ശാരദ/നാലാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശാരദ
രചന:ഒ. ചന്തുമേനോൻ
നാലാം അദ്ധ്യായം
[ 53 ]
നാലാം അദ്ധ്യായം

"ഹെ മനുഷ്യരെ , നിങ്ങളുടെ അത്യാഗ്രഹത്തിന്റെ വലുപ്പം നിങ്ങളുടെ ക്രൂരതയുടെ രൂക്ഷതയാൽ അല്ലാതെ മറ്റെന്തിനാൽ ജയിക്കപ്പെടുന്നു." എന്ന് ഒരു വ്യുല്പന്നനായ ദേഹം പണ്ടുപറഞ്ഞുപോൽ. ഈ അദ്ധ്യായത്തിൽ എഴുതുവാൻ പോവുന്ന കഥയെ ഓർത്തപ്പോൾ എനിക്കു മേല്പറഞ്ഞ വാക്കുകളുടെ യഥാർത്ഥത്തെപ്പറ്റി പൂർണ്ണബോദ്ധ്യം ഉണ്ടായി.

എന്റെ പ്രിയപ്പെട്ട വായനക്കാരെ , നിങ്ങളിൽ ചിലർക്ക് ഈ മാതിരി കഥകളിൽ ഇങ്ങനെ ഗ്രന്ഥകർത്താക്കന്മാർക്ക് സാധാരണ സംഗതികളെപ്പറ്റിയുള്ള സ്വാഭിപ്രായങ്ങളെക്കുറിച്ച് എഴുതുന്നതു രസിക്കുമോ എന്നു ഞാൻ അറിയുന്നില്ല. എങ്കിലും ഈ അദ്ധ്യായത്തിൽ പറയുവാൻ പോകുന്ന കഥയുടെ സ്വഭാവം ഓർക്കുമ്പോൾ ആ കഥ പറയുന്നതിനു മുമ്പ് മേൽ കാണിച്ച പ്രകാരമുള്ള ഒരു മുഖവുരയും അതിനെപ്പറ്റി ഏറ്റവും ചെറിയ ഒരു വിവരണവും ഇവിടെ കൊടുക്കുന്നതു യോഗ്യമെന്നു മാത്രമല്ലാ ആവശ്യമാണെന്നുകൂടി ഞാൻ വിചാരിക്കുന്നു.

ഒരു മനുഷ്യന് തന്റെ സ്നേഹിതൻമാർ പലരേയും ഒന്നായിക്ഷണിച്ച് ഒരു വിരുന്ന് കഴിക്കുമ്പോൾ അവരിൽ ഓരോരുത്തർക്ക് രുചിയുള്ളതും രുചിയില്ലാത്തതും ആയ ഭക്ഷണപദാർത്ഥങ്ങൾ എന്താണെന്ന് അന്വേഷിച്ച് അതുപ്രകാരം ഓരോരുത്തർക്ക് വട്ടം കൂട്ടുവാൻ അസാദ്ധ്യമാണ്. ഒരുവിധം തന്റെ രുചിക്കും സാധാരണസമ്പ്രതായത്തിനും ഒത്തവണ്ണം സദ്യക്ക് വട്ടംകൂട്ടുക എന്നേ വരൂ. ഈ മാതിരിയിൽ മാത്രമെ ഒരു പുസ്തകം എഴുതുന്നയാൾക്കും ചെയ്വാൻ കഴികയുള്ളു. ഗ്രന്ഥകർത്താവിന്റെ ബുദ്ധിഇശക്തിക്കും വാസനയ്ക്കും രുചിക്കും ഒത്തവണ്ണം ഗ്രന്ഥം എഴുതുവാനെ നിവൃത്തിയുള്ളു. വായനക്കാരുടെ ബുദ്ധിശക്തിക്കും രുചിക്കും ഒത്തവണ്ണം അവർ രസിക്കുകയോ നിന്ദിക്കുകയോ ചെയ്തുകൊള്ളട്ടെ.

ഈ അദ്ധ്യായത്തിന്റെ ആദ്യത്തിൽ കാണിച്ച വാക്യപ്രകാരം മനുഷ്യന്റെ ബുദ്ധിയുടെ ദുഷ്ടതയെപ്പറ്റി ഓർത്താൽ ആശ്ചര്യപ്പെടാതെ ഇരിപ്പാൻ നിവൃത്തിയില്ല. ഒരു സിംഹത്തേയോ , പുലിയേയോ , കരടിയേയോ കാണുന്ന ക്ഷണത്തിൽ അത് എന്തൊരു മാതിരി ദുഷ്ടജന്തുവാണെന്ന് മനുഷ്യർക്കും മറ്റുള്ള ജന്തുക്കൾക്കും മനസ്സിലാവുന്നു. അങ്ങിനെ മനസ്സിലാവുന്നതിനാൽ ആ വക ജന്തുക്കളിൽനിന്ന് ഉണ്ടാവുന്ന ആപത്തുകളെ തടുപ്പാനുള്ള വഴി മുൻകൂട്ടി കരുതുന്നു. എന്നാൽ ദുഷ്ടമനുഷ്യൻ എന്നു പറയുന്നത് എന്തൊരു ജന്തുവാണ് ? ഈ ജന്തുവിന്റെ സ്വഭാവമെന്താണ്. സിംഹം , പുലി , കരട് , കാട്ടുപോത്ത് , പന്നി ,പശു , മാൻ മുതലായ ജന്തുക്കളുടെ ക്രൌര്യഗുണമോ സൌമ്യഗുണമോ ഏകദേശം ഇന്നപ്രകാരമാണെന്ന് നാം ഗണിച്ചുവച്ചിട്ടുണ്ട്. എന്നാൽ ഒരു ദുഷ്ടമനസ്സായ മനുഷ്യന്റെ ദൌഷ്ട്യത്തിനു ഇന്നപ്രകാരമെല്ലാമുള്ള ചേഷ്ടകൾ ഉണ്ടാവാമെന്ന് വല്ല ഒരു നിശ്ചയവും നമുക്ക് ആർക്കെങ്കിലും കിട്ടീട്ടുണ്ടോ-ഇല്ല കിട്ടുവാൻ പാടില്ല.

മനുഷ്യന്റെ ദൌഷ്ട്യത്തിന്ന് അളവില്ല. ഒരു ദുഷ്ടമനുഷ്യനു ചെയ്തുകൂടാത്ത ദുഷ്ടകർമ്മം ഒന്നുമില്ല. അപ്പോൾ അവന്റെ ചേഷ്ടകളെ കുറിച്ച് എങ്ങനെ ഗണിക്കുന്നു. ഒരു ദുഷ്ടന്റെ മനസ്സ് ഇന്നപ്രകാരമെല്ലാം വ്യാപിക്കുമെന്നും ഇന്നത് എല്ലാം അവനേക്കൊണ്ട് ചെയ്യിപ്പിക്കാമെന്നും ഉള്ളത് ആർക്കും നിശ്ചയിപ്പാൻ പാടില്ല. അതിനാൽ ഒരു മനുഷ്യൻ ദുഷ്ടനായാൽ ദുഷ്ടമൃഗങ്ങളേക്കാൾ ഭയപ്പെടേണ്ട ഒരു [ 54 ] ജന്തുവാണെന്ന് പ്രത്യക്ഷമാണ്. പിന്നെ മനുഷ്യരിൽ അത്യന്തക്രൂരനും അത്യന്ത സൌമ്യശീലനും ആകൃതിയിലും അവയവങ്ങളിലും പുറമെ കാണുന്ന സ്വഭാവത്തിലും ദുഷ്ടമൃഗങ്ങളേയും ശിഷ്ടമൃഗങ്ങളേയും തമ്മിൽ തിരിച്ചറിവാൻ കഴിയുന്ന മാതിരിയുള്ള ഭേദങ്ങൾ ഒന്നും കാണപ്പെടുന്നില്ല. ജഗദീശ്വരൻ ദുഷ്ടമനുഷ്യരെ സൃഷ്ടിക്കുമ്പോൾ അവർക്കു ദുഷ്ടമൃഗങ്ങളെ വേർതിരിച്ചു അറിയിക്കുന്ന മാതിരിയിലുള്ള വല്ല ദംഷ്ട്രങ്ങളോ കൊമ്പുകളോ നഖങ്ങളോ മറ്റു വല്ല അടയാളമോ കൊടുത്തിരുന്നുവെങ്കിൽ ഈ ലോകത്തിൽ മനുഷ്യരിൽനിന്നു മനുഷ്യർക്കു ഇത്ര ആപത്തുകൾ നേരിടുന്നതല്ലായിരുന്നു. ഒരു സർപ്പം ഫണം ഉയർത്തി കടിപ്പാൻ വരുന്നത് കാണുമ്പോൾ നമുക്ക് ഒന്നുകിൽ അതിനെ അടിച്ചുകൊന്നുകളയാം. അല്ലെങ്കിൽ അത് സമീപിക്കുന്നതിനുമുമ്പ് ഓടിക്കളയാം. ഒരു ദുഷ്ടമനുഷ്യൻ ഭംഗിവാക്കും പറഞ്ഞു സമീപത്തിൽ വന്നു മന്ദഹസിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു കത്തി എടുത്തു കഴുത്തിൽ കുത്തികൊല്ലുവാനുറച്ചാലോ , അനുഭവിക്കുക എന്നല്ലാതെ എന്തു നിവൃത്തി. ഇതര ജന്തുക്കളിൽ ഉള്ളതുപോലതന്നെ മനുഷ്യനും ഈവക ഓരോ ക്രൂരകർമ്മങ്ങ& ചെയ്യുന്നതിനുള്ള മുഖ്യഹേതു 'സ്വാർത്ഥം' തന്നെയാണ്. എന്നാൽ ഒരു മൃഗത്തിന്റെ സ്വാർത്ഥവികാരങ്ങൾക്ക് അളവുണ്ട്. മനുഷ്യന്റെ സ്വാർത്ഥവികാരങ്ങൾക്ക് യാതൊരു അളവുമില്ല. മൃഗത്തിനു വിശേഷബുദ്ധി ഇല്ലാത്തതിനാൽ ഇതിന്റെ സ്വാർത്ഥവികാരനിവൃത്തിക്കുവേണ്ടി ചെയ്യുന്ന ദൌഷ്ട്യകർമ്മങ്ങൾക്ക് അളവുണ്ട്. മനുഷ്യനു വിശേഷബുദ്ധി ഉള്ളതിനാൽ മനുഷ്യന്റെ സ്വാർത്ഥവികാരനിവൃത്തിക്കു ചെയ്യുന്ന ദൌഷ്ട്യകർമ്മങ്ങൾക്ക് അളവില്ല.

ഒരു സിംഹത്തിനോ വ്യാഘ്രത്തിനോ അതിന്റെ ക്ഷുത്ത് അടക്കാനുള്ള ഭക്ഷണവും ദാഹം ശമിപ്പിക്കാനുളള ജലവും നിദ്രയ്ക്ക് ഒരു ഇടവും സംഗത്തിന് സജ്ജാതിമൃഗത്തിലുള്ള ഒരു ജന്തുവേയും ആവശ്യമുള്ളപ്പോൾ എല്ലാം കിട്ടിവന്നാൽ യാതൊരു ക്രൌർയ്യകർമ്മങ്ങളും ആ സിംഹമോ വ്യാഘ്രമോ ചെയവാൻ സംഗതിയില്ല. ഈ വിധം മൃഗങ്ങളുടെ ആവശ്യങ്ങളും രുചികളും സ്വല്പങ്ങളാണ്. എന്നാൽ മനുഷ്യനോ ഈ ആവശ്യങ്ങൾക്കും രുചികൾക്കും അവസാനമില്ല. സർവ്വരാജ്യസമ്രാട്ടായിരിക്കുന്ന ഒരു ദേഹത്തിനും അത്യന്തം ദരിദ്രനും ഒരുപോലെ ആഗ്രഹനിവൃത്തി പൂർത്തിയായി ഒരിക്കലും ഉണ്ടാവില്ല.

എന്നാൽ സ്വാർത്ഥത്തിൽ തല്പരന്മാരല്ലാത്ത മനുഷ്യരെ കാണ്മാൻ പ്രയാസമാണ്. അതുകൊണ്ടു ദുഷ്ടന്മാരല്ലാത്ത മനുഷ്യരെ കാണ്മാൻ പ്രയാസമാണെന്നു പറഞ്ഞുകൂടാ. ഹൃദയശുദ്ധിയും വിവേകവും ദയയും [ 55 ] ഉള്ള മനുഷ്യർക്കു തങ്ങളുടെ സ്വാർത്ഥനിവൃത്തി വരുന്നതു ദുഷ്ക്കർമ്മം കൊണ്ടു മാത്രമേ കഴികയുള്ളു എന്നു കണ്ടാൽ അവൻ ആ സ്വാർത്ഥനിവൃത്തിക്കുള്ള കാംക്ഷയെ ത്യജിക്കുന്നു.

ദുഷ്ടബുദ്ധിക്കു സ്വാർത്ഥനിവൃത്തിയിലുള്ള കാംക്ഷ ഒരു വിധത്തിലും ത്യജിക്കാൻ മനസ്സു വരുന്നതല്ല. ദുഷ്ടാമനുഷ്യർതന്നെ പലേമാതിരികളിൽ കാണും. ഒരു ദുഷ്ടബുദ്ധിക്കു പഠിപ്പും അറിവും എത്രയെങ്കിലും ഉണ്ടായാലും ദുഷ്ടകർമ്മം ചെയ്യുന്നതിൽ യാതൊരു വിരക്തിയും ഉണ്ടാകയില്ല. പഠിപ്പും അറിവും ഉള്ള ദുഷ്ടൻ ചെയ്യുന്ന ദുഷ്ടകർമ്മത്തിന്നു വെടിപ്പും മിടുക്കും കൂടും. വലിയ പഠിപ്പ് , വലിയ ഉദ്യോഗം, ഒന്നാന്തരം തലക്കെട്ട് , വിശേഷമായ പട്ടുകോട്ട് , ഭംഗിയുള്ള ചന്ദനപ്പൊട്ട് , ജനവശ്യകരമായ പുഞ്ചിരി , വിനയമൃദുളമായ വാക്ക് , സർവ്വജനസമ്മതമായ നാട്യം , അതുകളോടുകൂടിയുള്ള എത്ര ഭയങ്കരദുഷ്ടന്മാരെ നാം ദിവസേന കാണുന്നു. ആ മന്ദസാഹത്തിന്റെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന കാളകൂടത്തിന്റെ ശക്തി കടിപിണഞ്ഞവർക്കേ അറിവാൻ കഴകയുള്ളു. ഒരു വ്യാഘ്രത്തിനൊ പുലിക്കൊ ഈ മാതിരിയിലുള്ള വേഷത്തിലും ദുഷ്ടകർമ്മങ്ങൾ ചെയ്‌വാൻ സാധിക്കുമോ ?

