ചക്രവാകസന്ദേശം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ചക്രവാകസന്ദേശം (കോകസന്ദേശം)
രചന:അജ്ഞാതകർത്തൃകം
മണിപ്രവാളം
Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
ചക്രവാകസന്ദേശം എന്ന ലേഖനം കാണുക.

പതിനാലാം നൂറ്റാണ്ടിലെ ഒരു കൃതി.ഉണ്ണുനീലി സന്ദേശത്തിനൊപ്പം പ്രാധാന്യമുള്ളതെന്നു വിശ്വസിക്കുന്ന പ്രാചീനമലയാള സന്ദേശകാവ്യമാണ് ചക്രവാകസന്ദേശം.വിശദമായ മാർഗ്ഗവർണ്ണനകൊണ്ട് ചരിത്രകാരന്മാർക്കും സാഹിത്യഭംഗികൊണ്ട് കാവ്യാസ്വാദകർക്കും വിലപ്പെട്ട കൃതിയാണ് ഇത്. എന്നാൽ കോകസന്ദേശത്തിന്റെ 96 ശ്ലോകങ്ങളേ കണ്ടുകിട്ടിയിട്ടുള്ളൂ എന്നത് ഖേദകരമായ വസ്തുതയാണ്.


[ 1 ]

ചക്രവാകസന്ദേശം[ 5 ]
ചക്രവാകസന്ദേശം
(പഴയ ഒരു മണിപ്രവാളകൃതി)

തിരുവിതാംകൂർ സർവകലാശാലാ ഹസ്തലിഖിതഗ്രന്ഥശാലയിലെ 1162.ബി. എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ഈ പ്രസിദ്ധീകരണം നിർവഹിക്കുന്നതു്. പ്രാചീനമണിപ്രവാള സാഹിത്യത്തിന്റെ മധ്യമണിയായി പ്രശോഭിക്കുന്ന 'ഉണ്ണുനീലിസന്ദേശ'ത്തോടു സാധർമ്മ്യം വഹിക്കുന്ന ഈ ചക്രവാകസന്ദേശം പലതുകൊണ്ടും ഗണനീയമായ ഒരു കൃതിയാണ്. നിർഭാഗ്യവശാൽ, പൂർവ്വസന്ദേശത്തിലെ 96 പദ്യങ്ങളും 97- ‌ാം പദ്യത്തിന്റെ ആദ്യപാദവും മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. അത്രത്തോളം ഭാഗത്തിൽനിന്നു തന്നെ ഇതിന്റെ കർത്താവു് വശ്യവാക്കായ ഒരു കവിയാണെന്നു സഹൃദയന്മാർക്കു ബോദ്ധ്യപ്പെടും. ഇതുപോലെ പല സന്ദേശകാവ്യങ്ങളും അക്കാലത്തു് എഴുതപ്പെട്ടിരിക്കണം. ലീലാതിലകത്തിൽ ഉദാഹരിച്ചിട്ടുള്ള ചില പദ്യങ്ങൾ അദ്യാവധി അജ്ഞാതങ്ങളായ ചില സന്ദേശകാവ്യങ്ങളിൽനിന്നു് ഉദ്ധരിച്ചിട്ടുള്ളവയാണെന്നു കവിതാസ്വഭാവം കൊണ്ടു നമുക്കു് ഊഹിക്കാൻ കഴിയും.

മഹാകവി ഉള്ളൂർ കേരളസാഹിത്യചരിത്രം ഒന്നാം ഭാഗത്തിൽ 372 മുതൽ 375 വരെ പുറങ്ങളിലായി ഈ കൃതിയപ്പറ്റി 'കോകസന്ദേശ'മെന്ന പേരിൽ പ്രതിപാദിച്ചിരിക്കുന്നു. ഉണ്ണുനീലിസന്ദേശം പോലെയോ അതിൽ അധികമായോ പഴക്കമുള്ള ഒരു കാവ്യമാണിതെന്നും ക്രി.പി. പതിന്നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലെങ്കിലും ഇതു് ആവിർഭവിച്ചിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. തെളിവിനുവേണ്ടി പ്രസ്തുതകൃതിയിൽ കാണുന്ന ഏതാനും പ്രാചീനപദങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നു. കവിതാഗുണം കൊണ്ടു നോക്കിയാൽ ഉണ്ണുനീലിസന്ദേശത്തിന്റെ കനിഷ്ഠസാഹോദരത്വമാണ് ഇതിനു കല്പിക്കാവുന്നതു്. [ 6 ] ചേതിങ്കനാട്ടിൽ (ദേശിങ്ങനാടു്, കൊല്ലം) നായകൻ ഒരു വസന്തകാലത്തു് പ്രിയതമയുമായി സുഖിച്ചിരിക്കുമ്പോൾ ഒരു രാത്രിയിൽ ദുഃഖിതനായി കാണപ്പെട്ടു. അതിന്റെ കാരണം ചോദിച്ച നായികയോടു് നായകൻ സ്വപ്നത്തിൽ സംഭവിച്ച പ്രണയിനീവിയോഗത്തിന്റെ കഥ പറഞ്ഞു കേൾപ്പിക്കുന്നു. ഒരു ആകാശചാരി ആ യുവാവിനെ നായികയിൽനിന്നു വേർപ്പെടുത്തി തെക്കെ മലയാളത്തിൽ വെള്ളോട്ടുകര[1] എന്ന പ്രദേശത്താക്കുന്നു. അവിടെവെച്ചു് ആ വിരഹപരവശൻ ഒരു ചക്രവാകത്തെ കാണുകയും, ആ പക്ഷിയെ സന്ദേശഹരനാക്കുകയും കോട്ടയ്ക്കൽനിന്നു തെക്കോട്ടുള്ള വഴി പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. ഇടപ്പള്ളി വരെയുള്ള വർണ്ണനം കൊണ്ടു കണ്ടുകിട്ടിയിടത്തോളം ഭാഗം അവസാനിക്കുന്നു. ബാക്കി ഭാഗം ഇനിയും തേടിപ്പിടിക്കാൻ കഴിയുമോ എന്നു ഞങ്ങൾ പരിശ്രമിക്കുകയാണ്.

ഇതിലെ മാർഗവിവരണത്തെപ്പറ്റിയും സ്ഥലങ്ങളെപ്പറ്റിയും ശ്രീ. പുത്തേഴത്തു രാമൻ‌മേനോൻ തുടങ്ങിയ പണ്ഡിതന്മാരാണ് എനിക്കു വിവരം നൽകി സഹായിച്ചതു്. അവരോടുള്ള കൃതജ്ഞതയും ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു.

ശൂരനാട്ടു കുഞ്ഞൻപിള്ള

[ 7 ] ചക്രവാകസന്ദേശം


പൊൽ‌പ്പൂമാതിൻ മിഴിനിഴൽ പൊഴി—

ഞ്ഞോരു ചേതിങ്കനാട്ടിൽ[2]

ചൊല്പെറ്റീടും നിജനിലയനേ

കോƒപി കാമീ വസന്തേ

അപ്പോർകൊങ്കത്തടമഴകെഴും

മാർവ്വിടത്തോടമുഴ്ത്തീ—

ത്തല്പേ താനും പ്രിയതമയുമായ്—

ച്ചേർന്നിരിന്നാൻ കദാചിൽ.        1


അപ്പോൾ മൂർച്ഛാം തടവി നെടുവീ—

ർപ്പിട്ടുനേത്രോൽപലാന്താദ്

മുക്താൻ മുക്താമുറിനിറമെഴും[3]

