വജ്രസൂചി/ആമുഖപഠനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വജ്രസൂചി

രചന:ഹെർമ്മൻ ഗുണ്ടർട്ട്


[ 15 ] മുഖവുര

ഹെർമൻ ഗുണ്ടർട്ടിന്റെ പ്രചാരണ സ്വഭാവമുള്ള രചനകളാണ്
വജ്രസൂചിയിലെ ഉള്ളടക്കം. ജാതിചിന്തപോലുള്ള സാമൂഹ്യ
തിന്മകൾക്കെതിരെ ആഞ്ഞടിക്കാനും ക്രിസ്തുമതാശയങ്ങൾ പ്രചരിപ്പിക്കാനും
അക്ഷരകലയുടെ ശക്തി പൂർണമായി പ്രയോജനപ്പെടുത്തിയ ഗുണ്ടർട്ട് എന്ന
മിഷണറിയെ പരിചയപ്പെടാൻ വജ്രസൂചി ഉപകരിക്കും. ജർമനിയിൽനിന്നും
പ്രശസ്തമായ ഒരു സർവകലാശാലയിൽനിന്ന് ഡോക്ടർ ബിരുദം നേടി
ഇന്ത്യയിലെത്തിയ ഗുണ്ടർട്ട് ഇവിടത്തെ ബൗദ്ധിക വ്യാപാരങ്ങളോടും
സാഹിത്യത്തോടും എങ്ങനെ പ്രതികരിച്ചു എന്നറിയാൻ നളചരിതസാരശോധന
തുടങ്ങിയ കൃതികൾ ഉപകരിക്കും. അദ്ദേഹത്തിന്റെ വ്യക്തിത്വം പൂർണമായി
മനസ്സിലാക്കാൻ ഈ രചനകൾ വിശദമായി പഠിക്കേണ്ടിയിരിക്കുന്നു.
സഞ്ചാരിയുടെ പ്രയാണം പോലുള്ള തർജമകൾ മലയാള ഗദ്യത്തിന്റെ
ചരിത്രത്തിലെ പടവുകൾ കാട്ടിത്തരുന്നു. ഭാഷ, സാഹിത്യം, മതചിന്ത,
സംസ്കാരം എന്നിവയെക്കുറിച്ചെല്ലാം ആഗമികമായി പഠിക്കുന്നവർക്കു
പ്രയോജനപ്പെടുന്ന മുപ്പതോളം കൃതികൾ (പൂർണമായോ ഭാഗികമായോ)
ഉൾപ്പെടുത്തിയാണ് ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിലെ അഞ്ചാം വാല്യമായ
വജ്രസുചി ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ കൺമുമ്പിൽനിന്ന് ഏറെ
ക്കാലമായി മറഞ്ഞിരുന്ന ഈ രചനകൾ അവർ താല്പര്യപൂർവം പരിശോധിക്കും
എന്നു പ്രതീക്ഷിക്കുന്നു.

സ്റ്റുട് ഗാർട്ട്
മാർച്ച് 14, 1992 Dr. Albrecht Frenz [ 17 ] ആമുഖ പഠനം

സ്കറിയാ സക്കറിയ

വജ്രസൂചി എന്ന പേരു കാണുമ്പോൾ പല വായനക്കാരും അപരിചിതഭാവത്തിൽ
പുരികമുയർത്തുന്നതു ഈയുള്ളവൻ കാണുന്നു. ക്ഷമിക്കണം, നമ്മുടെ ഭാരതീയ
സാംസ്കാരിക പൈതൃകത്തിലെ അത്രയേറെ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പറ്റം
അതിവിശിഷ്ടരചനകളുടെ പ്രാതിനിധ്യം അവകാശപ്പെടാവുന്ന കൃതിയാണ് വജ്രസൂചി.
ബുദ്ധമത സിദ്ധാന്തങ്ങളിൽ ഉറച്ചു വിശ്വസിച്ചുകൊണ്ടു പ്രചാരണപരമായും
അല്ലാതെയും സാഹിത്യരചന നടത്തിയ അനേകം പൂർവസൂരികളെ നമ്മൾ മറന്നു
കളഞ്ഞു. അവരിൽ പ്രമുഖനാണ് എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന
അശ്വഘോഷൻ. കാളിദാസനെക്കാൾ പ്രാചീനനായ ഈ സംസ്കൃതകവിയെക്കുറിച്ച്
ആധുനിക ലോകം അറിഞ്ഞത് അദ്ദേഹത്തിന്റെ കൃതികൾക്കു ചൈനീസ് തിബത്തൻ
ഭാഷകളിലുണ്ടായ പ്രാചീന തർജമകളിലൂടെയാണ്. സംസ്കൃതമൂലഗ്രന്ഥങ്ങൾ പലതും
സമ്പൂർണ്ണ രൂപത്തിൽ കണ്ടുകിട്ടിയിട്ടുമില്ല. ജാതിപ്പിശാച് ഭാരതഭൂമിയിൽ
ഭീകരനൃത്തമാടിയ നൂറ്റാണ്ടുകളിൽ അശ്വഘോഷനെപ്പോലള്ള കവികൾ നമുക്ക്
അന്യരായിത്തീർന്നു. ഇന്ന് അശ്വഘോഷരചനകളുടെ ചില പകർപ്പുകൾ
കണ്ടെത്തുന്നത് ഇന്ത്യയ്ക്കു പുറത്തുള്ള ഏഷ്യൻ രാജ്യങ്ങളിലാണ്. സൗന്ദരനന്ദം,
ബുദ്ധചരിതം, ശാരീപുത്ര പ്രകരണം, വജ്രസൂചി എന്നിങ്ങനെ അമ്പതോളം കൃതികൾ
അശ്വഘോഷൻ രചിച്ചതായി തിബത്തൻ രേഖകളിൽനിന്നു മനസ്സിലാക്കാം. 'വാല്മീകി,
വ്യാസൻ എന്നിവരെ ഭാസകാളിദാസാദി മഹാകവികളോടു ചേർക്കുന്ന ശൃംഖലയാണ്
അശ്വഘോഷൻ' എന്നു ഡോ. കെ.എൻ. എഴുത്തച്ഛൻ സൗന്ദരനന്ദത്തിന്റെ
ആസ്വാദനത്തിൽ (കതിർക്കുല 1959:66) രേഖപ്പെടുത്തുന്നു. പ്രതിഭാസമ്പന്നനായ
അശ്വഘോഷന്റെകൃതികളിൽ കാവ്യസൗന്ദര്യം ഒട്ടും കുറവല്ല. എന്നാൽ അവയിലെല്ലാം
ഊന്നൽ അനുശാസനത്തിലും സന്ദേശ പ്രചാരണത്തിലുമാണ്. മറ്റൊരു
തരത്തിൽപറഞ്ഞാൽ മിഷണറി സ്വഭാവമുള്ളവയാണ് അശ്വഘോഷരചനകൾ.
സാഹിത്യ വൈഭവം പ്രകാശിപ്പിക്കാനല്ല ശാന്തി സന്ദേശം പ്രചരിപ്പിക്കാനാണ് താൻ
രചന നടത്തുന്നതെന്ന് അദ്ദേഹം വെട്ടിത്തുറന്ന് എഴുതിയിട്ടുണ്ട്. ബുദ്ധസന്ദേശമാണ്
മുക്തിദായകം എന്ന വിശ്വാസക്കാരനായിരുന്നു അശ്വഘോഷൻ. പത്തൊമ്പതാം
നൂറ്റാണ്ടിൽ മലബാറിൽ വന്ന ജർമ്മൻമിഷണറിയായ ഗുണ്ടർട്ടിനും
അശ്വഘോഷനെപ്പോലെ ആശയപ്രചാരണത്തിലായിരുന്നു ശ്രദ്ധ, ജാതിചിന്തയ്ക്കെ
തിരെ അശ്വഘോഷൻ വിരചിച്ച വജ്രസൂചി എന്ന മൂർച്ചയേറിയ കൃതി മലയാളത്തിൽ
തർജമ ചെയ്ത് അവതരിപ്പിച്ചുകൊണ്ട് ആശയ പ്രചാരണം നടത്താൻ ഗുണ്ടർട്ട് മുതിർന്നു.
അദ്ദേഹം രചിച്ച പ്രചാരണകൃതികളുടെ ഉത്തമമാതൃകയായിട്ടുണ്ട് വജ്രസൂചി.
അതിനാൽ ഈ സമാഹാരത്തിനു വജ്രസൂചി എന്ന പേരു യോജിക്കുമല്ലോ.
മലയാളഭാഷാ സാഹിത്യ ചരിത്രം, കേരളത്തിന്റെ സാംസ്കാരിക ചരിത്രം, മതചരിത്രം
എന്നിങ്ങനെയുള്ള പഠനമേഖലകളിലെ പ്രസക്തി കണക്കിലെടുത്തു ഗുണ്ടർട്ടിന്റെ രണ്ടു
ഡസനോളം കൃതികൾ ഇവിടെ പൂർണ്ണരൂപത്തിൽ അച്ചടിക്കയോ, ചില ഭാഗങ്ങൾ [ 18 ] [ 19 ] [ 20 ] [ 21 ] ഉദ്ധരിച്ചു പരിചയപ്പെടുത്തുകയോ ചെയ്യുന്നു.

വജ്രസൂചി എന്ന ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങളിൽ
മലയാളികൾക്കു പേരുകൊണ്ട് ഏററവും പരിചിതമായതു പഴഞ്ചൊൽ
മാലയായിരിക്കണം. എന്നാൽ ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ചു മിക്കവർക്കും ശരിയായ
ധാരണയില്ല. ഇതു ലക്ഷണയുക്തമായ മിഷണറി രചനയാണ്. ക്രൈസ്തവമത
പ്രചാരണമാണ് രചനാലക്ഷ്യം. Malayalam Proverbs Applied to Christianity
എന്ന ഇംഗ്ലീഷ് ശീർഷകം (1896-ലെ മംഗലാപുരം പതിപ്പ്) ഉള്ളടക്കത്തിന്റെ
വിശദീകരണമാണല്ലോ.

ഇവിടെ ശ്രദ്ധേയമായ കാര്യം പ്രാദേശിക സംസ്കാരത്തിന്റെ
അനർഘസമ്പത്തുകളെക്കുറിച്ചു ഗുണ്ടർട്ടിനുണ്ടായിരുന്ന ധാരണയാണ്. ഭാരതീയ
പുരാണങ്ങളും കേരളീയ ഐതിഹ്യങ്ങളും മലയാളത്തിലെ പഴഞ്ചൊല്ലുകളും
കേരളഹൃദയത്തിലേക്കുള്ള വിശാലകവാടങ്ങളായി അദ്ദേഹം തിരിച്ചറിഞ്ഞു. അത്തരം
സാംസ്കാരിക വിവേകം ഒന്നൊന്നര നൂറ്റാണ്ടു മുമ്പ് പ്രകടിപ്പിച്ച വ്യക്തി ഇന്നു വികാസം
പ്രാപിച്ചിരിക്കുന്ന പല സാംസ്കാരികപഠന പദ്ധതികളുടെയും പ്രോദ്ഘാടകനായി
പരിഗണിക്കപ്പെടണം. കേരളത്തിലെത്തിയ മറ്റൊരു മിഷണറിക്കും സംസ്കാര
ത്തിന്റെ ജനകീയ ധാരകളെക്കുറിച്ച് ഇത്രത്തോളം ശാസ്ത്രീയമായ ധാരണ
ഉണ്ടായിരുന്നില്ല. മതപരമായ ലക്ഷ്യങ്ങൾ ഒഴിവാക്കിക്കൊണ്ട് പഴഞ്ചൊൽ
സമാഹാരങ്ങൾ ഗുണ്ടർട്ട് തയ്യാറാക്കി. ഒരായിരം പഴഞ്ചൊൽ, കേരളോല്പത്തിയും
മറ്റും എന്ന വാല്യത്തിൽ ചേർത്തിട്ടുണ്ട്. ഇവിടെ പഴഞ്ചാൽ മാല പൂർണ്ണരൂപത്തിൽ
ചേർത്തിരിക്കുന്നു. 'മംഗലാപുരെ ഛാപിത'ത്തിൽ മൂന്നു ഭാഗമായി 1845-ൽ അച്ചടിച്ച
ഗ്രന്ഥമാണ് അവലംബം. ട്യൂബിങ്ങൻ സർവകലാശാലാ ലൈബ്രറിയിൽനിന്ന് ഈ
പകർപ്പു ലഭിച്ചു.

മലയാളം അച്ചടിയുടെയും പ്രസാധനത്തിന്റെയും ചരിത്രത്തിൽ പ്രാധാന്യമുള്ള
കൃതിയാണ് മാനുഷഹൃദയം, ജെഹന്നസ് ഇവാൻജലിസ്ത ഗോസ്നറുടെ (1773-1858)
Herz. Buchlein എന്ന ജർമൻ ഗ്രന്ഥത്തിന്റെ പരിഭാഷയാണിത്. ലോകത്തിന്റെ
വിവിധഭാഗങ്ങളിൽ വിവിധ ഭാഷകളിൽ മിഷണറിമാരോടൊപ്പം ചെന്നത്തിയ ലഘുകൃതി
എന്ന നിലയിൽ ഇതിനു വ്യാപകമായ പ്രചാരം ലഭിച്ചു. ഇന്നത്തെ നിലയിൽ
പ്രസ്തുതകൃതിയുടെ പ്രാധാന്യം അതിലെ ചിത്രങ്ങളാണ്. 1846-ൽ ജർമ്മനിയിൽ
വിശ്രമത്തിനുപോയ ഗുണ്ടർട്ട് മാനുഷഹൃദയത്തിനുവേണ്ട ചിത്രങ്ങൾ അവിടെ
ബെത്തേലിയൂസ് എന്ന ചിത്രകാരനെക്കൊണ്ടു തയ്യാറാക്കിച്ചിരുന്നു. (ഫ്രൻസ് &
സക്കറിയ ഡോ. ഹെർമൻ ഗുണ്ടർട്ട് ഡി സി ബി, 1991: 104. ഇനിയങ്ങോട്ട് ഡോ. ഹെർമൻ
ഗുണ്ടർട്ട് 1991 എന്ന ചുരുക്കെഴുത്തിലായിരിക്കും ഈ ഗ്രന്ഥം സൂചിപ്പിക്കുക. സ്കറിയാ
സക്കറിയ: ഡോ. പി.ജെ. തോമസിന്റെ മലയാള സാഹിത്യവും ക്രിസ്ത്യാനികളും എന്ന
ഗ്രന്ഥത്തിന്റെ ഡി സി ബി പതിപ്പിലുള്ള ചർച്ചയും പൂരണവും 1989: 457-459. ഇനി
ചർച്ചയും പൂരണവും 1989 എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കും.)

മാനുഷഹൃദയത്തിനു 1849 മുതൽ പതിപ്പുകളുണ്ടായിരുന്നിരിക്കണം. ആദ്യകാല
പതിപ്പുകളിലെ ചിത്രങ്ങളെക്കുറിച്ചു ബാസൽ മിഷൻ കമ്മറ്റിക്ക് എതിർപ്പുകളുണ്ടായി,
പിശാചിന്റെ ചിത്രങ്ങളെക്കുറിച്ചായിരുന്നു ഏറെ ഭിന്നാഭിപ്രായങ്ങൾ! 1851-ൽ [ 22 ] തലശ്ശേരിയിൽ അച്ചടിച്ച മാനുഷഹൃദയം ഈ സമാഹാരത്തിൽ ചേർത്തിരിക്കുന്നു.

വേദോപദേശങ്ങൾ: മാർട്ടിൻ ലൂതറുടെ നാട്ടിൽ നിന്നു വന്ന ലൂതറൻ
മതവിശ്വാസിയായ ഗുണ്ടർട്ട് ലൂതറിന്റെ വേദോപദേശഗ്രന്ഥങ്ങൾ തർജമ ചെയ്ത്
അവതരിപ്പിച്ചില്ലെങ്കിലല്ലേ വിസ്മയമുള്ളൂ. മതനവീകരണവിപ്ലവത്തിനു നേതൃത്വം
നൽകിയ മാർട്ടിൻ ലൂതർ (1483-1546) അക്കാലത്തെ ക്രൈസ്തവ ജീവിതത്തെക്കുറിച്ച്
ഏറെ ദുഃഖിതനായിരുന്നു:

സുവിശേഷം, ക്രിസ്തു, സ്നാപനം, ബലി, വിശ്വാസം, ആത്മാവ്, ശരീരം, നന്മ,
പത്തു കല്പനകൾ, യേശു പഠിപ്പിച്ച പ്രാർത്ഥന തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ
പോലും നിശ്ചയമില്ലാത്ത അജ്ഞരും ഉദരംഭരികളുമായ പുരോഹിതരെ
പന്നിവളർത്തുകാരും പട്ടിവളർത്തുകാരുമായിട്ടാണ് അദ്ദേഹം കണ്ടത്. അവരുടെ
അജ്ഞത സഹിക്കാം, അഹന്തയും പരിപൂർണ്ണതാബോധവും ക്ഷമിക്കാനാവില്ല എന്ന്
ലൂതറിന്റെ പ്രസ്താവങ്ങളിൽ കാണുന്നു. വിറ്റൻബർഗ് സർവകലാശാലയിൽ ബൈബിൾ
പഠനത്തിന്റെ പ്രഫസറായിരുന്ന ലൂതർ 'വിശ്വാസത്താൽ നീതീകരണം (justifica
tion by faith) എന്ന ആശയം സുവിശേഷസാരമായി അവതരിപ്പിച്ചു തുടങ്ങിയതു
ധ്യാനപ്രസംഗങ്ങളിലാണ്. 1516-ൽ വിറ്റൻബർഗ്ഗിലെ രണ്ടു ദേവാലയങ്ങളിൽ
സുദീർഘമായ പ്രഭാഷണങ്ങൾ അദ്ദേഹം നടത്തി. പത്തുകല്പനകൾ, സ്വർഗ്ഗസ്ഥനായ
പിതാവേ എന്ന പ്രാർത്ഥന, അപ്പോസ്തലരുടെ വിശ്വാസപ്രമാണം എന്നിവ
വിശദീകരിച്ചുകൊണ്ടുള്ള ലൂതറിന്റെ അന്നത്തെ പ്രഭാഷണങ്ങളാണ് മതനവീകരണ
ചിന്തയ്ക്ക് അടിത്തറയായത്. അക്കാലം മുതൽ വാർദ്ധക്യം വരെ ലൂതർ എന്തെല്ലാം
എഴുതി പ്രസിദ്ധീകരിച്ചു എന്നു കൃത്യമായി നിർണ്ണയിക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ല.
1955-76 ഘട്ടത്തിൽമാർട്ടിൻലൂതറുടെ കൃതികൾ 55 വാല്യമായി അമേരിക്കയിൽ
പ്രസിദ്ധീകരിക്കയുണ്ടായി. ഇതും സമ്പൂർണ്ണമല്ല എന്നാണ് പണ്ഡിതമതം! ഇത്രയേറെ
ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയെങ്കിലും അവയിൽ ഏറ്റവും വ്യാപകമായ പ്രചാരം
ലഭിച്ചത് ആദ്യകാലകൃതിയായ ചെറിയ ചോദ്യോത്തരത്തിനാണ്. മഹാപണ്ഡിതനും
വിപ്ലവകാരിയുമായിരുന്ന ലൂതർ ഈ ലഘുഗ്രന്ഥത്തിലൂടെ അത്യന്ത ലളിതമായ
ശൈലിയിൽ ക്രൈസ്തവതത്ത്വങ്ങൾ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ
മനസ്സിലാകുന്ന മട്ടിൽ വിശദീകരിക്കുന്നു. 1529 മേയ് 16-നാണ് ഔപചാരികമായി ഈ
ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. ഗുണ്ടർട്ടിന്റെ തർജമ എന്നുണ്ടായി എന്നു നിശ്ചയമില്ല.
1869-ലെ പതിപ്പാണ് ഞങ്ങൾക്കു ലഭിച്ചിട്ടുള്ളത്. അതിൽനിന്ന് ഒരു ഭാഗം ഇവിടെ
ചേർക്കുന്നു.

ചോദ്യോത്തര രൂപത്തിലുള്ള മറ്റൊരു വേദോപദേശമാണ്
സ്ഥിരീകരണത്തിനുള്ള ഉപദേശം. 1853-ൽ തലശ്ശേരിയിൽ അച്ചടിച്ചതും ട്യൂബിങ്ങനിൽ
സൂക്ഷിച്ചിരിക്കുന്നതുമായ പകർപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ചർച്ചയും പൂരണവും
1989: 455 456 എന്ന പ്രബന്ധത്തിൽ ചേർത്തിട്ടുണ്ട്. 1869-ലെ രണ്ടാം പതിപ്പ് ഇപ്പോൾ
സ്വിറ്റ്സർലണ്ടിലെ ബാസൽമിഷൻ ആർക്കൈവ്സിൽനിന്നു ലഭിച്ചിരിക്കുന്നു.
അതിൽനിന്നു ചെറിയൊരു ഭാഗം ഇവിടെ ചേർക്കാം.

ഹെർമൻ ഗുണ്ടർട്ടിന് ഏറ്റവും പ്രിയങ്കരമായിരുന്ന വേദോപദേശ ഗ്രന്ഥം
മറ്റൊന്നാണ്—ക്രിസ്റ്റ്യാൻ ഹൈൻറിക് സെല്ലറു (1719-1860)ടെ ചോദ്യോത്തരം. [ 23 ] [ 24 ] മിഷൻ പ്രദേശങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാം എന്നു തോന്നിയ ഈ കൃതി
1842-ൽ അദ്ദേഹം തർജമ ചെയ്തു. മൂന്നു ഭാഗമായിട്ടാണ് അത് അച്ചടിച്ചത്:
മനുഷ്യചൊദ്യങ്ങൾക്ക ദൈവം കല്പിച്ച ഉത്തരങ്ങൾ എന്ന ശീർഷകത്തിൽ 1853-ൽ
തലശ്ശേരിയിലെ കല്ലച്ചിൽ അച്ചടിച്ച ഗ്രന്ഥത്തിൽ 147 പുറങ്ങളിലായി 597
ചോദ്യോത്തരങ്ങളുണ്ട്. അതിൽനിന്നു ചില ഭാഗങ്ങൾ ചർച്ചയും പൂരണവും 1989: 456-
457-ൽ കാണാം. ഒരു ഭാഗം ഇവിടെ ചേർക്കുന്നു. തുടർന്ന് പത്തു കല്പനകൾ,
ക്രിസ്തീയ വിശ്വാസം, കർത്താവിന്റെ പ്രാർത്ഥന, തിരുസ്നാനം, തിരുവത്താഴം
എന്നിങ്ങനെ അഞ്ചദ്ധ്യായംകൂടി ഗ്രന്ഥത്തിലുണ്ട്.

