താൾ:33A11415.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxi

ചരിത്രസത്യം! ഇതു ബാസൽ മിഷൻകാരുടെ ഔദ്യോഗിക ചരിത്രത്തിൽ (Paul
Jenkins, A short History of the Basel Mission, Texts and Documets No. 10,
May 1989, Basel Mission, 4003 Basel. P. 17) രേഖപ്പെടുത്തിയിട്ടുള്ളതാണ്.
അത്തരം നിർദ്ദയമായ സത്യസന്ധത നമ്മുടെ ചരിത്രകാരന്മാർക്കു മാതൃകയാവട്ടെ.

പോൾ ജങ്കിൻസിന്റെ രേഖയെ അടിസ്ഥാനമാക്കി ബാസൽ മിഷനെക്കുറിച്ചു
ചുരുക്കം ചില കാര്യങ്ങൾ കൂടി രേഖപ്പെടുത്തുകയാണ്. മതനവീകരണം യൂറോപ്പിൽ
സൃഷ്ടിച്ച ചലനങ്ങൾ ക്രമേണ വ്യവസ്ഥാപിത സഭകളുടെ ചിട്ടവട്ടങ്ങളിൽ
കുടുങ്ങിപ്പോയി. ഇതിൽ അസംതൃപ്തരായ ആദർശവാദികൾ പ്യൂരിട്ടൻസ് എന്നു
ബ്രിട്ടനിലും പയറ്റിസ്റ്റുകൾ എന്നു മറ്റു യൂറോപ്യൻ നാടുകളിലും അറിയപ്പെട്ടു.
വ്യക്തിയുടെ ഹൃദയ പരിശുദ്ധി, ബൈബിളിന്റെ പ്രാമുഖ്യം, ആത്മീയമായ
പുനർജന്മത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ചെല്ലാം കർക്കശമായ
അഭിപ്രായങ്ങളുണ്ടായിരുന്ന പയറ്റിസ്റ്റുകളും പ്യൂരിട്ടൻസും തീവ്രവാദികളായി മുദ്ര
കുത്തപ്പെട്ടു. ഔദ്യോഗിക സഭകളുമായി മല്ലടിച്ച ഇക്കൂട്ടരെ രാജ്യദ്രോഹികളായി
പരിഗണിക്കുക കൂടി ചെയ്തിരുന്നു. അമേരിക്കയിലേക്കു കടൽ കടന്നു പോയ 'പിൽഗ്രിം
ഫാദേഴ്സ്' ഈ ഗണത്തിൽപ്പെട്ടവരാണ്. പയറ്റിസ്റ്റുകൾക്ക് ആദ്യമായി
പൂർണ്ണപൗരസ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തതു ദക്ഷിണ ജർമ്മനിയിലെ വ്യൂർട്ടൻ
ബർഗ് രാജ്യമാണ്. ഇന്നത്തെ സ്റ്റുട്ഗാർട് നഗരം ആസ്ഥാനമാക്കിയുണ്ടായിരുന്ന
പഴയ നാട്ടുരാജ്യമാണ് വ്യൂർട്ടൻബർഗ്. (ഇന്ന് ജർമ്മനിയിൽ ബാദനും വ്യൂർട്ടൻബർഗും
ചേർന്ന വ്യൂർട്ടൻബർഗ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് സ്റ്റുട്ഗാർട്). വ്യൂർട്ടൻ
ബർഗിലെ പയറ്റിസ്റ്റുകൾ വളരെ വേഗം ശക്തിപ്രാപിച്ചു പ്രൊട്ടസ്റ്റന്റു സഭകളിൽ
വലിയ ശക്തിയായിത്തീർന്നു. തൊട്ടടുത്ത രാജ്യമായ സ്വിറ്റ്സർലണ്ടിലെ ബാസലിൽ
ക്രിസ്തുമത പ്രചാരണത്തിനു വേണ്ടി ഒരു ജർമ്മൻ സംഘം (Deutsche Christen-
tumsgesellschaft) 1780 മുതൽ പ്രവർത്തിച്ചിരുന്നു. ജർമ്മൻകാരായ
പയറ്റിസ്റ്റുകൾക്ക് ബാസലിലെ സംഘത്തിന്റെ പ്രസിദ്ധീകരണങ്ങൾ വളരെയേറെ
ഇഷ്ടപ്പെട്ടിരിക്കണം. അതിനാലായിരിക്കാം അവരുടെ ആസ്ഥാനത്തു തന്നെ
പുതിയൊരു ജർമ്മൻ മിഷണറി സംഘം ആരംഭിക്കാൻ 1815-ൽ തീരുമാനിച്ചത്.

കച്ചവടത്തിനും ഭക്തിക്കും പേരുകേട്ട നഗരമാണ് റൈൻ നദീതീരത്തെ
ബാസൽ. പത്തൊൻപതാം നൂറ്റാണ്ടിൽ പ്രമുഖ വ്യാപാരികൾ ബാസൽ മിഷൻ
പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ ആഴ്ചയിലൊരിക്കൽ യോഗം ചേർന്നിരുന്നു.
ഘാനയിലും ഇന്ത്യയിലും ബാസൽ മിഷനിൽ നിന്നു ശമ്പളം പറ്റുന്ന ഓരോ മത
പ്രചാരകന്റെയും പേര് യോഗത്തിൽ പങ്കെടുത്തിരുന്നവരുടെ നാവിൻതുമ്പിലുണ്ടാ
യിരുന്നു എന്നു കേൾക്കുമ്പോൾ ഈ വിഷയത്തിൽ അവർ എത്രത്തോളം ജാഗ്രത
പുലർത്തിയിരുന്നു എന്ന് ഊഹിക്കാമല്ലോ. എന്നാൽ ബാസലിൽ നിന്നു ചുരുക്കം ചില
വ്യക്തികൾ മാത്രമാണ് മിഷണറിമാരായി മറുനാടുകളിലേക്കു പോയത്.
ബഹുഭൂരിപക്ഷം മിഷണറിമാരും വ്യൂർട്ടൻ ബർഗുകാരായിരുന്നു. ഇതു
ബാസൽ മിഷൻ പ്രവർത്തനശൈലിയെ സ്വാധീനിച്ചു. ഇന്ന് സ്റ്റുർട്ഗാർട്ടും
പരിസരവും ജർമ്മനിയിലെ വൻകിട വ്യവസായങ്ങളുടെ ആസ്ഥാനമാണ്. കഴിഞ്ഞ
നൂറ്റാണ്ടിലാകട്ടെ കർഷക ഗ്രാമങ്ങളായിരുന്നു വ്യൂർട്ടൻബർഗിലുണ്ടായിരുന്നത്.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/35&oldid=199724" എന്ന താളിൽനിന്ന് ശേഖരിച്ചത്