Jump to content

പരിശുദ്ധ ഖുർആൻ/മുഅ്മിൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Holy Quran/Chapter 40 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ഹാ-മീം.

2 ഈ ഗ്രന്ഥത്തിൻറെ അവതരണം പ്രതാപിയും സർവ്വജ്ഞനുമായ അല്ലാഹുവിങ്കൽ നിന്നാകുന്നു.

3 പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും വിപുലമായ കഴിവുള്ളവനുമത്രെ അവൻ. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവങ്കലേക്ക്‌ തന്നെയാകുന്നു മടക്കം.

4 സത്യനിഷേധികളല്ലാത്തവർ അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ പറ്റി തർക്കിക്കുകയില്ല. അതിനാൽ നാടുകളിൽ അവരുടെ സ്വൈരവിഹാരം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ.

5 അവർക്ക്‌ മുമ്പ്‌ നൂഹിൻറെ ജനതയും അവരുടെ ശേഷമുള്ള കക്ഷികളും ( സത്യത്തെ ) നിഷേധിച്ചു തള്ളിക്കളയുകയുണ്ടായി. ഓരോ സമുദായവും തങ്ങളുടെ റസൂലിനെ പിടികൂടാൻ ഉദ്യമിക്കുകയും, അസത്യത്തെകൊണ്ട്‌ സത്യത്തെ തകർക്കുവാൻ വേണ്ടി അവർ തർക്കം നടത്തുകയും ചെയ്തു. തന്നിമിത്തം ഞാൻ അവരെ പിടികൂടി. അപ്പോൾ എൻറെ ശിക്ഷ എങ്ങനെയുണ്ടായിരുന്നു!

6 സത്യനിഷേധികളുടെ മേല് ‍, അവർ നരകാവകാശികളാണ്‌ എന്നുള്ള നിൻറെ രക്ഷിതാവിൻറെ വചനം അപ്രകാരം സ്ഥിരപ്പെട്ട്‌ കഴിഞ്ഞു.

7 സിംഹാസനം വഹിക്കുന്നവരും അതിൻറെ ചുറ്റിലുള്ളവരും (മലക്കുകൾ) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീർത്തനം നടത്തുകയും അവനിൽ വിശ്വസിക്കുകയും, വിശ്വസിച്ചവർക്ക്‌ വേണ്ടി ( ഇപ്രകാരം ) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ! നിൻറെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉൾകൊള്ളുന്നതായിരിക്കുന്നു. ആകയാൽ പശ്ചാത്തപിക്കുകയും നിൻറെ മാർഗം പിന്തുടരുകയും ചെയ്യുന്നവർക്ക്‌ നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയിൽ നിന്ന്‌ കാക്കുകയും ചെയ്യേണമേ.

8 ഞങ്ങളുടെ രക്ഷിതാവേ, അവർക്ക്‌ നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വർഗങ്ങളിൽ അവരെയും അവരുടെ മാതാപിതാക്കളെയും, ഭാര്യമാർ, സന്തതികൾ എന്നിവരിൽ നിന്നു സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീർച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും.

9 അവരെ നീ തിൻമകളിൽ നിന്ന്‌ കാക്കുകയും ചെയ്യേണമേ. അന്നേ ദിവസം നീ ഏതൊരാളെ തിൻമകളിൽ നിന്ന്‌ കാക്കുന്നുവോ, അവനോട്‌ തീർച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതു തന്നെയാകുന്നു മഹാഭാഗ്യം.

10 തീർച്ചയായും സത്യനിഷേധികളോട്‌ ഇപ്രകാരം വിളിച്ചുപറയപ്പെടും: നിങ്ങൾ വിശ്വാസത്തിലേക്ക്‌ ക്ഷണിക്കപ്പെടുകയും, എന്നിട്ട്‌ നിങ്ങൾ അവിശ്വസിക്കുകയും ചെയ്തിരുന്ന സന്ദർഭത്തിൽ അല്ലാഹുവിന്‌ ( നിങ്ങളോടുള്ള ) അമർഷം നിങ്ങൾ തമ്മിലുള്ള അമർഷത്തെക്കാൾ വലുതാകുന്നു.

11 അവർ പറയും: ഞങ്ങളുടെ നാഥാ! രണ്ടുപ്രാവശ്യം നീ ഞങ്ങളെ നിർജീവാവസ്ഥയിലാക്കുകയും രണ്ടുപ്രാവശ്യം നീ ഞങ്ങൾക്ക്‌ ജീവൻ നൽകുകയും ചെയ്തു. എന്നാൽ ഞങ്ങളിതാ ഞങ്ങളുടെ കുറ്റങ്ങൾ സമ്മതിച്ചിരിക്കുന്നു. ആകയാൽ ഒന്നു പുറത്ത്പോകേണ്ടതിലേക്ക്‌ വല്ല മാർഗവുമുണ്ടോ?

