Jump to content

പരിശുദ്ധ ഖുർആൻ/ഇസ്റാഅ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Holy Quran/Chapter 17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 തൻറെ ദാസനെ ( നബിയെ ) ഒരു രാത്രിയിൽ മസ്ജിദുൽ ഹറാമിൽ നിന്ന്‌ മസ്ജിദുൽ അഖ്സായിലേക്ക്‌ - അതിൻറെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവൻ എത്രയോ പരിശുദ്ധൻ! നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ചിലത്‌ അദ്ദേഹത്തിന്‌ നാം കാണിച്ചുകൊടുക്കാൻ വേണ്ടിയത്രെ അത്‌. തീർച്ചയായും അവൻ ( അല്ലാഹു ) എല്ലാം കേൾക്കുന്നവനും കാണുന്നവനുമത്രെ.

2 മൂസായ്ക്ക്‌ നാം വേദഗ്രന്ഥം നൽകുകയും, അതിനെ നാം ഇസ്രായീൽ സന്തതികൾക്ക്‌ മാർഗദർശകമാക്കുകയും ചെയ്തു. എനിക്കു പുറമെ യാതൊരു കൈകാര്യകർത്താവിനെയും നിങ്ങൾ സ്വീകരിക്കരുത്‌ എന്ന്‌ ( അനുശാസിക്കുന്ന വേദഗ്രന്ഥം ).

3 നൂഹിനോടൊപ്പം നാം കപ്പലിൽ കയറ്റിയവരുടെ സന്തതികളേ, തീർച്ചയായും അദ്ദേഹം ( നൂഹ്‌ ) വളരെ നന്ദിയുള്ള ഒരു ദാസനായിരുന്നു.

4 ഇസ്രായീൽ സന്തതികൾക്ക്‌ ഇപ്രകാരം നാം വേദഗ്രന്ഥത്തിൽ വിധി നൽകിയിരിക്കുന്നു: തീർച്ചയായും നിങ്ങൾ ഭൂമിയിൽ രണ്ട്‌ പ്രാവശ്യം കുഴപ്പമുണ്ടാക്കുകയും വലിയ ഔന്നത്യം നടിക്കുകയും ചെയ്യുന്നതാണ്‌.

5 അങ്ങനെ ആ രണ്ട്‌ സന്ദർഭങ്ങളിൽ ഒന്നാമത്തേതിന്ന്‌ നിശ്ചയിച്ച ( ശിക്ഷയുടെ ) സമയമായാൽ ഉഗ്രപരാക്രമശാലികളായ നമ്മുടെ ചില ദാസൻമാരെ നിങ്ങളുടെ നേരെ നാം അയക്കുന്നതാണ്‌. അങ്ങനെ അവർ വീടുകൾക്കിടയിൽ ( നിങ്ങളെ ) തെരഞ്ഞു നടക്കും. അത്‌ പ്രാവർത്തികമാക്കപ്പെട്ട ഒരു വാഗ്ദാനം തന്നെയാകുന്നു.

6 പിന്നെ നാം അവർക്കെതിരിൽ നിങ്ങൾക്ക്‌ വിജയം തിരിച്ചുതന്നു. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട്‌ നിങ്ങളെ നാം പോഷിപ്പിക്കുകയും നിങ്ങളെ നാം കൂടുതൽ സംഘബലമുള്ളവരാക്കിത്തീർക്കുകയും ചെയ്തു.

7 നിങ്ങൾ നൻമ പ്രവർത്തിക്കുന്ന പക്ഷം നിങ്ങളുടെ ഗുണത്തിനായി തന്നെയാണ്‌ നിങ്ങൾ നൻമ പ്രവർത്തിക്കുന്നത്‌. നിങ്ങൾ തിൻമ പ്രവർത്തിക്കുകയാണെങ്കിൽ ( അതിൻറെ ദോഷവും ) നിങ്ങൾക്കു തന്നെ. എന്നാൽ ( ആ രണ്ട്‌ സന്ദർഭങ്ങളിൽ ) അവസാനത്തേതിന്‌ നിശ്ചയിച്ച ( ശിക്ഷയുടെ ) സമയം വന്നാൽ നിങ്ങളുടെ മുഖങ്ങളെ അപമാനത്തിലാഴ്ത്തുവാനും, ആദ്യതവണ ആരാധനാലയത്തിൽ പ്രവേശിച്ചത്‌ പോലെ വീണ്ടും പ്രവേശിക്കുവാനും കീഴടക്കിയതെല്ലാം തകർത്ത്‌ കളയുവാനും ( നാം ശത്രുക്കളെ നിയോഗിക്കുന്നതാണ്‌. )

8 നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളോട്‌ കരുണ കാണിക്കുന്നവനായേക്കാം. നിങ്ങൾ ആവർത്തിക്കുന്ന പക്ഷം നമ്മളും ആവർത്തിക്കുന്നതാണ്‌. നരകത്തെ നാം സത്യനിഷേധികൾക്ക്‌ ഒരു തടവറ ആക്കിയിരിക്കുന്നു.

9 തീർച്ചയായും ഈ ഖുർആൻ ഏറ്റവും ശരിയായതിലേക്ക്‌ വഴി കാണിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾക്ക്‌ വലിയ പ്രതിഫലമുണ്ട്‌ എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു.

10 പരലോകത്തിൽ വിശ്വസിക്കാത്തവരാരോ അവർക്ക്‌ നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്‌ എന്നും ( സന്തോഷവാർത്ത അറിയിക്കുന്നു. )

11 മനുഷ്യൻ ഗുണത്തിന്‌ വേണ്ടി പ്രാർത്ഥിക്കുന്നത്‌ പോലെ തന്നെ ദോഷത്തിന്‌ വേണ്ടിയും പ്രാർത്ഥിക്കുന്നു. മനുഷ്യൻ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു.

12 രാവിനെയും പകലിനെയും നാം രണ്ട്‌ ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും, പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നൽകുന്നതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള അനുഗ്രഹം നിങ്ങൾ തേടുന്നതിന്‌ വേണ്ടിയും, കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങൾ മനസ്സിലാക്കുവാൻ വേണ്ടിയും. ഓരോ കാര്യവും നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു.