ചോദ്യോത്തര രൂപത്തിലുള്ള മതബോധനഗ്രന്ഥങ്ങൾക്കു വ്യാപകമായ പ്രചാരം
ലഭിച്ചതു മാർട്ടിൻ ലൂതറുടെ കാലത്താണെങ്കിലും എ.ഡി. എട്ടാം നൂറ്റാണ്ടു മുതൽ ആ
മാതൃകയിലുള്ള ഗ്രന്ഥങ്ങൾ നിലനിന്നിരുന്നതായി ഗവേഷകർ മനസ്സിലാക്കുന്നു.
(Pederson, Philip. E (Ed): Luthers Catechisms Today-What does this mean?
Augsburg Publishing House, Minneapolis 1979:14). മതബോധന മണ്ഡലം
വിട്ടു മനു വിജ്ഞാനമേഖലകളിലേക്കും ചോദ്യോത്തര രൂപത്തിലുള്ള പ്രതിപാദന
ശൈലി വ്യാപിച്ചു. എൽ.ജെ ഫ്രോൺമേയറുടെ പ്രകൃതിശാസ്ത്രം എന്ന ഊർജതന്ത്രഗ്രന്ഥം
ഉത്തമോദാഹരണമാണ്. ചർച്ചയും പൂരണവും 1989:426-427 കാണുക. ഗുണ്ടർട്ടിന്റെ
മലയാള വ്യാകരണചോദ്യോത്തരം മറ്റൊരുദാഹരണം. ഗുണ്ടർട്ടിന്റെ കരങ്ങളിലൂടെ
മലയാളഭാഷയ്ക്കു കൈവന്ന ആത്മബലത്തെക്കുറിച്ചു പഠിക്കുമ്പോൾ
ചോദ്യോത്തരങ്ങൾ പ്രാധാന്യം നേടുന്നു. കനപ്പെട്ട വിഷയങ്ങൾ യുക്തിസഹമായി
വിശദീകരിക്കാനും പഠിപ്പിക്കാനും മലയാളഭാഷയ്ക്കു കെല്പുണ്ടെന്നും മലയാള
ഗദ്യത്തിന് ഇക്കാര്യത്തിൽ പോരായ്മയില്ലെന്നും ഗുണ്ടർട്ട് തെളിച്ചു കാട്ടി. കാര്യം
പറഞ്ഞു ഫലിപ്പിക്കാനുള്ള ഭാഷയ്ക്ക് അവശ്യം വേണ്ട ഋജുത്വവും മൂർച്ചയും
ചോദ്യോത്തരങ്ങളിലെ ഭാഷാശൈലിയുടെ മുഖമുദ്രകളാണ്.

1849-ൽ തലശ്ശേരിയിൽ അച്ചടിച്ച സുവിശേഷ സംഗ്രഹം (279 പുറം)
ഒരർത്ഥത്തിൽ ജീവചരിത്രമാണ്—യെശുമശീഹയുടെകഥാസംക്ഷേപം. ഗുണ്ടർട്ടിന്റെ
ബൈബിൾ പരിചയവും ചരിതബുദ്ധിയും ഈ രചനയിൽ തെളിഞ്ഞുകാണാം.
സുവിശേഷകരും ഉപദേശികളുമായി പ്രവർത്തിക്കുന്ന നാട്ടുകാർക്ക് ക്രിസ്തുചരിതം
ശാസ്ത്രീയമായി വിശദീകരിച്ചു കൊടുക്കാനുള്ള ശ്രമത്തിൽനിന്നാണ് ഈ ഗ്രന്ഥത്തിന്റെ
ഉത്ഭവം. ഇതിന്റെ പരിഷ്കരിച്ച പതിപ്പു ബാസൽ മിഷനുവേണ്ടി ഗുണ്ടർട്ടിന്റെ
പുത്രനായ സാമുവേൽ മംഗലാപുരത്തുനിന്ന് 1876-ൽ പ്രസിദ്ധപ്പെടുത്തി. 1849-ലെ
സുവിശെഷ സംഗ്രഹത്തിൽനിന്ന് ഒരു ഖണ്ഡം ഈ സമാഹാരത്തിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്.

സുവിശെഷ സംഗ്രഹത്തിന്റെ പ്രസക്തിയെക്കുറിച്ചു ഗ്രന്ഥകർത്താവ് എഴുതിയ
മുഖവുര പാഠഭാഗത്തു ചേർത്തിട്ടുണ്ട്. 1876-ലെ പരിഷ്ക്കരിച്ച പതിപ്പിൽ പ്രത്യേകമായി
കാണുന്ന ഒരു കുറിപ്പ് ഇവിടെ ഉദ്ധരിക്കാം:

'പ്രിയ മലയാളസഭേ, സലാം! ഏറിയ കാലം കർത്തൃവേലയെ നിങ്ങളുടെ മദ്ധ്യേ
ചെയ്തു. കേരളത്തിലേ ആദ്യസഭയെ സ്ഥാപിച്ചവനും ഇന്നോളം നിങ്ങളെ അത്യന്തം
സ്നേഹിച്ചു പോരുന്നവനുമായ ഒർ ഉപദേഷ്ടാവൃദ്ധൻ ഈ ഗ്രന്ഥരൂപേണ [ 25 ] [ 26 ] [ 27 ] വാത്സല്യത്തോടെ നിങ്ങളെ വന്ദിക്കുന്നു. സ്നേഹം ഒരു നാളും ഉതിർന്നു പോകാം.
എന്നുണ്ടല്ലോ (1 കൊ. 13, 8). അറിവായാലും നീങ്ങിപോകും, പ്രവചനങ്ങൾ ആയാലും
അവറ്റിന്നു നീക്കം വരുന്നു, ഭാഷകളും ഭാഷാകൃതികളും നിന്നു പോകിലും ആം,
സ്നേഹമോ എന്നും ഒടുങ്ങാത്തതു. ഇങ്ങിനെ ശരീരപ്രകാരം ദൂരസ്ഥനായി
പോയെങ്കിലും ആത്മപ്രകാരം അടുത്തിരുന്നു ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ടു,
നിങ്ങളുടെ അതിവിശുദ്ധവിശ്വാസത്തിന്മേൽ നിങ്ങളെ തന്നെ പണി ചെയ്യൂ നമ്മുടെ
കർത്താവായ യേശുക്രിസ്തന്റെ കനിവെനിത്യജീവനായിട്ടു പാർത്തുകൊള്ളണ്ടതിന്നു
(യൂദാ 20ƒ) പണ്ട് എന്ന പോലെ ഇപ്പോഴും ഈ പുസ്തകമ്മൂലം നിങ്ങളോട്
അപേക്ഷിക്കുന്നു. ഗ്രന്ഥത്തിന്റെ രൂപവേഷാദികൾ അല്പം മാറി പോയെങ്കിലും
നിങ്ങളിൽ പലരും അതിൽ പഴയ ഒരു സ്നേഹിതനെ കണ്ട് ഓർത്തിട്ടു സന്തോഷിക്കും
എന്ന് ആശിക്കുന്നു. പത്തിരുപതു വർഷത്തോളം എങ്ങാനും മറുനാടു കടന്നു
മറഞ്ഞിരുന്ന ഈ ചങ്ങാതി ഇപ്പോൾ കുറയ തടിച്ചും നരെച്ചുമുള്ളവനായി തിരികെ
നിങ്ങളുടെ മദ്ധ്യത്തിങ്കൽ വിളങ്ങി വരുന്നേരം നിങ്ങൾ സ്നേഹസല്ക്കാരത്തോടെ
അവനെ കൈക്കൊള്ളുകയും പുത്രപൌത്രാദികളോടും മുഖപരിചയവും മമതയും
ഉണ്ടാകുമാറു പണ്ടേത്ത വസ്തുതയെ അറിയിക്കയും ചെയ്യും എന്നു
തേറിക്കൊണ്ടിരിക്കുന്നു.

ഇങ്ങ്ലീഷ് വിദ്യാഭ്യാസത്തെ ഏറ പ്രമാണിച്ചും രസിച്ചുംകൊള്ളുന്ന
ഇളന്തലമുറയുടെ ഉപകാരസന്തോഷങ്ങൾക്ക് വേണ്ടി അതാത് പകർപ്പിന്ന് ആധാരമായ
വേദവാക്യത്തെ ഇങ്ങ്ലീഷ് പരിഭാഷയിൽ ചേർത്തതല്ലാതെ സുവിശേഷസംഗ്രഹത്തെ
ചമെക്കേണ്ടുന്ന രീതിയും ക്രമവും ഇന്നതെന്നു സംക്ഷേപിച്ചു കാണിക്കയും
ക്രിസ്തജനനവർഷാദി കാലസൂക്ഷ്മങ്ങളെ വിവരിക്കയും ചെയ്തിരിക്കുന്നു. ഗ്രഹിപ്പാൻ
കഴിയുന്നവർ ഗ്രഹിപ്പൂതാക. ഗ്രഹിക്കാത്തവർക്കോ വ്യസനം ഏറ തോന്നരുതു.
വ്യാഖ്യാനസാരവും ഉപദേശപ്പൊരുളും എല്ലാവർക്കും ഒരു പോലെ അനുഭവിപ്പാറായി
വരുമല്ലോ. അതു കൂടാതെ കഥാസംബന്ധത്തേയും കാലനിർണ്ണയങ്ങളേയും മററും
അതാത് സ്ഥലങ്ങളിൽ വേണ്ടും പോലെ വർണ്ണിച്ചിട്ടുണ്ടു. കനാൻ ദേശത്തിൻ
ഭൂപടത്തേയും വായിക്കുന്നവരുടെ ഉപയോഗത്തിന്നായി ചേർത്തിരിക്കുന്നു.'

പല ഭാരതീയ ഭാഷകളിലും നവീന ഗദ്യത്തിന്റെ വളർച്ചയ്ക്കു
സഹായകമായതു മിഷണറി രചനകളാണ്. അവയിൽ ജോൺ ബുനിയന്റെ പിൽഗ്രിംസ്
പ്രോഗ്രസിന്റെ തർജമകൾപ്രത്യേക പരാമർശം അർഹിക്കുന്നു. 1847-ൽ കോട്ടയത്തും
1849-ൽ തലശ്ശേരിയിലും ഇതിന്റെ ആദ്യഭാഗം മലയാളത്തിൽ അച്ചടിച്ചു. രണ്ടു
തർജമകൾക്കും പിന്നീടു പതിപ്പുകളുണ്ടായി. (കൂടുതൽ വിവരങ്ങൾക്ക്: ചർച്ചയും
പൂരണവും 1989: 489-491). 1869-ൽ മംഗലാപുരത്ത് അച്ചടിച്ച സഞ്ചാരിയുടെ പ്രയാണം
ഇവിടെ പൂർണ്ണമായി ചേർത്തിട്ടുണ്ട്. മലയാള ഗദ്യത്തിന്റെ വളർച്ചയിൽ മിഷണറിമാർ
വഹിച്ച പങ്കു വിശദീകരിക്കാൻ ഇത് ഉപകരിക്കും. ബാസൽ മിഷണറിമാർ ഈ കൃതി
പാഠപുസ്തകമായി ഉപയോഗിച്ചിരുന്നു എന്നു മിഷൻ റിപ്പോർട്ടുകളിൽ നിന്നു
മനസ്സിലാക്കാം.

ഒന്നാംതരം മതസാഹിത്യമാണ് സന്മരണവിദ്യ. ഗുണ്ടർട്ടിന്റെ രചനകളിൽ
ജൂലി ഗുണ്ടർട്ടിന് ഏറ്റവും ഇഷ്ടപ്പെട്ട കൃതി ഇതായിരുന്നുപോലും! മരണത്തിന്റെ [ 28 ] [ 29 ] നിഴലിൽ കഴിയുന്ന മനുഷ്യനെ ജീവിതത്തിന്റെ മായികസ്വഭാവം ഓർമ്മിപ്പിച്ചു
നന്മയിലേക്ക് ആനയിക്കാനുള്ള ശ്രമമാണിതിൽ കാണുന്നത്. ഇതിന് അനേകം
പതിപ്പുകളുണ്ടായി. 1849-ൽ തലശ്ശേരിയിലെ കല്ലച്ചിലാണ് ഇത് ആദ്യമായി അച്ചടിച്ചത്.
ഗുണ്ടർട്ടിന്റെ ക്രൈസ്തവമനസ്സ് സൂക്ഷ്മമായി പരിശോധിക്കാൻ ആഗ്രഹിക്കുന്നവർക്ക്
വേണ്ടി സന്മരണവിദ്യ പൂർണ്ണരൂപത്തിൽ ഇവിടെ ചേർക്കുന്നു. ഇതായിരുന്നു ജൂലി
ഗുണ്ടർട്ടിന് ഏറ്റവും ഇഷ്ടപ്പെട്ട രചന എന്നു മനസ്സിലാക്കുമ്പോൾ അവരുടെ
മനസ്സിലേക്കു കൂടി നമുക്കു പ്രവേശനം ലഭിക്കുന്നു. വിജ്ഞാനദാഹിയും
പണ്ഡിതനുമായിരുന്ന ഗുണ്ടർട്ടിനെ ഒരു സാധാരണ മിഷണറിയുടെ അനുദിന
കർമ്മങ്ങളിൽനിന്നു വ്യതിചലിക്കാതെ പ്രചാരണ പ്രവർത്തനങ്ങളിൽ
ഉറപ്പിച്ചുനിറുത്തിയതു ജൂലി ഗുണ്ടർട്ടായിരുന്നു എന്നു ജീവചരിത്ര രേഖകൾ
വായിക്കുമ്പോൾ തോന്നിപ്പോകും. അവർ ജീവിതകാലം മുഴുവൻ ഭക്തിമാർഗ്ഗത്തിൽ
ഉറച്ചുനിന്നു; ഭർത്താവിനെ ജ്ഞാനമാർഗ്ഗത്തിൽ മാത്രം തങ്ങി നിൽക്കാൻ
അനുവദിച്ചതുമില്ല.

സ്മിർണയിലെ ക്രൈസ്തവ സമൂഹത്തിന്റെ മൂപ്പനും ഒരു ആദിമ ക്രൈസ്ത
വരക്തസാക്ഷിയുമായ പോളികാർപ്പിന്റെ (Polycarp) ജീവിതകഥയാണ്
പൊലുകർപ്പചരിതം. മത ജീവിതത്തിൽ പ്രതിബന്ധങ്ങൾ നേരിടുന്നവർക്കു
സാഹസികമായി ഉറച്ചു നിൽക്കാൻ പ്രചോദനം നൽകുന്ന രചനയാണിത്. ഗുണ്ടർട്ട്
രചിച്ച ലക്ഷണയുക്തമായ ജീവചരിത്ര കൃതി എന്ന നിലയിൽ ഇതിനു പ്രാധാന്യമുണ്ട്.
സാമുവെൽ ഹെബിക്, യാക്കോബ് രാമവർമ്മ എന്നിവരുടെ ജീവചരിത്രങ്ങൾ
മലയാളത്തിൽ ഗുണ്ടർട്ട് എഴുതിയതായി ചില ഗ്രന്ഥങ്ങളിൽ കാണുന്നുണ്ടെങ്കിലും
ആഭ്യന്തരവും ബാഹ്യവുമായ തെളിവുകൾ ആ ഗ്രന്ഥങ്ങളുടെ കർത്തൃത്വത്തിൽനിന്ന്
അദ്ദേഹത്തെ ഒഴിവാക്കുന്നു. അവയുടെ രചനയിൽ ഗുണ്ടർട്ടു നൽകിയ വിവരങ്ങൾ
പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നതു തീർച്ച. പൊലുകർപ്പചരിതം ഈ
സമാഹാരത്തിൽ പൂർണ്ണമായി ചേർത്തിരിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന ക്രൈസ്തവമിഷണറി
പ്രവർത്തനത്തിന്റെ ചരിത്രത്തിൽ ബാസൽ മിഷനു സുപ്രധാന സ്ഥാനമുണ്ട്. ബാസൽ
മിഷന്റെ പ്രവർത്തനമേഖലയും പ്രവർത്തനശൈലിയും മറ്റു മിഷൻ സംഘങ്ങളിൽ
നിന്നു വ്യത്യസ്തമായിരുന്നു. ദക്ഷിണ തിരുവിതാംകൂറിലെ മൈലാടി കേന്ദ്രമാക്കി 1806-
ൽ പ്രവർത്തനം തുടങ്ങിയ ലണ്ടൻ മിഷൻ സൊസൈറ്റി (LMS) പേരുകൊണ്ടു
വ്യക്തമാകുന്നതുപോലെ ബ്രിട്ടീഷ് പാരമ്പര്യത്തിൽനിന്നു പ്രചോദനം നേടിയവരാണ്.
1816 മുതൽ മധ്യകേരളത്തിൽ കോട്ടയം കേന്ദ്രമാക്കി പ്രവർത്തിച്ച ചർച്ചുമിഷൻ
സൊസൈറ്റി (CMS)യും സുസംഘടിതമായ ആംഗ്ലിക്കൻ സഭയുടെ സുവ്യക്തമായ
കാഴ്ചപ്പാടുകളോടെ രംഗപ്രവേശം ചെയ്തു. സുറിയാനിക്കാർ എന്നു ഡച്ചുകാരുടെ
കാലം മുതൽ പരാമർശിക്കപ്പെട്ടുപോരുന്ന പരമ്പരാഗത മാർത്തോമ്മാ നസ്രാണികളുടെ
നവീകരണമായിരുന്നു സി.എം.എസ്. മിഷണറിമാരുടെ പ്രാഥമിക ലക്ഷ്യം. പിന്നീട്
സുറിയാനിക്കാരുമായി പിണങ്ങിപ്പിരിഞ്ഞപ്പോൾ അവർ അവർണ്ണരുടെ
മതപരിവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. തെക്കൻ തിരുവിതാംകൂറിലും
മധ്യതിരുവിതാകൂറിലും രാജാക്കന്മാരുടെ പിന്തുണയോടുകൂടി വിദ്യാഭ്യാസാദി [ 30 ] [ 31 ] [ 32 ] പ്രവർത്തനങ്ങളിൽ മിഷണറിമാർ ഏർപ്പെട്ടു. ബാസൽ മിഷൻ പ്രവർത്തന
കേന്ദ്രമാകട്ടെ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിലായിരുന്ന മലബാറിലാണ്.
അവിടെ അന്നുണ്ടായിരുന്ന ക്രൈസ്തവരാകട്ടെ എണ്ണത്തിൽ വളരെ കുറവും
സങ്കരവർഗ്ഗത്തിലും മറ്റും ഉൾപ്പെട്ടവരാകയാൽ പൊതുധാരയിൽനിന്നു വേർപിരിഞ്ഞു
കഴിയുന്നവരുമായിരുന്നു. 1839-ൽ തലശ്ശേരിയിൽ ആസ്ഥാനമുറപ്പിച്ചു പ്രവർത്തനം
തുടങ്ങിയ ബാസൽമിഷൻ അന്നുണ്ടായിരുന്ന ചുരുക്കം ചില ക്രൈസ്തവരെ
വിശ്വാസത്തിൽ സ്ഥിരീകരിക്കാനും എല്ലാ വിഭാഗങ്ങളിൽനിന്നും പുതിയ അംഗങ്ങളെ
സ്വീകരിക്കാനും ഉദ്യമിച്ചു. ഹെർമൻ ഗുണ്ടർട്ടടക്കമുള്ള ബാസൽ മിഷണറിമാരിൽ
ബഹുഭൂരിപക്ഷവും തെക്കൻ ജർമ്മനിയിൽനിന്നുള്ളവരായിരുന്നു. ചുരുക്കം ചിലർ
സ്വിറ്റ്സർലണ്ടിൽനിന്നും. ജർമ്മൻ ഭാഷക്കാരായ ഇവർക്കു ബ്രിട്ടീഷ് ഭരണകൂടവുമായി
ഇംഗ്ലീഷ് മിഷണറിമാരെപ്പോലെ അടുത്തിടപഴകാൻ സാധിച്ചിരുന്നില്ല. മിഷണറി
പ്രവർത്തനത്തോട് കൊളോണിയൽ ഭരണാധികാരികൾക്ക് വലിയ മതിപ്പില്ലായിരുന്നു
എന്ന കാര്യവും ഓർമ്മിക്കുക. ഈസ്റ്റ് ഇന്ത്യാ കമ്പനി മിഷണറി പ്രവർത്തനത്തിന്
എതിരായിരുന്നു. പിന്നീട് ഭാരതം നേരിട്ടുള്ള ബ്രിട്ടീഷ് രാജഭരണത്തിലായപ്പോൾ
മതസ്വാതന്ത്യം അഭംഗുരം നിലനിർത്തണം എന്നു കല്പനയുണ്ടായിരുന്നു. 1858
നവംബർ 1-നു ബ്രിട്ടീഷ് രാജി പുറപ്പെടുവിച്ച കല്പനയിൽ നിന്ന്:

'Firmly relying ourselves on the truth of Christianity, and acknowl-
edging with gratitude the solace of religion, we disclaim alike the right and
the desire to impose our convictions on any one of our subjects. We declare
it to be our Royal will and pleasure that none be in anywise favoured none
molested or disquieted by reason of their religious faith or observances, but
that all shall alike enjoy the equal and impartial protection of the law; and we
do stirctly charge and enjoin those who may be in authority under us that they
abstain from all interference with the religious belief or Worship of any of our
subjects, on pain of our highest pleasure'.
(The Royal Proclamation of 1858)

ഇതെല്ലാമാണെങ്കിലും, ഇന്ത്യൻ ജനതയുടെ ആത്മീയവും ഭൗതികവുമായ
പുരോഗതി വിലയിരുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെൻറിന് സമർപ്പിച്ചിരുന്ന
റിപ്പോർട്ടുകളിൽ മിഷണറിമാരുടെ സേവനങ്ങളും ഉൾപ്പെടുത്തിയിരുന്നതായി ബ്ലൂ
ബുക്കിൽ നിന്നു മനസ്സിലാക്കാം. അത്തരം റിപ്പോർട്ടുകളിൽ ബ്രിട്ടീഷുകാരും
അമേരിക്കക്കാരുമായ മിഷണറിമാരുടെ സേവനമാണ് എടുത്തു പറഞ്ഞിരുന്നത്.
ഉദാഹരണത്തിന് 1871-72-ലെ റിപ്പോർട്ടുള്ള ബ്ലൂ ബുക്കിൽ LMS, CMS മിഷണറി
സംഘങ്ങളുടെ തിരുവിതാംകൂറിലെ സേവനത്തെക്കുറിച്ചു പരാമർശിക്കുന്നു. ബ്രിട്ടീഷ്
മലബാറിലെ ബാസൽ മിഷനെക്കുറിച്ചു പരാമർശമില്ല! ലോക മഹായുദ്ധകാലത്തു
ജർമ്മൻ മിഷണറിമാരെ ചാരന്മാരായി പരിഗണിച്ചു കർക്കശമായ നിയന്ത്രണത്തിലാക്കി.
ജർമൻ സ്ഥാപനം എന്ന നിലയ്ക്കാണ് മംഗലാപുരത്തെ പ്രശസ്തമായ അച്ചടിശാല
അടച്ചുപൂട്ടി മുദ്രവച്ചത്. ഇന്ത്യയിലെ ജർമൻകാർക്കു വേണ്ടി നാസിലഘുലേഖകൾ
അച്ചടിച്ചിരുന്നതു ബാസൽ മിഷൻ പ്രസ്സിലായിരുന്നു എന്നത് പ്രസക്തമായ മറ്റൊരു
[ 33 ] [ 34 ] [ 35 ] ചരിത്രസത്യം! ഇതു ബാസൽ മിഷൻകാരുടെ ഔദ്യോഗിക ചരിത്രത്തിൽ (Paul
Jenkins, A short History of the Basel Mission, Texts and Documets No. 10,
May 1989, Basel Mission, 4003 Basel. P. 17) രേഖപ്പെടുത്തിയിട്ടുള്ളതാണ്.
അത്തരം നിർദ്ദയമായ സത്യസന്ധത നമ്മുടെ ചരിത്രകാരന്മാർക്കു മാതൃകയാവട്ടെ.