12 അല്ലാഹുവോട്‌ മാത്രം പ്രാർത്ഥിക്കപ്പെട്ടാൽ നിങ്ങൾ അവിശ്വസിക്കുകയും, അവനോട്‌ പങ്കാളികൾ കൂട്ടിചേർക്കപ്പെട്ടാൽ നിങ്ങൾ വിശ്വസിക്കുകയും ചെയ്തിരുന്നത്‌ നിമിത്തമത്രെ അത്‌. എന്നാൽ ( ഇന്ന്‌ ) വിധികൽപിക്കാനുള്ള അധികാരം ഉന്നതനും മഹാനുമായ അല്ലാഹുവിനാകുന്നു.

13 അവനാണ്‌ നിങ്ങൾക്ക്‌ തൻറെ ദൃഷ്ടാന്തങ്ങൾ കാണിച്ചുതരുന്നത്‌. ആകാശത്ത്‌ നിന്ന്‌ അവൻ നിങ്ങൾക്ക്‌ ഉപജീവനം ഇറക്കിത്തരികയും ചെയ്യുന്നു. ( അവങ്കലേക്ക്‌ ) മടങ്ങുന്നവർ മാത്രമേ ആലോചിച്ച്‌ ഗ്രഹിക്കുകയുള്ളൂ.

14 അതിനാൽ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കികൊണ്ട്‌ അവനോട്‌ നിങ്ങൾ പ്രാർത്ഥിക്കുക. അവിശ്വാസികൾക്ക്‌ അനിഷ്ടകരമായാലും ശരി.

15 അവൻ പദവികൾ ഉയർന്നവനും സിംഹാസനത്തിൻറെ അധിപനുമാകുന്നു. തൻറെ ദാസൻമാരിൽ നിന്ന്‌ താൻ ഉദ്ദേശിക്കുന്നവർക്ക്‌ തൻറെ സന്ദേശമാകുന്ന ചൈതന്യം അവൻ നൽകുന്നു. ( മനുഷ്യർ ) പരസ്പരം കണ്ടുമുട്ടുന്ന ദിവസത്തെപ്പറ്റി താക്കീത്‌ നൽകുന്നതിന്‌ വേണ്ടിയത്രെ അത്‌.

16 അവർ വെളിക്കു വരുന്ന ദിവസമത്രെ അത്‌. അവരെ സംബന്ധിച്ച്‌ യാതൊരു കാര്യവും അല്ലാഹുവിന്ന്‌ ഗോപ്യമായിരിക്കുകയില്ല. ഈ ദിവസം ആർക്കാണ്‌ രാജാധികാരം? ഏകനും സർവ്വാധിപതിയുമായ അല്ലാഹുവിന്‌.

17 ഈ ദിവസം ഓരോ വ്യക്തിക്കും താൻ സമ്പാദിച്ചതിനുള്ള പ്രതിഫലം നൽകപ്പെടും. ഈ ദിവസം അനീതിയില്ല. തീർച്ചയായും അല്ലാഹു അതിവേഗം കണക്കു നോക്കുന്നവനാകുന്നു.

18 ആസന്നമായ ആ സംഭവത്തിൻറെ ദിവസത്തെപ്പറ്റി നീ അവർക്ക്‌ മുന്നറിയിപ്പു നൽകുക. അതായത്‌ ഹൃദയങ്ങൾ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, അവർ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദർഭം. അക്രമകാരികൾക്ക്‌ ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാർശകനായോ ആരും തന്നെയില്ല.

19 കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങൾ മറച്ച്‌ വെക്കുന്നതും അവൻ ( അല്ലാഹു ) അറിയുന്നു.

20 അല്ലാഹു സത്യപ്രകാരം തീർപ്പുകൽപിക്കുന്നു. അവന്ന്‌ പുറമെ അവർ വിളിച്ച്‌ പ്രാർത്ഥിക്കുന്നവരാകട്ടെ യാതൊന്നിലും തീർപ്പുകൽപിക്കുകയില്ല. തീർച്ചയായും അല്ലാഹു തന്നെയാകുന്നു എല്ലാം കേൾക്കുന്നവനും കണ്ടറിയുന്നവനും.

21 ഇവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ? അപ്പോൾ ഇവർക്ക്‌ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌ ഇവർക്ക്‌ നോക്കാമല്ലോ. അവർ ശക്തികൊണ്ടും ഭൂമിയിൽ (അവശേഷിപ്പിച്ച) സ്മാരകങ്ങൾകൊണ്ടും ഇവരെക്കാൾ കരുത്തരായിരുന്നു. എന്നിട്ട്‌ അവരുടെ പാപങ്ങൾ നിമിത്തം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന്‌ അവർക്ക്‌ കാവൽ നൽകാൻ ആരുമുണ്ടായില്ല.

22 അതെന്തുകൊണ്ടെന്നാൽ അവരിലേക്കുള്ള ദൈവദൂതൻമാർ വ്യക്തമായ തെളിവുകളും കൊണ്ട്‌ അവരുടെ അടുക്കൽ ചെല്ലാറുണ്ടായിരുന്നു. എന്നിട്ട്‌ അവർ അവിശ്വസിച്ചു കളഞ്ഞു. അപ്പോൾ അല്ലാഹു അവരെ പിടികൂടി. തീർച്ചയായും അവൻ ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമത്രെ.