13 ഓരോ മനുഷ്യന്നും അവൻറെ ശകുനം അവൻറെ കഴുത്തിൽ തന്നെ നാം ബന്ധിച്ചിരിക്കുന്നു ഉയിർത്തെഴുന്നേൽപിൻറെ നാളിൽ ഒരു ഗ്രന്ഥം നാമവന്ന്‌ വേണ്ടി പുറത്തെടുക്കുന്നതാണ്‌. അത്‌ നിവർത്തിവെക്കപ്പെട്ടതായി അവൻ കണ്ടെത്തും.

14 നീ നിൻറെ ഗ്രന്ഥം വായിച്ചുനോക്കുക. നിന്നെ സ്സംബന്ധിച്ചിടത്തോളം കണക്ക്‌ നോക്കാൻ ഇന്ന്‌ നീ തന്നെ മതി. ( എന്ന്‌ അവനോട്‌ അന്ന്‌ പറയപ്പെടും )

15 വല്ലവനും നേർമാർഗം സ്വീകരിക്കുന്ന പക്ഷം തൻറെ സ്വന്തം ഗുണത്തിനായി തന്നെയാണ്‌ അവൻ നേർമാർഗം സ്വീകരിക്കുന്നത്‌. വല്ലവനും വഴിപിഴച്ച്‌ പോകുന്ന പക്ഷം തനിക്ക്‌ ദോഷത്തിനായി തന്നെയാണ്‌ അവൻ വഴിപിഴച്ചു പോകുന്നത്‌. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത്‌ വരെ നാം ( ആരെയും ) ശിക്ഷിക്കുന്നതുമല്ല.

16 ഏതെങ്കിലും ഒരു രാജ്യം നാം നശിപ്പിക്കാൻ ഉദ്ദേശിച്ചാൽ അവിടത്തെ സുഖലോലുപൻമാർക്ക്‌ നാം ആജ്ഞകൾ നൽകും. എന്നാൽ ( അത്‌ വകവെക്കാതെ ) അവർ അവിടെ താന്തോന്നിത്തം നടത്തും. ( ശിക്ഷയെപ്പറ്റിയുള്ള ) വാക്ക്‌ അങ്ങനെ അതിൻറെ (രാജ്യത്തിൻറെ) കാര്യത്തിൽ സ്ഥിരപ്പെടുകയും, നാം അതിനെ നിശ്ശേഷം തകർക്കുകയും ചെയ്യുന്നതാണ്‌.

17 നൂഹിൻറെ ശേഷം എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌! തൻറെ ദാസൻമാരുടെ പാപങ്ങളെ സംബന്ധിച്ച്‌ സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമായി നിൻറെ രക്ഷിതാവ്‌ തന്നെ മതി.

18 ക്ഷണികമായതിനെ ( ഇഹലോകത്തെ ) യാണ്‌ വല്ലവരും ഉദ്ദേശിക്കുന്നതെങ്കിൽ അവർക്ക്‌ അഥവാ ( അവരിൽ നിന്ന്‌ ) നാം ഉദ്ദേശിക്കുന്നവർക്ക്‌ നാം ഉദ്ദേശിക്കുന്നത്‌ ഇവിടെ വെച്ച്‌ തന്നെ വേഗത്തിൽ നൽകുന്നതാണ്‌. പിന്നെ നാം അങ്ങനെയുള്ളവന്ന്‌ നൽകുന്നത്‌ നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട്‌ അവൻ അതിൽ കടന്നെരിയുന്നതാണ്‌.

19 ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട്‌ അതിന്നു വേണ്ടി അതിൻറെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാർഹമായിരിക്കും.

20 ഇക്കൂട്ടരെയും അക്കൂട്ടരെയും എല്ലാം തന്നെ ( ഇവിടെ വെച്ച്‌ ) നാം സഹായിക്കുന്നതാണ്‌. നിൻറെ രക്ഷിതാവിൻറെ ദാനത്തിൽ പെട്ടതത്രെ അത്‌. നിൻറെ രക്ഷിതാവിൻറെ ദാനം തടഞ്ഞ്‌ വെക്കപ്പെടുന്നതല്ല.

21 നാം അവരിൽ ചിലരെ മറ്റുചിലരെക്കാൾ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നത്‌ എങ്ങനെയെന്ന്‌ നോക്കൂ. പരലോകജീവിതം ഏറ്റവും വലിയ പദവിയുള്ളതും, ഏറ്റവും വലിയ ഉൽകൃഷ്ടതയുള്ളതും തന്നെയാകുന്നു.

22 അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ സ്ഥാപിക്കരുത്‌. എങ്കിൽ അപമാനിതനും കയ്യൊഴിക്കപ്പെട്ടവനുമായി നീ ഇരിക്കേണ്ടി വരും.

23 തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും, മാതാപിതാക്കൾക്ക്‌ നൻമചെയ്യണമെന്നും നിൻറെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവരിൽ ( മാതാപിതാക്കളിൽ ) ഒരാളോ അവർ രണ്ട്‌ പേരും തന്നെയോ നിൻറെ അടുക്കൽ വെച്ച്‌ വാർദ്ധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട്‌ നീ ഛെ എന്ന്‌ പറയുകയോ, അവരോട്‌ കയർക്കുകയോ ചെയ്യരുത്‌. അവരോട്‌ നീ മാന്യമായ വാക്ക്‌ പറയുക.

24 കാരുണ്യത്തോട്‌ കൂടി എളിമയുടെ ചിറക്‌ നീ അവർ ഇരുവർക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എൻറെ രക്ഷിതാവേ, ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റിവളർത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കണമേ എന്ന്‌ നീ പറയുകയും ചെയ്യുക.

25 നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ മനസ്സുകളിലുള്ളത്‌ നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങൾ നല്ലവരായിരിക്കുന്ന പക്ഷം തീർച്ചയായും അവൻ ഖേദിച്ചുമടങ്ങുന്നവർക്ക്‌ ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു.

26 കുടുംബബന്ധമുള്ളവന്ന്‌ അവൻറെ അവകാശം നീ നൽകുക. അഗതിക്കും വഴിപോക്കന്നും ( അവരുടെ അവകാശവും ) . നീ ( ധനം ) ദുർവ്യയം ചെയ്ത്‌ കളയരുത്‌.

27 തീർച്ചയായും ദുർവ്യയം ചെയ്യുന്നവർ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച്‌ തൻറെ രക്ഷിതാവിനോട്‌ ഏറെ നന്ദികെട്ടവനാകുന്നു.

