പരിശുദ്ധ ഖുർആൻ/അൽ മുഅ്മിനൂൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Holy Quran/Chapter 23 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 സത്യവിശ്വാസികൾ വിജയം പ്രാപിച്ചിരിക്കുന്നു.

2 തങ്ങളുടെ നമസ്കാരത്തിൽ ഭക്തിയുള്ളവരായ,

3 അനാവശ്യകാര്യത്തിൽ നിന്ന്‌ തിരിഞ്ഞുകളയുന്നവരുമായ,

4 സകാത്ത്‌ നിർവഹിക്കുന്നവരുമായ.

5 തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവർ.

6 തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോൾ അവർ ആക്ഷേപാർഹരല്ല.

7 എന്നാൽ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവർ തന്നെയാണ്‌ അതിക്രമകാരികൾ.

8 തങ്ങളുടെ അനാമത്തുകളും കരാറുകളും പാലിക്കുന്നവരും,

9 തങ്ങളുടെ നമസ്കാരങ്ങൾ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ ( ആ വിശ്വാസികൾ. )

10 അവർ തന്നെയാകുന്നു അനന്തരാവകാശികൾ.

11 അതായത്‌ ഉന്നതമായ സ്വർഗം അനന്തരാവകാശമായി നേടുന്നവർ. അവരതിൽ നിത്യവാസികളായിരിക്കും.

12 തീർച്ചയായും മനുഷ്യനെ കളിമണ്ണിൻറെ സത്തിൽ നിന്ന്‌ നാം സൃഷ്ടിച്ചിരിക്കുന്നു.

13 പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു.

14 പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടർന്ന്‌ നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണ്ണനായിരിക്കുന്നു.

15 പിന്നീട്‌ തീർച്ചയായും നിങ്ങൾ അതിനു ശേഷം മരിക്കുന്നവരാകുന്നു.

16 പിന്നീട്‌ ഉയിർത്തെഴുന്നേൽപിൻറെ നാളിൽ തീർച്ചയായും നിങ്ങൾ എഴുന്നേൽപിക്കപ്പെടുന്നതാണ്‌.

17 തീർച്ചയായും നിങ്ങൾക്ക്‌ മീതെ നാം ഏഴുപഥങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്‌. സൃഷ്ടിയെപ്പറ്റി നാം അശ്രദ്ധനായിരുന്നിട്ടില്ല.

18 ആകാശത്തു നിന്ന്‌ നാം ഒരു നിശ്ചിത അളവിൽ വെള്ളം ചൊരിയുകയും, എന്നിട്ട്‌ നാം അതിനെ ഭൂമിയിൽ തങ്ങിനിൽക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത്‌ വറ്റിച്ചു കളയാൻ തീർച്ചയായും നാം ശക്തനാകുന്നു.

19 അങ്ങനെ അത്‌ ( വെള്ളം ) കൊണ്ട്‌ നാം നിങ്ങൾക്ക്‌ ഈന്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും തോട്ടങ്ങൾ വളർത്തിത്തന്നു. . അവയിൽ നിങ്ങൾക്ക്‌ ധാരാളം പഴങ്ങളുണ്ട്‌. അവയിൽ നിന്ന്‌ നിങ്ങൾ തിന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.

20 സീനാപർവ്വതത്തിൽ മുളച്ചു വരുന്ന ഒരു മരവും ( നാം സൃഷ്ടിച്ചു തന്നിരിക്കുന്നു. ) എണ്ണയും, ഭക്ഷണം കഴിക്കുന്നവർക്ക്‌ കറിയും അത്‌ ഉൽപാദിപ്പിക്കുന്നു.

21 തീർച്ചയായും നിങ്ങൾക്ക്‌ കന്നുകാലികളിൽ ഒരു ഗുണപാഠമുണ്ട്‌. അവയുടെ ഉദരങ്ങളിലുള്ളതിൽ നിന്ന്‌ നിങ്ങൾക്ക്‌ നാം കുടിക്കാൻ തരുന്നു. നിങ്ങൾക്ക്‌ അവയിൽ ധാരാളം പ്രയോജനങ്ങളുണ്ട്‌. അവയിൽ നിന്ന്‌ ( മാംസം ) നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു.