പിന്നെ ഒരുമാതിരി പഠിപ്പില്ലാത്ത് ദുഷ്ടന്മാരുണ്ട്. അവരുടെ പ്രവൃത്തികൾ ചിലപ്പോൾ ദുഷ്ടമൃഗങ്ങളുടെ പ്രവൃത്തിപോലെ വന്നേക്കാം. ഇവർക്ക് സ്വാർത്ഥനിവൃത്തി വരുത്തുവാനുള്ള ആഗ്രഹം മുൻ പറഞ്ഞവരെപ്പോലെതന്നെ ഉണ്ടെങ്കിലും ക്ഷമയും ആലോചനയും കുറഞ്ഞിരിക്കും. അതിനാൽ ഇവരുടെ ദുഷ്ടകർമ്മങ്ങൾ ഏകദേശം ദുഷ്ടമൃഗങ്ങളുടെ കർമ്മങ്ങൾ പോലെ തോന്നും. ഇവർക്ക് തന്റെ സമസൃഷ്ടിയുടെ ജീവഹാനി വരുത്തുക. മുതൽ കളവു ചെയ്ക ഈവക പ്രവൃത്തികൾ ചെയ്യുന്നതിൽ ബുദ്ധിക്കു യാതൊരു മടിയോ ചഞ്ചലതയോ ലേശംപോലും ഇല്ല. മുൻപറഞ്ഞ രസികൻമാരായ ദുഷ്ടൻമാർക്കും ഈ വക പ്രവൃത്തികൾ ചെയ്യുന്നതിൽ മടി ഉണ്ടാവുമെന്നല്ല ഞാൻ പറയുന്നതിന്റെ അർത്ഥം. അവർക്ക് ബൂദ്ധിചാതുർയ്യവും സാമർത്ഥ്യവും ആലോചനയും ഉണ്ടാകയാൽ ഈവക പ്രവൃത്തികൾ ചെയ്യുന്നതിൽ തങ്ങൾക്ക് നേരിടാവുന്ന അപകടത്തെ ഓർത്ത് അവൻ ഈവക കർമ്മങ്ങൾ നേരിട്ടു ചെയ്യുന്നതല്ല. പാഷാണംകൊണ്ടൊ മറ്റു വല്ല ഔഷധംകൊണ്ടോ ഉപായത്തിൽ ഉപായത്തിൽ ആരും അറിയാതെ ഒരുത്തനേ തീർത്തുകളഞ്ഞാൽ വല്ല കാർയ്യലാഭവും ഉണ്ടാകുമെങ്കിൽ അങ്ങിനെ ചെയ്യുന്നതിൽ ഈ പഠിപ്പുള്ളല ദുഷ്ടന്മാർക്ക് അശേഷം വിരക്തി ഉണ്ടാവുകയില്ല. [ 56 ] കള്ളാധാരം അതിചാതുർയ്യത്തോടെ ഉണ്ടാക്കി അന്യന്റെ സ്വത്തുക്കളെ തട്ടിപ്പറിക്കുന്നത് ഈ കൂട്ടർക്ക് ബഹുരസകരമായ ഒരു തൊഴിലാണ്. ഈവക ദുഷ്ടന്മാർ രാജസേവകന്മാരൊ ശിക്ഷാരക്ഷാധികാരികളൊ ആയാൽ അന്യന്റെ പണം പിടിച്ചുപറിക്കുന്നതിൽ ലേശം ദയ കാണിക്കുകയില്ല. അട്ട ചോര കുടിക്കുന്നതുപോലെ കയ്യില്പെട്ട മനുഷ്യന്റെ സർവ്വസ്വവും പിഴിഞ്ഞേടുത്താലെ കടി വിടുകയുള്ളു.

പിന്നെ ഒരുവിധം കഠോരന്മാരുണ്ട്. അവർക്കു വിശേഷവിധിയായി സ്വാർത്ഥസിദ്ധി ഒന്നുമില്ലെങ്കിലും പരിതാപം കണ്ടുകൊണ്ടിരിക്കുന്നതു തന്നെ ബഹു വിനോദകരമായിരിക്കുന്ന ഒരു സംഗതിയാണ്. ഈ ദുഷ്ടന്മാരുടെ മനസ്സിന്ന് ഉത്സാഹമോ സന്തോഷമോ ഉണ്ടാവുന്നത് അന്യന്റെ സന്താപത്തിലും സങ്കടത്തിലുമാണ്. ഈ കഠിന ബുദ്ധി ആദ്യം ചെറിയ സംഗതികളിൽ തുടങ്ങും. പിന്നെ അതു വർദ്ധിക്കും. ദുഷ്പ്രവൃത്തിചെയ്തു ചെയ്തു ക്രമേണ ബുദ്ധി അത്യന്തകഠിനമായി തീർന്നാൽ പിന്നെ അവർ ഒരു ഭ്രാന്തനെപ്പോലെ ആയിത്തീരുന്നു. ദുഷ്ടത എന്തെങ്കിലും ഒന്ന് ഒരു ദിവസം ചെയ്തിട്ടില്ലെങ്കിൽ ഈ ദുഷ്ടനു ശ്വാസം മുട്ടിയാൽ ഉണ്ടാവുന്നതുപോലെയുള്ള ഒരു പ്രാണവേദന ഉണ്ടാവുന്നു. ചില രാജ്യങ്ങളിൽ ഈ വിധം ദുഷ്ടന്മാർ തങ്ങളുടെ ആത്മപ്രീതിക്കുവേണ്ടി നിരപരാധികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഒളിച്ചിരുന്ന് വൃഥാ വെട്ടിക്കൊന്ന് അവരുടെ മരണവികൃതികളെക്കണ്ട് സന്തോഷിക്കുന്നു. തന്റെ സമസൃഷ്ടിയുടെ ദുസ്സഹമായ പ്രാണവേദനയിൽ ഉള്ള ഓരോ ഗോഷ്ടികൾ കാണുന്നതിലുള്ള സന്തോഷവും അവന്റെ ശരീരത്തിന്നു വെട്ടി മുറി ഏല്പിക്കുമ്പോൾ തന്റെ മനസ്സിന്നുള്ള ഒരു തൃപ്തിയും രക്തവും കുടൽമാലയും സമ്മിശ്രങ്ങളായി പുറത്തുചാടി കഴുകി തളംകെട്ടിനിൽക്കുന്നത് കാണുമ്പോൾ കണ്ണിനുള്ള ആനന്ദവും ഈ ദുഷ്ടന് ഉണ്ടാവുന്നത് ഇത്രത്തോളമാണെന്ന് പറവാൻ അസാദ്ധ്യം. ഈ ഒരു തൃപ്തിക്കുമാത്രം ദുർബുദ്ധികളായ ചില കുട്ടികൾ തവളയേയും ഓന്തിനേയും മറ്റും വെറുതെ എറിഞ്ഞുകൊല്ലുന്നതുപോലെ മനുഷ്യരെ ഈവക ദുഷ്ടന്മാർ കൊലചെയ്യുന്നു.

ഇത്രത്തോളം ക്രൂരത മനുഷ്യന്റെ മനസ്സിന്ന് ഉണ്ടാവുമെങ്കിൽ ഇങ്ങനെ മൃതിപ്പെടുന്നതിന്നു കീഴായി എന്തെല്ലാംവിധം സങ്കടത്തെ ഈവിധം ദുഷ്ടനു തന്റെ സമസൃഷ്ടിക്കു വൃഥാ ഉണ്ടാക്കിത്തീർക്കം. അസംഖ്യം വിധത്തിൽ അനേകം സംഗതികളിൽ ചെയ്യാം. [ 57 ] ഞാൻ എനി പറയാൻ പോവുന്ന കഥയെ കേൾക്കുമ്പോൾ ഈ ഒടുവിൽ പറഞ്ഞവിധം ഉള്ള ദുഷ്ടന്മാർകൂടി നമ്മുടെ രാജ്യത്തിൽ തന്നെ ചിലപ്പോൾ കാണപ്പെടുന്നുണ്ടെന്നറിയാം.

നമ്മുടെ സർപ്പദൃഷ്ടിക്കാരൻ വൈത്തിപ്പട്ടർ ഈ ഒടുവിൽ പറഞ്ഞമാതിരിയുള്ള ദുഷ്ടനല്ല. എന്നാൽ വൈത്തിപ്പട്ടർ സ്വാർത്ഥസിദ്ധിക്ക് എത്രം ക്രൗർയ്യകർമ്മവും ചെയ്വാൻ മടിയില്ലാത്തവനും പഠിപ്പും അറിവും അശേഷവുമില്ലാത്ത ഒരു ദുഷ്ടനും ആയിരുന്നു. ഇയാൾ കേവലം സാമർത്ഥ്യമില്ലാത്ത ഒരാളല്ല. ശങ്കരൻ മടങ്ങി എത്തിയാൽ രാമൻമേനോൻ അവനോടു ക്രോധിച്ചു ശകാരിക്കുമെന്നായിരുന്നു വൈത്തിപ്പട്ടരുടെ വിചാരവും ആഗ്രഹവും. അപ്രകാരം യാതൊരു ശണ്ഠയും ഉണ്ടായില്ലെന്നു തന്നെ അല്ലാ , രാത്രി വളരെനേരം ശങ്കരനുമായി രാമൻമേനോൻ സ്വകാർയ്യം സല്ലപിച്ചിരിക്കുന്നതാണ് വൈത്തിപ്പട്ടർ കണ്ടത്. വൈത്തിപ്പട്ടരോട് രാമൻമേനോൻ ശങ്കരൻ മടങ്ങിവന്നശേഷം ,യാതൊന്നും സംസാരിച്ചിട്ടില്ല. ശങ്കരനുമായി സ്വകാർയ്യം പറഞ്ഞ സമയത്തും വൈത്തിപ്പട്ടരെ വിളിച്ചിട്ടില്ല.

വൈത്തിപ്പട്ടർക്ക് മനസ്സിന്നു ആകെപ്പാടെ അശ്ശേഷം സ്വാസ്ഥ്യത ഇല്ലാതെ ആയി. തനിക്കു മോഹങ്ങൾ വളരെ എല്ലാം ഉണ്ടായിരുന്നു. അതുകൾ സാധിക്കുന്നതിന്ന് അത്ര പ്രയാസമില്ലെന്നായിരുന്നു , പട്ടരുടെ ആദ്യത്തെ വിചാരം. ക്രമേണ ഈ വിചാരത്തിനു ഭേദം വന്നു തുടങ്ങി. ശങ്കരൻ തനിക്കു സർവ്വത്ര വിരോധിയായി വന്നിരിക്കുന്നു. രാമൻമേനോൻ ഇവന്റെ ചൊൽപ്പടിയിൽതന്നെ ഇരിക്കുകയുള്ളു. പട്ടരുമായി രാമൻമേനോൻ യാതൊരു കാർയ്യങ്ങളെക്കുറിച്ചും ആലോചിക്കുന്നില്ലാ. അധികം പണം വെച്ചിട്ടുള്ളതെന്ന് പട്ടര് തീർച്ചയായും വിശ്വസിച്ചിട്ടുള്ള പെട്ടിയും താക്കോലും ശങ്കരൻപക്കൽ തന്നെ. ഈ സംഗതികൾ എല്ലാം ആലോചിച്ച് അതിദുഷ്ടനായ പട്ടരുടെ മനസ്സിന്നു ലേശംപോലും സ്വാസ്ഥ്യത ഇല്ലാതെ ആയിത്തീർന്നു.

"കഷ്ടം ! കഷ്ടം !" വൈത്തിപ്പട്ടര് വിചാരിക്കുന്നു. "ഞാൻ എന്തൊരു ഭാഗ്യഹീനനാണ്. എത്രതന്നെ ഞാൻ ശ്രമിച്ചിട്ടും അദ്ധ്വാനിച്ചിട്ടും എന്റെ ദാരിദ്ര്യം നീങ്ങുന്നില്ലല്ലോ. പത്തുവയസ്സുമുതൽ അദ്ധ്വാനിച്ചു തുടങ്ങിയിരിക്കുന്നു. ഇപ്പോൾ എനിക്ക് 62 വയസ്സായി. അമ്പത്തിരണ്ടുകൊല്ലം അദ്ധ്വാനിച്ചിട്ടും സുഖമായി അഹോവൃത്തിക്കു സമ്പാദിച്ചിട്ടില്ല. എന്റെ തലയിൽ എഴുത്തു തന്നെ. മറ്റെന്താണ് പറവാനുള്ളത്. പൂഞ്ചോല എടത്തിൽ തെക്കൻ ചരക്കു കച്ചോടത്തിൽ കുറെ സമ്പാദ്യം ഉണ്ടായിരുന്നു. ആ കച്ചോടം തന്നെ നിജ [ 58 ] മായും സ്ഥിരമായും ചെയ്തു വന്നിരുന്നുവെങ്കിൽ നാലു കാശു കാണുമായിരുന്നു. അതിമോഹം കൊണ്ട് അതുവിട്ടു. ആ പാപി കല്യാണിയുടെ കൂടെ ചാടിപ്പോയി. മോഹങ്ങൾ ഒന്നും സാധിക്കാതെ പട്ടിയെപ്പോലെ മടങ്ങിപ്പോന്നു. കച്ചവടവും ആയി കഞ്ഞിക്കും വകയില്ലാതായി. ആ കല്യാണിയുടെകൂടെ പോയ സമയം ആലോചിച്ചിരുന്നപ്രകാരം എല്ലാം ക്ഷണേന ധൈർയ്യത്തോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ ഇന്നു ഞാൻ നല്ല ഒരു ധനികനായിരിക്കുമെന്നുള്ളതിനു വാദമുണ്ടോ . എത്രയായാലും ഞാൻ പട്ടരല്ലെ. പട്ടർക്ക് ധൈർയ്യം ഉണ്ടാവുമോ. കഷ്ടം അല്പം ധൈർയ്യം നിശ്ചയിച്ചത് പ്രവർത്തിക്കുന്നതിൽ വേഗതയും ഉണ്ടായിരുന്നുവെങ്കിൽ ഞാൻ എത്ര എളുപ്പത്തിൽ പണം സമ്പാദിക്കുമായിരുന്നു. ഇപ്പോൾ ദൈവഗത്യാ നല്ല ഒരു തരം കിട്ടി എന്നു ഞാൻ സന്തോഷത്തോടുകൂടി കരുതിയിരുന്നു. ഇതും ഇപ്പോൾ തകരാറായിട്ടാണ് വരാൻ പോവുന്നത്. അന്നത്ത് മനസ്സെ , നിണക്ക് എന്താണ് ഒരു ഭീരുത്വം. ആഗ്രഹമുണ്ടെങ്കിൽ പ്രവർത്തിക്ക. പ്രവർത്തിക്ക. ഭീരുത്വത്തിന്റെ ഫലം ദാരിദ്ര്യം. ദാരിദ്ര്യത്തിൽ കിടന്നു നശിക്ക , അല്ലെങ്കിൽ വല്ലതും തീർച്ചയാക്കി പ്രവർത്തിക്കു. ഈ കണ്ണുപൊട്ടന്റെ കയ്യിൽ അമ്പതു അറുപതോളം റൊക്കം ഉണ്ട്. അതിൽ ഒരു നാലിനൊന്നു കിട്ടിയാൽ ഞാൻ കുബേരനായല്ലൊ. എങ്ങിനെ കിട്ടാനാണ് ? ഞാൻ രാമേശ്വരത്തുവെച്ച് ആഗ്രഹിച്ചതു സകലം നിഷ്ഫലം. നിഷ്ഫലം തന്നെ. ഇങ്ങിനെ കയ്യിൽ വന്നപോലെയുള്ള കാർയ്യം കിട്ടാതെ പോവുന്നല്ലൊ. ഇയാളുടെ വശം അസംഖ്യം ദ്രവ്യം ഉണ്ടല്ലൊ. ഇയാളുടെ വലിയ പെട്ടിയും നോക്കി കൊതിച്ചു കൊണ്ടു വൃഥാ കാലം കളയുന്നുവല്ലൊ. ശങ്കരൻ ഇവിടെ താമസിപ്പാൻ ഒരിക്കലും അനുവദിക്കുകയില്ല. ഇപ്പോഴും ഭീരുത്വം കാണിച്ചു നിന്നാൽ ഈ ജന്മം നമുക്കു ദാരിദ്ര്യംതന്നെ ഫലം സംശയമില്ല. ശങ്കരൻ ആൾ മഹാ വികൃതിയാണ്. ബഹുസമർത്ഥനാണ്. അവൻ ജീവിച്ചിരിക്കുമ്പോൾ രാമന്മേനോന്റെ നേരെ ആർക്കും എതിർപ്പാൻ കഴികയില്ല. നമ്മുടെ വിദ്യ യാതൊന്നും ഫലിക്കയില്ല. യാതൊരു കാർയ്യവും രാമൻമേനോൻ എന്റെ മുഖാന്തിരം ചെയ്കയുമില്ല. വല്ലതും സമ്പാദിക്കേണമെന്നുണ്ടെങ്കിൽ അതിന്റെ വഴി ഇപ്പോൾ തന്നെ എടുക്കണം. ഈ നിമിഷം എടുക്കണം , സംശയമില്ല. സംശയമില്ല. ഇവറ്റ എന്റെ ഗൃഹത്തിൽ വന്നു താമസിക്കുന്നത് ഇതുവരെ ആരും അറിഞ്ഞിട്ടില്ല. എന്നാൽ ശങ്കരൻ ജീവനോടെ ഇരിക്കുമ്പോൾ ഞാൻ വല്ലതും പ്രവർത്തിച്ചാൽ എന്നെ അവൻ ജേലിൽ ആക്കുമെന്നുള്ളതിനു സംശയമില്ല. ശങ്കരൻ ആൾ അൽപ്പനല്ല. ശങ്കരൻ ഇല്ലായിരുന്നു [ 59 ] വെങ്കിൽ ഈ കണ്ണുപൊട്ടനും കുട്ടിയും അവരുടെ പണവും നമ്മുടെ കയ്യിൽതന്നെ. പിന്നെ ഞാനഗതി. വേറെ യാതൊരു പരിചയക്കാരുംകൂടി ഇവർക്കില്ല. നമ്മുടെ ഇഷ്ടപ്രകാരം അറുപത് എഴുപതിനായിരം ഉറുപ്പിക കൊണ്ട് കളിക്കാം. വിചാരം ഇവിടെ എത്തിയപ്പോൾ ഒരു സർപ്പദൃഷ്ടിയോടുകൂടി വൈത്തിപ്പട്ടർക്ക് മ്ലേച്ഛമായ പല്ലുകൾ മുഴുവനും പുറത്തായി ഒരു സന്തോഷഹർഷം ഉണ്ടായി. പിന്നെയും ആലോചിച്ചു തുടങ്ങി. എന്താണ് ആലോചിച്ചത് എന്ന് എനിക്കു എഴുതുവാൻ കൂടി ഭയമാവുന്നു. ഈ മഹാപാപി പട്ടര് ചെയ്യുവാൻ ഉറച്ച കർമ്മം ഇന്നതാണെന്നു ഞാൻ ഇവിടെ പറയണമൊ. ഈ മഹാപാപിയെ കുറിച്ച് എഴുതുന്നവർക്കുകൂടി മഹാപാപം ഇല്ലേ.