28 നിൻറെ രക്ഷിതാവിങ്കൽ നിന്ന്‌ നീ ആഗ്രഹിക്കുന്ന അനുഗ്രഹം തേടിക്കൊണ്ട്‌ നിനക്കവരിൽ നിന്ന്‌ തിരിഞ്ഞുകളയേണ്ടി വരുന്ന പക്ഷം, നീ അവരോട്‌ സൗമ്യമായ വാക്ക്‌ പറഞ്ഞ്‌ കൊള്ളുക

29 നിൻറെ കൈ നീ പിരടിയിലേക്ക്‌ ബന്ധിക്കപ്പെട്ടതാക്കരുത്‌. അത്‌ ( കൈ ) മുഴുവനായങ്ങ്‌ നീട്ടിയിടുകയും ചെയ്യരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും.

30 തീർച്ചയായും നിൻറെ രക്ഷിതാവ്‌ താൻ ഉദ്ദേശിക്കുന്നവർക്ക്‌ ഉപജീവനമാർഗം വിശാലമാക്കികൊടുക്കുന്നു. ( ചിലർക്കത്‌ ) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീർച്ചയായും അവൻ തൻറെ ദാസൻമാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു.

31 ദാരിദ്യ്‌രഭയത്താൽ നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്‌. നാമാണ്‌ അവർക്കും നിങ്ങൾക്കും ഉപജീവനം നൽകുന്നത്‌. അവരെ കൊല്ലുന്നത്‌ തീർച്ചയായും ഭീമമായ അപരാധമാകുന്നു.

32 നിങ്ങൾ വ്യഭിചാരത്തെ സമീപിച്ച്‌ പോകരുത്‌. തീർച്ചയായും അത്‌ ഒരു നീചവൃത്തിയും ദുഷിച്ച മാർഗവുമാകുന്നു.

33 അല്ലാഹു പവിത്രത നൽകിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങൾ ഹനിക്കരുത്‌. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവൻറെ അവകാശിക്ക്‌ നാം ( പ്രതികാരം ചെയ്യാൻ ) അധികാരം വെച്ച്‌ കൊടുത്തിട്ടുണ്ട്‌. എന്നാൽ അവൻ കൊലയിൽ അതിരുകവിയരുത്‌. തീർച്ചയായും അവൻ സഹായിക്കപ്പെടുന്നവനാകുന്നു.

34 അനാഥയ്ക്ക്‌ പ്രാപ്തി എത്തുന്നത്‌ വരെ ഏറ്റവും നല്ല രീതിയിലല്ലാതെ അവൻറെ സ്വത്തിനെ നിങ്ങൾ സമീപിക്കരുത്‌. നിങ്ങൾ കരാർ നിറവേറ്റുക. തീർച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്‌.

35 നിങ്ങൾ അളന്നുകൊടുക്കുകയാണെങ്കിൽ അളവ്‌ നിങ്ങൾ തികച്ചുകൊടുക്കുക. ശരിയായ തുലാസ്‌ കൊണ്ട്‌ നിങ്ങൾ തൂക്കികൊടുക്കുകയും ചെയ്യുക. അതാണ്‌ ഉത്തമവും അന്ത്യഫലത്തിൽ ഏറ്റവും മെച്ചമായിട്ടുള്ളതും.

36 നിനക്ക്‌ അറിവില്ലാത്ത യാതൊരു കാര്യത്തിൻറെയും പിന്നാലെ നീ പോകരുത്‌. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌.

37 നീ ഭൂമിയിൽ അഹന്തയോടെ നടക്കരുത്‌. തീർച്ചയായും നിനക്ക്‌ ഭൂമിയെ പിളർക്കാനൊന്നുമാവില്ല. ഉയരത്തിൽ നിനക്ക്‌ പർവ്വതങ്ങൾക്കൊപ്പമെത്താനും ആവില്ല, തീർച്ച.

38 അവയിൽ ( മേൽപറഞ്ഞ കാര്യങ്ങളിൽ ) നിന്നെല്ലാം ദുഷിച്ചത്‌ നിൻറെ രക്ഷിതാവിങ്കൽ വെറുക്കപ്പെട്ടതാകുന്നു.

39 നിൻറെ രക്ഷിതാവ്‌ നിനക്ക്‌ ബോധനം നൽകിയ ജ്ഞാനത്തിൽ പെട്ടതത്രെ അത്‌. അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ സ്ഥാപിക്കരുത്‌. എങ്കിൽ ആക്ഷേപിക്കപ്പെട്ടവനും പുറം തള്ളപ്പെട്ടവനുമായി നീ നരകത്തിൽ എറിയപ്പെടുന്നതാണ്‌.

40 എന്നാൽ നിങ്ങളുടെ രക്ഷിതാവ്‌ ആൺമക്കളെ നിങ്ങൾക്കു പ്രത്യേകമായി നൽകുകയും, അവൻ മലക്കുകളിൽ നിന്ന്‌ പെൺമക്കളെ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണോ? തീർച്ചയായും ഗുരുതരമായ ഒരു വാക്ക്‌ തന്നെയാകുന്നു നിങ്ങൾ പറയുന്നത്‌.

41 അവർ ആലോചിച്ച്‌ മനസ്സിലാക്കുവാൻ വേണ്ടി ഈ ഖുർആനിൽ നാം ( കാര്യങ്ങൾ ) വിവിധ രൂപത്തിൽ വിവരിച്ചിട്ടുണ്ട്‌. എന്നാൽ അവർക്ക്‌ അത്‌ അകൽച്ച വർദ്ധിപ്പിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.

42 ( നബിയേ, ) പറയുക: അവർ പറയും പോലെ അവനോടൊപ്പം മറ്റുദൈവങ്ങളുണ്ടായിരുന്നെങ്കിൽ സിംഹാസനാധിപൻറെ അടുക്കലേക്ക്‌ അവർ ( ആ ദൈവങ്ങൾ ) വല്ല മാർഗവും തേടുക തന്നെ ചെയ്യുമായിരുന്നു.

43 അവൻ എത്ര പരിശുദ്ധൻ! അവർ പറഞ്ഞുണ്ടാക്കിയതിനെല്ലാം ഉപരിയായി അവൻ വലിയ ഔന്നത്യം പ്രാപിച്ചിരിക്കുന്നു.

44 ഏഴ്‌ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവൻറെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച്‌ കൊണ്ട്‌ ( അവൻറെ ) പരിശുദ്ധിയെ പ്രകീർത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീർത്തനം നിങ്ങൾ ഗ്രഹിക്കുകയില്ല. തീർച്ചയായും അവൻ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.