22 അവയുടെ പുറത്തും കപ്പലുകളിലും നിങ്ങൾ വഹിക്കപ്പെടുകയും ചെയ്യുന്നു.

23 നൂഹിനെ നാം അദ്ദേഹത്തിൻറെ ജനതയിലേക്ക്‌ ദൂതനായി അയക്കുകയുണ്ടായി. എന്നിട്ട്‌ അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുക. നിങ്ങൾക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?

24 അപ്പോൾ അദ്ദേഹത്തിൻറെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാർ പറഞ്ഞു: ഇവൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളേക്കാളുപരിയായി അവൻ മഹത്വം നേടിയെടുക്കാൻ ആഗ്രഹിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ ( ദൂതൻമാരായി ) മലക്കുകളെ തന്നെ ഇറക്കുമായിരുന്നു. ഞങ്ങളുടെ പൂർവ്വപിതാക്കൾക്കിടയിൽ ഇങ്ങനെയൊന്ന്‌ ഞങ്ങൾ കേട്ടിട്ടില്ല.

25 ഇവൻ ഭ്രാന്ത്‌ ബാധിച്ച ഒരു മനുഷ്യൻ മാത്രമാകുന്നു. അതിനാൽ കുറച്ചുകാലം വരെ ഇവൻറെ കാര്യത്തിൽ നിങ്ങൾ കാത്തിരിക്കുവിൻ.

26 അദ്ദേഹം പറഞ്ഞു: എൻറെ രക്ഷിതാവേ, ഇവരെന്നെ നിഷേധിച്ചു തള്ളിയിരിക്കയാൽ നീ എന്നെ സഹായിക്കേണമേ.

27 അപ്പോൾ നാം അദ്ദേഹത്തിന്‌ ഇപ്രകാരം ബോധനം നൽകി: നമ്മുടെ മേൽനോട്ടത്തിലും, നമ്മുടെ നിർദേശമനുസരിച്ചും നീ കപ്പൽ നിർമിച്ചു കൊള്ളുക. അങ്ങനെ നമ്മുടെ കൽപന വരുകയും, അടുപ്പിൽ നിന്ന്‌ ഉറവ്‌ പൊട്ടുകയും ചെയ്താൽ എല്ലാ വസ്തുക്കളിൽ നിന്നും രണ്ട്‌ ഇണകളെയും, നിൻറെ കുടുംബത്തെയും നീ അതിൽ കയറ്റികൊള്ളുക. അവരുടെ കൂട്ടത്തിൽ ആർക്കെതിരിൽ ( ശിക്ഷയുടെ ) വചനം മുൻകൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. അക്രമം ചെയ്തവരുടെ കാര്യത്തിൽ നീ എന്നോട്‌ സംസാരിച്ചു പോകരുത്‌. തീർച്ചയായും അവർ മുക്കി നശിപ്പിക്കപ്പെടുന്നതാണ്‌.

28 അങ്ങനെ നീയും നിൻറെ കൂടെയുള്ളവരും കപ്പലിൽ കയറിക്കഴിഞ്ഞാൽ നീ പറയുക: അക്രമകാരികളിൽ നിന്ന്‌ ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന്‌ സ്തുതി.

29 എൻറെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തിൽ നീ എന്നെ ഇറക്കിത്തരേണമേ. നീയാണല്ലോ ഇറക്കിത്തരുന്നവരിൽ ഏറ്റവും ഉത്തമൻ എന്നും പറയുക.

30 തീർച്ചയായും അതിൽ ( പ്രളയത്തിൽ ) പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. തീർച്ചയായും നാം പരീക്ഷണം നടത്തുന്നവൻ തന്നെയാകുന്നു.

31 പിന്നീട്‌ അവർക്ക്‌ ശേഷം നാം മറ്റൊരു തലമുറയെ വളർത്തിയെടുത്തു.

32 അപ്പോൾ അവരിൽ നിന്ന്‌ തന്നെയുള്ള ഒരു ദൂതനെ അവരിലേക്ക്‌ നാം അയച്ചു. ( അദ്ദേഹം പറഞ്ഞു: ) നിങ്ങൾ അല്ലാഹുവെ ആരാധിക്കുക. നിങ്ങൾക്ക്‌ അവനല്ലാതെ ഒരു ദൈവവുമില്ല. അതിനാൽ നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?