പട്ടരുടെ ആലോചന മുറുകി. ഒരുവിധം എല്ലാം ഉറച്ചശേഷം തന്റെ ഒരു വിശ്വസ്തനായ സ്നേഹിതനോടും ഈ സംഗതിയെപ്പറ്റി ആലോചന ചെയ്യണമെന്നു നിശ്ചയിച്ചു. അയാളുടെ പാർപ്പിടത്തിലേക്കായി വൈത്തിപ്പട്ടർ പോയി. ഈ സ്നേഹിതന്റെ പേർ കറുപ്പൻ ചെട്ടി എന്നായിരുന്നു. കറുപ്പൻ ചെട്ടി ആ ദിക്കിൽ നല്ലവണ്ണം അറിയപ്പെട്ടിരുന്ന ഒരു പെരുംകള്ളനും ദുഷ്ടകർമ്മങ്ങൾ ചെയ്തുചെയ്തു അതിനിഷ്ഠൂരനായിത്തീർന്ന ഒരു മഹാപാപിയും ആയിരുന്നു. നരഹത്യ , കൂട്ടായ്മക്കവർച്ച , കവർച്ച , കളവ് , ഇതുകളാണ് ഇവന്റെ തൊഴിൽ. എന്നാൽ പോല്ലീസ്സുകാരുടെ അജാഗ്രതയാലോ ഈ മഹാപാപിയുടെ സാമർത്ഥ്യത്താലോ ഇവനെ രണ്ടുപ്രാവശ്യത്തിലധികം ശിക്ഷിപ്പാൻ സാധിച്ചിട്ടില്ല. വളരെക്കാലം മുമ്പ് ഒരു കളവിൽ മൂന്നു കൊല്ലം കഠിനതടവും കൊരടാവുകൊണ്ട് നൂറടിയും കിട്ടി. ഇതിനു ശേഷം വളരെക്കാലം പലേ കൊലക്കാർയ്യങ്ങളിലും ഇവൻ ഉൾപ്പെട്ടിരുന്നുവെങ്കിലും ഒരു കാർയ്യത്തിലെങ്കിലും കുടുങ്ങീട്ടില്ല. നമ്മുടെ ഈ കഥ നടന്ന കാലത്തിന്ന് ഏകദേശം ഒരു പതിനൊന്നു സംവത്സരങ്ങൾ മുമ്പ് ഒരാളെ കൊല്ലാൻ ശ്രമിച്ച കുറ്റത്തിനു പത്തുകൊല്ലം തടവുശിക്ഷ അനുഭവിച്ചു. അതു കഴിഞ്ഞു മടങ്ങി നാട്ടിൽ എത്തീട്ട് ഇക്കാലം ഒരു കൊല്ലമേ ആയിട്ടുള്ളു.

സൃഷ്ടിയിൽ ദുഷ്ടനും ശിഷ്ടനും വളരെ ഭേദങ്ങൾ സാധാരണ കാണപ്പെടുന്നില്ലെങ്കിലും ചിലപ്പോൾ കാണാറുണ്ട്. എന്നാൽ ചില അത്യന്തരൂക്ഷവേഷത്തിന്റെ ഉള്ളിൽ അത്യന്തമൃദുവായ ഹൃദയവും ചില അത്യന്ത സൗമ്യവേഷത്തിന്റെ ഉള്ളിൽ അത്യന്ത ക്രൂരഹൃദയവും കാണപ്പെടുന്നു. അതിനാലാണ് സ്വരൂപത്തിന്റെ സ്വഭാവത്തെകൊണ്ട് ഹൃദയത്തിന്റെ സ്വഭാവം നിശ്ചയിക്കാൻ പാടി [ 60 ] ല്ലെന്ന് ഈ അദ്ധ്യായത്തിന്റെ ആദ്യത്തിൽ ഞാൻ പറഞ്ഞത്. എന്നാൽ നമ്മുടെ കറുപ്പൻ അകത്തും പുറത്തും ഒരുപോലെ രൂക്ഷനായിരുന്നു.

കറുപ്പൻ വർണ്ണത്തിൽ കറുപ്പൻതന്നെയായിരുന്നു. ആ കറുത്ത മുഖത്തിലും ശരീരത്തിൽ എല്ലാടവും ഒരുപോലെ കുഴിഞ്ഞു കീറി കാണുന്ന മസൂരിക്കലകളും രക്തവർണ്ണങ്ങളായ വട്ടക്കണ്ണുകളും ശ്വാവിന്റെ ദൃംഷ്ട്രങ്ങൾപോല നീണ്ടുവെളുത്ത മിന്നുന്ന പല്ലുകളും രൂക്ഷമായ നോട്ടവും ദീർഘിച്ച ഊക്കുള്ള ആ ദേഹവും എല്ലായ്പോഴും കയ്യിൽ കൊണ്ടുനടക്കുന്ന ഭയങ്കരമായ പിശ്ശാങ്കത്തിയും കണ്ടാൽ ഈ വാർദ്ധക്യകാലത്തും ഈ മഹാപാപി ചണ്ഡാളൻ അത്യന്തം നിഷ്ഠൂരനായ ഒരു യമഭടൻതന്നെ എന്നു മനുഷ്യർക്ക് തോന്നും. ഈ കറുപ്പന്റെ സ്വരൂപംപോലെ ഇവനെപ്പോലെയുള്ള ദുഷ്ടമനുഷ്യരെയെല്ലാം സൃഷ്ടിച്ചിരുന്നുവെങ്കിൽ സാധുജനങ്ങൾക്കു ഇവരിൽ നിന്ന് , ദുഷ്ടമൃഗങ്ങളിൽ നിന്ന്, ഇപ്പോൾ ഒരുവിധം രക്ഷപെടുന്നതുപോലെ , രക്ഷപ്പെടാമായിരുന്നു. മുമ്പ് ചില കളവു കാർയ്യങ്ങൾ ഇവൻ ചെയ്തിട്ടുള്ളതിൽ ഈ വൈത്തിപ്പട്ടര് ചിലപ്പോൾ കളവുമുതൽ ഇവന്നുവേണ്ടി സൂക്ഷിച്ച് കൊടുക്കുകയും മറ്റും ചെയ്തിട്ടുണ്ട്. വൈത്തിപ്പട്ടരും കറുപ്പനും തമ്മിൽ വളരെ ചേർച്ചയായിട്ടാണ്.

വൈത്തിപ്പട്ടര് കറുപ്പന്റെ പുരയിൽ ചെന്നു കയറുമ്പോൾ കറുപ്പൻ ഒരു മുണ്ടു വിരിച്ച് തന്റെ പിശ്ശാങ്കത്തിയും തലയ്ക്കൽവെച്ച് കിടന്നുറങ്ങുകയായിരുന്നു. പട്ടര് മിറ്റത്തുനിന്നു "കറുപ്പാ, കറുപ്പാ, എന്ന സന്ത്യവേളയിലെ തൂങ്കറയാ" എന്നു ചോദിച്ചു. കറുപ്പൻ ഞെട്ടി ഉണർന്നിരുന്നു. "ഒ-അയ്യരു വന്തത് എനിക്ക് തിരിയിലെ , അയ്യര് ഇരുങ്കോളെ" എന്ന് പറഞ്ഞ് ഒരു പലക എടുത്തിരിപ്പാൻ കൊടുത്തു. കറുപ്പനും പട്ടരുംകടെ ഉടനെ പുരയുടെ തെക്കെ മിറ്റത്തുപോയി അടുത്ത് ഇരുന്ന് ഏറ്റവും ഗോപ്യമായി രണ്ടുമൂന്നു നാഴിക സംസാരിച്ചു. സംസാരം കഴിഞ്ഞശേഷം എഴുനീറ്റ് രണ്ടുപേരം മന്ദഹാസം ചെയ്തു. കറുപ്പന്റെ "മന്ദഹാസം" ഏതു പ്രകാരമായിരിക്കുമെന്ന് എന്റെ വായനക്കാരിൽ ചിലർക്കെല്ലാം മനസ്സുകൊണ്ട് ധ്യാനിച്ചുകൂടെ. കാണാം എന്നുതന്നെ ഞാൻ വിചാരിക്കുന്നു. കറുപ്പനെപ്പോലെയുള്ള ജന്തുക്കൾ മനസ്സിന്നു വല്ല സ്തോഭവും ഉണ്ടാവുമ്പോൾ പല്ലിളിച്ചു കാണിക്കുന്നതിന്ന് "മന്ദഹാലം" "പുഞ്ചിരി" എന്നും മറ്റുമുള്ള വാക്കുകളെ ഉപയോഗിക്കുന്നത് കേവലം അബദ്ധമാണെന്ന് എനിക്കു നിശ്ചയമുണ്ട്. എന്നാൽ ഈ അർത്ഥ [ 61 ] ത്തെ സൂചിപ്പിക്കുന്നതിന് വേറെ വാക്കുകളെ നമ്മുടെ ഭാഷയിൽ ഉപയോഗിച്ചു കാണുന്നില്ല. കറുപ്പനും പട്ടരുമായുള്ള സംഭാഷണം കഴിഞ്ഞ് കറുപ്പൻ എഴുനീറ്റുനിന്ന് പട്ടരുടെ മുഖത്തുനോക്കി ഒന്ന് "ഇളിച്ചുകാട്ടി" എന്ന് എഴുതിയാൽ എന്റെ വായനക്കാർ പരിഭ്രമിക്കുമെന്ന് വിചാരിച്ചു മാത്രം ഈ അത്യന്ത വിരൂപനും ക്രൂരനുമായ കറുപ്പന്റെ ഈ ചേഷ്ടയ്ക്ക് "മന്ദഹാസം" എന്നു എഴുതിയതാണ്. പല്ലുകൾ പുറത്തേക്ക് കാണിച്ച് ഒരു മഹാപ്രേതം ഹൂങ്കാരം ഇടുന്നതുപോലെ ഒരു ഹുങ്കാരം ചെയ്തുകൊണ്ട് പറഞ്ഞു.

കറുപ്പൻ :- ഇന്തമാതിരിയല്ലാൽ ഇന്ത കാര്യം ശതിക്കറതക്ക് വേറെ ഉപായങ്കൾ നാൻ ഒണ്ണും കാണലെ. എനക്കു നിന്നേപ്പോലെ ഉടമ്പക്ക് വലം കെടയാതയ്യരെ എനക്ക് വയശ്ശറുപതു ട്ടുമാച്ച്. മിന്നെപ്പോലെ മനശ് എത്തറ തിക്കിലെ ഉടമ്പ എത്താതില്ലെ. എനി ഇന്തമാതിരി കാരിയങ്കൾ ഒപായത്തിലെ ശെയ്യറെ തന്നിലെ തെക മിടുക്കനാലെ നിവിരിത്തിക്കറുത് പരയാശം, അയ്യരെ.

വൈ :- ആനാൽ നീ എല്ലാം ശൊന്നപോലെ പണ്ണിവൈ. നാൻ നാളെ സായന്തനം നാലുമണിക്ക് ഇങ്കെ വറേൻ.

ക :- അയ്യരെ , നാൻ ശേലിലെ ഇരുന്തുവന്ത് പിടിപ്പാട് ഒര നാളക്കാവത് വയറു നറയെ ശാപ്പടലൈ പകുതാരത്തിരിയം അയ്യരെ നമ്മ കഷ്ടപ്പാട് പാർക്കിരപൊതു എന്നും ഏതാവത് ചെയ്ത മരുവടിയും ശെലിലേക്ക് താൻ പോയി അങ്കെ താൻ തമ്മകാലം മുഹിക്കറുതെ നല്ലത് എന്നു യോശിക്കുറേൻ.

വൈ :- നീ വിശാരിയാദെ അപ്പാ ഇന്ത കാരിയം കാളിയുടെ ശഗായത്തിൻപേരിലെ ഫലിച്ചിടെ ആനാൽഒൻ താരിത്തീരിയത്തെനാനെ തീർത്തുവെക്കറേൻ സന്ദേഹമില്ലൈ ശയം വരുമ്പടിക്ക് ഒന്നുടയ മൂരിത്തിയെ നന്നാ പിരാർത്തയെന ശൈത ഇരു..

