ളം ചൊരിഞ്ഞാൽ അത്‌ ഇളകുകയും വികസിക്കുകയും, കൗതുകമുള്ള എല്ലാതരം ചെടികളേയും അത്‌ മുളപ്പിക്കുകയും ചെയ്യുന്നു.

6 അതെന്തുകൊണ്ടെന്നാൽ അല്ലാഹു തന്നെയാണ്‌ സത്യമായുള്ളവൻ. അവൻ മരിച്ചവരെ ജീവിപ്പിക്കും. അവൻ ഏത്‌ കാര്യത്തിനും കഴിവുള്ളവനാണ്‌.

7 അന്ത്യസമയം വരിക തന്നെചെയ്യും. അതിൽ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിർത്തെഴുന്നേൽപിക്കുകയും ചെയ്യും.

8 യാതൊരു അറിവോ, മാർഗദർശനമോ, വെളിച്ചം നൽകുന്ന ഗ്രന്ഥമോ ഇല്ലാതെ, അല്ലാഹുവിൻറെ കാര്യത്തിൽ തർക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌.

9 അഹങ്കാരത്തോടെ തിരിഞ്ഞു കൊണ്ട്‌ അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ ( ജനങ്ങളെ ) തെറ്റിച്ചുകളയാൻ വേണ്ടിയത്രെ ( അവൻ അങ്ങനെ ചെയ്യുന്നത്‌. ) ഇഹലോകത്ത്‌ അവന്ന്‌ നിന്ദ്യതയാണുള്ളത്‌. ഉയിർത്തെഴുന്നേൽപിൻറെ നാളിൽ ചുട്ടെരിക്കുന്ന ശിക്ഷ അവന്ന്‌ നാം ആസ്വദിപ്പിക്കുകയും ചെയ്യും.

10 ( അന്നവനോട്‌ ഇപ്രകാരം പറയപ്പെടും: ) നിൻറെ കൈകൾ മുൻകൂട്ടി ചെയ്തത്‌ നിമിത്തവും, അല്ലാഹു ( തൻറെ ) ദാസൻമാരോട്‌ ഒട്ടും അനീതി ചെയ്യുന്നവനല്ല എന്നതിനാലുമത്രെ അത്‌.

11 ഒരു വക്കിലിരുന്നുകൊണ്ട്‌ അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്‌. അവന്ന്‌ വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതിൽ അവൻ സമാധാനമടഞ്ഞു കൊള്ളും. അവന്ന്‌ വല്ല പരീക്ഷണവും നേരിട്ടാലോ, അവൻ അവൻറെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്‌. ഇഹലോകവും പരലോകവും അവന്ന്‌ നഷ്ടപ്പെട്ടു. അതു തന്നെയാണ്‌ വ്യക്തമായ നഷ്ടം.

12 അല്ലാഹുവിന്‌ പുറമെ അവന്ന്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത വസ്തുക്കളെ അവൻ വിളിച്ചു പ്രാർത്ഥിക്കുന്നു. അതു തന്നെയാണ്‌ വിദൂരമായ വഴികേട്‌.

13 ഏതൊരുത്തനെക്കൊണ്ടുള്ള ഉപദ്രവം അവനെക്കൊണ്ടുള്ള ഉപകാരത്തേക്കാൾ അടുത്ത്‌ നിൽക്കുന്നുവോ അങ്ങനെയുള്ളവനെത്തന്നെ അവൻ വിളിച്ച്‌ പ്രാർത്ഥിക്കുന്നു. അവൻ എത്ര ചീത്ത സഹായി! എത്ര ചീത്ത കൂട്ടുകാരൻ!

14 വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗത്തോപ്പുകളിൽ അല്ലാഹു പ്രവേശിപ്പിക്കുക തന്നെ ചെയ്യുന്നതാണ്‌. തീർച്ചയായും അല്ലാഹു താൻ ഉദ്ദേശിക്കുന്നത്‌ പ്രവർത്തിക്കുന്നു.