ബാഷ്പവിന്ദൂൻ ദധാനഃ

സ്വപ്രേയസ്യാ തഴുകി മുറയി—

ട്ടെന്തിതെന്റേഷ പൃഷ്ടോ

ലബ്ധ്വാ സംജ്ഞാം ലളിതവദനാം

താമിവണ്ണം ജഗാദ.        2


എന്നച്ചാ! വന്നഴലിനിയുമുൾ—

ക്കാമ്പിലുജ്ജൃംഭതേ മേ

ഭിന്നച്ഛായം വപുരപി മയ—

ങ്ങിപ്പനിക്കിൻ‌റുതിന്നും


[ 8 ] നിൻ വിശ്ലേഷവ്യസനമിവിടെ

ത്തോന്റകൊണ്ടൊട്ടിയമ്പി—

കിം വാ മായാവിലസിതമിദം

കിം കനാവോ ന ജാനേ.        3


വായ്ക്കും നിൻ വാരണിമുലയിൽ നി—

ന്റങ്ങൊരാരാമവീഥ്യാ—

മാക്കപ്പേട്ടേനകരുണധിയാ

കേനചിൽ ഖേചരേണ

വേർപ്പെട്ടപ്പോഴവിടെ വിചരൻ

ക്വാപി വാപീതടേ ക—

ണ്ടാൾപ്പുക്കിത്ഥം കനിവിനൊടു ഞാൻ

ചൊല്ലിനേൻ ചക്രവാകം.        4


അപ്പാവെന്തേ[4] വിചരതി ഭവാ—

നിപ്പുറം പോരു താണാ—

ദുല്ഫൂല്ലാംഭോരുഹമളിരവൈ—

സ്ത്വാം[5] വിളിക്കിൻ‌റവാറു്

അത്യാപത്താമളവിലുരുകും

ബാന്ധവപ്രാപ്തി തന്നോ—

ടൊത്തോരർത്ഥാന്തരമയി സഖേ!

മറ്റു ചൊല്ലാവതില്ല.        5


ചന്ദ്രാവിദ്ധംതിരുമുകടിലേ

വച്ചുകൊണ്ടോമലിക്കും

മന്ദാകിന്യാഃ കനകനളിനീ—

മന്ദിരാവിർഭവന്തം

[ 9 ] ഇന്റിപ്പൂംപൊയ്കയിലിതമെഴ—

ക്കൊണ്ടുവന്നാക്കിനോരാ—

രെന്റല്ലസ്മൽ‌സുചരിതപരീ—

പാകലക്ഷ്മീവിലാസം.        6


അന്തിക്കാലത്തഭിനവവധൂ—

വിപ്രയോഗേന നീ വ—

ന്റന്തസ്താപം കഥമപി പൊറു—

ത്തങ്ങിരിക്കിൻ‌റ പോലെ

ചെന്താരമ്പൻപരമധനമെൻ

കാന്ത വേറായ് നിതാന്തം

സന്താപം പൂണ്ടഹഹ! വിഷമം

ഞാനിയങ്ങിന്റവാറു്.        7


വേരിച്ചൊല്ലാർമണി ചെറുകര—[6]

ച്ചേരുമെന്നോമൽ താനും

വേറിട്ടെന്നെക്കരുതി നിതരാം

മാഴ്കുമിന്റെൻ‌റു മന്യേ

നേരേ പൊയ്കയ്ക്കെതിർകരെ നില—

ക്കിൻ‌റ നിന്നോടകന്റാൽ

വേറല്ലല്ലീ പരിചു പതഗാ—

ധീശ! നിൻ വല്ലഭായാഃ?        8


എന്നെക്കാണാഞ്ഞഴിനില പെറും,

ജീവിതാശാം വെറുക്കും,

മുന്നേ നിന്നാലതികരുണയാ

സാ സമാശ്വാസനീയാ

മുന്നം മന്നം കൊടിയ വിരഹോ—

ന്മാദവേഗേന വാടും

തന്വംഗീണാം നിനവതിർകട—

ന്നൊട്ടു ചൊല്ലൂ മനോഭൂഃ.        9


[ 10 ] ചാതുര്യത്തിൻ വിളകഴനിയാം

മങ്കമാർ മിക്ക യൂനാം

ചേതോരംഗേ തെളിവൊടു കളി—

ക്കിൻ‌റ ചേതിങ്കനാടു്

യാതവ്യം തേ മുഹുപരുചിതൈഃ

പുണ്യപൂരൈർന്നരാണാം

മേതിന്മേൽ വന്നിതമെഴ വിള—

ങ്ങിൻ‌റ നാകോപമേയം.       10


കന്നക്കണ്ണാൾമുടിമണിയെ നീ

ചെൻ‌റുകണ്ടാശ്വസിപ്പി—

ച്ചെന്നെത്തൊട്ടത്തിരുമനസി വ—

ൻ‌റാഴുകാൽ തീരുമാറു്

ഉന്നിദ്രം മൽക്കുശലമറിയി—

പ്പിച്ചു തേടുൻ‌റ പുണ്യം—

തന്നെക്കൊണ്ടേ ഭവതു ഭവതോ

മിക്ക പാഥേയമെങ്ങും.       11


ഇന്റിപ്പോഴെ പെരികെയുഴറി—

പ്പോകിൽ നിന്നാണെ നാളെ—

ച്ചെന്റെത്താം തേ, മമ പുനരെടോ!

നാലു നാൾകൊണ്ടു ചെല്ലാം;

എന്റാലേറ്റം വിരവിനൊടു നീ

പോക ഭൂലോകലക്ഷ്മീം

കുന്റൊത്തീടും കുചഭരനതാം

മൽ‌പ്രിയാം ദ്രഷ്ടുകാമഃ        12


കൊത്തിക്കൊത്തിക്കമലകലികാ—

കേസരാൻ വാസരാദൗ

പ്രത്യാവൃത്തപ്രിയസഹചരീ—

ജഗ്ദ്ധശേഷാൻ നിഷേവ്യ [ 11 ]

മക്കപ്പൂമ്പൊയ്കകളിൽ വിളയാ—

ടിന്റ ചക്രാഹ്വയാനാം

സൽക്കാരം കൊണ്ടവിടെയവിടെ—

ത്തോഴ!വൈകാത വേണ്ടും.       13


പള്ളിച്ചൂലത്തലകൊടു പിള—

ർന്നിട്ടു മാറിൽത്തുളുമ്പി—

ത്തള്ളും ചോരിക്കളിയിലമിഴ—

ക്കാലനെക്കൊന്റു വീഴ്ത്തി

ഉള്ളിൽ ക്കോപ്പേറിന കരുണയാ—

ഭക്തരക്ഷാർത്ഥമസ്മിൻ[7]

വെള്ളോട്ടിൻ[8] വായ്ക്കരെയമരുമെ—

ന്നപ്പനെക്കാൺക മുമ്പിൽ.       14


അംഗാർദ്ധേ ചേർത്തചലതനയാം

തീവ്രവിശ്ലേഷഭീത്യാ

ഗംഗാം കറ്റച്ചടയിടയിൽ വെ—

യ്ക്കിന്റെ കല്യാണമൂർത്തേ!

തുംഗം വെള്ളിത്തിരുമലയിള—

ക്കുംദശഗ്രീവഗർവിൻ

ഭംഗം തോറ്റും തവ പദയുഗം

ഞാനിതല്ലോ തൊഴുന്നേൻ.        15


കുംഭിത്തോൽപോത്തരവമുടഞാ—

ണക്ഷമേന്തും പുരാനെ—

ക്കുമ്പിട്ടെന്റിപ്പരിചു കനിവിൽ—

ക്കാര്യസിദ്ധൈ പുകണ്ണ്


[ 12 ] അമ്പിൽക്കുന്റിൻതിരുമകളെയും

കൂപ്പിനനേരേ കിഴക്ക—

ച്ചെമ്പൊൽക്കുന്റോടുര[9] പൊരുതിടും

ഗോപുരേണ പ്രയാഹി.       16


വിദ്യാംഭോധേരഴക പൊഴിയും

കൈവഴിച്ചാർത്തുപോലെ

ശിഷ്യശ്രേണീം ദിശിദിശിതഴ—

പ്പിച്ചു രുദ്രപ്രസാദാൽ

കണ്ടോർ വാഴ്ത്തും പരിമളമെഴ—

പ്പന്റിയമ്പെള്ളിയുണ്ണി—[10]