23 തീർച്ചയായും നാം നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവും കൊണ്ട്‌ മൂസായെ അയക്കുകയുണ്ടായി

24 ഫിർഔൻറെയും ഹാമാൻറെയും ഖാറൂൻറെയും അടുക്കലേക്ക്‌ . അപ്പോൾ അവർ പറഞ്ഞു: വ്യാജവാദിയായ ഒരു ജാലവിദ്യക്കാരൻ എന്ന്‌.

25 അങ്ങനെ നമ്മുടെ പക്കൽ നിന്നുള്ള സത്യവും കൊണ്ട്‌ അദ്ദേഹം അവരുടെ അടുക്കൽ ചെന്നപ്പോൾ അവർ പറഞ്ഞു: ഇവനോടൊപ്പം വിശ്വസിച്ചവരുടെ ആൺമക്കളെ നിങ്ങൾ കൊന്നുകളയുകയും അവരുടെ സ്ത്രീകളെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുക. (പക്ഷെ) സത്യനിഷേധികളുടെ കുതന്ത്രം വഴികേടിൽ മാത്രമേ കലാശിക്കൂ.

26 ഫിർഔൻ പറഞ്ഞു: നിങ്ങൾ എന്നെ വിടൂ; മൂസായെ ഞാൻ കൊല്ലും. അവൻ അവൻറെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു കൊള്ളട്ടെ. അവൻ നിങ്ങളുടെ മതം മാറ്റി മറിക്കുകയോ ഭൂമിയിൽ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്യുമെന്ന്‌ തീർച്ചയായും ഞാൻ ഭയപ്പെടുന്നു.

27 മൂസാ പറഞ്ഞു: എൻറെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായിട്ടുള്ളവനോട്‌, വിചാരണയുടെ ദിവസത്തിൽ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളിൽ നിന്നും ഞാൻ ശരണം തേടുന്നു.

28 ഫിർഔൻറെ ആൾക്കാരിൽപ്പെട്ട - തൻറെ വിശ്വാസം മറച്ചു വെച്ചുകൊണ്ടിരുന്ന - ഒരു വിശ്വാസിയായ മനുഷ്യൻ പറഞ്ഞു: എൻറെ രക്ഷിതാവ്‌ അല്ലാഹുവാണ്‌ എന്ന്‌ പറയുന്നതിനാൽ നിങ്ങൾ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങൾക്ക്‌ നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ തെളിവുകൾ കൊണ്ടു വന്നിട്ടുണ്ട്‌. അദ്ദേഹം കള്ളം പറയുന്നവനാണെങ്കിൽ കള്ളം പറയുന്നതിൻറെ ദോഷം അദ്ദേഹത്തിന്‌ തന്നെയാണ്‌. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ അദ്ദേഹം നിങ്ങൾക്ക്‌ താക്കീത്‌ നൽകുന്ന ചില കാര്യങ്ങൾ ( ശിക്ഷകൾ ) നിങ്ങളെ ബാധിക്കുകയും ചെയ്യും. അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേർവഴിയിലാക്കുകയില്ല; തീർച്ച.

29 എൻറെ ജനങ്ങളേ, ഭൂമിയിൽ മികച്ചുനിൽക്കുന്നവർ എന്ന നിലയിൽ ഇന്ന്‌ ആധിപത്യം നിങ്ങൾക്ക്‌ തന്നെ. എന്നാൽ അല്ലാഹുവിൻറെ ശിക്ഷ നമുക്ക്‌ വന്നാൽ അതിൽ നിന്ന്‌ നമ്മെ രക്ഷിച്ചു സഹായിക്കാൻ ആരുണ്ട്‌? ഫിർഔൻ പറഞ്ഞു: ഞാൻ ( ശരിയായി ) കാണുന്ന മാർഗം മാത്രമാണ്‌ ഞാൻ നിങ്ങൾക്ക്‌ കാണിച്ചുതരുന്നത്‌. ശരിയായ മാർഗത്തിലേക്കല്ലാതെ ഞാൻ നിങ്ങളെ നയിക്കുകയില്ല.

30 ആ വിശ്വസിച്ച ആൾ പറഞ്ഞു: എൻറെ ജനങ്ങളേ, ആ കക്ഷികളുടെ ദിവസം പോലെയുള്ള ഒന്ന്‌ തീർച്ചയായും നിങ്ങളുടെ കാര്യത്തിലും ഞാൻ ഭയപ്പെടുന്നു.

31 അതായത്‌ നൂഹിൻറെ ജനതയുടെയും ആദിൻറെയും ഥമൂദിൻറെയും അവർക്ക്‌ ശേഷമുള്ളവരുടെയും അനുഭവത്തിന്‌ തുല്യമായത്‌. ദാസൻമാരോട്‌ യാതൊരു അക്രമവും ചെയ്യാൻ അല്ലാഹു ഉദ്ദേശിക്കുന്നില്ല.