വൈത്തിപ്പട്ടർ തിരിയെ ഗൃഹത്തിൽ വന്നു മുമ്പത്തെപ്പോലെ വളരെ ജാഗ്രതയായും ഭക്തിയോടും രാമന്മേനവനെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. ശങ്കരനോടും വൈത്തിപ്പട്ടർ വളരെ പ്രസന്നഭാവത്തിലിരുന്നു. മുമ്പ് ചിലപ്പോൾ ശുണ്ഠി എടുക്കാറുണ്ട്. അത് ഇപ്പോൾ കേവലം ഇല്ലെന്നല്ല. ഇങ്ങോട്ട് ശങ്കരൻ എത്ര ഹാസ്യമായും പുച്ഛമായും പറഞ്ഞാലും അങ്ങോട്ട് വളരെ സന്തോഷിച്ചും സ്നേഹത്തോടും പറഞ്ഞു തുടങ്ങി. കറുപ്പൻ ചെട്ടിയുമായി ആലോചന കഴിഞ്ഞ ദിവസം രാത്രി ശങ്കരനുമായി ഒരു സംഭാഷണം ഉണ്ടായി. [ 62 ] വൈ :- എന്താണ് ശങ്കരനമേനോനെ നമ്മുടെ ദിക്കിൽ തലതട്ടി വല്ലാതെ കടന്നു പിടിച്ചിരിക്കുന്നുവല്ലൊ. ഇന്നലെ തറയിൽ പത്തു പതിനഞ്ചുപേർ മരിച്ചുപോൽ. ഇന്നും അഞ്ചെട്ടു പേർക്ക് തുടങ്ങിയിരിക്കുന്നുവത്രെ. ഉണ്ടാവുന്നതൊക്കെ അപകടമായിട്ടുതന്നെ. നമ്മുടെ ഈ ഗ്രാമത്തിൽതന്നെ കുറേശ്ശേ ഉണ്ടോ എന്ന് ഒരു സംശയം. ഞാൻ മൂപ്പരോട് വിവരം പറഞ്ഞില്ല. കുട്ടി അടുക്കെ ഉണ്ടായിരുന്നതിനാൽ കുട്ടി ഭയപ്പെടുമോ എന്ന് വിചാരിച്ചു ഞാൻ ഒന്നും പറഞ്ഞില്ല.

ശ :- പറയാത്തത് നന്നായി. മൂപ്പരെ അറിയിച്ചിട്ട് എന്താവശ്യം ഈ ഗ്രാമത്തിൽതന്നെ ഉണ്ടെങ്കിൽ നുമ്മൾക്ക് പാർപ്പ് ഇവിടെനിന്ന് ഉടനെ മാറ്റണം.

വൈ :- ഞാനും അങ്ങിനെ തന്നെ വിചാരിക്കുന്നു.

ശ :- ഈ ഗ്രാമത്തിൽ എവിടെയാണ് ദീനം ഉണ്ടായത് ?

വൈ :-ഒരു മൊട്ടച്ചി അമ്മ്യാർക്ക്. ഗ്രാമത്തിന്റെ അങ്ങേ തലയ്ക്കലാണത്രെ. ഇപ്പോൾ തുടങ്ങീട്ടേ ഉള്ളുവത്രെ. എന്നോട് അകത്തുനിന്നും കുട്ടികളാണു പറഞ്ഞത്. ശങ്കരമേനോന് ഈ ദീനത്തിനെ വളരെ പേടിയുണ്ടോ ?

ശ :- എനിക്ക് അശേഷം ഭയമില്ല. ഞാൻ എല്ലായ്പോഴും മരിപ്പാൻ ഒരുങ്ങിയവനാണ്. എന്റെ എജമാനനെ വിചാരിച്ചിട്ടല്ലെങ്കിൽ എനിക്കു മരിക്കുന്നത് സന്തോഷമാണ്. അങ്ങിനെയാണ് എന്റ ഇപ്പോഴത്തെ സ്ഥിതി.

വൈ :- എന്റെ തങ്കക്കുട്ടി എന്തിനപ്പാ ചാവുന്നു. നിങ്ങൾ എത്ര സമർത്ഥനാണ്. നിങ്ങൾ ഇല്ലാതിരുന്നുവെങ്കിൽ എജമാനന്റെ ഇപ്പോഴത്തെ സ്ഥിതി എന്തായിരുന്നു. ഒരു ദിവസം നിങ്ങളെ കൂടാതെ അദ്ദേഹം ഇരിക്കയില്ല. ഈശ്വരാ, എനി അദ്ദേഹത്തിന്ന് ഒരു ആപത്തും വരരുതെ. എന്റെ ഗൃഹത്തിൽവച്ച് ഒരു സങ്കടവും അദ്ദേഹത്തിന്ന് നേരിടാതിരിക്കേണമെന്ന് ഞാൻ ദൈവത്തെ എപ്പോഴും പ്രാർത്ഥിക്കുന്നു. എന്നാൽ ഇത്ര സമീപം ദീനം ഉണ്ടെന്ന് ഞാൻ കേട്ടത് ശരിയാണെങ്കിൽ ഇവിടെനിന്ന് തല്ക്കാലം പാർപ്പു മാറ്റണം. ശങ്കരമേനോൻ പറഞ്ഞത് ശരിയാണ്. സംശയമില്ല. ഇവിടെനിന്ന് മൂന്നു നാഴിക കിഴക്ക് എനിക്ക് ഒരു ഗൃഹമുണ്ട്. പക്ഷെ നോക്കു നാലുദിവസം അവിടെപോയി താമസിക്കുന്നതാണു നല്ലത് എന്ന് തോന്നുന്നു. നാളെ ഇവിടുത്തെ ദീനസ്ഥിതി അന്വേഷിച്ച് കേട്ടതെല്ലാം ശരിയാണെങ്കിൽ നേരെ എന്റെ മറ്റൊരു ഗൃഹത്തിലേക്ക് പോയി അവിടെ പാർപ്പാൻ എല്ലാം ശട്ടമാക്കി ഒരു വണ്ടിയുംകൊടുത്ത് ഞാൻ ഇങ്ങോട്ടു [ 63 ] വരാം. എജമാനനേയും കുട്ടിയേയും നമുക്ക് അങ്ങട്ട് കൂട്ടിക്കൊണ്ടുപോവാം അതല്ലെ നല്ലത്.

ശ :- അതെ , ഉടനെ പാർപ്പു മാറുന്നത് ആവശ്യം. ഞാൻ വെളിച്ചാവുമ്പോൾ വിവരങ്ങളേക്കുറിച്ച് മൂപ്പരെ അറിയിക്കാം.

വൈ :- ശാരദയുടെ അടുക്കവെച്ചു ദീനത്തിന്റെ വർത്തമാനം ഒന്നും പറയരുതെ. കുട്ടികൾ ക്ഷണം ഭയപ്പെടും. വിശേഷിച്ച് നമ്മുടെ കുട്ടിക്ക് ഈ വക ഒക്കെയും ക്ഷണത്തിൽ മനസ്സിലാവുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ. കുട്ടിക്ക് യാതൊരു അറിവും കൊടുക്കരുതേ.

ശ :- ഇല്ല. ഞാൻ ശാരദയെ അറിയിക്കാതേ മൂപ്പരെ വിവരങ്ങൾ ഗ്രഹിപ്പിച്ചുകൊള്ളാം.

വൈത്തിപ്പട്ടര് ആ ദിക്കിൽ ദീനമുണ്ടെന്നു പറഞ്ഞത് കേവലം കളവല്ല. ആ ഗ്രാമത്തിനു സമീപം ഒരഞ്ചാറ് ദിക്കിൽ നടപ്പുദീനം ഉണ്ടാകയും അഞ്ചെട്ടു പേർ മരിക്കുകയും ചെയ്തിരുന്നു. വെളിച്ചായപ്പോൾ ശങ്കരൻ ഈ വിവരത്തെക്കുറിച്ച് പുറമേയും കേട്ടു. രാമൻമേനോട് വിവരങ്ങളെക്കുറിച്ച് സ്വകാര്യമായി പറഞ്ഞു. രാമൻമേനോൻ വൈത്തിപ്പട്ടരെ വിളിക്കാൻ പറഞ്ഞു. അപ്പോഴേക്ക് വൈത്തിപ്പട്ടര് തന്റെ മറ്റേ ഗൃഗം രാമൻമേനോനും മറ്റും പാർപ്പാൻ ശട്ടംകെട്ടുവാനാണെന്നു പറഞ്ഞ് പോയിരിക്കുന്നു.

വൈകുന്നേരം ഏകദേശം നാലുമണി സമയത്ത് പട്ടരു മടങ്ങി എത്തി. ഗൃഹം എല്ലാം ശട്ടമായിരിക്കുന്നു. ഒരു താഴ്ന്ന കെട്ടിപുരപൊളിഞ്ഞു കിടക്കുന്നത് നന്നാക്കാനുണ്ട്. ആൾപാർപ്പില്ലാത്തതിനാൽ നിലവും വളരെ മ്ലേച്ഛമായിരിക്കുന്നു. അതു കൂലിക്കാര് നന്നാക്കുന്നുണ്ട്. കുറെ പനയോല വെട്ടിച്ചുകൊണ്ടു പോവാനാണ് പന്ത്രണ്ടു മണിക്ക് താൻ മടങ്ങി എത്തും. പുലർച്ചെ നാലുമണിക്കു ഗൃഹത്തിലേക്ക് പുറപ്പെടാം എന്നും രാമൻമേനോനോടു പറഞ്ഞ് പട്ടര് പിന്നെയും പുറപ്പെട്ടു. ഇതിനിടയിൽ വൈത്തിപ്പട്ടര് വേറെ ചില കാർയ്യങ്ങൾ കൂടി പ്രവർത്തിച്ചിട്ടാണ് പോയത്.

രാമൻമേനോന്റെ കൂടെ ഭൃത്യനായിട്ട് കൃഷ്ണൻ എന്നു പേരായ ഒരുവൻ ഉണ്ടെന്ന് എന്റെ വായനക്കാരുടെ ഓർമ്മയിൽ ഉണ്ടായിരിക്കും. ഇവൻ വളരെ ബുദ്ധി കുറഞ്ഞ ദുഷ്ടചെക്കനായിരുന്നു. ഇവൻ ചെറുപ്പത്തിൽ വൈത്തിപ്പട്ടർക്ക് തെക്കൻ ചരക്കു ചുമട് എടുത്ത് കൂലി വാങ്ങി വൈത്തിപ്പടരുടെ ഭൃത്യന്റെ മാതിരിയിൽ കാലക്ഷേപം കഴിച്ചു വരാറായിരുന്നു. കല്യാണി അമ്മയുടെ കൂടെ കൂട്ടിക്കൊണ്ടു [ 64 ] പോയതും വൈത്തിപ്പട്ടരാണ്. ഇവന്റെ സ്വന്തം എജമാനൻ ഇപ്പോഴും വൈത്തിപ്പട്ടരാണെന്നാണ് ഇവന്റെ ബോധം. വൈത്തിപ്പട്ടരുമായി കണ്ട് ഒന്നിച്ചു കൂടിയതിന്റെ ശേഷം വൈത്തിപ്പട്ടരോടു ചേർന്നു രാവു പകൽ എടയുള്ള സമയം എല്ലാം രാമൻമേനോന്റെയും ശങ്കരനെയും ദുഷിക്കുകയാണ് ഇവന്റെ പ്രവൃത്തി. വൈത്തിപ്പട്ടരെ ഇവനു വളരെ വിശ്വാസമായിട്ടാണ്. വൈത്തിപ്പട്ടർക്ക് അങ്ങോട്ടും അങ്ങിനെ തന്നെ. രാമൻ മേനോന്റെ പക്കൽ നിന്നു് വളരെ പണം കൌശലത്തിൽ വാങ്ങി കൊടുക്കുമെന്നു പട്ടരു പലപ്പോഴും ഈ കൃഷ്ണനോട് പറകയും അതിനെ കൃഷ്ണൻ പൂർണ്ണമായി വിശ്വസിക്കുകയും ചെയ്തിരുന്നു. ശങ്കരമേനോന്റെ ഉപദ്രവം കൊണ്ടാണ് ഒന്നും വൈത്തിപട്ടരു വിചാരിച്ചതുപോലെ സാധിക്കാത്തത് എന്ന് വൈത്തിപ്പട്ടരു പറഞ്ഞു കൃഷ്ണനു നല്ല ബോദ്ധ്യംവന്നിട്ടുള്ളതിനാൽ ശങ്കരനോട് കൃഷ്ണനു വൈരം ധാരാളമായി ഉണ്ടായിരുന്നു. വൈത്തിപ്പട്ടരു രാമൻമേനോനോട് പുരകെട്ടിക്കാനാണെന്നു പറഞ്ഞു പുറപ്പെട്ടതിന്നു മുമ്പ് താൻ മഠത്തിൽനിന്ന് എറങ്ങിയാൽ ഒരു നാലു നിമിഷത്തിനുള്ളിൽ കൃഷ്ണൻ എറങ്ങി പുറത്തേക്കു ചെല്ലണമെന്നും ഗ്രാമത്തലയ്ക്കൽ നിരത്തുവഴിക്കു സമീപം താൻ നില്ക്കുമെന്നും അവിടെവെച്ചു ചില വിവരങ്ങൾ കൃഷ്ണനോടു പറവാനുണ്ടെന്നും പറഞ്ഞപ്രകാരം കൃഷ്ണൻ വൈത്തിപ്പട്ടരു പറഞ്ഞ സ്ഥലത്തേക്കു ചെന്നു. ഒരു രണ്ടു നാഴികനേരം കൃഷ്ണനും വൈത്തിപ്പട്ടരും കൂടി അത്യന്തം ഗോപ്യമായ ഒരു സ്ഥലത്തുവെച്ചു സ്വകാർയ്യം സംസാരിച്ചു പിരിഞ്ഞു. കൃഷ്ണൻ തിരിയെ ഗൃഹത്തിലേക്കു പോരുകയും ചെയ്തു. കൃഷ്ണൻ ബുദ്ധി ഇല്ലാത്ത ഒരു പൊണ്ണച്ചാരാണെന്നു മുമ്പെ പറഞ്ഞിട്ടുണ്ടല്ലൊ. എന്നാൽ വൈത്തിപ്പട്ടരു പറഞ്ഞതുപോലെ കൃത്യമായി എല്ലാം പ്രവർത്തിക്കാൻ അവനും അശേഷം പ്രയാസം ഇല്ലാതെ വന്നത് ഇവന്റെ ബുദ്ധിക്കുറവുനിമിത്തം തന്നെയാണ്. ബുദ്ധിയും ആലോചനയും ഉള്ള ഒരു ഭൃത്യനും ബുദ്ധിശൂന്യനും പറഞ്ഞതുപോലെ കേൾപ്പാൻ മാത്രം അറിവുള്ള ഒരു ഭൃത്യനും ആയാൽ പലപ്പോഴും എജമാനൻ പറഞ്ഞതുപോലെ കൃത്യമായി പ്രവർത്തിക്കുന്നത് ബുദ്ധിശൂന്യനാണെന്ന് കാണാം. ബുദ്ധിയുള്ള ഒരു കാർയ്യസ്ഥനെ ഒരു കാർയ്യം ഇന്ന പ്രകാരത്തിൽ ചെയ്യണമെന്ന് ഏല്പിച്ചാൽ അതുപ്രകാരം തന്നെ പ്രവർത്തിക്കുന്നതിൽ തന്റെ എജമാനനു മുൻകൂട്ടി കാണാൻ കഴിയാത്ത വല്ല വിഷമങ്ങളും നേരിട്ടാൽ അതുകളെ തടുപ്പാൻ തല്ക്കാലമായി സദൃശമായി സ്വന്ത യുക്തിയാൽ ആ കാർയ്യസ്ഥൻ വല്ലതും പ്രവർത്തിച്ച എന്നോ അല്ലെങ്കിൽ പ്രവർത്തിക്കാൻ തന്നെ ഏല്പിച്ചതിൽ വല്ലതും പ്രവർത്തികാതിരുന്നുവെന്നോ വന്നേക്കാം. തന്നോട് പറഞ്ഞതു [ 65 ] പ്രവർത്തിക്കാൻ മാത്രം ബുദ്ധിക്കു ശക്തിയുള്ള ഒരു കാർയ്യസ്ഥനോ ഭൃത്യനോ പറഞ്ഞതു മാത്രം പ്രവർത്തിക്കും. അതു കൃത്യമായും പ്രവർത്തിക്കും. എന്തു വൈഷമ്യങ്ങൾ എടയിൽ ഉണ്ടായിരുന്നാലും അതൊന്നും നോക്കാതെ കൃത്യമായി പറഞ്ഞതുപോലെ കഴിയുന്നിടത്തോളം പ്രവർത്തിക്കും. നമ്മുടെ കൃഷ്ണൻ, ഈ ഒടുവിൽ പറഞ്ഞമാതിരിയിലുള്ള ഒരുവനാണ്. കൃഷ്ണൻ മടങ്ങി വൈത്തിപ്പട്ടരുടെ ഗൃഹത്തിൽപോയി വൈത്തിപ്പട്ടര് പറഞ്ഞതെല്ലാം മനസ്സിൽ ദൃഢമായി ഓർത്തുംകൊണ്ട് തന്റെ നിയമപ്രകാരമുള്ള ഓരോ പ്രവൃത്തികൾ നോക്കിവരികയും ചെയ്തു.