ക്കണ്ടൻ ചൊല്ലും യമകമിഹ തേ

തൂർണ്ണമാകർണ്ണനീയം.       17


ഏനാമാത്മപ്രിയസഹചരീം

മുൻ നടത്തി പ്രയാന്തം

ഭാനുശ്രേണ്യാ സവിതുരധുനാ

രഞ്ജിതാംഗം ഭവന്തം

കാണുന്നേരം ജനപദജനാഃ

കല്പയിഷ്യന്തി നൂനം

കാശ്മീരംകൊണ്ടിഴുകിന നഭ—

ശ്രീസ്തനാഭോഗമെന്റു്.       18


ചെഞ്ചെമ്മേ പോംവഴി വിരചിത—

ക്കൊറ്റവാതിൽക്കു ചെല്ലും

കിഞ്ചിദ്വക്രം വലിയ തിരുനാ—

വയ്ക്കു ചെന്റുള്ള മാർഗ്ഗം

[ 13 ] അപ്പോഴും നീയവിടെ നരക—

ദ്വേഷിണം[11] കണ്ടുപോവൂ

കർത്തവ്യാ ഹി പ്രഭുഷു പെരിക—

ച്ചേതമില്ലാത സേവാ.        19


തിണ്ണം വേടക്കൊടുമയിൽ വെളി—

മ്പാടമേ ചാടിമാഴ്കി—

തണ്ണിപ്പന്തൽക്കരികിലരയാൽ—

മൂട്ടിലാമ്മാറിരിന്നു്

മുന്നിൽകാണാമവിടെ വഴിമേൽ—

പ്പാന്ഥർ പേരാറ്റിലൂടേ

(മ)ന്നന്താവിക്കുളുർമയിലെഴും—

തെന്റലേൽക്കിന്റ വാറു്.        20


സ്പഷ്ടം പാരേഴിലുമുര പെറും

വിക്രമം കുന്റലക്കോൻ—

പട്ടം കെട്ടും മനുകുലപതിം

പ്രാപ്യ മാഘോത്സവാദൗ

ഒക്കത്തിക്കിത്തൊഴുതു വിടകൊ—

ണ്ടങ്ങു സാമന്തചക്രം

നിക്കിന്റേടം പുനരയി സഖേ!

കാൺകവോതുപ്പറമ്പു്.[12]       21


വാളമ്മമ്മാ കൊടിയ ചവള—

ക്കാരർവിൽകാരരെന്റ—

ല്ലോളം (തള്ളി)ത്തെരുതെരെയടു—

ക്കിന്റെ ചേകോർ ചുഴന്റു്

[ 14 ] ചാലച്ചേരും പെരുനിലയില—

ന്നാഴിയക്കോട്ടുലാവ—

ക്കാലേ യസ്മിൻ വിലസതി ധരാ—

ബ്ധീശമാമാങ്കവേലാ.        22


സാനന്ദം വന്നുഷസിമഴല—

ക്കണ്ണിമാരൊക്കെ മാഘ—

സ്നാനം ചെയ്യുംപൊഴുതവർകളിൽ

ചിത്ത, മംഭസ്സു ഗാത്രം

യൂനാം മഗ്നം ഭവതി നിതരാം

യത്ര സാ ദർശനീയാ

വാനോർ പോലും കനിവൊടു വണ—

ങ്ങിന്റ പേരാറുപാന്തേ.[13]        23


ഉത്തംസം പോ(ൽ മഹിതമല) നാം—

ട്ടിന്നതിൻ തീരഭൂമൗ

മുക്തിക്ഷേത്രം ജയതി തിരുനാ—

വായിതി പ്രൗഢകീർത്തി

തത്ര സ്വൈരം മരുവിന കടൽ—

ക്കന്യകാകാമുകം നീ

ഭക്ത്യാ കൂപ്പിത്തിറവിയ നിളാ[14]

സിന്ധുമുല്ലംഘയേഥാഃ.        24


ചാരത്താറ്റിൻ മറുകര[15] നില—

യ്ക്കിന്റ മുക്കണ്ണരെക്ക—

ണ്ണാരക്കോരിത്തൊഴുതു തരസാ

തെക്കു നോക്കിത്തിരിഞ്ഞു്

[ 15 ] വ്യോമോത്സംഗേ തെളിവൊടു പറ-

ന്നുച്ചകൈർഗ്ഗച്ഛതസ്തേ

ശ്രീമദ്ഗോവർദ്ധനപുരമെടോ-

മുമ്പിലാമ്മാറു കാണാം.        25


വന്നെത്തും വൻപട മറുതല-

ക്കൂറ്റിൽനിന്റാട്ടി വെട്ടി-

പ്പിന്നേ വാങ്ങിച്ചിനിയ കുടയും

കുത്തി മാറാടി നീക്കി

പൊന്നിൻകാളം പൊലിവെഴ വിളി-

പ്പിച്ചു പോരാട വല്ലും

മന്നോർചൂളാമണി[16] തിരുമല-

ച്ചേരി[17] മേവീടുമേടം.        26


അഞ്ചാതെ നിന്റണി കുലയുമാ-

റെയ്തു മുമ്പാഞ്ഞു വെട്ടി-

പ്പിൻ ചായാതേപൊരുതു

...........ഞ്ഞു്

വെന്റിക്കാലധ്വനിഭിരഖിലം

പന്റിയൂർക്കൂറു[18]റപ്പി-

ച്ചന്റന്റസ്മാൽ പ്രഭവതി

..........കൂറ്റാർ ജയശ്രീ.        27


നിർഗമ്യ ത്വം പുനരവിടെ നി-

ന്റൊട്ടു മുല്പാടു ചെൻറാ-

ലഗ്രേ കാണാം പുഴ[19] മറുകട-

ന്നാശു ഗവ്യൂതിമാത്രേ

[ 16 ] ഗത്വാ പശ്യ പ്രകൃതിരമ-

ണീയം മണംപെറ്റ പൂവിൽ-

ത്തത്തും മത്തഭ്രമരമുഖരോ-

ദ്യാനമേകം പ്രദേശം.        28


നേരേ കാതം തികയുമവിണൂ-

രിട്ടൽ പിന്നിട്ടു മാറ-

ഞ്ചേരിൽച്ചെല്ലൂ, പുനരവിടെ നീ

തേവരെക്കൈവണങ്ങി

ആഴം കാണ്മാൻ പലരുമരുതെ-

ന്റിന്റ സൗജന്യസിന്ധോ-

രാഴാഞ്ചേരിക്ഷിതിസുരപതേ-

രാലയം കണ്ടു പോക.        29


ദ്രഷ്ടവ്യം തേ മധുവിജയിന-

സ്സന്നിധാനേന ധന്യം

ചട്ടറ്റീടും ജനമഹിതഗോ-

വിന്ദപൂർവ്വം പുരം തേ

വിപ്രാ യത്ര പ്രഥമപുരുഷം

പേക്കഥാം നിന്നു കേൾപ്പി-

ച്ചപ്പോഴേ പോയമരവനിതാ

ഗീതമാകർണ്ണയന്തി.        30


കോറ്റേൻ[20] പോലെ ചുവ തടവുമാ-

[21]റത്തലപ്പള്ളി മുൻറാം

കൂറ്റിൻ പ്രജ്ഞാവിലസിതമുണ-

ർത്തിക്കുമാക്കാൾചിലോകം

ഏറ്റം പ്രീത്യാ പകലറുതിയിൽ

പ്പൈങ്കിളിച്ചാർത്തു ചൊല്ല-

ത്തോറ്റിന്റീർഷ്യാകുലമളികുലം

ചിന്തു പാടീടുമേടം.        31

[ 17 ] മുക്കാതത്തിൽപ്പുറമറുതി കൊ—

ണ്ടീടുമാറാത്തശോഭം

മുക്കിത്തേനിൽക്കഴുകിന വചോ—

ഭംഗിമുഗ്ദ്ധാംഗനാഢ്യം

മുക്കാൽവട്ടസ്ഫുരിതസുരമു—

ഖ്യോത്സവം പാൽക്കുടം വെയ്

മുക്കോർ കൊള്ളും നിലയനമമും[22]

ദേശമത്യേഹി മന്ദം.        32


സ്വൈരം മാർഗ്ഗേ പുനരതുമിതും—

കണ്ടു വൈകിക്കൊലാ നീ

വൈരത്തൂർ[23] ച്ചെന്റുഴറി നടകൊ—

ള്ളങ്ങു കാവീടു നോക്കി

വൈരന്തോട്ടിന്റസുരശിരസാ—

വട്ടുരുട്ടിക്കളിക്കും

ഗൗരീ യസ്മിൻ വിലസതി ജഗത്—

പാലേനേ ജാഗരൂകാ.        33


അമ്പിൽക്കുമ്പിട്ടചലതനയാം—

പിന്നെ നീ പോകൂ, പോനാൽ

മുമ്പിൽ ക്കാണാമഥ കരുവയൂ[24]

രെന്റു പേരാം പ്രദേശം

പിന്നെക്കാണാം പെരുവഴി കഴി—

ച്ചൊട്ടെടത്തങ്ങു ചെന്റാ—

ലൂന്നിദ്രാംഭോരുഹപരിമളോ—

ല്ലാസിതോയം തടാകം.