45 നീ ഖുർആൻ പാരായണം ചെയ്താൽ നിൻറെയും പരലോകത്തിൽ വിശ്വസിക്കാത്തവരുടെയും ഇടയിൽ ദൃശ്യമല്ലാത്ത ഒരു മറ നാം വെക്കുന്നതാണ്‌.

46 അവരത്‌ ഗ്രഹിക്കുന്നതിന്‌ ( തടസ്സമായി ) അവരുടെ ഹൃദയങ്ങളിൻമേൽ നാം മൂടികൾ വെക്കുന്നതും, അവരുടെ കാതുകളിൽ നാം ഒരു തരം ഭാരം വെക്കുന്നതുമാണ്‌. ഖുർആൻ പാരായണത്തിൽ നിൻറെ രക്ഷിതാവിനെപ്പറ്റി മാത്രം പ്രസ്താവിച്ചാൽ അവർ വിറളിയെടുത്ത്‌ പുറം തിരിഞ്ഞ്‌ പോകുന്നതാണ്‌.

47 നീ പറയുന്നത്‌ അവർ ശ്രദ്ധിച്ച്‌ കേൾക്കുന്ന സമയത്ത്‌ എന്തൊരു കാര്യമാണ്‌ അവർ ശ്രദ്ധിച്ച്‌ കേട്ട്‌ കൊണ്ടിരിക്കുന്നത്‌ എന്ന്‌ നമുക്ക്‌ നല്ലവണ്ണം അറിയാം. അവർ സ്വകാര്യം പറയുന്ന സന്ദർഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ്‌ നിങ്ങൾ പിന്തുടരുന്നത്‌ എന്ന്‌ ( നിന്നെ പരിഹസിച്ചുകൊണ്ട്‌ ) അക്രമികൾ പറയുന്ന സന്ദർഭവും ( നമുക്ക്‌ നല്ലവണ്ണം അറിയാം. )

48 ( നബിയേ, ) നോക്കൂ; എങ്ങനെയാണ്‌ അവർ നിനക്ക്‌ ഉപമകൾ പറഞ്ഞുണ്ടാക്കിയതെന്ന്‌. അങ്ങനെ അവർ പിഴച്ചു പോയിരിക്കുന്നു. അതിനാൽ അവർക്ക്‌ ഒരു മാർഗവും പ്രാപിക്കാൻ സാധിക്കുകയില്ല.

49 അവർ പറഞ്ഞു: നാം എല്ലുകളും ജീർണാവശിഷ്ടങ്ങളുമായിക്കഴിഞ്ഞാൽ തീർച്ചയായും നാം പുതിയൊരു സൃഷ്ടിയായി ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നതാണോ ?

50 ( നബിയേ, ) നീ പറയുക: നിങ്ങൾ കല്ലോ ഇരുമ്പോ ആയിക്കൊള്ളുക.

51 അല്ലെങ്കിൽ നിങ്ങളുടെ മനസ്സുകളിൽ വലുതായി തോന്നുന്ന ഏതെങ്കിലുമൊരു സൃഷ്ടിയായിക്കൊള്ളുക ( എന്നാലും നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടും ) അപ്പോൾ, ആരാണ്‌ ഞങ്ങളെ ( ജീവിതത്തിലേക്ക്‌ ) തിരിച്ച്‌ കൊണ്ട്‌ വരിക? എന്ന്‌ അവർ പറഞ്ഞേക്കും. നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചവൻ തന്നെ എന്ന്‌ നീ പറയുക. അപ്പോൾ നിൻറെ നേരെ ( നോക്കിയിട്ട്‌ ) അവർ തലയാട്ടിക്കൊണ്ട്‌ പറയും: എപ്പോഴായിരിക്കും അത്‌ ? നീ പറയുക അത്‌ അടുത്ത്‌ തന്നെ ആയേക്കാം.

52 അതെ, അവൻ നിങ്ങളെ വിളിക്കുകയും, അവനെ സ്തുതിച്ച്‌ കൊണ്ട്‌ നിങ്ങൾ ഉത്തരം നൽകുകയും ചെയ്യുന്ന ദിവസം. ( അതിന്നിടക്ക്‌ ) വളരെ കുറച്ച്‌ മാത്രമേ നിങ്ങൾ കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന്‌ നിങ്ങൾ വിചാരിക്കുകയും ചെയ്യും.

53 നീ എൻറെ ദാസൻമാരോട്‌ പറയുക; അവർ പറയുന്നത്‌ ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്‌. തീർച്ചയായും പിശാച്‌ അവർക്കിടയിൽ ( കുഴപ്പം ) ഇളക്കിവിടുന്നു. തീർച്ചയായും പിശാച്‌ മനുഷ്യന്ന്‌ പ്രത്യക്ഷ ശത്രുവാകുന്നു.

54 നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവൻ ഉദ്ദേശിക്കുന്ന പക്ഷം അവൻ നിങ്ങളോട്‌ കരുണ കാണിക്കും.അല്ലെങ്കിൽ അവൻ ഉദ്ദേശിക്കുന്ന പക്ഷം അവൻ നിങ്ങളെ ശിക്ഷിക്കും. അവരുടെ മേൽ മേൽനോട്ടക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.

55 നിൻറെ രക്ഷിതാവ്‌ ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. തീർച്ചയായും പ്രവാചകൻമാരിൽ ചിലർക്ക്‌ ചിലരേക്കാൾ നാം ശ്രേഷ്ഠത നൽകിയിട്ടുണ്ട്‌. ദാവൂദിന്‌ നാം സബൂർ എന്ന വേദം നൽകുകയും ചെയ്തിരിക്കുന്നു.

56 ( നബിയേ, ) പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങൾ ( ദൈവങ്ങളെന്ന്‌ ) വാദിച്ച്‌ പോന്നവരെ നിങ്ങൾ വിളിച്ച്‌ നോക്കൂ. നിങ്ങളിൽ നിന്ന്‌ ഉപദ്രവം നീക്കുവാനോ ( നിങ്ങളുടെ സ്ഥിതിക്ക്‌ ) മാറ്റം വരുത്തുവാനോ ഉള്ള കഴിവ്‌ അവരുടെ അധീനത്തിലില്ല.

57 അവർ വിളിച്ച്‌ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നത്‌ ആരെയാണോ അവർ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ സമീപനമാർഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തിൽ അല്ലാഹുവോട്‌ ഏറ്റവും അടുത്തവർ തന്നെ ( അപ്രകാരം തേടുന്നു. ) അവർ അവൻറെ കാരുണ്യം ആഗ്രഹിക്കുകയും അവൻറെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിൻറെ രക്ഷിതാവിൻറെ ശിക്ഷ തീർച്ചയായും ഭയപ്പെടേണ്ടതാകുന്നു.

