താൾ:33A11415.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xviii

തലശ്ശേരിയിൽ അച്ചടിച്ച മാനുഷഹൃദയം ഈ സമാഹാരത്തിൽ ചേർത്തിരിക്കുന്നു.

വേദോപദേശങ്ങൾ: മാർട്ടിൻ ലൂതറുടെ നാട്ടിൽ നിന്നു വന്ന ലൂതറൻ
മതവിശ്വാസിയായ ഗുണ്ടർട്ട് ലൂതറിന്റെ വേദോപദേശഗ്രന്ഥങ്ങൾ തർജമ ചെയ്ത്
അവതരിപ്പിച്ചില്ലെങ്കിലല്ലേ വിസ്മയമുള്ളൂ. മതനവീകരണവിപ്ലവത്തിനു നേതൃത്വം
നൽകിയ മാർട്ടിൻ ലൂതർ (1483-1546) അക്കാലത്തെ ക്രൈസ്തവ ജീവിതത്തെക്കുറിച്ച്
ഏറെ ദുഃഖിതനായിരുന്നു:

സുവിശേഷം, ക്രിസ്തു, സ്നാപനം, ബലി, വിശ്വാസം, ആത്മാവ്, ശരീരം, നന്മ,
പത്തു കല്പനകൾ, യേശു പഠിപ്പിച്ച പ്രാർത്ഥന തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ
പോലും നിശ്ചയമില്ലാത്ത അജ്ഞരും ഉദരംഭരികളുമായ പുരോഹിതരെ
പന്നിവളർത്തുകാരും പട്ടിവളർത്തുകാരുമായിട്ടാണ് അദ്ദേഹം കണ്ടത്. അവരുടെ
അജ്ഞത സഹിക്കാം, അഹന്തയും പരിപൂർണ്ണതാബോധവും ക്ഷമിക്കാനാവില്ല എന്ന്
ലൂതറിന്റെ പ്രസ്താവങ്ങളിൽ കാണുന്നു. വിറ്റൻബർഗ് സർവകലാശാലയിൽ ബൈബിൾ
പഠനത്തിന്റെ പ്രഫസറായിരുന്ന ലൂതർ 'വിശ്വാസത്താൽ നീതീകരണം (justifica
tion by faith) എന്ന ആശയം സുവിശേഷസാരമായി അവതരിപ്പിച്ചു തുടങ്ങിയതു
ധ്യാനപ്രസംഗങ്ങളിലാണ്. 1516-ൽ വിറ്റൻബർഗ്ഗിലെ രണ്ടു ദേവാലയങ്ങളിൽ
സുദീർഘമായ പ്രഭാഷണങ്ങൾ അദ്ദേഹം നടത്തി. പത്തുകല്പനകൾ, സ്വർഗ്ഗസ്ഥനായ
പിതാവേ എന്ന പ്രാർത്ഥന, അപ്പോസ്തലരുടെ വിശ്വാസപ്രമാണം എന്നിവ
വിശദീകരിച്ചുകൊണ്ടുള്ള ലൂതറിന്റെ അന്നത്തെ പ്രഭാഷണങ്ങളാണ് മതനവീകരണ
ചിന്തയ്ക്ക് അടിത്തറയായത്. അക്കാലം മുതൽ വാർദ്ധക്യം വരെ ലൂതർ എന്തെല്ലാം
എഴുതി പ്രസിദ്ധീകരിച്ചു എന്നു കൃത്യമായി നിർണ്ണയിക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ല.
1955-76 ഘട്ടത്തിൽമാർട്ടിൻലൂതറുടെ കൃതികൾ 55 വാല്യമായി അമേരിക്കയിൽ
പ്രസിദ്ധീകരിക്കയുണ്ടായി. ഇതും സമ്പൂർണ്ണമല്ല എന്നാണ് പണ്ഡിതമതം! ഇത്രയേറെ
ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയെങ്കിലും അവയിൽ ഏറ്റവും വ്യാപകമായ പ്രചാരം
ലഭിച്ചത് ആദ്യകാലകൃതിയായ ചെറിയ ചോദ്യോത്തരത്തിനാണ്. മഹാപണ്ഡിതനും
വിപ്ലവകാരിയുമായിരുന്ന ലൂതർ ഈ ലഘുഗ്രന്ഥത്തിലൂടെ അത്യന്ത ലളിതമായ
ശൈലിയിൽ ക്രൈസ്തവതത്ത്വങ്ങൾ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ
മനസ്സിലാകുന്ന മട്ടിൽ വിശദീകരിക്കുന്നു. 1529 മേയ് 16-നാണ് ഔപചാരികമായി ഈ
ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. ഗുണ്ടർട്ടിന്റെ തർജമ എന്നുണ്ടായി എന്നു നിശ്ചയമില്ല.
1869-ലെ പതിപ്പാണ് ഞങ്ങൾക്കു ലഭിച്ചിട്ടുള്ളത്. അതിൽനിന്ന് ഒരു ഭാഗം ഇവിടെ
ചേർക്കുന്നു.

ചോദ്യോത്തര രൂപത്തിലുള്ള മറ്റൊരു വേദോപദേശമാണ്
സ്ഥിരീകരണത്തിനുള്ള ഉപദേശം. 1853-ൽ തലശ്ശേരിയിൽ അച്ചടിച്ചതും ട്യൂബിങ്ങനിൽ
സൂക്ഷിച്ചിരിക്കുന്നതുമായ പകർപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ചർച്ചയും പൂരണവും
1989: 455 456 എന്ന പ്രബന്ധത്തിൽ ചേർത്തിട്ടുണ്ട്. 1869-ലെ രണ്ടാം പതിപ്പ് ഇപ്പോൾ
സ്വിറ്റ്സർലണ്ടിലെ ബാസൽമിഷൻ ആർക്കൈവ്സിൽനിന്നു ലഭിച്ചിരിക്കുന്നു.
അതിൽനിന്നു ചെറിയൊരു ഭാഗം ഇവിടെ ചേർക്കാം.

ഹെർമൻ ഗുണ്ടർട്ടിന് ഏറ്റവും പ്രിയങ്കരമായിരുന്ന വേദോപദേശ ഗ്രന്ഥം
മറ്റൊന്നാണ്—ക്രിസ്റ്റ്യാൻ ഹൈൻറിക് സെല്ലറു (1719-1860)ടെ ചോദ്യോത്തരം.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/22&oldid=199710" എന്ന താളിൽനിന്ന് ശേഖരിച്ചത്