താൾ:33A11415.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxxv

ജാതിചിന്തയടക്കമുള്ള പ്രാദേശികാചാരങ്ങളിൽനിന്നു പുതിയ സമൂഹത്തെ
വേർതിരിച്ചു 'വിശുദ്ധീകരിക്കാനാ'ണ് മിഷണറിമാരുടെ ശ്രമം. മതവും സംസ്കാരവും
തമ്മിൽ ബന്ധമുണ്ടെങ്കിലും മതപരിവർത്തനം സാംസ്കാരിക കാര്യങ്ങളിൽ
സമൂലപരിവർത്തനം വരുത്തണമെന്ന വിശ്വാസം ഇന്നില്ല. അന്നത്തെ നില അതല്ല.
പതിനാറാം നൂറ്റാണ്ടിൽ കത്തോലിക്ക മിഷണറിമാരും പത്തൊമ്പതാം നൂററാണ്ടിൽ
പ്രോട്ടസ്റ്റന്റ് മിഷണറിമാരും ഇക്കാര്യത്തിൽ കർക്കശബുദ്ധികളായിരുന്നു. ബാസൽ
മിഷന്റെ വളർച്ച വിലയിരുത്തുമ്പോൾ ഇതും പരിഗണിക്കേണ്ടതാണ്. മറ്റു മിഷൻ
സംഘങ്ങളെപോലെ പെട്ടെന്നു സംഖ്യാബലം വർധിപ്പിക്കാൻ അവർക്കു കഴിഞ്ഞില്ല.
1850-ൽ കണ്ണൂർ (159), തലശ്ശേരി (32), ചൊമ്പാല (25), കോഴിക്കോട് (47)
എന്നിവിടങ്ങളിലായി ആകെ 263 അംഗങ്ങളാണുണ്ടായിരുന്നത്. (Statistics of Mis-
sions in India and Ceylon 1850:12, GK VI 127, Tüebingen University
Library). 1845 മാർച്ച് 28-ന് ബാസലിൽ നേരിട്ടു ഹാജരായി ഗുണ്ടർട്ടു സമർപ്പിച്ച
റിപ്പോർട്ടിൽ സംഖ്യാബലത്തെക്കുറിച്ചു ഒട്ടും അതിശയോക്തി കലർത്താത്ത
വിവരങ്ങളുണ്ട് (ഡോ. ഹെർമൻ ഗുണ്ടർട്ട് 1991:103-104).

ഗുണ്ടർട്ടിന്റെ ആദ്യകാല മതരചനയാണ് 1847-ൽ തലശ്ശേരിയിൽ അച്ചടിച്ച
ക്രിസ്ത്യപള്ളികളിൽ കഴിച്ചു വരുന്ന പ്രാർത്ഥനാചാരങ്ങൾ. ഔദ്യോഗിക ലിറ്റർജി
രൂപപ്പെടും മുമ്പ് ഗുണ്ടർട്ടു തയ്യാറാക്കിയ ആരാധാനാഗ്രന്ഥമാണിത്. ചരിത്രപ്രാധാന്യം
പരിഗണിച്ചു അതിന്റെ ആദ്യപുറം ഇവിടെ ചേർക്കുന്നു. അതിൽ നിന്നുള്ള ഭാഗങ്ങൾ
1857-ലെ ഔദ്യോഗിക ലിറ്റർജിയിൽ - പ്രാർത്ഥനാസംഗ്രഹത്തിൽ കാണാം.
ഈരെഴുപ്രാർത്ഥനകളും നൂറുവെദധ്യാനങ്ങളുമായ നിധിനിധാനം എന്ന
പ്രാർത്ഥനാഗ്രന്ഥം 1860-ൽ തലശ്ശേരിയിൽ അച്ചടിച്ചു. പിന്നീടു ഇതിനു പല
പതിപ്പുകളുണ്ടായി. 1875-ൽ പ്രാർത്ഥനാമാലിക മംഗലാപുരത്തു അച്ചടിച്ചു
പ്രസിദ്ധീകരിച്ചു. 1890-ൽ ഇതിനു രണ്ടാം പതിപ്പുണ്ടായി. 1875-ൽ നമസ്കാരമാലിക
ഒന്നാം പതിപ്പും 1890-ൽ രണ്ടാം പതിപ്പും മംഗലാപുരത്തു അച്ചടിച്ചു. ഇവയിലെല്ലാം
ഗുണ്ടർട്ടിന്റെ സ്വാധീനം പ്രകടമാണ്. അതിന്റെ തോതും തരവും കൃത്യമായി
നിർണ്ണയിക്കാൻ കൂടുതൽ പഠനം ആവശ്യമാണ്.

ബാസൽ മിഷൻ ലിറ്റർജി തയ്യാറാക്കുന്ന ചുമതല ഗുണ്ടർട്ടിനായിരുന്നു.
ദൈവശാസ്ത്രത്തിലും ആചാരാനുഷ്ഠാനങ്ങളിലും വൈവിധ്യമുള്ള പ്രോട്ടസ്റ്റന്റ്
സഭകൾ സഹകരിച്ചു നടത്തിയിരുന്ന ബാസൽ മിഷനുവേണ്ടി ഒരു ആരാധനക്രമം
തയ്യാറാക്കുക എന്നതു ഒട്ടും എളുപ്പമല്ല. അമ്മാനെ തുളുവിന്റെയും വൈഗ്ലേയെ
കന്നഡയുടെയും ഗുണ്ടർട്ടിനെ മലയാളത്തിന്റെയും ചുമതല ഏല്പിച്ചു. 1857-ൽ
മലയാളം ലിറ്റർജി പൂർണമായി. തികച്ചും ഭാരതീയമായ കാഴ്ചപ്പാടിൽ ഒരു
ആരാധനക്രമം രൂപപ്പെടുത്താൻ വരും കാലത്തു ഭാരത ക്രൈസ്തവർക്കു കഴിയണം
എന്ന് അദ്ദേഹം ആഗ്രഹിച്ചു. അന്നത്തെ നിലയിൽ വിവിധ യൂറോപ്യൻ പ്രോട്ടസ്റ്റന്റ്
സഭകളിലെ ആരാധനക്രമഗ്രന്ഥങ്ങൾ പരിശോധിച്ചു പുതിയൊരു ക്രമം
ക്രോഡീകരിച്ചെടുക്കാനേ കമ്മറ്റിക്കു കഴിഞ്ഞുള്ളൂ. ഗുണ്ടർട്ടു തയ്യാറാക്കിയ
ആരാധനക്രമം സാരമായ മാറ്റങ്ങളില്ലാതെ വീണ്ടും വീണ്ടും അച്ചടിപ്പിച്ചു. കർണ്ണാടക
തുളു മലയാള ദെശങ്ങളിലും ഗർമ്മാന്ന്യബൊധകരാൽ ഉണ്ടായ സുവിശെഷ സഭകളിൽ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/49&oldid=199739" എന്ന താളിൽനിന്ന് ശേഖരിച്ചത്