Jump to content

പരിശുദ്ധ ഖുർആൻ/ഫുർഖാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Holy Quran/Chapter 25 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 തൻറെ ദാസൻറെ മേൽ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുർആൻ) അവതരിപ്പിച്ചവൻ അനുഗ്രഹപൂർണ്ണനാകുന്നു. അദ്ദേഹം (റസൂൽ) ലോകർക്ക്‌ ഒരു താക്കീതുകാരൻ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്‌.

2 ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആർക്കാണോ അവനത്രെ ( അത്‌ അവതരിപ്പിച്ചവൻ. ) അവൻ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തിൽ അവന്ന്‌ യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവൻ സൃഷ്ടിക്കുകയും, അതിനെ അവൻ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

3 അവന്ന്‌ പുറമെ പല ദൈവങ്ങളേയും അവർ സ്വീകരിച്ചിരിക്കുന്നു. അവർ ( ദൈവങ്ങൾ ) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവർ തന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങൾക്ക്‌ തന്നെ ഉപദ്രവമോ ഉപകാരമോ അവർ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിർത്തെഴുന്നേൽപിനെയോ അവർ അധീനപ്പെടുത്തുന്നില്ല.

4 സത്യനിഷേധികൾ പറഞ്ഞു: ഇത്‌ ( ഖുർആൻ ) അവൻ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകൾ അവനെ അതിന്‌ സഹായിച്ചിട്ടുമുണ്ട്‌. എന്നാൽ അന്യായത്തിലും വ്യാജത്തിലും തന്നെയാണ്‌ ഈ കൂട്ടർ വന്നെത്തിയിരിക്കുന്നത്‌.

5 ഇത്‌ പൂർവ്വികൻമാരുടെ കെട്ടുകഥകൾ മാത്രമാണ്‌. ഇവൻ അത്‌ എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത്‌ രാവിലെയും വൈകുന്നേരവും അവന്ന്‌ വായിച്ചുകേൾപിക്കപ്പെടുന്നു എന്നും അവർ പറഞ്ഞു.

6 ( നബിയേ, ) പറയുക: ആകാശങ്ങളിലെയും ഭൂമിയിലെയും രഹസ്യമറിയുന്നവനാണ്‌ ഇത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

7 അവർ പറഞ്ഞു: ഈ ദൂതൻ എന്താണിങ്ങനെ? ഇയാൾ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക്‌ എന്ത്‌ കൊണ്ട്‌ ഒരു മലക്ക്‌ ഇറക്കപ്പെടുന്നില്ല?

8 അല്ലെങ്കിൽ എന്ത്‌ കൊണ്ട്‌ ഇയാൾക്ക്‌ ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കിൽ ഇയാൾക്ക്‌ ( കായ്കനികൾ ) എടുത്ത്‌ തിന്നാൻ പാകത്തിൽ ഒരു തോട്ടമുണ്ടാകുന്നില്ല? ( റസൂലിനെ പറ്റി ) അക്രമികൾ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങൾ പിൻപറ്റുന്നത്‌.

9 അവർ നിന്നെക്കുറിച്ച്‌ എങ്ങനെയാണ്‌ ചിത്രീകരണങ്ങൾ നടത്തിയതെന്ന്‌ നോക്കൂ. അങ്ങനെ അവർ പിഴച്ചു പോയിരിക്കുന്നു. അതിനാൽ യാതൊരു മാർഗവും കണ്ടെത്താൻ അവർക്ക്‌ സാധിക്കുകയില്ല.

10 താൻ ഉദ്ദേശിക്കുന്ന പക്ഷം അതിനെക്കാൾ ഉത്തമമായത്‌ അഥവാ താഴ്ഭാഗത്തു കൂടി നദികൾ ഒഴുകുന്ന തോപ്പുകൾ നിനക്ക്‌ നൽകുവാനും നിനക്ക്‌ കൊട്ടാരങ്ങൾ ഉണ്ടാക്കിത്തരുവാനും കഴിവുള്ളവനാരോ അവൻ അനുഗ്രഹപൂർണ്ണനാകുന്നു.

