പരിശുദ്ധ ഖുർആൻ/നജ്മ്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 |
1 നക്ഷത്രം അസ്തമിക്കുമ്പോൾ, അതിനെ തന്നെയാണ, സത്യം.
2 നിങ്ങളുടെ കൂട്ടുകാരൻ വഴിതെറ്റിയിട്ടില്ല. ദുർമാർഗിയായിട്ടുമില്ല.
3 അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.
4 അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നൽകപ്പെടുന്ന ഒരു ഉൽബോധനം മാത്രമാകുന്നു.
5 ശക്തിമത്തായ കഴിവുള്ളവനാണ് ( ജിബ്‌രീൽ എന്ന മലക്കാണ് ) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്.
6 കരുത്തുള്ള ഒരു വ്യക്തി. അങ്ങനെ അദ്ദേഹം ( സാക്ഷാൽ രൂപത്തിൽ ) നിലകൊണ്ടു.
7 അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു.
8 പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതൽ അടുത്തു.
9 അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാൾ അടുത്തോ ആയിരുന്നു.
10 അപ്പോൾ അവൻ ( അല്ലാഹു ) തൻറെ ദാസന് അവൻ ബോധനം നൽകിയതെല്ലാം ബോധനം നൽകി.
11 അദ്ദേഹം കണ്ട ആ കാഴ്ച ( അദ്ദേഹത്തിൻറെ ) ഹൃദയം നിഷേധിച്ചിട്ടില്ല.
12 എന്നിരിക്കെ അദ്ദേഹം ( നേരിൽ ) കാണുന്നതിൻറെ പേരിൽ നിങ്ങൾ അദ്ദേഹത്തോട് തർക്കിക്കുകയാണോ?
13 മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്.
14 അറ്റത്തെ ഇലന്തമരത്തിനടുത്ത് വെച്ച്
15 അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വർഗം.
16 ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോൾ.
17 ( നബിയുടെ ) ദൃഷ്ടി തെറ്റിപോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല.
18 തീർച്ചയായും തൻറെ രക്ഷിതാവിൻറെ അതിമഹത്തായ ദൃഷ്ടാന്തങ്ങളിൽ ചിലത് അദ്ദേഹം കാണുകയുണ്ടായി.
19 ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
20 വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും
21 ( സന്താനമായി ) നിങ്ങൾക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?
22 എങ്കിൽ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കൽ തന്നെ.
23 നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ ( ദേവതകൾ. ) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകൾ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവർ പിന്തുടരുന്നത്. അവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് സൻമാർഗം വന്നിട്ടുണ്ട് താനും.
24 അതല്ല, മനുഷ്യന് അവൻ മോഹിച്ചതാണോ ലഭിക്കുന്നത്?
25 എന്നാൽ അല്ലാഹുവിന്നാകുന്നു ഇഹലോകവും പരലോകവും.
26 ആകാശങ്ങളിൽ എത്ര മലക്കുകളാണുള്ളത്! അവരുടെ ശുപാർശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവൻ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവർക്ക് ( ശുപാർശയ്ക്ക് ) അനുവാദം നൽകിയതിൻറെ ശേഷമല്ലാതെ.
27 തീർച്ചയായും പരലോകത്തിൽ വിശ്വസിക്കാത്തവർ മലക്കുകൾക്ക് പേരിടുന്നത് സ്ത്രീ നാമങ്ങളാകുന്നു.
28 അവർക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവർ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്. തീർച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല.
29 ആകയാൽ നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരിൽ നിന്ന് നീ തിരിഞ്ഞുകളയുക.
30 അറിവിൽനിന്ന് അവർ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീർച്ചയായും നിൻറെ രക്ഷിതാവാകുന്നു അവൻറെ മാർഗത്തിൽ നിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതൽ അറിവുള്ളവൻ. സൻമാർഗം പ്രാപിച്ചവരെ പറ്റി കൂടുതൽ അറിവുള്ളവനും അവൻ തന്നെയാകുന്നു.
31 അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിൻമ പ്രവർത്തിച്ചവർക്ക് അവർ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നൽകുവാൻ വേണ്ടിയത്രെ അത്. നൻമ പ്രവർത്തിച്ചവർക്ക് ഏറ്റവും നല്ല പ്രതിഫലം നൽകുവാൻ വേണ്ടിയും.