33 അദ്ദേഹത്തിൻറെ ജനതയിൽ നിന്ന്‌ അവിശ്വസിച്ചവരും, പരലോകത്തെ കണ്ടുമുട്ടുന്നതിനെ നിഷേധിച്ചു കളഞ്ഞവരും, ഐഹികജീവിതത്തിൽ നാം സുഖാഡംബരങ്ങൾ നൽകിയവരുമായ പ്രമാണിമാർ പറഞ്ഞു: ഇവൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങൾ തിന്നുന്ന തരത്തിലുള്ളത്‌ തന്നെയാണ്‌ അവൻ തിന്നുന്നത്‌. നിങ്ങൾ കുടിക്കുന്ന തരത്തിലുള്ളത്‌ തന്നെയാണ്‌ അവനും കുടിക്കുന്നത്‌.

34 നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങൾ അനുസരിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങളപ്പോൾ നഷ്ടക്കാർ തന്നെയാകുന്നു.

35 നിങ്ങൾ മരിക്കുകയും, മണ്ണും അസ്ഥിശകലങ്ങളുമായിത്തീരുകയും ചെയ്താൽ നിങ്ങൾ ( വീണ്ടും ജീവനോടെ ) പുറത്ത്‌ കൊണ്ടു വരപ്പെടും എന്നാണോ അവൻ നിങ്ങൾക്ക്‌ വാഗ്ദാനം നൽകുന്നത്‌?

36 നിങ്ങൾക്ക്‌ നൽകപ്പെടുന്ന ആ വാഗ്ദാനം എത്രയെത്ര വിദൂരം!

37 ജീവിതമെന്നത്‌ നമ്മുടെ ഈ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജനിക്കുന്നു. നാം ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവരല്ല തന്നെ.

38 ഇവൻ അല്ലാഹുവിൻറെ മേൽ കള്ളം കെട്ടിച്ചമച്ച ഒരു പുരുഷൻ മാത്രമാകുന്നു. ഞങ്ങൾ അവനെ വിശ്വസിക്കുന്നവരേ അല്ല.

39 അദ്ദേഹം പറഞ്ഞു: എൻറെ രക്ഷിതാവേ, ഇവർ എന്നെ നിഷേധിച്ചു തള്ളിയിരിക്കയാൽ നീ എന്നെ സഹായിക്കേണമേ.

40 അവൻ ( അല്ലാഹു ) പറഞ്ഞു: അടുത്തു തന്നെ അവർ ഖേദിക്കുന്നവരായിത്തീരും.

41 അങ്ങനെ ഒരു കഠോര ശബ്ദം യഥാർത്ഥമായും അവരെ പിടികൂടി. എന്നിട്ട്‌ നാം അവരെ വെറും ചവറാക്കിക്കളഞ്ഞു. അപ്പോൾ അക്രമികളായ ജനങ്ങൾക്ക്‌ നാശം!

42 പിന്നെ അവർക്ക്‌ ശേഷം വേറെ തലമുറകളെ നാം വളർത്തിയെടുത്തു.

43 ഒരു സമുദായവും അതിൻറെ അവധി വിട്ട്‌ മുന്നോട്ട്‌ പോകുകയോ പിന്നോട്ട്‌ പോകുകയോ ഇല്ല.

44 പിന്നെ നാം നമ്മുടെ ദൂതൻമാരെ തുടരെത്തുടരെ അയച്ചു കൊണ്ടിരുന്നു. ഓരോ സമുദായത്തിൻറെ അടുക്കലും അവരിലേക്കുള്ള ദൂതൻ ചെല്ലുമ്പോഴൊക്കെ അവർ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയാണ്‌ ചെയ്തത്‌. അപ്പോൾ അവരെ ഒന്നിനുപുറകെ മറ്റൊന്നായി നാം നശിപ്പിച്ചു. അവരെ നാം സംസാരവിഷയമാക്കിത്തീർക്കുകയും ചെയ്തു. ആകയാൽ വിശ്വസിക്കാത്ത ജനങ്ങൾക്ക്‌ നാശം!