15 ഇഹലോകത്തും പരലോകത്തും അദ്ദേഹത്തെ ( നബിയെ ) അല്ലാഹു സഹായിക്കുന്നതേ അല്ല എന്ന്‌ വല്ലവനും വിചാരിക്കുന്നുവെങ്കിൽ അവൻ ആകാശത്തേക്ക്‌ ഒരു കയർ നീട്ടിക്കെട്ടിയിട്ട്‌ ( നബിക്ക്‌ കിട്ടുന്ന സഹായം ) വിച്ഛേദിച്ചുകൊള്ളട്ടെ. എന്നിട്ട്‌ തന്നെ രോഷം കൊള്ളിക്കുന്ന കാര്യത്തെ ( നബിയുടെ വിജയത്തെ ) തൻറെ തന്ത്രം കൊണ്ട്‌ ഇല്ലാതാക്കാൻ കഴിയുമോ എന്ന്‌ അവൻ നോക്കട്ടെ.

16 അപ്രകാരം വ്യക്തമായ ദൃഷ്ടാന്തങ്ങളായിക്കൊണ്ട്‌ നാം ഇത്‌ ( ഗ്രന്ഥം ) അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലേക്ക്‌ നയിക്കുന്നതുമാണ്‌.

17 സത്യവിശ്വാസികൾ, യഹൂദൻമാർ, സാബീമതക്കാർ, ക്രിസ്ത്യാനികൾ, മജൂസികൾ, ബഹുദൈവവിശ്വാസികൾ എന്നിവർക്കിടയിൽ ഉയിർത്തെഴുന്നേൽപിൻറെ നാളിൽ തീർച്ചയായും അല്ലാഹു തീർപ്പുകൽപിക്കുന്നതാണ്‌. തീർച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.

18 ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പർവ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരിൽ കുറെപേരും അല്ലാഹുവിന്‌ പ്രണാമം അർപ്പിച്ചു കൊണ്ടിരിക്കുന്നു എന്ന്‌ നീ കണ്ടില്ലേ? ( വേറെ ) കുറെ പേരുടെ കാര്യത്തിൽ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാൻ ആരും തന്നെയില്ല. തീർച്ചയായും അല്ലാഹു താൻ ഉദ്ദേശിക്കുന്നത്‌ ചെയ്യുന്നു.

19 ഈ രണ്ടു വിഭാഗം രണ്ട്‌ എതിർകക്ഷികളാകുന്നു. തങ്ങളുടെ രക്ഷിതാവിൻറെ കാര്യത്തിൽ അവർ എതിർവാദക്കാരായി. എന്നാൽ അവിശ്വസിച്ചവരാരോ അവർക്ക്‌ അഗ്നികൊണ്ടുള്ള വസ്ത്രങ്ങൾ മുറിച്ചുകൊടുക്കപ്പെടുന്നതാണ്‌. അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്‌.

20 അതു നിമിത്തം അവരുടെ വയറുകളിലുള്ളതും ചർമ്മങ്ങളും ഉരുക്കപ്പെടും.

21 അവർക്ക്‌ ഇരുമ്പിൻറെ ദണ്ഡുകളുമുണ്ടായിരിക്കും.

22 അതിൽ നിന്ന്‌ കഠിനക്ലേശം നിമിത്തം പുറത്ത്‌ പോകാൻ അവർ ഉദ്ദേശിക്കുമ്പോഴെല്ലാം അതിലേക്ക്‌ തന്നെ അവർ മടക്കപ്പെടുന്നതാണ്‌. എരിച്ച്‌ കളയുന്ന ശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക. ( എന്ന്‌ അവരോട്‌ പറയപ്പെടുകയും ചെയ്യും. )

23 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ, താഴ്ഭാഗത്തുകൂടി നദികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ തീർച്ചയായും അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്‌. അവർക്കവിടെ സ്വർണവളകളും മുത്തും അണിയിക്കപ്പെടുന്നതാണ്‌. പട്ടായിരിക്കും അവർക്ക്‌ അവിടെയുള്ള വസ്ത്രം.

24 വാക്കുകളിൽ വെച്ച്‌ ഉത്തമമായതിലേക്കാണ്‌ അവർക്ക്‌ മാർഗദർശനം നൽകപ്പെട്ടത്‌. സ്തുത്യർഹനായ അല്ലാഹുവിൻറെ പാതയിലേക്കാണ്‌ അവർക്ക്‌ മാർഗദർശനം നൽകപ്പെട്ടത്‌.

