Jump to content

പരിശുദ്ധ ഖുർആൻ/അൻബിയാഅ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Holy Quran/Chapter 21 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ജനങ്ങൾക്ക്‌ അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട്‌ തിരിഞ്ഞുകളയുന്നവരാകുന്നു.

2 അവരുടെ രക്ഷിതാവിങ്കൽ നിന്ന്‌ പുതുതായി ഏതൊരു ഉൽബോധനം അവർക്ക്‌ വന്നെത്തിയാലും കളിയാക്കുന്നവരായിക്കൊണ്ട്‌ മാത്രമേ അവരത്‌ കേൾക്കുകയുള്ളൂ.

3 ഹൃദയങ്ങൾ അശ്രദ്ധമായിക്കൊണ്ട്‌ ( അവരിലെ ) അക്രമികൾ അന്യോന്യം രഹസ്യമായി ഇപ്രകാരം മന്ത്രിച്ചു; നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമല്ലേ ഇത്‌? എന്നിട്ട്‌ നിങ്ങൾ കണ്ടറിഞ്ഞ്‌ കൊണ്ട്‌ തന്നെ ഈ ജാലവിദ്യയുടെ അടുത്തേക്ക്‌ ചെല്ലുകയാണോ?

4 അദ്ദേഹം ( നബി ) പറഞ്ഞു: എൻറെ രക്ഷിതാവ്‌ ആകാശത്തും ഭൂമിയിലും പറയപ്പെടുന്നതെല്ലാം അറിയുന്നു. അവനാണ്‌ എല്ലാം കേൾക്കുന്നവനും അറിയുന്നവനും.

5 എന്നാൽ അവർ പറഞ്ഞു: പാഴ്കിനാവുകൾ കണ്ട വിവരമാണ്‌ ( മുഹമ്മദ്‌ പറയുന്നത്‌ ) ( മറ്റൊരിക്കൽ അവർ പറഞ്ഞു: ) അല്ല, അതവൻ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്‌. ( മറ്റൊരിക്കൽ അവർ പറഞ്ഞു: ) അല്ല; അവനൊരു കവിയാണ്‌. എന്നാൽ ( അവൻ പ്രവാചകനാണെങ്കിൽ ) മുൻ പ്രവാചകൻമാർ ഏതൊരു ദൃഷ്ടാന്തവുമായാണോ അയക്കപ്പെട്ടത്‌ അതുപോലൊന്ന്‌ അവൻ നമുക്ക്‌ കൊണ്ട്‌ വന്നു കാണിക്കട്ടെ.

6 ഇവരുടെ മുമ്പ്‌ നാം നശിപ്പിച്ച ഒരു നാട്ടുകാരും വിശ്വസിക്കുകയുണ്ടായില്ല. എന്നിരിക്കെ ഇവർ വിശ്വസിക്കുമോ ?

7 നിനക്ക്‌ മുമ്പ്‌ പുരുഷൻമാരെ ( ആളുകളെ ) യല്ലാതെ നാം ദൂതൻമാരായി നിയോഗിച്ചിട്ടില്ല. അവർക്ക്‌ നാം ബോധനം നൽകുന്നു. നിങ്ങൾ ( ഈ കാര്യം ) അറിയാത്തവരാണെങ്കിൽ വേദക്കാരോട്‌ ചോദിച്ച്‌ നോക്കുക.

8 അവരെ ( പ്രവാചകൻമാരെ ) നാം ഭക്ഷണം കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടില്ല. അവർ നിത്യജീവികളായിരുന്നതുമില്ല.

9 അനന്തരം അവരോടുള്ള വാഗ്ദാനത്തിൽ നാം സത്യസന്ധത പാലിച്ചു. അങ്ങനെ അവരെയും നാം ഉദ്ദേശിക്കുന്നവരെയും നാം രക്ഷപ്പെടുത്തി. അതിരുകവിഞ്ഞവരെ നാം നശിപ്പിക്കുകയും ചെയ്തു.

10 തീർച്ചയായും നിങ്ങൾക്ക്‌ നാം ഒരു ഗ്രന്ഥം അവതരിപ്പിച്ച്‌ തന്നിട്ടുണ്ട്‌. നിങ്ങൾക്കുള്ള ഉൽബോധനം അതിലുണ്ട്‌. എന്നിട്ടും നിങ്ങൾ ചിന്തിക്കുന്നില്ലേ?

11 അക്രമത്തിൽ ഏർപെട്ടിരുന്ന എത്ര നാടുകളെ നാം നിശ്ശേഷം തകർത്തുകളയുകയും, അതിന്‌ ശേഷം നാം മറ്റൊരു ജനവിഭാഗത്തെ വളർത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്‌.!

12 അങ്ങനെ നമ്മുടെ ശിക്ഷ അവർക്ക്‌ അനുഭവപ്പെട്ടപ്പോൾ അവരതാ അവിടെനിന്ന്‌ ഓടിരക്ഷപ്പെടാൻ നോക്കുന്നു.

