താൾ:33A11415.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ixvi

മാർട്ടിൻ ലൂതറുടെ നേതൃത്വത്തിൽ ജർമ്മനിയിൽ നടന്ന മതനവീകരണത്തിന്റെ
ചരിത്രമാണ് 1847 ൽ തലശ്ശേരിയിലും 1866-ൽ മംഗലാപുരത്തും അച്ചടിച്ച
ഗർമ്മാന്യരാജ്യത്തിലെ ക്രിസ്തസഭാനവീകരണം. ഗുണ്ടർട്ടിന്റെ ഗ്രന്ഥങ്ങളുടെ പട്ടികയിൽ
മഹാകവി ഉള്ളൂരും ഡോ. പി.ജെ. തോമസും എ.ഡി. ഹരിശർമ്മയും ഗർമ്മാന എന്നു
പേരുപറയുന്ന ഗ്രന്ഥം ഇതായിരിക്കാം. അങ്ങനെയെങ്കിൽ അവരാരും ഈ കൃതി
കണ്ടിട്ടില്ല. 103 പുറമുള്ള മംഗലാപുരം പതിപ്പിൽനിന്ന് ഒരു ഖണ്ഡം മാതൃകയ്ക്കായി ഈ
സമാഹാരത്തിൽ ചേർക്കുന്നു.

1847-48 ൽ തലശ്ശേരിയിലും 1871-ൽ മംഗലാപുരത്തും അച്ചടിച്ച ബൃഹദ്ഗ്രന്ഥമാണ്
(തലശ്ശേരി പതിപ്പ് 474 പുറം, മംഗലാപുരം പതിപ്പ് 364 പുറം) ക്രിസ്തസഭാചരിത്രം.
ഗുണ്ടർട്ടിന്റെ പാണ്ഡിത്യവും ചരിത്രവിവേകവും മതദർശനവും അവക്രമായ
ഗദ്യശൈലിയും ഒത്തിണങ്ങിയ കൃതിയാണിത്. മലയാളഭാഷയിൽ ഇന്നോളം
ഉണ്ടായിട്ടുള്ള ക്രിസ്തുമതചരിത്രഗ്രന്ഥങ്ങളിൽ നിരതിശയമായ സ്ഥാനം ഇതിനുണ്ട്.
ആഗോളതലത്തിലുണ്ടായ സംഭവവികാസങ്ങളുടെ വിശാലഭൂമികയിൽ
കേരളക്രൈസ്തവചരിത്രം വായിച്ചെടുക്കാൻ താല്പ്പര്യമുള്ളവർ ഈ ഗ്രന്ഥം ശ്രദ്ധാപൂർവം
വായിക്കണം. ആനുഷംഗികമായ പരാമർശങ്ങളിലൂടെ അമൂല്യമായ വിവരങ്ങൾ
പകർന്നുതരാൻ ഗുണ്ടർട്ടിനു കഴിഞ്ഞിരിക്കുന്നു. ക്രൈസ്തവചരിത്രത്തെക്കുറിച്ച്
അദ്ദേഹത്തിനു സ്വന്തമായ വിലയിരുത്തലുണ്ട്. എന്നാൽ അതു പരിധിവിട്ടു
പരദൂഷണത്തിൽ കലാശിക്കുന്നില്ല. സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും
മറച്ചുവയ്ക്കാതെ തുറന്നെഴുതുമ്പോൾ പരഭാഗപ്രദർശനത്തിൽ കാണിക്കുന്ന മാന്യത
അത്യന്തം ആദരണീയമായിരിക്കുന്നു. ഇന്നു വ്യത്യസ്ത ക്രൈസ്തവസഭാവിഭാഗക്കാർ
വിദേശനിർമ്മിതഗവേഷണ പ്രബന്ധങ്ങളെന്ന ലേബലിൽ പുറത്തിറക്കുന്ന മിക്ക
ക്രൈസ്തവ ചരിത്രഗ്രന്ഥങ്ങളും ആത്മനീതീകരണത്തിനുള്ള വമ്പൻ നൂണകളായി
കലാശിക്കയാണ്. അപവാദങ്ങളുണ്ടെങ്കിലും അവ അത്യന്തവിരളം തന്നെ.
ചരിത്രദൂഷണത്തിൽ നിന്നുണ്ടാകുന്ന മലിനീകരണത്തിനിടയിൽ ആരോഗ്യകരമായ
അനുഭവമായിരിക്കും ഗുണ്ടർട്ടിന്റെ ക്രിസ്തസഭാചരിത്രം. അതു പൂർണ്ണരൂപത്തിൽ
പ്രസിദ്ധീകരിക്കാൻ കഴിയാത്തതിൽ ഞങ്ങൾക്കു ഖേദമുണ്ട്. സാമാന്യസ്വഭാവം
മനസ്സിലാക്കാൻ ഉപകരിക്കും എന്ന പ്രതീക്ഷയിൽ 1871-ലെ പതിപ്പിൽനിന്നു ചില
ഭാഗങ്ങൾ ഇവിടെ ഉൾപ്പെടുത്തുന്നു.

ഗുണ്ടർട്ടിന്റെ രചനകളിൽ സുവിശേഷകഥകൾ (1847) സത്യവെദകഥകൾ
എന്നിങ്ങനെ മറ്റുചില മതഗ്രന്ഥങ്ങൾ കൂടി ഉൾപ്പെടുന്നു. അവയൊന്നും ഗുണ്ടർട്ടിന്റെ
വ്യക്തിത്വത്തിലേക്കു കൂടുതൽ വെളിച്ചം വീശുന്നവയല്ല. ഉദാഹരണത്തിന്
സത്യവെദകഥകൾ, ഡോ. ക്രിസ്റ്റ്യാൻ ഗോട്‌ലോബ് ബാർത്ത് (1799-1862) രചിച്ച
ബൈബിൾകഥകളുടെ നേർ തർജമയാണ്. പിന്നീട് പലരും ഇതു പരിഷ്ക്കരിച്ചു പുതിയ
പതിപ്പുകളിറക്കി. ആദ്യപതിപ്പിന്റെ രചനയിൽ തന്നെ ഗുണ്ടർട്ടിനു
സഹായികളുണ്ടായിരുന്നിരിക്കാം. ഗുണ്ടർട്ടിന്റെ ജീവചരിത്രത്തോടൊപ്പം
ബാസൽമിഷൻ പ്രസിദ്ധീകരിച്ച പട്ടികയിൽ (ഗുണ്ടർട്ട് പണ്ഡിതരുടെ ജീവചരിത്രം,
മംഗലാപുരം 1896) ഇവ കാണുന്നുമില്ല.

ഹെർമൻ ഗുണ്ടർട്ടു ഗ്രന്ഥപരമ്പര (HGS) യിൽ അദ്ദേഹത്തിന്റെ മതരചനകൾ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/70&oldid=199760" എന്ന താളിൽനിന്ന് ശേഖരിച്ചത്