താൾ:Sarada.djvu/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശങ്കരൻ പരിഭ്രമിച്ചുവശായിരിക്കുന്നു. ഗുളികയും ക്ലോറോഡെയിനും കൊണ്ടുവന്നു കൊടുത്തു. മാത്ര ജാസ്തിയായിട്ടാണു് കൊടുത്തതു്. മരുന്ന് സേവിച്ചശേഷം ദീനം അത്യന്തം കലശലായി. "അയ്യോ എന്റെ വയറു കത്തിപ്പോയല്ലൊ എന്റെ ഇല്ലത്തുള്ളവരേ കാണേണ്ടിയിരുന്നല്ലൊ ഈശ്വരാ ! ഞാൻ ഇതാ മരിക്കുന്നു. ദൈവമേ എന്നെ രക്ഷിക്കണേ , എനിക്കു വെള്ളം കുടിക്കണം. വെള്ളം കുടിക്കണം." എന്നു പറഞ്ഞുകൊണ്ടും ക്ലൊറൊഡയിനും നടപ്പുദീനത്തിന്റെ ഗുളികയും കഴിച്ചശേഷം ക്ഷണത്തിൽ നമ്പൂതിരി മരിക്കുകയും ചെയ്തു.

അപ്പോഴേക്കു് വിളിയും ഘോഷവും കേട്ട് കൃഷ്ണൻ മാറത്തു തല്ലിക്കൊണ്ട് ഓടിയെത്തി. "അയ്യോ എന്റെ ശങ്കരമേനോനെ തലതട്ടിതുടങ്ങിയോ" എന്നു നിലവിളിച്ചുംകൊണ്ടാണ് ഓടി എത്തിയത്. അറഉമ്രത്ത് എത്തിയപ്പോൾ "ഹാ അസത്തെ കടന്നു പുറത്തുപോ" എന്നു രാമൻമേനോൻ പറഞ്ഞതുകേട്ടു് കൃഷ്ണൻ നിലവിളി എല്ലാം മാറ്റി പുറത്തു കടന്നുപോയി. നമ്പൂതിരിയുടെ ഛർദ്ദിയും ഒച്ചയും ഉറക്കെയുള്ള നിലവിളിയും സമീപമുള്ള എല്ലാ ഗൃഹങ്ങളിലും കേട്ടു് ആളുകൾ എല്ലാം ഭയപ്പെട്ടു് വാതിലുകൾ ബന്ധിച്ചു കിടന്നിരുന്നു. അപ്പോഴാണ് വൈത്തിപ്പട്ടരുടെ വരവു്. തന്റെ ഗൃഹത്തിൽ നിന്നു യാതൊരു ശബ്ദവും കേട്ടിട്ടില്ല. നിശബ്ദമായിട്ടാണ് കണ്ടത്. പട്ടര് പതുക്കെ ചെന്നുകയറി. അകത്തിന്റെ വാതിൽ തുറന്നുകണ്ടു. ഉള്ളിൽ വിളക്ക് ഉജ്വലിച്ചു കത്തുന്നതു കണ്ടു. വാതിലിനു സമീപം എത്തിയപ്പോൾ "ആരാണത് വൈത്തിപ്പട്ടരോ?" എന്നു രാമൻമേനോൻ ചോദിച്ചതിന്നു് "അതെ എജമാനനെ" എന്നു പറഞ്ഞു വൈത്തിപ്പട്ടരു് അകത്തേക്ക് കടന്നു. കണ്ട കാഴ്ച വിശേഷം തന്നെ. നമ്പൂതിരി മരിച്ച ഉടനെ ശങ്കരനെ ശാരദയുടെ അടുക്കെ അയച്ചു രാമൻമേനോൻ നമ്പൂതിരി മരിച്ച അറയുടെ ഉമ്രത്തു നിൽക്കുകയായിരുന്നു. വൈത്തിപ്പട്ടരു് , കടന്ന ഉടനെ അറയിൽ നമ്പൂതിരിയുടെ ശവത്തേ ദൂരത്തുനിന്നു കണ്ടു. "അയ്യോ ശങ്കരമേനോനെ അയ്യോ എജമാനനെ, ശങ്കരമേനോനു് തലതട്ടിയോ" എന്നു പറഞ്ഞു മാറത്തു ഉറക്കെ ഒന്നു് അടിച്ചു.

രാ:- ശങ്കരനല്ല, ശങ്കരനല്ല. ഒരു സാധു ചെറുപ്പക്കാരൻ നമ്പൂതിരി ഉദയന്തളിയിൽനിന്ന് എന്നെ കാണ്മാൻ വന്നിരുന്നു. ഇന്നുവൈകുന്നേരം ആ സാധുവിനു് ഒരു മണിക്കൂറു മുമ്പെ ദീനം തുടങ്ങി ക്ഷണത്തിൽ കഥ കഴിഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/73&oldid=169881" എന്ന താളിൽനിന്ന് ശേഖരിച്ചത്