32 എൻറെ ജനങ്ങളേ, ( നിങ്ങൾ ) പരസ്പരം വിളിച്ചുകേഴുന്ന ദിവസത്തെ നിങ്ങളുടെ കാര്യത്തിൽ തീർച്ചയായും ഞാൻ ഭയപ്പെടുന്നു.

33 അതായത്‌ നിങ്ങൾ പിന്നോക്കം തിരിഞ്ഞോടുന്ന ദിവസം. അല്ലാഹുവിൻറെ ശിക്ഷയിൽ നിന്നും രക്ഷനൽകുന്ന ഒരാളും നിങ്ങൾക്കില്ല. ഏതൊരാളെ അല്ലാഹു വഴിതെറ്റിക്കുന്നുവോ, അവന്‌ നേർവഴി കാണിക്കാൻ ആരുമില്ല.

34 വ്യക്തമായ തെളിവുകളും കൊണ്ട്‌ മുമ്പ്‌ യൂസുഫ്‌ നിങ്ങളുടെ അടുത്ത്‌ വരികയുണ്ടായിട്ടുണ്ട്‌. അപ്പോൾ അദ്ദേഹം നിങ്ങൾക്ക്‌ കൊണ്ടുവന്നതിനെ പറ്റി നിങ്ങൾ സംശയത്തിലായിക്കൊണേ്ടയിരുന്നു. എന്നിട്ട്‌ അദ്ദേഹം മരണപ്പെട്ടപ്പോൾ ഇദ്ദേഹത്തിനു ശേഷം അല്ലാഹു ഇനി ഒരു ദൂതനെയും നിയോഗിക്കുകയേ ഇല്ല എന്ന്‌ നിങ്ങൾ പറഞ്ഞു. അപ്രകാരം അതിക്രമകാരിയും സംശയാലുവുമായിട്ടുള്ളതാരോ അവരെ അല്ലാഹു വഴിതെറ്റിക്കുന്നു.

35 അതായത്‌ തങ്ങൾക്ക്‌ യാതൊരു ആധികാരിക പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളിൽ തർക്കം നടത്തുന്നവരെ. അത്‌ അല്ലാഹുവിൻറെ അടുക്കലും സത്യവിശ്വാസികളുടെ അടുക്കലും വലിയ കോപഹേതുവായിരിക്കുന്നു. അപ്രകാരം അഹങ്കാരികളും ഗർവ്വിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു.

36 ഫിർഔൻ പറഞ്ഞു. ഹാമാനേ, എനിക്ക്‌ ആ മാർഗങ്ങളിൽ എത്താവുന്ന വിധം എനിക്കു വേണ്ടി നീ ഒരു ഉന്നത സൗധം പണിതു തരൂ!

37 അഥവാ ആകാശമാർഗങ്ങളിൽ. എന്നിട്ടു മൂസായുടെ ദൈവത്തിൻറെ അടുത്തേക്ക്‌ എത്തിനോക്കുവാൻ. തീർച്ചയായും അവൻ ( മൂസാ ) കളവു പറയുകയാണെന്നാണ്‌ ഞാൻ വിചാരിക്കുന്നത്‌. അപ്രകാരം ഫിർഔന്‌ തൻറെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാർഗത്തിൽ നിന്ന്‌ അവൻ തടയപ്പെടുകയും ചെയ്തു. ഫറോവയുടെ തന്ത്രം നഷ്ടത്തിൽ തന്നെയായിരുന്നു.

38 ആ വിശ്വസിച്ച വ്യക്തി പറഞ്ഞു: എൻറെ ജനങ്ങളേ, നിങ്ങൾ എന്നെ പിന്തുടരൂ. ഞാൻ നിങ്ങൾക്ക്‌ വിവേകത്തിൻറെ മാർഗം കാട്ടിത്തരാം.

39 എൻറെ ജനങ്ങളേ, ഈ ഐഹികജീവിതം ഒരു താൽക്കാലിക വിഭവം മാത്രമാണ്‌. തീർച്ചയായും പരലോകം തന്നെയാണ്‌ സ്ഥിരവാസത്തിനുള്ള ഭവനം.

40 ആരെങ്കിലും ഒരു തിൻമപ്രവർത്തിച്ചാൽ തത്തുല്യമായ പ്രതിഫലമേ അവന്നു നൽകപ്പെടുകയുള്ളൂ സത്യവിശ്വാസിയായികൊണ്ട്‌ സൽകർമ്മം പ്രവർത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്‌. കണക്കുനോക്കാതെ അവർക്ക്‌ അവിടെ ഉപജീവനം നൽകപ്പെട്ടുകൊണ്ടിരിക്കും.

