നിശ്ചയമായി സർക്കാരാൾ പരിശോധിച്ചശേഷമെ ശവദാഹം ചെയ്വാൻ പാടുള്ളു. ശവദാഹം ചെയ്യ്വാൻ പാടുള്ളു. എന്നല്ല ഇവിടെ ദ്രസ്സരോ ഡോക്ടറോ ഉണ്ടെങ്കിൽ അവരെക്കൂടി ഒന്നു വരുത്തികാണിച്ചാൽ നന്നായിരിക്കും.
വൈ:- ഇതെന്തു കഥയാണ് എജമാനൻ പറയുന്നതു്. ശവത്തിനു ചികിത്സിപ്പാൻ ഡാക്ടറെ വരുത്തുകയോ , നല്ല ശിക്ഷ. പക്ഷെ അധികാരിയെ ഞാൻ വിളിച്ചുകൊണ്ടുവരാം. ദ്രസ്സരും ഡാക്ടരും ഇവിടെ സമീപമില്ല. വേണമെങ്കിൽ രണ്ടു താരം ദൂരെ പോവണം. വരണമെങ്കിൽ കഠിനഫീസുകൊടുക്കണം. ഈ ശവത്തിനു വേണ്ടി എന്തിനു നാം ഇത്രയെല്ലാം അദ്ധ്വാനിക്കുന്നു?
"എന്നാൽ അധികാരിയെ ഉടനെ വരുത്തുക." എന്നും പറഞ്ഞു രാമൻമേനോൻ വലിയ വ്യസനത്തോടുകൂടി ശാരദാ ഉറങ്ങുന്ന മുറിയിലേക്കു പോയി.
രാ:- ശങ്കരാ നമ്മുടെ വൈത്തിപ്പട്ടർക്ക് വല്ലാതെ ഒരു പരിഭ്രമം. അയാൾക്ക് ഈ ദീനത്തിനെ വളരെ ഭയമുള്ളതുപോലെ തോന്നുന്നു.
ശ:- അയാൾക്ക് ഒരു ദീനത്തിനേയും പേടി ഉണ്ടാവാൻ സംഗതിയുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഈ മരണം അത്യാശ്ചര്യമായിരിക്കുന്നു. നമ്പൂതിരിക്കു പാൽ കഴിക്കുന്നതുവരെ യാതൊരു സുഖക്കേടും ഉണ്ടായിരുന്നില്ല. കഷ്ടം! ഇങ്ങനെ ഒരു ആപത്ത് നിങ്ങൾക്ക് വന്നുചേർന്നുവല്ലൊ?
രാ:- നമ്പൂതിരി പാൽ കഴിച്ചിരുന്നുവോ?
ശ:- കഴിച്ചു. എനിക്കു കൊണ്ടുവന്ന പാൽ ഞാൻ നമ്പൂതിരിക്കു കൊടുത്തു. കുടിച്ചു കഴിയുന്നതുവരെ ലേശംപോലും സുഖക്കേടുണ്ടായിരുന്നില്ല. കുടിച്ചു ഛർദ്ദിച്ച ഉടനേ വയറു കാളുന്നു എന്നാണു് പറഞ്ഞു നിലവിളിച്ചതു്.
രാ:- പാലിൽ അശുദ്ധി ഉണ്ടായിരിക്കണം. നടപ്പൂദീനം ഉണ്ടാവുന്നതു് അധികവും വെള്ളം, പാൽ മുതലായതുകളിൽ ഉള്ള ദോഷാംശം ഉദരത്തിൽ ചെല്ലുന്ന നിമിത്തമാണു്.
ശ:- അങ്ങിനെ ആയിരിക്കാം. പാലിൽ വല്ല വിഷവും ചേർന്നു പോയിട്ടുണ്ടോ എന്നു ഞാൻ സംശയിക്കുന്നു.
രാ:- നടപ്പുദീനത്തിനു ഹേതു വിഷം തന്നെയാണു്. ആ വക വിഷം പാലിൽ ഉണ്ടായിരുന്നുവായിരിക്കാം. അല്ലാതെ വേറെ ഒരു വിഷം ചേർപ്പാൻ സംഗതിയില്ലല്ലോ.