45 പിന്നീട്‌ മൂസായെയും അദ്ദേഹത്തിൻറെ സഹോദരൻ ഹാറൂനെയും നമ്മുടെ ദൃഷ്ടാന്തങ്ങളോടും, വ്യക്തമായ പ്രമാണത്തോടും കൂടി നാം അയക്കുകയുണ്ടായി.

46 ഫിർഔൻറെയും, അവൻറെ പ്രമാണിസംഘത്തിൻറെയും അടുത്തേക്ക്‌. അപ്പോൾ അവർ അഹംഭാവം നടിക്കുകയാണ്‌ ചെയ്തത്‌. അവർ പൊങ്ങച്ചക്കാരായ ഒരു ജനതയായിരുന്നു.

47 അതിനാൽ അവർ പറഞ്ഞു: നമ്മളെപ്പോലെയുള്ള രണ്ടുമനുഷ്യൻമാരെ നാം വിശ്വസിക്കുകയോ? അവരുടെ ജനതയാകട്ടെ നമുക്ക്‌ കീഴ്‌വണക്കം ചെയ്യുന്നവരാണ്‌ താനും.

48 അങ്ങനെ അവരെ രണ്ടുപേരെയും അവർ നിഷേധിച്ചു തള്ളിക്കളഞ്ഞു. തന്നിമിത്തം അവർ നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായിത്തീർന്നു.

49 അവർ ( ജനങ്ങൾ ) സൻമാർഗം കണ്ടെത്തുന്നതിന്‌ വേണ്ടി മൂസായ്ക്ക്‌ നാം വേദഗ്രന്ഥം നൽകുകയുണ്ടായി.

50 മർയമിൻറെ പുത്രനെയും അവൻറെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു. നിവാസയോഗ്യമായതും ഒരു നീരുറവുള്ളതുമായ ഒരു ഉയർന്ന പ്രദേശത്ത്‌ അവർ ഇരുവർക്കും നാം അഭയം നൽകുകയും ചെയ്തു.

51 ഹേ; ദൂതൻമാരേ, വിശിഷ്ടവസ്തുക്കളിൽ നിന്ന്‌ നിങ്ങൾ ഭക്ഷിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുവിൻ. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.

52 തീർച്ചയായും ഇതാണ്‌ നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാനാണ്‌ നിങ്ങളുടെ രക്ഷിതാവ്‌. അതിനാൽ നിങ്ങൾ എന്നെ സൂക്ഷിച്ചു ജീവിക്കുവിൻ.

53 എന്നാൽ അവർ ( ജനങ്ങൾ ) കക്ഷികളായിപിരിഞ്ഞു കൊണ്ട്‌ തങ്ങളുടെ കാര്യത്തിൽ പരസ്പരം ഭിന്നിക്കുകയാണുണ്ടായത്‌. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതു കൊണ്ട്‌ സംതൃപ്തി അടയുന്നവരാകുന്നു.

54 ( നബിയേ, ) അതിനാൽ ഒരു സമയം വരെ അവരെ അവരുടെ വഴികേടിലായിക്കൊണ്ട്‌ വിട്ടേക്കുക.

55 അവർ വിചാരിക്കുന്നുണ്ടോ; സ്വത്തും സന്താനങ്ങളും നൽകി നാം അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത്‌

56 നാം അവർക്ക്‌ നൻമകൾ നൽകാൻ ധൃതി കാണിക്കുന്നതാണെന്ന്‌ ? അവർ ( യാഥാർത്ഥ്യം ) ഗ്രഹിക്കുന്നില്ല.

57 തീർച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താൽ നടുങ്ങുന്നവർ,

58 തങ്ങളുടെ രക്ഷിതാവിൻറെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവരും,

59 തങ്ങളുടെ രക്ഷിതാവിനോട്‌ പങ്കുചേർക്കാത്തവരും,

60 രക്ഷിതാവിങ്കലേക്ക്‌ തങ്ങൾ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന്‌ മനസ്സിൽ ഭയമുള്ളതോടു കൂടി തങ്ങൾ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ

61 അവരത്രെ നൻമകളിൽ ധൃതിപ്പെട്ട്‌ മുന്നേറുന്നവർ. അവരത്രെ അവയിൽ മുമ്പേ ചെന്നെത്തുന്നവരും.