[ 18 ] അപ്പൂമ്പൊയ്കയ്ക്കരികിൽമുഴുകിൻ-

കൂട്ടമാർത്തം കുഴറ്റും

പുഷ്പാരാമക്ഷിതിരുഹഘടാ-

രുദ്ധഘർമ്മാംശുതാപം

ദൃപ്യദ്ദന്താവളകടകടീ-

ഘൃഷ്ടമാണിക്കവപ്രം

ശില്പശ്രീ ചേർന്നുയര വിലസും

ഗോപുരാംലിംഗിതാഭ്രം.        35


ചാലപ്പൊന്നിൻകൊടിമുകളിൽ നി-

ന്റൂയലാടും പതാക-

ഞ്ചാലോകത്തിന്നിടയിലുമിഴും

ധൂപസൗരഭ്യസാരം

നാനാവാദ്യധ്വനിമുഖരിതം

ശാർങ്ഗപാണേർന്നിവാസ-

സ്ഥാനം പ്രാപ്യ പ്രണമശിരസാ-

നീ തദീയം പദാബ്ജം.        36


ഉച്ചക്കാലത്തവിടെ വടിവിൽ-

ച്ചെന്റു സോപാനപാർശ്വേ

തിഷ്ഠന്തീനാം കുവലയദൃശാം

ദേവപൂജാവസാനേ

പൃഥ്വീദേവേശ്വരകരതലോ-

ന്മുക്തതീർത്ഥാംബുസിക്തം

വക്ത്രം ഭാതിപ്രതിനവസുധാ-

സ്യന്ദി വെൺതിങ്കൾ പോലെ.        37


വമ്മേന്നാട്ടെപ്പഥി[25] പുനരതി-

ക്രമ്യ പോവോരു നേരം

മമ്മാ! കാണാമതികുടിലധീ-

സങ്കടം വെൺകിടങ്ങ്[26]

[ 19 ] തമ്മിൽക്കാണാതെയുമൊരിരിവാ-

യിന്റ നാട്ടാർക്കു കേട്ടാ-

ലൊണ്മേ തോന്റും പരിചു മറയോർ

കാളയാടാകുമേടം.        38


പച്ചത്തെങ്ങിൻതഴവഴി തഴ-

യ്ക്കും വഴിക്കാരിമുക്കെ-

പ്പശ്ചാൽ കൃത്വാ പരിമളമെഴും-

കാറ്റുമേറ്റാത്തലീലം

മുച്ചുറ്റൂർപ്പുക്കഥ[27] തെരുതെരെ-

പ്പോയിനാലഗ്രതസ്തേ

ദൃശ്യാ ചെന്താമരമലർചുവ-

ന്നന്തിയാം നന്തിയാറു്.        39


തിങ്ങും വായ്ക്കല്ലിടയിലിടറി-

ത്തല്ലി മേല്പോട്ടുലാവ-

പ്പൊങ്ങും വീചീവിചയനഝണൽ-

കാരശാലീ നഭസ്വാൻ

നിന്മേൽ മന്ദം തടവി നിതരാം

നിർമ്മലൈരംബുലേശൈഃ

കമ്രം തൂമുത്തണിയുമവിടെ-

ച്ചെന്റടുപ്പോരു നേരം.        40


കണ്ടിപ്പായിക്കിടയിൽ വിരിയും-

പദ്മഷണ്ഡേ കളിക്കും

വണ്ടിൻചാർത്തും കളകുളമിളൽ-

സാരസാരാവരമ്യാം

കണ്ടാലേറ്റം തെളിമ പെടുമ-

ന്നന്തിയാറ്റേ കടന്നാ-

ലുണ്ടക്കംസാന്തകനു പുറയാ-[28]

റെന്റൊരാവാസഭൂമി.        41

[ 20 ] താർമാതും പാർവനിതയുമുടൻ-

ചേർന്ന പദ്മാസനസ്ഥം

കാർമേഘാഭം കരഗൃതഗദാ-

ശംഖചക്രാരവിന്ദം

ശ്രീവത്സാങ്കം നളിനനയനം

പ്രൗഢശീതാംശൂബിംബം

ശ്രീമദ്വക്ത്രം മുരമഥന! നിൻ-

കോലമിന്നും തൊഴുന്റേൻ.        42


എന്റീവണ്ണം തൊഴുതു കമലാ-

വല്ലഭം വാഴ്ത്തി മെല്ലെ-

ച്ചെന്റ ശ്രീമണ്ഡപഭുവി മനോ-

മോഹനം കൂത്തു കണ്ടു്

തിങ്ങിത്തിങ്ങിത്തണൽമരമിര-

ണ്ടൊട്ടവുഞ്ചേർന്ന മാർഗ്ഗേ

തങ്ങിത്തങ്ങിത്തവ പൊലിവെഴും-

ചൂരലൂർ കണ്ടു ചെല്ലാം.        43


തിക്കാരം കൊണ്ടിളകിവരുമ-

ക്കാമനെച്ചുട്ട നെറ്റി-

ത്തൃക്കണ്ണിൽത്തീപ്പിതർ ചിതറുമെൻ

തമ്പുരാനൺപുമേടം

അക്കുന്റിൻപെണ്ണടിമലരമി-

ഴ്ത്തിന്റെ പുണ്യപ്രദേശം

...

ന്റച്ചരെക്കാതമൊണ്ടു്.        44


കാടും കാട്ടിച്ചില മിരികവും

മിക്ക കാക്കത്തിരുത്തി-[29]

ത്തോടും പിന്നിട്ടിതവിയ തിരു-

പ്പോർക്കളം[30] കണ്ടുകണ്ട്

[ 21 ] വാമാക്ഷീണാം കുളി കുമ(റ)മ-

ച്ചാടിയാണ്ടാൻ കുളത്തിൻ

വാമേൽക്കൂടത്തദനു ഗുണകാ[31]-

ഭ്യാശഭൂമിം ഭജേഥാഃ.       45


അപ്പാൽ നിന്റെ തവ മതിലകം

കാണലാം കാന്തിലക്ഷ്മീ-

ദർപ്പോദഞ്ചത്തരുണതരുണീ-

സങ്കുലോത്തുംഗസൌധം

ഇപ്പാരേഴും പുരികലതമേൽ-

വച്ചു തുള്ളിക്ക വല്ലും

പൊൽ‌പ്പൂവാണൻ തിരുവടി പുറം-

കാവൽ കാത്തീടുമേടം.       46


ചെൽ‌വഞ്ചേർന്നക്കുണകയിലകം-

പുക്കു നീ തെക്കുനോക്കി-

ച്ചെല്ലുന്നേരത്തിതവിയ പെരും[32]-

കോയിൽ കാണാം പുരാരേഃ

അല്ലിത്താർമൽക്കുഴലികൾ കുരാൽ-

ക്കണ്ണരെത്തല്ലി മാറ്റും

മല്ലക്കണ്ണിന്മുനയിൽ മലർവി-

ല്ലാളിയെത്തേറ്റുമേടം.       47


ചെമ്മേ കാണ്മാനരുതു കണക-

ത്തമ്പുരാനെ ദ്വിജന്മാർ-

ക്കെൻ‌റാൽ നീയും തൊഴുക പുറമേ

നിൻ‌റു തോഴാ! തെളിഞ്ഞ്;

