താൾ:Sarada.djvu/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തോടകളാൽ മൂടപ്പെട്ടിരുന്നു. മൃണാളകോമളങ്ങളായ കൈകൾ രണ്ടിലും ഓരോരോ ചെറിയ പൂട്ടുവളകൾ ഇട്ടിരിക്കുന്നു. പങ്കജവർണ്ണങ്ങളായും മൃദുക്കളായും ഉള്ള ചെറിയ കയ്യടികളേയും രണ്ടുമൂന്നു രത്നമോതിരങ്ങളാൽ മാത്രം അലംകൃതങ്ങളായ ചെറിയ കൈവിരലുകളേയും കണ്ടിട്ട് നമ്പൂതിരിക്ക് അത്യന്തം സന്തോഷവും കൗതുകവും തോന്നി. ആകപ്പാടെ ആ ചെറിയ വിഗ്രഹത്തിൽ ഉജ്വലിച്ചുകാണുന്ന സൗന്ദർയ്യമോ , കാന്തിയോ , ശോഭയോ , കൗതുകമോ , കോമളത്വമോ ഇന്നപ്രകാരമാണെന്നു പറവാൻ പ്രയാസം. ശാരദയുടെ നെറ്റിയും നേത്രങ്ങളും മുഖത്തിന്റെ ആകൃതിയും , നോക്കിയാൽ അത്യന്തം ബുദ്ധിശക്തിയുള്ള ഒരു കുട്ടിയാണെന്നു ബുദ്ധമാന്മാർ നിശ്ചയമായും തീർച്ചപ്പെടുത്തും. നമ്മുടെ നേരമ്പോക്കുകാരൻ നമ്പൂതിരിക്ക് ഈ അഭിപ്രായം കൂടി ഉണ്ടായോന്ന് എനിക്ക് നിശ്ചയം പറവാൻ പാടില്ല. കുട്ടിയുടെ സൗന്ദർയ്യത്തെ ആകപ്പാടെ മനസ്സിലാക്കിയശേഷം ഒരു കാര്യത്തെക്കുറിച്ചു നമ്പൂതിരി ക്ഷണെന തീർച്ചയാക്കി. തനിക്കോ തന്റെ മാതിരി വേറെ നമ്പൂതിരിമാർക്കൊ വേറെ സാധാരണ മനുഷ്യർക്കൊ ഈ ബാലികയെ കിട്ടുകയില്ലെന്നു തീർച്ചയാക്കി. ഈ രത്നത്തെ വല്ല മഹാരാജാക്കന്മാരും ക്ഷണേന കയ്ക്കലാക്കുമെന്നും തീർച്ചയാക്കി. പക്ഷെ നമ്പൂതിരിക്ക് ഇതു നിമിത്തം മനസ്സിന്നു യാതൊരു പരിഭവവും ഉണ്ടായില്ല. തനിക്ക് നല്ല പെൺകിടാങ്ങളെ കാണണം. അവരോടു സംസാരിച്ചും രസിച്ചും പാട്ടുപാടിയും ഉത്സവങ്ങൾ കണ്ടും നല്ല സാപ്പാടു കഴിച്ചും കാലക്ഷേപം ചെയ്യേണമെന്നു മാത്രമേ മോഹമുണ്ടായിരുന്നുള്ളു. എന്നാൽ ഒരു കാർയ്യത്തെ കുറിച്ചുകൂടി അപ്പോൾതന്നെ നമ്പൂതിരി നിശ്ചയിച്ചു. തന്റെ താമസം മേലിൽ അധികവും ശാരദ എവിടെയോ അവിടെത്തന്നെ എന്ന് ഉറപ്പായി നിശ്ചയിച്ചു. ശാരദയുമായി നേരിട്ടുതന്നെ ഒന്ന് സംസാരിച്ചു ശാരദയെ രസിപ്പിച്ചു മന്ദഹസിപ്പിച്ചു ആ രസത്തെ അനുഭവിക്കേണമെന്നും നിശ്ചയിച്ച് നമ്മുടെ സുമുഖൻ നമ്പൂതിരി ശാരദയോട് ഇങ്ങിനെ പറഞ്ഞു.

"എന്താണ് കുട്ടിക്കു സ്വരാജ്യത്തിലേക്ക് പോവണ്ടെ ? ഞാൻ അച്ഛനേയും കുട്ടിയേയും കൂട്ടിക്കൊണ്ടുപോവാനാണു വന്നത്."

ശാരദ മന്ദഹസിച്ചുംകൊണ്ടു തന്റെ അച്ഛന്റെ മുഖത്തേക്കു നോക്കി.

നമ്പൂതിരിക്കു പൂർണ്ണതൃപ്തിയായി. എന്നിട്ടു വീണ്ടും ഇങ്ങനെ പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/70&oldid=169878" എന്ന താളിൽനിന്ന് ശേഖരിച്ചത്