58 ഉയിർത്തെഴുന്നേൽപിൻറെ ദിവസത്തിന്‌ മുമ്പായി നാം നശിപ്പിച്ച്‌ കളയുന്നതോ അല്ലെങ്കിൽ നാം കഠിനമായി ശിക്ഷിക്കുന്നതോ ആയിട്ടല്ലാതെ ഒരു രാജ്യവുമില്ല. അത്‌ ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ട കാര്യമാകുന്നു.

59 നാം ദൃഷ്ടാന്തങ്ങൾ അയക്കുന്നതിന്‌ നമുക്ക്‌ തടസ്സമായത്‌ പൂർവ്വികൻമാർ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളിക്കളഞ്ഞു എന്നത്‌ മാത്രമാണ്‌. നാം ഥമൂദ്‌ സമുദായത്തിന്‌ പ്രത്യക്ഷ ദൃഷ്ടാന്തമായിക്കൊണ്ട്‌ ഒട്ടകത്തെ നൽകുകയുണ്ടായി. എന്നിട്ട്‌ അവർ അതിൻറെ കാര്യത്തിൽ അക്രമം പ്രവർത്തിച്ചു. ഭയപ്പെടുത്താൻ മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങൾ അയക്കുന്നത്‌.

60 തീർച്ചയായും നിൻറെ രക്ഷിതാവ്‌ മനുഷ്യരെ വലയം ചെയ്തിരിക്കുന്നു. എന്ന്‌ നാം നിന്നോട്‌ പറഞ്ഞ സന്ദർഭവും ശ്രദ്ധേയമാണ്‌. നിനക്ക്‌ നാം കാണിച്ചുതന്ന ആ ദർശനത്തെ നാം ജനങ്ങൾക്ക്‌ ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുകയാണ്‌. ഖുർആനിലെ ശപിക്കപ്പെട്ട വൃക്ഷത്തേയും ( ഒരു പരീക്ഷണമാക്കിയിരിക്കുന്നു. ) നാം അവരെ ഭയപ്പെടുത്തുന്നു. എന്നാൽ വലിയ ധിക്കാരം മാത്രമാണ്‌ അത്‌ അവർക്ക്‌ വർദ്ധിപ്പിച്ച്‌ കൊണ്ടിരിക്കുന്നത്‌.

61 നിങ്ങൾ ആദമിന്‌ പ്രണാമം ചെയ്യുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമാകുന്നു. ) അപ്പോൾ അവർ പ്രണമിച്ചു. ഇബ്ലീസൊഴികെ.അവൻ പറഞ്ഞു: നീ കളിമണ്ണിനാൽ സൃഷ്ടിച്ചവന്ന്‌ ഞാൻ പ്രണാമം ചെയ്യുകയോ?

62 അവൻ പറഞ്ഞു: എന്നെക്കാൾ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന്‌ നീ എനിക്ക്‌ പറഞ്ഞുതരൂ. തീർച്ചയായും ഉയിർത്തെഴുന്നേൽപിൻറെ നാളുവരെ നീ എനിക്ക്‌ അവധി നീട്ടിത്തരുന്ന പക്ഷം, ഇവൻറെ സന്തതികളിൽ ചുരുക്കം പേരൊഴിച്ച്‌ എല്ലാവരെയും ഞാൻ കീഴ്പെടുത്തുക തന്നെ ചെയ്യും.

63 അവൻ ( അല്ലാഹു ) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരിൽ നിന്ന്‌ വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങൾക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ പ്രതിഫലം തന്നെ.

64 അവരിൽ നിന്ന്‌ നിനക്ക്‌ സാധ്യമായവരെ നിൻറെ ശബ്ദം മുഖേന നീ ഇളക്കിവിട്ട്‌ കൊള്ളുക. അവർക്കെതിരിൽ നിൻറെ കുതിരപ്പടയെയും കാലാൾപ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത്‌ കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക്‌ ചേരുകയും അവർക്കു നീ വാഗ്ദാനങ്ങൾ നൽകുകയും ചെയ്തുകൊള്ളുക. പിശാച്‌ അവരോട്‌ ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു.

65 തീർച്ചയായും എൻറെ ദാസൻമാരാരോ അവരുടെ മേൽ നിനക്ക്‌ യാതൊരു അധികാരവുമില്ല. കൈകാര്യകർത്താവായി നിൻറെ രക്ഷിതാവ്‌ തന്നെ മതി.

66 നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങൾക്ക്‌ വേണ്ടി കടലിലൂടെ കപ്പൽ ഓടിക്കുന്നവനാകുന്നു.അവൻറെ ഔദാര്യത്തിൽ നിന്ന്‌ നിങ്ങൾ തേടിക്കൊണ്ട്‌ വരുന്നതിന്‌ വേണ്ടിയത്രെ അത്‌. തീർച്ചയായും അവൻ നിങ്ങളോട്‌ ഏറെ കരുണയുള്ളവനാകുന്നു.

67 കടലിൽ വെച്ച്‌ നിങ്ങൾക്ക്‌ കഷ്ടത ( അപായം ) നേരിട്ടാൽ അവൻ ഒഴികെ, നിങ്ങൾ ആരെയെല്ലാം വിളിച്ച്‌ പ്രാർത്ഥിച്ചിരുന്നുവോ അവർ അപ്രത്യക്ഷരാകും. എന്നാൽ നിങ്ങളെ അവൻ രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോൾ നിങ്ങൾ തിരിഞ്ഞുകളയുകയായി. മനുഷ്യൻ ഏറെ നന്ദികെട്ടവനായിരിക്കുന്നു.

68 കരയുടെ ഭാഗത്ത്‌ തന്നെ അവൻ നിങ്ങളെ ആഴ്ത്തിക്കളയുകയോ, അല്ലെങ്കിൽ അവൻ നിങ്ങളുടെ നേരെ ഒരു ചരൽ മഴ അയക്കുകയോ ചെയ്യുകയും, നിങ്ങളുടെ സംരക്ഷണം ഏൽക്കാൻ യാതൊരാളെയും നിങ്ങൾ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റി നിങ്ങൾ നിർഭയരായിരിക്കുകയാണോ?