പിന്നെക്കാണാം ചതിയിൽ മുതിരും

വാണിയക്കാരർ തമ്മിൽ

തിണ്ണം പേചിത്തെരുവിലുടനേ-

വാണിയം ചെയ്യുമാറു്.       48


[ 22 ] അപ്പോൾക്കേൾക്കാമവിടെയൊരിട-

ത്തന്തരാ മാറ്റൊലിക്കൊ-

ണ്ടഭ്രധ്വാനോദ്ഭടവെടി നിഷാ-

ണാരവാഭോഗഭീമം

ഏറാനാടാർന്നിതമെഴുമിളം-

കൂറു തന്നാഴിയക്കോ-

ട്ടേറ ത്രാസാവഹമസുഹൃദാ-

മെമ്മിളാർക്കാർത്തിഹാരി.        49


നാടും വീടും നിരവധി തക-

ർത്തിട്ടു താന്മുന്നു നോക്കി-

ക്കൂടുന്നേരം പെരികളിയരാർ-

വാങ്ങിനാ വമ്പു കാട്ടി

കൂടക്കൂടത്തപനവിഗമേ കൂത്ത

മിന്നാമിനുങ്ങിൻ

കീടച്ഛായാം തടവിന രിപുൻ

പിന്നെയും ജേതുകാമം.        50


തീവച്ചെല്ലാപ്പുറവുമടലാർ-

ക്കോട്ട ചുട്ടംബരേ പോയ്-

ത്താവിപ്പൊങ്ങും പൊടിനികരമാ-

ദിഗ്വധൂകേശബന്‌ധേ

ശ്രീമൽ കീർത്തിപ്പുതുമലർ തൊടു-

ക്കിൻ‌റ തൃക്കൈയ്യിൽ വച്ചി-

പ്പാർമുട്ടെത്താങ്ങിന നെടുവിരി

പ്പിൽത്തകും വീരസിംഹം.        51


ഉർവ്വീപാലോത്തമമുടമയിൽ

ക്കാണ്‌ക, കണ്ടാലുപാന്തേ

സർവ്വാദിത്യൻചിറ1യതു[33] പുറ-

പ്പെട്ട നിന്നാൽ നിഷേവ്യം;

[ 23 ] ഊഢോല്ലാസം തളിയിലിളമാൻ‌ക-

ണ്ണിമാർ കണ്ണിടെക്കൊ-

ണ്ടൂടേതാവും കയൽനിര ചിടി-

ച്ചനൊൻ‌റു ജേലയും.(?)        52


കൊൻ‌റത്തെങ്ങിൽക്കിളികൾ കളികോ

ലും കിടങ്ങൂർച്ചിറയ്ക്കൽ

ചെന്റക്കാമപ്പുഴയു(മു)ടനെ-[34]

കോതപൂർവം പറമ്പു്

മുന്നെച്ചെൻറച്ചെറുമികൾ കള-

ത്തിൽ(?) കിടക്കിൻ‌റുതാകിൽ

പിന്നെപ്പിന്നേ വഴി കഴിവളം-

കേൾക്കലാം ഭാഷണം തേ.        53


പണ്ടേ വൈരം മുഴുവനകമേ-

വച്ചു നോക്കിപ്പുറക്ക-

ങ്ങുണ്ടാക്കിക്കോപ്പൊടു കണകയും-

വഞ്ചിയും കൂടെ വാണു

തണ്ടാരമ്പൻ പൊരുത നിചയു-

ണ്ണാഞ്ഞു കാടേറ്റിയേറ്റം

തെണ്ടിക്കിൻ‌റോ ചില പുരഹര-

ന്മാരെ നീ കാൺക പിന്നെ.        54


കാർവണ്ടേറും മതുമലർ പൊഴി-

ഞ്ഞഞ്ചിതം ശ്രീ[35] കുരുംപ-

ക്കാവങ്ങേടം കനിവിലവിടെ-

ച്ചെൻ‌റു നീ കാണ വേണ്ടും

ദേവാരീണാം വപുഷി ചൊരിയും

ചോരിയാം വാരിരാശൗ

നാവാമൗർവാനലശിഖ തിര-

ട്ടിന്റ മാകാളി തന്നെ.        55

[ 24 ] വട്ടച്ചേറ്റം തുടമെഴുമിള-

ന്നീർ കുടിക്കും കണക്കേ

വെട്ടിത്തൂക്കിത്തല ദനുഭുവാം-

ചോരിവെള്ളം പിബന്തീം

ഒട്ടേ വെള്ളച്ചെകിറിണ വിള-

ങ്ങിച്ചിരിണ്ടങ്ങു മാനം

മുട്ടത്തട്ടുംപടി നെടിയളാം-

കാളിയെക്കൂപ്പുപിന്നെ.       56


കട്ടിച്ചുച്ചൈരിളകിയലറി-

പ്പാഞ്ഞു പൊട്ടിച്ചിരിച്ച-

ക്ഖട്വാംഗം കൊണ്ടുടലി-

ലസുരാൻ നിർദ്ദയം മർദ്ദയന്തീ

പക്കച്ചോരിക്കളിയിടയിടേ-

നക്കി നട്ടം കുനിച്ച-

ങ്ങൊക്കക്കൂളിപ്പട ചുഴല നി-

ന്റാർക്കുമമ്മേ! തൊഴുന്റേൻ.       57


ഇത്ഥംഭക്ത്യാ ഭുവനജനനീം

വാഴ്ത്തി നിശ്ശേഷസമ്പൽ-

കർത്താരം ചിങ്ങപുരമമരും[36]