വൈത്തിപ്പട്ടര് രാമൻമേനോനോട് പറഞ്ഞതു മുഴവനും കളവല്ല. അദ്ദേഹത്തിന്ന് ആൾപാർപ്പില്ലാത്ത ഒരു ഗൃഹം ഉള്ളതും അതു നന്നാക്കിയിരുന്നതും നേരായിരുന്നു. എന്നാൽ താൻ വിചാരിച്ച കാർയ്യം സാധിച്ചാൽ രാമൻമേനോനെയും കുട്ടിയേയും ആ ഗൃഹത്തിലേക്ക് കൊണ്ടുപോയി താമസിപ്പിക്കാമെന്നു തന്നെയാണ് വൈത്തിപ്പട്ടരു സത്യമായി നിശ്ചയിച്ചിരുന്നത്.

വൈത്തിപ്പട്ടരു പോയി. രാമൻമേനോൻ ആകപ്പാടെ വലിയ മനോവ്യസനത്തോടുകൂടി ശങ്കരനോട് പറയുന്നു "ഈ ദിക്ക് എനിക്കു അശേഷം പിടിച്ചിട്ടില്ല.ഇവിടെ ഒരു സൌഖ്യവുമില്ല. ഇപ്പോൾ ഈ ദിക്കിൽ ദീനവും തുടങ്ങിയിരിക്കുന്നു. നീ ഇന്നാൾ പറഞ്ഞ ഉദയന്തളിദിക്കിലേക്കു പോയി അവിടെ ഒരു സ്ഥലം വാങ്ങി പാർപ്പാക്കിയാലോ?

ശ :- ആ സ്ഥലം വസതിക്ക് വളരെ യോഗ്യമെന്നാണ് എന്നോട് കൃഷ്ണനുണ്ണിയടെ ആൾ പറഞ്ഞത്. എന്നാൽ എനിക്ക് ഇതിൽ അല്പം ഒരാക്ഷേപമുണ്ട്. രാമവർമ്മൻ തിരുമുല്പാടിന്റെ അധീനത്തിൽ നാം പോയി പാർക്കുന്നത് പൂഞ്ചോലക്കര എടക്കാരുമായി മത്സരിക്കാനാണെന്ന് ഒരു അപശ്രുതി ഉണ്ടാവുമോ എന്ന് ഞാൻ ശങ്കിക്കുന്നു.

രാ :- പൂഞ്ചോലക്കര എടക്കാർ നമ്മുടെ കുട്ടിയെ കേവലം തള്ളിക്കളയുന്നതായാൽ പിന്നെ എന്താണു നിവൃത്തി. ശാരദയുടെ ന്യാമായ അവകാശങ്ങളെ നിശ്ചയമായി രക്ഷിപ്പാൻ തന്നെയാണ് ഞാൻ തീർച്ചയായും ഉറച്ചത്. നുമ്മൾക്കു യാതൊരു സഹായവും ഇല്ലാതെ നാം എന്തുചെയ്യും. അതുകൊണ്ട് രാമവർമ്മൻ തിരുമുല്പാടിന്റെ സഹായത്തെ നുമ്മൾ ആവശ്യപ്പെടേണഅടതാണെന്നു ഞാൻ വിചാരിക്കുന്നു.

ശ :- പൂഞ്ചോലക്കര എടത്തിലേക്ക് ബദ്ധ മത്സരിയായ ഒരാളുടെ സഹായമാണു നമുക്കുള്ളത് എന്നു വരുന്നതിൽ നമ്മുടെ കാർയ്യത്തിന്നു [ 66 ] തന്നെ ദോഷമുണ്ടോ എന്നു ഞാൻ ശങ്കിക്കുന്നു: രാഘവനുണ്ണി നുമ്മൾ വൈത്തിപ്പട്ടരുടെ ആവശ്യപ്രകാരം വേഷങ്ങൾ കെട്ടി പുറപ്പെട്ടതാണെന്നും യഥാർത്ഥത്തിൽ ശാരദ കല്യാണിഅമ്മയുടെ മകൾ അല്ലെന്നും പറഞ്ഞതിൽ ഒരു വിശ്വാസം അന്നുതന്നെ എടത്തിൽ പലർക്കും ഉണ്ടായതായി കൃഷ്ണനുണ്ണിയുടെ ആൾ എന്നോടു പറഞ്ഞതായി ഞാൻ അറിയിച്ചില്ലേ. എനി അസംഗതിയായി ഉദയന്തളിക്കു പോയി അവിടെ പാർപ്പാക്കുന്നതായാൽ ഇങ്ങിനെ നുമ്മൾ അവകാശം പറഞ്ഞു ചെല്ലുന്നത് രാമവർമ്മൻ തിരുമുല്പാടിന്റെയും ഉത്സാഹം ഉണ്ടാകയാലാണെന്നും നുമ്മൾ പറയുന്നതു വാസ്തവമല്ലെന്നും ജനങ്ങൾക്ക് ഒരു ബോദ്ധ്യമുണ്ടാവാൻ ഇടയാകുമോ എന്നു ഞാൻ സംശയിക്കുന്നു.

രാ :- അങ്ങിനെ അത്ര അബദ്ധമായ ഒരഭിപ്രായം ജനങ്ങൾക്ക് ആദ്യത്തിൽ പക്ഷെ ഒരു സമയം ഉണ്ടായാൽതന്നെ ആ അഭിപ്രായം നിലനില്ക്കുവാൻ പാടില്ല. രണ്ടോ നാലോ ദിവസം പക്ഷെ ഇങ്ങിനെ ദുഷിച്ചു പറയുമായിരിക്കും. പിന്നെ ജനങ്ങൾക്കു സൂക്ഷ്മം മനസ്സിലാവാതിരിക്കയില്ല. എനിക്ക് ഈ ദിക്കിൽ താമസിപ്പാൻ അശേഷം മനസ്സില്ല. ഉടനെ ഇവിടം വിട്ടാലേ എനിക്കു സുഖമുള്ളു.

ഇങ്ങിനെ രാമൻമേനോനും ശങ്കരനും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ നമ്പൂതിരി ഇവരുടെ പാർപ്പിടത്തിലേക്കായി വരുന്നതു കണ്ടു. നമ്പൂതിരി രാമൻമേനോന്റെ സമീപത്തിൽ എത്തിയ ഉടനെ പറഞ്ഞു. "പൂഞ്ചോലക്കര എടത്തിൽ നിന്നു നാടുവിട്ടു പൊയ്ക്കളഞ്ഞ ഒരു സ്ത്രീയുടെ മകൾ ഈ ദിക്കിൽ എത്തിയിട്ടുണ്ടെന്നും ഈ ഗൃഹത്തിൽ താമസിക്കുന്നു എന്നും കേട്ടു. ആ കുട്ടിയെ കാണാൻ വന്നതാണ് ഞാൻ. എന്റെ രാജ്യം ഉദയന്തളിയാണ്. ഞാൻ ഒരു നമ്പൂതിരിയാണ്. ഈ ഗൃഹത്തിൽ ആ കുട്ടി താമസിക്കുന്നുണ്ടോ?"

രാ :- എന്താണ് ആ കുട്ടിയെ കാണ്മാൻ അങ്ങേക്ക് ഇത്ര ആഗ്രഹം ഉണ്ടാവാൻ കാരണം!

നമ്പൂ :- ആഗ്രഹം ആഗ്രഹം തന്നെ. വിശേഷവിധി ആഗ്രഹം ഒന്നും ഇല്ലാതാനും. ഉദയന്തളി രാമവർമ്മൻ തിരുമുല്പാടിനെ അറിയുമോ. രാമവർമ്മൻ തിരുമുല്പാട് എന്നു കേട്ടിട്ടില്ലേ? ഊറ്റക്കാരനാണ്. അദ്ദേഹത്തിന്ന് ഈ കുട്ടിയുമായി എന്തോ ഒരു സംബന്ധം ഉണ്ടത്രേ. അദ്ദേഹം പറഞ്ഞിട്ടാണ് ഞാൻ വന്നത്. ഉദയന്തളിയിലേക്ക് കൊണ്ടുചെല്ലുവാൻ ആൾ വഴിയേ വരുന്നു. ഞാൻ കുറെ മുമ്പെ പോന്നു. കുട്ടിയെ കാണാനുള്ള അത്യാഗ്രഹംകൊണ്ടു ഞാൻ മുമ്പു [ 67 ] കടന്നുപോന്നു. ആ കുട്ടിയുടെ അച്ഛൻകൂടി ഇവിടേ ഉണ്ടെന്നു കേട്ടു. ഉണ്ടോ ?

രാ:- ഉണ്ടു്. ഞാൻതന്നെയാണു് കുട്ടിയുടെ അച്ഛൻ.

നമ്പു:- ശിക്ഷ. അങ്ങിനെയാണു്. കണ്ടതു വളരെ സന്തോഷമായി. കുട്ടി ഇവിടെത്തന്നെ ഉണ്ടായിരിക്കും.

രാ:- ഉണ്ടു്.

എന്നുപറഞ്ഞു നമ്പൂതിരിയും രാമൻമേനോനും ഇരുന്നശേഷം പലേ സംഗതികളെക്കുറിച്ചും ഇവർ സംസാരിച്ചു. നമ്പൂതിരി കുറേ അധികം കാമുകനാണെങ്കിലും കേവലം ബുദ്ധി ഇല്ലാത്തയാളല്ല. നേരമ്പോക്കായി സംസാരിപ്പാൻ വശത ഉണ്ടു്. രാമൻമേനോന് ആകപ്പാടെ വളരെ രസിച്ചു. ഇവർ സംസാരിക്കുന്ന മദ്ധ്യേ ശാരദ വൈകുന്നേരത്തെ മേൽകഴുകൽ കഴിച്ചു് അച്ഛന്റെ അടുക്കൽ വന്നുനിന്നു. നമ്പൂതിരി കുട്ടിയുടെ രുപം കണ്ട് അത്യന്തം ആനന്ദിച്ചു. വഴിനടന്ന ക്ഷീണം എല്ലാം തീർന്നു. കണ്ണുകൾകൊണ്ടു് ശാരദയെ പാനംചെയ്തു് ചെയ്തു് തൃപ്തി വന്നില്ല.

അതിമനോഹരിയായ ഈ കുട്ടിയുടെ സൗന്ദർയ്യത്തെക്കുറിച്ചു് ഈ കഥയിൽ ഇവളുടെ പൂർണ്ണയൗവനം തികയുന്ന ദിക്കിൽ മാത്രമേ ഞാൻ പറയുകയുള്ളു എന്നു് ആദ്യത്തിൽ നിശ്ചയിച്ചിരുന്നു. ഇനിനുമുമ്പ് രണ്ടുമൂന്നു പ്രാവശ്യം എന്റെ മനസ്സിളകി. ഈ നിശ്ചയത്തെ ലംഘിക്കാൻ പുറപ്പെട്ടു എങ്കിലും ഒരുവിധം മനസ്സിനെ പിടിച്ചു നിർത്തി. എനി അങ്ങിനെ നിർത്തുവാൻ നിവൃത്തി ഇല്ല. ശാരദയുടെ കാന്തിയെപ്പറ്റി അല്പം ഇവിടെ പറയാതിരിപ്പാൻ എന്നാൽ കേവലം അസാദ്ധ്യമാണു്.

പൂർണ്ണചന്ദ്രോദയത്തെ കണ്ടുകൊണ്ടു് ചന്ദ്രവർണ്ണന ചെയ്യേണമെന്നുറച്ചിരുന്ന ഒരു മനുഷ്യൻ സായന്തനകാലത്തിൽ അത്യന്തനീലമായി സ്വച്ഛമായിരിക്കുന്ന ആകാശത്തിൽ തിളങ്ങുന്ന അസംഖ്യനക്ഷത്രങ്ങളുടെ മദ്ധ്യേ ഉദിച്ചു വിളങ്ങുന്ന ബാലചന്ദ്രനെകണ്ടു മനസ്സിളകി ബാലചന്ദ്രനെ വർണ്ണിച്ചു എന്നു് വന്നേക്കാം. ഇതുപ്രകാരം സായന്തനപ്ലവം കഴിഞ്ഞു തന്റെ അച്ഛന്റെ സമീപത്തുവന്നു നിന്നിരുന്ന ആ ശാരദയെ നമ്പൂതിരി കണ്ടപ്രകാരം അല്പം ഒന്നു പറയാതെ നിവൃത്തിയില്ലാതായിരിക്കുന്നു. ശാരദയ്ക്ക് ഈ കാലം പന്ത്രണ്ടാമത്തെ വയസ്സു് ആരംഭിച്ചിരിക്കുന്നു. ഇങ്ങിനെ സൗന്ദർയ്യമുള്ള ഒരു കന്യകാരത്നത്തെ താൻ മുമ്പു് ഒരിക്കലും കണ്ടിട്ടില്ലെന്നു നമ്മുടെ ചെറുപ്പക്കാരൻ നമ്പൂതിരിക്കു ശാരദയെ കണ്ട ക്ഷണത്തിൽ തോന്നി. ശാരദയുടെ അപ്പോ [ 68 ] ഴത്തെ കാന്തിയെ പൂർണ്ണവികാസത്തെ പ്രാപിക്കുമ്പോൾ അത്യന്തസുരഭിയായി അതിമനോഹരിയായി കാണപ്പെടുന്ന ഒരു വിശേഷവിധി പുഷ്പം കുഗ്മളമായി വികസിപ്പാൻ ആരംഭിക്കുന്ന കാലത്തു് ഏതു വിധമായ കാന്തിയോടെ കാണപ്പെടുന്നുവോ ആ കാന്തിയോടു് സദൃശമായിരുന്നു എന്നു നിസ്സംശയം പറയാം. പുഷ്പത്തിന്നു വരുവാൻ പോകുന്ന സൗന്ദർയ്യവും സൗരഭ്യവും കുഗ്മളത്തെ പരിശോധിച്ചാൽ അന്തർഗ്ഗർഭിച്ചു സൂക്ഷ്മങ്ങളായി ഇരിക്കന്നതു കാണാം. അതു ക്രമേണ വികസിച്ചുവരുമ്പോൾ അതിന്നു് അനുരൂപമായ പ്രായത്തിൽ പൂർണ്ണവികാസഭാവത്തിൽ കാണപ്പെടുന്ന ഓരോ ഗുണങ്ങൾ പോഷിച്ചു പോഷിച്ചു വരുന്നതും കാണാം. ഇങ്ങിനെ ഈ കുഗ്മളാകൃതിയിൽ നിന്നു് ഈ പുഷ്പം പൂർണ്ണവികാസത്തെ പ്രാപിക്കുന്നതുവരെ ഇതിൽ കാണപ്പെടുന്നതായ ഓരോ കോമളങ്ങളായ ഭേദങ്ങളെ ക്ഷമയോടുകൂടി നോക്കിയിരുന്നാൽ മനസ്സിന്നു് അത്യന്തം ആഹ്ലാദം ഉണ്ടായി വരുമെന്നുള്ളതിന്നു സംശയമില്ല. ഇതുപ്രകാരം ഗജന്മോഹിനിയായി വരുവാൻ പോകുന്ന ശാരദയുടെ ശൈശവം മുതൽ യൗവനംവരെയുള്ള വളർച്ചയെ കാണ്മാൻ ഭാഗ്യമുണ്ടായ കണ്ണുകൾക്കായി ഒരു നമസ്ക്കാരം എന്നുമാത്രം ഞാൻ പറയുന്നു.

