Jump to content

താൾ:Chakravaka Sandesam.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ചക്രവാകസന്ദേശം
(പഴയ ഒരു മണിപ്രവാളകൃതി)

തിരുവിതാംകൂർ സർവകലാശാലാ ഹസ്തലിഖിതഗ്രന്ഥശാലയിലെ 1162.ബി. എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ഈ പ്രസിദ്ധീകരണം നിർവഹിക്കുന്നതു്. പ്രാചീനമണിപ്രവാള സാഹിത്യത്തിന്റെ മധ്യമണിയായി പ്രശോഭിക്കുന്ന 'ഉണ്ണുനീലിസന്ദേശ'ത്തോടു സാധർമ്മ്യം വഹിക്കുന്ന ഈ ചക്രവാകസന്ദേശം പലതുകൊണ്ടും ഗണനീയമായ ഒരു കൃതിയാണ്. നിർഭാഗ്യവശാൽ, പൂർവ്വസന്ദേശത്തിലെ 96 പദ്യങ്ങളും 97- ‌ാം പദ്യത്തിന്റെ ആദ്യപാദവും മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. അത്രത്തോളം ഭാഗത്തിൽനിന്നു തന്നെ ഇതിന്റെ കർത്താവു് വശ്യവാക്കായ ഒരു കവിയാണെന്നു സഹൃദയന്മാർക്കു ബോദ്ധ്യപ്പെടും. ഇതുപോലെ പല സന്ദേശകാവ്യങ്ങളും അക്കാലത്തു് എഴുതപ്പെട്ടിരിക്കണം. ലീലാതിലകത്തിൽ ഉദാഹരിച്ചിട്ടുള്ള ചില പദ്യങ്ങൾ അദ്യാവധി അജ്ഞാതങ്ങളായ ചില സന്ദേശകാവ്യങ്ങളിൽനിന്നു് ഉദ്ധരിച്ചിട്ടുള്ളവയാണെന്നു കവിതാസ്വഭാവം കൊണ്ടു നമുക്കു് ഊഹിക്കാൻ കഴിയും.

മഹാകവി ഉള്ളൂർ കേരളസാഹിത്യചരിത്രം ഒന്നാം ഭാഗത്തിൽ 372 മുതൽ 375 വരെ പുറങ്ങളിലായി ഈ കൃതിയപ്പറ്റി 'കോകസന്ദേശ'മെന്ന പേരിൽ പ്രതിപാദിച്ചിരിക്കുന്നു. ഉണ്ണുനീലിസന്ദേശം പോലെയോ അതിൽ അധികമായോ പഴക്കമുള്ള ഒരു കാവ്യമാണിതെന്നും ക്രി.പി. പതിന്നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലെങ്കിലും ഇതു് ആവിർഭവിച്ചിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. തെളിവിനുവേണ്ടി പ്രസ്തുതകൃതിയിൽ കാണുന്ന ഏതാനും പ്രാചീനപദങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നു. കവിതാഗുണം കൊണ്ടു നോക്കിയാൽ ഉണ്ണുനീലിസന്ദേശത്തിന്റെ കനിഷ്ഠസാഹോദരത്വമാണ് ഇതിനു കല്പിക്കാവുന്നതു്.

"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/5&oldid=157350" എന്ന താളിൽനിന്ന് ശേഖരിച്ചത്