25 തീർച്ചയായും സത്യത്തെ നിഷേധിക്കുകയും, അല്ലാഹുവിൻറെ മാർഗത്തിൽ നിന്നും, മനുഷ്യർക്ക്‌ -സ്ഥിരവാസിക്കും പരദേശിക്കും - സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുൽ ഹറാമിൽ നിന്നും ജനങ്ങളെ തടഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവർ ( കരുതിയിരിക്കട്ടെ ). അവിടെ വെച്ച്‌ വല്ലവനും അന്യായമായി ധർമ്മവിരുദ്ധമായ വല്ലതും ചെയ്യാൻ ഉദ്ദേശിക്കുന്ന പക്ഷം അവന്ന്‌ വേദനയേറിയ ശിക്ഷയിൽ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്‌.

26 ഇബ്രാഹീമിന്‌ ആ ഭവനത്തിൻറെ ( കഅ്ബയുടെ ) സ്ഥാനം നാം സൗകര്യപ്പെടുത്തികൊടുത്ത സന്ദർഭം ( ശ്രദ്ധേയമത്രെ. ) യാതൊരു വസ്തുവെയും എന്നോട്‌ നീ പങ്കുചേർക്കരുത്‌ എന്നും, ത്വവാഫ്‌ ( പ്രദിക്ഷിണം ) ചെയ്യുന്നവർക്ക്‌ വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാർത്ഥിക്കുന്നവർക്ക്‌ വേണ്ടിയും എൻറെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും ( നാം അദ്ദേഹത്തോട്‌ നിർദേശിച്ചു. )

27 ( നാം അദ്ദേഹത്തോട്‌ പറഞ്ഞു: ) ജനങ്ങൾക്കിടയിൽ നീ തീർത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത്‌ കയറിയും അവർ നിൻറെയടുത്ത്‌ വന്നു കൊള്ളും.

28 അവർക്ക്‌ പ്രയോജനകരമായ രംഗങ്ങളിൽ അവർ സന്നിഹിതരാകുവാനും, അല്ലാഹു അവർക്ക്‌ നൽകിയിട്ടുള്ള നാൽകാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളിൽ അവൻറെ നാമം ഉച്ചരിച്ചു കൊണ്ട്‌ ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയിൽ നിന്ന്‌ നിങ്ങൾ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്‌ ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക.

29 പിന്നെ അവർ തങ്ങളുടെ അഴുക്ക്‌ നീക്കികളയുകയും, തങ്ങളുടെ നേർച്ചകൾ നിറവേറ്റുകയും, പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ.

30 അത്‌ ( നിങ്ങൾ ഗ്രഹിക്കുക. ) അല്ലാഹു പവിത്രത നൽകിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത്‌ തൻറെ രക്ഷിതാവിൻറെ അടുക്കൽ അവന്ന്‌ ഗുണകരമായിരിക്കും. നിങ്ങൾക്ക്‌ ഓതികേൾപിക്കപ്പെടുന്നതൊഴിച്ചുള്ള കന്നുകാലികൾ നിങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. ആകയാൽ വിഗ്രഹങ്ങളാകുന്ന മാലിന്യത്തിൽ നിന്നും നിങ്ങൾ അകന്ന്‌ നിൽക്കുക. വ്യാജവാക്കിൽ നിന്നും നിങ്ങൾ അകന്ന്‌ നിൽക്കുക.

31 വക്രതയില്ലാതെ ( ഋജുമാനസരായി ) അല്ലാഹുവിലേക്ക്‌ തിരിഞ്ഞവരും, അവനോട്‌ യാതൊന്നും പങ്കുചേർക്കാത്തവരുമായിരിക്കണം ( നിങ്ങൾ. ) അല്ലാഹുവോട്‌ വല്ലവനും പങ്കുചേർക്കുന്ന പക്ഷം അവൻ ആകാശത്തു നിന്ന്‌ വീണത്‌ പോലെയാകുന്നു. അങ്ങനെ പക്ഷികൾ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കിൽ കാറ്റ്‌ അവനെ വിദൂരസ്ഥലത്തേക്ക്‌ കൊണ്ടു പോയി തള്ളുന്നു.

32 അത്‌ ( നിങ്ങൾ ഗ്രഹിക്കുക. ) വല്ലവനും അല്ലാഹുവിൻറെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത്‌ ഹൃദയങ്ങളിലെ ധർമ്മനിഷ്ഠയിൽ നിന്നുണ്ടാകുന്നതത്രെ.