ദേവദേവം വണങ്ങി

ഗത്വാ മുല്പാടരയകുളമാം[37]-

താമരപ്പൊയ്കയിൽച്ചെ-

ന്നസ്തം ഭാനൌ വിശതി തിരുവ

ഞ്ചക്കളം പൂക നീയും.       58


മാറ്റാർനെഞ്ചിൽക്കുതരുമുടവാ-

ണ്മേൽ പുരണ്ടോരു ചോരി-

ച്ചാറ്റാലൂട്ടപ്പെടുമുരുഭുജ-

സ്തംഭഗംഭീരസാരഃ

[ 25 ] കോറ്റേനോലും മൊഴികൾ മലർ‌വി-

ല്ലാളിയാം മാടമന്നൻ

കൂറ്റാരുള്ളിൽക്കുളുർമ വിളയും-

മാറു പാലിക്കുമേടം.        59


എൻ‌ചങ്ങാതിക്കലർചരനു കീഴ്

വന്ന വല്ലായ്മയിന്നും

ചെഞ്ചെമ്മേ നീ പുരഹര! പൊരിൾ-

ക്കൊൾകിലെന്താശ്രയം മേ

കുന്റിൽപ്പെണ്ണത്തിരുമുടി പിടി-

ച്ചീഴ്ത്ത മുക്കണ്ണകർണ്ണേ

ചെന്റീവണ്ണം കുളുർമതി പൊരു-

ത്തം പറഞ്ഞീടുമേടം.       60


പാടും വൈതാളികതതി വല-

ത്തിട്ടു കൈകൂപ്പിയെല്ലാ-

പ്പാടും പൊങ്ങും ജനകളകള-

പ്രൌഢസംഗീതകേളിഃ

ഈടും വാദ്യധ്വനിയിലിടചേ-

ർന്നുജ്ജ്വലദ്വേദഘോഷം

കേടറ്റീടും വിഭവമവിടെ-

കാണ്‌ക മുക്കണ്ണർകോയിൽ.       61


ചൂടുംപൊന്നിൻതകടു ചരമ-

ക്ഷ്മാഭൃതോ,ർവ്യോമലക്ഷ്മീ

വാടാമാലക്കുഴലിലണിയും-

ബാലമാണിക്യഖണ്ഡം,

ചൂടേറും തൻകൊടുവെയിൽ തന-

ക്കേ പൊറായെന്റെ പോലെ-

ച്ചാടുന്റോ പോയ്ക്കടലിലധുനാ-

ഹേലയാ ഭാനുമാലി.       62


[ 26 ] വീഴക്കണ്ടിട്ടപരജലധൗ

ഭാനുമന്തം കനക്ക-

ക്കോഴപ്പെട്ടാ നളിനികളിരു-

ട്ടിച്ചിതാശാമുഖാനി

ആഴക്കിന്മേൽ നളിനതെളിതേൻ-

കൊണ്ടുകൊണ്ടായതോളം

താഴക്കണ്ടിട്ടളികുലമളി-

ച്ചാർത്തു പാടിന്റു പാട്ടു്.       63


ചാമ്പിത്താർവാടികളിൽ വരിവ-

ണ്ടിണ്ടയെക്കൊണ്ടുമണ്ടി-

ച്ചാമ്പൽപൂംപൊയ്കകളിലുതിരും-

പൂമ്പരാഗം തടഞ്ഞു്

ഓമ്പിച്ചുങ്ങിപ്പുനലിൽ മുഴുകും-

മങ്കമാർകൂന്തൽമേൽ നി-

ന്നൂമ്പിച്ചിന്തും പരിമളഭരാ-

വാന്തി മൂവന്തിവാതാഃ       64


അക്ഷ്ണോഃ പ്രീതിം ജനയതി നമു-

ക്കഭ്രമാം പുഷ്കരിണ്യാം

രക്താംഭോജം, ഘുസൃണതിലകം

രാത്രിയാം കമ്രഗാത്ര്യാഃ

മുക്കണ്ണൻ കണ്മുനയിലുരികി-

ന്റംഗജാംഗാരചക്രം,

തിക്കെട്ടിന്നും ചുടരണിവിള-

ക്കഞ്ചിതം ചന്ദ്രബിംബം.       65


ഇപ്പാർത്തട്ടാം തളികയിൽ നിലാ-

വാന പാൽക്കഞ്ഞി വീഴ്ത്തി-

ച്ചുപ്പുപ്പെന്നിന്റിതു മുഹുരതിൽ-

കൂട്ടവേട്ടിച്ചകോരാഃ

ഇത്ഥം മത്വാ ലവണസലിലം-

വീചിഹസ്തൈരുയർത്തി-

പ്രത്യാസന്നേ ശശിനി ചുഴല-

പ്പോന്നു പൊങ്ങീ പയോധി.       66

[ 27 ]

ഏവം മൂവന്തിയെ നിറമെഴ-

ക്കണ്ടു വാഴ്ത്തും ജനാഢ്യേ

പ്രാരബ്ധേ ശ്രീബലിമഹവിധൗ

തത്ര കത്രാപി നിന്റാൽ

കാണാം കൊറ്റക്കുടനിഴലിൽ വെ-

ഞ്ചാമരം വീചി മന്ദം

പോരും ദന്താവളഗളതടാ-

രൂഢമേണാങ്കചൂഡം.       67


ഓലക്ക ചേർന്നഴിയുമണി വെൺ‌-

ചായൽ തോണ്മേലൊതുങ്ങ-

ച്ചാലച്ചാമ്പീടിന കയൽ വരി-

ക്കൺ‌വിലാസങ്ങൾ പൊങ്ങ

നീളക്കാണാമതുവഴി(യി)ര-

ണ്ടൊട്ടവും പൊന്മതിന്മേൽ

കാലത്തേ പോന്നഴകു പിചകി-

പുക്ക തന്വംഗിമാരെ.       68


അപ്പോൾ കാന്താവിരഹവിധുരോ

നീയുമെന്നെക്കണക്കേ

സപ്രത്യാസം മുരുകിയൊരു പൂം-

പൊയ്ക വാമേലൊഴിഞ്ഞ്

സ്വപ്രേയസ്യാ പുലരുമളവിൽ‌-

പ്പിന്നെയും കൂടിയൊട്ടേ

നിൽ‌പ്പൂ നിന്റാലിഹ പുനരുഷാ-

വർണ്ണനം കേൾക്കലാം തേ.       69


വെങ്ങാലിപ്പൂ ഹരിഹയഹരി-

ച്ചക്രം, എന്റല്ല മേന്മേൽ

തിങ്ങിച്ചേരും തിമിരപടലം-

പങ്ങി ഓടത്തുടങ്ങി;

നുങ്ങീ താരാനികരമണിവെൺ‌-

തിങ്കളസ്താദ്രിശൃംഗേ

തങ്ങിത്തങ്ങിക്കടലിലത പോയ്-

നാൽ‌വിരൽ‌പ്പാടു താണു.       70

[ 28 ]

ധന്യാ ഭാനോഃ പുലരി വഴിവെ-

ള്ളാട്ടി ഭാനുക്കളെന്നും

പൊന്നിൻ‌ചൂൽകൊണ്ടിരുൾമയമടി

ക്കാടടിച്ചങ്ങുനീക്കി

ഇമ്പം ചേരും ഗഗനഭവനം-

ചുറ്റുമുറ്റത്തളിപ്പാ-

നംഭോരാശൌ ശശധരകുടം

കാൺക മുക്കിന്റ വാറു്.       71


അന്ധദ്ധ്വാന്താടവിയെ മുഴുവൻ-

ചുട്ടുപൊട്ടിച്ച ശാന്തേ

സന്ധ്യാദാവേ വളവിയ നിലാ-

വാന വെണ്ണീറടങ്ങ

വെണ്മേഘം കൊണ്ടുഴുതു പകൽ‌വി-

ത്താൽ നിറച്ചംശുമാനാ-

ഞ്ചെന്നെല്ലുമ്മേൽ കതിർനിര പുറ-

പ്പെട്ടുതല്ലോ വിഭാതി.       72


അച്ചോ! മുല്‌പാടിദമുദയതേ

മിക്ക ശൈലാധിപത്യേ

നില്ക്കും പൂർവ്വാചലമുകുടമാ-

ണിക്യരത്‌നപ്രവേകം,

ശച്യാഃ കല്‌പദ്രുമകിസലയാം

പീഡകല്‌പം, കിഴക്കു-

ന്തിക്കാം പെണ്ണിന്മുലയിൽ വിലസും

താലി വാലാർക്കബിംബം.       73


മന്ദം മന്ദം മലയശിഖരാൽ

പോന്നു ചൂർണ്ണീതരംഗാൻ

ഭിന്ദന്നാന്ദോളിതതളിവധൂ

മന്ദിരോദ്യാനവൃന്ദഃ

തന്ദീമിന്ദീവരമലരിലുത്

പാദയൻ പേർത്തുമാധ്വീ-

വിന്ദുസ്യന്ദീ വിഹരതിതരാ-

മേഷ വൈയ്യേമവായുഃ       74

[ 29 ]

മാരാരാതേ! മഹിതതിരുവ-

ഞ്ചക്കളം മേവുമപ്പാ!