41 എൻറെ ജനങ്ങളേ, എനിക്കെന്തൊരനുഭവം! ഞാൻ നിങ്ങളെ രക്ഷയിലേക്ക്‌ ക്ഷണിക്കുന്നു. നിങ്ങളാകട്ടെ എന്നെ നരകത്തിലേക്കും ക്ഷണിക്കുന്നു.

42 ഞാൻ അല്ലാഹുവിൽ അവിശ്വസിക്കുവാനും എനിക്ക്‌ യാതൊരു അറിവുമില്ലാത്തത്‌ അവനോട്‌ ഞാൻ പങ്കുചേർക്കുവാനും നിങ്ങളെന്നെ ക്ഷണിക്കുന്നു. ഞാനാകട്ടെ, പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവിലേക്ക്‌ നിങ്ങളെ ക്ഷണിക്കുന്നു.

43 നിങ്ങൾ എന്നെ ഏതൊന്നിലേക്ക്‌ ക്ഷണിച്ചു കൊണ്ടിരിക്കുന്നുവോ അതിന്‌ ഇഹലോകത്താകട്ടെ പരലോകത്താകട്ടെ യാതൊരു പ്രാർത്ഥനയും ഉണ്ടാകാവുന്നതല്ല എന്നതും, നമ്മുടെ മടക്കം അല്ലാഹുവിങ്കലേക്കാണ്‌ എന്നതും, അതിക്രമകാരികൾ തന്നെയാണ്‌ നരകാവകാശികൾ എന്നതും ഉറപ്പായ കാര്യമാകുന്നു.

44 എന്നാൽ ഞാൻ നിങ്ങളോട്‌ പറയുന്നത്‌ വഴിയെ നിങ്ങൾ ഓർക്കും. എൻറെ കാര്യം ഞാൻ അല്ലാഹുവിങ്കലേക്ക്‌ ഏൽപിച്ച്‌ വിടുന്നു. തീർച്ചയായും അല്ലാഹു ദാസൻമാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു.

45 അപ്പോൾ അവർ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളിൽ നിന്ന്‌ അല്ലാഹു അദ്ദേഹത്തെ കാത്തു. ഫിർഔൻറെ ആളുകളെ കടുത്ത ശിക്ഷ വലയം ചെയ്യുകയുമുണ്ടായി.

46 നരകം! രാവിലെയും വൈകുന്നേരവും അവർ അതിനുമുമ്പിൽ പ്രദർശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവിൽ വരുന്ന ദിവസം ഫിർഔൻറെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയിൽ നിങ്ങൾ പ്രവേശിപ്പിക്കുക. ( എന്ന്‌ കൽപിക്കപ്പെടും )

47 നരകത്തിൽ അവർ അന്യോന്യം ന്യായവാദം നടത്തുന്ന സന്ദർഭം ( ശ്രദ്ധേയമാകുന്നു. ) അപ്പോൾ ദുർബലർ അഹംഭാവം നടിച്ചവരോട്‌ പറയും: തീർച്ചയായും ഞങ്ങൾ നിങ്ങളെ പിന്തുടർന്ന്‌ ജീവിക്കുകയായിരുന്നു. അതിനാൽ നരകശിക്ഷയിൽ നിന്നുള്ള വല്ല വിഹിതവും ഞങ്ങളിൽ നിന്ന്‌ ഒഴിവാക്കിത്തരാൻ നിങ്ങൾക്ക്‌ കഴിയുമോ?

48 അഹംഭാവം നടിച്ചവർ പറയും: തീർച്ചയായും നമ്മളെല്ലാം ഇതിൽ തന്നെയാകുന്നു. തീർച്ചയായും അല്ലാഹു ദാസൻമാർക്കിടയിൽ വിധി കൽപിച്ചു കഴിഞ്ഞു.

49 നരകത്തിലുള്ളവർ നരകത്തിൻറെ കാവൽക്കാരോട്‌ പറയും: നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോടൊന്ന്‌ പ്രാർത്ഥിക്കുക. ഞങ്ങൾക്ക്‌ ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവൻ ലഘൂകരിച്ചു തരട്ടെ.

50 അവർ ( കാവൽക്കാർ ) പറയും: നിങ്ങളിലേക്കുള്ള ദൂതൻമാർ വ്യക്തമായ തെളിവുകളും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നിട്ടുണ്ടായിരുന്നില്ലേ? അവർ പറയും: അതെ. അവർ ( കാവൽക്കാർ ) പറയും: എന്നാൽ നിങ്ങൾ തന്നെ പ്രാർത്ഥിച്ചു കൊള്ളുക. സത്യനിഷേധികളുടെ പ്രാർത്ഥന വൃഥാവിലായിപ്പോകുകയേയുള്ളൂ.

51 തീർച്ചയായും നാം നമ്മുടെ ദൂതൻമാരെയും വിശ്വസിച്ചവരെയും ഐഹികജീവിതത്തിലും സാക്ഷികൾ രംഗത്തു വരുന്ന ദിവസത്തിലും സഹായിക്കുക തന്നെ ചെയ്യും.