പോൾ ജങ്കിൻസിന്റെ രേഖയെ അടിസ്ഥാനമാക്കി ബാസൽ മിഷനെക്കുറിച്ചു
ചുരുക്കം ചില കാര്യങ്ങൾ കൂടി രേഖപ്പെടുത്തുകയാണ്. മതനവീകരണം യൂറോപ്പിൽ
സൃഷ്ടിച്ച ചലനങ്ങൾ ക്രമേണ വ്യവസ്ഥാപിത സഭകളുടെ ചിട്ടവട്ടങ്ങളിൽ
കുടുങ്ങിപ്പോയി. ഇതിൽ അസംതൃപ്തരായ ആദർശവാദികൾ പ്യൂരിട്ടൻസ് എന്നു
ബ്രിട്ടനിലും പയറ്റിസ്റ്റുകൾ എന്നു മറ്റു യൂറോപ്യൻ നാടുകളിലും അറിയപ്പെട്ടു.
വ്യക്തിയുടെ ഹൃദയ പരിശുദ്ധി, ബൈബിളിന്റെ പ്രാമുഖ്യം, ആത്മീയമായ
പുനർജന്മത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ചെല്ലാം കർക്കശമായ
അഭിപ്രായങ്ങളുണ്ടായിരുന്ന പയറ്റിസ്റ്റുകളും പ്യൂരിട്ടൻസും തീവ്രവാദികളായി മുദ്ര
കുത്തപ്പെട്ടു. ഔദ്യോഗിക സഭകളുമായി മല്ലടിച്ച ഇക്കൂട്ടരെ രാജ്യദ്രോഹികളായി
പരിഗണിക്കുക കൂടി ചെയ്തിരുന്നു. അമേരിക്കയിലേക്കു കടൽ കടന്നു പോയ 'പിൽഗ്രിം
ഫാദേഴ്സ്' ഈ ഗണത്തിൽപ്പെട്ടവരാണ്. പയറ്റിസ്റ്റുകൾക്ക് ആദ്യമായി
പൂർണ്ണപൗരസ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തതു ദക്ഷിണ ജർമ്മനിയിലെ വ്യൂർട്ടൻ
ബർഗ് രാജ്യമാണ്. ഇന്നത്തെ സ്റ്റുട്ഗാർട് നഗരം ആസ്ഥാനമാക്കിയുണ്ടായിരുന്ന
പഴയ നാട്ടുരാജ്യമാണ് വ്യൂർട്ടൻബർഗ്. (ഇന്ന് ജർമ്മനിയിൽ ബാദനും വ്യൂർട്ടൻബർഗും
ചേർന്ന വ്യൂർട്ടൻബർഗ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് സ്റ്റുട്ഗാർട്). വ്യൂർട്ടൻ
ബർഗിലെ പയറ്റിസ്റ്റുകൾ വളരെ വേഗം ശക്തിപ്രാപിച്ചു പ്രൊട്ടസ്റ്റന്റു സഭകളിൽ
വലിയ ശക്തിയായിത്തീർന്നു. തൊട്ടടുത്ത രാജ്യമായ സ്വിറ്റ്സർലണ്ടിലെ ബാസലിൽ
ക്രിസ്തുമത പ്രചാരണത്തിനു വേണ്ടി ഒരു ജർമ്മൻ സംഘം (Deutsche Christen-
tumsgesellschaft) 1780 മുതൽ പ്രവർത്തിച്ചിരുന്നു. ജർമ്മൻകാരായ
പയറ്റിസ്റ്റുകൾക്ക് ബാസലിലെ സംഘത്തിന്റെ പ്രസിദ്ധീകരണങ്ങൾ വളരെയേറെ
ഇഷ്ടപ്പെട്ടിരിക്കണം. അതിനാലായിരിക്കാം അവരുടെ ആസ്ഥാനത്തു തന്നെ
പുതിയൊരു ജർമ്മൻ മിഷണറി സംഘം ആരംഭിക്കാൻ 1815-ൽ തീരുമാനിച്ചത്.

കച്ചവടത്തിനും ഭക്തിക്കും പേരുകേട്ട നഗരമാണ് റൈൻ നദീതീരത്തെ
ബാസൽ. പത്തൊൻപതാം നൂറ്റാണ്ടിൽ പ്രമുഖ വ്യാപാരികൾ ബാസൽ മിഷൻ
പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ ആഴ്ചയിലൊരിക്കൽ യോഗം ചേർന്നിരുന്നു.
ഘാനയിലും ഇന്ത്യയിലും ബാസൽ മിഷനിൽ നിന്നു ശമ്പളം പറ്റുന്ന ഓരോ മത
പ്രചാരകന്റെയും പേര് യോഗത്തിൽ പങ്കെടുത്തിരുന്നവരുടെ നാവിൻതുമ്പിലുണ്ടാ
യിരുന്നു എന്നു കേൾക്കുമ്പോൾ ഈ വിഷയത്തിൽ അവർ എത്രത്തോളം ജാഗ്രത
പുലർത്തിയിരുന്നു എന്ന് ഊഹിക്കാമല്ലോ. എന്നാൽ ബാസലിൽ നിന്നു ചുരുക്കം ചില
വ്യക്തികൾ മാത്രമാണ് മിഷണറിമാരായി മറുനാടുകളിലേക്കു പോയത്.
ബഹുഭൂരിപക്ഷം മിഷണറിമാരും വ്യൂർട്ടൻ ബർഗുകാരായിരുന്നു. ഇതു
ബാസൽ മിഷൻ പ്രവർത്തനശൈലിയെ സ്വാധീനിച്ചു. ഇന്ന് സ്റ്റുർട്ഗാർട്ടും
പരിസരവും ജർമ്മനിയിലെ വൻകിട വ്യവസായങ്ങളുടെ ആസ്ഥാനമാണ്. കഴിഞ്ഞ
നൂറ്റാണ്ടിലാകട്ടെ കർഷക ഗ്രാമങ്ങളായിരുന്നു വ്യൂർട്ടൻബർഗിലുണ്ടായിരുന്നത്. [ 36 ] അവിടെ നിന്നുള്ള മിഷണറിമാർ തങ്ങൾ ചെന്നിടത്തെല്ലാം ഗ്രാമീണ വ്യവസ്ഥയുടെ
സൗഭാഗ്യങ്ങൾ നിലനിറുത്താൻ ആഗ്രഹിച്ചു. ഇല്ലിക്കുന്നിലെ വലിയ ബംഗ്ലാവിൽ
അസ്വസ്ഥനായി തീർന്ന ഗുണ്ടർട്ടിനെ മനസ്സിലാക്കാൻ (ഡോ. ഹെർമൻ ഗുണ്ടർട്ട്,
ഡിസിബി, 1991) ഈ പശ്ചാത്തലം ഉപകരിക്കും. സ്റ്റട്ഗാർട്ട് എന്ന നഗരത്തിലാണ്
ജനിച്ചു വളർന്നതെങ്കിലും ചുറ്റുപാടുമുണ്ടായിരുന്ന ശക്തമായ ഗ്രാമീണ സംസ്കാരം
അദ്ദേഹത്തെയും സ്വാധീനിച്ചിരിക്കണം.

വിവിധ പ്രൊട്ടസ്റ്റന്റുസഭാവിഭാഗങ്ങളിൽ നിന്നുള്ളവർ ബാസൽമിഷന്റെ
പ്രവർത്തനങ്ങളിൽ സഹകരിച്ചിരുന്നു. ലൂതറൻ പാരമ്പര്യവും കാൽവിയൻ പാരമ്പര്യവും
സംയോജിപ്പിക്കാനാണ് പൊതുവെ ശ്രമിച്ചിരുന്നത്. വ്യൂർട്ടൻബർഗിൽ നിന്നുള്ള മത
പരിശീലകർ ബാസലിലെ മിഷൻ കോളജിൽ നൽകിയിരുന്ന ക്ലാസുകൾ
പയറ്റിസത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. മിഷണറിമാരെ പരിശീലിപ്പിച്ചു മറ്റു
മിഷൻ സംഘങ്ങൾക്കു നൽകുക എന്നതായിരുന്നു തുടക്കത്തിൽ ബാസൽ മിഷന്റെ
പ്രവർത്തനം. ബാസലിൽ പരിശീലനം നേടിയ ചില ജർമ്മൻ മിഷണറിമാർ തമിഴ്നാട്ടിൽ
വിവിധ മിഷണറി സംഘങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഇതു ചില
സംഘർഷങ്ങൾക്കു വഴിതുറന്നു. ക്രിസ്റ്റ്യാൻ ഫ്രീഡറിക് ഷ്വാർട്സ് (1726-1798),
കാൾ റേനിയുസ് (1790-1838) തുടങ്ങിയ പ്രശസ്ത ജർമ്മൻ മിഷണറിമാരുടെ തമിഴ്നാട്ടിലെ
പ്രവർത്തനങ്ങൾ അനുസ്മരിക്കുക. ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഗുണ്ടർട്ട്
എഴുതിയിട്ടുണ്ട് (Frenz, Hermann Gundert-Quellen Zu Seinem Leben Und
Werk, Ulm 1991:311-336)

സ്വന്തം നിലയിൽ ബാസൽ മിഷൻ ആദ്യം മിഷണറിമാരെ അയച്ചതു
റഷ്യയിലേക്കാണ്. അവിടെ അർമേനിയൻ ഓർത്തഡോക്സ് ക്രൈസ്തവരുടെ ഇടയിൽ
പ്രവർത്തനം തുടങ്ങിയ ബാസൽ മിഷണറിമാരെ വിദേശചാരന്മാരെന്നു മുദ്രകുത്തി
സാർ (Tzar) ഭരണകൂടം പുറത്താക്കി. 1828-ൽ ബാസൽ മിഷണറിമാരുടെ ഒരു സംഘം
ആഫ്രിക്കയിലെ ഗോൾഡ് കോസ്റ്ററിൽ (ഇന്നത്തെ ഘാനയിൽ) എത്തി. ഇന്നുള്ള
ഏറ്റം പഴക്കമേറിയ ബാസൽമിഷൻ സമൂഹം ഘാനയിലാണ്. ക്രൈസ്തവ ഗ്രാമങ്ങൾ
പടുത്തുയർത്താനും പ്രാദേശിക ഭാഷകൾ (Twi and Ga-Adangme languages)
വികസിപ്പിച്ചു വിദ്യാഭ്യാസം നടത്താനുമായിരുന്നു അവരുടെ ശ്രമം. അടുത്ത ഘട്ടത്തിൽ
ബാസൽമിഷൻകാർ ദക്ഷിണേന്ത്യയിൽ എത്തി. റവ. സാമുവേൽ ഹേബിക്കിന്റെ
നേതൃത്വത്തിലുള്ള ആദ്യസംഘം 1834 ഒക്ടോബർ 13-ന് കോഴിക്കോട്ടു കപ്പലിറങ്ങി
അവിടെനിന്നു മംഗലാപുരത്തേക്കുപോയി. തെക്കൻ കർണ്ണാടകത്തിൽ ആയിരുന്നു
ബാസൽ മിഷന്റെ തുടക്കം. 1836 ജൂലൈ 7-നു മദ്രാസിൽ വന്നിറങ്ങിയ ഹെർമൻ
ഗുണ്ടർട്ട് ബാസൽ മിഷനിൽ ചേർന്ന് (1838-ൽ) തലശ്ശേരിക്കടുത്തു നെട്ടൂരിൽ
താമസമുറപ്പിച്ചതോടെ (1839) മലബാറിൽ ജർമ്മൻ മിഷണറി പ്രവർത്തനം തുടങ്ങി,
ഇന്ത്യയിലെ ബാസൽ മിഷൻ പ്രവർത്തനത്തിന്റെ സവിശേഷത അതിന്റെ ഭാഗമായി
ഉണ്ടായ വ്യവസായ സംരംഭങ്ങളാണ്. ഇന്ത്യയിലെ ബാസൽ മിഷൻ വ്യവസായ
സംരംഭങ്ങളെക്കുറിച്ചു രണ്ടു പിഎച്ച്.ഡി പ്രബന്ധങ്ങൾ ഈ ലേഖകൻ കണ്ടിട്ടുണ്ട്. ഒന്ന്
സ്വിറ്റ്സർലണ്ടിലെ സൂറിച്ച് സർവകലാശാലയിൽ, മറ്റൊന്നു കേരളത്തിൽ.
കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ ബാസൽമിഷൻ വ്യവസായങ്ങൾക്കുള്ള [ 37 ] പ്രാധാന്യം ഈ ഗവേഷണപ്രബന്ധങ്ങൾ വ്യക്തമാക്കുന്നു. ബാസൽമിഷൻ
വ്യവസായങ്ങളുടെ സാമൂഹിക പ്രസക്തി ചുരുങ്ങിയ വാക്കുകളിൽ ബാസൽ മിഷൻ
ആർക്കൈവ്സ്റ്റ് ചൂണ്ടിക്കാണിക്കുന്നതു ശ്രദ്ധിക്കുക: "There is a link between the
Basel Missions care for village life in West Africa and its factory policy in
India. This was a very down-to-earth mission. But the factorics also
developed because of the problems which came up because Indian Christians
lost their'Caste' when they became Christians...By becoming converts,
Indian Christians lost their way of making a living, and so the mission tried
to find alternate employment for them. This was one main reason why the
Basel Mission founded workshop in India which later developed into real
Mission Industries.' Paul Jenkins 1989:6-7.

വിവിധതരം വർക്ഷോപ്പുകളിൽ സാങ്കേതിക പരിശീലനം നൽകാൻ
കഴിവുള്ളവരെ ഇന്ത്യയിലേക്കു തെരഞ്ഞെടുത്തയയ്ക്കാൻ ബാസൽ മിഷൻ
ശ്രദ്ധിച്ചിരുന്നു. മിഷൻ കോളജിൽ വച്ചു തന്നെ പല സാങ്കേതിക വിദ്യകളും
പഠിപ്പിച്ചിരുന്നതായി രേഖകളുണ്ട്. 1890-ൽ ബാസലിൽ പരിശീലനം പൂർത്തിയാക്കിയ
മിഷണറിമാരുടെ ഒരു ചിത്രം പോൾ ജങ്കിൻസൺന്റെ പുസ്തകത്തിലുണ്ട്. അതിൽ
പണിയായുധങ്ങളുമായിട്ടാണ് മിഷണറിമാർ കാണപ്പെടുന്നത്. ജർമ്മൻ മിഷണറിമാരിൽ
കരകൗശലവിദഗ്ദ്ധരായിരുന്നു ഭൂരിപക്ഷവും. അക്കൂട്ടത്തിൽ ഒറ്റപ്പെട്ട
വ്യക്തിത്വമായിരുന്നു ഹെർമൻ ഗുണ്ടർട്ട്. പ്രശസ്തമായ ട്യൂബിങ്ങൻ സർവകലാശാലയിൽ
പഠിച്ചു ഡോക്ടർ ബിരുദം നേടി ഇന്ത്യയിലെത്തി ബാസൽ മിഷണറിയായിത്തീർന്ന
പ്രതിഭാശാലിയായ ഗുണ്ടർട്ടിനു പലപ്പോഴും ഏകാന്തത അനുഭവപ്പെട്ടിരുന്നു.
അചഞ്ചലമായ ഈശ്വരാശ്രയബുദ്ധിയാണ് മിഷണറി പ്രവർത്തനത്തിൽ അദ്ദേഹത്ത
ഉറപ്പിച്ചു നിറുത്തിയത്. ബാസൽ മിഷന്റെ ആദ്യകാല പ്രവർത്തനങ്ങൾക്കു നേതൃത്വം
നൽകിയ അദ്ദേഹം പല ഘട്ടങ്ങളിലും സഹകാരികളുടെയും കുടുംബാംഗങ്ങളുടെയും
പ്രേരണയ്ക്കു വഴങ്ങി തനിക്ക് ഉത്തമ ബോധ്യമില്ലാത്ത പ്രവർത്തനങ്ങളിൽ
പങ്കെടുക്കേണ്ടിവന്നിട്ടുണ്ട്. എങ്കിലും അദ്ദേഹം ചെയ്തതിലെല്ലാം ഗുണ്ടർട്ടു മുദ്ര
വ്യക്തമായി ദർശിക്കാം. ഉള്ളടക്കത്തിൽ ഇല്ലാത്ത പ്രാധാന്യം പല ബാസൽ മിഷൻ
രചനകളുടെയും ഭാഷയിൽ ആധുനിക ഗവേഷകൻ കണ്ടെത്തുന്നു.

ജർമ്മൻ സർവകലാശാലകളിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന
സാംസ്കാരിക കാലാവസ്ഥ ഗുണ്ടർട്ടിനെ സ്വാധീനിച്ചിരുന്നതായി ഊഹിക്കാം.
ജർമ്മനിയിൽ ഇന്ത്യൻ പഠനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന ഔഗസ്റ്റ് വിൽഹെലം
ഫൊൻ ഷ്ലെഗൽ (1767-1845)സംസ്കൃതം പഠിച്ചു തുടങ്ങിയത് 1814-ലാണ്—ഹെർമൻ
ഗുണ്ടർട്ടിന്റെ ജന്മവത്സരത്തിൽ. 1816-ൽ ബോൺ സർവകലാശാലയിൽ ഷ്ലെഗൽ
ഇൻഡോളജി പഠിപ്പിച്ചു തുടങ്ങി. ഫ്രൻട്സ് ബോപ്പ് (1791-1867) സംസ്കൃത
പഠനത്തിലൂടെ താരതമ്യ ഭാഷാശാസ്ത്രത്തിന്റെ അടിത്തറ ഉറപ്പിച്ചു. 1820-ൽ അദ്ദേഹം
ബർലിനിൽ ഇൻഡോളജി പ്രഫസറായിത്തീർന്നു. പ്രഷ്യയിലെ
സാംസ്കാരികമന്ത്രിയായിരുന്ന വിൽഹലം ഹുംബോൾട്ട് സംസ്കൃതം പഠിച്ചു 1825-26-
ൽ ഭഗവദ്ഗീതയെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു. സംസ്കൃത ഭാഷ, സംസ്കൃത [ 38 ] സാഹിത്യം, ഗീത, ഉപനിഷത്തുകൾ എന്നിവയിലെല്ലാം ജർമ്മൻ പണ്ഡിതന്മാരുടെ ശ്രദ്ധ
പതിഞ്ഞു. പ്രശസ്തദാർശനികനായ ആർതർ ഷൊപൻഹൊവർ (1788-1860) സംസ്കൃതം
പഠിച്ചിരുന്നില്ലെങ്കിലും തർജമകളിലൂടെ ഉപനിഷത്തുകളുടെ സാരം വശമാക്കി. ബുദ്ധമത
ചിന്തകളും അദ്ദേഹം പഠിച്ചെടുത്തു. ജർമ്മൻ റൊമാന്റിക്കുകളിൽ അഗ്രഗണ്യരായ
ഗെയ്ഥയും ഫ്രീഡറിക് ഫൊൻ ഷില്ലറും (1759-1805) ശാകുന്തളാദി സംസ്കൃത
രചനകളാൽ ആകൃഷ്ടരായി പലതും പുനരവതരിപ്പിച്ചു. ഓട്ടോഫൊൻ ബോട്ലിങ്കും
(1815-1804) റുഡോൾഫ് ഫൊൻ റോത്തും (1821-1895) ചേർന്നു രചിച്ച സെന്റ്
പീറ്റേഴ്സ്ബർഗ് നിഘണ്ടു (9500 പേജ്, ഏഴു വാല്യം) ഇന്നും സംസ്കൃത പഠനത്തിൽ
നിരതിശയ മാനദണ്ഡമായി നിലനിൽക്കുന്നു. ഏറ്റവും പ്രശസ്തനായ ജർമ്മൻ
ഇൻഡോളജിസ്റ്റ് ഫീഡറിക് മക്സ്മ്യുള്ളറാണ് (1823-1900). ഭാരതീയ വേദങ്ങളുടെ
പഠനത്തിലൂടെ അദ്ദേഹം വിദ്യാസമ്പന്നരായ ഭാരതീയർക്കു സുപരിചതനായിത്തീർന്നു.
അദ്ദേഹത്തിന്നു ഭാരതത്തിലെങ്ങും ആരാധകരുണ്ടായി. ബംഗാളിയിൽ എഴുതിയ ഒരു
ഗീതകം മാക്സ്മുള്ളർക്കു സമർപ്പിച്ച ഇന്ത്യൻ സുഹൃത്തിന് അദ്ദേഹം നൽകിയ മറുപടി
അക്കാലത്ത് ചില ദേശീയ ദിനപത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. ജർമ്മൻ
ബുദ്ധിജീവികൾക്കു ഭാരതീയരോടു പറയാനുണ്ടായിരുന്ന കാര്യങ്ങൾ ആ കത്തിലുണ്ട്.
അതിവിടെ ഉദ്ധരിക്കാം.

"I can assure you that I know of no higher reward for my literary labors
than the acknowledgment which I have received from time to time from your
countrymen.

Though I have never been in India, I have spent nearly the whole of
my life in the literature of India; and among the best creations of the Indian
mind, I sometimes feel as if I had become an Indian myself. What I want to
see in India is the rising of a national spirit, an honest pride in your past
history, a discriminating love of your ancient literature. All this need in no
way interfere with a determinate effort to make your future better and brighter
than your past. Take all that is good from Europe-only don't try to become
Europeans, but remain what you are, sons of Manu, children of a bountiful
soil, seekers after truth, worshippers of the same unknown God, whom all
men ignorantly worship, but whom all may truly and wisely serve by doing
what is just and right and good.

If I have in any way contributed to rouse such a spirit in India, to make
you feel proud of your ancestors, your poets, your lawgivers, proud of the
name of Aryans, I shall consider that I have not quite worked in vain."

ഇങ്ങനെ ഒരു സാംസ്കാരിക പശ്ചാത്തലം ഡോ. ഹെർമൻ ഗുണ്ടർട്ടിനെപ്പോലെ
ചുരുക്കം ചില ജർമ്മൻ മിഷണറിമാർക്കുണ്ടായിരുന്നു. മിഷണറി പ്രവർത്തനങ്ങളിൽ
ഏർപ്പെട്ടു പുതിയ ക്രൈസ്തവ സമൂഹങ്ങൾ പടുത്തുയർത്താൻ ശ്രമിച്ചപ്പോൾ അവരുടെ
അബോധമനസ്സിൽ ജർമ്മൻ അക്കാദമിക് സംസ്കാരത്തിന്റെ ചില
വികാരവിചാരവീചികൾ ഉണ്ടായിരുന്നിരിക്കാം. എന്നാൽ മറ്റെന്തിലുമുപരി അവർ [ 39 ] മിഷണറിമാരായിരുന്നു എന്ന കാര്യം മറക്കയും അരുത്. ആഗ്ലിക്കൻ
മിഷണറിമാരിൽനിന്നു ജർമ്മൻ മിഷണറിമാരെ, വിശേഷിച്ചു ഗുണ്ടർട്ടിനെപ്പോലുള്ള
പ്രതിഭാശാലികളെ വ്യത്യസ്തരാക്കിയ പശ്ചാത്തലം കണ്ടെത്താൻ നാം ശ്രമിക്കുകയാണ്.

