താൾ:Sarada.djvu/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പോയതും വൈത്തിപ്പട്ടരാണ്. ഇവന്റെ സ്വന്തം എജമാനൻ ഇപ്പോഴും വൈത്തിപ്പട്ടരാണെന്നാണ് ഇവന്റെ ബോധം. വൈത്തിപ്പട്ടരുമായി കണ്ട് ഒന്നിച്ചു കൂടിയതിന്റെ ശേഷം വൈത്തിപ്പട്ടരോടു ചേർന്നു രാവു പകൽ എടയുള്ള സമയം എല്ലാം രാമൻമേനോന്റെയും ശങ്കരനെയും ദുഷിക്കുകയാണ് ഇവന്റെ പ്രവൃത്തി. വൈത്തിപ്പട്ടരെ ഇവനു വളരെ വിശ്വാസമായിട്ടാണ്. വൈത്തിപ്പട്ടർക്ക് അങ്ങോട്ടും അങ്ങിനെ തന്നെ. രാമൻ മേനോന്റെ പക്കൽ നിന്നു് വളരെ പണം കൌശലത്തിൽ വാങ്ങി കൊടുക്കുമെന്നു പട്ടരു പലപ്പോഴും ഈ കൃഷ്ണനോട് പറകയും അതിനെ കൃഷ്ണൻ പൂർണ്ണമായി വിശ്വസിക്കുകയും ചെയ്തിരുന്നു. ശങ്കരമേനോന്റെ ഉപദ്രവം കൊണ്ടാണ് ഒന്നും വൈത്തിപട്ടരു വിചാരിച്ചതുപോലെ സാധിക്കാത്തത് എന്ന് വൈത്തിപ്പട്ടരു പറഞ്ഞു കൃഷ്ണനു നല്ല ബോദ്ധ്യംവന്നിട്ടുള്ളതിനാൽ ശങ്കരനോട് കൃഷ്ണനു വൈരം ധാരാളമായി ഉണ്ടായിരുന്നു. വൈത്തിപ്പട്ടരു രാമൻമേനോനോട് പുരകെട്ടിക്കാനാണെന്നു പറഞ്ഞു പുറപ്പെട്ടതിന്നു മുമ്പ് താൻ മഠത്തിൽനിന്ന് എറങ്ങിയാൽ ഒരു നാലു നിമിഷത്തിനുള്ളിൽ കൃഷ്ണൻ എറങ്ങി പുറത്തേക്കു ചെല്ലണമെന്നും ഗ്രാമത്തലയ്ക്കൽ നിരത്തുവഴിക്കു സമീപം താൻ നില്ക്കുമെന്നും അവിടെവെച്ചു ചില വിവരങ്ങൾ കൃഷ്ണനോടു പറവാനുണ്ടെന്നും പറഞ്ഞപ്രകാരം കൃഷ്ണൻ വൈത്തിപ്പട്ടരു പറഞ്ഞ സ്ഥലത്തേക്കു ചെന്നു. ഒരു രണ്ടു നാഴികനേരം കൃഷ്ണനും വൈത്തിപ്പട്ടരും കൂടി അത്യന്തം ഗോപ്യമായ ഒരു സ്ഥലത്തുവെച്ചു സ്വകാർയ്യം സംസാരിച്ചു പിരിഞ്ഞു. കൃഷ്ണൻ തിരിയെ ഗൃഹത്തിലേക്കു പോരുകയും ചെയ്തു. കൃഷ്ണൻ ബുദ്ധി ഇല്ലാത്ത ഒരു പൊണ്ണച്ചാരാണെന്നു മുമ്പെ പറഞ്ഞിട്ടുണ്ടല്ലൊ. എന്നാൽ വൈത്തിപ്പട്ടരു പറഞ്ഞതുപോലെ കൃത്യമായി എല്ലാം പ്രവർത്തിക്കാൻ അവനും അശേഷം പ്രയാസം ഇല്ലാതെ വന്നത് ഇവന്റെ ബുദ്ധിക്കുറവുനിമിത്തം തന്നെയാണ്. ബുദ്ധിയും ആലോചനയും ഉള്ള ഒരു ഭൃത്യനും ബുദ്ധിശൂന്യനും പറഞ്ഞതുപോലെ കേൾപ്പാൻ മാത്രം അറിവുള്ള ഒരു ഭൃത്യനും ആയാൽ പലപ്പോഴും എജമാനൻ പറഞ്ഞതുപോലെ കൃത്യമായി പ്രവർത്തിക്കുന്നത് ബുദ്ധിശൂന്യനാണെന്ന് കാണാം. ബുദ്ധിയുള്ള ഒരു കാർയ്യസ്ഥനെ ഒരു കാർയ്യം ഇന്ന പ്രകാരത്തിൽ ചെയ്യണമെന്ന് ഏല്പിച്ചാൽ അതുപ്രകാരം തന്നെ പ്രവർത്തിക്കുന്നതിൽ തന്റെ എജമാനനു മുൻകൂട്ടി കാണാൻ കഴിയാത്ത വല്ല വിഷമങ്ങളും നേരിട്ടാൽ അതുകളെ തടുപ്പാൻ തല്ക്കാലമായി സദൃശമായി സ്വന്ത യുക്തിയാൽ ആ കാർയ്യസ്ഥൻ വല്ലതും പ്രവർത്തിച്ച എന്നോ അല്ലെങ്കിൽ പ്രവർത്തിക്കാൻ തന്നെ ഏല്പിച്ചതിൽ വല്ലതും പ്രവർത്തികാതിരുന്നുവെന്നോ വന്നേക്കാം. തന്നോട് പറഞ്ഞതു

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/64&oldid=169871" എന്ന താളിൽനിന്ന് ശേഖരിച്ചത്