പാരാതേ നീ തുയിലെഴുതെളി-

ഞ്ഞെന്റിവണ്ണം പുകണ്ണു്

പാടും വൈതാളികപരിഷദാം-

പാട്ടു കേട്ടാശു ഗത്വാ

ബാലക്രീഡേശ്വരമവിടെ[38] നീ-

കാൺക ബാലം ഗണേശം.       75


ഭൂയസ്സംഭാവയ വിയനെഴും-

ചേരമാന്നാടു ചില്ലി-

ത്തൂയത്താകും നൃപകുലപുരീം-

നിർജ്ജിതസ്വർഗ്ഗശോഭാം

താരാർമാതിൻ ചപലചരിത-

പ്പോർക്കൊടുങ്ങല്ലുരെ(ൻ‌റും)

പേരാണ്ടീരേഴുലകിലുമുലാ-

വിന്റ നാനാഭിരാമം.       76


മാരക്രീഡാരഭസജനിതോ[39]-

ദ്വേലഖേദാലസാനാം

വാരസ്ത്രീണാം വളരിളമുല-

ക്കുൻ‌റിലേറിക്കിടന്നു്

വാരിക്കൊണ്ടശ്രമജലകണാൻ-

കട്ടു പൂഞ്ചാലയൂടേ

പോരക്കണ്ടിട്ടളികൾ അനിലം-

വിൻ‌തയാർന്നാർക്കുമേടം.       77


എത്തിപ്പൊന്മാളികമുകടിൽ നി-

ൻ‌റാത്മബിംബം പിടിപ്പാൻ

തത്തിക്കൂടും തരുണികളുടേ-

ചാപലപ്രൌഢി കണ്ടു്

[ 30 ] മുക്തജ്യോത്സ്നാസ്മിതരുചി കരാ-

ഗ്രേണ ചമ്മാത്തു കാട്ടി-

ത്തെറ്റെന്റോടിക്കുളിർമതി കളി-

ച്ചംബരേ താവുമേടം.       78


ആടിക്കാലത്തുടനടമഴ

ക്കാറു കണ്ടുൾക്കനം കെ-

ട്ടാടിക്കൂടി പ്രകടിതരസം

തമ്മിലേറ്റം കലർന്നു്

കൂടക്കൂടപ്പരിയ കടലും

ചൂർണിയാറും[40] കളിക്കി-

ന്റേടം കാണാം പ്രിയസഖ!

നിനക്കത്ര മുൽ‌പ്പാടു ഭൂയഃ       79


കാറ്റോടോളം കടലിലുയര-

ത്തോറ്റി മേലേറ്റി മണ്ടും

പാറ്റിന്മേലേ വലയുമുളിയും-

കൈപ്പിടിച്ചശ്രമേണ

ഏറ്റം വമ്പേറിന ചുറകുമീൻ‌-

കൊൻ‌റുകൊൻ‌റിട്ടു മുക്കോ-

രാറ്റൂടേ വന്നണയുമതുകൊ-

ണ്ടത്ര വൈകായ വേണ്ടും.       80


തൂനീരെന്നും തുകിലഴകെഴും-

വീചിഹസ്തേന താങ്ങി-

ക്കാന്തം കണ്ടിപ്പുരികുഴൽ വിരി-

ച്ചക്കയൽക്കണ്ണുലാവ

ആയാന്തീം താമുദധിദയിതാം-

കണ്ടു കൊണ്ടാടി മാർഗ്ഗേ

വേഗാൽ‌പ്പിന്നെ പ്രവിശതു ഭവാൻ

മംഗലം[41] ചേന്നപൂർവ്വം.       81


[ 31 ] മാരിത്തക്കത്തൊടു നടവര-

മ്പിട്ടു ചൂഴും പരക്ക-

ച്ചേരും നീർമേലുഴുതു മരചേ-

റിട്ട കണ്ടങ്ങൾതോറും

ഓരാളിന്മേലിളകിവളരും-

നെല്ലിഴാലിച്ചു മൈത്ര-

ന്നോരോ പാടേ പെരിക വിളയും-

പാടമേ പോക പിന്നെ.       82


കൊയ്യും കാലായരികിലുടനേ

നട്ടുനിൽക്കും കരിമ്പിൻ-

തയ്യും വാഴപ്പുനവുമണയ-

ച്ചേരുമാർങ്ങാവിലൂടേ

പയ്യച്ചെല്ലുമ്പൊഴുതു-രിമൺ-

വേലി കാണാം തവാഗ്രേ

നിർ‌യ്യൽപ്പങ്കേരുഹപരിമളോൽ

ഗാരിവാതോത്തരംഗം.       83


വീരന്മാരാം നെടിയ തളിയിൽ-

ച്ചേർന്ന വിപ്രേശ്വരന്മാ-

രോരോ പാടേ മരുവി മഹിതം-

മിക്ക നാരീനരാഢ്യം

പാരേഴിന്നും മണിമകുടവൽ-

പാഞ്ഞുചെന്നങ്ങുമൊക്ക-

ച്ചീരേറും ചൊല്ലുടയ പറവൂർ-

ഗ്രാമമങ്ങേതു പിന്നെ.       84


ഗത്വാ ചെൽ‌വം പെരിയ പൊരുവാ-

രത്തകം പുക്കു കുന്റിൻ-

പുത്രീവക്ത്രാംബുജമധുകരം-

ദേവദേവം വണങ്ങി [ 32 ]

നത്വാ ഭക്ത്യാ കുഹചന മലർ-

പ്പൊയ്കയിൽ പോയിരുന്നി-

ട്ടധ്വക്ലേശം കിമപി തളര-

ക്കണ്ടു നീ വാഴ്ത്ത വേണ്ടും       85


പ്രാലേയാംശുപ്രഗളിതസുധാ-

ശീതളം മൌലിദേശേ

ഫാലേ ചാലക്കൊടിയ ദഹന-

ജ്വാലയാ താപ്യമാനം

ആലം വിങ്ങും ഗളമഗസുതാ-

ലിംഗനാബദ്ധസൌഖ്യം

കാലാരേ! നിൻ വപുരുടനുടൻ-

തോഷണം ഭീഷണം മേ.       86


ഈവണ്ണം നീ തെളിവൊടു കരാൽ-

ക്കണ്ണരേക്കണ്ടു വാഴ്ത്തി-

ച്ചെമ്മേ പോവാൻ തുനിക മുരക( ‌ം)

തത്ര പോവോരു നേരം

പൈയ്യെത്തീർപ്പാനരുളുമളിനാം

വായിലെപ്പൂമലർത്തേൻ

പെയ്യക്കാണാം പെരുവഴിയടു

ത്തുള്ള പൂങ്കാവുതോറും       87


കൂവീടപ്പാലരിക വഴിയേ-

ചെന്റു നീ കുമ്പിടമ്പിൽ

പൂവിട്ടച്ചൈരമരകൾ തൊഴും-

വള്ളുളിത്തമ്പുരാനെ

സേവാസേവൈരഴകിയ കൃപാ-

വല്ലിയെത്തസ്യ പൂപ്പി-

ച്ചാവിർമ്മോദം വിരവിലുളനാ-

ട്ടിന്നു ചെല്ലങ്ങു പിന്നെ.       88

[ 33 ]

അപ്പൊൾക്കാണാമെരുമ കരയും-

പാന്ഥരെക്കൊണ്ടു മണ്ടി-

ച്ചിപ്പോൾത്തല്ലിത്തല ചിതറിനൊ-

ണ്ടെന്റു പേയും പറഞ്ഞു്

അപ്പാളത്താറുടനുടനുറ-

പ്പിച്ചു നട്ടുച്ചനേര-

ത്തപ്പാ പട്ടപ്പടരിലടികാൽ-

ക്കീഴു്കിടന്നോടുമാറു്.       89


പേരാ പേറാ മതനനൊടിട-

ഞ്ഞന്തരാ തോറ്റു താനേ

നെരേ പാതിത്തിരുവുടൽ കൊടു-

ത്തദ്രിരാജാത്മജായാഃ

കൂറില്ലായ്‌വാൻ മറുപകുതിയിൽ‌-

പ്പിന്നെ മുപ്പത്തുമൂൻ‌റാം

കൂറിട്ടൺപും ത്രിപുരഹരനെ-

ത്തത്ര നീ കണ്ടു പോക.       90


ഉച്ചക്കാലത്തിളകിവരുമ-

ക്കാറ്റലച്ചാറ്റുവാമേ-

ലുച്ചൈരോലത്തല കലുപിലു-

ക്കിൻ‌റ തെങ്ങിൻ‌തഴപ്പും

പച്ചപ്പെട്ടന്നടുതല വഴി-

പ്പെട്ടുലാവും പറമ്പും

പശ്യൻ വേഗാൽ‌പ്പുഴ മറുകട-

ന്നധ്വശേഷം ഭജേഥാഃ       91


ചേരാനല്ലൂർവഴി കുരുതിത-

ക്കാൽനടപ്പോമവർക്കും

ചേരും വണ്ണം നഭസി പതതാം-

ത്വാദൃശാം കാ കഥൈവ?
[ 34 ]