33 അവയിൽ നിന്ന്‌ ഒരു നിശ്ചിത അവധിവരെ നിങ്ങൾക്ക്‌ പ്രയോജനങ്ങളെടുക്കാം. പിന്നെ അവയെ ബലികഴിക്കേണ്ട സ്ഥലം ആ പുരാതന ഭവന ( കഅ്ബഃ ) ത്തിങ്കലാകുന്നു.

34 ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകർമ്മം നിശ്ചയിച്ചിട്ടുണ്ട്‌. അവർക്ക്‌ ഉപജീവനത്തിനായി അല്ലാഹു അവർക്ക്‌ നൽകിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവൻറെ നാമം ഉച്ചരിച്ചു കൊണ്ട്‌ അവർ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്‌. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാൽ അവന്നു മാത്രം നിങ്ങൾ കീഴ്പെടുക. ( നബിയേ, ) വിനീതർക്ക്‌ നീ സന്തോഷവാർത്ത അറിയിക്കുക.

35 അല്ലാഹുവെപ്പറ്റി പരാമർശിക്കപ്പെട്ടാൽ ഹൃദയങ്ങൾ കിടിലം കൊള്ളുന്നവരും, തങ്ങളെ ബാധിച്ച ആപത്തിനെ ക്ഷമാപൂർവ്വം തരണം ചെയ്യുന്നവരും, നമസ്കാരം മുറപോലെ നിർവഹിക്കുന്നവരും, നാം നൽകിയിട്ടുള്ളതിൽ നിന്ന്‌ ചെലവ്‌ ചെയ്യുന്നവരുമത്രെ അവർ.

36 ബലി ഒട്ടകങ്ങളെ നാം നിങ്ങൾക്ക്‌ അല്ലാഹുവിൻറെ ചിഹ്നങ്ങളിൽ പെട്ടതാക്കിയിരിക്കുന്നു. നിങ്ങൾക്കവയിൽ ഗുണമുണ്ട്‌. അതിനാൽ അവയെ വരിവരിയായി നിർത്തിക്കൊണ്ട്‌ അവയുടെ മേൽ നിങ്ങൾ അല്ലാഹുവിൻറെ നാമം ഉച്ചരി( ച്ചുകൊണ്ട്‌ ബലിയർപ്പി )ക്കുക. അങ്ങനെ അവ പാർശ്വങ്ങളിൽ വീണ്‌ കഴിഞ്ഞാൽ അവയിൽ നിന്നെടുത്ത്‌ നിങ്ങൾ ഭക്ഷിക്കുകയും, ( യാചിക്കാതെ ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങൾ ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക. നിങ്ങൾ നന്ദികാണിക്കുവാൻ വേണ്ടി അവയെ നിങ്ങൾക്ക്‌ അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു.

37 അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കൽ എത്തുന്നതേയില്ല. എന്നാൽ നിങ്ങളുടെ ധർമ്മനിഷ്ഠയാണ്‌ അവങ്കൽ എത്തുന്നത്‌. അല്ലാഹു നിങ്ങൾക്ക്‌ മാർഗദർശനം നൽകിയതിൻറെ പേരിൽ നിങ്ങൾ അവൻറെ മഹത്വം പ്രകീർത്തിക്കേണ്ടതിനായി അപ്രകാരം അവൻ അവയെ നിങ്ങൾക്ക്‌ കീഴ്പെടുത്തി തന്നിരിക്കുന്നു. ( നബിയേ, ) സദ്‌വൃത്തർക്ക്‌ നീ സന്തോഷവാർത്ത അറിയിക്കുക.

38 തീർച്ചയായും സത്യവിശ്വാസികൾക്ക്‌ വേണ്ടി അല്ലാഹു പ്രതിരോധം ഏർപെടുത്തുന്നതാണ്‌. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീർച്ച

39 യുദ്ധത്തിന്ന്‌ ഇരയാകുന്നവർക്ക്‌, അവർ മർദ്ദിതരായതിനാൽ ( തിരിച്ചടിക്കാൻ ) അനുവാദം നൽകപ്പെട്ടിരിക്കുന്നു. തീർച്ചയായും അല്ലാഹു അവരെ സഹായിക്കാൻ കഴിവുള്ളവൻ തന്നെയാകുന്നു.