62 ഒരാളോടും അയാളുടെ കഴിവിൽ പെട്ടതല്ലാതെ നാം ശാസിക്കുകയില്ല. സത്യം തുറന്നുപറയുന്ന ഒരു രേഖ നമ്മുടെ പക്കലുണ്ട്‌. അവരോട്‌ അനീതി കാണിക്കപ്പെടുന്നതല്ല.

63 പക്ഷെ, അവരുടെ ഹൃദയങ്ങൾ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലാകുന്നു. അവർക്ക്‌ അത്‌ കൂടാതെയുള്ള ചില പ്രവൃത്തികളാണുള്ളത്‌. അവർ അത്‌ ചെയ്തുകൊണ്ടിരിക്കുകയാകുന്നു.

64 അങ്ങനെ അവരിലെ സുഖലോലുപൻമാരെ ശിക്ഷയിലൂടെ നാം പിടികൂടിയപ്പോൾ അവരതാ നിലവിളികൂട്ടുന്നു.

65 ( നാം പറയും: ) നിങ്ങളിന്ന്‌ നിലവിളി കൂട്ടേണ്ട. തീർച്ചയായും നിങ്ങൾക്ക്‌ നമ്മുടെ പക്കൽ നിന്ന്‌ സഹായം നൽകപ്പെടുകയില്ല.

66 എൻറെ തെളിവുകൾ നിങ്ങൾക്ക്‌ ഓതികേൾപിക്കപ്പെടാറുണ്ടായിരുന്നു. അപ്പോൾ നിങ്ങൾ പുറം തിരിഞ്ഞുപോകുകയായിരുന്നു.

67 പൊങ്ങച്ചം നടിച്ചുകൊണ്ട്‌, ഒരു രാക്കഥയെന്നോണം നിങ്ങൾ അതിനെപ്പറ്റി ( ഖുർആനെപ്പറ്റി ) അസംബന്ധങ്ങൾ പുലമ്പുകയായിരുന്നു.

68 ഈ വാക്കിനെ ( ഖുർആനിനെ ) പ്പറ്റി അവർ ആലോചിച്ച്‌ നോക്കിയിട്ടില്ലേ? അതല്ല, അവരുടെ പൂർവ്വപിതാക്കൾക്ക്‌ വന്നിട്ടില്ലാത്ത ഒരു കാര്യമാണോ അവർക്ക്‌ വന്നുകിട്ടിയിരിക്കുന്നത്‌ ?

69 അതല്ല അവരുടെ ദൂതനെ അവർക്ക്‌ പരിചയമില്ലാഞ്ഞിട്ടാണോ അവർ അദ്ദേഹത്തെ നിഷേധിക്കുന്നത്‌ ?

70 അതല്ല, അദ്ദേഹത്തിന്‌ ഭ്രാന്തുണ്ടെന്നാണോ അവർ പറയുന്നത്‌? അല്ല, അദ്ദേഹം അവരുടെയടുക്കൽ സത്യവും കൊണ്ട്‌ വന്നിരിക്കയാണ്‌. എന്നാൽ അവരിൽ അധികപേരും സത്യത്തെ വെറുക്കുന്നവരത്രെ.

71 സത്യം അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റിയിരുന്നെങ്കിൽ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു. അല്ല, അവർക്കുള്ള ഉൽബോധനവും കൊണ്ടാണ്‌ നാം അവരുടെ അടുത്ത്‌ ചെന്നിരിക്കുന്നത്‌. എന്നിട്ട്‌ അവർ തങ്ങൾക്കുള്ള ഉൽബോധനത്തിൽ നിന്ന്‌ തിരിഞ്ഞുകളയുകയാകുന്നു.

72 അതല്ല, നീ അവരോട്‌ വല്ല പ്രതിഫലവും ചോദിക്കുന്നുണ്ടോ? എന്നാൽ നിൻറെ രക്ഷിതാവിങ്കൽ നിന്നുള്ള പ്രതിഫലമാകുന്നു ഏറ്റവും ഉത്തമമായിട്ടുള്ളത്‌. അവൻ ഉപജീവനം നൽകുന്നവരുടെ കൂട്ടത്തിൽ ഉത്തമനാകുന്നു.