32 അതായത് വലിയ പാപങ്ങളിൽ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളിൽ നിന്നും വിട്ടകന്നു നിൽക്കുന്നവർക്ക്. തീർച്ചയായും നിൻറെ രക്ഷിതാവ് വിശാലമായി പാപമോചനം നൽകുന്നവനാകുന്നു. നിങ്ങളെ ഭൂമിയിൽ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയ സന്ദർഭത്തിലും, നിങ്ങൾ നിങ്ങളുടെ ഉമ്മമാരുടെ വയറുകളിൽ ഗർഭസ്ഥശിശുക്കളായിരിക്കുന്ന സന്ദർഭത്തിലും അവനാകുന്നു നിങ്ങളെ പറ്റി കൂടുതൽ അറിവുള്ളവൻ. അതിനാൽ നിങ്ങൾ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവൻ.
33 എന്നാൽ പിൻമാറിക്കളഞ്ഞ ഒരുത്തനെ നീ കണ്ടുവോ?
34 അൽപമൊക്കെ അവൻ ദാനം നൽകുകയും എന്നിട്ട് അത് നിർത്തിക്കളയുകയും ചെയ്തു.
35 അവൻറെ അടുക്കൽ അദൃശ്യജ്ഞാനമുണ്ടായിട്ട് അതു മുഖേന അവൻ കണ്ടറിഞ്ഞ് കൊണ്ടിരിക്കുകയാണോ?
36 അതല്ല, മൂസായുടെ പത്രികകളിൽ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ?
37 ( കടമകൾ ) നിറവേറ്റിയ ഇബ്രാഹീമിൻറെയും ( പത്രികകളിൽ )
38 അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും,
39 മനുഷ്യന്ന് താൻ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും.
40 അവൻറെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം.
41 പിന്നീട് അവന് അതിന് ഏറ്റവും പൂർണ്ണമായ പ്രതിഫലം നൽകപ്പെടുന്നതാണെന്നും,
42 നിൻറെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നതെന്നും,
43 അവൻ തന്നെയാണ് ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തതെന്നും,
44 അവൻ തന്നെയാണ് മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്തതെന്നും,
45 ആൺ , പെൺ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും
46 ഒരു ബീജം സ്രവിക്കപ്പെടുമ്പോൾ അതിൽ നിന്ന്
47 രണ്ടാമത് ജനിപ്പിക്കുക എന്നത് അവൻറെ ചുമതലയിലാണെന്നും,
48 ഐശ്വര്യം നൽകുകയും സംതൃപ്തി വരുത്തുകയും ചെയ്തത് അവൻ തന്നെയാണ് എന്നും,
49 അവൻ തന്നെയാണ് ശിഅ്‌റാ നക്ഷത്രത്തിൻറെ രക്ഷിതാവ്. എന്നുമുള്ള കാര്യങ്ങൾ.
50 ആദിമ ജനതയായ ആദിനെ അവനാണ് നശിപ്പിച്ചതെന്നും,
51 ഥമൂദിനെയും. എന്നിട്ട് ( ഒരാളെയും ) അവൻ അവശേഷിപ്പിച്ചില്ല.
52 അതിന് മുമ്പ് നൂഹിൻറെ ജനതയെയും ( അവൻ നശിപ്പിച്ചു. ) തീർച്ചയായും അവർ കൂടുതൽ അക്രമവും, കൂടുതൽ ധിക്കാരവും കാണിച്ചവരായിരുന്നു.
53 കീഴ്മേൽ മറിഞ്ഞ രാജ്യത്തെയും, അവൻ തകർത്തു കളഞ്ഞു.
54 അങ്ങനെ ആ രാജ്യത്തെ അവൻ ഭയങ്കരമായ ഒരു (ശിക്ഷയുടെ) ആവരണം കൊണ്ട് പൊതിഞ്ഞു.
55 അപ്പോൾ നിൻറെ രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെപ്പറ്റിയാണ് നീ തർക്കിച്ചുകൊണ്ടിരിക്കുന്നത്?
56 ഇദ്ദേഹം ( മുഹമ്മദ് നബി ) പൂർവ്വികരായ താക്കീതുകാരുടെ കൂട്ടത്തിൽ പെട്ട ഒരു താക്കീതുകാരൻ ആകുന്നു.
57 സമീപസ്ഥമായ ആ സംഭവം ആസന്നമായിരിക്കുന്നു.
58 അല്ലാഹുവിന് പുറമെ അതിനെ തട്ടിനീക്കാൻ ആരുമില്ല.
59 അപ്പോൾ ഈ വാർത്തയെപ്പറ്റി നിങ്ങൾ അത്ഭുതപ്പെടുകയും,
60 നിങ്ങൾ ചിരിച്ച് കൊണ്ടിരിക്കുകയും നിങ്ങൾ കരയാതിരിക്കുകയും,
61 നിങ്ങൾ അശ്രദ്ധയിൽ കഴിയുകയുമാണോ?.
62 അതിനാൽ നിങ്ങൾ അല്ലാഹുവിന് പ്രണാമം ചെയ്യുകയും (അവനെ) ആരാധിക്കുകയും ചെയ്യുവിൻ.