ജർമ്മനിയിൽ വച്ചുതന്നെ ഗുണ്ടർട്ട് സംസ്കൃതം പഠിച്ചു തുടങ്ങിയിരിക്കാം.
കേരളത്തിലെത്തിയ 1839 മുതൽ മലയാളത്തോടൊപ്പം സംസ്കൃതം പഠിച്ചിരുന്നതായി
രേഖകളുണ്ട്. ഗുരുമുഖത്തുനിന്നു സംസ്കൃതം പഠിക്കുന്നതിന്റെ പ്രയോജനത്തെ
ക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. (ഡോ. ഹെർമൻ ഗുണ്ടർട്ട് 1991:90)
സംസ്കൃതത്തിൽ അദ്ദേഹത്തിന് എത്രത്തോളം പാണ്ഡിത്യമുണ്ടായിരുന്നു? അദ്ദേഹം
സംസ്കൃതത്തിൽനിന്നു തർജമ ചെയ്തു കൃതികൾ മുൻനിറുത്തി പണ്ഡിതന്മാർ ഇക്കാര്യം
തീരുമാനിക്കട്ടെ. സംസ്കൃതത്തിലെ ദ്രാവിഡാംശത്തെക്കുറിച്ചു 1869 -ൽ ഗുണ്ടർട്ട്
പ്രസിദ്ധീകരിച്ച പ്രൗഢഗവേഷണ പ്രബന്ധവും (Die Dravidischen Elemente in
Sanskrit, Zeitshrift der Deutschen Morgenländischen Gesellschandischen
Gesellschaft, Bd, 23, Leipzig 1869 S. 517-530 OR Frenz 1991:421-430)

ഗുണ്ടർട്ടിന്റെ തർജമകളിൽ വജ്രസൂചിക്കു പ്രത്യേക സ്ഥാനമുണ്ട് എന്നു
സൂചിപ്പിച്ചല്ലോ. ജാതിവ്യവസ്ഥയെക്കുറിച്ചുള്ള അശ്വഘോഷന്റെ രചനയായ
വജ്രസൂചിക്കു ഗുണ്ടർട്ടിന്റേതായ അനുബന്ധം കൂടി ചേർത്തിരിക്കുന്നു. അങ്ങനെ
അതു മിഷണറി രചനയായി മാറി. 1851-ലും 1853-ലും തലശ്ശേരിയിലെ കല്ലച്ചിൽ അത്
അച്ചടിച്ചു. പിന്നീടു മംഗലാപുരത്തുനിന്നു പുതിയ പതിപ്പുകളുണ്ടായി. 1868-ലെ
മൂന്നാം പതിപ്പ് ഇവിടെ അച്ചടിക്ക് ഉപയോഗിച്ചിരിക്കുന്നു.

അശ്വഘോഷന്റെ രചനകൾക്കു പത്തൊമ്പതാം നൂറ്റാണ്ടുമുതൽ യൂറോപ്പിൽ
തർജമകളും പഠനങ്ങളും ഉണ്ടായി. ഡബ്യൂ. വാസ്ലിജു അശ്വഘോഷനെക്കുറിച്ചുള്ള
ഐതിഹ്യങ്ങൾ (Der Budhismus 1860), ഇ.ബി. കവ്വൽ ബുദ്ധചരിതം (1893),
ഇ.എച്ച്. ജോൺസ്റ്റൻ സൗന്ദരനന്ദം (1928), എച്ച്. ലുഡേഴ്സ് ശാരീപുത്ര പ്രകരണം
(Das Sariputra Prakarana, Ein Drama Des Aswaghosa) എന്നിങ്ങനെ
തർജമകളും പഠനങ്ങളും വിവിധ യൂറോപ്യൻ ഭാഷകളിലുണ്ടായി. ഇവർക്കെല്ലാം മുമ്പെ
അശ്വഘോഷന്റെ മഹത്ത്വം മനസ്സിലാക്കി വജ്രസൂചി മലയാളഭാഷയിലാക്കിയ
ഗുണ്ടർട്ടിന്റെ ക്രാന്തദർശിത്വം അഭിനന്ദനീയം തന്നെ. അശ്വഘോഷകൃതികളുടെ
പ്രേരണാശക്ടി മനസ്സിലാക്കി അതു ജാതിവ്യവസ്ഥയ്ക്കെതിരെ ഗുണ്ടർട്ട് ഉപയോഗിച്ചു.
അശ്വഘോഷ വചനങ്ങളുടെ പ്രേരണാശക്തിയെക്കുറിച്ചുള്ള ഐതിഹ്യം,
ധർമ്മപ്രസംഗത്തിന്റെ മാധുര്യത്തിൽ അലിഞ്ഞ് അശ്വങ്ങൾകൂടി പുല്ലു ചവയ്ക്കാതെ
നിന്നതിനാൽ അശ്വഘോഷൻ എന്നു പേരുണ്ടായി എന്നാണ്. വജ്രസൂചിയുടെ
ചൈനീസ് പരിഭാഷയിൽ (973-981) മൂലകൃതിയുടെ കർത്താവായി ധർമ്മകീർത്തിഎന്ന
കവിയെയാണ് സൂചിപ്പിച്ചിരിക്കുന്നത് എന്ന കാര്യം കൂടി ഇവിടെ ഓർമ്മിക്കുക.
അതെക്കുറിച്ചുള്ള ഗവേഷണപഠനം നമ്മുടെ പരിധിക്കപ്പുറത്താകയാൽ തൽക്കാലം
നമുക്കു ഗുണ്ടർട്ടിന്റെ അഭിപ്രായത്തോടു യോജിച്ചു നിൽക്കാം.

ജാതിവ്യവസ്ഥയ്ക്കെതിരെ പാശ്ചാത്യ മിഷണറിമാർ നടത്തിയ പോരാട്ടം
വിശദീകരിക്കേണ്ടതില്ല. ഭാരതീയ മനസ്സിന്റെ ആഴത്തിൽ വേരൂന്നിയ
ജാതിചിന്തപറിച്ചുനീക്കാൻ മതപരിവർത്തനംകൊണ്ടും സാധിച്ചില്ല. ക്രിസ്തുമതത്തിൽ [ 40 ] [ 41 ] ചേർന്ന ബഹുഭൂരിപക്ഷവും പരോക്ഷമായെങ്കിലും ജാത്യാചാരങ്ങൾ പുലർത്തിപ്പോന്നു.
ജാതിക്കെതിരെ പതിനാറാം നൂറ്റാണ്ടിലെ കത്തോലിക്ക മിഷണറിമാരും പത്തൊമ്പതാം
നൂറ്റാണ്ടിലെ പ്രോട്ടസ്റ്റന്റു മിഷണറിമാരും പയറ്റിനോക്കി. ജാതീയമായ
അവശതകളിൽനിന്നു മതപരിവർത്തനത്തീലൂടെ ചിലരെ മോചിപ്പിച്ചെടുക്കാൻ
അവർക്കു കഴിഞ്ഞു. എന്നാൽ അങ്ങനെ മോചിതരായവർ തന്നെ വീണ്ടും
ജാതിവികാരങ്ങൾ ആളിക്കത്തിച്ചു. ജനാധിപത്യയുഗത്തിൽ മതഭേദങ്ങൾക്ക്
അതീതമായ ജാതിയുടെ അടിസ്ഥാനത്തിൽ വോട്ടു ബാങ്കുകൾ രൂപപ്പെട്ടു എന്ന
ദുഃഖസത്യം നിലനില്ക്കുന്നു. ജാതിധ്വംസനത്തെക്കുറിച്ചു ക്രൈസ്തുവ
മിഷണറിമാർക്കുണ്ടായിരുന്ന സ്വപ്നം ഏറെക്കുറെ സാക്ഷാത്കരിച്ച ഒരു സമൂഹമാണ്
ഉത്തരമലബാറിലെ ബാസൽ മിഷൻ. മതസമൂഹം കെട്ടിപ്പടുക്കാനുള്ള വ്യഗ്രതയിൽ
ജാതീയ ശക്തികളുമായി രമ്യപ്പെടാൻ ജർമ്മൻ മിഷണറിമാർക്ക് ഇടവന്നില്ല. മറ്റു പല
സ്ഥലത്തും സംഖ്യാബലം വർധിപ്പിക്കാൻ ജാതീയതയുമായി രാജിയാവേണ്ടി വന്നിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിലെ മിഷണറി പ്രസിദ്ധീകരണങ്ങളിൽ ജാതിയെക്കുറിച്ചു നടന്ന
സംവാദങ്ങൾ കൗതുകപൂർവം വായിക്കാൻ ഇതെഴുതുന്നയാൾക്ക് കഴിഞ്ഞു.
ജാതിചിന്തയുമായി പൊരുത്തപ്പെടണം എന്ന അഭിപ്രായക്കാരുണ്ടായി. എല്ലാവിധ
ജാതിചിഹ്നങ്ങളും ഒഴിവാക്കി പുതിയൊരു സംസ്കാരം ക്രൈസ്തവർ
പടുത്തുയർത്തണം എന്നു മറ്റു ചിലർ വാദിച്ചു. ക്രിസ്ത്യാനിയാകുന്നവൻ
കുടുമ്മിഉപേക്ഷിക്കണോ? വേണമെന്നും വേണ്ടെന്നും മിഷണറിമാർക്കിടയിൽ
അഭിപ്രായമുണ്ടായി. കുടുമ്മി ജാതിചിഹ്നമാണെന്നായിരുന്നു ഒരു കൂട്ടരുടെ വാദം.
ഡോ. റോബർട്ട് കാൽഡ്വലിനെപ്പോലുള്ള പ്രമുഖർകൂടി പങ്കെടുത്ത (Indian Anti-
quary, Vol. IV 1875:166-173) കുടുമ്മി ചർച്ച ഇന്ത്യൻ ഇവാഞ്ചലിക്കൽ റിവ്യൂ,
ഇന്ത്യൻ അൻറിക്വറി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലായി ചിതറിക്കിടക്കുന്നു. ജാതി
ചിന്തയോടുള്ള പ്രതികരണത്തിൽ ജർമ്മൻകാർക്കു ഭൂരിപക്ഷമുണ്ടായിരുന്ന
ബാസൽമിഷനും ലൈപ്സിഗ് മിഷനും (ഇവർ തമിഴ്നാട്ടിൽ വളർത്തിയ ലൂതറൻ സഭ
ഇന്നും സജീവമാണ്) തമ്മിൽ പൊരുത്തപ്പെട്ടില്ല. ഗുണ്ടർട്ട് തുടങ്ങിവച്ച കേരളത്തിലെ
ബാസൽമിഷൻ ഒരിക്കലും ജാതി ചിന്തയുമായി പൊരുത്തപ്പെട്ടില്ല. അതിനു പ്രചോദനം
നൽകിയ ഒരു രചനയാണ് വജ്രസൂചി. (മററു ചില വിവരങ്ങൾക്കു, ഡോ. ഹെർമൻ
ഗുണ്ടർട്ട് 1991:118 കാണുക.)

ബാസൽമിഷന്റെ ആദ്യകാല ആചാരക്രമം കൗതുകകരമായ വിഷയമാണ്.
1861-ൽ തലശ്ശേരിയിൽ അച്ചടിച്ച ഹിന്തുരാജ്യത്തിലും, അഫ്രീക്ക ഖണ്ഡത്തിലും,
ബാസലിലെ മിശ്ശൻ സംഘത്തൊടു സംബന്ധിച്ച സുവിശെഷ സഭകൾക്കുള്ള
ആചാരക്രമം 80 പുറമുള്ള പുസ്തകമാണ്. ആചാരക്രമ(1861)ത്തിൽനിന്നു ചില
ഖണ്ഡങ്ങൾ ഇവിടെ ചേർക്കുന്നു:

'ത്ര്യെക ദൈവത്തിൻനാമത്തിൽ സ്നാനം ഏറ്റു സുവിശെഷ വചനപ്രകാരം
ആചരിച്ചു സഭകളിൽ നടപ്പായ്വന്ന ചട്ടങ്ങളെ സ്വന്ത നടപ്പിന്നു കാനുലാക്കി
കൊള്ളുന്നവൻ മാത്രം സഭയിൽ ഒർ അവയവം ആകുന്നു.'

ഖണ്ഡം 3. 'തിരുസ്നാനം മൂലം സഭയിൽ പ്രവെശിപ്പാൻ ഭാവിക്കുന്നവൻ
ബിംബാരാധനയൊട് സംബന്ധിച്ചത് എപ്പെരും ഉപെക്ഷിച്ചപ്രകാരം നിശ്ചയം വരെണ്ടത്. [ 42 ] [ 43 ] 4. നാം എല്ലാവരും ആദാമിൻ സന്തതികളും സ്വഭാവപ്രകാരം കൊപത്തിന്റെ
മക്കളും ആകുന്നു എന്നും യെശുക്രിസ്തന്റെ മരണത്താൽ ദൈവത്തോടു നിരന്നുവന്നു
കരുണയാലെ വിശ്വാസം മൂലം ദൈവനീതിക്കും നിത്യജീവന്നും ഒഹരിക്കാരായി തീരുന്നു
എന്നും ക്രിസ്ത്യാനർ അറിഞ്ഞു ഏറ്റു പറയുന്നത പൊലെ ക്രിസ്തനിൽ യഹൂദനുമില്ല,
യവനനുമില്ല. ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; എല്ലാവനും
ഏകനത്രെ ആകുന്നു എന്നും സമ്മതിക്കയും പ്രത്യെകം ഭാരതഖണ്ഡത്തിലെ ക്രിസ്ത്യാനർ
ജാതിധർമ്മത്തൊടുള്ള സംബന്ധം സുവിശെഷവിശ്വാസത്തൊട് ഒക്കാത്ത പ്രകാരം
ഗ്രഹിച്ചു മനഃപൂർവ്വമായി ഉപെക്ഷിക്കയും വെണ്ടത്. ജന്മഭെദത്തിൽനിന്ന് മനുഷ്യർക്ക്
ശുദ്ധാശുദ്ധികളിലും ഭെദം ജനിക്കുന്നു എന്നു പുറജാതികളത്രെ വിചാരിക്കുന്നത്
(എഫെ 2,3. രൊമ. 3,10. എഫെ. 2,13-18. രൊമ, 3,23,24).

5. വിഗ്രഹാരാധനയൊടു ചെർന്ന ആചാരങ്ങളിലും ഉത്സവം ശെഷക്രിയാദി
അടിയന്തരങ്ങളിലും യെശുക്രിസ്തന്റെ മരണത്തിലെക്ക് സ്നാനപ്പെടുവാൻ
ആഗ്രഹിക്കുന്നവനും സ്നാനപ്പെട്ടവനും കൂടുന്നത് അയൊഗ്യം തന്നെ.

6. മന്ത്രിച്ചുകെട്ടുക, പച്ചകുത്തുക, കുറിതൊടുക, കുടുമ നീട്ടുക മുതലായത്
അജ്ഞാനത്തൊടു ചെർന്നതിനാൽ ഒരു ക്രിസ്തീയസഭയിൽ കാണണ്ടതല്ല (5 മൊ. 14,
1.12,30,31).

7. ലക്ഷണം പറകയും, പറയിക്കയും, ഒടിചെയ്ക, കെട്ടി മാറ്റുക, കാരണവരൊടു
ചൊദിക്ക, ശകുനം നോക്കുക, നാൾ നിശ്ചയിക്ക ഈ വക എല്ലാം അന്ധകാരക്രിയകൾ
ആകകൊണ്ട് ദെവപുത്രൻ എന്ന പെർ ഉള്ളവന്നു കൊള്ളരുതാത്തവ അത്രെ. (5 മൊ.
18, 10-12. ഗലാ. 5,20).

8. മെൽപറഞ്ഞ ദൊഷങ്ങളെയും ആചാരങ്ങളെയും വിട്ടു ക്രിസ്തമാർഗ്ഗത്തിന്റെ
മൂലൊപദെശങ്ങളെ അറിഞ്ഞു കുറയനാൾ ദൈവവചനം പഠിച്ചുകൊണ്ടു ക്രിസ്തന്റെ
ശരീരത്തിൽ ഒരു അവയവമായി തീരുവാൻ ആഗ്രഹിക്കുന്നവനെ സഭാത്തലവന്മാർ
പരീക്ഷിച്ചു യൊഗ്യത ഉണ്ടെന്നു കണ്ടാൽ തിരുസ്താനം മൂലം സഭയൊടു
ചെർത്തെടുക്കുന്നതിന്ന വിരൊധമില്ല; എന്നാൽ അങ്ങിനെ ഉള്ളവൻ പിശാചിനൊടും
അവന്റെ സകല ക്രിയകളൊടും ജഡത്തിന്റെ സകല മൊഹങ്ങളൊടും മറുത്തു
പറഞ്ഞു ത്ര്യെകദൈവത്തിന്നു വിശ്വസ്തനാവാനും അവന്റെ വചന പ്രകാരം നടന്നു
കൊൾവാനും നിർണ്ണയിക്കുന്നത് (ഗലാ. 3,27. രൊമ. 6,13). പുറ ജാതികളുടെ സ്നാനം.

9. ഒരു പുറജാതിക്കാരന്നു സ്നാനം കൊടുക്കുന്നത്, അവനെ പഠിപ്പിച്ചു
പരീക്ഷിച്ച മിശ്ശനരി തന്നെ. എന്നാൽ സ്നാനത്തിന്നു മുമ്പെ അതിന്റെ അവസ്ഥയെ
സഭാമൂപ്പന്മാരൊട് അറിയിക്കയും സ്നാനം ക്രിസ്തീയ സാക്ഷികളുടെ മുമ്പാകെ
ഏല്പിക്കയും വെണം.

10. ഒരു കുഡുംബത്തിന്നു സ്നാനം കൊടുത്താൽ എട്ടുവയസ്സിന്റെ താഴെയുള്ള
കുട്ടികളെയും അതിൽ ചെർക്കേണ്ടത്. എട്ടു വയസ്സിന്റെ മെലെയുള്ളവർക്ക ആദ്യം
ദൈവവചനത്തെ പഠിപ്പിച്ചു കൊടുക്കെണം.

11. വല്ല അജ്ഞാനികൾ തങ്ങളുടെ കുട്ടികളെശിക്ഷാവളർച്ചകൾക്ക വെണ്ടി
മിശ്ശനൊടും ക്രിസ്തീയകുഡുംബങ്ങളൊടും ഒരുനാളും ചൊദിക്കാതവണ്ണം ഏല്പ്പിച്ചാൽ
ആയവരെ ഏറെ താമസം കൂടാതെ തിരുസ്നാനം മൂലം സഭയൊടു ചെർക്കെണ്ടത്. [ 44 ] എട്ടാം വയസ്സു കഴിഞ്ഞ ശെഷമൊ, അവർക്ക കൊള്ളുന്ന ഉപദെശം സ്നാനത്തെ
മുന്നടക്കെണം.

ഖണ്ഡം 61. 'സഭകൾ കുറെ വലിയതായാൽ ഉപദെഷ്ടാക്കന്മാർ എല്ലാവരെയും
ഉരുക്കുവാൻ തക്കവണ്ണം പുരുഷന്മാരെയും സ്ത്രീകളെയും യുവാക്കളെയും
യുവതികളെയും വെവ്വെറെ വിളിച്ചു കൂട്ടെണ്ടിയത്. ഈ സഭാകൂട്ടങ്ങളിൽ പ്രാപിച്ച
മിശ്ശനരിമാർക്ക മാത്രമല്ല, അവരുടെ ഭാര്യമാർക്കും ഉപദെശിമാർക്കും സഭാമൂപ്പന്മാർക്കും
ശുശ്രൂഷിക്കാറത്തികൾക്കും സഭയിലെ ഒരൊ അവയവങ്ങൾക്കും ഹൃദയം മുട്ടുന്നത്
പൊലെ ഏതാനും പറവാൻ സമ്മതം ഉണ്ട്.

62. ദീനമൊ മറ്റൊരു തടവൊ ഉണ്ടായിട്ട് വല്ല സഭക്കാരന്ന് ചെരുവാൻ
കഴിവില്ലെങ്കിൽ ആയതിനെ വീട്ടിൽ ആകട്ടെ പള്ളിയിൽ ആകട്ടെ സ്വകാര്യമായി അവന്ന്
കൊടുക്കെണ്ടു.

63. തിരുവത്താഴം ആചരിക്കുന്ന സ്ഥലത്ത് അന്യ സഭകളിൽ നിന്ന് വല്ലവർ
യദൃച്ഛയാ വന്നു എങ്കിൽ അതിൽ ചെരുവാൻ അവർക്ക ന്യായം ഉണ്ട്. എന്നാൽ സ്വന്ത
സഭയിൽ അവരെ രാത്രി ഭൊജനത്തിൽ നിന്നും പള്ളിയിൽ നിന്നും പുറത്താക്കി എങ്കിൽ
അന്യസഭ അവരെ തിരുഅത്താഴത്തിൽ കൂട്ടെണ്ടാ. സത്യമാനസാന്തരം ചെയ്തു വളരെ
കാലത്തൊളം യോഗ്യന്മാരായി നടന്നശേഷമത്രെ അവരെ പിന്നെയും കൈക്കൊൾവാൻ
സമ്മതം ഉണ്ടു.

64. ക്രമക്കെടായി നടക്കുന്നവരെ ഉപദെഷ്ടാവ് തിരുഅത്താഴത്തിന്നു മുമ്പെ
വിളിച്ചു പ്രബൊധിപ്പിക്കയും മാനസാന്തരത്തിന്ന് ഉത്സാഹിപ്പിക്കയും ചെയ്യെണ്ടു. അത്
നിഷ്ഫലമായി പൊയാൽ കുറയനാൾ ഈ വിശുദ്ധ ആചാരത്തിൽ നിന്ന് അവരെ
ഒഴിക്കുന്നത് നന്ന്.

65. ഒരിക്കൽ മാത്രം ഈവക ഉള്ളവരെ തിരുഅത്താഴത്തിൽനിന്ന് ഒഴിച്ചുവെപ്പാൻ
ഹസ്താർപ്പണം കിട്ടിയ മിശ്ശനരിക്ക് അധികാരം ഉണ്ട്. അധികം വെണമെങ്കിൽ അവൻ
ഈ സംഗതി തൊട്ട് മൂപ്പന്മാരുടെ ആലൊചനയും കേൾക്കെണ്ടത്.'

ഖണ്ഡം 75. 'ക്രിസ്ത്യാനരായി തീരുംമുമ്പെ വല്ല സഭക്കാർ ദൈവവചനത്തിൽ
സമ്മതമുള്ള വിവാഹം കഴിച്ചു എങ്കിൽ അവർ ക്രിസ്ത്യാനരായി വന്നതിന്റെ ശെഷം
വിവാഹാചാരം രണ്ടാം വട്ടം കഴിപ്പാൻആവശ്യം ഇല്ല. അവർക്ക ആഗ്രഹം ഉണ്ടെങ്കിൽ
പള്ളിയിൽ വെച്ച് ഒരു അനുഗ്രഹത്തിന്നായി കർത്താവിനൊട് പ്രാർത്ഥിക്കുന്നതിന്ന്
വിരൊധം ഇല്ലല്ലൊ.