13 ( അപ്പോൾ അവരോട്‌ പറയപ്പെട്ടു. ) നിങ്ങൾ ഓടിപ്പോകേണ്ട. നിങ്ങൾക്ക്‌ നൽകപ്പെട്ട സുഖാഡംബരങ്ങളിലേക്കും, നിങ്ങളുടെ വസതികളിലേക്കും നിങ്ങൾ തിരിച്ചുപോയിക്കൊള്ളുക. നിങ്ങൾക്ക്‌ വല്ല അപേക്ഷയും നൽകപ്പെടാനുണ്ടായേക്കാം.

14 അവർ പറഞ്ഞു: അയ്യോ; ഞങ്ങൾക്ക്‌ നാശം! തീർച്ചയായും ഞങ്ങൾ അക്രമികളായിപ്പോയി.

15 അങ്ങനെ അവരെ നാം കൊയ്തിട്ട വിള പോലെ ചലനമറ്റ നിലയിലാക്കിത്തീർക്കുവോളം അവരുടെ മുറവിളി അതു തന്നെയായിക്കൊണ്ടിരുന്നു.

16 ആകാശത്തെയും, ഭൂമിയെയും, അവ രണ്ടിനുമിടയിലുള്ളതിനെയും നാം കളിയായിക്കൊണ്ട്‌ സൃഷ്ടിച്ചതല്ല.

17 നാം ഒരു വിനോദമുണ്ടാക്കാൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ നമ്മുടെ അടുക്കൽ നിന്നു തന്നെ നാമത്‌ ഉണ്ടാക്കുമായിരുന്നു. ( എന്നാൽ ) നാം ( അത്‌ ) ചെയ്യുന്നതല്ല.

18 എന്നാൽ നാം സത്യത്തെ എടുത്ത്‌ അസത്യത്തിൻറെ നേർക്ക്‌ എറിയുന്നു. അങ്ങനെ അസത്യത്തെ അത്‌ തകർത്ത്‌ കളയുന്നു. അതോടെ അസത്യം നാശമടയുകയായി. നിങ്ങൾ ( അല്ലാഹുവെപ്പറ്റി ) പറഞ്ഞുണ്ടാക്കുന്നത്‌ നിമിത്തം നിങ്ങൾക്ക്‌ നാശം.

19 അവന്റേതാകുന്നു ആകാശങ്ങളിലും, ഭൂമിയിയും ഉള്ളവരെല്ലാം. അവൻറെ അടുക്കലുള്ളവർ ( മലക്കുകൾ ) അവനെ ആരാധിക്കുന്നത്‌ വിട്ട്‌ അഹങ്കരിക്കുകയില്ല. അവർക്ക്‌ ക്ഷീണം തോന്നുകയുമില്ല.

20 അവർ രാവും പകലും ( അല്ലാഹുവിൻറെ പരിശുദ്ധിയെ ) പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു. അവർ തളരുകയില്ല.

21 അതല്ല, അവർ ഭൂമിയിൽ നിന്നുതന്നെ ( മരിച്ചവരെ ) ജീവിപ്പിക്കാൻ കഴിവുള്ള വല്ല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുകയാണോ?

22 ആകാശഭൂമികളിൽ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കിൽ അത്‌ രണ്ടും തകരാറാകുമായിരുന്നു. അപ്പോൾ സിംഹാസനത്തിൻറെ നാഥനായ അല്ലാഹു, അവർ പറഞ്ഞുണ്ടാക്കുന്നതിൽ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!

23 അവൻ പ്രവർത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌.

24 അതല്ല, അവന്ന്‌ പുറമെ അവർ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: എങ്കിൽ നിങ്ങൾക്കതിനുള്ള പ്രമാണം കൊണ്ട്‌ വരിക. ഇതു തന്നെയാകുന്നു എൻറെ കൂടെയുള്ളവർക്കുള്ള ഉൽബോധനവും എൻറെ മുമ്പുള്ളവർക്കുള്ള ഉൽബോധനവും. പക്ഷെ, അവരിൽ അധികപേരും സത്യം അറിയുന്നില്ല. അതിനാൽ അവർ തിരിഞ്ഞുകളയുകയാകുന്നു.

25 ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ എന്ന്‌ ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്ക്‌ മുമ്പ്‌ ഒരു ദൂതനെയും നാം അയച്ചിട്ടില്ല.

26 പരമകാരുണികൻ സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവർ പറഞ്ഞു.അവൻ എത്ര പരിശുദ്ധൻ! എന്നാൽ ( അവർ - മലക്കുകൾ ) അവൻറെ ആദരണീയരായ ദാസൻമാർ മാത്രമാകുന്നു.

27 അവർ അവനെ മറികടന്നു സംസാരിക്കുകയില്ല. അവൻറെ കൽപനയനുസരിച്ച്‌ മാത്രം അവർ പ്രവർത്തിക്കുന്നു

28 അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവൻ അറിയുന്നു. അവൻ തൃപ്തിപ്പെട്ടവർക്കല്ലാതെ അവർ ശുപാർശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താൽ നടുങ്ങുന്നവരാകുന്നു.

