താൾ:Sarada.djvu/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വരാം. എജമാനനേയും കുട്ടിയേയും നമുക്ക് അങ്ങട്ട് കൂട്ടിക്കൊണ്ടുപോവാം അതല്ലെ നല്ലത്.

ശ :- അതെ , ഉടനെ പാർപ്പു മാറുന്നത് ആവശ്യം. ഞാൻ വെളിച്ചാവുമ്പോൾ വിവരങ്ങളേക്കുറിച്ച് മൂപ്പരെ അറിയിക്കാം.

വൈ :- ശാരദയുടെ അടുക്കവെച്ചു ദീനത്തിന്റെ വർത്തമാനം ഒന്നും പറയരുതെ. കുട്ടികൾ ക്ഷണം ഭയപ്പെടും. വിശേഷിച്ച് നമ്മുടെ കുട്ടിക്ക് ഈ വക ഒക്കെയും ക്ഷണത്തിൽ മനസ്സിലാവുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ. കുട്ടിക്ക് യാതൊരു അറിവും കൊടുക്കരുതേ.

ശ :- ഇല്ല. ഞാൻ ശാരദയെ അറിയിക്കാതേ മൂപ്പരെ വിവരങ്ങൾ ഗ്രഹിപ്പിച്ചുകൊള്ളാം.

വൈത്തിപ്പട്ടര് ആ ദിക്കിൽ ദീനമുണ്ടെന്നു പറഞ്ഞത് കേവലം കളവല്ല. ആ ഗ്രാമത്തിനു സമീപം ഒരഞ്ചാറ് ദിക്കിൽ നടപ്പുദീനം ഉണ്ടാകയും അഞ്ചെട്ടു പേർ മരിക്കുകയും ചെയ്തിരുന്നു. വെളിച്ചായപ്പോൾ ശങ്കരൻ ഈ വിവരത്തെക്കുറിച്ച് പുറമേയും കേട്ടു. രാമൻമേനോട് വിവരങ്ങളെക്കുറിച്ച് സ്വകാര്യമായി പറഞ്ഞു. രാമൻമേനോൻ വൈത്തിപ്പട്ടരെ വിളിക്കാൻ പറഞ്ഞു. അപ്പോഴേക്ക് വൈത്തിപ്പട്ടര് തന്റെ മറ്റേ ഗൃഗം രാമൻമേനോനും മറ്റും പാർപ്പാൻ ശട്ടംകെട്ടുവാനാണെന്നു പറഞ്ഞ് പോയിരിക്കുന്നു.

വൈകുന്നേരം ഏകദേശം നാലുമണി സമയത്ത് പട്ടരു മടങ്ങി എത്തി. ഗൃഹം എല്ലാം ശട്ടമായിരിക്കുന്നു. ഒരു താഴ്ന്ന കെട്ടിപുരപൊളിഞ്ഞു കിടക്കുന്നത് നന്നാക്കാനുണ്ട്. ആൾപാർപ്പില്ലാത്തതിനാൽ നിലവും വളരെ മ്ലേച്ഛമായിരിക്കുന്നു. അതു കൂലിക്കാര് നന്നാക്കുന്നുണ്ട്. കുറെ പനയോല വെട്ടിച്ചുകൊണ്ടു പോവാനാണ് പന്ത്രണ്ടു മണിക്ക് താൻ മടങ്ങി എത്തും. പുലർച്ചെ നാലുമണിക്കു ഗൃഹത്തിലേക്ക് പുറപ്പെടാം എന്നും രാമൻമേനോനോടു പറഞ്ഞ് പട്ടര് പിന്നെയും പുറപ്പെട്ടു. ഇതിനിടയിൽ വൈത്തിപ്പട്ടര് വേറെ ചില കാർയ്യങ്ങൾ കൂടി പ്രവർത്തിച്ചിട്ടാണ് പോയത്.

രാമൻമേനോന്റെ കൂടെ ഭൃത്യനായിട്ട് കൃഷ്ണൻ എന്നു പേരായ ഒരുവൻ ഉണ്ടെന്ന് എന്റെ വായനക്കാരുടെ ഓർമ്മയിൽ ഉണ്ടായിരിക്കും. ഇവൻ വളരെ ബുദ്ധി കുറഞ്ഞ ദുഷ്ടചെക്കനായിരുന്നു. ഇവൻ ചെറുപ്പത്തിൽ വൈത്തിപ്പട്ടർക്ക് തെക്കൻ ചരക്കു ചുമട് എടുത്ത് കൂലി വാങ്ങി വൈത്തിപ്പടരുടെ ഭൃത്യന്റെ മാതിരിയിൽ കാലക്ഷേപം കഴിച്ചു വരാറായിരുന്നു. കല്യാണി അമ്മയുടെ കൂടെ കൂട്ടിക്കൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/63&oldid=169870" എന്ന താളിൽനിന്ന് ശേഖരിച്ചത്