40 യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ്‌ അല്ലാഹുവാണ്‌ എന്ന്‌ പറയുന്നതിൻറെ പേരിൽ മാത്രം തങ്ങളുടെ ഭവനങ്ങളിൽ നിന്ന്‌ പുറത്താക്കപ്പെട്ടവരത്രെ അവർ. മനുഷ്യരിൽ ചിലരെ മറ്റുചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കിൽ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിൻറെ നാമം ധാരാളമായി പ്രകീർത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകർക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീർച്ചയായും അല്ലാഹു സഹായിക്കും. തീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.

41 ഭൂമിയിൽ നാം സ്വാധീനം നൽകിയാൽ നമസ്കാരം മുറപോലെ നിർവഹിക്കുകയും, സകാത്ത്‌ നൽകുകയും, സദാചാരം സ്വീകരിക്കാൻ കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന്‌ വിലക്കുകയും ചെയ്യുന്നവരത്രെ അവർ ( ആ മർദ്ദിതർ ). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു.

42 ( നബിയേ, ) നിന്നെ ഇവർ നിഷേധിച്ചു തള്ളുന്ന പക്ഷം ഇവർക്ക്‌ മുമ്പ്‌ നൂഹിൻറെ ജനതയും, ആദും, ഥമൂദും ( പ്രവാചകൻമാരെ ) നിഷേധിച്ച്‌ തള്ളിയിട്ടുണ്ട്‌.

43 ഇബ്രാഹീമിൻറെ ജനതയും, ലൂത്വിൻറെ ജനതയും.

44 മദ്‌യൻ നിവാസികളും ( നിഷേധിച്ചിട്ടുണ്ട്‌. ) മൂസായും അവിശ്വസിക്കപ്പെട്ടിട്ടുണ്ട്‌. എന്നാൽ അവിശ്വാസികൾക്ക്‌ ഞാൻ സമയം നീട്ടികൊടുക്കുകയും, പിന്നെ ഞാനവരെ പിടികൂടുകയുമാണ്‌ ചെയ്തത്‌. അപ്പോൾ എൻറെ പ്രതിഷേധം എങ്ങനെയുണ്ടായിരുന്നു.?

45 എത്രയെത്ര നാടുകൾ അവിടത്തുകാർ അക്രമത്തിൽ ഏർപെട്ടിരിക്കെ നാം നശിപ്പിച്ചു കളഞ്ഞു! അങ്ങനെ അവയതാ മേൽപുരകളോടെ വീണടിഞ്ഞ്‌ കിടക്കുന്നു. ഉപയോഗശൂന്യമായിത്തീർന്ന എത്രയെത്ര കിണറുകൾ! പടുത്തുയർത്തിയ എത്രയെത്ര കോട്ടകൾ!

46 ഇവർ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കിൽ ചിന്തിച്ച്‌ മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവർക്കുണ്ടാകുമായിരുന്നു. തീർച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്‌. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ്‌ അന്ധത ബാധിക്കുന്നത്‌.

47 ( നബിയേ, ) നിന്നോട്‌ അവർ ശിക്ഷയുടെ കാര്യത്തിൽ ധൃതികൂട്ടികൊണ്ടിരിക്കുന്നു. അല്ലാഹു തൻറെ വാഗ്ദാനം ലംഘിക്കുകയേ ഇല്ല. തീർച്ചയായും നിൻറെ രക്ഷിതാവിൻറെ അടുക്കൽ ഒരു ദിവസമെന്നാൽ നിങ്ങൾ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു.)

48 എത്രയോ നാടുകൾക്ക്‌ അവിടത്തുകാർ അക്രമികളായിരിക്കെതന്നെ ഞാൻ സമയം നീട്ടികൊടുക്കുകയും, പിന്നീട്‌ ഞാൻ അവരെ പിടികൂടുകയും ചെയ്തിട്ടുണ്ട്‌. എൻറെ അടുത്തേക്കാകുന്നു ( എല്ലാറ്റിൻറെയും ) മടക്കം.

49 ( നബിയേ, ) പറയുക: മനുഷ്യരേ, ഞാൻ നിങ്ങൾക്ക്‌ വ്യക്തമായ ഒരു താക്കീതുകാരൻ മാത്രമാകുന്നു.