29 അവരുടെ കൂട്ടത്തിൽ ആരെങ്കിലും ഞാൻ അവന്ന്‌ ( അല്ലാഹുവിന്‌ ) പുറമെയുള്ള ദൈവമാണെന്ന്‌ പറയുന്ന പക്ഷം അവന്ന്‌ നാം നരകം പ്രതിഫലമായി നൽകുന്നതാണ്‌. അപ്രകാരമത്രെ അക്രമികൾക്ക്‌ നാം പ്രതിഫലം നൽകുന്നത്‌.

30 ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നു വെന്നും, എന്നിട്ട്‌ നാം അവയെ വേർപെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികൾ കണ്ടില്ലേ? വെള്ളത്തിൽ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ?

31 ഭൂമി അവരെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതിൽ നാം ഉറച്ചുനിൽക്കുന്ന പർവ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. അവർ വഴി കണ്ടെത്തേണ്ടതിനായി അവയിൽ ( പർവ്വതങ്ങളിൽ ) നാം വിശാലമായ പാതകൾ ഏർപെടുത്തുകയും ചെയ്തിരിക്കുന്നു.

32 ആകാശത്തെ നാം സംരക്ഷിതമായ ഒരു മേൽപുരയാക്കിയിട്ടുമുണ്ട്‌. അവരാകട്ടെ അതിലെ ( ആകാശത്തിലെ ) ദൃഷ്ടാന്തങ്ങൾ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.

33 അവനത്രെ രാത്രി, പകൽ, സൂര്യൻ, ചന്ദ്രൻ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി ( സഞ്ചരിച്ചു ) ക്കൊണ്ടിരിക്കുന്നു.

34 ( നബിയേ, ) നിനക്ക്‌ മുമ്പ്‌ ഒരു മനുഷ്യന്നും നാം അനശ്വരത നൽകിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കിൽ അവർ നിത്യജീവികളായിരിക്കുമോ?

35 ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയിൽ തിൻമ നൽകിക്കൊണ്ടും നൻമ നൽകിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക്‌ തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും.

36 സത്യനിഷേധികൾ നിന്നെ കണ്ടാൽ, ഇവനാണോ നിങ്ങളുടെ ദൈവങ്ങളെ ആക്ഷേപിച്ച്‌ സംസാരിക്കുന്നവൻ എന്ന്‌ പറഞ്ഞ്‌ കൊണ്ട്‌ നിന്നെ തമാശയാക്കുക മാത്രമായിരിക്കും ചെയ്യുന്നത്‌. അവർ തന്നെയാണ്‌ പരമകാരുണികൻറെ ഉൽബോധനത്തിൽ അവിശ്വസിക്കുന്നവർ.

37 ധൃതികൂട്ടുന്നവനായിട്ടാകുന്നു മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌. എൻറെ ദൃഷ്ടാന്തങ്ങൾ വഴിയെ ഞാൻ നിങ്ങൾക്ക്‌ കാണിച്ചുതരുന്നതാണ്‌. അതിനാൽ നിങ്ങൾ എന്നോട്‌ ധൃതികൂട്ടരുത്‌.

38 അവർ ചോദിക്കുന്നു; നിങ്ങൾ സത്യവാൻമാരാണെങ്കിൽ ഈ വാഗ്ദാനം എപ്പോഴാണ്‌ ( പുലരുക ) എന്ന്‌.

39 ആ അവിശ്വാസികൾ, അവർക്ക്‌ തങ്ങളുടെ മുഖങ്ങളിൽ നിന്നും മുതുകുകളിൽ നിന്നും നരകാഗ്നിയെ തടുക്കാനാവാത്ത, അവർക്ക്‌ ഒരു സഹായവും സിദ്ധിക്കാത്ത ഒരു സന്ദർഭത്തെപ്പറ്റി മനസ്സിലാക്കിയിരുന്നെങ്കിൽ!

40 അല്ല, പെട്ടന്നായിരിക്കും അത്‌ ( അന്ത്യസമയം ) അവർക്ക്‌ വന്നെത്തുന്നത്‌ . അങ്ങനെ അതവരെ അമ്പരപ്പിച്ച്‌ കളയും. അതിനെ തടുത്ത്‌ നിർത്താൻ അവർക്ക്‌ സാധിക്കുകയില്ല. അവർക്ക്‌ ഇടകൊടുക്കപ്പെടുകയുമില്ല.

41 നിനക്ക്‌ മുമ്പ്‌ പല ദൈവദൂതൻമാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട്‌ അവരെ പുച്ഛിച്ച്‌ തള്ളിയവർക്ക്‌ തങ്ങൾ പരിഹസിച്ച്‌ കൊണ്ടിരുന്നത്‌ ( ശിക്ഷ ) വന്നെത്തുക തന്നെ ചെയ്തു.

42 ( നബിയേ, ) പറയുക: പരമകാരുണികനിൽ നിന്ന്‌ രാത്രിയും പകലും നിങ്ങൾക്ക്‌ രക്ഷനൽകാനാരുണ്ട്‌? അല്ല, അവർ ( ജനങ്ങൾ ) തങ്ങളുടെ രക്ഷിതാവിൻറെ ഉൽബോധനത്തിൽ നിന്ന്‌ തിരിഞ്ഞുകളയുന്നവരാകുന്നു.

