പരിശുദ്ധ ഖുർആൻ/സ്വഫ്ഫ്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 |
1 ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹുവിൻറെ മഹത്വം പ്രകീർത്തിച്ചിരിക്കുന്നു. അവനാകുന്നു പ്രതാപിയും യുക്തിമാനും.
2 സത്യവിശ്വാസികളേ, നിങ്ങൾ ചെയ്യാത്തതെന്തിന് നിങ്ങൾ പറയുന്നു?
3 നിങ്ങൾ ചെയ്യാത്തത് നിങ്ങൾ പറയുക എന്നുള്ളത് അല്ലാഹുവിങ്കൽ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു.
4 ( കല്ലുകൾ ) സുദൃഢമായി സംയോജിപ്പിച്ച ഒരു മതിൽ പോലെ അണിചേർന്നുകൊണ്ട് തൻറെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.
5 മൂസാ തൻറെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു:) എൻറെ ജനങ്ങളേ, നിങ്ങൾ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്? ഞാൻ നിങ്ങളിലേക്കുള്ള അല്ലാഹുവിൻറെ ദൂതനാണെന്ന് നിങ്ങൾക്കറിയാമല്ലോ. അങ്ങനെ അവർ തെറ്റിയപ്പോൾ അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു. അല്ലാഹു ദുർമാർഗികളായ ജനങ്ങളെ നേർവഴിയിലാക്കുകയില്ല.
6 മർയമിൻറെ മകൻ ഈസാ പറഞ്ഞ സന്ദർഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീൽ സന്തതികളേ, എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാർത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിൻറെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാൻ. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോൾ അവർ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു.
7 താൻ ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെടുമ്പോൾ അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമച്ചവനേക്കാൾ വലിയ അക്രമി ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേർവഴിയിലാക്കുകയില്ല.
8 അവർ അവരുടെ വായ്കൊണ്ട് അല്ലാഹുവിൻറെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികൾക്ക് അനിഷ്ടകരമായാലും അല്ലാഹു അവൻറെ പ്രകാശം പൂർത്തിയാക്കുന്നവനാകുന്നു.
9 സൻമാർഗവും സത്യമതവും കൊണ്ട് -എല്ലാ മതങ്ങൾക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാൻ വേണ്ടി-തൻറെ ദൂതനെ നിയോഗിച്ചവനാകുന്നു അവൻ. ബഹുദൈവാരാധകർക്ക് ( അത് ) അനിഷ്ടകരമായാലും ശരി.
10 സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാൻ നിങ്ങൾക്ക് അറിയിച്ച് തരട്ടെയോ?
11 നിങ്ങൾ അല്ലാഹുവിലും അവൻറെ ദൂതനിലും വിശ്വസിക്കണം.അല്ലാഹുവിൻറെ മാർഗത്തിൽ നിങ്ങളുടെ സ്വത്തുക്കൾ കൊണ്ടും ശരീരങ്ങൾ കൊണ്ടും നിങ്ങൾ സമരം ചെയ്യുകയും വേണം. അതാണ് നിങ്ങൾക്ക് ഗുണകരമായിട്ടുള്ളത്. നിങ്ങൾ അറിവുള്ളവരാണെങ്കിൽ.
12 എങ്കിൽ അവൻ നിങ്ങൾക്ക് നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും താഴ്ഭാഗത്ത്കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിലും, സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും അവൻ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അതത്രെ മഹത്തായ ഭാഗ്യം.
13 നിങ്ങൾ ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യവും ( അവൻ നൽകുന്നതാണ്. ) അതെ, അല്ലാഹുവിങ്കൽ നിന്നുള്ള സഹായവും ആസന്നമായ വിജയവും. ( നബിയേ, ) സത്യവിശ്വാസികൾക്ക് നീ സന്തോഷവാർത്ത അറിയിക്കുക.
14 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിൻറെ സഹായികളായിരിക്കുക. മർയമിൻറെ മകൻ ഈസാ അല്ലാഹുവിങ്കലേക്കുള്ള മാർഗത്തിൽ എൻറെ സഹായികളായി ആരുണ്ട് എന്ന് ഹവാരികളോട് ചോദിച്ചതു പോലെ. ഹവാരികൾ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിൻറെ സഹായികളാകുന്നു. അപ്പോൾ ഇസ്രായീൽ സന്തതികളിൽ പെട്ട ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. എന്നിട്ട് വിശ്വസിച്ചവർക്ക് അവരുടെ ശത്രുവിനെതിരിൽ നാം പിൻബലം നൽകുകയും അങ്ങനെ അവൻ മികവുറ്റവരായിത്തീരുകയും ചെയ്തു.