താൾ:Sarada.djvu/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"ഞാൻ ആ പാൽക്കിണ്ടി ഒന്നു നോക്കട്ടെ". എന്നു പറഞ്ഞു ശങ്കരൻ കൃഷ്ണനെ വിളിച്ച് "പാൽക്കിണ്ടി എവിടെ" എന്നു ചോദിച്ചു.

കൃ:- പാൽ കുടിച്ചശേഷം കിണ്ടി ഞാൻ എടുത്തുകൊണ്ടുവന്നു കഴുകി കമഴ്ത്തിയിരിക്കുന്നു.

ശ:- എന്തിനു കഴുകി, കമഴ്ത്തി??

കൃ :- ഒന്നും ഉണ്ടായിട്ടല്ല.

രാ :- നീ ദിവസേന കിണ്ടി കഴുകി, കമഴ്ത്താറുണ്ടോ?

കൃ :- ഇല്ല.

രാമൻമേനോൻ കിണ്ടി എടുത്തുകൊണ്ടു് വരാൻപറഞ്ഞു. കൃഷ്ണൻ കിണ്ടി എടുത്തുകൊണ്ടു വരുമ്പോഴേക്കു വൈത്തിപ്പട്ടരും രാമൻമേനോന്റെ മുറിയിലേക്കു വന്നു.

രാ:- വൈത്തിപ്പട്ടരെ, കഴിയുമെങ്കിൽ ദ്രസ്സരെ ഒന്നു വരുത്തിയാൽ നന്നു്. ഇദ്ദേഹത്തിന്റെ ശവം ഒന്നു പരിശോധിക്കട്ടെ; എന്തു് ചിലവായാലും വേണ്ടതില്ല.

വൈ:- ഇതെന്തു കഥയാണു് എജമാനനെ. നുമ്മളുടെ ഈ ഗൃഹത്തിനു സമീപം ഇന്നു രാത്രി ഒരു നാലു നാഴിക മുമ്പെ രണ്ടുപേർ നടപ്പുദീനത്താൽ ചത്തിരിക്കുന്നു. നടപ്പുദീനം പിടിച്ചു മരിച്ചാൽ ശവം നോക്കീട്ടു് എന്തു കാർയ്യം?

രാ:- ശങ്കരൻ പറയുന്നു. കൃഷ്ണൻ കുറുക്കികൊണ്ടുവെച്ച പാൽ സേവിച്ച ക്ഷണത്തിലാണു് നമ്പൂതിരിക്കു ദീനം തുടങ്ങിയതു് എന്നു്.

വൈ:- അപ്പോൾ എജമാനനും ശാരദയും പാൽ സേവിച്ചില്ലെ. എന്നിട്ടു് ഇതുവരെ ദീനം ഒന്നും ഉണ്ടായില്ലല്ലൊ. ഒന്നായിട്ടല്ലേ പാൽ കുറുക്കിയതു കൃഷ്ണാ?

കൃ:- അതെ. ഒരു പാത്രത്തിലാണു് കുറുക്കിയതു്. എജമാനനും ശാരദയ്ക്കും പാൽ കൊണ്ടുപോയി കൊടുത്തശേഷമാണ് ശങ്കരമേനോനു് പാൽ കൊണ്ടുപോയി കൊടുത്തതു്.

വൈ:- കുറുക്കിയ പാത്രം എവിടെ, എടുത്തുകൊണ്ടുവാ. കൃഷ്ണൻ പാത്രവും കയിലും എടുത്തുകൊണ്ടുവന്നു. വൈത്തിപ്പട്ടര് പാത്രം വിളക്കത്തു കൊണ്ടുപോയി സൂക്ഷിച്ചു നോക്കി. പാത്രത്തിന്മേലും കയിലിന്മേലും ചിലേടങ്ങളിൽ പാൽ ഉണങ്ങി വറ്റീട്ടുണ്ട്. അതു രാമൻമേനോനെ കാണിച്ചുകൊടുത്തു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/76&oldid=169884" എന്ന താളിൽനിന്ന് ശേഖരിച്ചത്