76. ദെവചനം സമ്മതിക്കാത്തതും പുറംജാതികൾക്ക വിരൊധവുമായ
വിവാഹങ്ങളെ സഭയൊടു ചെരും മുമ്പെ അഴിക്കയും ദെവവചനത്തിൽ വിരൊധം
ഏതും കാണാതെ ആചാരക്രമത്തിൽ മാത്രം ദൊഷം വന്ന വിവാഹങ്ങളെ സഭയുടെ
മുമ്പാകെ ക്രിസ്തീയ ആചാരപ്രകാരം പുതുതായി കഴിക്കയും വെണം.

77. സഭയിൽ ഒർ അവയവം മരിക്കുന്നത് സഭാവിശെഷം തന്നെ. ആകകൊണ്ട്
സഭ മുഴുവനും ദുഖത്തിൽ കൂടുകയും വേണ്ടത്.

78. മരിച്ചവന്റെ ശവം ചുട്ടുകളക അല്ല, ഒരു പെട്ടിയിൽ ആക്കി കുഴിച്ചിടുക
തന്നെ വെണ്ടത്.

79. മരിച്ചവരെ കുഴിച്ചിട്ട് പുനരുത്ഥാനത്തിന്ന് അവർ കാത്തിരിപ്പാൻ തക്ക [ 45 ] ശ്മശാനസ്ഥലം സമ്പാദിക്കെണ്ടതിന്ന് ഒരൊ സഭകൾ കഴിയുന്നെടത്തൊളം
ശ്രമിക്കെണ്ടു.

80. മരിച്ചവരുടെ സംബന്ധക്കാർ ശവസംസ്കാരത്തൊട് സംബന്ധിച്ച ചെലവ്
വഹിക്കെണ്ടു. ചില സഭക്കാർ ശവം എടുത്തു ശ്മശാനസ്ഥലത്ത് കൊണ്ടുപൊകയും
ജീവകാലത്തിൽമരിച്ചവരൊട് പ്രത്യെകം മമത ഉള്ളവർ അവന്റെ സംബന്ധക്കാരൊട്
കൂട ശവപ്പെട്ടിയുടെ ഒരുമിച്ച് നടക്കയും വെണ്ടത്.

81. ശവസംസ്കാരത്തൊട് പ്രാർത്ഥനയും ചെർന്നിരിക്കെണ്ടു. ഒരു മിശ്ശനരിയൊ
ഉപദെശിയൊ ആയതിനെ കഴിക്കാം. പാട്ട്, വെദവായന, വ്യാഖ്യാനം എന്നിവ തന്നെ
അതിൽ മുഖ്യമായത്.

82. വസ്ത്രാഭരണങ്ങളും മറ്റും മരിച്ചവന്റെ ഒരുമിച്ച ശവപ്പെട്ടിയിൽ ആക്കി
കുഴിച്ചിടുന്നത് നിഷിദ്ധം തന്നെ.

83. നിത്യജീവനെ നോക്കി പാർക്കുന്ന ക്രിസ്ത്യാനർ ഒർ ആശ ഇല്ലാത്തവരെ
പൊലെ മുറയിടുന്നത്, അവരുടെ വിളിക്ക് അയൊഗ്യം. ജാതിമര്യാദകളെ ആചരിച്ച്
കുഴിയിന്മൽ വിളക്ക് കത്തിക്ക മുതലായത് അവർ വെടിഞ്ഞു നില്ക്കയും വെണ്ടത്.

84. സഭയിൽ നിന്ന് പുറത്താക്കിയവർമരിച്ചു പൊയാൽ അവരെ
സഭാകൂട്ടത്തൊടല്ല കുഴിച്ചിടേണ്ടത്. എന്നാൽ ശവക്കുഴി സമീപത്ത് പ്രാർത്ഥന
കഴിക്കുന്നതിന്ന് വിരൊധം ഇല്ല.

85, ശവസംസ്കാരത്തിൽ പിന്നെ അടിയന്തരം കഴിക്കെണ്ടതല്ല; അടുത്ത
സംബന്ധികളും സ്നെഹിതന്മാരും വെദവായന മുതലായത് കഴിപ്പാൻ
മരിച്ചുപൊയവന്റെ വീട്ടിൽ കൂടിവരുന്നത് നല്ലത് തന്നെ.

86. വിവാഹാവസ്ഥയെ സ്ഥാപിച്ചത് ദൈവം തന്നെ. ആയത് സഭെക്കും
കർത്താവിന്നും അന്യൊന്യമുള്ള സംബന്ധത്തിന്ന് കുറി (1 മൊ. 2, എഫെ. 5, 20-33)
അത്കൊണ്ട് ദൈവാനുഗ്രഹം തന്മെലും ഭവനത്തിന്മെലും ആവസിക്കണമെന്ന്
ആഗ്രഹിക്കുന്നവർ എല്ലാവരും കാര്യം നല്ലവണ്ണം വിചാരിച്ച് ദെവഭയത്തൊടും
പ്രാർത്ഥനയൊടും കൂട അത്രെ അതിൽ പ്രവെശിക്കുന്നത് അത്യാവശ്യം തന്നെ.

87. ക്രിസ്തീയ ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ കുഡുംബ വിശെഷങ്ങളിൽ
ജാതികളുടെ നടപ്പുകളെ അനുസരിക്കാതെ അപൊസ്തലന്റെ ഉപദെശപ്രകാരം (എഫെ.
5,20-25, കൊല, 3,18,19) സകലത്തിലും അന്യൊന്യം സ്നെഹിച്ചും മാനിച്ചും കൊണ്ടു
നിത്യജീവന്ന് സഹായികളായി നടക്കെണ്ടത്.

88. ശിശുപ്രായത്തിൽ വിവാഹങ്ങളെ നിശ്ചയിക്കുന്നത് കർത്താവിന്റെ
സഭെക്ക് പറ്റാതു. കുട്ടികൾക്ക പ്രായം വന്നതിന്റെ ശെഷവും മാതാപിതാക്കന്മാർ
അവരെ അനിഷ്ടമുള്ള വിവാഹത്തിന്ന് നിർബന്ധിക്കയും അരുത്.

89. ഒരു ക്രിസ്ത്യാനർ ഒർ അജ്ഞാനിയെ വിവാഹം ചെയ്യുന്നത് സമ്മതമല്ല,
നമ്മുടെ സഭകളിൽ വല്ലവർ ഈ കല്പനയെ ലംഘിച്ചു നടന്നാൽ സഭയിൽനിന്ന്
പിരിഞ്ഞുപൊയി എന്നെ വെണ്ടു. മുസല്മാനർ, യഹൂദർ, സ്നാനൊപദെശം പഠിക്കുന്ന
അജ്ഞാനികൾ, രൊമക്രിസ്ത്യാനർ, സൂറിയാണികൾ എന്നിവരൊടും നമ്മുടെ
സഭക്കാർക്ക വിവാഹം വെണ്ടാ. അന്യസുവിശെഷ സഭകളൊട് ഈ വക ചെർച്ചക്ക്
വിരൊധം ഇല്ല. നമ്മുടെ മിശ്ശനരിമാരൊ അവരുടെ മനഃപൂർവ്വമായ സമ്മതത്തൊട് കൂട [ 46 ] അന്യ സുവിശെഷസഭയുടെ ഉപദെഷ്ടാക്കളൊ വിവാഹാചാരം കഴിച്ചാൽ മതി.

90. അജ്ഞാനവിവാഹസ്തന്മാരിൽ ഭാര്യൊ ഭർത്താവൊ ക്രിസ്ത്യനരായി തീർന്നാൽ
മറ്റെ പക്ഷത്തിന്നു മുമ്പെപൊലെ വിവാഹനിർണ്ണയ പ്രകാരം ഒരുമിച്ചു ജീവിപ്പാൻ
മനസ്സുണ്ടെങ്കിൽ വിവാഹബന്ധത്തെ അറുക്കെണ്ടതല്ല.

91. പുതുവിവാഹം കഴിക്കയൊ വെശ്യാദൊഷത്തിൽ നടക്കയൊ, ബഹുകാലം
പിരിഞ്ഞു നില്ക്കയൊ, വിവാഹനിർണ്ണയപ്രകാരം ആചരിപ്പാൻ മനസ്സില്ലെന്നു ഖണ്ഡിച്ചു
പറകയൊ ചെയ്തിട്ടു അജ്ഞാനത്തിൽ നിലനില്ക്കുന്ന പക്ഷം വിവാഹം ഇല്ലാതാക്കി
എങ്കിൽ ക്രിസ്തീയപക്ഷവും കുറയകാലം ചെന്നശെഷം പിന്നെയും വിവാഹം
ചെയ്യുന്നതിന്ന് വിരൊധം ഇല്ല.

92. ക്രിസ്ത്യാനരായി തീരുകയും തീരുവാൻ നിശ്ചയിക്കയും ചെയ്തിട്ട് നമ്മുടെ
സഭകളൊട് ചെർന്ന് വരുന്ന ബഹുകളത്രവാന്മാരുടെ വിഷയത്തിൽ താഴെ എഴുതുന്നത്
തന്നെ ക്രമം.

(1) ബഹുകളത്രത്വം നമ്മുടെ കർത്താവായ യെശുവിന്റെ കല്പനെക്ക് വിരൊധം
ആകകൊണ്ട് ഒരു ക്രിസ്തീയസഭയിൽ സമ്മതം ഉളളതും അല്ല. മനൊബൊധത്തിന്റെ
വിരൊധം കൂടാതെ ചെയ്വാൻ കഴിയുമെങ്കിൽ ആ വകയെ സഭയിൽ നിന്ന്
നീക്കെണ്ടതാകുന്നു.

(2) അജ്ഞാനികളായിരിക്കുമ്പൊൾ വല്ല സഭക്കാർ ഈ വക വിവാഹങ്ങളെ
കഴിച്ചു എങ്കിൽ അവർ ക്രിസ്ത്യാനരായി തീർന്ന ശെഷം വ്യഭിചാരം എന്നുവെച്ച് അവറ്റെ
കഴിക്കെണ്ടതല്ല, കാരണം ദെവവചനത്തിൽ ഏകകളത്രത്വവും വിവാഹകെട്ടിന്റെ
സ്ഥിരതയും ഒരുപോലെ കല്പിച്ചു കിടക്കുന്നു.

(3) ഈ കാര്യം തൊട്ടു നമ്മുടെ സഭകളിൽ ക്രമം ആവിത്: മനൊബൊധത്തിന്റെ
വിരൊധം കൂടാതെ ആയത് ചെയ്വാൻ കഴിയുമെങ്കിൽ ബഹുകളത്രത്വത്തൊട്
സംബന്ധിച്ച വിവാഹങ്ങളെ വെർപിരിക്കെണ്ടു. അങ്ങിനെ ചെയ്താൽ പുതിയ സങ്കടങ്ങളും
ദൊഷങ്ങളും അതിൽനിന്ന് ജനിക്കും എന്ന് വിചാരിപ്പാൻ സംഗതി ഉണ്ടെങ്കിൽ ഈ
കാലത്തിൽ ആ വക വിവാഹങ്ങളെ നീക്കുവാൻ കഴിയാത്ത ദൊഷങ്ങൾ എന്ന് വെച്ച്
സമ്മതിക്ക അത്രെ ചെയ്യെണ്ടു.

93. ബഹുകളത്രത്വത്തിൽ ജീവിക്കുന്ന വിവാഹസ്ഥന്മാർ നമ്മുടെ സഭകളിൽ
മനൊബൊധത്തിന്റെ വിരൊധം കൂടാതെ താഴെ പറയുന്നവരെ ഉപെക്ഷിക്കെണ്ടു.

(1) ദെവവചനം വിവാഹം ചെയ്യാൻ വിരൊധിക്കുന്ന പുരുഷന്മാരും സ്ത്രീകളും
(അടുത്ത സംബന്ധക്കാർ)

(2) വിവാഹത്തിന്ന് മുമ്പ് വെശ്യമാരായി നടന്ന സ്ത്രീകളും അവർക്ക
ഭർത്താവൊട് കുട്ടികൾ ജനിച്ചില്ലെങ്കിൽ.

(3) പരസ്യമായും മര്യാദപ്രകാരവും വിവാഹം ചെയ്യാതെയും പ്രസവിക്കാതെയും
ഉള്ള ഉപപത്നികളും ക്രിസ്തമാർഗ്ഗം അംഗീകരിച്ച് വരുന്ന സ്ത്രീയെ മര്യാദപ്രകാരം വിവാഹം
ചെയ്യാതെ വെപ്പാട്ടി എന്ന് വെച്ചത്രെ അവളൊട് കൂടി ജീവിക്കുന്ന പുരുഷനും.

(4) ന്യായമുള്ള ഭാര്യമാർ ക്രിസ്തമാർഗ്ഗം അനുസരിച്ച ശെഷം ഭർത്താവ്
വിവാഹനിർണ്ണയം ഉപെക്ഷിച്ചു എങ്കിലും പക വിചാരിച്ച് ഉപെക്ഷണചീട്ട് കൊടുപ്പാൻ
വിരൊധിച്ചാൽ അവനെയും ഉപെക്ഷിക്കാം. [ 47 ] (5) സ്വന്തഭാര്യമാർ ഒഴികെ വെറെ ഉള്ളവരൊടും ദുസ്സംബന്ധമുള്ള
ഭർത്താക്കന്മാരെയും ഉപെക്ഷിക്കുന്നത് സമ്മതംതന്നെ.

94. നല്ല മനൊബൊധത്തൊട് കൂട വിവാഹം അഴിച്ച് ബഹുകളത്രവാന്മാരെ
ഉപെക്ഷിക്കയൊ വിട്ടയക്കയൊ ചെയ്വാൻ കഴിയാത്ത സംഗതികൾ ആവിത്:

2 (1) ഒരു സ്ത്രീ സ്വന്തഭർത്താവെ ഒഴികെ വെറൊരു പുരുഷനെ അറിയാതെയും
വ്യഭിചാരം ചെയ്യാതെയും ഇരുന്നാൽ അവളെ ഉപെക്ഷിപ്പാൻ ന്യായം ഉള്ളതല്ല. അവൾ
അജ്ഞാനിയായി പാർത്തു കുഡുംബജീവന്ന വിഘ്നം വരുത്തിയാൽ അത്രെ അവളെ
വിട്ടയപ്പാൻ സമ്മതം ഉണ്ട്.

(2) ഒരു സ്ത്രീ ക്രീസ്തമാർഗ്ഗം അനുസരിച്ച നാൾ മുതൽ വിവാഹാവസ്ഥെയ്ക്ക്
വിരൊധമായ കുറ്റം കൂടാതെ നടന്നു ഭർത്താവിന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചു എങ്കിൽ
ആയവളെ ഉപെക്ഷിപ്പാൻ പാടില്ല.

(3) അന്യസ്ത്രീകളൊട് ചെർച്ച ഏതും കൂടാതെ സ്വന്തഭാര്യമാരൊടുള്ള
വിവാഹനിർണ്ണയപ്രകാരം നടന്നു ഭാര്യമാർ ക്രിസ്തമാർഗ്ഗം അനുസരിച്ചനാൾ മുതൽ
ആയവരൊട് യൊഗ്യമാംവണ്ണം ആചരിച്ച പുരുഷന്മാരെ ഉപെക്ഷിക്കെണ്ടതല്ല.

95. ഒരു പുരുഷൻ വല്ല ഭാര്യയെ ഉപെക്ഷിക്കയൊ വിട്ടയക്കയൊ ചെയ്താൽ
അവൾ അജ്ഞാനത്തിൽനിലനില്ക്കുന്നു എങ്കിലും ദെശമര്യാദപ്രകാരം അവൾക്ക
കൊടുക്കയും അവൾ ക്രിസ്തമാർഗ്ഗത്തൊടു ചേർന്നു എങ്കിൽ പിന്നെയും വിവാഹം
കഴിക്കുവൊളം അവളുടെ ഉപജീവനത്തിന്ന് സഹായിക്കയും വെണം. അങ്ങിനെ ഉള്ള
സ്ത്രീകൾക്ക സഭയിൽ പിന്നെയും വിവാഹം ചെയ്യുന്നതിന്ന് വിരൊധം ഇല്ല.

96. ക്രിസ്ത്യാനരായി തീർന്നശേഷം (94) ബഹുകളത്രത്വത്തിൽ നിലനില്ക്കെണ്ടി
വരുന്ന സഭക്കാർക്ക മനൊബൊധത്തിൽ അസൌഖ്യം തൊന്നിയാൽ മൂപ്പസഭ അവരുടെ
വിവാഹത്തെ കെട്ടഴിക്കാം. എന്നാൽ ഇപ്രകാരം വിവാഹം വെടിഞ്ഞ സ്ത്രീകൾ
ജീവപര്യന്തം പുതിയ വിവാഹം ചെയ്യാതെ കഴിക്കയും പുരുഷൻ അവരുടെ
ഉപജീവനത്തിന്ന് ആവശ്യമായത് കൊടുക്കയും വെണം.

97. ക്രിസ്ത്യാനരായി തീർന്നശേഷം ഒരു പുരുഷൻ ആദ്യഭാര്യ ജീവനൊട് ഇരിക്കെ
സഭയകത്ത് രണ്ടാമത് വിവാഹം കഴിക്കരുത്. ഈ കല്പനയുടെ ലംഘനം
വ്യഭിചാരമാകകൊണ്ട് വ്യഭിചാരത്തിന്റെ ശിക്ഷക്ക് യൊഗ്യമുള്ളതും ആകുന്നു.

98. ഒരു വിധവ രണ്ടാമത് വിവാഹം ചെയ്യുന്നതിന്ന് വിരൊധം ഏതും ഇല്ല. മുമ്പെ
വിവാഹം കഴിക്കാത്ത പുരുഷന്ന് അങ്ങനെ ഉള്ളവളെ വിവാഹം ചെയ്യുന്നത് അപമാനം
തൊന്നുകയും അരുത്.

99. അടുത്ത സംബന്ധക്കാർ തമ്മിൽ വിവാഹം കഴിക്കുന്നത്, ദെവവചനത്തൊട് വിരൊധം അത്രെ.

100. വ്യഭിചാരം ഹെതുവായിട്ടല്ലാതെ വിവാഹം കെട്ടഴിപ്പാൻ ന്യായം ഇല്ല.
വ്യഭിചാരം ഉണ്ടായാലും ദൊഷം അനുഭവിച്ച പക്ഷം ദൊഷം ചെയ്ത പക്ഷത്തൊട കൂട
ജീവിപ്പാൻ മനസ്സില്ലാഞ്ഞാൽ അത്രെ വിവാഹകെട്ട് അറുക്കെണ്ടു. ആയത് ചെയ്വാൻ
അധികാരം ഉള്ളത്, മിശ്ശനരിമാരുടെ മെൽ കമട്ടി അത്രെ.

101. ക്രിസ്തീയ വിവാഹസ്ഥന്മാർ വെവ്വെറെ സമയങ്ങളിൽ അല്ല, ഒരുമിച്ചു തന്നെ
ഭക്ഷണം കഴിക്കയും ഒന്നിച്ചു വല്ല ദിക്കിന്നു പൊകുവാൻ ഉണ്ടെങ്കിൽ അജ്ഞാനിളെ [ 48 ] പൊലെ പുരുഷൻ മുമ്പിലും സ്ത്രീ പിമ്പിലും അല്ല, ഒന്നിച്ച് തന്നെ നടക്കയും വെണം.

102. തിരണ്ടുകല്യാണം, പുളികുടി എന്നീ കർമ്മങ്ങളും അടിയന്തരങ്ങളും നമ്മുടെ
സഭകളിൽ അരുത്.

103. ക്രിസ്തീയ വിവാഹസ്ഥന്മാർക്ക അജ്ഞാനികളുടെ മര്യാദപ്രകാരം 1-3
മാസത്തൊളം സംഗതി കൂടാതെ അകന്നു പാർപ്പാൻ സമ്മതം ഇല്ല. അത്യാവശ്യമായി
തൊന്നിയാൽ അത്രെ മൂപ്പസഭയുടെ സമ്മതത്തൊട് കൂട ആദ്യം നിശ്ചയിച്ചകാലത്തെക്ക്
അങ്ങനെ ചെയ്യാം.

104. വിവാഹസ്ഥന്മാർക്ക അന്യൊന്യം വല്ല ഇടച്ചിൽ ഉണ്ടായാൽ ഇരുപക്ഷക്കാർ
സ്നെഹക്ഷമകളൊട കൂട ആയതിനെ തീർത്ത് സമാധാനം ഉറപ്പുവരുത്തുവാൻ
നൊക്കെണ്ടത്. അങ്ങിനെ ഉള്ള സമയങ്ങളിൽ ക്ഷണ കൊപത്തിൽനിന്ന് ജനിച്ച്
ഉണ്ടാകുന്ന ദുർവ്വാക്കുകളെയും മറ്റും വർജ്ജിപ്പാൻ ഉത്സാഹിക്കയും വെണം.
ഭാര്യാഭർത്താക്കന്മാരെ കൊണ്ട് ഈ വക തീർപ്പാൻ കഴിയാഞ്ഞാൽ സഭാമൂപ്പന്മാരും
മിശ്ശനരിമാരും സഹായിച്ചു നിരപ്പുവരുത്തുവാൻ കഴിയുന്നെടത്തൊളം ശ്രമിക്കെണ്ടു.
നിത്യം തർക്കത്തിൽ ജീവിക്കുന്ന ഭാര്യാഭർത്താക്കന്മാരെ സഭയിൽ നിന്ന് പുറത്താക്കുകെ
വെണ്ടു.'

ഖണ്ഡം 112. 'വിശെഷാൽ മാതാപിതാക്കന്മാർ സകല സല്ക്രിയകളിലും
കുട്ടികളെ മൂന്നടന്നും ശിശുക്കൾക്ക ചങ്ങാതിയായ കർത്താവിൻ സ്നെഹം ബാല്യം
മുതൽ അവരുടെ ഹൃദയങ്ങളിൽ നട്ടും അബ്ബാ പിതാവെ എന്നുള്ള വിളിയെ പഠിപ്പിച്ചും
ദെവവചനം മുതലായ നല്ല പുസ്തകങ്ങളിൽ വായിച്ചു പഠിപ്പാൻ മൊഹം ജനിപ്പിച്ചും
വെദവാചകങ്ങളെയും ക്രിസ്തീയപാട്ടുകളെയും അവർക്ക വശാക്കിയും ക്രമപ്രകാരം
പാഠകശാലകളിലും പള്ളിയിലും അവരെ അയച്ചും മാതാപിതാക്കന്മാർ, ഗുരുജനങ്ങൾ,
മെലധികാരികൾ എന്നിവരെ ശങ്കിച്ചു മാനിപ്പാൻ തക്കവണ്ണം ഉത്സാഹിപ്പിച്ചും എല്ലാ
നടപ്പിലും സത്യവാന്മാരായി നടന്നു മാനുഷവെപ്പുകളെയും ദിവ്യകല്പനകളെയും
അനുസരിപ്പാൻ സഹായിച്ചും കൊണ്ട് തങ്ങളുടെ വിളിയെ നിവൃത്തിക്കെണ്ടത്.