73 തീർച്ചയായും നീ അവരെ നേരായ പാതയിലേക്കാകുന്നു ക്ഷണിക്കുന്നത്‌.

74 പരലോകത്തിൽ വിശ്വസിക്കാത്തവർ ആ പാതയിൽ നിന്ന്‌ തെറ്റിപ്പോകുന്നവരാകുന്നു.

75 നാം അവരോട്‌ കരുണ കാണിക്കുകയും, അവരിലുള്ള കഷ്ടത നീക്കുകയും ചെയ്തിരുന്നുവെങ്കിൽ അവർ തങ്ങളുടെ ധിക്കാരത്തിൽ വിഹരിക്കുന്ന അവസ്ഥയിൽ തന്നെ ശഠിച്ചുനിൽക്കുമായിരുന്നു.

76 നാം അവരെ ശിക്ഷയുമായി പിടികൂടുകയുണ്ടായി. എന്നിട്ടവർ തങ്ങളുടെ രക്ഷിതാവിന്‌ കീഴൊതുങ്ങിയില്ല. അവർ താഴ്മ കാണിക്കുന്നുമില്ല.

77 അങ്ങനെ നാം അവരുടെ നേരെ കഠിനശിക്ഷയുടെ ഒരു കവാടമങ്ങ്‌ തുറന്നാൽ അവരതാ അതിൽ നൈരാശ്യം പൂണ്ടവരായിക്കഴിയുന്നു.

78 അവനാണ്‌ നിങ്ങൾക്ക്‌ കേൾവിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിതന്നിട്ടുള്ളവൻ. കുറച്ചു മാത്രമേ നിങ്ങൾ നന്ദികാണിക്കുന്നുള്ളു.

79 അവനാകുന്നു ഭൂമിയിൽ നിങ്ങളെ സൃഷ്ടിച്ചു വ്യാപിപ്പിച്ചവൻ. അവൻറെ അടുക്കലേക്കാകുന്നു നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുന്നതും.

80 അവൻ തന്നെയാണ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവൻ. രാപകലുകളുടെ വ്യത്യാസവും അവൻറെ നിയന്ത്രണത്തിൽ തന്നെയാകുന്നു. അതിനാൽ നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?

81 അല്ല, പൂർവ്വികൻമാർ പറഞ്ഞതു പോലെ ഇവരും പറഞ്ഞിരിക്കുകയാണ്‌.

82 അവർ പറഞ്ഞു: ഞങ്ങൾ മരിച്ചു മണ്ണും അസ്ഥിശകലങ്ങളും ആയിക്കഴിഞ്ഞാൽ ഞങ്ങൾ ഉയിർത്തെഴുന്നേൽപിക്കപ്പെടുമെന്നോ?

83 ഞങ്ങൾക്കും, മുമ്പ്‌ ഞങ്ങളുടെ പിതാക്കൾക്കും ഈ വാഗ്ദാനം നൽകപ്പെട്ടിരുന്നു. ഇത്‌ പൂർവ്വികൻമാരുടെ കെട്ടുകഥകൾ മാത്രമാകുന്നു.

84 ( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങൾക്കറിയാമെങ്കിൽ ( പറയൂ. )

85 അവർ പറയും; അല്ലാഹുവിന്റേതാണെന്ന്‌. നീ പറയുക: എന്നാൽ നിങ്ങൾ ആലോചിച്ച്‌ മനസ്സിലാക്കുന്നില്ലേ?

86 നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിൻറെ രക്ഷിതാവും ആരാകുന്നു?

87 അവർ പറയും: അല്ലാഹുവിന്നാകുന്നു ( രക്ഷാകർത്തൃത്വം ). നീ പറയുക: എന്നാൽ നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?

88 നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവൻറെ കൈവശത്തിലാണ്‌. അവൻ അഭയം നൽകുന്നു. അവന്നെതിരായി ( എവിടെ നിന്നും ) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവൻ ആരാണ്‌? നിങ്ങൾക്കറിയാമെങ്കിൽ ( പറയൂ. )

89 അവർ പറയും: ( അതെല്ലാം ) അല്ലാഹുവിന്നുള്ളതാണ്‌. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ്‌ നിങ്ങൾ മായാവലയത്തിൽ പെട്ടുപോകുന്നത്‌?