ആരാൽക്കാണാമവിടെ വഴിമേൽ-

മാഹിഷേ മൂർദ്ധനി തി(ർ)ക്കാ-

ലാരച്ചേരും നിഖിലഭുവനാ-

തങ്കസിദ്ധൗഷധം തേ.       92


പ്രാലേയാദ്രൗ കുളുർമ തടവും-

കല്പകക്കാവിൽ മേവി-

ത്താലിക്കീഴ്നിന്റിളകുമിളമ-

ങ്കൊങ്കമേൽക്കൂന്തൽ ചിന്ത

നീലക്കണ്ണിൻമിഴില പൊഴിയി-

ച്ചോരു പൊന്നൂയലാടും

ബാലപ്പെണ്ണേ! തവ മദകളം-

പാട്ടു പാലിക്ക നമ്മെ.       93


ഇത്ഥം പ്രാർത്ഥിച്ചിളമതിമണി-

ഞ്ഞമ്മുതൽക്കന്നി തന്നെ

സ്തുത്വാ തൂർണ്ണം തദനു പുകണ-

ക്കാവു നോക്കി പ്രയാഹി

യത്ര സ്വൈരം വസതി വസുധാ-

വാസിനാത്തൽ തീർപ്പാൻ

തൃക്കണ്ണൂടേ തടവിന കൃപാ-

മുദ്രയാ ഭദ്രകാളീ.       94


കാണിന്റാ നീ മഹിതമലനാ-

ടാം മണിച്ചെപ്പിലൺപും

പൂണാരം, താർവനിതവരി-

വണ്ടിന്നു ഫുല്ലാരവിന്ദം

ക്ഷോണീപാലാവലി തിറയിടും-

തെന്തളിതമ്പുരാൻ താൻ

നീണാൾ വാഴും പുരവരമിട-

പ്പെള്ളിമുല്പാടുപിന്നെ.       95

[ 35 ]


കേടറ്റീറ്റും വസുസതി മഹാ-

വാഹിനീജുഷ്ടപാർശ്വം

പ്രൗഢേന്ദ്രാണീകൃതപരിചയൈഃ-

സ്ത്രീജനൈഃ സേവ്യമാനം

ആഭാത്യാനന്ദിതബുധകുലം-

യജ്ജയന്താത്തരാഗാൽ

ദേവേന്ദ്രേണ സ്വപുരമിവഭൂ-

മണ്ഡലം ചാരു നീതം.        96


ചെമ്മേ പിന്നെപ്പെരുവഴി വല-

ത്തങ്ങിരിക്കൊട്ടിട.......


(അപൂർണ്ണം)


 1. * വെള്ളോട്ടുകര ‘തൃപ്പങ്ങോട്ട്’ ആണോ എന്നു മഹാകവി സംശയിക്കുന്നു. ഞങ്ങൾക്കു കിട്ടിയിട്ടുള്ള അറിവു് ആ സ്ഥലം കോട്ടയ്ക്കൽ ആണെന്നാണു്. വെള്ളോട്ടിലെ 'അപ്പൻ' വെൺ‌കിട്ടത്തേവരു് (കോട്ടയ്ക്കൽ ശിവൻ) ആണെന്നു് അറിയുന്നു. വെങ്കിട്ടക്കോട്ടയാണു കോട്ടയ്ക്കൽ എന്നു് മലബാർ ഗസറ്റിയറിലും കാണുന്നു. (മലബാർ ഗസറ്റിയർ നാലാം ഭാഗം, പേജു് 130)
 2. ദേശിങ്ങനാടു് (കൊല്ലം)
 3. മുദം എന്നു ഗ്ര.പാ.
 4. അപ്പാ എന്തേ,
 5. അളിരവേകം എന്നു ഗ്ര.പാ.
 6. ‘ചെറുകരി’ എന്നാണു ഗ്രന്ഥത്തിൽ.
 7. ദക്ഷരക്ഷാർത്ഥം എന്നു ഗ്രന്ഥത്തിൽ.
 8. വെൺകിട്ടത്തേവര് —കോട്ടക്കൽ ശിവൻ ആണെന്ന് തോന്നുന്നു.
 9. ചെമ്പൊൽക്കുന്റിൻ പെരുമ കവരും ഗോപുരേണാപരേണ–ഉണ്ണു. സന്ദേശം.
 10. പന്നിയപ്പള്ളിവാരിയം ശ്രീ. പി. എസ്. വാര്യർ, ശ്രീ. പി. വി. കൃഷ്ണ വാര്യർ മുതലായവരുടെ തറവാട് ആണെന്ന് അറിയുന്നു.
 11. തിരുനാവാ വിഷ്ണുവിനെയാണു പരാമർശിക്കുന്നതു്.
 12. പ്രസിദ്ധമായ ഓത്തുപറമ്പ് (ഓത്തന്മാർമഠം) ഭാരതപ്പുഴയുടെ തെക്കേ തീരത്തു്.
 13. ഭാരതപ്പുഴ.
 14. നിളാസിന്ധു = ഭാരതപ്പുഴ.
 15. ഭാരതപ്പുഴയുടെ തെക്കേക്കര. ഓത്തുപറമ്പിനടുത്തുള്ള ശിവക്ഷേത്രം.
 16. ചൂഡാമണി.
 17. നാടുവാഴിയായ തിരുമലശ്ശേരി നമ്പൂതിരിയുടെ ഇല്ലപ്പേരു്. തിരുനാവായിൽ നിന്നു് അഞ്ചുമൈൽ ദൂരത്താണ് ഈ സ്ഥലം.
 18. തിരുമലശ്ശേരിക്കും ശുകപുര (ശിവപുരം) ത്തിനും സമീപമുള്ള പന്നിയൂർ ഗ്രാമം.
 19. വെളിയങ്ങോട്ടു പുഴ.
 20. കോൽത്തേൻ.
 21. പുന്നത്തൂർ നമ്പിടി.
 22. ഏതു ദേശമെന്നു വ്യക്തമാകുന്നില്ല.
 23. പുന്നത്തൂരിന്റെ അയൽപ്രദേശം.
 24. ഗുരുവായൂർ?
 25. വെമ്മേനാടു്
 26. വെങ്കെടങ്ങു് -വെമ്മേനാടിനു സമീപമുള്ള ദേശം.
 27. തൃശ്ശിവപേരൂരിൽനിന്നു 8 മൈൽ പടിഞ്ഞാറായി, അന്തിക്കാട്ടിനു സമീപത്തുള്ള പ്രദേശം.
 28. തൃപ്പറയാറാണെങ്കിൽ അവിടെ രാമനാണ് പ്രതിഷ്ഠാമൂർത്തി. അതിനാൽ കൃഷ്ണക്ഷേത്രമായിരിക്കാം.
 29. ഇരിങ്ങാലക്കുടയ്ക്കു നാലു മൈൽ പടിഞ്ഞാറു്.
 30. തൃപ്പാക്കുളം
 31. തൃക്കണാമതിലകത്തിന്റെ പ്രാന്തപ്രദേശം
 32. തിരുവഞ്ചിക്കുളം
 33. തിരുവഞ്ചിക്കുളത്തിനു സമീപം.
 34. കൊടുങ്ങല്ലൂർ നിന്നു് ഒരു മൈൽ വടക്കു്.
 35. കൊടുങ്ങല്ലൂർ കുരുംബാദേവി.
 36. ചിങ്ങപുരം (ശൃംഗപുരം) കൊടുങ്ങല്ലൂർ നിന്നു് ഒരു മൈൽ തെക്കു്.
 37. അരാകുളം.
 38. കൊടുങ്ങല്ലൂരിനു സമീപം
 39. ‘മാരക്രീഡാമഹലഹളയിൽ’ എന്നു തുടങ്ങുന്ന മയൂരസന്ദേശപദ്യത്തിനു് ഇതുമായുള്ള സാദൃശ്യം സ്മരിക്കുക.
 40. പെരിയാറു്.
 41. ചേന്നമംഗലം

"https://ml.wikisource.org/w/index.php?title=ചക്രവാകസന്ദേശം&oldid=131506" എന്ന താളിൽനിന്ന് ശേഖരിച്ചത്