താൾ:33A11415.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxii

അവിടെ നിന്നുള്ള മിഷണറിമാർ തങ്ങൾ ചെന്നിടത്തെല്ലാം ഗ്രാമീണ വ്യവസ്ഥയുടെ
സൗഭാഗ്യങ്ങൾ നിലനിറുത്താൻ ആഗ്രഹിച്ചു. ഇല്ലിക്കുന്നിലെ വലിയ ബംഗ്ലാവിൽ
അസ്വസ്ഥനായി തീർന്ന ഗുണ്ടർട്ടിനെ മനസ്സിലാക്കാൻ (ഡോ. ഹെർമൻ ഗുണ്ടർട്ട്,
ഡിസിബി, 1991) ഈ പശ്ചാത്തലം ഉപകരിക്കും. സ്റ്റട്ഗാർട്ട് എന്ന നഗരത്തിലാണ്
ജനിച്ചു വളർന്നതെങ്കിലും ചുറ്റുപാടുമുണ്ടായിരുന്ന ശക്തമായ ഗ്രാമീണ സംസ്കാരം
അദ്ദേഹത്തെയും സ്വാധീനിച്ചിരിക്കണം.

വിവിധ പ്രൊട്ടസ്റ്റന്റുസഭാവിഭാഗങ്ങളിൽ നിന്നുള്ളവർ ബാസൽമിഷന്റെ
പ്രവർത്തനങ്ങളിൽ സഹകരിച്ചിരുന്നു. ലൂതറൻ പാരമ്പര്യവും കാൽവിയൻ പാരമ്പര്യവും
സംയോജിപ്പിക്കാനാണ് പൊതുവെ ശ്രമിച്ചിരുന്നത്. വ്യൂർട്ടൻബർഗിൽ നിന്നുള്ള മത
പരിശീലകർ ബാസലിലെ മിഷൻ കോളജിൽ നൽകിയിരുന്ന ക്ലാസുകൾ
പയറ്റിസത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. മിഷണറിമാരെ പരിശീലിപ്പിച്ചു മറ്റു
മിഷൻ സംഘങ്ങൾക്കു നൽകുക എന്നതായിരുന്നു തുടക്കത്തിൽ ബാസൽ മിഷന്റെ
പ്രവർത്തനം. ബാസലിൽ പരിശീലനം നേടിയ ചില ജർമ്മൻ മിഷണറിമാർ തമിഴ്നാട്ടിൽ
വിവിധ മിഷണറി സംഘങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഇതു ചില
സംഘർഷങ്ങൾക്കു വഴിതുറന്നു. ക്രിസ്റ്റ്യാൻ ഫ്രീഡറിക് ഷ്വാർട്സ് (1726-1798),
കാൾ റേനിയുസ് (1790-1838) തുടങ്ങിയ പ്രശസ്ത ജർമ്മൻ മിഷണറിമാരുടെ തമിഴ്നാട്ടിലെ
പ്രവർത്തനങ്ങൾ അനുസ്മരിക്കുക. ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഗുണ്ടർട്ട്
എഴുതിയിട്ടുണ്ട് (Frenz, Hermann Gundert-Quellen Zu Seinem Leben Und
Werk, Ulm 1991:311-336)

സ്വന്തം നിലയിൽ ബാസൽ മിഷൻ ആദ്യം മിഷണറിമാരെ അയച്ചതു
റഷ്യയിലേക്കാണ്. അവിടെ അർമേനിയൻ ഓർത്തഡോക്സ് ക്രൈസ്തവരുടെ ഇടയിൽ
പ്രവർത്തനം തുടങ്ങിയ ബാസൽ മിഷണറിമാരെ വിദേശചാരന്മാരെന്നു മുദ്രകുത്തി
സാർ (Tzar) ഭരണകൂടം പുറത്താക്കി. 1828-ൽ ബാസൽ മിഷണറിമാരുടെ ഒരു സംഘം
ആഫ്രിക്കയിലെ ഗോൾഡ് കോസ്റ്ററിൽ (ഇന്നത്തെ ഘാനയിൽ) എത്തി. ഇന്നുള്ള
ഏറ്റം പഴക്കമേറിയ ബാസൽമിഷൻ സമൂഹം ഘാനയിലാണ്. ക്രൈസ്തവ ഗ്രാമങ്ങൾ
പടുത്തുയർത്താനും പ്രാദേശിക ഭാഷകൾ (Twi and Ga-Adangme languages)
വികസിപ്പിച്ചു വിദ്യാഭ്യാസം നടത്താനുമായിരുന്നു അവരുടെ ശ്രമം. അടുത്ത ഘട്ടത്തിൽ
ബാസൽമിഷൻകാർ ദക്ഷിണേന്ത്യയിൽ എത്തി. റവ. സാമുവേൽ ഹേബിക്കിന്റെ
നേതൃത്വത്തിലുള്ള ആദ്യസംഘം 1834 ഒക്ടോബർ 13-ന് കോഴിക്കോട്ടു കപ്പലിറങ്ങി
അവിടെനിന്നു മംഗലാപുരത്തേക്കുപോയി. തെക്കൻ കർണ്ണാടകത്തിൽ ആയിരുന്നു
ബാസൽ മിഷന്റെ തുടക്കം. 1836 ജൂലൈ 7-നു മദ്രാസിൽ വന്നിറങ്ങിയ ഹെർമൻ
ഗുണ്ടർട്ട് ബാസൽ മിഷനിൽ ചേർന്ന് (1838-ൽ) തലശ്ശേരിക്കടുത്തു നെട്ടൂരിൽ
താമസമുറപ്പിച്ചതോടെ (1839) മലബാറിൽ ജർമ്മൻ മിഷണറി പ്രവർത്തനം തുടങ്ങി,
ഇന്ത്യയിലെ ബാസൽ മിഷൻ പ്രവർത്തനത്തിന്റെ സവിശേഷത അതിന്റെ ഭാഗമായി
ഉണ്ടായ വ്യവസായ സംരംഭങ്ങളാണ്. ഇന്ത്യയിലെ ബാസൽ മിഷൻ വ്യവസായ
സംരംഭങ്ങളെക്കുറിച്ചു രണ്ടു പിഎച്ച്.ഡി പ്രബന്ധങ്ങൾ ഈ ലേഖകൻ കണ്ടിട്ടുണ്ട്. ഒന്ന്
സ്വിറ്റ്സർലണ്ടിലെ സൂറിച്ച് സർവകലാശാലയിൽ, മറ്റൊന്നു കേരളത്തിൽ.
കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ ബാസൽമിഷൻ വ്യവസായങ്ങൾക്കുള്ള

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/36&oldid=199725" എന്ന താളിൽനിന്ന് ശേഖരിച്ചത്