43 അതല്ല, നമുക്ക്‌ പുറമെ അവരെ സംരക്ഷിക്കുന്ന വല്ല ദൈവങ്ങളും അവർക്കുണ്ടോ? സ്വദേഹങ്ങൾക്ക്‌ തന്നെ സഹായം ചെയ്യാൻ അവർക്ക്‌ ( ദൈവങ്ങൾക്ക്‌ ) സാധിക്കുകയില്ല. നമ്മുടെ ഭാഗത്ത്‌ നിന്നും അവർ തുണക്കപ്പെടുകയുമില്ല.

44 അല്ല, ഇവർക്കും ഇവരുടെ പിതാക്കൾക്കും നാം ജീവിതസുഖം നൽകി. അങ്ങനെ അവർ ദീർഘകാലം ജീവിച്ചു. എന്നാൽ ആ ഭൂപ്രദേശത്തെ അതിൻറെ നാനാ ഭാഗങ്ങളിൽ നിന്നും നാം ചുരുക്കിക്കൊണ്ട്‌ വരുന്നത്‌ ഇവർ കാണുന്നില്ലേ ? എന്നിട്ടും ഇവർ തന്നെയാണോ വിജയം പ്രാപിക്കുന്നവർ?

45 ( നബിയേ, ) പറയുക: ദിവ്യസന്ദേശ പ്രകാരം മാത്രമാണ്‌ ഞാൻ നിങ്ങൾക്ക്‌ താക്കീത്‌ നൽകുന്നത്‌. താക്കീത്‌ നൽകപ്പെടുമ്പോൾ ബധിരൻമാർ ആ വിളികേൾക്കുകയില്ല.

46 നിൻറെ രക്ഷിതാവിൻറെ ശിക്ഷയിൽ നിന്ന്‌ ഒരു നേരിയ കാറ്റ്‌ അവരെ സ്പർശിക്കുന്ന പക്ഷം തീർച്ചയായും അവർ പറയും: ഞങ്ങളുടെ നാശമേ! തീർച്ചയായും ഞങ്ങൾ അക്രമികളായിപ്പോയല്ലോ!

47 ഉയിർത്തെഴുന്നേൽപിൻറെ നാളിൽ നീതിപൂർണ്ണമായ തുലാസുകൾ നാം സ്ഥാപിക്കുന്നതാണ്‌. അപ്പോൾ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത്‌ ( കർമ്മം ) ഒരു കടുക്മണിത്തൂക്കമുള്ളതാണെങ്കിലും നാമത്‌ കൊണ്ട്‌ വരുന്നതാണ്‌. കണക്ക്‌ നോക്കുവാൻ നാം തന്നെ മതി.

48 മൂസായ്ക്കും ഹാറൂന്നും സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും, പ്രകാശവും, ധർമ്മനിഷ്ഠപുലർത്തുന്നവർക്കുള്ള ഉൽബോധനവും നാം നൽകിയിട്ടുണ്ട്‌.

49 തങ്ങളുടെ രക്ഷിതാവിനെ അദൃശ്യാവസ്ഥയിൽ ഭയപ്പെടുന്നവരും, അന്ത്യനാളിനെപ്പറ്റി ഉൽക്കണ്ഠയുള്ളവരുമാരോ ( അവർക്കുള്ള ഉൽബോധനം. )

50 ഇത്‌ ( ഖുർആൻ ) നാം അവതരിപ്പിച്ച അനുഗ്രഹപൂർണ്ണമായ ഒരു ഉൽബോധനമാകുന്നു. എന്നിരിക്കെ നിങ്ങൾ അതിനെ നിഷേധിക്കുകയാണോ?

51 മുമ്പ്‌ ഇബ്രാഹീമിന്‌ തൻറെതായ വിവേകം നാം നൽകുകയുണ്ടായി. അദ്ദേഹത്തെ പറ്റി നമുക്കറിയാമായിരുന്നു.

52 തൻറെ പിതാവിനോടും തൻറെ ജനങ്ങളോടും അദ്ദേഹം ഇപ്രകാരം ചോദിച്ച സന്ദർഭം ( ശ്രദ്ധേയമത്രെ: ) നിങ്ങൾ പൂജിച്ചുകൊണേ്ടയിരിക്കുന്ന ഈ പ്രതിമകൾ എന്താകുന്നു?

53 അവർ പറഞ്ഞു: ഞങ്ങളുടെ പിതാക്കൾ ഇവയെ ആരാധിച്ച്‌ വരുന്നതായിട്ടാണ്‌ ഞങ്ങൾ കണ്ടത്‌.

54 അദ്ദേഹം പറഞ്ഞു: തീർച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലായിരിക്കുന്നു.

55 അവർ പറഞ്ഞു: നീ ഞങ്ങളുടെ അടുത്ത്‌ സത്യവും കൊണ്ട്‌ വന്നിരിക്കുകയാണോ? അതല്ല, നീ കളിപറയുന്നവരുടെ കൂട്ടത്തിലാണോ?

56 അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളുടെ രക്ഷിതാവ്‌ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവയെ സൃഷ്ടിച്ചുണ്ടാക്കിയവൻ. ഞാൻ അതിന്‌ സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.

