താൾ:33A11415.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lvii

ഭാരതീയ ധാരണയും ക്രൈസ്തവമിഷണറി പ്രവർത്തനത്തിന് പ്രതിബന്ധമായിരുന്നു.
തന്മൂലം, ഒന്നിലേറെ മതങ്ങളുണ്ടെങ്കിലും അവയിൽ ഒന്നുമാത്രമേ സത്യമതമാകൂ എന്നും
അതു ക്രിസ്തുമതമാണെന്നും വാദിച്ചുറപ്പിക്കാനുള്ള ശ്രമം മതപരീക്ഷയിലുണ്ട്.
ഭാരതീയരുടെ ഇഷ്ട്ദേവതാസങ്കല്പവും വൈവിധ്യങ്ങൾ കൈവെടിയാതെ സഹകരിച്ചു
ജീവിക്കുക എന്ന ആദർശവും പാശ്ചാത്യർക്ക് സ്വീകാര്യമാകയില്ല.

അഗാധമായ മതാത്മകതയുള്ള ഭാരതജനത മതപരിവർത്തനകാര്യത്തിൽ
പ്രകടിപ്പിച്ച നിസ്സംഗത ചികിത്സിച്ചുമാറ്റാനുള്ള ശ്രമമായിരുന്നു മ്യൂറിന്റെ കൃതി. ഇതേ
പ്രതിസന്ധി ഗുണ്ടർട്ട് മിഷൻരംഗത്തു നേരിട്ടു. അതായിരിക്കാം ഇങ്ങനെയൊരു തർജമ
ഏറ്റെടുക്കാൻ അദ്ദേഹത്തിനുണ്ടായ പ്രചോദനം. എന്നാൽ മതപരീക്ഷ
ബുദ്ധിജീവികൾക്കുമാത്രം താല്പര്യം തോന്നാവുന്ന രചനയാണ്. മിഷൻ രംഗത്തു
അത്തരക്കാരുമായി ബന്ധപ്പെടുന്നതുകൊണ്ട് പ്രായോഗികഫലമില്ലെന്നു
തോന്നിയിട്ടായിരിക്കണം ബാസൽമിഷൻകാർ പിന്നീട് മതപരീക്ഷ അച്ചടിക്കാതിരുന്നത്.
1855-ൽ തലശ്ശേരിയിൽ അച്ചടിച്ച 133 പുറമുള്ള മതപരീക്ഷയിൽനിന്ന് ഒരു ഭാഗം ഈ
സമാഹാരത്തിൽ ചേർത്തിരിക്കുന്നു.

ഗുണ്ടർട്ടു നൽകിയ മാതൃകയനുസരിച്ച് ബാസൽമിഷനിലെ അംഗങ്ങൾ
ആശയപ്രചരണാർത്ഥം ലഘുകൃതികൾ പദ്യരൂപത്തിൽ തുടർന്നും
പ്രസിദ്ധീകരിക്കയുണ്ടായി. അവയുടെ രചയിതാക്കൾ ആരെന്നു കൃത്യമായി
നിർണ്ണയിക്കാൻ കഴിയുന്നില്ല. ക്രിസ്തുചരിതവും മറ്റും പിൽക്കാലത്തു
പദ്യരൂപത്തിലാക്കാൻ ശ്രമിച്ച ചിലരുടെ രചനകളുമായി ഇടതട്ടിച്ചു നോക്കുമ്പോൾ
ശ്രദ്ധേയങ്ങളെന്നു തോന്നിയ രണ്ടുമൂന്നു ബാസൽമിഷൻ കൃതികൾ ഇവിടെ
പരിചയപ്പെടുത്താം. 'ഗുണ്ടർട്ടെന്ന മതിമാനിട്ട നൂലിന്റെ ബലം' എടുത്തുകാട്ടാനാണ്
ഈ കൃതികൾ ചൂണ്ടിക്കാണിക്കുന്നത്.

1847-ൽ എഴുതി 1879-ൽ മംഗലാപുരത്ത് അച്ചടിച്ച പദ്യകൃതിയാണ് രണ്ടു
ചങ്ങാതിമാർ. രാമായണരീതിയിൽ പാടാം എന്ന നിർദ്ദേശത്തോടുകൂടിയതാണ് ഈ
കൃതി.

1866-ൽ നാലാം പതിപ്പായി 6000 കോപ്പി മംഗലാപുരത്ത് അച്ചടിച്ച കാവ്യമാണ്
ക്രിസ്താവതാരപ്പാട്ട.

1868-ൽ മംഗലാപുരത്തു അച്ചടിച്ച പൂർവമൈമാർഗ്ഗപാന എന്ന ബൈബിൾഗീതം
ശ്രദ്ധേയമാണ്.

മതദൂഷണസാഹിത്യം എന്ന ഇനത്തിൽ പെടുത്താവുന്ന കൃതികളാണ്
മതവിചാരണയും ദെവവിചാരണയും. ഹെർമൻ മ്യൂഗ്ലിംഗ് (1811-1881) എന്ന
ബാസൽമിഷണറി കന്നഡ ഭാഷയിൽ രചിച്ച കൃതികളുടെ തർജമകളാണ് ഇവ.
വാദപ്രതിവാദത്തിലൂടെ ക്രിസ്തുമതത്തിന്റെ ശ്രേഷ്ഠത തെളിയിക്കുന്ന നാടകീയ
സംഭാഷണങ്ങളായി ഇവ രചിച്ചിരിക്കുന്നു. തർജമയിൽ സംഭാഷണഭാഷാരൂപങ്ങൾ
സമർത്ഥമായി ഉപയോഗിക്കുന്ന ഗുണ്ടർട്ടിന്റെ ഭാഷാമർമ്മജ്ഞത
ഭാഷാചരിത്രവിദ്യാർത്ഥികൾക്കു പ്രയോജനപ്പെടും. മതവിചാരണയുടെ ബാസൽമിഷൻ
തർജമ 1854-ൽ തലശ്ശേരിയിൽ അച്ചടിച്ചു. മറ്റൊരു തർജമ 1846-ൽ കോട്ടയത്തു
പ്രസിദ്ധീകരിച്ചിരുന്നു. ജോസഫ് പീറ്ററായിരിക്കണം തർജമക്കാരൻ.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/61&oldid=199751" എന്ന താളിൽനിന്ന് ശേഖരിച്ചത്