11 അല്ല, അന്ത്യസമയത്തെ അവർ നിഷേധിച്ചു തള്ളിയിരിക്കുന്നു. അന്ത്യസമയത്തെ നിഷേധിച്ച്‌ തള്ളിയവർക്ക്‌ കത്തിജ്വലിക്കുന്ന നരകം നാം ഒരുക്കിവെച്ചിരിക്കുന്നു.

12 ദൂരസ്ഥലത്ത്‌ നിന്ന്‌ തന്നെ അത്‌ അവരെ കാണുമ്പോൾ ക്ഷോഭിച്ചിളകുന്നതും ഇരമ്പുന്നതും അവർക്ക്‌ കേൾക്കാവുന്നതാണ്‌.

13 അതിൽ ( നരകത്തിൽ ) ഒരു ഇടുങ്ങിയ സ്ഥലത്ത്‌ ചങ്ങലകളിൽ ബന്ധിക്കപ്പെട്ട നിലയിൽ അവരെ ഇട്ടാൽ അവിടെ വെച്ച്‌ അവർ നാശമേ, എന്ന്‌ വിളിച്ചുകേഴുന്നതാണ്‌.

14 ഇന്ന്‌ നിങ്ങൾ ഒരു നാശത്തെ വിളിക്കേണ്ടതില്ല. ധാരാളം നാശത്തെ വിളിച്ചുകൊള്ളുക. ( എന്നായിരിക്കും അവർക്ക്‌ കിട്ടുന്ന മറുപടി )

15 ( നബിയേ, ) പറയുക; അതാണോ ഉത്തമം, അതല്ല ധർമ്മനിഷ്ഠപാലിക്കുന്നവർക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ശാശ്വത സ്വർഗമാണോ? അതായിരിക്കും അവർക്കുള്ള പ്രതിഫലവും ചെന്ന്‌ ചേരാനുള്ള സ്ഥലവും.

16 തങ്ങൾ ഉദ്ദേശിക്കുന്നതെന്തും അവർക്കവിടെ ഉണ്ടായിരിക്കുന്നതാണ്‌. അവർ നിത്യവാസികളായിരിക്കും. അത്‌ നിൻറെ രക്ഷിതാവ്‌ ബാധ്യത ഏറ്റിട്ടുള്ള വാഗ്ദാനമാകുന്നു. ചോദിക്കപ്പെടാവുന്നതുമാകുന്നു.

17 അവരെയും അല്ലാഹുവിന്‌ പുറമെ അവർ ആരാധിക്കുന്നവയെയും അവൻ ഒരുമിച്ചുകൂട്ടുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. ) എന്നിട്ടവൻ ( ആരാധ്യരോട്‌ ) പറയും: എൻറെ ഈ ദാസൻമാരെ നിങ്ങൾ വഴിപിഴപ്പിച്ചതാണോ അതല്ല അവർ തന്നെ വഴിതെറ്റിപ്പോയതാണോ?

18 അവർ ( ആരാധ്യർ ) പറയും: നീ എത്ര പരിശുദ്ധൻ! നിനക്ക്‌ പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിക്കുക എന്നത്‌ ഞങ്ങൾക്ക്‌ യോജിച്ചതല്ല. പക്ഷെ, അവർക്കും അവരുടെ പിതാക്കൾക്കും നീ സൗഖ്യം നൽകി. അങ്ങനെ അവർ ഉൽബോധനം മറന്നുകളയുകയും, നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തു.