57 അല്ലാഹുവെ തന്നെയാണ, തീർച്ചയായും നിങ്ങൾ പിന്നിട്ട്‌ പോയതിന്‌ ശേഷം ഞാൻ നിങ്ങളുടെ വിഗ്രഹങ്ങളുടെ കാര്യത്തിൽ ഒരു തന്ത്രം പ്രയോഗിക്കുന്നതാണ്‌.

58 അങ്ങനെ അദ്ദേഹം അവരെ ( ദൈവങ്ങളെ ) തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. അവരിൽ ഒരാളെ ഒഴികെ. അവർക്ക്‌ ( വിവരമറിയാനായി ) അയാളുടെ അടുത്തേക്ക്‌ തിരിച്ചുചെല്ലാമല്ലോ?

59 അവർ പറഞ്ഞു: നമ്മുടെ ദൈവങ്ങളെക്കൊണ്ട്‌ ഇത്‌ ചെയ്തവൻ ആരാണ്‌? തീർച്ചയായും അവൻ അക്രമികളിൽ പെട്ടവൻ തന്നെയാണ്‌.

60 ചിലർ പറഞ്ഞു: ഇബ്രാഹീം എന്ന്‌ വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരൻ ആ ദൈവങ്ങളെപ്പറ്റി പരാമർശിക്കുന്നത്‌ ഞങ്ങൾ കേട്ടിണ്ട്‌.

61 അവർ പറഞ്ഞു: എന്നാൽ നിങ്ങൾ അവനെ ജനങ്ങളുടെ കൺമുമ്പിൽ കൊണ്ട്‌ വരൂ. അവർ സാക്ഷ്യം വഹിച്ചേക്കാം.

62 അവർ ചോദിച്ചു: ഇബ്രാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെക്കൊണ്ട്‌ ഇതു ചെയ്തത്‌?

63 അദ്ദേഹം പറഞ്ഞു: എന്നാൽ അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ്‌ അത്‌ ചെയ്തത്‌. അവർ സംസാരിക്കുമെങ്കിൽ നിങ്ങൾ അവരോട്‌ ചോദിച്ച്‌ നോക്കൂ!

64 അപ്പോൾ അവർ സ്വമനസ്സകളിലേക്ക്‌ തന്നെ മടങ്ങി. എന്നിട്ടവർ ( അന്യോന്യം ) പറഞ്ഞു: തീർച്ചയായും നിങ്ങൾ തന്നെയാണ്‌ അക്രമകാരികൾ.

65 പിന്നെ അവർ തലകുത്തനെ മറിഞ്ഞു. ( അവർ പറഞ്ഞു: ) ഇവർ സംസാരിക്കുകയില്ലെന്ന്‌ നിനക്കറിയാമല്ലോ.

66 അദ്ദേഹം പറഞ്ഞു: അപ്പോൾ നിങ്ങൾക്ക്‌ യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന്‌ പുറമെ നിങ്ങൾ ആരാധിക്കുകയാണോ?

67 നിങ്ങളുടെയും, അല്ലാഹുവിന്‌ പുറമെ നിങ്ങൾ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങൾ ചിന്തിക്കുന്നില്ലേ?

68 അവർ പറഞ്ഞു: നിങ്ങൾക്ക്‌ ( വല്ലതും ) ചെയ്യാനാകുമെങ്കിൽ നിങ്ങൾ ഇവനെ ചുട്ടെരിച്ച്‌ കളയുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക.

69 നാം പറഞ്ഞു: തീയേ, നീ ഇബ്രാഹീമിന്‌ തണുപ്പും സമാധാനവുമായിരിക്കുക.

70 അദ്ദേഹത്തിൻറെ കാര്യത്തിൽ ഒരു തന്ത്രം പ്രയോഗിക്കുവാൻ അവർ ഉദ്ദേശിച്ചു. എന്നാൽ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ്‌ നാം ചെയ്തത്‌.

71 ലോകർക്ക്‌ വേണ്ടി നാം അനുഗൃഹീതമാക്കിവെച്ചിട്ടുള്ള ഒരു ഭൂപ്രദേശത്തേക്ക്‌ അദ്ദേഹത്തേയും ലൂത്വിനേയും നാം രക്ഷപ്പെടുത്തിക്കൊണ്ട്‌ പോകുകയും ചെയ്തു.

72 അദ്ദേഹത്തിന്‌ നാം ഇഷാഖിനെ പ്രദാനം ചെയ്തു. പുറമെ ( പൗത്രൻ ) യഅ്ഖൂബിനെയും. അവരെയെല്ലാം നാം സദ്‌വൃത്തരാക്കിയിരിക്കുന്നു.

73 അവരെ നാം നമ്മുടെ കൽപനപ്രകാരം മാർഗദർശനം നൽകുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങൾ ചെയ്യണമെന്നും, നമസ്കാരം മുറപോലെ നിർവഹിക്കണമെന്നും, സകാത്ത്‌ നൽകണമെന്നും നാം അവർക്ക്‌ ബോധനം നൽകുകയും ചെയ്തു. നമ്മെയായിരുന്നു അവർ ആരാധിച്ചിരുന്നത്‌.

