താൾ:Sarada.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ല്ലെന്ന് ഈ അദ്ധ്യായത്തിന്റെ ആദ്യത്തിൽ ഞാൻ പറഞ്ഞത്. എന്നാൽ നമ്മുടെ കറുപ്പൻ അകത്തും പുറത്തും ഒരുപോലെ രൂക്ഷനായിരുന്നു.

കറുപ്പൻ വർണ്ണത്തിൽ കറുപ്പൻതന്നെയായിരുന്നു. ആ കറുത്ത മുഖത്തിലും ശരീരത്തിൽ എല്ലാടവും ഒരുപോലെ കുഴിഞ്ഞു കീറി കാണുന്ന മസൂരിക്കലകളും രക്തവർണ്ണങ്ങളായ വട്ടക്കണ്ണുകളും ശ്വാവിന്റെ ദൃംഷ്ട്രങ്ങൾപോല നീണ്ടുവെളുത്ത മിന്നുന്ന പല്ലുകളും രൂക്ഷമായ നോട്ടവും ദീർഘിച്ച ഊക്കുള്ള ആ ദേഹവും എല്ലായ്പോഴും കയ്യിൽ കൊണ്ടുനടക്കുന്ന ഭയങ്കരമായ പിശ്ശാങ്കത്തിയും കണ്ടാൽ ഈ വാർദ്ധക്യകാലത്തും ഈ മഹാപാപി ചണ്ഡാളൻ അത്യന്തം നിഷ്ഠൂരനായ ഒരു യമഭടൻതന്നെ എന്നു മനുഷ്യർക്ക് തോന്നും. ഈ കറുപ്പന്റെ സ്വരൂപംപോലെ ഇവനെപ്പോലെയുള്ള ദുഷ്ടമനുഷ്യരെയെല്ലാം സൃഷ്ടിച്ചിരുന്നുവെങ്കിൽ സാധുജനങ്ങൾക്കു ഇവരിൽ നിന്ന് , ദുഷ്ടമൃഗങ്ങളിൽ നിന്ന്, ഇപ്പോൾ ഒരുവിധം രക്ഷപെടുന്നതുപോലെ , രക്ഷപ്പെടാമായിരുന്നു. മുമ്പ് ചില കളവു കാർയ്യങ്ങൾ ഇവൻ ചെയ്തിട്ടുള്ളതിൽ ഈ വൈത്തിപ്പട്ടര് ചിലപ്പോൾ കളവുമുതൽ ഇവന്നുവേണ്ടി സൂക്ഷിച്ച് കൊടുക്കുകയും മറ്റും ചെയ്തിട്ടുണ്ട്. വൈത്തിപ്പട്ടരും കറുപ്പനും തമ്മിൽ വളരെ ചേർച്ചയായിട്ടാണ്.

വൈത്തിപ്പട്ടര് കറുപ്പന്റെ പുരയിൽ ചെന്നു കയറുമ്പോൾ കറുപ്പൻ ഒരു മുണ്ടു വിരിച്ച് തന്റെ പിശ്ശാങ്കത്തിയും തലയ്ക്കൽവെച്ച് കിടന്നുറങ്ങുകയായിരുന്നു. പട്ടര് മിറ്റത്തുനിന്നു "കറുപ്പാ, കറുപ്പാ, എന്ന സന്ത്യവേളയിലെ തൂങ്കറയാ" എന്നു ചോദിച്ചു. കറുപ്പൻ ഞെട്ടി ഉണർന്നിരുന്നു. "ഒ-അയ്യരു വന്തത് എനിക്ക് തിരിയിലെ , അയ്യര് ഇരുങ്കോളെ" എന്ന് പറഞ്ഞ് ഒരു പലക എടുത്തിരിപ്പാൻ കൊടുത്തു. കറുപ്പനും പട്ടരുംകടെ ഉടനെ പുരയുടെ തെക്കെ മിറ്റത്തുപോയി അടുത്ത് ഇരുന്ന് ഏറ്റവും ഗോപ്യമായി രണ്ടുമൂന്നു നാഴിക സംസാരിച്ചു. സംസാരം കഴിഞ്ഞശേഷം എഴുനീറ്റ് രണ്ടുപേരം മന്ദഹാസം ചെയ്തു. കറുപ്പന്റെ "മന്ദഹാസം" ഏതു പ്രകാരമായിരിക്കുമെന്ന് എന്റെ വായനക്കാരിൽ ചിലർക്കെല്ലാം മനസ്സുകൊണ്ട് ധ്യാനിച്ചുകൂടെ. കാണാം എന്നുതന്നെ ഞാൻ വിചാരിക്കുന്നു. കറുപ്പനെപ്പോലെയുള്ള ജന്തുക്കൾ മനസ്സിന്നു വല്ല സ്തോഭവും ഉണ്ടാവുമ്പോൾ പല്ലിളിച്ചു കാണിക്കുന്നതിന്ന് "മന്ദഹാലം" "പുഞ്ചിരി" എന്നും മറ്റുമുള്ള വാക്കുകളെ ഉപയോഗിക്കുന്നത് കേവലം അബദ്ധമാണെന്ന് എനിക്കു നിശ്ചയമുണ്ട്. എന്നാൽ ഈ അർത്ഥ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/60&oldid=169867" എന്ന താളിൽനിന്ന് ശേഖരിച്ചത്