19 അപ്പോൾ ബഹുദൈവാരാധകരോട്‌ അല്ലാഹു പറയും: ) നിങ്ങൾ പറയുന്നതിൽ അവർ നിങ്ങളെ നിഷേധിച്ചു തള്ളിക്കഴിഞ്ഞിരിക്കുന്നു. ഇനി ( ശിക്ഷ ) തിരിച്ചുവിടാനോ വല്ല സഹായവും നേടാനോ നിങ്ങൾക്ക്‌ സാധിക്കുന്നതല്ല. അതിനാൽ ( മനുഷ്യരേ, ) നിങ്ങളിൽ നിന്ന്‌ അക്രമം ചെയ്തവരാരോ അവന്ന്‌ നാം ഗുരുതരമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌.

20 ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്ക്‌ മുമ്പ്‌ ദൂതൻമാരിൽ ആരെയും നാം അയക്കുകയുണ്ടായിട്ടില്ല. നിങ്ങൾ ക്ഷമിക്കുമോ എന്ന്‌ നോക്കാനായി നിങ്ങളിൽ ചിലരെ ചിലർക്ക്‌ നാം ഒരു പരീക്ഷണമാക്കിയിരിക്കുന്നു. (നിൻറെ രക്ഷിതാവ്‌ ( എല്ലാം ) കണ്ടറിയുന്നവനാകുന്നു.

21 നമ്മെ കണ്ടുമുട്ടാൻ ആശിക്കാത്തവർ പറഞ്ഞു: നമ്മുടെ മേൽ മലക്കുകൾ ഇറക്കപ്പെടുകയോ, നമ്മുടെ രക്ഷിതാവിനെ നാം ( നേരിൽ ) കാണുകയോ ചെയ്യാത്തതെന്താണ്‌? തീർച്ചയായും അവർ സ്വയം ഗർവ്വ്‌ നടിക്കുകയും, വലിയ ധിക്കാരം കാണിക്കുകയും ചെയ്തിരിക്കുന്നു.

22 മലക്കുകളെ അവർ കാണുന്ന ദിവസം( ശ്രദ്ധേയമാകുന്നു. ) അന്നേ ദിവസം കുറ്റവാളികൾക്ക്‌ യാതൊരു സന്തോഷവാർത്തയുമില്ല. കർക്കശമായ വിലക്ക്‌ കൽപിക്കപ്പെട്ടിരിക്കുകയാണ്‌ എന്നായിരിക്കും അവർ ( മലക്കുകൾ ) പറയുക.

23 അവർ പ്രവർത്തിച്ച കർമ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീർക്കുകയും ചെയ്യും.

24 അന്ന്‌ സ്വർഗവാസികൾ ഉത്തമമായ വാസസ്ഥലവും ഏറ്റവും നല്ല വിശ്രമസ്ഥലവുമുള്ളവരായിരിക്കും.

25 ആകാശം പൊട്ടിപ്പിളർന്ന്‌ വെൺമേഘപടലം പുറത്ത്‌ വരുകയും, മലക്കുകൾ ശക്തിയായി ഇറക്കപ്പെടുകയും ചെയ്യുന്ന ദിവസം.

26 അന്ന്‌ യഥാർത്ഥമായ ആധിപത്യം പരമകാരുണികന്നായിരിക്കും. സത്യനിഷേധികൾക്ക്‌ വിഷമകരമായ ഒരു ദിവസമായിരിക്കും അത്‌.

27 അക്രമം ചെയ്തവൻ തൻറെ കൈകൾ കടിക്കുന്ന ദിവസം. അവൻ പറയും റസൂലിൻറെ കൂടെ ഞാനൊരു മാർഗം സ്വീകരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ,

28 എൻറെ കഷ്ടമേ! ഇന്ന ആളെ ഞാൻ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ.

29 എനിക്ക്‌ ബോധനം വന്നുകിട്ടിയതിന്‌ ശേഷം അതിൽ നിന്നവൻ എന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ. പിശാച്‌ മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു.