സായന്തനകാലം സാധാരണ സമ്പ്രദായപ്രകാരം ശരീരശുദ്ധി വരുത്തി പുതിയ വസ്ത്രങ്ങൾ ധരിച്ചു ശാരദ അച്ഛന്റെ അടുക്കലേക്കു വന്നു നിൽക്കുന്നതാണു് നമ്മുടെ നമ്പൂതിരി കണ്ടതു് എന്നു പറഞ്ഞിട്ടുണ്ടല്ലോ. പതിവുപ്രകാരം അപ്പോൾ ശാരദ ഏറ്റവും വെളുത്ത മസിളിൻ എന്നു പറയപ്പെടുന്ന ഒരുമാതിരി അതിഭംഗിയുള്ള തുണികൊണ്ടു ഞെറിഞ്ഞിട്ടുണ്ടാക്കീട്ടുള്ള ഒരു പാവാടകൊണ്ടും ചെറിയ ഒരു നീല നീരാളപ്പട്ടിന്റെ റവിക്കകൊണ്ടും ഉടുക്കപ്പെട്ടിരിക്കുന്നു. പാവാടയുടെ മദ്ധ്യപ്രദേശത്തിൽ ഒരു ചെറിയ സ്വർണ്ണപ്പട്ടയാൽ മുറുക്കിയിരിക്കുന്നു. ചെറിയ കസവുരേഖയൊടുകൂടി ഉള്ള പാവാടയുടെ അഗ്രങ്ങൾ മുഴുവനും ഞെറികളായി ശാരദയുടെ ചുറ്റും വൃത്തത്തിൽ തൂങ്ങിനിൽക്കുന്നു. റവിക്കയെ മാറിന്റെ മദ്ധ്യം ഏകദേശം കവിയുന്ന സ്ഥലത്ത് ഒരു ചെറിയ വൃത്തമായ വൈരക്കുടുക്കകൊണ്ടു കുടുക്കിയിരിക്കുന്നു. എന്നാൽ ആ കഴുത്തു മുതൽ ഈ കുടുക്കവരെ റവിക്കയുടെ രണ്ടു ഭാഗങ്ങളാൽ മൂടപ്പെട്ടത് കഴിച്ചിട്ടുള്ള മാർവ്വിടത്തിന്റെ മദ്ധ്യപ്രദേശം ചെമ്പകപ്പൂവിന്റെ വർണ്ണത്തിൽ നീലനീരാളത്തിനിടയിൽ അത്യന്ത കോമളമായി കാണപ്പെട്ടു. കഴുത്തിൽ മാർവ്വിടത്തോളം ഇറങ്ങി റവിക്കയുടെ ഉപരികിടക്കുന്ന മൂന്നു ചരടായുള്ള ഒരു മുത്തു [ 69 ] മാലയേയും അതിന്നു നായകമണിപോലെ റവിക്കയുടെ കട്ടക്കിന്റെ അല്പം മേല്പോട്ടു തൂങ്ങിനിൽക്കുന്ന ഒരു ചെറിയ പതക്കത്തേയും കണ്ടു. റവിക്കയുടെ ചെറിയ വൈരക്കുടുക്ക പതക്കത്തിന്നു ചുവടെ മുത്തുമാലയിന്മേൽ തന്നെയുള്ള രണ്ടാമത്തെ ഒരു നായകമണിയോ എന്നു സൂക്ഷിച്ചുനോക്കാതിരുന്നാൽ തോന്നപ്പെടും. വണ്ടോട്ടിപോലെ നിറമുള്ള തലമുടി ചീപ്പിനാൽ സന്നമായി വാർന്നുമിനുക്കി തലയുടെ രണ്ടഭാഗങ്ങളികൂടി പുറത്തേക്കു കീഴ്പട്ടു് വിട്ടിരിക്കുന്നതു് ഏകദേശം മദ്ധ്യപ്രദേശത്തെ തൊടുവാൻ മാത്രം വളർച്ച ആയിട്ടേ ഉള്ളു. ഉലഞ്ഞു സർവ്വത്ര ഞെറിഞ്ഞു ചുറ്റും താണുനിൽക്കുന്ന ആ വെളുത്ത പാവാടയും അതിനെ തിറത്തോടെ മദ്ധ്യപ്രദേശത്ത് കുടുക്കിയ സ്വർണ്ണപ്പട്ടയും തമ്മിൽ ഉള്ളൊരു ചേർച്ചയും മാർവ്വിടത്തിൽ ഉള്ള മുത്തുമാലയും നീല നീരാള റവിക്കയും മാർവ്വിടത്തിന്റെ സ്വതേ ഉള്ള വണ്ണവും പരുത്തവും വൈരമൊട്ടു കുടക്കും അന്യോന്യം സമ്മേളിച്ചു കാണുന്നതിൽ ഉള്ള ഒരു ഭംഗിയും തലമുടിയെ വാർന്നിട്ടുള്ളതിന്റെ ഒരു സൗഷ്ഠവത്തേയും കണ്ടാൽ ഇതിൽപ്രം ഭംഗിയായും വൃത്തിയായും പെൺകുട്ടികളെ ഉടുപ്പിപ്പാനും അലങ്കരിപ്പാനും ഒരിക്കലും സാധിക്കയില്ലെന്നു് ഏവനും സമ്മതിക്കുമെന്നുള്ളതിനു സംശയമില്ല. പിന്നെ ഈവിധം ഉടുപ്പുകൊണ്ടു് അലംകൃതമായിരിക്കുന്ന ആ ബാലികയുടെ ദേഹസൗന്ദർയ്യത്തേക്കുറിച്ച് എങ്ങിനെ പറയേണ്ടു. മേലിൽ അസംഖ്യം കോമളന്മാരായ യുവാക്കളുടെ മനസ്സുകളെ വാട്ടി വറട്ടി വലിച്ചെടുപ്പാനുള്ള ശക്തി ഉള്ളിൽ കിടക്കുന്നുണ്ടെന്നു വെളിവായി കാണിക്കുന്ന ആ നീണ്ട നേത്രങ്ങളെ നോക്കി നോക്കി നമ്പൂതിരി ആശ്ചർയ്യപ്പെട്ടു. അധരങ്ങൾ രണ്ടും പവിഴക്കൊമ്പു വെട്ടിക്കുടഞ്ഞുണ്ടാക്കിവെച്ചതോ എന്നു തോന്നും. നമ്പൂതിരിക്കു ശാരദയെക്കണ്ട് ഉത്സാഹം വർദ്ധിച്ചു രാമൻമേനോനുമായുള്ള സല്ലാപം മുറുകിയിരിക്കുന്നു. ശാരദയ്ക്കു രസിക്കുവാൻ തക്കവണ്ണം പലേ വാക്കുകളേയും നമ്പൂതിരി പറയുന്നുണ്ട്. ഇതിൽ ചിലതു കേൾക്കുമ്പോൾ മന്ദഹാസം ഉണ്ടാവുന്നതിൽ ശാരദയുടെ പ്രവാളങ്ങൾപോലയുള്ള അധരങ്ങളുടെ എടയിൽക്കൂടി കുരുക്കുത്തി മുല്ലമൊട്ടു നിരത്തിവെച്ചതുപോലെ കാണാവുന്ന ദന്തങ്ങളേയും നമ്പൂതിരി കണ്ടു കണ്ടു് ആനന്ദിച്ചു. ആ ചെറിയ മുഖത്തിൽനിന്ന് സ്ഫുരിക്കുന്ന കാന്തിയെ കണ്ടു നമ്പൂതിരിക്കുണ്ടായ സന്തോഷവും ആശ്ചർയ്യവും ഇന്നപ്രകാരമെന്നു പറവാൻ പാടില്ലാത്ത വിധത്തിലായി. ചെറിയ തോടകൾക്കു പകരം ചക്രാകൃതിയിൽ രണ്ടു രത്നകൊരടുകളെയാണ് ശാരദയുടെ കാതുകളിൽ കണ്ടതു്. കാതുകളുടെ തട്ടുകൾ മുഴുവനും ഈ [ 70 ] തോടകളാൽ മൂടപ്പെട്ടിരുന്നു. മൃണാളകോമളങ്ങളായ കൈകൾ രണ്ടിലും ഓരോരോ ചെറിയ പൂട്ടുവളകൾ ഇട്ടിരിക്കുന്നു. പങ്കജവർണ്ണങ്ങളായും മൃദുക്കളായും ഉള്ള ചെറിയ കയ്യടികളേയും രണ്ടുമൂന്നു രത്നമോതിരങ്ങളാൽ മാത്രം അലംകൃതങ്ങളായ ചെറിയ കൈവിരലുകളേയും കണ്ടിട്ട് നമ്പൂതിരിക്ക് അത്യന്തം സന്തോഷവും കൗതുകവും തോന്നി. ആകപ്പാടെ ആ ചെറിയ വിഗ്രഹത്തിൽ ഉജ്വലിച്ചുകാണുന്ന സൗന്ദർയ്യമോ , കാന്തിയോ , ശോഭയോ , കൗതുകമോ , കോമളത്വമോ ഇന്നപ്രകാരമാണെന്നു പറവാൻ പ്രയാസം. ശാരദയുടെ നെറ്റിയും നേത്രങ്ങളും മുഖത്തിന്റെ ആകൃതിയും , നോക്കിയാൽ അത്യന്തം ബുദ്ധിശക്തിയുള്ള ഒരു കുട്ടിയാണെന്നു ബുദ്ധമാന്മാർ നിശ്ചയമായും തീർച്ചപ്പെടുത്തും. നമ്മുടെ നേരമ്പോക്കുകാരൻ നമ്പൂതിരിക്ക് ഈ അഭിപ്രായം കൂടി ഉണ്ടായോന്ന് എനിക്ക് നിശ്ചയം പറവാൻ പാടില്ല. കുട്ടിയുടെ സൗന്ദർയ്യത്തെ ആകപ്പാടെ മനസ്സിലാക്കിയശേഷം ഒരു കാര്യത്തെക്കുറിച്ചു നമ്പൂതിരി ക്ഷണെന തീർച്ചയാക്കി. തനിക്കോ തന്റെ മാതിരി വേറെ നമ്പൂതിരിമാർക്കൊ വേറെ സാധാരണ മനുഷ്യർക്കൊ ഈ ബാലികയെ കിട്ടുകയില്ലെന്നു തീർച്ചയാക്കി. ഈ രത്നത്തെ വല്ല മഹാരാജാക്കന്മാരും ക്ഷണേന കയ്ക്കലാക്കുമെന്നും തീർച്ചയാക്കി. പക്ഷെ നമ്പൂതിരിക്ക് ഇതു നിമിത്തം മനസ്സിന്നു യാതൊരു പരിഭവവും ഉണ്ടായില്ല. തനിക്ക് നല്ല പെൺകിടാങ്ങളെ കാണണം. അവരോടു സംസാരിച്ചും രസിച്ചും പാട്ടുപാടിയും ഉത്സവങ്ങൾ കണ്ടും നല്ല സാപ്പാടു കഴിച്ചും കാലക്ഷേപം ചെയ്യേണമെന്നു മാത്രമേ മോഹമുണ്ടായിരുന്നുള്ളു. എന്നാൽ ഒരു കാർയ്യത്തെ കുറിച്ചുകൂടി അപ്പോൾതന്നെ നമ്പൂതിരി നിശ്ചയിച്ചു. തന്റെ താമസം മേലിൽ അധികവും ശാരദ എവിടെയോ അവിടെത്തന്നെ എന്ന് ഉറപ്പായി നിശ്ചയിച്ചു. ശാരദയുമായി നേരിട്ടുതന്നെ ഒന്ന് സംസാരിച്ചു ശാരദയെ രസിപ്പിച്ചു മന്ദഹസിപ്പിച്ചു ആ രസത്തെ അനുഭവിക്കേണമെന്നും നിശ്ചയിച്ച് നമ്മുടെ സുമുഖൻ നമ്പൂതിരി ശാരദയോട് ഇങ്ങിനെ പറഞ്ഞു.

"എന്താണ് കുട്ടിക്കു സ്വരാജ്യത്തിലേക്ക് പോവണ്ടെ ? ഞാൻ അച്ഛനേയും കുട്ടിയേയും കൂട്ടിക്കൊണ്ടുപോവാനാണു വന്നത്."

ശാരദ മന്ദഹസിച്ചുംകൊണ്ടു തന്റെ അച്ഛന്റെ മുഖത്തേക്കു നോക്കി.

നമ്പൂതിരിക്കു പൂർണ്ണതൃപ്തിയായി. എന്നിട്ടു വീണ്ടും ഇങ്ങനെ പറഞ്ഞു. [ 71 ] "നാട്ടിൽ പോയാൽ ഈമാതിരി ഉറയും മറ്റും ഉടുത്താൽപോരാ. ഇങ്ങിനെ കാൽക്കുപ്പായം ഈ ദിക്കിൽ പെണ്ണുങ്ങൾ ഇടാറില്ല. കുപ്പായം ഇട്ടാൽ ജാതിപോവും. കാതു വളർത്തി വലിയ തോടകളും ഇടണം."

ശാരദ പൊട്ടിച്ചിറിച്ചുപോയി. അച്ഛന്റെ കൈകടന്നുപിടിച്ചു വളരെ ചിറിച്ചു. നമ്പൂതിരിയും കൂടെത്തന്നെ ചിറിച്ചു. താൻ വിചാരിച്ച കാർയ്യം സാധിച്ചു എന്നുള്ള സന്തോഷത്തോടുകൂടി വളരെ ചിറിച്ചു.

നമ്പൂതിരി സംഭാഷണം മതിയാക്കുന്ന ഭാവം കാണാനില്ല. നമ്പൂതിരിക്കു ക്രമേണ സംസാരിപ്പാനുള്ള രസം വർദ്ധിച്ചു വരുന്നതാണ് കണ്ടത്. സന്ധ്യാകാലം കഴിഞ്ഞു എന്നിട്ടും നമ്പൂതിരി എഴുനീല്പാൻ ഭാവമില്ല. ഒടുവിൽ രാമൻമേനോൻ എഴുനീറ്റുനിന്നു് ഇങ്ങിനെ പറഞ്ഞു.

"ഇവിടുന്നു് വഴിനടന്നു ക്ഷീണിച്ചിരിക്കുന്നുവല്ലോ. വേഗം എനി കുളികഴിച്ചു ഭക്ഷണം കഴിഞ്ഞു് ഇങ്ങട്ടു വരുന്നതല്ലേ നല്ലത്. ഭക്ഷണത്തിന്നു് ഇവിടെ അയൽഗൃഹങ്ങളിൽ ഏല്പിച്ചിട്ടുണ്ടു്. വൈത്തിപ്പട്ടർ തൽക്കാലം ഇവിടെ ഇല്ല. ഇന്നു തന്നെയോ നാളെ രാവിലെയോ മടങ്ങിവരും. അതാണു വേറെ മഠത്തിൽ ഭക്ഷണത്തിനു ഏല്പിച്ചതു്."

"ഓ, ഹൊ, ക്ഷണം ഊണുകഴിച്ചു വന്നുകളയാം." എന്നും പറഞ്ഞു നമ്പൂതിരി എഴുനീറ്റു് ശാരദയെ വീണ്ടും ഒന്നു നന്നായി നോക്കി രസിച്ചുംകൊണ്ടു് ശങ്കരനോടുകൂടി കുളിപ്പാൻ പോവുകയും ചെയ്തു.