90 അല്ല. നാം അവരുടെ അടുത്ത്‌ സത്യവും കൊണ്ട്‌ ചെന്നിരിക്കുകയാണ്‌. അവരാകട്ടെ വ്യാജവാദികൾ തന്നെയാകുന്നു.

91 അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കിൽ ഓരോ ദൈവവും താൻ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരിൽ ചിലർ ചിലരെ അടിച്ചമർത്തുകയും ചെയ്യുമായിരുന്നു. അവർ പറഞ്ഞുണ്ടാക്കുന്നതിൽ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധൻ!

92 അവൻ അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു. അതിനാൽ അവൻ അവർ പങ്കുചേർക്കുന്നതിനെല്ലാം അതീതനായിരിക്കുന്നു.

93 ( നബിയേ, ) പറയുക: എൻറെ രക്ഷിതാവേ, ഇവർക്ക്‌ താക്കീത്‌ നൽകപ്പെടുന്ന ശിക്ഷ നീ എനിക്ക്‌ കാണുമാറാക്കുകയാണെങ്കിൽ,

94 എൻറെ രക്ഷിതാവേ, നീ എന്നെ അക്രമികളായ ജനതയുടെ കൂട്ടത്തിൽ പെടുത്തരുതേ.

95 നാം അവർക്ക്‌ താക്കീത്‌ നൽകുന്ന ശിക്ഷ നിനക്ക്‌ കാണിച്ചുതരുവാൻ തീർച്ചയായും നാം കഴിവുള്ളവൻ തന്നെയാകുന്നു.

96 ഏറ്റവും നല്ലതേതോ അതുകൊണ്ട്‌ നീ തിൻമയെ തടുത്തു കൊള്ളുക. അവർ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു.

97 നീ പറയുക: എൻറെ രക്ഷിതാവേ, പിശാചുക്കളുടെ ദുർബോധനങ്ങളിൽ നിന്ന്‌ ഞാൻ നിന്നോട്‌ രക്ഷതേടുന്നു.

98 അവർ ( പിശാചുക്കൾ ) എൻറെ അടുത്ത്‌ സന്നിഹിതരാകുന്നതിൽ നിന്നും എൻറെ രക്ഷിതാവേ, ഞാൻ നിന്നോട്‌ രക്ഷതേടുന്നു.

99 അങ്ങനെ അവരിൽ ഒരാൾക്ക്‌ മരണം വന്നെത്തുമ്പോൾ അവൻ പറയും: എൻറെ രക്ഷിതാവേ, എന്നെ ( ജീവിതത്തിലേക്ക്‌ ) തിരിച്ചയക്കേണമേ

100 ഞാൻ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തിൽ എനിക്ക്‌ നല്ല നിലയിൽ പ്രവർത്തിക്കുവാൻ കഴിയത്തക്കവിധം. ഒരിക്കലുമില്ല! അതൊരു വെറും വാക്കാണ്‌. അതവൻ പറഞ്ഞു കൊണ്ടിരിക്കും. അവരുടെ പിന്നിൽ അവർ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്‌.

101 എന്നിട്ട്‌ കാഹളത്തിൽ ഊതപ്പെട്ടാൽ അന്ന്‌ അവർക്കിടയിൽ കുടുംബബന്ധങ്ങളൊന്നുമുണ്ടായിരിക്കുകയില്ല. അവർ അന്യോന്യം അന്വേഷിക്കുകയുമില്ല.

102 അപ്പോൾ ആരുടെ ( സൽകർമ്മങ്ങളുടെ ) തൂക്കങ്ങൾ ഘനമുള്ളതായോ അവർ തന്നെയാണ്‌ വിജയികൾ.

103 ആരുടെ ( സൽകർമ്മങ്ങളുടെ ) തൂക്കങ്ങൾ ലഘുവായിപ്പോയോ അവരാണ്‌ ആത്മനഷ്ടം പറ്റിയവർ, നരകത്തിൽ നിത്യവാസികൾ.

104 നരകാഗ്നി അവരുടെ മുഖങ്ങൾ കരിച്ചു കളയും. അവരതിൽ പല്ലിളിച്ചവരായിരിക്കും.