50 എന്നാൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക്‌ പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കുന്നതാണ്‌.

51 ( നമ്മെ ) തോൽപിച്ച്‌ കളയാമെന്ന ഭാവത്തിൽ നമ്മുടെ ദൃഷ്ടാന്തങ്ങളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നവരാരോ അവരത്രെ നരകാവകാശികൾ.

52 നിനക്ക്‌ മുമ്പ്‌ ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്‌, അദ്ദേഹം ഓതികേൾപിക്കുന്ന സമയത്ത്‌ ആ ഓതികേൾപിക്കുന്ന കാര്യത്തിൽ പിശാച്‌ ( തൻറെ ദുർബോധനം ) ചെലുത്തിവിടാതിരുന്നിട്ടില്ല. എന്നാൽ പിശാച്‌ ചെലുത്തിവിടുന്നത്‌ അല്ലാഹു മായ്ച്ചുകളയുകയും, എന്നിട്ട്‌ അല്ലാഹു തൻറെ വചനങ്ങളെ പ്രബലമാക്കുകയും ചെയ്യും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

53 ആ പിശാച്‌ കുത്തിച്ചെലുത്തുന്ന കാര്യത്തെ ഹൃദയങ്ങളിൽ രോഗമുള്ളവർക്കും, ഹൃദയങ്ങൾ കടുത്തുപോയവർക്കും ഒരു പരീക്ഷണമാക്കിത്തീർക്കുവാൻ വേണ്ടിയത്രെ അത്‌. തീർച്ചയായും അക്രമികൾ ( സത്യത്തിൽ നിന്ന്‌ ) വിദൂരമായ കക്ഷിമാത്സര്യത്തിലാകുന്നു.

54 വിജ്ഞാനം നൽകപ്പെട്ടിട്ടുള്ളവർക്കാകട്ടെ ഇത്‌ നിൻറെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യം തന്നെയാണെന്ന്‌ മനസ്സിലാക്കിയിട്ട്‌ ഇതിൽ വിശ്വസിക്കുവാനും, അങ്ങനെ അവരുടെ ഹൃദയങ്ങൾ ഇതിന്ന്‌ കീഴ്പെടുവാനുമാണ്‌ ( അത്‌ ഇടയാക്കുക. ) തീർച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേരായ പാതയിലേക്ക്‌ നയിക്കുന്നവനാകുന്നു.

55 തങ്ങൾക്ക്‌ അന്ത്യസമയം പെട്ടെന്ന്‌ വന്നെത്തുകയോ, വിനാശകരമായ ഒരു ദിവസത്തെ ശിക്ഷ തങ്ങൾക്ക്‌ വന്നെത്തുകയോ ചെയ്യുന്നത്‌ വരെ ആ അവിശ്വാസികൾ ഇതിനെ ( സത്യത്തെ ) പ്പറ്റി സംശയത്തിലായിക്കൊണേ്ടയിരിക്കും.

56 അന്നേദിവസം ആധിപത്യം അല്ലാഹുവിനായിരിക്കും. അവൻ അവർക്കിടയിൽ വിധികൽപിക്കും. എന്നാൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർ സുഖാനുഭവത്തിൻറെ സ്വർഗത്തോപ്പുകളിലായിരിക്കും.

57 അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളുകയും ചെയ്തവരാരോ അവർക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌.

58 അല്ലാഹുവിൻറെ മാർഗത്തിൽ സ്വദേശം വെടിഞ്ഞതിന്‌ ശേഷം കൊല്ലപ്പെടുകയോ, മരിക്കുകയോ ചെയ്തവർക്ക്‌ തീർച്ചയായും അല്ലാഹു ഉത്തമമായ ഉപജീവനം നൽകുന്നതാണ്‌. തീർച്ചയായും അല്ലാഹു തന്നെയാണ്‌ ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമൻ.

59 അവർക്ക്‌ തൃപ്തികരമായ ഒരു സ്ഥലത്ത്‌ തീർച്ചയായും അല്ലാഹു അവരെ പ്രവേശിപ്പിക്കുന്നതാണ്‌. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും ക്ഷമാശീലനുമാകുന്നു.

