Jump to content

താൾ:Sarada.djvu/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെങ്കിൽ ഈ കണ്ണുപൊട്ടനും കുട്ടിയും അവരുടെ പണവും നമ്മുടെ കയ്യിൽതന്നെ. പിന്നെ ഞാനഗതി. വേറെ യാതൊരു പരിചയക്കാരുംകൂടി ഇവർക്കില്ല. നമ്മുടെ ഇഷ്ടപ്രകാരം അറുപത് എഴുപതിനായിരം ഉറുപ്പിക കൊണ്ട് കളിക്കാം. വിചാരം ഇവിടെ എത്തിയപ്പോൾ ഒരു സർപ്പദൃഷ്ടിയോടുകൂടി വൈത്തിപ്പട്ടർക്ക് മ്ലേച്ഛമായ പല്ലുകൾ മുഴുവനും പുറത്തായി ഒരു സന്തോഷഹർഷം ഉണ്ടായി. പിന്നെയും ആലോചിച്ചു തുടങ്ങി. എന്താണ് ആലോചിച്ചത് എന്ന് എനിക്കു എഴുതുവാൻ കൂടി ഭയമാവുന്നു. ഈ മഹാപാപി പട്ടര് ചെയ്യുവാൻ ഉറച്ച കർമ്മം ഇന്നതാണെന്നു ഞാൻ ഇവിടെ പറയണമൊ. ഈ മഹാപാപിയെ കുറിച്ച് എഴുതുന്നവർക്കുകൂടി മഹാപാപം ഇല്ലേ.

പട്ടരുടെ ആലോചന മുറുകി. ഒരുവിധം എല്ലാം ഉറച്ചശേഷം തന്റെ ഒരു വിശ്വസ്തനായ സ്നേഹിതനോടും ഈ സംഗതിയെപ്പറ്റി ആലോചന ചെയ്യണമെന്നു നിശ്ചയിച്ചു. അയാളുടെ പാർപ്പിടത്തിലേക്കായി വൈത്തിപ്പട്ടർ പോയി. ഈ സ്നേഹിതന്റെ പേർ കറുപ്പൻ ചെട്ടി എന്നായിരുന്നു. കറുപ്പൻ ചെട്ടി ആ ദിക്കിൽ നല്ലവണ്ണം അറിയപ്പെട്ടിരുന്ന ഒരു പെരുംകള്ളനും ദുഷ്ടകർമ്മങ്ങൾ ചെയ്തുചെയ്തു അതിനിഷ്ഠൂരനായിത്തീർന്ന ഒരു മഹാപാപിയും ആയിരുന്നു. നരഹത്യ , കൂട്ടായ്മക്കവർച്ച , കവർച്ച , കളവ് , ഇതുകളാണ് ഇവന്റെ തൊഴിൽ. എന്നാൽ പോല്ലീസ്സുകാരുടെ അജാഗ്രതയാലോ ഈ മഹാപാപിയുടെ സാമർത്ഥ്യത്താലോ ഇവനെ രണ്ടുപ്രാവശ്യത്തിലധികം ശിക്ഷിപ്പാൻ സാധിച്ചിട്ടില്ല. വളരെക്കാലം മുമ്പ് ഒരു കളവിൽ മൂന്നു കൊല്ലം കഠിനതടവും കൊരടാവുകൊണ്ട് നൂറടിയും കിട്ടി. ഇതിനു ശേഷം വളരെക്കാലം പലേ കൊലക്കാർയ്യങ്ങളിലും ഇവൻ ഉൾപ്പെട്ടിരുന്നുവെങ്കിലും ഒരു കാർയ്യത്തിലെങ്കിലും കുടുങ്ങീട്ടില്ല. നമ്മുടെ ഈ കഥ നടന്ന കാലത്തിന്ന് ഏകദേശം ഒരു പതിനൊന്നു സംവത്സരങ്ങൾ മുമ്പ് ഒരാളെ കൊല്ലാൻ ശ്രമിച്ച കുറ്റത്തിനു പത്തുകൊല്ലം തടവുശിക്ഷ അനുഭവിച്ചു. അതു കഴിഞ്ഞു മടങ്ങി നാട്ടിൽ എത്തീട്ട് ഇക്കാലം ഒരു കൊല്ലമേ ആയിട്ടുള്ളു.

സൃഷ്ടിയിൽ ദുഷ്ടനും ശിഷ്ടനും വളരെ ഭേദങ്ങൾ സാധാരണ കാണപ്പെടുന്നില്ലെങ്കിലും ചിലപ്പോൾ കാണാറുണ്ട്. എന്നാൽ ചില അത്യന്തരൂക്ഷവേഷത്തിന്റെ ഉള്ളിൽ അത്യന്തമൃദുവായ ഹൃദയവും ചില അത്യന്ത സൗമ്യവേഷത്തിന്റെ ഉള്ളിൽ അത്യന്ത ക്രൂരഹൃദയവും കാണപ്പെടുന്നു. അതിനാലാണ് സ്വരൂപത്തിന്റെ സ്വഭാവത്തെകൊണ്ട് ഹൃദയത്തിന്റെ സ്വഭാവം നിശ്ചയിക്കാൻ പാടി

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/59&oldid=169865" എന്ന താളിൽനിന്ന് ശേഖരിച്ചത്