30 ( അന്ന്‌ ) റസൂൽ പറയും: എൻറെ രക്ഷിതാവേ, തീർച്ചയായും എൻറെ ജനത ഈ ഖുർആനിനെ അഗണ്യമാക്കിതള്ളിക്കളഞ്ഞിരിക്കുന്നു.

31 അപ്രകാരം തന്നെ ഓരോ പ്രവാചകന്നും കുറ്റവാളികളിൽ പെട്ട ചില ശത്രുക്കളെ നാം ഏർപെടുത്തിയിരിക്കുന്നു. മാർഗദർശകനായും സഹായിയായും നിൻറെ രക്ഷിതാവ്‌ തന്നെ മതി.

32 സത്യനിഷേധികൾ പറഞ്ഞു; ഇദ്ദേഹത്തിന്‌ ഖുർആൻ ഒറ്റതവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്‌. അത്‌ അപ്രകാരം ( ഘട്ടങ്ങളിലായി അവതരിപ്പിക്കുക ) തന്നെയാണ്‌ വേണ്ടത്‌. അത്‌ കൊണ്ട്‌ നിൻറെ ഹൃദയത്തെ ഉറപ്പിച്ച്‌ നിർത്തുവാൻ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത്‌ പാരായണം ചെയ്ത്‌ കേൾപിക്കുകയും ചെയ്തിരിക്കുന്നു.

33 അവർ ഏതൊരു പ്രശ്നവും കൊണ്ട്‌ നിൻറെ അടുത്ത്‌ വരികയാണെങ്കിലും അതിൻറെ യാഥാർത്ഥ്യവും ഏറ്റവും നല്ല വിവരണവും നിനക്ക്‌ നാം കൊണ്ട്‌ വന്ന്‌ തരാതിരിക്കില്ല.

34 മുഖങ്ങൾ നിലത്ത്‌ കുത്തിയ നിലയിൽ നരകത്തിലേക്ക്‌ തെളിച്ചു കൂട്ടപ്പെടുന്നവരാരോ അവരാണ്‌ ഏറ്റവും മോശമായ സ്ഥാനത്ത്‌ നിൽക്കുന്നവരും, ഏറ്റവും വഴിപിഴച്ചു പോയവരും.

35 മൂസായ്ക്ക്‌ നാം വേദഗ്രന്ഥം നൽകുകയും, അദ്ദേഹത്തിൻറെ സഹോദരൻ ഹാറൂനെ അദ്ദേഹത്തോടൊപ്പം നാം സഹായിയായി നിശ്ചയിക്കുകയും ചെയ്തു.

36 എന്നിട്ട്‌ നാം പറഞ്ഞു: നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു കളഞ്ഞ ജനതയുടെ അടുത്തേക്ക്‌ നിങ്ങൾ പോകുക തുടർന്ന്‌ നാം ആ ജനതയെ പാടെ തകർത്തു കളഞ്ഞു.

37 നൂഹിൻറെ ജനതയേയും ( നാം നശിപ്പിച്ചു. ) അവർ ദൂതൻമാരെ നിഷേധിച്ചു കളഞ്ഞപ്പോൾ നാം അവരെ മുക്കി നശിപ്പിച്ചു. അവരെ നാം മനുഷ്യർക്ക്‌ ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു. അക്രമികൾക്ക്‌ ( പരലോകത്ത്‌ ) വേദനയേറിയ ശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

38 ആദ്‌ സമുദായത്തേയും, ഥമൂദ്‌ സമുദായത്തെയും, റസ്സുകാരെയും അതിന്നിടയിലായി അനേകം തലമുറകളേയും ( നാം നശിപ്പിച്ചിട്ടുണ്ട്‌. )

39 എല്ലാവർക്കും നാം ഉദാഹരണങ്ങൾ വിവരിച്ചുകൊടുത്തു. ( അത്‌ തള്ളിക്കളഞ്ഞപ്പോൾ ) എല്ലാവരെയും നാം നിശ്ശേഷം നശിപ്പിച്ചു കളയുകയും ചെയ്തു.