കുളിയും ഭക്ഷണവും കഴിഞ്ഞു നമ്പൂതിരിയും ശങ്കരനും മടങ്ങി എത്തുമ്പോഴേക്കു ശാരദ ഉറങ്ങിയിരിക്കുന്നു. നമ്പൂതിരി രാമൻമേനോനുമായി കുറേനേരം സംസാരിച്ചിരുന്നു. അപ്പോഴേക്കും ശങ്കരൻ ഊണുകഴിഞ്ഞു വന്നു. ശങ്കരനും നമ്പൂതിരിയുംകൂടി ശങ്കരൻ കിടക്കുന്ന അറയിൽ വന്നു. ശങ്കരൻ കിടക്കുന്ന ചെറിയ ഇരുമ്പു കട്ടിലിന്മേൽ നമ്പൂതിരിക്കു കിടപ്പാൻ വിരിച്ചു. നമ്പൂതിരിയും ശങ്കരനുംകൂടി ഓരോ വിഷയങ്ങൾ സംസാരിച്ചുകൊണ്ട് ആ മുറിയിൽ ഇരുന്നു. അപ്പോഴേക്കു ദുഷ്ടൻ കൃഷ്ണൻ പതിവുപ്രകാരം ശങ്കരനു കുറുകുന്ന പാൽ കൊണ്ടുവന്നു് ശങ്കരന്റെ അരികത്തുവെച്ചു പുറത്തേക്കു് പോന്നു. ശങ്കരൻ പാൽ അങ്ങിനെതന്നെ എടുത്തു നമ്പൂതിരിയുടെ മുമ്പിൽവെച്ചു. [ 72 ] ശ :- ഇവിടുന്നു് ഇന്നു വഴിനടന്നു വളരെ ക്ഷിണിച്ചതല്ലെ. ഈ പാൽ സേവിച്ചാൽ വളരെ സുഖമുണ്ടാവും. ക്ഷീണം എല്ലാം തീരും ഇതു സേവിക്കാമല്ലോ ?

ന :- അങ്ങിനെ തന്നെ. എനിക്കു ക്ഷീണം വളരെ ഉണ്ടു്. പക്ഷെ നിങ്ങളെ എല്ലാവരേയും കണ്ടതുകൊണ്ടു ക്ഷീണം ഉണ്ടെന്നു തോന്നിയതേയില്ല. പാൽ "കുടിച്ചുകളയാം" എന്നു പറഞ്ഞു പാൽക്കിണ്ടി എടുത്തു പാൽ മുഴുവനും ആർത്തിയോടെ കുടിച്ചു കിണ്ടി താഴത്തുവെച്ചു.

"പാലിൽ പഞ്ചസാര കുറെ അധികം ചേർത്തിരിക്കുന്നു." എന്നു പറഞ്ഞു കട്ടിലിന്മേൽ ഇരുന്നു. അപ്പോഴേക്കു പൊണ്ണച്ചാരു കൃഷ്ണൻ കിണ്ടി എടുപ്പാൻ അകത്തേക്കു വന്നു കിണ്ടി എടുത്തുകൊണ്ടുപോയി കഴുകി കമഴ്ത്തി. അയൽഗൃഹത്തിലേക്ക് ഉറങ്ങാൻ പോവുകയും ചെയ്തു.

പാൽ സേവിച്ചു് ഒരു നിമിഷം കഷ്ടിച്ച ആവുമ്പോൾ നമ്പൂതിരി ഇരുന്നേടത്തുനിന്നു എഴുന്നേറ്റു.

ന:- പാൽ സേവിച്ചത് എനിക്കു പിടിച്ചില്ല. ഞാൻ അത്താഴാനന്തരം ഒന്നും കഴിക്കാറില്ല. വയറ്റിൽ വല്ലാതെ ഒരു സുഖക്കേടു തോന്നുന്നു. ഛർദ്ദിപ്പാൻ തോന്നുന്നു. ഒന്നു മുറുക്കട്ടെ എന്നു പറഞ്ഞു തന്റെ മുറുക്കുചെല്ലം എടുത്തു വിളക്കിന്റെ സമീപം ഇരുന്നു ചെല്ലം തുറപ്പാൻ ഭാവിക്കുന്നു, അപ്പോൾ.

"അയ്യോ ശങ്കരാ, എനിക്കു വല്ലാതെ ഒരു തളർച്ച. എന്നെ പിടിക്കു" എന്നു പറഞ്ഞു ഉടനെ അതിശബ്ദത്തോടെ ഒന്നു ഛർദ്ദിച്ചു. ഛർദ്ദിയുടെ ഊക്ക് അതികലശൽ തന്നെ. ഉണ്ട ചോറു മുഴുവനും, കഴിച്ച പാൽ മുഴുവനും, നാലിടങ്ങഴി കഫത്തോടുകൂടി ഒന്നായി ഛർദ്ദിച്ചു. ശങ്കരൻ കിടക്കുന്ന അറമുഴുവനും ഛർദ്ദിയിൽ മൂടി. നമ്പൂതിരി നിലത്തുവീണു. ശങ്കരൻ ഉടനെ ചെന്നെടുത്തു കട്ടിലിൻമേൽ കിടത്തി കൃഷ്ണനെ ഉറക്കെ വിളിച്ചു. കൃഷ്ണനെ കണ്ടില്ല. അപ്പോഴേക്കു നമ്പൂതിരി രണ്ടാമതും അത്യന്ത കഠിനമായി ഛർദ്ദിച്ചു. "വയറു കത്തുന്നുവോ, വയറുകത്തിക്കാളുന്നുവോ , എന്റെ വയറ്റിൽ തീ കത്തുന്നുവോ" എന്നു ഉറക്കെ നമ്പൂതിരി നിലവിളിച്ചു. ഉടനെ കിടന്ന ദിക്കിൽതന്നെ കഠിനമായി ഒന്നു അതിസരിച്ചു. നിലവിളിയും മറ്റും കേട്ടു രാമൻമേനോൻ അറഉമ്മറത്തേക്കു വന്നു.

രാ:- കഷ്ടം! എന്താണ് ഇതു കഥ! കുറെ ക്ലൊറോഢയിൻ ക്ഷണത്തിൽ കൊടുക്കണം. നടപ്പുദീനത്തിന്റെ ഗുളികകൾ ഉണ്ടു്. അതു എടുത്തുകൊണ്ടുവാ എന്നു ശങ്കരനോടു പറഞ്ഞു. [ 73 ] ശങ്കരൻ പരിഭ്രമിച്ചുവശായിരിക്കുന്നു. ഗുളികയും ക്ലോറോഡെയിനും കൊണ്ടുവന്നു കൊടുത്തു. മാത്ര ജാസ്തിയായിട്ടാണു് കൊടുത്തതു്. മരുന്ന് സേവിച്ചശേഷം ദീനം അത്യന്തം കലശലായി. "അയ്യോ എന്റെ വയറു കത്തിപ്പോയല്ലൊ എന്റെ ഇല്ലത്തുള്ളവരേ കാണേണ്ടിയിരുന്നല്ലൊ ഈശ്വരാ ! ഞാൻ ഇതാ മരിക്കുന്നു. ദൈവമേ എന്നെ രക്ഷിക്കണേ , എനിക്കു വെള്ളം കുടിക്കണം. വെള്ളം കുടിക്കണം." എന്നു പറഞ്ഞുകൊണ്ടും ക്ലൊറൊഡയിനും നടപ്പുദീനത്തിന്റെ ഗുളികയും കഴിച്ചശേഷം ക്ഷണത്തിൽ നമ്പൂതിരി മരിക്കുകയും ചെയ്തു.

അപ്പോഴേക്കു് വിളിയും ഘോഷവും കേട്ട് കൃഷ്ണൻ മാറത്തു തല്ലിക്കൊണ്ട് ഓടിയെത്തി. "അയ്യോ എന്റെ ശങ്കരമേനോനെ തലതട്ടിതുടങ്ങിയോ" എന്നു നിലവിളിച്ചുംകൊണ്ടാണ് ഓടി എത്തിയത്. അറഉമ്രത്ത് എത്തിയപ്പോൾ "ഹാ അസത്തെ കടന്നു പുറത്തുപോ" എന്നു രാമൻമേനോൻ പറഞ്ഞതുകേട്ടു് കൃഷ്ണൻ നിലവിളി എല്ലാം മാറ്റി പുറത്തു കടന്നുപോയി. നമ്പൂതിരിയുടെ ഛർദ്ദിയും ഒച്ചയും ഉറക്കെയുള്ള നിലവിളിയും സമീപമുള്ള എല്ലാ ഗൃഹങ്ങളിലും കേട്ടു് ആളുകൾ എല്ലാം ഭയപ്പെട്ടു് വാതിലുകൾ ബന്ധിച്ചു കിടന്നിരുന്നു. അപ്പോഴാണ് വൈത്തിപ്പട്ടരുടെ വരവു്. തന്റെ ഗൃഹത്തിൽ നിന്നു യാതൊരു ശബ്ദവും കേട്ടിട്ടില്ല. നിശബ്ദമായിട്ടാണ് കണ്ടത്. പട്ടര് പതുക്കെ ചെന്നുകയറി. അകത്തിന്റെ വാതിൽ തുറന്നുകണ്ടു. ഉള്ളിൽ വിളക്ക് ഉജ്വലിച്ചു കത്തുന്നതു കണ്ടു. വാതിലിനു സമീപം എത്തിയപ്പോൾ "ആരാണത് വൈത്തിപ്പട്ടരോ?" എന്നു രാമൻമേനോൻ ചോദിച്ചതിന്നു് "അതെ എജമാനനെ" എന്നു പറഞ്ഞു വൈത്തിപ്പട്ടരു് അകത്തേക്ക് കടന്നു. കണ്ട കാഴ്ച വിശേഷം തന്നെ. നമ്പൂതിരി മരിച്ച ഉടനെ ശങ്കരനെ ശാരദയുടെ അടുക്കെ അയച്ചു രാമൻമേനോൻ നമ്പൂതിരി മരിച്ച അറയുടെ ഉമ്രത്തു നിൽക്കുകയായിരുന്നു. വൈത്തിപ്പട്ടരു് , കടന്ന ഉടനെ അറയിൽ നമ്പൂതിരിയുടെ ശവത്തേ ദൂരത്തുനിന്നു കണ്ടു. "അയ്യോ ശങ്കരമേനോനെ അയ്യോ എജമാനനെ, ശങ്കരമേനോനു് തലതട്ടിയോ" എന്നു പറഞ്ഞു മാറത്തു ഉറക്കെ ഒന്നു് അടിച്ചു.

രാ:- ശങ്കരനല്ല, ശങ്കരനല്ല. ഒരു സാധു ചെറുപ്പക്കാരൻ നമ്പൂതിരി ഉദയന്തളിയിൽനിന്ന് എന്നെ കാണ്മാൻ വന്നിരുന്നു. ഇന്നുവൈകുന്നേരം ആ സാധുവിനു് ഒരു മണിക്കൂറു മുമ്പെ ദീനം തുടങ്ങി ക്ഷണത്തിൽ കഥ കഴിഞ്ഞു. [ 74 ] വൈത്തിപ്പട്ടരുടെ മുഖവും ഭാവവും കണ്ടിട്ട് രാമൻമേനോൻ വല്ലാതെ പരിഭ്രമിച്ചുപോയി. ദീനത്തിൽ ഉള്ള ഭീതികൊണ്ടാണു് പട്ടർക്ക് ഈ പരവശത എന്നു രാമൻമേനോൻ നിശ്ചയിച്ചു.

രാ:- എന്താണു് നിങ്ങൾക്കു ദീനത്തിനെ വളരെ ഭയമുണ്ടെങ്കിൽ ഇങ്ങോട്ടു കടക്കേണ്ട. ഇയാൾ മരിച്ച വിവരം സർക്കാരാളുകളെ ക്ഷണത്തിൽ അറിയിച്ചു് ഇയ്യാളുടെ നാട്ടിലേക്കും കമ്പിയിൽ അറിയിക്കണം. എന്നിട്ട് ശവസംസ്ക്കാരം ചെയ്വാൻ നോക്കണം. നിങ്ങൾക്കു ഭയമുണ്ടെങ്കിൽ ഇങ്ങോട്ടു കടക്കേണ്ട.

വൈത്തിപ്പട്ടരു് ഈ വാക്കുകളെല്ലാം കേട്ടിട്ടും ഒരക്ഷരംപോലും ഉരിയാടാതെ ഒരു പിശാചിനെപ്പോലെ സ്തബ്ധനായിത്തന്നെ നിന്നു.

രാ:- എന്താണു് നിങ്ങൾ ഇങ്ങിനെ നിൽക്കുന്നതു്? ശാരദയെ ഈ വിവരങ്ങൾ ഒന്നും അറിയിക്കാതെ ഇവിടെനിന്നു വേറെ ഒരു സ്ഥലത്തേക്കു് കൊണ്ടുപോയാൽ നന്നായിരുന്നു.

ഇവിടെ വൈത്തിപ്പട്ടരു് ഒരു ദീർഘനിശ്വാസം ചെയ്തു.

വൈ:- എനിക്കു ദീനത്തെ ഒരു ഭയവുമില്ല. ഞാൻ കടന്നു നോക്കട്ടെ. ഏതു നമ്പൂതിരിയാണു് ഈ മരണത്തിന് ഇവിടെ ചാടിയെത്തിയതു് എന്നു നോക്കട്ടെ എന്നും പറഞ്ഞു വൈത്തിപ്പട്ടരു് നമ്പൂതിരിയുടെ ശവം കിടക്കുന്ന അറയിൽ കടന്നു സൂക്ഷിച്ചുനോക്കി.

"ഓ, ഹൊ, ഇയാളെ ഞാനറിയും. പാലക്കാട്ടു നമ്പൂതിരിയാണു് ഇതു്. ഇയാൾക്കു തെണ്ടിനടക്കുകയാണു് പണി. ഇയാൾ എനിക്കു മുമ്പെ കുറെ ചരക്കു് എടുത്തവക പണം തരാനുണ്ടായിരുന്നു. അതു പിരിപ്പാൻ ഞാൻ വളെര ബുദ്ധിമുട്ടി. ഒരു വിധം ഒടുവിൽ കിട്ടി. പലിശ മുഴുവനും വിട്ടുകൊടുക്കേണ്ടി വന്നു. മഹാ അസത്താണ്. ഈ മാരണം ഇവിടെവന്നു ചാടി ചത്തതു് എന്തിനപ്പാ എന്നും പറഞ്ഞു വൈത്തിപ്പട്ടര് പുറത്തേക്കു് കടന്നു.

വൈ:- കൃഷ്ണൻ ഇവിടെ ഇല്ലെ , ഈ ഛർദ്ദിയും മറ്റും ഉടനെ ഇവിടുന്നു വടിച്ചെടുത്തു് ഒരു കുഴിയിൽ ഇട്ടു മൂടട്ടെ അത് ലേശംപോലും ഇവിടെ എങ്ങും നിൽക്കരുതു്. അകം മുഴുവനും മെഴുകണം. അതാണു് ഒന്നാമതു വേണ്ടതു്. എന്നിട്ടു കുറെ ഗന്ധകം പുകയ്ക്കട്ടെ. എന്നിട്ട് സർക്കാരാളുകളെ വിളിക്കാം. സർക്കാരാളുകളെ വിളിച്ചിട്ടുതന്നെ അവശ്യമില്ല. നടപ്പുദീനത്തിൽ എത്രാൾ മരിക്കുന്നു. ഈവകമരണത്തിൽ ശവങ്ങളെ സർക്കാരാൾ പരിശോധിക്കാറില്ല.