69 അതല്ലെങ്കിൽ മറ്റൊരു പ്രാവശ്യം അവൻ നിങ്ങളെ അവിടേക്ക്‌ ( കടലിലേക്ക്‌ ) തിരിച്ച്‌ കൊണ്ട്‌ പോകുകയും, എന്നിട്ട്‌ നിങ്ങളുടെ നേർക്ക്‌ അവൻ ഒരു തകർപ്പൻ കാറ്റയച്ചിട്ട്‌ നിങ്ങൾ നന്ദികേട്‌ കാണിച്ചതിന്‌ നിങ്ങളെ അവൻ മുക്കിക്കളയുകയും, അനന്തരം ആ കാര്യത്തിൽ നിങ്ങൾക്ക്‌ വേണ്ടി നമുക്കെതിരിൽ നടപടി എടുക്കാൻ യാതൊരാളെയും നിങ്ങൾ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപറ്റി നിങ്ങൾ നിർഭയരായിരിക്കുകയാണോ?

70 തീർച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തിൽ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളിൽ നിന്ന്‌ നാം അവർക്ക്‌ ഉപജീവനം നൽകുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക്‌ നാം സവിശേഷമായ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു.

71 എല്ലാ മനുഷ്യരെയും അവരുടെ നേതാവിനോടൊപ്പം നാം വിളിച്ചുകൂട്ടുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. ) അപ്പോൾ ആർക്ക്‌ തൻറെ ( കർമ്മങ്ങളുടെ ) രേഖ തൻറെ വലതുകൈയ്യിൽ നൽകപ്പെട്ടുവോ അത്തരക്കാർ അവരുടെ ഗ്രന്ഥം വായിച്ചുനോക്കുന്നതാണ്‌. അവരോട്‌ ഒരു തരിമ്പും അനീതി ചെയ്യപ്പെടുന്നതുമല്ല.

72 വല്ലവനും ഈ ലോകത്ത്‌ അന്ധനായിരുന്നാൽ പരലോകത്തും അവൻ അന്ധനായിരിക്കും. ഏറ്റവും വഴിപിഴച്ചവനുമായിരിക്കും.

73 തീർച്ചയായും നാം നിനക്ക്‌ ബോധനം നൽകിയിട്ടുള്ളതിൽ നിന്ന്‌ അവർ നിന്നെ തെറ്റിച്ചുകളയാൻ ഒരുങ്ങിയിരിക്കുന്നു. നീ നമ്മുടെ മേൽ അതല്ലാത്ത വല്ലതും കെട്ടിച്ചമയ്ക്കുവാനാണ്‌ ( അവർ ആഗ്രഹിക്കുന്നത്‌ ). അപ്പോൾ അവർ നിന്നെ മിത്രമായി സ്വീകരിക്കുക തന്നെ ചെയ്യും.

74 നിന്നെ നാം ഉറപ്പിച്ചു നിർത്തിയിട്ടില്ലായിരുന്നുവെങ്കിൽ തീർച്ചയായും നീ അവരിലേക്ക്‌ അൽപമൊക്കെ ചാഞ്ഞുപോയേക്കുമായിരുന്നു.

75 എങ്കിൽ ജീവിതത്തിലും ഇരട്ടി ശിക്ഷ, മരണത്തിലും ഇരട്ടി ശിക്ഷ അതായിരിക്കും നാം നിനക്ക്‌ ആസ്വദിപ്പിക്കുന്നത്‌. പിന്നീട്‌ നമുക്കെതിരിൽ നിനക്ക്‌ സഹായം നൽകാൻ യാതൊരാളെയും നീ കണ്ടെത്തുകയില്ല.

76 തീർച്ചയായും അവർ നിന്നെ നാട്ടിൽ നിന്ന്‌ വിരട്ടി വിടുവാൻ ഒരുങ്ങിയിരിക്കുന്നു. നിന്നെ അവിടെ നിന്ന്‌ പുറത്താക്കുകയത്രെ അവരുടെ ലക്ഷ്യം. എങ്കിൽ നിൻറെ ( പുറത്താക്കലിന്‌ ) ശേഷം കുറച്ച്‌ കാലമല്ലാതെ അവർ ( അവിടെ ) താമസിക്കുകയില്ല.

77 നിനക്ക്‌ മുമ്പ്‌ നാം അയച്ച നമ്മുടെ ദൂതൻമാരുടെ കാര്യത്തിലുണ്ടായ നടപടിക്രമം തന്നെ. നമ്മുടെ നടപടിക്രമത്തിന്‌ യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല.

78 സൂര്യൻ ( ആകാശമദ്ധ്യത്തിൽ നിന്ന്‌ ) തെറ്റിയത്‌ മുതൽ രാത്രി ഇരുട്ടുന്നത്‌ വരെ ( നിശ്ചിത സമയങ്ങളിൽ ) നീ നമസ്കാരം മുറപ്രകാരം നിർവഹിക്കുക ഖുർആൻ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും ( നിലനിർത്തുക ) തീർച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുർആൻ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു.

79 രാത്രിയിൽ നിന്ന്‌ അൽപസമയം നീ ഉറക്കമുണർന്ന്‌ അതോടെ ( ഖുർആൻ പാരായണത്തോടെ ) നമസ്കരിക്കുകയും ചെയ്യുക. അത്‌ നിനക്ക്‌ കൂടുതലായുള്ള ഒരു പുണ്യകർമ്മമാകുന്നു. നിൻറെ രക്ഷിതാവ്‌ നിന്നെ സ്തുത്യർഹമായ ഒരു സ്ഥാനത്ത്‌ നിയോഗിച്ചേക്കാം.

80 എൻറെ രക്ഷിതാവേ, സത്യത്തിൻറെ പ്രവേശനമാർഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും, സത്യത്തിൻറെ ബഹിർഗ്ഗമനമാർഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിൻറെ പക്കൽ നിന്ന്‌ എനിക്ക്‌ സഹായകമായ ഒരു ആധികാരിക ശക്തി നീ ഏർപെടുത്തിത്തരികയും ചെയ്യേണമേ എന്ന്‌ നീ പറയുകയും ചെയ്യുക.

81 സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീർച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു. എന്നും നീ പറയുക.

82 സത്യവിശ്വാസികൾക്ക്‌ ശമനവും കാരുണ്യവുമായിട്ടുള്ളത്‌ ഖുർആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികൾക്ക്‌ അത്‌ നഷ്ടമല്ലാതെ ( മറ്റൊന്നും ) വർദ്ധിപ്പിക്കുന്നില്ല.