113. ഇതല്ലാതെ കുട്ടികൾ ശുദ്ധിയും ക്രമവും ശീലിച്ചു ആത്മദെഹശക്തികളെ
നന്നായി പ്രയൊഗിച്ചു നടക്കുന്നത് അവർക്ക ഏറ്റവും നന്ന് എന്നും മനുഷ്യൻ
വിതെക്കുന്നത് മൂരുകയും ചെയ്യും എന്നും ഒർത്തു അമ്മയച്ഛന്മാർ പിന്നെത്ത അനുഭവം
വിചാരിച്ചിട്ട് ദെവസഹായത്താൽ കാലംവീണ്ട് കൊണ്ട് ഇഹത്തിന്നും പരത്തിന്നും
അടുത്ത ജ്ഞാനം ഒരൊന്നു സമ്പാദിപ്പാൻ തക്കവണ്ണം അവർക്ക സഹായകന്മാരായി
ഇരിക്കെണമല്ലൊ.

114. ക്രിസ്തീയ മാതാപിതാക്കന്മാർ കുട്ടികൾക്ക ആത്മസംബന്ധമായ
ഉപദെശങ്ങളെ മാത്രമല്ല, പാഠകശാലകളിൽ നിന്ന് വിട്ട് പൊയശെഷം പ്രപഞ്ചജീവനിലും
കഴിച്ചൽ വെണമെന്ന് വെച്ച് വല്ല തൊഴിലിന്ന് സഹായിക്കയും പുരുഷപ്രായം വന്നതിൽ
പിന്നെ വാക്ക് ക്രിയകളാൽ ആകുന്നെടത്തൊളം തുണ നില്ക്കയും വെണ്ടത്.

115. ശിശുപ്രായത്തിൽനിന്ന് ക്രമത്താലെ വളർന്നു വരുന്ന കുട്ടികളോടും
യുവാക്കളൊടും യുവതികളൊടും ദെവവചനം അമ്മയഛ്ശന്മാർക്ക ജീവപര്യന്തം
കൃതജ്ഞത കാട്ടി കഴിയുന്നേടത്തൊളം സഹായിച്ചു ദീനത്തിലും വാർദ്ധക്യത്തിലും
അവരെ ശുശ്രൂഷിച്ചു ഒരു നാളും ഉപെക്ഷിക്കാതിരിപ്പാൻ ആജ്ഞാപിക്കുന്നത്.' [ 49 ] ജാതിചിന്തയടക്കമുള്ള പ്രാദേശികാചാരങ്ങളിൽനിന്നു പുതിയ സമൂഹത്തെ
വേർതിരിച്ചു 'വിശുദ്ധീകരിക്കാനാ'ണ് മിഷണറിമാരുടെ ശ്രമം. മതവും സംസ്കാരവും
തമ്മിൽ ബന്ധമുണ്ടെങ്കിലും മതപരിവർത്തനം സാംസ്കാരിക കാര്യങ്ങളിൽ
സമൂലപരിവർത്തനം വരുത്തണമെന്ന വിശ്വാസം ഇന്നില്ല. അന്നത്തെ നില അതല്ല.
പതിനാറാം നൂറ്റാണ്ടിൽ കത്തോലിക്ക മിഷണറിമാരും പത്തൊമ്പതാം നൂററാണ്ടിൽ
പ്രോട്ടസ്റ്റന്റ് മിഷണറിമാരും ഇക്കാര്യത്തിൽ കർക്കശബുദ്ധികളായിരുന്നു. ബാസൽ
മിഷന്റെ വളർച്ച വിലയിരുത്തുമ്പോൾ ഇതും പരിഗണിക്കേണ്ടതാണ്. മറ്റു മിഷൻ
സംഘങ്ങളെപോലെ പെട്ടെന്നു സംഖ്യാബലം വർധിപ്പിക്കാൻ അവർക്കു കഴിഞ്ഞില്ല.
1850-ൽ കണ്ണൂർ (159), തലശ്ശേരി (32), ചൊമ്പാല (25), കോഴിക്കോട് (47)
എന്നിവിടങ്ങളിലായി ആകെ 263 അംഗങ്ങളാണുണ്ടായിരുന്നത്. (Statistics of Mis-
sions in India and Ceylon 1850:12, GK VI 127, Tüebingen University
Library). 1845 മാർച്ച് 28-ന് ബാസലിൽ നേരിട്ടു ഹാജരായി ഗുണ്ടർട്ടു സമർപ്പിച്ച
റിപ്പോർട്ടിൽ സംഖ്യാബലത്തെക്കുറിച്ചു ഒട്ടും അതിശയോക്തി കലർത്താത്ത
വിവരങ്ങളുണ്ട് (ഡോ. ഹെർമൻ ഗുണ്ടർട്ട് 1991:103-104).

ഗുണ്ടർട്ടിന്റെ ആദ്യകാല മതരചനയാണ് 1847-ൽ തലശ്ശേരിയിൽ അച്ചടിച്ച
ക്രിസ്ത്യപള്ളികളിൽ കഴിച്ചു വരുന്ന പ്രാർത്ഥനാചാരങ്ങൾ. ഔദ്യോഗിക ലിറ്റർജി
രൂപപ്പെടും മുമ്പ് ഗുണ്ടർട്ടു തയ്യാറാക്കിയ ആരാധാനാഗ്രന്ഥമാണിത്. ചരിത്രപ്രാധാന്യം
പരിഗണിച്ചു അതിന്റെ ആദ്യപുറം ഇവിടെ ചേർക്കുന്നു. അതിൽ നിന്നുള്ള ഭാഗങ്ങൾ
1857-ലെ ഔദ്യോഗിക ലിറ്റർജിയിൽ - പ്രാർത്ഥനാസംഗ്രഹത്തിൽ കാണാം.
ഈരെഴുപ്രാർത്ഥനകളും നൂറുവെദധ്യാനങ്ങളുമായ നിധിനിധാനം എന്ന
പ്രാർത്ഥനാഗ്രന്ഥം 1860-ൽ തലശ്ശേരിയിൽ അച്ചടിച്ചു. പിന്നീടു ഇതിനു പല
പതിപ്പുകളുണ്ടായി. 1875-ൽ പ്രാർത്ഥനാമാലിക മംഗലാപുരത്തു അച്ചടിച്ചു
പ്രസിദ്ധീകരിച്ചു. 1890-ൽ ഇതിനു രണ്ടാം പതിപ്പുണ്ടായി. 1875-ൽ നമസ്കാരമാലിക
ഒന്നാം പതിപ്പും 1890-ൽ രണ്ടാം പതിപ്പും മംഗലാപുരത്തു അച്ചടിച്ചു. ഇവയിലെല്ലാം
ഗുണ്ടർട്ടിന്റെ സ്വാധീനം പ്രകടമാണ്. അതിന്റെ തോതും തരവും കൃത്യമായി
നിർണ്ണയിക്കാൻ കൂടുതൽ പഠനം ആവശ്യമാണ്.

ബാസൽ മിഷൻ ലിറ്റർജി തയ്യാറാക്കുന്ന ചുമതല ഗുണ്ടർട്ടിനായിരുന്നു.
ദൈവശാസ്ത്രത്തിലും ആചാരാനുഷ്ഠാനങ്ങളിലും വൈവിധ്യമുള്ള പ്രോട്ടസ്റ്റന്റ്
സഭകൾ സഹകരിച്ചു നടത്തിയിരുന്ന ബാസൽ മിഷനുവേണ്ടി ഒരു ആരാധനക്രമം
തയ്യാറാക്കുക എന്നതു ഒട്ടും എളുപ്പമല്ല. അമ്മാനെ തുളുവിന്റെയും വൈഗ്ലേയെ
കന്നഡയുടെയും ഗുണ്ടർട്ടിനെ മലയാളത്തിന്റെയും ചുമതല ഏല്പിച്ചു. 1857-ൽ
മലയാളം ലിറ്റർജി പൂർണമായി. തികച്ചും ഭാരതീയമായ കാഴ്ചപ്പാടിൽ ഒരു
ആരാധനക്രമം രൂപപ്പെടുത്താൻ വരും കാലത്തു ഭാരത ക്രൈസ്തവർക്കു കഴിയണം
എന്ന് അദ്ദേഹം ആഗ്രഹിച്ചു. അന്നത്തെ നിലയിൽ വിവിധ യൂറോപ്യൻ പ്രോട്ടസ്റ്റന്റ്
സഭകളിലെ ആരാധനക്രമഗ്രന്ഥങ്ങൾ പരിശോധിച്ചു പുതിയൊരു ക്രമം
ക്രോഡീകരിച്ചെടുക്കാനേ കമ്മറ്റിക്കു കഴിഞ്ഞുള്ളൂ. ഗുണ്ടർട്ടു തയ്യാറാക്കിയ
ആരാധനക്രമം സാരമായ മാറ്റങ്ങളില്ലാതെ വീണ്ടും വീണ്ടും അച്ചടിപ്പിച്ചു. കർണ്ണാടക
തുളു മലയാള ദെശങ്ങളിലും ഗർമ്മാന്ന്യബൊധകരാൽ ഉണ്ടായ സുവിശെഷ സഭകളിൽ [ 50 ] [ 51 ] വായിച്ചു നടക്കുന്ന പ്രാർത്ഥനാസംഗ്രഹം എന്നായിരുന്നു പൂർണ്ണ ഗ്രന്ഥനാമം. 1857-ൽ
തലശ്ശേരിയിലെ ഛാപിതത്തിൽ അച്ചടിച്ച പ്രസ്തുത ഗ്രന്ഥത്തിന്റെ മുഖവുര ഇവിടെ
ഉദ്ധരിക്കാം:

"പള്ളിപ്രാർത്ഥനക്കും സ്നാനം തിരുവത്താഴം മുതലായ സഭാക്രിയകൾക്കും
മാതൃകയായുള്ള പ്രാർത്ഥന ചട്ടം വേണം, എന്നു നമ്മുടെ സംഘത്തിൽ ചേർന്ന
ബോധകന്മാർ മിക്കവാറും ആഗ്രഹിച്ചിരിക്കുന്നു. സഭയുടെ ഗുണീകരണകാലത്തിൽ
ഉണ്ടായിട്ടു അന്നു മുതല്‌കൊണ്ടു ഉപയോഗിച്ചുവരുന്ന പ്രാർത്ഥനകൾ പലതും, നാം
എല്ലാവരും ജനിച്ചും വളർന്നും ഇരിക്കുന്ന സഭകളിൽ നടക്കുന്നതു കൂടാതെ,
ജാതികളിൽനിന്നും പുതുതായി ചേർന്നു വരുന്ന സഭകൾക്കു പ്രാർത്ഥനയുടെ
ഉപദേശവും, നല്ല ദൃഷ്ടാന്തങ്ങളുടെ സംക്ഷേപവും ആവശ്യം, എന്നു നമുക്കു
തോന്നിയിരിക്കുന്നു. ഹൃദയത്തിൽ തോന്നും പോലെ തന്റെ വാക്കുകളെ കൊണ്ടു
പ്രാർത്ഥിക്കുന്നതു, സംശയം കൂടാതെ നല്ലതും പ്രയോജനവും ആകുന്നു എങ്കിലും,
എഴുതിവെച്ച ക്രമത്തെ അനുസരിച്ചു പ്രാർത്ഥിക്കുന്നതും ദൈവസ്തുതിക്കായും നല്ല
ശക്തിയോടും ഫലത്തോടും നടക്കുന്നു, എന്നു പണ്ടും എല്ലാ സമയത്തും
ദൈവപുരുഷന്മാരിൽ പഴക്കം ഏറെയുള്ളവർ കണ്ടിരിക്കുന്നു.

അതുകൊണ്ടു കർത്താവിൽ നമ്മെ നടത്തുന്ന സംഘക്കാർ നമ്മിൽ മൂവരെ
നിയോഗിച്ചു, നമ്മുടെ സഭകളുടെ ഉപകാരത്തിന്നായി ഒരു പ്രാർത്ഥനാസംഗ്രഹം
ചമെക്കേണം, എന്നു കല്പിച്ചിരിക്കുന്നു. നമ്മെ നടത്തുന്നവരും അവർ അയച്ച നാമും
വെവ്വേറെ രാജ്യസഭകളിൽ, ഉത്ഭവിച്ചു വളർന്നവരും, പുറജാതികളിൽ
സുവിശേഷവ്യാപനത്തിന്നായി ഒരുമിച്ചു കൂടി അദ്ധ്വാനിക്കുന്നവരും ആകയാൽ
യുരോപാ സഭകളിൽ നടക്കുന്ന അതതു വിശ്വാസപ്രമാണങ്ങളെയും നാനാ
സ്വീകാരങ്ങളെയും ഈ രാജ്യക്കാരിൽ മാതൃകയാക്കി നടത്തുവാൻ മനസ്സു തോന്നീട്ടില്ല.
എങ്കിലും, ഈ രാജ്യത്തിൽ നമ്മുടെ ശുശ്രൂഷയാൽ ചേർന്നു വന്ന സഭകൾ
പ്രാർത്ഥനയിലും ആരാധനയിലും ഒന്നിച്ചു കൂടി കഴിയുന്നെടത്തോളം ഏകാചാരത്തെ
ആശ്രയിച്ചു നടന്നു, സ്നേഹത്തിൽ ഒരുമനപ്പെട്ടിരിക്കേണ്ടതിന്നു നാനാസഭക്കാരായ
പല സജ്ജനങ്ങളുടെ പ്രാർത്ഥനകളിൽ നിന്നും സാരമുളളവ ചേർപ്പാൻ
നിശ്ചയിച്ചിരിക്കുന്നു. സകല വ്യാഖ്യാനങ്ങളിലും ഉപദേശങ്ങളിലും ഐകമത്യം പക്ഷേ
എത്താത്തതായാലും, ദൈവാരാധനയിൽ നല്ല ഒരുമയെ അന്വേഷിക്കുന്നതു
ക്രിസ്തുവിന്റെ ജീവനുള്ള അവയവങ്ങൾക്കു കഴിയാത്തതല്ലല്ലോ. അത്രയല്ല
പ്രാർത്ഥനാസംഗ്രഹം എഴുതികൊടുത്താലും, ഹൃദയപ്രാർത്ഥന ഒട്ടും നീക്കേണ്ടതല്ല,
സ്തോത്രയാചനകളിലും അവരവരുടെ സ്വാതന്ത്ര്യത്തിന്നു മുടക്കം വരേണ്ടതും അല്ല,
എന്നതും കൂടെ തുറന്നു ചൊല്ലുന്നു. ഇതിൽ വായിക്കുന്നതിനെക്കാൾ വാചകത്തിലും
ഭാഷയിലും മാത്രമല്ല, അർത്ഥത്തിലും സാരം ഏറെ ഉള്ളതു ആർക്കു തോന്നിയാലും,
കൂടക്കൂടെ ഈ പുസ്തകം പ്രയോഗിക്കാതെ, അവസ്ഥെക്കു തക്കവണ്ണം പ്രാർത്ഥിപ്പാൻ
മനസ്സു മുട്ടിയാലും ഇഷ്ടം പോലെ ചെയ്തു കൊൾക. സ്നാനം അത്താഴം ഈ
രണ്ടിൽ നടക്കേണ്ടും മൂലവാക്യങ്ങളെ മാത്രം എല്ലാടവും ഒരു പോലെ ചൊല്ലേണ്ടതു.
എങ്ങിനെ ആയാലും ഇതു തെറ്റില്ലാത്തതും എപ്പോഴും മാറാതെ
പ്രയോഗിക്കേണ്ടുന്നതുമായ സ്ഥിരപ്രമാണം എന്നല്ല, ഇപ്പോൾ പരീക്ഷ ചെയ്യു [ 52 ] [ 53 ] [ 54 ] ദൈവാനുഗ്രഹം ഉണ്ടായാൽ മേല്ക്കുമേൽ പിഴതീർത്തു സമാപ്തി വരുത്തേണ്ടുന്നതത്രെ,
എന്നു വെച്ചു സഭകൾക്കു ഏല്പിച്ചു കൊടുക്കുന്നതു.

ഈ കല്പനകളെ അനുസരിച്ചു സംഗ്രഹത്തെ ചമെപ്പാൻ നിയുക്തരായ മൂവർ
സ്വയമായി ഒന്നും തീർക്കാതെ, ജർമ്മനി ശ്വിചസഭകളിൽ നടപ്പുള്ള
പ്രാർത്ഥനകളിൽനിന്നു തെളിഞ്ഞവ തെരിഞ്ഞെടുത്തും ചേർത്തും ഇരിക്കുന്നു. ഇന്ന
പ്രാർത്ഥനയെ ഇന്ന പള്ളിപ്പുസ്തകത്തിൽനിന്നു എടുത്തിരിക്കുന്നു, എന്നു അതതിൻ
അവസാനത്തിൽ അക്ഷരങ്ങളാൽ കുറിച്ചു കാണുന്നു. പ്രാർത്ഥനകളും സഭാക്രിയകളും
അല്ലാതെ, നിത്യം വായിക്കേണ്ടും സുവിശേഷലേഖനഖണ്ഡങ്ങളും കർത്താവിന്റെ
കഷ്ടാനുഭവചരിത്രവും വേദപാഠങ്ങളുടെ ക്രമവും ചേർത്തിരിക്കുന്നു.
സ്ഥിരീകരണത്തിന്നുള്ള ഉപദേശം വിർത്തമ്പർഗസഭകളിൽ നിന്നു അല്പം
സംക്ഷേപിച്ചിട്ടുളളതു. മാനുഷമായ ഈ നിർമ്മാണത്തെ വായിച്ചുകേൾക്കുന്നതിനാൽ
അനേകം ഹൃദയങ്ങൾക്കു അനുഗ്രഹം ഉണ്ടാകേണം, എന്നു നാം സഭയുടെ
കർത്താവോടു പ്രാർത്ഥിച്ചുകൊണ്ടു ഇതിനെ കൂട്ടുവേലക്കാർക്കും സഭകൾക്കും
ഏല്പിച്ചു കൊടുക്കുന്നു.
പ്രാർത്ഥനാസംഗ്രഹത്തെ
രചിപ്പാൻ നിയുക്തരായ മൂവർ."

ഗുണ്ടർട്ട് പ്രചാരത്തിൽ വരുത്തിയ (1857) പ്രാർത്ഥനകളുടെ ഭാഷാസ്വരൂപം
ഗ്രഹിക്കാൻ ഏതാനും മാതൃകകൾ നൽകുന്നു:

'പാപസ്വീകാരം: സർവ്വശക്തിയും കൃപയും ഉളള നിത്യദൈവമെ ഞങ്ങളുടെ
കർത്താവും രക്ഷിതാവുമായ യെശുക്രിസ്തന്റെ പിതാവായുളെളാവെ -
അരിഷ്ടപാപികളായ ഞങ്ങൾ നിന്തിരുമുമ്പിൽ സങ്കടപ്പെട്ട് അറിഞ്ഞും അറിയിച്ചും
കൊള്ളുന്നിതു. ഞങ്ങൾ പാപത്തിൽ ഉത്ഭവിച്ചു, ജനിക്കകൊണ്ടു സ്വഭാവത്താൽ
കൊപത്തിൻ മക്കൾ ആകുന്നു. ഞങ്ങളുടെ നടപ്പിൽ ഒക്കയും വിചാരത്താലും
വാക്കിനാലും ക്രിയയാലും നിന്നെ പല വിധെന കൊപിപ്പിച്ചിരിക്കുന്നു. ഞങ്ങളെ
സൃഷ്ടിച്ചും രക്ഷിച്ചും വിശുദ്ധീകരിച്ചും പൊരുന്ന നിന്നെ പൂർണ്ണഹൃദയത്തൊടും
പൂർണ്ണമനസ്സൊടും എല്ലാ ശക്തികളാലും സ്നെഹിച്ചിട്ടില്ല. ഞങ്ങളെ പൊലെ തന്നെ
കൂട്ടുകാരെ സ്നെഹിച്ചതും ഇല്ല. ആകയാൽ നിന്റെ ക്രൊധത്തിന്നും ന്യായവിധിക്കും
നിത്യമരണശാപങ്ങൾക്കും ഞങ്ങൾ പാത്രമാകുന്നു സ്പഷ്ടം. എങ്കിലും നിന്റെ
അളവില്ലാത്ത കനിവിനെ ശരണമാക്കി ഞങ്ങൾ കരുണ തേടി ഇരിക്കുന്നു. നിന്റെ
പ്രിയപുത്രനും ഞങ്ങളുടെ കർത്താവും രക്ഷിതാവും ആകുന്ന യേശുക്രിസ്തൻ
നിമിത്തവും നിന്റെ വിശുദ്ധനാമത്തിന്റെ ബഹുമാനം നിമിത്തവും ഞങ്ങളിൽ കനിവു
തൊന്നുകയും സകല പാപം ക്ഷമിക്കയും ഹൃദയത്തിന്നു നല്ല പുതുക്കം നല്കുകയും
വെണ്ടു എന്നു ഞങ്ങൾ ഉണ്മയായി അപെക്ഷിക്കുന്നു. അല്ലയൊ കർത്താവെ,
അരിഷ്ടപാപികളായ ഞങ്ങളൊടു കരുണ ആകണമെ-ആമെൻ.

വിശ്വാസപ്രമാണം: സ്വർഗ്ഗങ്ങൾക്കും ഭൂമിക്കും സഷ്ടാവായി । സർവ്വശക്ടനായി
പിതാവായിരിക്കുന്ന ദൈവത്തിങ്കൽ ഞാൻ വിശ്വസിക്കുന്നു । അവന്റെ ഏകപുത്രനായി
നമ്മുടെ കർത്താവായ യെശുക്രിസ്തങ്കലും ഞാൻ വിശ്വസിക്കുന്നു. ആയവൻ
വിശുദ്ധാത്മാവിനാൽ മറിയ എന്ന കന്യകയിൽ ഉൽപാദിതനായി ജനിച്ചു । പൊന്ത്യ
[ 55 ] പിലാതന്റെ താഴെ കഷ്ടമനുഭവിച്ചു ക്രൂശിക്കപ്പെട്ടു മരിച്ചു । അടക്കപ്പെട്ടു പാതാളത്തിൽ
ഇറങ്ങി । മൂന്നാം ദിവസം ഉയിർത്തെഴുനീറ്റു । സ്വർഗ്ഗാരോഹണമായി । സർവ്വശക്തിയുള്ള
പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു. അവിടെ നിന്നു ജീവികളൊടും
മരിച്ചവരൊടും ന്യായം വിസ്തരിപ്പാൻ വരികയും ചെയ്യും.

വിശുദ്ധാത്മാവിലും । വിശുദ്ധന്മാരുടെ കൂട്ടായ്മയാകുന്ന ശുദ്ധസാധാരണ
സഭയിലും । പാപമൊചനത്തിലും । ശരീരത്തൊടെ ജീവിച്ചെഴുനീല്ക്കുന്നതിലും
। നിത്യജീവങ്കലും ഞാൻ വിശ്വസിക്കുന്നു-ആമെൻ.