74 ലൂത്വിന്‌ നാം വിധികർത്തൃത്വവും വിജ്ഞാനവും നൽകുകയുണ്ടായി. ദുർവൃത്തികൾ ചെയ്തുകൊണ്ടിരുന്ന ആ നാട്ടിൽ നിന്ന്‌ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. തീർച്ചയായും അവർ ( നാട്ടുകാർ ) ധിക്കാരികളായ ഒരു ദുഷിച്ച ജനതയായിരുന്നു.

75 നമ്മുടെ കാരുണ്യത്തിൽ അദ്ദേഹത്തെ നാം ഉൾപെടുത്തുകയും ചെയ്തു. തീർച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു.

76 നൂഹിനെയും ( ഓർക്കുക ). മുമ്പ്‌ അദ്ദേഹം വിളിച്ച്‌ പ്രാർത്ഥിച്ച സന്ദർഭം. അദ്ദേഹത്തിന്‌ നാം ഉത്തരം നൽകി. അങ്ങനെ അദ്ദേഹത്തെയും, അദ്ദേഹത്തിൻറെ കുടുംബത്തെയും നാം മഹാ ദുഃഖത്തിൽ നിന്ന്‌ രക്ഷപ്പെടുത്തി.

77 നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയ ജനങ്ങളിൽ നിന്ന്‌ അദ്ദേഹത്തിന്‌ നാം രക്ഷനൽകുകയും ചെയ്തു. തീർച്ചയായും അവർ ദുഷിച്ച ഒരു ജനവിഭാഗമായിരുന്നു.അതിനാൽ അവരെ മുഴുവൻ നാം മുക്കി നശിപ്പിച്ചു കളഞ്ഞു.

78 ദാവൂദിനെയും ( പുത്രൻ ) സുലൈമാനെയും ( ഓർക്കുക. ) ഒരു ജനവിഭാഗത്തിൻറെ ആടുകൾ വിളയിൽ കടന്ന്‌ മേഞ്ഞ പ്രശ്നത്തിൽ അവർ രണ്ട്‌ പേരും വിധികൽപിക്കുന്ന സന്ദർഭം. അവരുടെ വിധിക്ക്‌ നാം സാക്ഷ്യം വഹിക്കുന്നുണ്ടായിരിന്നു.

79 അപ്പോൾ സുലൈമാന്ന്‌ നാം അത്‌ ( പ്രശ്നം ) ഗ്രഹിപ്പിച്ചു അവർ ഇരുവർക്കും നാം വിധികർത്തൃത്വവും വിജ്ഞാനവും നൽകിയിരുന്നു. ദാവൂദിനോടൊപ്പം കീർത്തനം ചെയ്തുകൊണ്ടിരിക്കുന്ന നിലയിൽ പർവ്വതങ്ങളെയും പക്ഷികളെയും നാം കീഴ്പെടുത്തികൊടുത്തു. നാമായിരുന്നു ( അതെല്ലാം ) നടപ്പാക്കിക്കൊണ്ടിരുന്നത്‌.

80 നിങ്ങൾ നേരിടുന്ന യുദ്ധ വിപത്തുകളിൽ നിന്ന്‌ നിങ്ങൾക്ക്‌ സംരക്ഷണം നൽകുവാനായി നിങ്ങൾക്ക്‌ വേണ്ടിയുള്ള പടയങ്കിയുടെ നിർമാണവും അദ്ദേഹത്തെ നാം പഠിപ്പിച്ചു. എന്നിട്ട്‌ നിങ്ങൾ നന്ദിയുള്ളവരാണോ?

81 സുലൈമാന്ന്‌ ശക്തിയായി വീശുന്ന കാറ്റിനെയും ( നാം കീഴ്പെടുത്തികൊടുത്തു. ) നാം അനുഗ്രഹം നൽകിയിട്ടുള്ള ഭൂപ്രദേശത്തേക്ക്‌ അദ്ദേഹത്തിൻറെ കൽപനപ്രകാരം അത്‌ ( കാറ്റ്‌ ) സഞ്ചരിച്ച്‌ കൊണ്ടിരുന്നു. എല്ലാകാര്യത്തെപറ്റിയും നാം അറിവുള്ളവനാകുന്നു.

82 പിശാചുക്കളുടെ കൂട്ടത്തിൽ നിന്ന്‌ അദ്ദേഹത്തിന്‌ വേണ്ടി ( കടലിൽ ) മുങ്ങുന്ന ചിലരെയും ( നാം കീഴ്പെടുത്തികൊടുത്തു. ) അതു കൂടാതെ മറ്റു ചില പ്രവൃത്തികളും അവർ ചെയ്തിരുന്നു. നാമായിരുന്നു അവരെ കാത്തുസൂക്ഷിച്ച്‌ കൊണ്ടിരുന്നത്‌.