52 അതായത്‌ അക്രമികൾക്ക്‌ അവരുടെ ഒഴികഴിവ്‌ പ്രയോജനപ്പെടാത്ത ദിവസം. അവർക്കാകുന്നു ശാപം. അവർക്കാകുന്നു ചീത്തഭവനം.

53 മൂസായ്ക്ക്‌ നാം മാർഗദർശനം നൽകുകയും, ഇസ്രായീല്യരെ നാം വേദഗ്രന്ഥത്തിൻറെ അവകാശികളാക്കിത്തീർക്കുകയും ചെയ്തു.

54 ബുദ്ധിയുള്ളവർക്ക്‌ മാർഗദർശനവും ഉൽബോധനവുമായിരുന്നു അത്‌.

55 അതിനാൽ നീ ക്ഷമിക്കുക. തീർച്ചയായും അല്ലാഹുവിൻറെ വാഗ്ദാനം സത്യമാകുന്നു. നിൻറെ പാപത്തിന്‌ നീ മാപ്പുതേടുകയും വൈകുന്നേരവും രാവിലെയും നിൻറെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീർത്തിക്കുകയും ചെയ്യുക.

56 തങ്ങൾക്ക്‌ യാതൊരു പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെപ്പറ്റി തർക്കിക്കുന്നതാരോ അവരുടെ ഹൃദയങ്ങളിൽ തീർച്ചയായും അഹങ്കാരം മാത്രമേയുള്ളൂ. അവർ അവിടെ എത്തുന്നതേ അല്ല. അതുകൊണ്ട്‌ നീ അല്ലാഹുവോട്‌ ശരണം തേടുക. തീർച്ചയായും അവനാണ്‌ എല്ലാം കേൾക്കുന്നവനും കാണുന്നവനും.

57 തീർച്ചയായും ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ്‌ മനുഷ്യനെ സൃഷ്ടിക്കുന്നതിനെക്കാൾ വലിയ കാര്യം. പക്ഷെ, അവരിൽ അധികപേരും മനസ്സിലാക്കുന്നില്ല.

58 അന്ധനും കാഴ്ചയുള്ളവനും സമമാകുകയില്ല. വിശ്വസിച്ച്‌ സൽകർമ്മങ്ങൾ ചെയ്തവരും ദുഷ്കൃത്യം ചെയ്തവരും സമമാകുകയില്ല. ചുരുക്കത്തിൽ മാത്രമേ നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.

59 ആ അന്ത്യസമയം വരാനുള്ളത്‌ തന്നെയാണ്‌. അതിൽ സംശയമേ ഇല്ല. പക്ഷെ മനുഷ്യരിൽ അധികപേരും വിശ്വസിക്കുന്നില്ല.

60 നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട്‌ പ്രാർത്ഥിക്കൂ. ഞാൻ നിങ്ങൾക്ക്‌ ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട്‌ നരകത്തിൽ പ്രവേശിക്കുന്നതാണ്‌; തീർച്ച.

61 അല്ലാഹുവാകുന്നു നിങ്ങൾക്കു വേണ്ടി രാത്രിയെ നിങ്ങൾക്കു ശാന്തമായി വസിക്കാൻ തക്കവണ്ണവും, പകലിനെ വെളിച്ചമുള്ളതും ആക്കിയവൻ. തീർച്ചയായും അല്ലാഹു ജനങ്ങളോട്‌ ഔദാര്യമുള്ളവനാകുന്നു. പക്ഷെ മനുഷ്യരിൽ അധികപേരും നന്ദികാണിക്കുന്നില്ല.

62 അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെയും സൃഷ്ടികർത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങൾ എങ്ങനെയാണ്‌ ( സൻമാർഗത്തിൽ നിന്ന്‌ ) തെറ്റിക്കപ്പെടുന്നത്‌?

63 അപ്രകാരം തന്നെയാണ്‌ അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചിരുന്നവർ ( സൻമാർഗത്തിൽ നിന്ന്‌ ) തെറ്റിക്കപ്പെടുന്നത്‌.

64 അല്ലാഹുവാകുന്നു നിങ്ങൾക്ക്‌ വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേൽപുരയും ആക്കിയവൻ. അവൻ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവൻ നിങ്ങളുടെ രൂപങ്ങൾ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളിൽ നിന്ന്‌ അവൻ നിങ്ങൾക്ക്‌ ഉപജീവനം നൽകുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോൾ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂർണ്ണനായിരിക്കുന്നു.

65 അവനാകുന്നു ജീവിച്ചിരിക്കുന്നവൻ. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ കീഴ്‌വണക്കം അവന്‌ നിഷ്കളങ്കമാക്കിക്കൊണ്ട്‌ നിങ്ങൾ അവനോട്‌ പ്രാർത്ഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന്‌ സ്തുതി.