ഞായറാഴ്ച പ്രാർത്ഥനകൾ: 'ഞങ്ങളുടെ ദൈവമാകുന്ന യഹൊവെ നീ
വെളിച്ചമാകുന്നു, ഇരിട്ടു നിന്നിൽ ഒട്ടും ഇല്ല. നീ ഏകജാതനായ പുത്രനെ ഈ
ലൊകത്തിൽ അയച്ചത് അവനെ പിഞ്ചെല്ലുന്നവൻ ആരും ഇരിട്ടിൽ നടക്കാതെ ജീവന്റെ
വെളിച്ചമുള്ളവനായിരിക്കെണ്ടതിന്നത്രെ. ഇന്നും കൂടെ നിന്റെ വെളിച്ചവും സത്യവും
ഞങ്ങളെ നടത്തെണ്ടതിന്നു അയക്കുക. ഇന്നും ഞങ്ങളിൽ അറിയിക്കുന്ന നിന്റെ
വചനം ഞങ്ങളുടെ കാല്ക്കുദീപവും വഴിയിൽ വെളിച്ചവും ആയ്ചമക. താന്താന്റെ
ഹൃദയത്തിന്റെ അവസ്ഥ ഇന്നത് എന്നു ഞങ്ങൾക്കു വെളിപ്പെടുത്തി തരിക.
തന്നെത്താൻ ചതിക്കുന്ന മായയെ അകറ്റുക. അഹംഭാവത്തെ ഇടിക്കുക, ഞങ്ങളെ
ഉയർത്തുവാൻ കഴിയെണ്ടതിന്നു താഴ്ത്തി വെക്കുക. നല്ല ദാനങ്ങളും തികഞ്ഞ വരങ്ങളും
ഞങ്ങളിൽ നിറെച്ചും താനും ഞങ്ങളിൽ വസിച്ചും കൊൾവാൻ വേണ്ടി ജഡത്തിലെയും
ആത്മാവിലെയും സകല കന്മഷത്തിൽനിന്നും ഞങ്ങളെ വെടിപ്പാക്കണമെ. ഞങ്ങളെ
നിന്റെ ദിവ്യപ്രതിമയാക്കി രൂപാന്തരപ്പെടുത്തി നിന്റെ അത്യന്തജ്ഞാനത്തെ
ഞങ്ങൾക്ക് ഇപ്പൊൾ തന്നെ നിത്യജീവന്റെ ഉറവയാക്കി ചമെക്കെണമെ. നിണക്കു
വെർത്തിരിച്ചുള്ള ഈ ആഴ്ചയെ സമൃദ്ധിയായി അനുഗ്രഹിക്ക. ഇന്നു നിന്റെ വചനത്തെ
വായിച്ചും കെട്ടും പ്രസ്താവിച്ചും കൊള്ളുന്ന എല്ലാരിലും നിന്റെ ആത്മാവുകൊണ്ടു
ശക്തിയൊടെ പ്രവൃത്തിക്ക. നിന്റെ വിലയെറിയ സുവിശെഷത്തെ നിന്ദിക്കുന്നവരൊടും
നീ പൊരുതു ജയിച്ചും കൊൾക. ഇങ്ങനെ നിന്റെ നാമം വിശുദ്ധീകരിക്കപ്പെടുകയും
തിരുരാജ്യം പരന്നുവരികയും പല ആത്മാക്കൾക്കും നിത്യരക്ഷ സാധിക്കയും
ആകെണമെ. സ്വർഗ്ഗസ്ഥനായ പിതാവെ നിന്റെ പുത്രനും ഞങ്ങളുടെ കർത്താവും
ആയ യെശുക്രിസ്തനെ വിചാരിച്ചു ഞങ്ങളുടെ യാചനകളെ കെട്ടരുളെണമെ-ആമെൻ.'

'സ്വർഗ്ഗസ്ഥപിതാവായ ദൈവമെ- ഇന്നു നിന്റെ സ്വസ്ഥനാളാകകൊണ്ടു
ഞങ്ങൾ മുഴുമനസ്സൊടും നിന്റെ വചനം കെട്ടും പരിഗ്രഹിച്ചും കൊണ്ട് ഈ ദിവസത്തെ
വെണ്ടും വണ്ണം വിശുദ്ധീകരിപ്പാനും നിന്റെ വചനത്താൽ ഞങ്ങൾ
വിശുദ്ധീകരിക്കപ്പെടുവാനും നിന്റെ നല്ല ആത്മാവെ അയച്ചു ഞങ്ങളെ പ്രകാശിപ്പിച്ചു
നടത്തെണമെ. നിന്റെ വചനത്തിന്നു ശുശ്രൂഷക്കാരായവർ ഒക്കയും യെശുക്രിസ്തന്റെ
സുവിശെഷത്തെ കൂട്ടില്ലാതെ വെടിപ്പായി അറിയിച്ചും തങ്ങളും അതിനാൽ ജീവിച്ചും
ഇരിക്കെണ്ടതിന്നു വിശുദ്ധാത്മാവിന്റെ വെളിച്ചത്തെയും ശക്തിയെയും അവർക്കു
നല്കെണമെ. ഈ ദിവസത്തിന്റെ അനുഗ്രഹങ്ങൾ എല്ലാവർക്കും വിശെഷാൽ
സങ്കടക്കാർക്കും ഭാരം ചുമക്കുന്നവർക്കും രൊഗികൾക്കും മരിക്കുന്നവർക്കും
വെണ്ടുവൊളം അനുഭവമായ് വരെണമെ. ഞങ്ങൾ നിന്റെ പ്രിയ പുത്രനായ
യെശുക്രിസ്തനിൽ മുറ്റും ആശ്രയിച്ചും ആശവെച്ചും കൊണ്ടു തിരുവചനപ്രകാരം [ 56 ] [ 57 ] [ 58 ] നടപ്പാനും എല്ലാ ഇടർച്ചകളെയും സൂക്ഷിച്ചൊഴിച്ചു ഞങ്ങളുടെ രക്ഷിതാവെ വിടാതെ
പിൻചെല്ലാനും പ്രയാണത്തിന്റെ ഒടുവിൽ നിന്റെ സ്വർഗ്ഗീയരാജ്യത്തിൽ പൂകുവാനും
നിന്റെ കരുണ ഇറക്കിതരെണമെ-ആമെൻ.'

ആരാധനാസാഹിത്യത്തിൽ ഗീതങ്ങൾക്കു പ്രത്യേകസ്ഥാനമുണ്ട്. മികച്ച
സംഗീതപാരമ്പര്യമുള്ള നാടായ ജർമനിയിൽനിന്നു വന്ന ഹെർമൻഗുണ്ടർട്ട്
ബാസൽമിഷൻ സമൂഹത്തിനുവേണ്ടി ഗീതങ്ങൾ രചിച്ചു. ആശയപുഷ്ടിയും
പാശ്ചാത്യദേവാലയ സംഗീതത്തിന്റെ ഈണവുമുള്ള ഈ ഗീതങ്ങൾ ഇന്നും
ബാസൽമിഷൻ പാരമ്പര്യമുള്ള ക്രൈസ്തവർ ഉപയോഗിക്കുന്നുണ്ട്. 1842-ൽ
അമ്പതുഗീതങ്ങൾ മംഗലാപുരത്തെ കല്ലച്ചിൽ അച്ചടിച്ചു. 1840 മുതൽ തയ്യാറാക്കിയ
ഗീതങ്ങളാണ് അവ എന്നു കത്തിൽനിന്നു മനസ്സിലാക്കാം. കൗതുകകരമെന്നു പറയട്ടെ,
ട്യൂബിങ്ങൻ സർവകലാശാലയിൽ (GK VI 126) ഈ ലേഖകൻ കണ്ടെത്തിയത് 1842-
ൽ മംഗലാപുരം പ്രസിൽ അച്ചടിച്ച 100 ഗീതങ്ങളാണ്! അമ്പത്തൊന്നാം ഗീതം മുതലുള്ള
ഭാഗം മറ്റൊരവസരത്തിൽ അച്ചടിച്ചു ചേർത്തതായിരിക്കാം. മറ്റു ചില പുസ്തകങ്ങളിലും
ഇങ്ങനെ ചേർപ്പുകൾ കണ്ടിട്ടുണ്ട്. 1847-ൽ തലശ്ശേരിയിലെ കല്ലച്ചിൽ ഗീതങ്ങൾ വീണ്ടും
അച്ചടിച്ചു. പിന്നീടുള്ള വർഷങ്ങളിൽ ക്രിസ്തീയ ഗീതങ്ങൾ എന്ന ഗ്രന്ഥമാണ് അച്ചടിച്ചു
കാണുന്നത്. 1850, 1851, 1854, 1861 എന്നീ വർഷങ്ങളിൽ ഇതിനുണ്ടായ പതിപ്പുകൾ
ജർമ്മനിയിലും സ്വിറ്റ്സർലണ്ടിലുമുണ്ട്. 1850-ൽ തലശ്ശേരിയിൽ അച്ചടിച്ച ക്രിസ്തീയ
ഗീതങ്ങളുടെ ഒരു പകർപ്പിൽ ഗുണ്ടർട്ടിന്റെ കയ്പടയിലുള്ള ധാരാളം തിരുത്തലുകളും
ചേർപ്പുകളും കാണാം. വിശദമായ രാഗസൂചനകളോടുകൂടിയാണ് ക്രിസ്തീയഗീതങ്ങൾ
അച്ചടിച്ചിരുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഡോ. ഹെർമൻ ഗുണ്ടർട്ട് 1991-92 കാണുക.
മംഗലാപുരത്ത് അച്ചടിച്ച ഗീതങ്ങളുടെ മാതൃകകൾ ഈ സമാഹാരത്തിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗുണ്ടർട്ടു രചിച്ച ഗീതങ്ങളെക്കുറിച്ച് എ.ഡി. ഹരിശർമ്മ എഴുതുന്നു: 'ഈ
പാട്ടുകൾക്കെല്ലാം പാശ്ചാത്യരാഗങ്ങളായതുകൊണ്ട് മറ്റു ക്രിസ്തീയസഭകളിൽ
ഇവയ്ക്ക് അധികം പ്രചാരമില്ല. കൂടാതെ ഭാഷയുടെ പ്രയാസവും ഒരു തടസ്സമായി
നില്ക്കുന്നു. പക്ഷെ ബാസൽമിഷൻ സഭയിലെ ആളുകൾക്കു 'എളിയ ചെറുകുട്ടി
ഞാൻ' മുതലായ പാട്ടുകൾ ലളിതമായ രാഗത്തിൽ പാടുമ്പോൾ പാട്ടിന്റെ അർത്ഥവും
രാഗവും അവരുടെ ഹൃദയത്തിന്റെ ആഴത്തിലുള്ള തന്തികളെ മീട്ടി സ്വർഗ്ഗീയാനുഭൂതി
നൽകുന്നു. ഇങ്ങനെ ഡോക്ടർ ഗുണ്ടർട്ടിന്റെ അനേകമനേകം ഗീതങ്ങൾ അർത്ഥം
മനസ്സിലാക്കി ശരിയായ രാഗത്തിൽ പാടുമ്പോൾ ശ്രോതാക്കളെ ആനന്ദലഹരിയിൽ
ആറാടിക്കാറുണ്ട് എന്നത് അനേകരുടെ അനുഭവമാണ്' (ഡോ. ഹെർമൻ ഗുണ്ടർട്ട് 1973:
101-106)

ഹെർമൻ ഗുണ്ടർട്ട് സംസ്കൃതത്തിൽനിന്നും തർജമ ചെയ്ത രണ്ടു കാവ്യങ്ങളാണ്
ശ്രീയെശുക്രിസ്തമാഹാത്മ്യവും മതപരീക്ഷയും. ഭാരതീയരുടെ മതചിന്തയിൽ
സംസ്കൃതരചനകൾക്കുള്ള സ്ഥാനം മനസ്സിലാക്കിയ ഏതാനും വിദേശികൾ
പത്തൊമ്പതാംനൂറ്റാണ്ടിൽ സംസ്കൃതത്തിൽ ക്രൈസ്തവപ്രമേയങ്ങൾ
അവതരിപ്പിക്കുകയുണ്ടായി. അവരിൽ പ്രമുഖരാണ് റവ. ഡോ. മില്ലും ജോൺ മ്യൂറും.
മില്ലിന്റെ ക്രിസ്തസംഗീതവും മ്യൂറിന്റെ മതപരീക്ഷ(1839),ക്രിസ്തമാഹാത്മ്യം എന്നിവയും [ 59 ] ഗുണ്ടർട്ടിനു പ്രിയങ്കരങ്ങളായിരുന്നു. (വിശദവിവരങ്ങൾക്ക് ഡോ. ഹെർമൻ ഗുണ്ടർട്ട്
1991: 117-118 നോക്കുക). സംസ്കൃത രചനകളുടെ പ്രാധാന്യത്തെക്കുറിച്ച്
മതപരീക്ഷയുടെ രണ്ടാം പതിപ്പിനുള്ള മുഖവുരയിൽ ജോൺ മ്യൂർ (1810-1882)
എഴുതുന്നു:

'The sanskrit is not only revered by learned Hindus as sacred, but
admired for its beauty and perfection of Grammatical structure, and the
Copiousness of its vocabulary. To those who are aware of the extent to which
these feelings prevail, it would be superfluous to explain at length that works
relating to christianity composed in this classical language, if properly
executed, may command the attention of the Pandits, when publications in
the vernacular languages would be rejected,' (Madras 1848 : iii).

തർജമയിൽ സംസ്കൃതഭാഷയുടെ കവചം നഷ്ടപ്പെട്ടാൽ മൂലകൃതിയുടെ ശക്തി
പെയ്‌പോകുമെന്നു കരുതിയിട്ടാകാം ഗുണ്ടർട്ട് ക്രിസ്തമാഹാത്മ്യത്തിന്റെ മൂലരൂപം കൂടി
കലർത്തിയാണ് ഭാഷാന്തരം നിർവഹിച്ചിരിക്കുന്നത്. ആദ്യം സംസ്കൃതശ്ലോകങ്ങൾ,
പിന്നെ മലയാളഗദ്യത്തിൽ അർത്ഥവും വിശദീകരണവും - ഇതാണ്
ക്രിസ്തമാഹാത്മ്യത്തിലെ രീതി. ഭാരതത്തിലെ പല ആധികാരിക രചനകളുടെയും ഘടന
ഇതാണല്ലോ?

1851-52 ഘട്ടത്തിൽ ശ്രീയെശുക്രിസ്തമാഹാത്മ്യം തലശ്ശേരിയിൽ അച്ചടിച്ചു. 1851
ആദ്യം 'അത്ഭുതക്രിയാവർണ്ണനം' എന്ന തൃതീയാധ്യായംവരെയും പിന്നീട്
'ജഗൽഗുരൂപദെശമാല' എന്ന 'ചതുർത്ഥൊധ്യായം' വരെയും അച്ചടിച്ചു. 1852-ൽ ശേഷം
ഭാഗം, 'പ്രാർത്ഥനാപദ്ധതി' എന്ന 'സപ്തമൊധ്യായം' വരെ, അച്ചടിച്ചപ്പോൾ നൂറുപുറമുള്ള
പുസ്തകം പൂർത്തിയായി, ഇതിന്റെ ഒരു പകർപ്പ് ട്യൂബിങ്ങൻ സർവകലാശാലയിലുണ്ട്.
അതിൽനിന്ന് ഏതാനും അധ്യായങ്ങൾ ഈ സമാഹാരത്തിൽ ചേർക്കുന്നു.

ഗുരുശിഷ്യ സംവാദരൂപത്തിലുള്ള മതപരീക്ഷയിൽ ക്രൈസ്തവമതത്തിന്റെ
യുക്തിബലം പ്രദർശിപ്പിക്കാൻ ജോൺ മ്യൂർ ശ്രമിക്കുന്നു. 1839-ൽ കൽക്കത്തയിൽ
പ്രസിദ്ധീകരിച്ച മൂലകൃതിക്ക് കെരളഗീതം എന്ന സ്വതന്ത്ര പരിഭാഷ ഗുണ്ടർട്ടു
തയ്യാറാക്കി; ആശയത്തിലാണ് തർജമക്കാരന്റെ ശ്രദ്ധ. പദ്യരൂപത്തിലുള്ള വിവർത്തനം
കാവ്യപ്രേമികളായ ഹൈന്ദവരെ ലക്ഷ്യംവച്ചുള്ളതായിരിക്കണം. മഹാഭാരതാദി
ക്ലാസിക്കുകൾ സംസ്കൃതത്തിൽ നിന്നു പദ്യരൂപത്തിൽ വിവർത്തനം ചെയ്തു
വളർച്ചനേടിയ മലയാളത്തിലെ ഭക്തിസാഹിത്യത്തോടു തോളുരുമ്മിനിൽക്കുന്ന ഒരു
കൃതിയിലൂടെ ക്രിസ്തുമതപ്രചാരണം എളുപ്പമാകും എന്ന് അദ്ദേഹം കരുതിയിരിക്കും.
പദ്യരചനകളിലൂടെ ക്രിസ്തുമതപ്രചാരണം നടത്താൻ ബാസൽമിഷനിലെ
അംഗങ്ങളായിരുന്ന മറ്റു ചില മിഷണറിമാരും ശ്രമിച്ചിട്ടുണ്ട്.

'നെരറിവാനിച്ഛയുളെള്ളാരത്രെ വാദാധികാരികൾ' എന്ന സിദ്ധാന്തത്തിലാണ്
മതപരീക്ഷയുടെ പ്രസക്തി ഗുരു കണ്ട ത്തുന്നത് . യുക്തികൊണ്ട് എല്ലാ
പ്രതിഭാസങ്ങളെയും നിശ്ശേഷം വ്യാഖ്യാനിക്കാം എന്ന സരളചിന്ത ഭാരതത്തിലെ
ചിന്താശീലർക്കു പെട്ടെന്നു സ്വീകാര്യമായില്ല. അതുകൊണ്ട് ഇക്കാര്യം യുക്തിപൂർവം
വാദിച്ചുറപ്പിക്കയാണ്. ഒന്നിലേറെ സത്യമതങ്ങൾക്കു പ്രസക്തിയുണ്ടെന്ന സാമ്പ്രദായിക [ 60 ] [ 61 ] ഭാരതീയ ധാരണയും ക്രൈസ്തവമിഷണറി പ്രവർത്തനത്തിന് പ്രതിബന്ധമായിരുന്നു.
തന്മൂലം, ഒന്നിലേറെ മതങ്ങളുണ്ടെങ്കിലും അവയിൽ ഒന്നുമാത്രമേ സത്യമതമാകൂ എന്നും
അതു ക്രിസ്തുമതമാണെന്നും വാദിച്ചുറപ്പിക്കാനുള്ള ശ്രമം മതപരീക്ഷയിലുണ്ട്.
ഭാരതീയരുടെ ഇഷ്ട്ദേവതാസങ്കല്പവും വൈവിധ്യങ്ങൾ കൈവെടിയാതെ സഹകരിച്ചു
ജീവിക്കുക എന്ന ആദർശവും പാശ്ചാത്യർക്ക് സ്വീകാര്യമാകയില്ല.

അഗാധമായ മതാത്മകതയുള്ള ഭാരതജനത മതപരിവർത്തനകാര്യത്തിൽ
പ്രകടിപ്പിച്ച നിസ്സംഗത ചികിത്സിച്ചുമാറ്റാനുള്ള ശ്രമമായിരുന്നു മ്യൂറിന്റെ കൃതി. ഇതേ
പ്രതിസന്ധി ഗുണ്ടർട്ട് മിഷൻരംഗത്തു നേരിട്ടു. അതായിരിക്കാം ഇങ്ങനെയൊരു തർജമ
ഏറ്റെടുക്കാൻ അദ്ദേഹത്തിനുണ്ടായ പ്രചോദനം. എന്നാൽ മതപരീക്ഷ
ബുദ്ധിജീവികൾക്കുമാത്രം താല്പര്യം തോന്നാവുന്ന രചനയാണ്. മിഷൻ രംഗത്തു
അത്തരക്കാരുമായി ബന്ധപ്പെടുന്നതുകൊണ്ട് പ്രായോഗികഫലമില്ലെന്നു
തോന്നിയിട്ടായിരിക്കണം ബാസൽമിഷൻകാർ പിന്നീട് മതപരീക്ഷ അച്ചടിക്കാതിരുന്നത്.
1855-ൽ തലശ്ശേരിയിൽ അച്ചടിച്ച 133 പുറമുള്ള മതപരീക്ഷയിൽനിന്ന് ഒരു ഭാഗം ഈ
സമാഹാരത്തിൽ ചേർത്തിരിക്കുന്നു.

ഗുണ്ടർട്ടു നൽകിയ മാതൃകയനുസരിച്ച് ബാസൽമിഷനിലെ അംഗങ്ങൾ
ആശയപ്രചരണാർത്ഥം ലഘുകൃതികൾ പദ്യരൂപത്തിൽ തുടർന്നും
പ്രസിദ്ധീകരിക്കയുണ്ടായി. അവയുടെ രചയിതാക്കൾ ആരെന്നു കൃത്യമായി
നിർണ്ണയിക്കാൻ കഴിയുന്നില്ല. ക്രിസ്തുചരിതവും മറ്റും പിൽക്കാലത്തു
പദ്യരൂപത്തിലാക്കാൻ ശ്രമിച്ച ചിലരുടെ രചനകളുമായി ഇടതട്ടിച്ചു നോക്കുമ്പോൾ
ശ്രദ്ധേയങ്ങളെന്നു തോന്നിയ രണ്ടുമൂന്നു ബാസൽമിഷൻ കൃതികൾ ഇവിടെ
പരിചയപ്പെടുത്താം. 'ഗുണ്ടർട്ടെന്ന മതിമാനിട്ട നൂലിന്റെ ബലം' എടുത്തുകാട്ടാനാണ്
ഈ കൃതികൾ ചൂണ്ടിക്കാണിക്കുന്നത്.

1847-ൽ എഴുതി 1879-ൽ മംഗലാപുരത്ത് അച്ചടിച്ച പദ്യകൃതിയാണ് രണ്ടു
ചങ്ങാതിമാർ. രാമായണരീതിയിൽ പാടാം എന്ന നിർദ്ദേശത്തോടുകൂടിയതാണ് ഈ
കൃതി.

1866-ൽ നാലാം പതിപ്പായി 6000 കോപ്പി മംഗലാപുരത്ത് അച്ചടിച്ച കാവ്യമാണ്
ക്രിസ്താവതാരപ്പാട്ട.

1868-ൽ മംഗലാപുരത്തു അച്ചടിച്ച പൂർവമൈമാർഗ്ഗപാന എന്ന ബൈബിൾഗീതം
ശ്രദ്ധേയമാണ്.