83 നാം മനുഷ്യന്ന്‌ അനുഗ്രഹം ചെയ്ത്‌ കൊടുത്താൽ അവൻ തിരിഞ്ഞുകളയുകയും, അവൻറെ പാട്ടിന്‌ മാറിപ്പോകുകയും ചെയ്യുന്നു. അവന്ന്‌ ദോഷം ബാധിച്ചാലാകട്ടെ അവൻ വളരെ നിരാശനായിരിക്കുകയും ചെയ്യും.

84 പറയുക: എല്ലാവരും അവരവരുടെ സമ്പ്രദായമനുസരിച്ച്‌ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ കൂടുതൽ ശരിയായ മാർഗം സ്വീകരിച്ചവൻ ആരാണെന്നതിനെപ്പറ്റി നിങ്ങളുടെ രക്ഷിതാവ്‌ നല്ലവണ്ണം അറിയുന്നവനാകുന്നു.

85 നിന്നോടവർ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എൻറെ രക്ഷിതാവിൻറെ കാര്യത്തിൽ പെട്ടതാകുന്നു. അറിവിൽ നിന്ന്‌ അൽപമല്ലാതെ നിങ്ങൾക്ക്‌ നൽകപ്പെട്ടിട്ടില്ല.

86 തീർച്ചയായും നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിനക്ക്‌ നാം നൽകിയ സന്ദേശം നാം പിൻവലിക്കുമായിരുന്നു. പിന്നീട്‌ അതിൻറെ കാര്യത്തിൽ നമുക്കെതിരായി നിനക്ക്‌ ഭരമേൽപിക്കാവുന്ന യാതൊരാളെയും നീ കണ്ടെത്തുകയുമില്ല.

87 നിൻറെ രക്ഷിതാവിങ്കൽ നിന്നുള്ള കാരുണ്യം മാത്രമാകുന്നു അത്‌. നിൻറെ മേൽ അവൻറെ അനുഗ്രഹം തീർച്ചയായും മഹത്തരമായിരിക്കുന്നു.

88 ( നബിയേ, ) പറയുക: ഈ ഖുർആൻ പോലൊന്ന്‌ കൊണ്ട്‌ വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേർന്നാലും തീർച്ചയായും അതുപോലൊന്ന്‌ അവർ കൊണ്ട്‌ വരികയില്ല. അവരിൽ ചിലർ ചിലർക്ക്‌ പിന്തുണ നൽകുന്നതായാൽ പോലും.

89 തീർച്ചയായും ഈ ഖുർആനിൽ എല്ലാവിധ ഉപമകളും ജനങ്ങൾക്ക്‌ വേണ്ടി വിവിധ രൂപത്തിൽ നാം വിവരിച്ചിട്ടുണ്ട്‌. എന്നാൽ മനുഷ്യരിൽ അധികപേർക്കും നിഷേധിക്കാനല്ലാതെ മനസ്സുവന്നില്ല.

90 അവർ പറഞ്ഞു: ഈ ഭൂമിയിൽ നിന്ന്‌ നീ ഞങ്ങൾക്ക്‌ ഒരു ഉറവ്‌ ഒഴുക്കിത്തരുന്നത്‌ വരെ ഞങ്ങൾ നിന്നെ വിശ്വസിക്കുകയേ ഇല്ല.

91 അല്ലെങ്കിൽ നിനക്ക്‌ ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികൾ ഒഴുക്കുകയും ചെയ്യുന്നത്‌ വരെ.

92 അല്ലെങ്കിൽ നീ ജൽപിച്ചത്‌ പോലെ ആകാശത്തെ ഞങ്ങളുടെ മേൽ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത്‌ വരെ. അല്ലെങ്കിൽ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട്‌ വരുന്നത്‌ വരെ.

93 അല്ലെങ്കിൽ നിനക്ക്‌ സ്വർണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ, അല്ലെങ്കിൽ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങൾക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീ ഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങൾ വിശ്വസിക്കുകയേ ഇല്ല. ( നബിയേ, ) പറയുക: എൻറെ രക്ഷിതാവ്‌ എത്ര പരിശുദ്ധൻ! ഞാനൊരു മനുഷ്യൻ മാത്രമായ ദൂതനല്ലേ ?

94 ജനങ്ങൾക്ക്‌ സൻമാർഗം വന്നപ്പോൾ അവർ അത്‌ വിശ്വസിക്കുന്നതിന്‌ തടസ്സമായത്‌, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക്‌ മാത്രമായിരുന്നു.

95 ( നബിയേ, ) പറയുക: ഭൂമിയിലുള്ളത്‌ ശാന്തരായി നടന്ന്‌ പോകുന്ന മലക്കുകളായിരുന്നെങ്കിൽ അവരിലേക്ക്‌ ആകാശത്ത്‌ നിന്ന്‌ ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു.

96 നീ പറയുക: എനിക്കും നിങ്ങൾക്കുമിടയിൽ സാക്ഷിയായി അല്ലാഹു മതി. തീർച്ചയായും അല്ലാഹു തൻറെ ദാസൻമാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു.

97 അല്ലാഹു ആരെ നേർവഴിയിലാക്കുന്നുവോ അവനാണ്‌ നേർമാർഗം പ്രാപിച്ചവൻ.അവൻ ആരെ ദുർമാർഗത്തിലാക്കുന്നുവോ, അവർക്ക്‌ അവന്നു പുറമെ രക്ഷാധികാരികളെയൊന്നും നീ കണ്ടെത്തുന്നതേയല്ല. ഉയിർത്തെഴുന്നേൽപിൻറെ നാളിൽ മുഖം നിലത്ത്‌ കുത്തിയവരായിക്കൊണ്ടും അന്ധരും ഊമകളും ബധിരരുമായിക്കൊണ്ടും നാം അവരെ ഒരുമിച്ചുകൂട്ടുന്നതാണ്‌. അവരുടെ സങ്കേതം നരകമത്രെ. അത്‌ അണഞ്ഞ്‌ പോകുമ്പോഴെല്ലാം നാം അവർക്ക്‌ ജ്വാല കൂട്ടികൊടുക്കുന്നതാണ്‌.

98 അവർ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചതിനും, ഞങ്ങൾ എല്ലുകളും ജീർണാവശിഷ്ടങ്ങളും ആയിക്കഴിഞ്ഞിട്ടാണോ പുതിയൊരു സൃഷ്ടിയായി ഞങ്ങൾ ഉയിർത്തെഴുന്നൽപിക്കപ്പെടുന്നത്‌ എന്ന്‌ അവർ പറഞ്ഞതിനും അവർക്കുള്ള പ്രതിഫലമത്രെ അത്‌.

