താൾ:Chakravaka Sandesam.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ചേതിങ്കനാട്ടിൽ (ദേശിങ്ങനാടു്, കൊല്ലം) നായകൻ ഒരു വസന്തകാലത്തു് പ്രിയതമയുമായി സുഖിച്ചിരിക്കുമ്പോൾ ഒരു രാത്രിയിൽ ദുഃഖിതനായി കാണപ്പെട്ടു. അതിന്റെ കാരണം ചോദിച്ച നായികയോടു് നായകൻ സ്വപ്നത്തിൽ സംഭവിച്ച പ്രണയിനീവിയോഗത്തിന്റെ കഥ പറഞ്ഞു കേൾപ്പിക്കുന്നു. ഒരു ആകാശചാരി ആ യുവാവിനെ നായികയിൽനിന്നു വേർപ്പെടുത്തി തെക്കെ മലയാളത്തിൽ വെള്ളോട്ടുകര[1] എന്ന പ്രദേശത്താക്കുന്നു. അവിടെവെച്ചു് ആ വിരഹപരവശൻ ഒരു ചക്രവാകത്തെ കാണുകയും, ആ പക്ഷിയെ സന്ദേശഹരനാക്കുകയും കോട്ടയ്ക്കൽനിന്നു തെക്കോട്ടുള്ള വഴി പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. ഇടപ്പള്ളി വരെയുള്ള വർണ്ണനം കൊണ്ടു കണ്ടുകിട്ടിയിടത്തോളം ഭാഗം അവസാനിക്കുന്നു. ബാക്കി ഭാഗം ഇനിയും തേടിപ്പിടിക്കാൻ കഴിയുമോ എന്നു ഞങ്ങൾ പരിശ്രമിക്കുകയാണ്.

ഇതിലെ മാർഗവിവരണത്തെപ്പറ്റിയും സ്ഥലങ്ങളെപ്പറ്റിയും ശ്രീ. പുത്തേഴത്തു രാമൻ‌മേനോൻ തുടങ്ങിയ പണ്ഡിതന്മാരാണ് എനിക്കു വിവരം നൽകി സഹായിച്ചതു്. അവരോടുള്ള കൃതജ്ഞതയും ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു.

ശൂരനാട്ടു കുഞ്ഞൻപിള്ള
  1. * വെള്ളോട്ടുകര ‘തൃപ്പങ്ങോട്ട്’ ആണോ എന്നു മഹാകവി സംശയിക്കുന്നു. ഞങ്ങൾക്കു കിട്ടിയിട്ടുള്ള അറിവു് ആ സ്ഥലം കോട്ടയ്ക്കൽ ആണെന്നാണു്. വെള്ളോട്ടിലെ 'അപ്പൻ' വെൺ‌കിട്ടത്തേവരു് (കോട്ടയ്ക്കൽ ശിവൻ) ആണെന്നു് അറിയുന്നു. വെങ്കിട്ടക്കോട്ടയാണു കോട്ടയ്ക്കൽ എന്നു് മലബാർ ഗസറ്റിയറിലും കാണുന്നു. (മലബാർ ഗസറ്റിയർ നാലാം ഭാഗം, പേജു് 130)
"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/6&oldid=157351" എന്ന താളിൽനിന്ന് ശേഖരിച്ചത്