66 ( നബിയേ, ) പറയുക: എൻറെ രക്ഷിതാവിങ്കൽ നിന്ന്‌ എനിക്ക്‌ തെളിവുകൾ വന്നുകിട്ടിയിരിക്കെ അല്ലാഹുവിന്‌ പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നതിൽ നിന്ന്‌ തീർച്ചയായും ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. ലോകങ്ങളുടെ രക്ഷിതാവിന്‌ ഞാൻ കീഴ്പെടണമെന്ന്‌ കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

67 മണ്ണിൽ നിന്നും, പിന്നെ ബീജകണത്തിൽ നിന്നും, പിന്നെ ഭ്രൂണത്തിൽ നിന്നും നിങ്ങളെ സൃഷ്ടിച്ചത്‌ അവനാകുന്നു. പിന്നീട്‌ ഒരു ശിശുവായി നിങ്ങളെ അവൻ പുറത്തു കൊണ്ട്‌ വരുന്നു. പിന്നീട്‌ നിങ്ങൾ നിങ്ങളുടെ പൂർണ്ണശക്തി പ്രാപിക്കുവാനും പിന്നീട്‌ നിങ്ങൾ വൃദ്ധരായിത്തീരുവാനും വേണ്ടി. നിങ്ങളിൽ ചിലർ മുമ്പേതന്നെ മരണമടയുന്നു. നിർണിതമായ ഒരു അവധിയിൽ നിങ്ങൾ എത്തിച്ചേരുവാനും നിങ്ങൾ ഒരു വേള ചിന്തിക്കുന്നതിനും വേണ്ടി.

68 അവനാണ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവൻ. ഒരു കാര്യം അവൻ തീരുമാനിച്ചു കഴിഞ്ഞാൽ ഉണ്ടാകൂ എന്ന്‌ അതിനോട്‌ അവൻ പറയുക മാത്രം ചെയ്യുന്നു. അപ്പോൾ അത്‌ ഉണ്ടാകുന്നു.

69 അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെപ്പറ്റി തർക്കിക്കുന്നവരുടെ നേർക്ക്‌ നീ നോക്കിയില്ലേ? എങ്ങനെയാണ്‌ അവർ വ്യതിചലിപ്പിക്കപ്പെടുന്നത്‌ എന്ന്‌.

70 വേദഗ്രന്ഥത്തെയും, നാം നമ്മുടെ ദൂതൻമാരെ അയച്ചത്‌ എന്തൊരു ദൗത്യം കൊണ്ടാണോ അതിനെയും നിഷേധിച്ചു കളഞ്ഞവരത്രെ അവർ. എന്നാൽ വഴിയെ അവർ അറിഞ്ഞു കൊള്ളും.

71 അതെ; അവരുടെ കഴുത്തുകളിൽ കുരുക്കുകളും ചങ്ങലകളുമായി അവർ വലിച്ചിഴക്കപ്പെടുന്ന സന്ദർഭം.

72 ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ. പിന്നീട്‌ അവർ നരകാഗ്നിയിൽ എരിക്കപ്പെടുകയും ചെയ്യും.

73 പിന്നീട്‌ അവരോട്‌ പറയപ്പെടും: നിങ്ങൾ പങ്കാളികളായി ചേർത്തിരുന്നവർ എവിടെയാകുന്നു?

74 അല്ലാഹുവിന്‌ പുറമെ. അവർ പറയും: അവർ ഞങ്ങളെ വിട്ട്‌ അപ്രത്യക്ഷരായിരിക്കുന്നു. അല്ല, ഞങ്ങൾ മുമ്പ്‌ പ്രാർത്ഥിച്ചിരുന്നത്‌ യാതൊന്നിനോടുമായിരുന്നില്ല. അപ്രകാരം അല്ലാഹു സത്യനിഷേധികളെ പിഴവിലാക്കുന്നു.

75 ന്യായമില്ലാതെ നിങ്ങൾ ഭൂമിയിൽ ആഹ്ലാദം കൊണ്ടിരുന്നതിൻറെയും, ഗർവ്വ്‌ നടിച്ചിരുന്നതിൻറെയും ഫലമത്രെ അത്‌.

76 നരകത്തിൻറെ കവാടങ്ങളിലൂടെ അതിൽ നിത്യവാസികളെന്ന നിലയിൽ നിങ്ങൾ കടന്നു കൊള്ളുക. അഹങ്കാരികളുടെ പാർപ്പിടം ചീത്ത തന്നെ. ( എന്ന്‌ അവരോട്‌ പറയപ്പെടും. )

77 അതിനാൽ നീ ക്ഷമിക്കുക. തീർച്ചയായും അല്ലാഹുവിൻറെ വാഗ്ദാനം സത്യമാകുന്നു. എന്നാൽ നാം അവർക്ക്‌ താക്കീത്‌ നൽകുന്ന ശിക്ഷയിൽ ചിലത്‌ നിനക്ക്‌ നാം കാണിച്ചുതരുന്നതായാലും ( അതിന്നിടക്കു തന്നെ ) നിന്നെ നാം മരിപ്പിക്കുന്നതായാലും നമ്മുടെ അടുത്തേക്ക്‌ തന്നെയാണ്‌ അവർ മടക്കപ്പെടുന്നത്‌.

