താൾ:33A11415.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lxi

വ്യവഹാരഭാഷാതലത്തിൽ തലശ്ശേരിയും കോട്ടയവും തമ്മിലുണ്ടായിരുന്ന അന്തരം
സംഭാഷണരൂപത്തിലുള്ള ഈ കൃതിയുടെ തർജമകളിൽനിന്നു ഗ്രഹിക്കാം.
(കൂടുതൽ വിവരങ്ങൾക്ക് ചർച്ചയും പൂരണവും 1989: 492 - 498 നോക്കുക).

1845-ൽ ദെവവിചാരണ തലശ്ശേരിയിൽ അച്ചടിച്ചു. 1864-ൽ രണ്ടാംപതിപ്പ്
മംഗലാപുരത്തുനിന്നു പ്രസിദ്ധപ്പെടുത്തി. നവീനനാടകങ്ങളുടെ സംഭാഷണശൈലിയും
പ്രതീകസ്വഭാവവും ഈ മതദൂഷണരചനയിൽ അങ്കുരാവസ്ഥയിലെങ്കിലും
കാണാവുന്നതാണ്. അങ്ങിങ്ങ് നർമ്മബോധവും പ്രകടമാകുന്നു. നാടകത്തിനുള്ളിൽ
നാടകം എന്ന മട്ടിലുള്ള രംഗസംവിധാനവും മറ്റും കൗതുകകരമാണ്. ഭാരതീയ
പുരാണങ്ങളിൽനിന്ന് ചില ഇതിവൃത്തങ്ങൾ വേർതിരിച്ചെടുത്തു പ്രകരണവും
വിശാലപശ്ചാത്തലവും ഗൗനിക്കാതെ യുക്തിയുടെ വെളിച്ചത്തിൽ പരിശോധിക്കാൻ
മിഷണറിമാർ ഇവിടെ ഒരുമ്പെടുന്നു. പുരാണങ്ങളുടെ പ്രതിപാദനശൈലിയും
സാഹിത്യസ്വഭാവവും പരിഗണിക്കാതെ നടത്തുന്ന വിമർശനം ഇന്ന് ആർക്കും
ആദരണീയമായിരിക്കില്ല. ബൈബിളിലെ ഉല്പത്തിപുസ്തകമോ ഭാരതീയ
ഇതിഹാസങ്ങളോ സാഹിത്യമാർഗ്ഗത്തിലൂടെ കടന്നുചെല്ലാത്തവർക്ക്
ഉള്ളുകാട്ടുകയില്ലല്ലോ. ആ നിലയ്ക്ക് ദെവവിചാരണയുടെ ഉള്ളടക്കത്തിന് പ്രാധാന്യമില്ല.
എന്നാൽ അത് അവതരിപ്പിച്ചിരിക്കുന്ന നാടകശില്പവും ഭാഷാശൈലിയും പ്രത്യേക
പരിഗണന അർഹിക്കുന്നു. ദെവവിചാരണയുടെ ആദ്യഭാഗം ഈ സമാഹാരത്തിൽ
ചേർത്തിട്ടുണ്ട്.

മതദൂഷണസാഹിത്യമെങ്കിലും ദെവവിചാരണയ്ക്കും മതവിചാരണയ്ക്കും
മലയാളഭാഷാസാഹിത്യശൈലീപഠനങ്ങളിൽ സ്ഥാനം കല്പിക്കാം. മറ്റു ചില
മതദൂഷണ രചനകൾ ക്ക് അങ്ങനെയുള്ള പ്രാധാന്യം കൂടി കല്പിക്കാനാവില്ല.
മഹമ്മദചരിത്രം നല്ല ഉദാഹരണമാണ്. മഹാപ്രവാചകനെക്കുറിച്ചു
പാശ്ചാത്യനാടുകളിൽ പ്രചരിച്ചിരുന്ന ചില കിംവദന്തികൾ കേരളത്തിലേക്കു
സംക്രമിപ്പിക്കാനേ ഇത് ഉപകരിച്ചിരിക്കൂ. ഒരു മിഷണറി എന്ന നിലയിൽ ഇസ്ലാംമതത്തെ
അഭിമുഖീകരിക്കാനുള്ള ഗുണ്ടർട്ടിന്റെ ശ്രമമാണ് മഹമ്മദചരിത്രം.
ബാസൽ മിഷണറിമാരുടെ മത പരിവർത്തനശ്രമങ്ങളെ മലബാർ മുസ്ലീങ്ങൾ
സംഘടിതമായി ചെറുത്തു. അങ്ങിങ്ങ് ചില സംഘർഷങ്ങൾ വളരുകയും ചെയ്തു.
ഹൈന്ദവപണ്ഡിതന്മാരും മുസ്ലീം പണ്ഡിതന്മാരും നിശ്ശബ്ദരായിരുന്നില്ല.
മിഷണറിമാരുടെ മതദൂഷണസാഹിത്യത്തിന് അതേ ശൈലിയിൽ മറുപടി നൽകുന്ന
അനേകം ലഘുരചനകൾ ഉണ്ടായി. പെൺമലയാളം എന്ന് ആക്ഷേപിക്കപ്പെട്ടിരുന്ന
ഭാഷയ്ക്ക്, വിശേഷിച്ചു പദ്യത്തിന്റെ വാലിൽതൂങ്ങി കൊഞ്ചിക്കുഴഞ്ഞു നടന്നിരുന്ന
ഗദ്യത്തിന്, പൗരുഷം നൽകാൻ ഇത്തരം വിവാദങ്ങൾ ഉപകരിച്ചു.

മതദൂഷണ സാഹിത്യം എന്ന ഇനത്തിൽ ഉൾപ്പെടുത്തേണ്ട
നളചരിതസാരശോധനയ്ക്ക് എങ്ങനെയോ അനർഹമായ പരിഗണന മലയാളികളായ
പണ്ഡിതന്മാർ നൽകിയിട്ടുണ്ട്. ഭാരതസംസ്കാരം മനസ്സിലാക്കയും കേരളീയതയെ
ആദരിക്കയും ചെയ്ത മഹാപണ്ഡിതനായ ഗുണ്ടർട്ട് എഴുതിയ കൃതിയായതുകൊണ്ട്
അതു ശ്രേഷ്ഠരചനയായിരിക്കണം എന്നു നമ്മുടെ പണ്ഡിതന്മാർ തീരുമാനിച്ചുകളഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/65&oldid=199755" എന്ന താളിൽനിന്ന് ശേഖരിച്ചത്