താൾ:33A11415.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lxiv

യുക്തിപ്രയോഗംകൊണ്ടു നളകഥയുടെ മർമ്മം കണ്ടെത്താനാണ് ഗുണ്ടർട്ടിന്റെ ശ്രമം.
ഗുരുശിഷ്യസംവാദരൂപത്തിലാണ് രചന. ഗ്രന്ഥകർത്താവിന്റെ യാന്ത്രികസമീപനം
ഗുരുവിന്റെ വാക്കുകളിലൂടെ പ്രകടമാകുന്നു. പുരാണഹൃദയത്തിലേക്കു കടക്കാതെ
ഉപരിപ്ലവമായ കാര്യങ്ങളിൽ ബുദ്ധിയർപ്പിച്ചു ക്രിസ്തുമതപ്രചാരണത്തിനുള്ള
നിമിത്തമാക്കി നളകഥഉപയോഗിക്കുന്നു. ഇവിടെ മിഷണറിയായ ഗുണ്ടർട്ടാണ് നിറഞ്ഞു
നിൽക്കുന്നത്. ഇതെല്ലാമാണെങ്കിലും നളചരിതസാരശോധന പൂർണ്ണരൂപത്തിൽ ഇവിടെ
ചേർക്കുകയാണ്. ഇങ്ങനെ തീരുമാനിക്കാൻ പല കാരണങ്ങളുണ്ട്. ഒന്നാമതു
വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥമാണിത്. ഇതിന്റെ കോപ്പികൾ
ഇവിടെയെങ്ങും ഉള്ളതായി അറിവില്ല. മലയാള ഗ്രന്ഥസൂചിയിൽ പരാമർശിക്കുന്ന
മദിരാശി ആർക്കൈവ്സിലെ കോപ്പിയെക്കുറിച്ചു ജെ. മാത്യൂസ് എഴുതുന്നു:

'നളചരിത നിരൂപണത്തിലൂടെ ക്രിസ്തുമതതത്ത്വങ്ങൾ വിശദീകരിക്കുന്ന ഒരു
ഗദ്യകൃതി 'ചെന്നെ ആവണക്കാപ്പകം' എന്ന മദിരാശി രേഖാഭണ്ഡാഗാര
(Archives)ത്തിന്റെ ഗ്രന്ഥപ്പുരയിൽ കാണുവാൻ ഇടയായി. പുറംതാൾ ഉൾപ്പെടെ
ആദ്യത്തെ 14 പേജ് നഷ്ടപ്പെട്ടിരിക്കയാൽ ഗ്രന്ഥനാമം, ഗ്രന്ഥകാരൻ, പ്രകാശനവർഷം,
മുദ്രണശാല മുതലായ വിവരങ്ങളൊന്നും അറിയുവാൻ കഴിഞ്ഞില്ല...ഗുണ്ടർട്ടിന്റെTruth
and Error in Nala's History എന്നൊരു കൃതി എൽ.ജെ. ഫ്രോൺമേയർ എഴുതിയ
Progressive Grammar of the Malayalam Language (1889) എന്ന വ്യാകരണ
ഗ്രന്ഥത്തിന്റെ ആമുഖോപന്യാസത്തിൽ പരാമൃഷ്ടമായിക്കാണുന്നു. ബാസൽമിഷൻ
പ്രസിദ്ധപ്പെടുത്തിയതായി അറിയുന്ന നളചരിതസാരശോധന എന്ന
പുസ്തകത്തെപ്പറ്റിയാവാം ഫ്രോൺമേയറുടെ ഈ പരാമർശം. മദ്രാസ്
ആർക്കൈവ്സിന്റെ ഗ്രന്ഥപ്പുരയിൽ, ഇതെഴുതുന്നയാൾ കണ്ട ഗുരുശിഷ്യസംവാദം
ഈ നളചരിതം തന്നെയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.' (നളചരിത
നിരൂപണത്തിലൂടെ ക്രിസ്തുമത തത്ത്വപ്രചാരണം, കേരളയുവത, ഫെബ്രുവരി 1990) ജെ.
മാത്യൂസിന്റെ സംശയങ്ങളെല്ലാം സത്യങ്ങളാണ്. കെ.എം. ഗോവി തയ്യാറാക്കിയ
മലയാളഗ്രന്ഥസൂചിയിലും ഈ ലേഖകൻ പ്രസിദ്ധീകരിച്ച ചർച്ചയും പൂരണവും എന്ന
പ്രബന്ധത്തിലും (1989 : 501) ഇക്കാര്യങ്ങൾ വ്യക്തമായി സൂചിപ്പിച്ചിരുന്നു. ഏഴു
പതിപ്പുകളെങ്കിലും ഉണ്ടായ കൃതിയാണ് നളചരിതസാരശോധന. 1851-ൽ മൂന്നു
ഭാഗമായി (34 + 29 + 37) ഇതു തലശ്ശേരിയിൽ അച്ചടിച്ചു. 1853, 1855, 1864 എന്നീ
വർഷങ്ങളിൽ തലശ്ശേരിയിൽനിന്നു പുതിയ പതിപ്പുകളുണ്ടായി, മംഗലാപുരത്തുനിന്നു
1867, 1889, 1897 എന്നീ വർഷങ്ങളിൽ ഇതു വീണ്ടും പ്രസിദ്ധീകരിച്ചു. ഇത്രയേറെ
പ്രചാരം നൽകിയ ഒരു കൃതി സവിശേഷപഠനം അർഹിക്കുന്നുണ്ടല്ലോ.
നളചരിതസാരത്തിന്റെ ഒന്നാംഭാഗം 1853-ൽ ജർമ്മൻ ഭാഷയിൽ പ്രസിദ്ധീകരിച്ചു.

പ്രഗത്ഭനായ ചരിത്രകാരൻ എന്ന നിലയിൽ ഗുണ്ടർട്ടിനു സ്ഥിരപ്രതിഷ്ഠ
നൽകുന്ന കേരളപഴമ, യഹൂദ-ക്രൈസ്തവ ചെപ്പേടുകളെക്കുറിച്ചുള്ള പഠനം എന്നിവ
മലയാളികളുടെ വൈജ്ഞാനിക പാരമ്പര്യത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
അത്രത്തോളം തിളക്കമാർന്നവയല്ല. അദ്ദേഹത്തിന്റെ ക്രിസ്തുമതചരിത്രരചനകൾ.
ബൈബിളധിഷ്ഠിത ചരിത്രമാണ് 1854-ൽ അച്ചടിച്ച 56 പുറമുള്ള സത്യവെദ
സംക്ഷെപചരിത്രം. മതഗ്രന്ഥം എന്ന നിലയിൽ മാത്രമേ ഉള്ളടക്കത്തിനു പ്രാധാന്യമുള്ളൂ.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/68&oldid=199758" എന്ന താളിൽനിന്ന് ശേഖരിച്ചത്