60 അത്‌ ( അങ്ങനെതന്നെയാകുന്നു. ) താൻ ശിക്ഷിക്കപ്പെട്ടതിന്‌ തുല്യമായ ശിക്ഷയിലൂടെ വല്ലവനും പ്രതികാരം ചെയ്യുകയും, പിന്നീട്‌ അവൻ അതിക്രമത്തിന്‌ ഇരയാവുകയും ചെയ്യുന്ന പക്ഷം തീർച്ചയായും അല്ലാഹു അവനെ സഹായിക്കുന്നതാണ്‌. തീർച്ചയായും അല്ലാഹു ഏറെ മാപ്പ്‌ ചെയ്യുന്നവനും പൊറുക്കുന്നവനുമത്രെ.

61 അതെന്തുകൊണ്ടെന്നാൽ അല്ലാഹുവാണ്‌ രാവിനെ പകലിൽ പ്രവേശിപ്പിക്കുകയും, പകലിനെ രാവിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നത്‌. അല്ലാഹുവാണ്‌ എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നവൻ.

62 അതെന്തുകൊണ്ടെന്നാൽ അല്ലാഹുവാണ്‌ സത്യമായിട്ടുള്ളവൻ. അവനു പുറമെ അവർ ഏതൊന്നിനെ വിളിച്ച്‌ പ്രാർത്ഥിക്കുന്നുവോ അതുതന്നെയാണ്‌ നിരർത്ഥകമായിട്ടുള്ളത്‌. അല്ലാഹു തന്നെയാണ്‌ ഉന്നതനും മഹാനുമായിട്ടുള്ളവൻ.

63 അല്ലാഹു ആകാശത്ത്‌ നിന്ന്‌ വെള്ളമിറക്കിയിട്ട്‌ അതുകൊണ്ടാണ്‌ ഭൂമി പച്ചപിടിച്ചതായിത്തീരുന്നത്‌ എന്ന്‌ നീ മനസ്സിലാക്കിയിട്ടില്ലേ? തീർച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.

64 അവന്റേതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തീർച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യർഹനുമാകുന്നു.

65 അല്ലാഹു നിങ്ങൾക്ക്‌ ഭൂമിയിലുള്ളതെല്ലാം കീഴ്പെടുത്തി തന്നിരിക്കുന്നു എന്ന്‌ നീ മനസ്സിലാക്കിയില്ലേ? അവൻറെ കൽപന പ്രകാരം കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിനെയും ( അവൻ കീഴ്പെടുത്തി തന്നിരിക്കുന്നു. ) അവൻറെ അനുമതി കൂടാതെ ഭൂമിയിൽ വീണുപോകാത്ത വിധം ഉപരിലോകത്തെ അവൻ പിടിച്ചു നിർത്തുകയും ചെയ്യുന്നു. തീർച്ചയായും അല്ലാഹു മനുഷ്യരോട്‌ ഏറെ ദയയുള്ളവനും കരുണയുള്ളവനുമാകുന്നു.

66 അവനാണ്‌ നിങ്ങളെ ജീവിപ്പിച്ചവൻ. പിന്നെ അവൻ നിങ്ങളെ മരിപ്പിക്കും. പിന്നെയും അവൻ നിങ്ങളെ ജീവിപ്പിക്കുംഠീർച്ചയായും മനുഷ്യൻ ഏറെ നന്ദികെട്ടവൻ തന്നെയാകുന്നു.

67 ഓരോ സമുദായത്തിനും നാം ഓരോ ആരാധനാക്രമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്‌. അവർ അതാണ്‌ അനുഷ്ഠിച്ചു വരുന്നത്‌. അതിനാൽ ഈ കാര്യത്തിൽ അവർ നിന്നോട്‌ വഴക്കിടാതിരിക്കട്ടെ. നീ നിൻറെ രക്ഷിതാവിങ്കലേക്ക്‌ ക്ഷണിച്ചു കൊള്ളുക. തീർച്ചയായും നീ വക്രതയില്ലാത്ത സൻമാർഗത്തിലാകുന്നു.

68 അവർ നിന്നോട്‌ തർക്കിക്കുകയാണെങ്കിൽ നീ പറഞ്ഞേക്കുക: നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.

69 നിങ്ങൾ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തിൽ ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അല്ലാഹു നിങ്ങൾക്കിടയിൽ വിധികൽപിച്ചു കൊള്ളും.