99 ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച അല്ലാഹു ഇവരെപ്പോലെയുള്ളവരെയും സൃഷ്ടിക്കാൻ ശക്തനാണ്‌ എന്ന്‌ ഇവർ മനസ്സിലാക്കിയിട്ടില്ലേ? ഇവർക്ക്‌ അവൻ ഒരു അവധി നിശ്ചയിച്ചിട്ടുണ്ട്‌. അതിൽ സംശയമേ ഇല്ല. എന്നാൽ നന്ദികേട്‌ കാണിക്കാനല്ലാതെ ഈ അക്രമികൾക്ക്‌ മനസ്സ്‌ വന്നില്ല.

100 ( നബിയേ, ) പറയുക: എൻറെ രക്ഷിതാവിൻറെ കാരുണ്യത്തിൻറെ ഖജനാവുകൾ നിങ്ങളുടെ ഉടമസ്ഥതയിലായിരുന്നെങ്കിൽ ചെലവഴിച്ച്‌ തീർന്ന്‌ പോകുമെന്ന്‌ ഭയന്ന്‌ നിങ്ങൾ പിശുക്കിപ്പിടിക്കുക തന്നെ ചെയ്യുമായിരുന്നു. മനുഷ്യൻ കടുത്ത ലുബ്ധനാകുന്നു.

101 തീർച്ചയായും മൂസായ്ക്ക്‌ നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങൾ നൽകുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത്‌ ചെല്ലുകയും, മൂസാ! തീർച്ചയായും നിന്നെ ഞാൻ മാരണം ബാധിച്ച ഒരാളായിട്ടാണ്‌ കരുതുന്നത്‌ എന്ന്‌ ഫിർഔൻ അദ്ദേഹത്തോട്‌ പറയുകയും ചെയ്ത സന്ദർഭത്തെപ്പറ്റി ഇസ്രായീൽ സന്തതികളോട്‌ നീ ചോദിച്ച്‌ നോക്കുക.

102 അദ്ദേഹം ( ഫിർഔനോട്‌ ) പറഞ്ഞു: കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായിക്കൊണ്ട്‌ ഇവ ഇറക്കിയത്‌ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്‌ തന്നെയാണ്‌ എന്ന്‌ തീർച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്‌. ഫിർഔനേ, തീർച്ചയായും നീ നാശമടഞ്ഞവൻ തന്നെ എന്നാണ്‌ ഞാൻ കരുതുന്നത്‌.

103 അപ്പോൾ അവരെ ( ഇസ്രായീല്യരെ ) നാട്ടിൽ നിന്ന്‌ വിരട്ടിയോടിക്കുവാനാണ്‌ അവൻ ഉദ്ദേശിച്ചത്‌. അതിനാൽ അവനെയും അവൻറെ കൂടെയുള്ളവരെയും മുഴുവൻ നാം മുക്കിനശിപ്പിച്ചു.

104 അവൻറെ ( നാശത്തിനു ) ശേഷം നാം ഇസ്രായീൽ സന്തതികളോട്‌ ഇപ്രകാരം പറയുകയും ചെയ്തു: നിങ്ങൾ ഈ നാട്ടിൽ താമസിച്ച്‌ കൊള്ളുക. അനന്തരം പരലോകത്തിൻറെ വാഗ്ദാനം വന്നെത്തിയാൽ നിങ്ങളെയെല്ലാം കൂട്ടത്തോടെ നാം കൊണ്ടു വരുന്നതാണ്‌.

105 സത്യത്തോടുകൂടിയാണ്‌ നാം അത്‌ ( ഖുർആൻ ) അവതരിപ്പിച്ചത്‌. സത്യത്തോട്‌ കൂടിത്തന്നെ അത്‌ അവതരിക്കുകയും ചെയ്തിരിക്കുന്നു. സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീത്‌ നൽകുന്നവനുമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.

106 നീ ജനങ്ങൾക്ക്‌ സാവകാശത്തിൽ ഓതികൊടുക്കേണ്ടതിനായി ഖുർആനിനെ നാം ( പല ഭാഗങ്ങളായി ) വേർതിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു.

107 ( നബിയേ, ) പറയുക: നിങ്ങൾ ഇതിൽ ( ഖുർആനിൽ ) വിശ്വസിച്ച്‌ കൊള്ളുക. അല്ലെങ്കിൽ വിശ്വസിക്കാതിരിക്കുക. തീർച്ചയായും ഇതിന്‌ മുമ്പ്‌ ( ദിവ്യ ) ജ്ഞാനം നൽകപ്പെട്ടവരാരോ അവർക്ക്‌ ഇത്‌ വായിച്ചുകേൾപിക്കപ്പെട്ടാൽ അവർ പ്രണമിച്ച്‌ കൊണ്ട്‌ മുഖം കുത്തി വീഴുന്നതാണ്‌.

108 അവർ പറയും: ഞങ്ങളുടെ രക്ഷിതാവ്‌ എത്ര പരിശുദ്ധൻ! തീർച്ചയായും ഞങ്ങളുടെ രക്ഷിതാവിൻറെ വാഗ്ദാനം നടപ്പിലാക്കപ്പെടുന്നതു തന്നെയാകുന്നു.

109 അവർ കരഞ്ഞുകൊണ്ട്‌ മുഖം കുത്തി വീഴുകയും അതവർക്ക്‌ വിനയം വർദ്ധിപ്പിക്കുകയും ചെയ്യും.

110 ( നബിയേ, ) പറയുക: നിങ്ങൾ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കിൽ റഹ്മാൻ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങൾ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങൾ. നിൻറെ പ്രാർത്ഥന നീ ഉച്ചത്തിലാക്കരുത്‌. അത്‌ പതുക്കെയുമാക്കരുത്‌. അതിന്നിടയിലുള്ള ഒരു മാർഗം നീ തേടിക്കൊള്ളുക.

111 സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തിൽ പങ്കാളിയില്ലാത്തവനും നിന്ദ്യതയിൽ നിന്ന്‌ രക്ഷിക്കാൻ ഒരു രക്ഷകൻ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന്‌ സ്തുതി! എന്ന്‌ നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക.

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ഇസ്റാഅ്&oldid=52300" എന്ന താളിൽനിന്ന് ശേഖരിച്ചത്