താൾ:33A11415.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആമുഖ പഠനം

സ്കറിയാ സക്കറിയ

വജ്രസൂചി എന്ന പേരു കാണുമ്പോൾ പല വായനക്കാരും അപരിചിതഭാവത്തിൽ
പുരികമുയർത്തുന്നതു ഈയുള്ളവൻ കാണുന്നു. ക്ഷമിക്കണം, നമ്മുടെ ഭാരതീയ
സാംസ്കാരിക പൈതൃകത്തിലെ അത്രയേറെ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പറ്റം
അതിവിശിഷ്ടരചനകളുടെ പ്രാതിനിധ്യം അവകാശപ്പെടാവുന്ന കൃതിയാണ് വജ്രസൂചി.
ബുദ്ധമത സിദ്ധാന്തങ്ങളിൽ ഉറച്ചു വിശ്വസിച്ചുകൊണ്ടു പ്രചാരണപരമായും
അല്ലാതെയും സാഹിത്യരചന നടത്തിയ അനേകം പൂർവസൂരികളെ നമ്മൾ മറന്നു
കളഞ്ഞു. അവരിൽ പ്രമുഖനാണ് എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന
അശ്വഘോഷൻ. കാളിദാസനെക്കാൾ പ്രാചീനനായ ഈ സംസ്കൃതകവിയെക്കുറിച്ച്
ആധുനിക ലോകം അറിഞ്ഞത് അദ്ദേഹത്തിന്റെ കൃതികൾക്കു ചൈനീസ് തിബത്തൻ
ഭാഷകളിലുണ്ടായ പ്രാചീന തർജമകളിലൂടെയാണ്. സംസ്കൃതമൂലഗ്രന്ഥങ്ങൾ പലതും
സമ്പൂർണ്ണ രൂപത്തിൽ കണ്ടുകിട്ടിയിട്ടുമില്ല. ജാതിപ്പിശാച് ഭാരതഭൂമിയിൽ
ഭീകരനൃത്തമാടിയ നൂറ്റാണ്ടുകളിൽ അശ്വഘോഷനെപ്പോലള്ള കവികൾ നമുക്ക്
അന്യരായിത്തീർന്നു. ഇന്ന് അശ്വഘോഷരചനകളുടെ ചില പകർപ്പുകൾ
കണ്ടെത്തുന്നത് ഇന്ത്യയ്ക്കു പുറത്തുള്ള ഏഷ്യൻ രാജ്യങ്ങളിലാണ്. സൗന്ദരനന്ദം,
ബുദ്ധചരിതം, ശാരീപുത്ര പ്രകരണം, വജ്രസൂചി എന്നിങ്ങനെ അമ്പതോളം കൃതികൾ
അശ്വഘോഷൻ രചിച്ചതായി തിബത്തൻ രേഖകളിൽനിന്നു മനസ്സിലാക്കാം. 'വാല്മീകി,
വ്യാസൻ എന്നിവരെ ഭാസകാളിദാസാദി മഹാകവികളോടു ചേർക്കുന്ന ശൃംഖലയാണ്
അശ്വഘോഷൻ' എന്നു ഡോ. കെ.എൻ. എഴുത്തച്ഛൻ സൗന്ദരനന്ദത്തിന്റെ
ആസ്വാദനത്തിൽ (കതിർക്കുല 1959:66) രേഖപ്പെടുത്തുന്നു. പ്രതിഭാസമ്പന്നനായ
അശ്വഘോഷന്റെകൃതികളിൽ കാവ്യസൗന്ദര്യം ഒട്ടും കുറവല്ല. എന്നാൽ അവയിലെല്ലാം
ഊന്നൽ അനുശാസനത്തിലും സന്ദേശ പ്രചാരണത്തിലുമാണ്. മറ്റൊരു
തരത്തിൽപറഞ്ഞാൽ മിഷണറി സ്വഭാവമുള്ളവയാണ് അശ്വഘോഷരചനകൾ.
സാഹിത്യ വൈഭവം പ്രകാശിപ്പിക്കാനല്ല ശാന്തി സന്ദേശം പ്രചരിപ്പിക്കാനാണ് താൻ
രചന നടത്തുന്നതെന്ന് അദ്ദേഹം വെട്ടിത്തുറന്ന് എഴുതിയിട്ടുണ്ട്. ബുദ്ധസന്ദേശമാണ്
മുക്തിദായകം എന്ന വിശ്വാസക്കാരനായിരുന്നു അശ്വഘോഷൻ. പത്തൊമ്പതാം
നൂറ്റാണ്ടിൽ മലബാറിൽ വന്ന ജർമ്മൻമിഷണറിയായ ഗുണ്ടർട്ടിനും
അശ്വഘോഷനെപ്പോലെ ആശയപ്രചാരണത്തിലായിരുന്നു ശ്രദ്ധ, ജാതിചിന്തയ്ക്കെ
തിരെ അശ്വഘോഷൻ വിരചിച്ച വജ്രസൂചി എന്ന മൂർച്ചയേറിയ കൃതി മലയാളത്തിൽ
തർജമ ചെയ്ത് അവതരിപ്പിച്ചുകൊണ്ട് ആശയ പ്രചാരണം നടത്താൻ ഗുണ്ടർട്ട് മുതിർന്നു.
അദ്ദേഹം രചിച്ച പ്രചാരണകൃതികളുടെ ഉത്തമമാതൃകയായിട്ടുണ്ട് വജ്രസൂചി.
അതിനാൽ ഈ സമാഹാരത്തിനു വജ്രസൂചി എന്ന പേരു യോജിക്കുമല്ലോ.
മലയാളഭാഷാ സാഹിത്യ ചരിത്രം, കേരളത്തിന്റെ സാംസ്കാരിക ചരിത്രം, മതചരിത്രം
എന്നിങ്ങനെയുള്ള പഠനമേഖലകളിലെ പ്രസക്തി കണക്കിലെടുത്തു ഗുണ്ടർട്ടിന്റെ രണ്ടു
ഡസനോളം കൃതികൾ ഇവിടെ പൂർണ്ണരൂപത്തിൽ അച്ചടിക്കയോ, ചില ഭാഗങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/17&oldid=199705" എന്ന താളിൽനിന്ന് ശേഖരിച്ചത്