70 ആകാശത്തിലും ഭൂമിയിലുമുള്ളത്‌ അല്ലാഹു അറിയുന്നുണ്ടെന്ന്‌ നിനക്ക്‌ അറിഞ്ഞ്കൂടേ? തീർച്ചയായും അത്‌ ഒരു രേഖയിലുണ്ട്‌. തീർച്ചയായും അത്‌ അല്ലാഹുവിന്‌ എളുപ്പമുള്ള കാര്യമത്രെ.

71 അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതും, അവർക്ക്‌ തന്നെ യാതൊരു അറിവുമില്ലാത്തതുമായ വസ്തുക്കളെ അവന്ന്‌ പുറമെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു. അക്രമകാരികൾക്ക്‌ യാതൊരു സഹായിയും ഇല്ല.

72 വ്യക്തമായ നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്കു വായിച്ചുകേൾപിക്കപ്പെടുകയാണെങ്കിൽ അവിശ്വാസികളുടെ മുഖങ്ങളിൽ അനിഷ്ടം ( പ്രകടമാകുന്നത്‌ ) നിനക്ക്‌ മനസ്സിലാക്കാം. നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക്‌ വായിച്ചുകേൾപിക്കുന്നവരെ കയ്യേറ്റം ചെയ്യാൻ തന്നെ അവർ മുതിർന്നേക്കാം. പറയുക: അതിനെക്കാളെല്ലാം ദോഷകരമായ കാര്യം ഞാൻ നിങ്ങൾക്ക്‌ അറിയിച്ച്‌ തരട്ടെയോ? നരകാഗ്നിയത്രെ അത്‌. അവിശ്വാസികൾക്ക്‌ അതാണ്‌ അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്‌. ചെന്നുചേരാനുള്ള ആ സ്ഥലം എത്ര ചീത്ത!

73 മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങൾ അത്‌ ശ്രദ്ധിച്ചു കേൾക്കുക. തീർച്ചയായും അല്ലാഹുവിന്‌ പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവർ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേർന്നാൽ പോലും. ഈച്ച അവരുടെ പക്കൽ നിന്ന്‌ വല്ലതും തട്ടിയെടുത്താൽ അതിൻറെ പക്കൽ നിന്ന്‌ അത്‌ മോചിപ്പിച്ചെടുക്കാനും അവർക്ക്‌ കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബലർ തന്നെ.

74 അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവർ കണക്കാക്കിയിട്ടില്ല. തീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.

75 മലക്കുകളിൽ നിന്നും മനുഷ്യരിൽ നിന്നും അല്ലാഹു ദൂതൻമാരെ തെരഞ്ഞെടുക്കുന്നു. തീർച്ചയായും അല്ലാഹു കേൾക്കുന്നവനും കാണുന്നവനുമത്രെ.

76 അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവൻ അറിയുന്നു. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങൾ മടക്കപ്പെടുന്നത്‌.

77 സത്യവിശ്വാസികളേ, നിങ്ങൾ കുമ്പിടുകയും, സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നൻമ പ്രവർത്തിക്കുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം.

78 അല്ലാഹുവിൻറെ മാർഗത്തിൽ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങൾ സമരം ചെയ്യുക. അവൻ നിങ്ങളെ ഉൽകൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തിൽ യാതൊരു പ്രയാസവും നിങ്ങളുടെ മേൽ അവൻ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹീമിൻറെ മാർഗമത്രെ അത്‌. മുമ്പും ( മുൻവേദങ്ങളിലും ) ഇതിലും ( ഈ വേദത്തിലും ) അവൻ ( അല്ലാഹു ) നിങ്ങൾക്ക്‌ മുസ്ലിംകളെന്ന്‌ പേര്‌ നൽകിയിരിക്കുന്നു. റസൂൽ നിങ്ങൾക്ക്‌ സാക്ഷിയായിരിക്കുവാനും, നിങ്ങൾ ജനങ്ങൾക്ക്‌ സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാൽ നിങ്ങൾ നമസ്കാരം മുറപോലെ നിർവഹിക്കുകയും, സകാത്ത്‌ നൽകുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും ചെയ്യുക. അവനാണ്‌ നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായി!

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ഹജ്ജ്&oldid=52338" എന്ന താളിൽനിന്ന് ശേഖരിച്ചത്