40 ആ ചീത്ത മഴ വർഷിക്കപ്പെട്ട നാട്ടിലൂടെ ഇവർ കടന്നുവന്നിട്ടുണ്ടല്ലോ. അപ്പോൾ ഇവരത്‌ കണ്ടിരുന്നില്ലേ? അല്ല, ഇവർ ഉയിർത്തെഴുന്നേൽപ്‌ പ്രതീക്ഷിക്കാത്തവരാകുന്നു.

41 നിന്നെ അവർ കാണുമ്പോൾ നിന്നെ ഒരു പരിഹാസപാത്രമാക്കിക്കൊണ്ട്‌, അല്ലാഹു ദൂതനായി നിയോഗിച്ചിരിക്കുന്നത്‌ ഇവനെയാണോ? എന്ന്‌ ചോദിക്കുക മാത്രമായിരിക്കും അവർ ചെയ്യുന്നത്‌.

42 നമ്മുടെ ദൈവങ്ങളുടെ കാര്യത്തിൽ നാം ക്ഷമയോടെ ഉറച്ചുനിന്നിട്ടില്ലെങ്കിൽ അവയിൽ നിന്ന്‌ ഇവൻ നമ്മെ തെറ്റിച്ചുകളയാനിടയാകുമായിരുന്നു ( എന്നും അവർ പറഞ്ഞു. ) ശിക്ഷ നേരിൽ കാണുന്ന സമയത്ത്‌ അവർക്കറിയുമാറാകും; ആരാണ്‌ ഏറ്റവും വഴിപിഴച്ചവൻ എന്ന്‌.

43 തൻറെ ദൈവത്തെ തൻറെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ ? എന്നിരിക്കെ നീ അവൻറെ കാര്യത്തിന്‌ ചുമതലപ്പെട്ടവനാകുമോ?

44 അതല്ല, അവരിൽ അധികപേരും കേൾക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന്‌ നീ വിചാരിക്കുന്നുണ്ടോ? അവർ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതൽ വഴിപിഴച്ചവർ.

45 നിൻറെ രക്ഷിതാവിനെ സംബന്ധിച്ച്‌ നീ ചിന്തിച്ച്‌ നോക്കിയിട്ടില്ലേ? എങ്ങനെയാണ്‌ അവൻ നിഴലിനെ നീട്ടിയത്‌ എന്ന്‌. അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അതിനെ അവൻ നിശ്ചലമാക്കുമായിരുന്നു. എന്നിട്ട്‌ നാം സൂര്യനെ അതിന്ന്‌ തെളിവാക്കി.

46 പിന്നീട്‌ നമ്മുടെ അടുത്തേക്ക്‌ നാം അതിനെ അൽപാൽപമായി പിടിച്ചെടുത്തു.

47 അവനത്രെ നിങ്ങൾക്ക്‌ വേണ്ടി രാത്രിയെ ഒരു വസ്ത്രവും, ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവൻ. പകലിനെ അവൻ എഴുന്നേൽപ്‌ സമയമാക്കുകയും ചെയ്തിരിക്കുന്നു.

48 തൻറെ കാരുണ്യത്തിൻറെ മുമ്പിൽ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്ത്‌ നിന്ന്‌ ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു.

49 നിർജീവമായ നാടിന്‌ അത്‌ മുഖേന നാം ജീവൻ നൽകുവാനും, നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികൾക്കും മനുഷ്യർക്കും അത്‌ കുടിപ്പിക്കുവാനും വേണ്ടി.

50 അവർ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത്‌ ( മഴവെള്ളം ) അവർക്കിടയിൽ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാൽ മനുഷ്യരിൽ അധികപേർക്കും നന്ദികേട്‌ കാണിക്കുവാനല്ലാതെ മനസ്സു വന്നില്ല.