78 നിനക്ക്‌ മുമ്പ്‌ നാം പല ദൂതൻമാരെയും അയച്ചിട്ടുണ്ട്‌. അവരിൽ ചിലരെപ്പറ്റി നാം നിനക്ക്‌ വിവരിച്ചുതന്നിട്ടുണ്ട്‌. അവരിൽ ചിലരെപ്പറ്റി നിനക്ക്‌ നാം വിവരിച്ചുതന്നിട്ടില്ല. യാതൊരു ദൂതന്നും അല്ലാഹുവിൻറെ അനുമതിയോട്‌ കൂടിയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ടു വരാനാവില്ല. എന്നാൽ അല്ലാഹുവിൻറെ കൽപന വന്നാൽ ന്യായപ്രകാരം വിധിക്കപ്പെടുന്നതാണ്‌. അസത്യവാദികൾ അവിടെ നഷ്ടത്തിലാവുകയും ചെയ്യും.

79 അല്ലാഹുവാകുന്നു നിങ്ങൾക്ക്‌ വേണ്ടി കന്നുകാലികളെ സൃഷ്ടിച്ചു തന്നവൻ. അവയിൽ ചിലതിനെ നിങ്ങൾ വാഹനമായി ഉപയോഗിക്കുന്നതിന്‌ വേണ്ടി. അവയിൽ ചിലതിനെ നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു.

80 നിങ്ങൾക്ക്‌ അവയിൽ പല പ്രയോജനങ്ങളുമുണ്ട്‌. അവ മുഖേന നിങ്ങളുടെ ഹൃദയങ്ങളിലുള്ള വല്ല ആവശ്യത്തിലും നിങ്ങൾ എത്തിച്ചേരുകയും ചെയ്യുന്നു. അവയുടെ പുറത്തും കപ്പലുകളിലുമായി നിങ്ങൾ വഹിക്കപ്പെടുകയും ചെയ്യുന്നു.

81 അവൻറെ ദൃഷ്ടാന്തങ്ങൾ അവൻ നിങ്ങൾക്ക്‌ കാണിച്ചുതരികയും ചെയ്യുന്നു. അപ്പോൾ അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളിൽ എതൊന്നിനെയാണ്‌ നിങ്ങൾ നിഷേധിക്കുന്നത്‌?

82 എന്നാൽ അവർക്ക്‌ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ കാണാൻ അവർ ഭൂമിയിൽ സഞ്ചരിച്ചു നോക്കിയിട്ടില്ലേ? അവർ ഇവരെക്കാൾ എണ്ണം കൂടിയവരും, ശക്തികൊണ്ടും ഭൂമിയിൽ വിട്ടേച്ചുപോയ അവശിഷ്ടങ്ങൾ കൊണ്ടും ഏറ്റവും പ്രബലൻമാരുമായിരുന്നു. എന്നിട്ടും അവർ നേടിയെടുത്തിരുന്നതൊന്നും അവർക്ക്‌ പ്രയോജനപ്പെട്ടില്ല.

83 അങ്ങനെ അവരിലേക്കുള്ള ദൂതൻമാർ വ്യക്തമായ തെളിവുകളും കൊണ്ട്‌ അവരുടെ അടുത്ത്‌ ചെന്നപ്പോൾ അവരുടെ പക്കലുള്ള അറിവുകൊണ്ട്‌ അവർ തൃപ്തിയടയുകയാണ്‌ ചെയ്തത്‌. എന്തൊന്നിനെപ്പറ്റി അവർ പരിഹസിച്ചിരുന്നുവോ അത്‌ ( ശിക്ഷ ) അവരെ വലയം ചെയ്യുകയുമുണ്ടായി.

84 എന്നിട്ട്‌ നമ്മുടെ ശിക്ഷ കണ്ടപ്പോൾ അവർ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും അവനോട്‌ ഞങ്ങൾ പങ്കുചേർത്തിരുന്നതിൽ ( ദൈവങ്ങളിൽ ) ഞങ്ങൾ അവിശ്വസിക്കുകയും ചെയ്തിരിക്കുന്നു.

85 എന്നാൽ അവർ നമ്മുടെ ശിക്ഷ കണ്ടപ്പോഴത്തെ അവരുടെ വിശ്വാസം അവർക്ക്‌ പ്രയോജനപ്പെടുകയുണ്ടായില്ല. അല്ലാഹു തൻറെ ദാസൻമാരുടെ കാര്യത്തിൽ മുമ്പേ നടപ്പിലാക്കി കഴിഞ്ഞിട്ടുള്ള നടപടിക്രമമത്രെ അത്‌. അവിടെ സത്യനിഷേധികൾ നഷ്ടത്തിലാവുകയും ചെയ്തു.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/മുഅ്മിൻ&oldid=52322" എന്ന താളിൽനിന്ന് ശേഖരിച്ചത്