83 അയ്യൂബിനെയും ( ഓർക്കുക. ) തൻറെ രക്ഷിതാവിനെ വിളിച്ച്‌ കൊണ്ട്‌ അദ്ദേഹം ഇപ്രകാരം പ്രാർത്ഥിച്ച സന്ദർഭം: എനിക്കിതാ കഷ്ടപ്പാട്‌ ബാധിച്ചിരിക്കുന്നു. നീ കാരുണികരിൽ വെച്ച്‌ ഏറ്റവും കരുണയുള്ളവനാണല്ലോ.

84 അപ്പോൾ അദ്ദേഹത്തിന്‌ നാം ഉത്തരം നൽകുകയും, അദ്ദേഹത്തിന്‌ നേരിട്ട കഷ്ടപ്പാട്‌ നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളെയും, അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന്‌ നൽകുകയും ചെയ്തു. നമ്മുടെ പക്കൽ നിന്നുള്ള ഒരു കാരുണ്യവും, ആരാധനാനിരതരായിട്ടുള്ളവർക്ക്‌ ഒരു സ്മരണയുമാണത്‌.

85 ഇസ്മാഈലിനെയും, ഇദ്‌രീസിനെയും, ദുൽകിഫ്ലിനെയും ( ഓർക്കുക ) അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു.

86 അവരെ നാം നമ്മുടെ കാരുണ്യത്തിൽ ഉൾപെടുത്തുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അവർ സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു.

87 ദുന്നൂനി നെയും ( ഓർക്കുക. ) അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദർഭം. നാം ഒരിക്കലും അദ്ദേഹത്തിന്‌ ഞെരുക്കമുണ്ടാക്കുകയില്ലെന്ന്‌ അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകൾക്കുള്ളിൽ നിന്ന്‌ അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു.

88 അപ്പോൾ നാം അദ്ദേഹത്തിന്‌ ഉത്തരം നൽകുകയും ദുഃഖത്തിൽ നിന്ന്‌ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു.

89 സകരിയ്യായെയും ( ഓർക്കുക. ) അദ്ദേഹം തൻറെ രക്ഷിതാവിനെ വിളിച്ച്‌ ഇപ്രകാരം പ്രാർത്ഥിച്ച സന്ദർഭം: എൻറെ രക്ഷിതാവേ, നീ എന്നെ ഏകനായി ( പിന്തുടർച്ചക്കാരില്ലാതെ ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരിൽ ഏറ്റവും ഉത്തമൻ.

90 അപ്പോൾ നാം അദ്ദേഹത്തിന്‌ ഉത്തരം നൽകുകയും, അദ്ദേഹത്തിന്‌ ( മകൻ ) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിൻറെ ഭാര്യയെ നാം ( ഗർഭധാരണത്തിന്‌ ) പ്രാപ്തയാക്കുകയും ചെയ്തു. തീർച്ചയായും അവർ ( പ്രവാചകൻമാർ ) ഉത്തമകാര്യങ്ങൾക്ക്‌ ധൃതികാണിക്കുകയും, ആശിച്ച്‌ കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട്‌ പ്രാർത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവർ നമ്മോട്‌ താഴ്മ കാണിക്കുന്നവരുമായിരുന്നു.

91 തൻറെ ഗുഹ്യസ്ഥാനം സൂക്ഷിച്ച ഒരുവളെ ( മർയം ) യും ഓർക്കുക. അങ്ങനെ അവളിൽ നമ്മുടെ ആത്മാവിൽ നിന്ന്‌ നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകർക്ക്‌ ദൃഷ്ടാന്തമാക്കുകയും ചെയ്തു.

92 ( മനുഷ്യരേ, ) തീർച്ചയായും ഇതാണ്‌ നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാൻ നിങ്ങളുടെ രക്ഷിതാവും. അതിനാൽ നിങ്ങൾ എന്നെ ആരാധിക്കുവിൻ.

93 എന്നാൽ അവർക്കിടയിൽ അവരുടെ കാര്യം അവർ ശിഥിലമാക്കിക്കളഞ്ഞിരിക്കയാണ്‌. എല്ലാവരും നമ്മുടെ അടുത്തേക്ക്‌ തന്നെ മടങ്ങിവരുന്നവരത്രെ.

94 വല്ലവനും സത്യവിശ്വാസിയായിക്കൊണ്ട്‌ സൽകർമ്മങ്ങളിൽ വല്ലതും ചെയ്യുന്ന പക്ഷം അവൻറെ പ്രയത്നത്തിൻറെ ഫലം നിഷേധിക്കപ്പെടുകയേയില്ല. തീർച്ചയായും നാം അത്‌ എഴുതിവെക്കുന്നതാണ്‌.

95 നാം നശിപ്പിച്ച്‌ കളഞ്ഞിട്ടുള്ള ഏതൊരു നാട്ടുകാരെ സംബന്ധിച്ചിടത്തോളവും അവർ നമ്മുടെ അടുത്തേക്ക്‌ തിരിച്ചുവരാതിരിക്കുക എന്നത്‌ അസംഭവ്യമാകുന്നു.

96 അങ്ങനെ യഅ്ജൂജ്‌ - മഅ്ജൂജ്‌ ജനവിഭാഗങ്ങൾ തുറന്നുവിടപ്പെടുകയും, അവർ എല്ലാ കുന്നുകളിൽ നിന്നും കുതിച്ചിറങ്ങി വരികയും.