105 അവരോട്‌ പറയപ്പെടും: ) എൻറെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക്‌ ഓതികേൾപിക്കപ്പെട്ടിരുന്നില്ലേ? അപ്പോൾ നിങ്ങൾ അവയെ നിഷേധിച്ചു തള്ളുകയായിരുന്നുവല്ലോ.

106 അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ നിർഭാഗ്യം ഞങ്ങളെ അതിജയിച്ചു കളഞ്ഞു. ഞങ്ങൾ വഴിപിഴച്ച ഒരു ജനവിഭാഗമായിപ്പോയി.

107 ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ ഇതിൽ നിന്ന്‌ പുറത്തു കൊണ്ട്‌ വരേണമേ. ഇനി ഞങ്ങൾ ( ദുർമാർഗത്തിലേക്ക്‌ തന്നെ ) മടങ്ങുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾ അക്രമികൾ തന്നെയായിരിക്കും.

108 അവൻ ( അല്ലാഹു ) പറയും: നിങ്ങൾ അവിടെത്തന്നെ നിന്ദ്യരായിക്കഴിയുക. നിങ്ങൾ എന്നോട്‌ മിണ്ടിപ്പോകരുത്‌.

109 തീർച്ചയായും എൻറെ ദാസൻമാരിൽ ഒരു വിഭാഗം ഇപ്രകാരം പറയാറുണ്ടായിരുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങൾക്ക്‌ നീ പൊറുത്തുതരികയും, ഞങ്ങളോട്‌ കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരിൽ ഉത്തമനാണല്ലോ.

110 അപ്പോൾ നിങ്ങൾ അവരെ പരിഹാസപാത്രമാക്കുകയാണ്‌ ചെയ്തത്‌. അങ്ങനെ നിങ്ങൾക്ക്‌ എന്നെപ്പറ്റിയുള്ള ഓർമ മറന്നുപോകാൻ അവർ ഒരു കാരണമായിത്തീർന്നു. നിങ്ങൾ അവരെ പുച്ഛിച്ചു ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

111 അവർ ക്ഷമിച്ചതു കൊണ്ട്‌ ഇന്നിതാ ഞാനവർക്ക്‌ പ്രതിഫലം നൽകിയിരിക്കുന്നു. അതെന്തെന്നാൽ അവർ തന്നെയാകുന്നു ഭാഗ്യവാൻമാർ.

112 അവൻ ( അല്ലാഹു ) ചോദിക്കും: ഭൂമിയിൽ നിങ്ങൾ താമസിച്ച കൊല്ലങ്ങളുടെ എണ്ണം എത്രയാകുന്നു?

113 അവർ പറയും: ഞങ്ങൾ ഒരു ദിവസമോ, ഒരു ദിവസത്തിൻറെ അൽപഭാഗമോ താമസിച്ചിട്ടുണ്ടാകും. എണ്ണിത്തിട്ടപ്പെടുത്തിയവരോട്‌ നീ ചോദിച്ചു നോക്കുക.

114 അവൻ പറയും: നിങ്ങൾ അൽപം മാത്രമേ താമസിച്ചിട്ടുള്ളൂ. നിങ്ങളത്‌ മനസ്സിലാക്കുന്നവരായിരുന്നെങ്കിൽ( എത്ര നന്നായിരുന്നേനെ! )

115 അപ്പോൾ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക്‌ നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ?

116 എന്നാൽ യഥാർത്ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. മഹത്തായ സിംഹാസനത്തിൻറെ നാഥനത്രെ അവൻ.

117 വല്ലവനും അല്ലാഹുവോടൊപ്പം മറ്റ്‌ വല്ല ദൈവത്തെയും വിളിച്ച്‌ പ്രാർത്ഥിക്കുന്ന പക്ഷം- അതിന്‌ അവൻറെ പക്കൽ യാതൊരു പ്രമാണവും ഇല്ല തന്നെ - അവൻറെ വിചാരണ അവൻറെ രക്ഷിതാവിൻറെ അടുക്കൽ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികൾ വിജയം പ്രാപിക്കുകയില്ല; തീർച്ച.

118 ( നബിയേ, ) പറയുക: എൻറെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരിൽ ഏറ്റവും ഉത്തമനാണല്ലോ.