51 നാം ഉദ്ദേശിച്ചിരുന്നെങ്കിൽ എല്ലാ നാട്ടിലും ഓരോ താക്കീതുകാരനെ നാം നിയോഗിക്കുമായിരുന്നു.

52 അതിനാൽ സത്യനിഷേധികളെ നീ അനുസരിച്ചു പോകരുത്‌. ഇത്‌ ( ഖുർആൻ ) കൊണ്ട്‌ നീ അവരോട്‌ വലിയൊരു സമരം നടത്തിക്കൊള്ളുക.

53 രണ്ട്‌ ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാൻ വിട്ടവനാകുന്നു അവൻ. ഒന്ന്‌ സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന്‌ അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയിൽ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവൻ ഏർപെടുത്തുകയും ചെയ്തിരിക്കുന്നു.

54 അവൻ തന്നെയാണ്‌ വെള്ളത്തിൽ നിന്ന്‌ മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്‌. നിൻറെ രക്ഷിതാവ്‌ കഴിവുള്ളവനാകുന്നു.

55 അല്ലാഹുവിന്‌ പുറമെ അവർക്ക്‌ ഉപകാരമുണ്ടാക്കുകയോ ഉപദ്രവമുണ്ടാക്കുകയോ ചെയ്യാത്തതിനെ അവർ ആരാധിക്കുന്നു. സത്യനിഷേധി തൻറെ രക്ഷിതാവിനെതിരെ ( ദുശ്ശക്തികൾക്ക്‌ ) പിന്തുണ നൽകുന്നവനായിരിക്കുന്നു.

56 ( നബിയേ, ) ഒരു സന്തോഷവാർത്തക്കാരനായിക്കൊണ്ടും, താക്കീതുകാരനായിക്കൊണ്ടുമല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല.

57 പറയുക: ഞാൻ ഇതിൻറെ പേരിൽ നിങ്ങളോട്‌ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. വല്ലവനും നിൻറെ രക്ഷിതാവിങ്കലേക്കുള്ള മാർഗം സ്വീകരിക്കണം എന്ന്‌ ഉദ്ദേശിക്കുന്നുവെങ്കിൽ ( അങ്ങനെ ചെയ്യാം എന്ന്‌ ) മാത്രം.

58 ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേൽപിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീർത്തിക്കുകയും ചെയ്യുക. തൻറെ ദാസൻമാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനായിട്ട്‌ അവൻ തന്നെ മതി.

59 ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറുദിവസങ്ങളിൽ സൃഷ്ടിച്ചവനത്രെ അവൻ. എന്നിട്ട്‌ അവൻ സിംഹാസനസ്ഥനായിരിക്കുന്നു. പരമകാരുണികനത്രെ അവൻ. ആകയാൽ ഇതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനോട്‌ തന്നെ ചോദിക്കുക.

60 പരമകാരുണികന്‌ നിങ്ങൾ പ്രണാമം ചെയ്യുക എന്ന്‌ അവരോട്‌ പറയപ്പെട്ടാൽ അവർ പറയും: എന്താണീ പരമകാരുണികൻ ? നീ ഞങ്ങളോട്‌ കൽപിക്കുന്നതിന്‌ ഞങ്ങൾ പ്രണാമം ചെയ്യുകയോ? അങ്ങനെ അത്‌ അവരുടെ അകൽച്ച വർദ്ധിപ്പിക്കുകയാണ്‌ ചെയ്തത്‌.

61 ആകാശത്ത്‌ നക്ഷത്രമണ്ഡലങ്ങൾ ഉണ്ടാക്കിയവൻ അനുഗ്രഹപൂർണ്ണനാകുന്നു. അവിടെ അവൻ ഒരു വിളക്കും ( സൂര്യൻ ) വെളിച്ചം നൽകുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു.