മതദൂഷണസാഹിത്യം എന്ന ഇനത്തിൽ പെടുത്താവുന്ന കൃതികളാണ്
മതവിചാരണയും ദെവവിചാരണയും. ഹെർമൻ മ്യൂഗ്ലിംഗ് (1811-1881) എന്ന
ബാസൽമിഷണറി കന്നഡ ഭാഷയിൽ രചിച്ച കൃതികളുടെ തർജമകളാണ് ഇവ.
വാദപ്രതിവാദത്തിലൂടെ ക്രിസ്തുമതത്തിന്റെ ശ്രേഷ്ഠത തെളിയിക്കുന്ന നാടകീയ
സംഭാഷണങ്ങളായി ഇവ രചിച്ചിരിക്കുന്നു. തർജമയിൽ സംഭാഷണഭാഷാരൂപങ്ങൾ
സമർത്ഥമായി ഉപയോഗിക്കുന്ന ഗുണ്ടർട്ടിന്റെ ഭാഷാമർമ്മജ്ഞത
ഭാഷാചരിത്രവിദ്യാർത്ഥികൾക്കു പ്രയോജനപ്പെടും. മതവിചാരണയുടെ ബാസൽമിഷൻ
തർജമ 1854-ൽ തലശ്ശേരിയിൽ അച്ചടിച്ചു. മറ്റൊരു തർജമ 1846-ൽ കോട്ടയത്തു
പ്രസിദ്ധീകരിച്ചിരുന്നു. ജോസഫ് പീറ്ററായിരിക്കണം തർജമക്കാരൻ. [ 62 ] [ 63 ] [ 64 ] [ 65 ] വ്യവഹാരഭാഷാതലത്തിൽ തലശ്ശേരിയും കോട്ടയവും തമ്മിലുണ്ടായിരുന്ന അന്തരം
സംഭാഷണരൂപത്തിലുള്ള ഈ കൃതിയുടെ തർജമകളിൽനിന്നു ഗ്രഹിക്കാം.
(കൂടുതൽ വിവരങ്ങൾക്ക് ചർച്ചയും പൂരണവും 1989: 492 - 498 നോക്കുക).

1845-ൽ ദെവവിചാരണ തലശ്ശേരിയിൽ അച്ചടിച്ചു. 1864-ൽ രണ്ടാംപതിപ്പ്
മംഗലാപുരത്തുനിന്നു പ്രസിദ്ധപ്പെടുത്തി. നവീനനാടകങ്ങളുടെ സംഭാഷണശൈലിയും
പ്രതീകസ്വഭാവവും ഈ മതദൂഷണരചനയിൽ അങ്കുരാവസ്ഥയിലെങ്കിലും
കാണാവുന്നതാണ്. അങ്ങിങ്ങ് നർമ്മബോധവും പ്രകടമാകുന്നു. നാടകത്തിനുള്ളിൽ
നാടകം എന്ന മട്ടിലുള്ള രംഗസംവിധാനവും മറ്റും കൗതുകകരമാണ്. ഭാരതീയ
പുരാണങ്ങളിൽനിന്ന് ചില ഇതിവൃത്തങ്ങൾ വേർതിരിച്ചെടുത്തു പ്രകരണവും
വിശാലപശ്ചാത്തലവും ഗൗനിക്കാതെ യുക്തിയുടെ വെളിച്ചത്തിൽ പരിശോധിക്കാൻ
മിഷണറിമാർ ഇവിടെ ഒരുമ്പെടുന്നു. പുരാണങ്ങളുടെ പ്രതിപാദനശൈലിയും
സാഹിത്യസ്വഭാവവും പരിഗണിക്കാതെ നടത്തുന്ന വിമർശനം ഇന്ന് ആർക്കും
ആദരണീയമായിരിക്കില്ല. ബൈബിളിലെ ഉല്പത്തിപുസ്തകമോ ഭാരതീയ
ഇതിഹാസങ്ങളോ സാഹിത്യമാർഗ്ഗത്തിലൂടെ കടന്നുചെല്ലാത്തവർക്ക്
ഉള്ളുകാട്ടുകയില്ലല്ലോ. ആ നിലയ്ക്ക് ദെവവിചാരണയുടെ ഉള്ളടക്കത്തിന് പ്രാധാന്യമില്ല.
എന്നാൽ അത് അവതരിപ്പിച്ചിരിക്കുന്ന നാടകശില്പവും ഭാഷാശൈലിയും പ്രത്യേക
പരിഗണന അർഹിക്കുന്നു. ദെവവിചാരണയുടെ ആദ്യഭാഗം ഈ സമാഹാരത്തിൽ
ചേർത്തിട്ടുണ്ട്.

മതദൂഷണസാഹിത്യമെങ്കിലും ദെവവിചാരണയ്ക്കും മതവിചാരണയ്ക്കും
മലയാളഭാഷാസാഹിത്യശൈലീപഠനങ്ങളിൽ സ്ഥാനം കല്പിക്കാം. മറ്റു ചില
മതദൂഷണ രചനകൾ ക്ക് അങ്ങനെയുള്ള പ്രാധാന്യം കൂടി കല്പിക്കാനാവില്ല.
മഹമ്മദചരിത്രം നല്ല ഉദാഹരണമാണ്. മഹാപ്രവാചകനെക്കുറിച്ചു
പാശ്ചാത്യനാടുകളിൽ പ്രചരിച്ചിരുന്ന ചില കിംവദന്തികൾ കേരളത്തിലേക്കു
സംക്രമിപ്പിക്കാനേ ഇത് ഉപകരിച്ചിരിക്കൂ. ഒരു മിഷണറി എന്ന നിലയിൽ ഇസ്ലാംമതത്തെ
അഭിമുഖീകരിക്കാനുള്ള ഗുണ്ടർട്ടിന്റെ ശ്രമമാണ് മഹമ്മദചരിത്രം.
ബാസൽ മിഷണറിമാരുടെ മത പരിവർത്തനശ്രമങ്ങളെ മലബാർ മുസ്ലീങ്ങൾ
സംഘടിതമായി ചെറുത്തു. അങ്ങിങ്ങ് ചില സംഘർഷങ്ങൾ വളരുകയും ചെയ്തു.
ഹൈന്ദവപണ്ഡിതന്മാരും മുസ്ലീം പണ്ഡിതന്മാരും നിശ്ശബ്ദരായിരുന്നില്ല.
മിഷണറിമാരുടെ മതദൂഷണസാഹിത്യത്തിന് അതേ ശൈലിയിൽ മറുപടി നൽകുന്ന
അനേകം ലഘുരചനകൾ ഉണ്ടായി. പെൺമലയാളം എന്ന് ആക്ഷേപിക്കപ്പെട്ടിരുന്ന
ഭാഷയ്ക്ക്, വിശേഷിച്ചു പദ്യത്തിന്റെ വാലിൽതൂങ്ങി കൊഞ്ചിക്കുഴഞ്ഞു നടന്നിരുന്ന
ഗദ്യത്തിന്, പൗരുഷം നൽകാൻ ഇത്തരം വിവാദങ്ങൾ ഉപകരിച്ചു.

മതദൂഷണ സാഹിത്യം എന്ന ഇനത്തിൽ ഉൾപ്പെടുത്തേണ്ട
നളചരിതസാരശോധനയ്ക്ക് എങ്ങനെയോ അനർഹമായ പരിഗണന മലയാളികളായ
പണ്ഡിതന്മാർ നൽകിയിട്ടുണ്ട്. ഭാരതസംസ്കാരം മനസ്സിലാക്കയും കേരളീയതയെ
ആദരിക്കയും ചെയ്ത മഹാപണ്ഡിതനായ ഗുണ്ടർട്ട് എഴുതിയ കൃതിയായതുകൊണ്ട്
അതു ശ്രേഷ്ഠരചനയായിരിക്കണം എന്നു നമ്മുടെ പണ്ഡിതന്മാർ തീരുമാനിച്ചുകളഞ്ഞു. [ 66 ] [ 67 ] [ 68 ] യുക്തിപ്രയോഗംകൊണ്ടു നളകഥയുടെ മർമ്മം കണ്ടെത്താനാണ് ഗുണ്ടർട്ടിന്റെ ശ്രമം.
ഗുരുശിഷ്യസംവാദരൂപത്തിലാണ് രചന. ഗ്രന്ഥകർത്താവിന്റെ യാന്ത്രികസമീപനം
ഗുരുവിന്റെ വാക്കുകളിലൂടെ പ്രകടമാകുന്നു. പുരാണഹൃദയത്തിലേക്കു കടക്കാതെ
ഉപരിപ്ലവമായ കാര്യങ്ങളിൽ ബുദ്ധിയർപ്പിച്ചു ക്രിസ്തുമതപ്രചാരണത്തിനുള്ള
നിമിത്തമാക്കി നളകഥഉപയോഗിക്കുന്നു. ഇവിടെ മിഷണറിയായ ഗുണ്ടർട്ടാണ് നിറഞ്ഞു
നിൽക്കുന്നത്. ഇതെല്ലാമാണെങ്കിലും നളചരിതസാരശോധന പൂർണ്ണരൂപത്തിൽ ഇവിടെ
ചേർക്കുകയാണ്. ഇങ്ങനെ തീരുമാനിക്കാൻ പല കാരണങ്ങളുണ്ട്. ഒന്നാമതു
വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥമാണിത്. ഇതിന്റെ കോപ്പികൾ
ഇവിടെയെങ്ങും ഉള്ളതായി അറിവില്ല. മലയാള ഗ്രന്ഥസൂചിയിൽ പരാമർശിക്കുന്ന
മദിരാശി ആർക്കൈവ്സിലെ കോപ്പിയെക്കുറിച്ചു ജെ. മാത്യൂസ് എഴുതുന്നു:

'നളചരിത നിരൂപണത്തിലൂടെ ക്രിസ്തുമതതത്ത്വങ്ങൾ വിശദീകരിക്കുന്ന ഒരു
ഗദ്യകൃതി 'ചെന്നെ ആവണക്കാപ്പകം' എന്ന മദിരാശി രേഖാഭണ്ഡാഗാര
(Archives)ത്തിന്റെ ഗ്രന്ഥപ്പുരയിൽ കാണുവാൻ ഇടയായി. പുറംതാൾ ഉൾപ്പെടെ
ആദ്യത്തെ 14 പേജ് നഷ്ടപ്പെട്ടിരിക്കയാൽ ഗ്രന്ഥനാമം, ഗ്രന്ഥകാരൻ, പ്രകാശനവർഷം,
മുദ്രണശാല മുതലായ വിവരങ്ങളൊന്നും അറിയുവാൻ കഴിഞ്ഞില്ല...ഗുണ്ടർട്ടിന്റെTruth
and Error in Nala's History എന്നൊരു കൃതി എൽ.ജെ. ഫ്രോൺമേയർ എഴുതിയ
Progressive Grammar of the Malayalam Language (1889) എന്ന വ്യാകരണ
ഗ്രന്ഥത്തിന്റെ ആമുഖോപന്യാസത്തിൽ പരാമൃഷ്ടമായിക്കാണുന്നു. ബാസൽമിഷൻ
പ്രസിദ്ധപ്പെടുത്തിയതായി അറിയുന്ന നളചരിതസാരശോധന എന്ന
പുസ്തകത്തെപ്പറ്റിയാവാം ഫ്രോൺമേയറുടെ ഈ പരാമർശം. മദ്രാസ്
ആർക്കൈവ്സിന്റെ ഗ്രന്ഥപ്പുരയിൽ, ഇതെഴുതുന്നയാൾ കണ്ട ഗുരുശിഷ്യസംവാദം
ഈ നളചരിതം തന്നെയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.' (നളചരിത
നിരൂപണത്തിലൂടെ ക്രിസ്തുമത തത്ത്വപ്രചാരണം, കേരളയുവത, ഫെബ്രുവരി 1990) ജെ.
മാത്യൂസിന്റെ സംശയങ്ങളെല്ലാം സത്യങ്ങളാണ്. കെ.എം. ഗോവി തയ്യാറാക്കിയ
മലയാളഗ്രന്ഥസൂചിയിലും ഈ ലേഖകൻ പ്രസിദ്ധീകരിച്ച ചർച്ചയും പൂരണവും എന്ന
പ്രബന്ധത്തിലും (1989 : 501) ഇക്കാര്യങ്ങൾ വ്യക്തമായി സൂചിപ്പിച്ചിരുന്നു. ഏഴു
പതിപ്പുകളെങ്കിലും ഉണ്ടായ കൃതിയാണ് നളചരിതസാരശോധന. 1851-ൽ മൂന്നു
ഭാഗമായി (34 + 29 + 37) ഇതു തലശ്ശേരിയിൽ അച്ചടിച്ചു. 1853, 1855, 1864 എന്നീ
വർഷങ്ങളിൽ തലശ്ശേരിയിൽനിന്നു പുതിയ പതിപ്പുകളുണ്ടായി, മംഗലാപുരത്തുനിന്നു
1867, 1889, 1897 എന്നീ വർഷങ്ങളിൽ ഇതു വീണ്ടും പ്രസിദ്ധീകരിച്ചു. ഇത്രയേറെ
പ്രചാരം നൽകിയ ഒരു കൃതി സവിശേഷപഠനം അർഹിക്കുന്നുണ്ടല്ലോ.
നളചരിതസാരത്തിന്റെ ഒന്നാംഭാഗം 1853-ൽ ജർമ്മൻ ഭാഷയിൽ പ്രസിദ്ധീകരിച്ചു.

പ്രഗത്ഭനായ ചരിത്രകാരൻ എന്ന നിലയിൽ ഗുണ്ടർട്ടിനു സ്ഥിരപ്രതിഷ്ഠ
നൽകുന്ന കേരളപഴമ, യഹൂദ-ക്രൈസ്തവ ചെപ്പേടുകളെക്കുറിച്ചുള്ള പഠനം എന്നിവ
മലയാളികളുടെ വൈജ്ഞാനിക പാരമ്പര്യത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
അത്രത്തോളം തിളക്കമാർന്നവയല്ല. അദ്ദേഹത്തിന്റെ ക്രിസ്തുമതചരിത്രരചനകൾ.
ബൈബിളധിഷ്ഠിത ചരിത്രമാണ് 1854-ൽ അച്ചടിച്ച 56 പുറമുള്ള സത്യവെദ
സംക്ഷെപചരിത്രം. മതഗ്രന്ഥം എന്ന നിലയിൽ മാത്രമേ ഉള്ളടക്കത്തിനു പ്രാധാന്യമുള്ളൂ. [ 69 ] [ 70 ] മാർട്ടിൻ ലൂതറുടെ നേതൃത്വത്തിൽ ജർമ്മനിയിൽ നടന്ന മതനവീകരണത്തിന്റെ
ചരിത്രമാണ് 1847 ൽ തലശ്ശേരിയിലും 1866-ൽ മംഗലാപുരത്തും അച്ചടിച്ച
ഗർമ്മാന്യരാജ്യത്തിലെ ക്രിസ്തസഭാനവീകരണം. ഗുണ്ടർട്ടിന്റെ ഗ്രന്ഥങ്ങളുടെ പട്ടികയിൽ
മഹാകവി ഉള്ളൂരും ഡോ. പി.ജെ. തോമസും എ.ഡി. ഹരിശർമ്മയും ഗർമ്മാന എന്നു
പേരുപറയുന്ന ഗ്രന്ഥം ഇതായിരിക്കാം. അങ്ങനെയെങ്കിൽ അവരാരും ഈ കൃതി
കണ്ടിട്ടില്ല. 103 പുറമുള്ള മംഗലാപുരം പതിപ്പിൽനിന്ന് ഒരു ഖണ്ഡം മാതൃകയ്ക്കായി ഈ
സമാഹാരത്തിൽ ചേർക്കുന്നു.

1847-48 ൽ തലശ്ശേരിയിലും 1871-ൽ മംഗലാപുരത്തും അച്ചടിച്ച ബൃഹദ്ഗ്രന്ഥമാണ്
(തലശ്ശേരി പതിപ്പ് 474 പുറം, മംഗലാപുരം പതിപ്പ് 364 പുറം) ക്രിസ്തസഭാചരിത്രം.
ഗുണ്ടർട്ടിന്റെ പാണ്ഡിത്യവും ചരിത്രവിവേകവും മതദർശനവും അവക്രമായ
ഗദ്യശൈലിയും ഒത്തിണങ്ങിയ കൃതിയാണിത്. മലയാളഭാഷയിൽ ഇന്നോളം
ഉണ്ടായിട്ടുള്ള ക്രിസ്തുമതചരിത്രഗ്രന്ഥങ്ങളിൽ നിരതിശയമായ സ്ഥാനം ഇതിനുണ്ട്.
ആഗോളതലത്തിലുണ്ടായ സംഭവവികാസങ്ങളുടെ വിശാലഭൂമികയിൽ
കേരളക്രൈസ്തവചരിത്രം വായിച്ചെടുക്കാൻ താല്പ്പര്യമുള്ളവർ ഈ ഗ്രന്ഥം ശ്രദ്ധാപൂർവം
വായിക്കണം. ആനുഷംഗികമായ പരാമർശങ്ങളിലൂടെ അമൂല്യമായ വിവരങ്ങൾ
പകർന്നുതരാൻ ഗുണ്ടർട്ടിനു കഴിഞ്ഞിരിക്കുന്നു. ക്രൈസ്തവചരിത്രത്തെക്കുറിച്ച്
അദ്ദേഹത്തിനു സ്വന്തമായ വിലയിരുത്തലുണ്ട്. എന്നാൽ അതു പരിധിവിട്ടു
പരദൂഷണത്തിൽ കലാശിക്കുന്നില്ല. സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും
മറച്ചുവയ്ക്കാതെ തുറന്നെഴുതുമ്പോൾ പരഭാഗപ്രദർശനത്തിൽ കാണിക്കുന്ന മാന്യത
അത്യന്തം ആദരണീയമായിരിക്കുന്നു. ഇന്നു വ്യത്യസ്ത ക്രൈസ്തവസഭാവിഭാഗക്കാർ
വിദേശനിർമ്മിതഗവേഷണ പ്രബന്ധങ്ങളെന്ന ലേബലിൽ പുറത്തിറക്കുന്ന മിക്ക
ക്രൈസ്തവ ചരിത്രഗ്രന്ഥങ്ങളും ആത്മനീതീകരണത്തിനുള്ള വമ്പൻ നൂണകളായി
കലാശിക്കയാണ്. അപവാദങ്ങളുണ്ടെങ്കിലും അവ അത്യന്തവിരളം തന്നെ.
ചരിത്രദൂഷണത്തിൽ നിന്നുണ്ടാകുന്ന മലിനീകരണത്തിനിടയിൽ ആരോഗ്യകരമായ
അനുഭവമായിരിക്കും ഗുണ്ടർട്ടിന്റെ ക്രിസ്തസഭാചരിത്രം. അതു പൂർണ്ണരൂപത്തിൽ
പ്രസിദ്ധീകരിക്കാൻ കഴിയാത്തതിൽ ഞങ്ങൾക്കു ഖേദമുണ്ട്. സാമാന്യസ്വഭാവം
മനസ്സിലാക്കാൻ ഉപകരിക്കും എന്ന പ്രതീക്ഷയിൽ 1871-ലെ പതിപ്പിൽനിന്നു ചില
ഭാഗങ്ങൾ ഇവിടെ ഉൾപ്പെടുത്തുന്നു.

ഗുണ്ടർട്ടിന്റെ രചനകളിൽ സുവിശേഷകഥകൾ (1847) സത്യവെദകഥകൾ
എന്നിങ്ങനെ മറ്റുചില മതഗ്രന്ഥങ്ങൾ കൂടി ഉൾപ്പെടുന്നു. അവയൊന്നും ഗുണ്ടർട്ടിന്റെ
വ്യക്തിത്വത്തിലേക്കു കൂടുതൽ വെളിച്ചം വീശുന്നവയല്ല. ഉദാഹരണത്തിന്
സത്യവെദകഥകൾ, ഡോ. ക്രിസ്റ്റ്യാൻ ഗോട്‌ലോബ് ബാർത്ത് (1799-1862) രചിച്ച
ബൈബിൾകഥകളുടെ നേർ തർജമയാണ്. പിന്നീട് പലരും ഇതു പരിഷ്ക്കരിച്ചു പുതിയ
പതിപ്പുകളിറക്കി. ആദ്യപതിപ്പിന്റെ രചനയിൽ തന്നെ ഗുണ്ടർട്ടിനു
സഹായികളുണ്ടായിരുന്നിരിക്കാം. ഗുണ്ടർട്ടിന്റെ ജീവചരിത്രത്തോടൊപ്പം
ബാസൽമിഷൻ പ്രസിദ്ധീകരിച്ച പട്ടികയിൽ (ഗുണ്ടർട്ട് പണ്ഡിതരുടെ ജീവചരിത്രം,
മംഗലാപുരം 1896) ഇവ കാണുന്നുമില്ല.

ഹെർമൻ ഗുണ്ടർട്ടു ഗ്രന്ഥപരമ്പര (HGS) യിൽ അദ്ദേഹത്തിന്റെ മതരചനകൾ [ 71 ] [ 72 ] ഉൾപ്പെടുത്തി ഒരു വാല്യം പ്രസിദ്ധീകരിക്കണം എന്ന് എഡിറ്റർമാരായ ഞങ്ങൾക്കു
നിർബന്ധമുണ്ടായിരുന്നു. അതിനുള്ള വിശദീകരണം വജ്രസൂചി എന്ന ഈ
സമാഹാരത്തിലൂടെ കടന്നുപോകുന്ന വായനക്കാർക്കു കണ്ടെത്താൻ കഴിയും.
മിഷണറിയായ ഗുണ്ടർട്ടിനെ മറന്നുകൊണ്ട് അദ്ദേഹത്തെ ആദരിക്കാൻ നമുക്കു
നിവൃത്തിയില്ല. സാധാരണ പാശ്ചാത്യമിഷണറിമാരിൽ നിന്നു പാണ്ഡിത്യംകൊണ്ടും
സാംസ്കാരിക വിവേകംകൊണ്ടും അദ്ദേഹം ഉയർന്നു നിൽക്കുന്നു. എന്നാൽ
അന്യമതങ്ങളെ പൂർണ്ണ സഹിഷ്ണുതയോടെ മനസ്സിലാക്കാൻ അദ്ദേഹത്തിനും
സാധിച്ചിരുന്നില്ല. മതപ്രചാരണത്തിൽ ഏർപ്പെട്ട അദ്ദേഹം ആശയ പ്രചാരണത്തിനുള്ള
ശക്തമായ മാധ്യമമായി മലയാളഭാഷയെ ഉപയോഗിച്ചു. മലയാളഗദ്യത്തിന്റെ എല്ലുറപ്പു
കൂട്ടുന്നതിനു ഗുണ്ടർട്ടിന്റെ സാഹസിക പരിശ്രമങ്ങൾ ഉപകരിച്ചു. അന്നത്തെ
സാംസ്കാരിക പരിണാമത്തെക്കുറിച്ചും - കേരളത്തിലുണ്ടായ
നവോത്ഥാനത്തെക്കുറിച്ചും പഠിക്കുന്നവർക്ക് ആധികാരികമായി ഉപയോഗിക്കാവുന്ന
പല ഉപാദാനങ്ങളും വജ്രസൂചി എന്ന ഈ സമാഹാരത്തിലുണ്ട്. അവയുടെ
പ്രസക്തിയും മൂല്യവും പ്രഗത്ഭരായ ഭാവി ഗവേഷകർ തിട്ടപ്പെടുത്തട്ടെ. കേരളീയർ
പേരുകൊണ്ടുമാത്രം അറിഞ്ഞിരുന്ന രണ്ടു ഡസനോളം കൃതികൾ അവരുടെ
കൺമുമ്പിലെത്തിക്കാൻ കഴിഞ്ഞു എന്ന കൃതാർത്ഥതമാത്രം ഞങ്ങൾക്കു മതി.

ഏപ്രിൽ 14, 1992

"https://ml.wikisource.org/w/index.php?title=വജ്രസൂചി/ആമുഖപഠനം&oldid=210396" എന്ന താളിൽനിന്ന് ശേഖരിച്ചത്