താൾ:Sarada.djvu/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൈത്തിപ്പട്ടരുടെ മുഖവും ഭാവവും കണ്ടിട്ട് രാമൻമേനോൻ വല്ലാതെ പരിഭ്രമിച്ചുപോയി. ദീനത്തിൽ ഉള്ള ഭീതികൊണ്ടാണു് പട്ടർക്ക് ഈ പരവശത എന്നു രാമൻമേനോൻ നിശ്ചയിച്ചു.

രാ:- എന്താണു് നിങ്ങൾക്കു ദീനത്തിനെ വളരെ ഭയമുണ്ടെങ്കിൽ ഇങ്ങോട്ടു കടക്കേണ്ട. ഇയാൾ മരിച്ച വിവരം സർക്കാരാളുകളെ ക്ഷണത്തിൽ അറിയിച്ചു് ഇയ്യാളുടെ നാട്ടിലേക്കും കമ്പിയിൽ അറിയിക്കണം. എന്നിട്ട് ശവസംസ്ക്കാരം ചെയ്വാൻ നോക്കണം. നിങ്ങൾക്കു ഭയമുണ്ടെങ്കിൽ ഇങ്ങോട്ടു കടക്കേണ്ട.

വൈത്തിപ്പട്ടരു് ഈ വാക്കുകളെല്ലാം കേട്ടിട്ടും ഒരക്ഷരംപോലും ഉരിയാടാതെ ഒരു പിശാചിനെപ്പോലെ സ്തബ്ധനായിത്തന്നെ നിന്നു.

രാ:- എന്താണു് നിങ്ങൾ ഇങ്ങിനെ നിൽക്കുന്നതു്? ശാരദയെ ഈ വിവരങ്ങൾ ഒന്നും അറിയിക്കാതെ ഇവിടെനിന്നു വേറെ ഒരു സ്ഥലത്തേക്കു് കൊണ്ടുപോയാൽ നന്നായിരുന്നു.

ഇവിടെ വൈത്തിപ്പട്ടരു് ഒരു ദീർഘനിശ്വാസം ചെയ്തു.

വൈ:- എനിക്കു ദീനത്തെ ഒരു ഭയവുമില്ല. ഞാൻ കടന്നു നോക്കട്ടെ. ഏതു നമ്പൂതിരിയാണു് ഈ മരണത്തിന് ഇവിടെ ചാടിയെത്തിയതു് എന്നു നോക്കട്ടെ എന്നും പറഞ്ഞു വൈത്തിപ്പട്ടരു് നമ്പൂതിരിയുടെ ശവം കിടക്കുന്ന അറയിൽ കടന്നു സൂക്ഷിച്ചുനോക്കി.

"ഓ, ഹൊ, ഇയാളെ ഞാനറിയും. പാലക്കാട്ടു നമ്പൂതിരിയാണു് ഇതു്. ഇയാൾക്കു തെണ്ടിനടക്കുകയാണു് പണി. ഇയാൾ എനിക്കു മുമ്പെ കുറെ ചരക്കു് എടുത്തവക പണം തരാനുണ്ടായിരുന്നു. അതു പിരിപ്പാൻ ഞാൻ വളെര ബുദ്ധിമുട്ടി. ഒരു വിധം ഒടുവിൽ കിട്ടി. പലിശ മുഴുവനും വിട്ടുകൊടുക്കേണ്ടി വന്നു. മഹാ അസത്താണ്. ഈ മാരണം ഇവിടെവന്നു ചാടി ചത്തതു് എന്തിനപ്പാ എന്നും പറഞ്ഞു വൈത്തിപ്പട്ടര് പുറത്തേക്കു് കടന്നു.

വൈ:- കൃഷ്ണൻ ഇവിടെ ഇല്ലെ , ഈ ഛർദ്ദിയും മറ്റും ഉടനെ ഇവിടുന്നു വടിച്ചെടുത്തു് ഒരു കുഴിയിൽ ഇട്ടു മൂടട്ടെ അത് ലേശംപോലും ഇവിടെ എങ്ങും നിൽക്കരുതു്. അകം മുഴുവനും മെഴുകണം. അതാണു് ഒന്നാമതു വേണ്ടതു്. എന്നിട്ടു കുറെ ഗന്ധകം പുകയ്ക്കട്ടെ. എന്നിട്ട് സർക്കാരാളുകളെ വിളിക്കാം. സർക്കാരാളുകളെ വിളിച്ചിട്ടുതന്നെ അവശ്യമില്ല. നടപ്പുദീനത്തിൽ എത്രാൾ മരിക്കുന്നു. ഈവകമരണത്തിൽ ശവങ്ങളെ സർക്കാരാൾ പരിശോധിക്കാറില്ല.

രാ:- സർക്കാരാളെ നിശ്ചയമായി വരുത്തണം. നമ്പൂതിരി അന്യദിക്കുകാരനാണു്. ഇങ്ങനെ പെട്ടെന്നു മരിച്ചുപോയ അവസ്ഥയ്ക്കു

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/74&oldid=169882" എന്ന താളിൽനിന്ന് ശേഖരിച്ചത്