97 ആ സത്യവാഗ്ദാനം ആസന്നമാകുകയും ചെയ്താൽ അപ്പോഴതാ അവിശ്വസിച്ചവരുടെ കണ്ണുകൾ ഇമവെട്ടാതെ നിന്നു പോകന്നു. ഞങ്ങളുടെ നാശമേ! ഞങ്ങൾ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലായിപ്പോയല്ലോ. അല്ല; ഞങ്ങൾ അക്രമകാരികളായിപ്പോയല്ലോ ( എന്നായിരിക്കും അവർ പറയുന്നത്‌. )

98 തീർച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങൾ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങൾ അതിലേക്ക്‌ വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌.

99 ഇക്കൂട്ടർ ദൈവങ്ങളായിരുന്നുവെങ്കിൽ ഇവർ അതിൽ ( നരകത്തിൽ ) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതിൽ നിത്യവാസികളായിരിക്കും.

100 അവർക്ക്‌ അവിടെ ഒരു തേങ്ങലുണ്ടായിരിക്കും. അവർ അതിൽ വെച്ച്‌ ( യാതൊന്നും ) കേൾക്കുകയുമില്ല.

101 തീർച്ചയായും നമ്മുടെ പക്കൽ നിന്നു മുമ്പേ നൻമ ലഭിച്ചവരാരോ അവർ അതിൽ ( നരകത്തിൽ ) നിന്ന്‌ അകറ്റിനിർത്തപ്പെടുന്നവരാകുന്നു.

102 അതിൻറെ നേരിയ ശബ്ദം പോലും അവർ കേൾക്കുകയില്ല. തങ്ങളുടെ മനസ്സുകൾക്ക്‌ ഇഷ്ടപ്പെട്ട സുഖാനുഭവങ്ങളിൽ അവർ നിത്യവാസികളായിരിക്കും.

103 ഏറ്റവും വലിയ ആ സംഭ്രമം അവർക്ക്‌ ദുഃഖമുണ്ടാക്കുകയില്ല. നിങ്ങൾക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന നിങ്ങളുടേതായ ദിവസമാണിത്‌ എന്ന്‌ പറഞ്ഞ്‌ കൊണ്ട്‌ മലക്കുകൾ അവരെ സ്വാഗതം ചെയ്യുന്നതാണ്‌.

104 ഗ്രന്ഥങ്ങളുടെ ഏടുകൾ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചത്‌ പോലെത്തന്നെ നാം അത്‌ ആവർത്തിക്കുന്നതുമാണ്‌. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്‌. നാം ( അത്‌ ) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്‌.

105 ഭൂമിയുടെ അനന്തരാവകാശമെടുക്കുന്നത്‌ എൻറെ സദ്‌വൃത്തരായ ദാസൻമാരായിരിക്കും എന്ന്‌ ഉൽബോധനത്തിന്‌ ശേഷം നാം സബൂറിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

106 തീർച്ചയായും ഇതിൽ ആരാധനാ നിരതരായ ആളുകൾക്ക്‌ ഒരു സന്ദേശമുണ്ട്‌.

107 ലോകർക്ക്‌ കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.

108 പറയുക: നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണ്‌ എന്നത്രെ എനിക്ക്‌ ബോധനം നൽകപ്പെടുന്നത്‌. അതിനാൽ നിങ്ങൾ മുസ്ലിംകളാകുന്നുണ്ടോ?

109 എന്നിട്ട്‌ അവർ തിരിഞ്ഞുകളയുകയാണെങ്കിൽ നീ പറയുക: നിങ്ങളോട്‌ ഞാൻ പ്രഖ്യാപിച്ചിട്ടുള്ളത്‌ തുല്യമായ വിധത്തിലാകുന്നു. നിങ്ങളോട്‌ വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യം ആസന്നമാണോ അതല്ല വിദൂരമാണോ എന്നെനിക്കറിഞ്ഞ്‌ കൂടാ.

110 തീർച്ചയായും സംസാരത്തിൽ നിന്ന്‌ പരസ്യമായിട്ടുള്ളത്‌ അവൻ അറിയും. നിങ്ങൾ ഒളിച്ച്‌ വെക്കുന്നതും അവൻ അറിയും.

111 എനിക്കറിഞ്ഞ്‌ കൂടാ, ഇത്‌ ഒരു വേള നിങ്ങൾക്കൊരു പരീക്ഷണവും, അൽപസമയത്തേക്ക്‌ മാത്രമുള്ള ഒരു സുഖാനുഭവവും ആയേക്കാം.

112 അദ്ദേഹം ( നബി ) പറഞ്ഞു: എൻറെ രക്ഷിതാവേ, നീ യാഥാർത്ഥ്യമനുസരിച്ച്‌ വിധികൽപിക്കേണമേ. നമ്മുടെ രക്ഷിതാവ്‌ പരമകാരുണികനും നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതിനെതിരിൽ സഹായമർത്ഥിക്കപ്പെടാവുന്നവനുമത്രെ.