രാ:- സർക്കാരാളെ നിശ്ചയമായി വരുത്തണം. നമ്പൂതിരി അന്യദിക്കുകാരനാണു്. ഇങ്ങനെ പെട്ടെന്നു മരിച്ചുപോയ അവസ്ഥയ്ക്കു [ 75 ] നിശ്ചയമായി സർക്കാരാൾ പരിശോധിച്ചശേഷമെ ശവദാഹം ചെയ്വാൻ പാടുള്ളു. ശവദാഹം ചെയ്യ്വാൻ പാടുള്ളു. എന്നല്ല ഇവിടെ ദ്രസ്സരോ ഡോക്ടറോ ഉണ്ടെങ്കിൽ അവരെക്കൂടി ഒന്നു വരുത്തികാണിച്ചാൽ നന്നായിരിക്കും.

വൈ:- ഇതെന്തു കഥയാണ് എജമാനൻ പറയുന്നതു്. ശവത്തിനു ചികിത്സിപ്പാൻ ഡാക്ടറെ വരുത്തുകയോ , നല്ല ശിക്ഷ. പക്ഷെ അധികാരിയെ ഞാൻ വിളിച്ചുകൊണ്ടുവരാം. ദ്രസ്സരും ഡാക്ടരും ഇവിടെ സമീപമില്ല. വേണമെങ്കിൽ രണ്ടു താരം ദൂരെ പോവണം. വരണമെങ്കിൽ കഠിനഫീസുകൊടുക്കണം. ഈ ശവത്തിനു വേണ്ടി എന്തിനു നാം ഇത്രയെല്ലാം അദ്ധ്വാനിക്കുന്നു?

"എന്നാൽ അധികാരിയെ ഉടനെ വരുത്തുക." എന്നും പറഞ്ഞു രാമൻമേനോൻ വലിയ വ്യസനത്തോടുകൂടി ശാരദാ ഉറങ്ങുന്ന മുറിയിലേക്കു പോയി.

രാ:- ശങ്കരാ നമ്മുടെ വൈത്തിപ്പട്ടർക്ക് വല്ലാതെ ഒരു പരിഭ്രമം. അയാൾക്ക് ഈ ദീനത്തിനെ വളരെ ഭയമുള്ളതുപോലെ തോന്നുന്നു.

ശ:- അയാൾക്ക് ഒരു ദീനത്തിനേയും പേടി ഉണ്ടാവാൻ സംഗതിയുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഈ മരണം അത്യാശ്ചര്യമായിരിക്കുന്നു. നമ്പൂതിരിക്കു പാൽ കഴിക്കുന്നതുവരെ യാതൊരു സുഖക്കേടും ഉണ്ടായിരുന്നില്ല. കഷ്ടം! ഇങ്ങനെ ഒരു ആപത്ത് നിങ്ങൾക്ക് വന്നുചേർന്നുവല്ലൊ?

രാ:- നമ്പൂതിരി പാൽ കഴിച്ചിരുന്നുവോ?

ശ:- കഴിച്ചു. എനിക്കു കൊണ്ടുവന്ന പാൽ ഞാൻ നമ്പൂതിരിക്കു കൊടുത്തു. കുടിച്ചു കഴിയുന്നതുവരെ ലേശംപോലും സുഖക്കേടുണ്ടായിരുന്നില്ല. കുടിച്ചു ഛർദ്ദിച്ച ഉടനേ വയറു കാളുന്നു എന്നാണു് പറഞ്ഞു നിലവിളിച്ചതു്.

രാ:- പാലിൽ അശുദ്ധി ഉണ്ടായിരിക്കണം. നടപ്പൂദീനം ഉണ്ടാവുന്നതു് അധികവും വെള്ളം, പാൽ മുതലായതുകളിൽ ഉള്ള ദോഷാംശം ഉദരത്തിൽ ചെല്ലുന്ന നിമിത്തമാണു്.

ശ:- അങ്ങിനെ ആയിരിക്കാം. പാലിൽ വല്ല വിഷവും ചേർന്നു പോയിട്ടുണ്ടോ എന്നു ഞാൻ സംശയിക്കുന്നു.

രാ:- നടപ്പുദീനത്തിനു ഹേതു വിഷം തന്നെയാണു്. ആ വക വിഷം പാലിൽ ഉണ്ടായിരുന്നുവായിരിക്കാം. അല്ലാതെ വേറെ ഒരു വിഷം ചേർപ്പാൻ സംഗതിയില്ലല്ലോ. [ 76 ] "ഞാൻ ആ പാൽക്കിണ്ടി ഒന്നു നോക്കട്ടെ". എന്നു പറഞ്ഞു ശങ്കരൻ കൃഷ്ണനെ വിളിച്ച് "പാൽക്കിണ്ടി എവിടെ" എന്നു ചോദിച്ചു.

കൃ:- പാൽ കുടിച്ചശേഷം കിണ്ടി ഞാൻ എടുത്തുകൊണ്ടുവന്നു കഴുകി കമഴ്ത്തിയിരിക്കുന്നു.

ശ:- എന്തിനു കഴുകി, കമഴ്ത്തി??

കൃ :- ഒന്നും ഉണ്ടായിട്ടല്ല.

രാ :- നീ ദിവസേന കിണ്ടി കഴുകി, കമഴ്ത്താറുണ്ടോ?

കൃ :- ഇല്ല.

രാമൻമേനോൻ കിണ്ടി എടുത്തുകൊണ്ടു് വരാൻപറഞ്ഞു. കൃഷ്ണൻ കിണ്ടി എടുത്തുകൊണ്ടു വരുമ്പോഴേക്കു വൈത്തിപ്പട്ടരും രാമൻമേനോന്റെ മുറിയിലേക്കു വന്നു.

രാ:- വൈത്തിപ്പട്ടരെ, കഴിയുമെങ്കിൽ ദ്രസ്സരെ ഒന്നു വരുത്തിയാൽ നന്നു്. ഇദ്ദേഹത്തിന്റെ ശവം ഒന്നു പരിശോധിക്കട്ടെ; എന്തു് ചിലവായാലും വേണ്ടതില്ല.

വൈ:- ഇതെന്തു കഥയാണു് എജമാനനെ. നുമ്മളുടെ ഈ ഗൃഹത്തിനു സമീപം ഇന്നു രാത്രി ഒരു നാലു നാഴിക മുമ്പെ രണ്ടുപേർ നടപ്പുദീനത്താൽ ചത്തിരിക്കുന്നു. നടപ്പുദീനം പിടിച്ചു മരിച്ചാൽ ശവം നോക്കീട്ടു് എന്തു കാർയ്യം?

രാ:- ശങ്കരൻ പറയുന്നു. കൃഷ്ണൻ കുറുക്കികൊണ്ടുവെച്ച പാൽ സേവിച്ച ക്ഷണത്തിലാണു് നമ്പൂതിരിക്കു ദീനം തുടങ്ങിയതു് എന്നു്.

വൈ:- അപ്പോൾ എജമാനനും ശാരദയും പാൽ സേവിച്ചില്ലെ. എന്നിട്ടു് ഇതുവരെ ദീനം ഒന്നും ഉണ്ടായില്ലല്ലൊ. ഒന്നായിട്ടല്ലേ പാൽ കുറുക്കിയതു കൃഷ്ണാ?

കൃ:- അതെ. ഒരു പാത്രത്തിലാണു് കുറുക്കിയതു്. എജമാനനും ശാരദയ്ക്കും പാൽ കൊണ്ടുപോയി കൊടുത്തശേഷമാണ് ശങ്കരമേനോനു് പാൽ കൊണ്ടുപോയി കൊടുത്തതു്.

വൈ:- കുറുക്കിയ പാത്രം എവിടെ, എടുത്തുകൊണ്ടുവാ. കൃഷ്ണൻ പാത്രവും കയിലും എടുത്തുകൊണ്ടുവന്നു. വൈത്തിപ്പട്ടര് പാത്രം വിളക്കത്തു കൊണ്ടുപോയി സൂക്ഷിച്ചു നോക്കി. പാത്രത്തിന്മേലും കയിലിന്മേലും ചിലേടങ്ങളിൽ പാൽ ഉണങ്ങി വറ്റീട്ടുണ്ട്. അതു രാമൻമേനോനെ കാണിച്ചുകൊടുത്തു. [ 77 ] വൈത്തി:- ഈ പാലിൽ യാതൊരു ദൂഷ്യവും ഉണ്ടാവാൻ സംഗതിയില്ല. എജമാനനും ശാരദയും കുടിച്ച പാലും നമ്പൂതിരി കുടിച്ച പാലും ഈ പാത്രത്തിൽ ഒന്നായി കാച്ചിയതാണു്. പാലിൽ വല്ല ദോഷവുമുണ്ടെങ്കിൽ നിശ്ചയമായി അതു സേവിച്ചവർക്കു് എല്ലാം കാണണ്ടെ. ദ്രസ്സരെ വരുത്തി നോക്കിയശേഷവും ശവം മറവുചെയ്യുന്നതായാൽ നാളെ അസ്തമിക്കുന്നതിന്നു മുമ്പു് അതു് സാധിക്കയില്ല. തലേത്തട്ടി കലശലായുള്ള ഈ സമയം ഈ ദീനം പിടിച്ചു ചത്താളുടെ ശവം ഈ കുട്ടികളുടെ എടയിൽ എന്റെ മഠത്തിൽ വെച്ചു സൂക്ഷിക്കുന്നതു് എനിക്കു സങ്കടമാണു്. ശാരദ ഉണർന്നു് ഈ വിവരം അറിഞ്ഞാൽ നിശ്ചയമായി അവൾ ഭയപ്പെടും സംശയമില്ല. എനിക്കും രണ്ടു നാലു കുട്ടികൾ ഉണ്ടല്ലൊ എജമാനനെ. പിന്നെ എന്റെ ഭാർയ്യ ഇപ്പോൾ ഗർഭിണിയാണു്. ഈ സ്ഥിതിക്കു് അശേഷം താമസിക്കാതെ ശവം ദഹനം കഴിച്ചു് വീടു് ശുദ്ധമാക്കുന്നതാണു് നല്ലതു്. ഇതൊന്നും എജമാനൻ അറിയേണ്ട. എജമാനനും ശാരദയും ഇപ്പോൾ തന്നെ എന്റെ മറ്റേ മഠത്തിലേക്ക് പുറപ്പെടുന്നതാണു നല്ലതു്. ഇവിടെ വേണ്ടതെല്ലാം ഞാൻ നടത്തിച്ചു പത്തുമണിക്കു ഞാനും എന്റെ കുട്ടികളും ഭാർയ്യയും അങ്ങോട്ട് എത്തിക്കോളാം ഈ ഗ്രാമത്തിൽ തീ പിടിച്ചതുപോലെ ദീനം തുടങ്ങിയിരിക്കുന്നു. ഒരു വിനാഴിക കുട്ടികളെ ഇവിടെ താമസിപ്പിപ്പാൻ എനിക്കു മനസ്സില്ല. എജമാനനും ശാരദയും ക്ഷണം പുറപ്പെടുന്നതാണു് നല്ലതു്. വണ്ടി ഇവിടെ തയ്യാറുണ്ടു്. എന്താണു് ശങ്കരമേനോൻ ഒന്നും പറയാത്തതു്. ഞാൻ പറഞ്ഞപ്രകാരം ചെയ്യുന്നതല്ലെ നല്ലതു്?

ശ:- ഞാൻ എന്താണു് സ്വാമീ പറയേണ്ടതു്. എനിക്കു ഒന്നും പറയാൻ തോന്നുന്നില്ല.

രാമൻമേനോൻ പട്ടരുടെ വാക്കുകൾ കേട്ടു പരിഭ്രമിച്ചു. ആകപ്പാടെ ആലോചിച്ചതിൽ പട്ടർ പറഞ്ഞതുപോലെ ചെയ്യുന്നതാണു് തൽക്കാലം നല്ലതു് എന്നു തോന്നി. സാധു നമ്പൂതിരിയെ വിചാരിച്ചു രാമൻമേനോനു അത്യന്തം വ്യസനം ഉണ്ടായെങ്കിലും തന്റെ തൽക്കാലത്തെ സ്ഥിതി ഓർത്തു വൈത്തിപ്പട്ടർ പറഞ്ഞപ്രകാരം പ്രവർത്തിക്കുക എന്നുറച്ചു.

നമ്പൂതിരിയുടെ ശവം നോക്കിച്ചിട്ടു് ഒരു ഫലവുമില്ല. നടപ്പു ദീനം തന്നെയായിരിക്കണം മരണത്തിനു കാരണം. ശാരദ ഈ നമ്പൂതിരിയുടെ മരണത്തെ അറിഞ്ഞാൽ ഭയപ്പെടും . നിശ്ചയമാണു്. തനിക്കു തൽക്കാലം എല്ലാറ്റിനും വൈത്തിപ്പട്ടരുടെ സഹായ [ 78 ] മല്ലാതെ വേറെ യാതൊരു സഹായവുമില്ല. വൈത്തിപ്പട്ടർ അപ്പോൾ പറഞ്ഞതു ശരിയാണു്. കുട്ടിയേയും കൊണ്ടു് ഈ ശവം കിടക്കുന്ന വീട്ടിൽ വളരെ സമയം ഇരിക്കുന്നതു് അശേഷം വെടിപ്പില്ല ഇങ്ങിനെ ആലോചിച്ചുംകൊണ്ടു്,

രാ:- ശരി അങ്ങിനെയാവട്ടെ. നിങ്ങൾ ക്ഷണം വണ്ടികൊണ്ടു വരുവിൻ. ശവസംസ്ക്കാരത്തിനു പത്തുറുപ്പിക ഇതാ എന്നു പറഞ്ഞു വൈത്തിപ്പട്ടർവശം ഉറുപ്പിക കൊടുത്തു. വൈത്തിപ്പട്ടർ സന്തോഷത്തോടുകൂടി വണ്ടി കൊണ്ടുവരുവാൻ കൃഷ്ണനോടുകൂടി ഓടിപ്പോയി. കൃഷ്ണനെ വഴിയിൽവെച്ച് വൈത്തിപ്പട്ടർ വളരെ ശകാരിച്ചു. അവൻ ചെയ്ത വിവരം എപ്പോഴെങ്കിലും ആരോടെങ്കിലും പറഞ്ഞാൽ അവനെ സർക്കാർ ആൾ തൂക്കിക്കൊല്ലുമെന്നും പറഞ്ഞ് വെടിപ്പായി വിശ്വസിപ്പിച്ചു. പട്ടരു് ഉടനെ വണ്ടിയുംകൊണ്ട് എത്തി. രാമൻമേനോനും ശാരദയും ശങ്കരനും കൃഷ്ണനും ആ മഠത്തിൽനിന്ന് അപ്പോൾ തന്നെ പുറപ്പെട്ടു വൈത്തിപ്പട്ടർ തയ്യാറാക്കിയ ഗൃഹത്തിലേക്ക് പോവുകയും ചെയ്തു. വൈത്തിപ്പട്ടർ ക്ഷണേന ശവദാഹം കഴിച്ചു് മഠം ശുദ്ധംവരുത്തി തന്റെ കുടുംബാംഗങ്ങളോടുകൂടി പിറ്റേ ദിവസം പന്ത്രണ്ടുമണിക്കു രാമൻമേനോൻ താമസിക്കുന്ന ഗൃഹത്തിൽ എത്തി വിവരങ്ങൾ എല്ലാം അറിയിച്ച് അവിടെ താമസിച്ചു.

"https://ml.wikisource.org/w/index.php?title=ശാരദ/നാലാം_അദ്ധ്യായം&oldid=38493" എന്ന താളിൽനിന്ന് ശേഖരിച്ചത്