62 അവൻ തന്നെയാണ്‌ രാപകലുകളെ മാറി മാറി വരുന്നതാക്കിയവൻ. ആലോചിച്ച്‌ മനസ്സിലാക്കാൻ ഉദ്ദേശിക്കുകയോ, നന്ദികാണിക്കാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നവർക്ക്‌ ( ദൃഷ്ടാന്തമായിരിക്കുവാനാണത്‌. )

63 പരമകാരുണികൻറെ ദാസൻമാർ ഭൂമിയിൽ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികൾ തങ്ങളോട്‌ സംസാരിച്ചാൽ സമാധാനപരമായി മറുപടി നൽകുന്നവരുമാകുന്നു.

64 തങ്ങളുടെ രക്ഷിതാവിന്‌ പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും, നിന്ന്‌ നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാകുന്നു അവർ.

65 ഇപ്രകാരം പറയുന്നുവരുമാകുന്നു അവർ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ നിന്ന്‌ നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീർച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു.

66 തീർച്ചയായും അത്‌ ( നരകം ) ചീത്തയായ ഒരു താവളവും പാർപ്പിടവും തന്നെയാകുന്നു.

67 ചെലവുചെയ്യുകയാണെങ്കിൽ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാർഗം സ്വീകരിക്കുന്നവരുമാകുന്നു അവർ.

68 അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാർത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവർ. ആ കാര്യങ്ങൾ വല്ലവനും ചെയ്യുന്ന പക്ഷം അവൻ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.

69 ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട്‌ അവൻ അതിൽ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും.

70 പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാർക്ക്‌ അല്ലാഹു തങ്ങളുടെ തിൻമകൾക്ക്‌ പകരം നൻമകൾ മാറ്റികൊടുക്കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു.

71 വല്ലവനും പശ്ചാത്തപിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കലേക്ക്‌ ശരിയായ നിലയിൽ മടങ്ങുകയാണ്‌ അവൻ ചെയ്യുന്നത്‌.

72 വ്യാജത്തിന്‌ സാക്ഷി നിൽക്കാത്തവരും, അനാവശ്യവൃത്തികൾ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കിൽ മാന്യൻമാരായിക്കൊണ്ട്‌ കടന്നുപോകുന്നവരുമാകുന്നു അവർ.

73 തങ്ങളുടെ രക്ഷിതാവിൻറെ വചനങ്ങൾ മുഖേന ഉൽബോധനം നൽകപ്പെട്ടാൽ ബധിരൻമാരും അന്ധൻമാരുമായിക്കൊണ്ട്‌ അതിൻമേൽ ചാടിവീഴാത്തവരുമാകുന്നു അവർ

74 ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്ക്‌ നീ കൺകുളിർമ നൽകുകയും ധർമ്മനിഷ്ഠ പാലിക്കുന്നവർക്ക്‌ ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന്‌ പറയുന്നവരുമാകുന്നു അവർ.

75 അത്തരക്കാർക്ക്‌ തങ്ങൾ ക്ഷമിച്ചതിൻറെ പേരിൽ ( സ്വർഗത്തിൽ ) ഉന്നതമായ സ്ഥാനം പ്രതിഫലമായി നൽകപ്പെടുന്നതാണ്‌. അഭിവാദ്യത്തോടും സമാധാനാശംസയോടും കൂടി അവർ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്‌.

76 അവർ അതിൽ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും പാർപ്പിടവും!

77 ( നബിയേ, ) പറയുക: നിങ്ങളുടെ പ്രാർത്ഥനയില്ലെങ്കിൽ എൻറെ രക്ഷിതാവ്‌ നിങ്ങൾക്ക്‌ എന്ത്‌ പരിഗണന നൽകാനാണ്‌ ? എന്നാൽ നിങ്ങൾ നിഷേധിച്ച്‌ തള്ളിയിരിക്കുകയാണ്‌. അതിനാൽ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും.

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ഫുർഖാൻ&oldid=52320" എന്ന താളിൽനിന്ന് ശേഖരിച്ചത്