വൈത്തി:- ഈ പാലിൽ യാതൊരു ദൂഷ്യവും ഉണ്ടാവാൻ സംഗതിയില്ല. എജമാനനും ശാരദയും കുടിച്ച പാലും നമ്പൂതിരി കുടിച്ച പാലും ഈ പാത്രത്തിൽ ഒന്നായി കാച്ചിയതാണു്. പാലിൽ വല്ല ദോഷവുമുണ്ടെങ്കിൽ നിശ്ചയമായി അതു സേവിച്ചവർക്കു് എല്ലാം കാണണ്ടെ. ദ്രസ്സരെ വരുത്തി നോക്കിയശേഷവും ശവം മറവുചെയ്യുന്നതായാൽ നാളെ അസ്തമിക്കുന്നതിന്നു മുമ്പു് അതു് സാധിക്കയില്ല. തലേത്തട്ടി കലശലായുള്ള ഈ സമയം ഈ ദീനം പിടിച്ചു ചത്താളുടെ ശവം ഈ കുട്ടികളുടെ എടയിൽ എന്റെ മഠത്തിൽ വെച്ചു സൂക്ഷിക്കുന്നതു് എനിക്കു സങ്കടമാണു്. ശാരദ ഉണർന്നു് ഈ വിവരം അറിഞ്ഞാൽ നിശ്ചയമായി അവൾ ഭയപ്പെടും സംശയമില്ല. എനിക്കും രണ്ടു നാലു കുട്ടികൾ ഉണ്ടല്ലൊ എജമാനനെ. പിന്നെ എന്റെ ഭാർയ്യ ഇപ്പോൾ ഗർഭിണിയാണു്. ഈ സ്ഥിതിക്കു് അശേഷം താമസിക്കാതെ ശവം ദഹനം കഴിച്ചു് വീടു് ശുദ്ധമാക്കുന്നതാണു് നല്ലതു്. ഇതൊന്നും എജമാനൻ അറിയേണ്ട. എജമാനനും ശാരദയും ഇപ്പോൾ തന്നെ എന്റെ മറ്റേ മഠത്തിലേക്ക് പുറപ്പെടുന്നതാണു നല്ലതു്. ഇവിടെ വേണ്ടതെല്ലാം ഞാൻ നടത്തിച്ചു പത്തുമണിക്കു ഞാനും എന്റെ കുട്ടികളും ഭാർയ്യയും അങ്ങോട്ട് എത്തിക്കോളാം ഈ ഗ്രാമത്തിൽ തീ പിടിച്ചതുപോലെ ദീനം തുടങ്ങിയിരിക്കുന്നു. ഒരു വിനാഴിക കുട്ടികളെ ഇവിടെ താമസിപ്പിപ്പാൻ എനിക്കു മനസ്സില്ല. എജമാനനും ശാരദയും ക്ഷണം പുറപ്പെടുന്നതാണു് നല്ലതു്. വണ്ടി ഇവിടെ തയ്യാറുണ്ടു്. എന്താണു് ശങ്കരമേനോൻ ഒന്നും പറയാത്തതു്. ഞാൻ പറഞ്ഞപ്രകാരം ചെയ്യുന്നതല്ലെ നല്ലതു്?
ശ:- ഞാൻ എന്താണു് സ്വാമീ പറയേണ്ടതു്. എനിക്കു ഒന്നും പറയാൻ തോന്നുന്നില്ല.
രാമൻമേനോൻ പട്ടരുടെ വാക്കുകൾ കേട്ടു പരിഭ്രമിച്ചു. ആകപ്പാടെ ആലോചിച്ചതിൽ പട്ടർ പറഞ്ഞതുപോലെ ചെയ്യുന്നതാണു് തൽക്കാലം നല്ലതു് എന്നു തോന്നി. സാധു നമ്പൂതിരിയെ വിചാരിച്ചു രാമൻമേനോനു അത്യന്തം വ്യസനം ഉണ്ടായെങ്കിലും തന്റെ തൽക്കാലത്തെ സ്ഥിതി ഓർത്തു വൈത്തിപ്പട്ടർ പറഞ്ഞപ്രകാരം പ്രവർത്തിക്കുക എന്നുറച്ചു.
നമ്പൂതിരിയുടെ ശവം നോക്കിച്ചിട്ടു് ഒരു ഫലവുമില്ല. നടപ്പു ദീനം തന്നെയായിരിക്കണം മരണത്തിനു കാരണം. ശാരദ ഈ നമ്പൂതിരിയുടെ മരണത്തെ അറിഞ്ഞാൽ ഭയപ്പെടും . നിശ്ചയമാണു്. തനിക്കു തൽക്കാലം എല്ലാറ്റിനും വൈത്തിപ്പട്ടരുടെ സഹായ