താൾ:Sarada.djvu/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ :- ഇവിടുന്നു് ഇന്നു വഴിനടന്നു വളരെ ക്ഷിണിച്ചതല്ലെ. ഈ പാൽ സേവിച്ചാൽ വളരെ സുഖമുണ്ടാവും. ക്ഷീണം എല്ലാം തീരും ഇതു സേവിക്കാമല്ലോ ?

ന :- അങ്ങിനെ തന്നെ. എനിക്കു ക്ഷീണം വളരെ ഉണ്ടു്. പക്ഷെ നിങ്ങളെ എല്ലാവരേയും കണ്ടതുകൊണ്ടു ക്ഷീണം ഉണ്ടെന്നു തോന്നിയതേയില്ല. പാൽ "കുടിച്ചുകളയാം" എന്നു പറഞ്ഞു പാൽക്കിണ്ടി എടുത്തു പാൽ മുഴുവനും ആർത്തിയോടെ കുടിച്ചു കിണ്ടി താഴത്തുവെച്ചു.

"പാലിൽ പഞ്ചസാര കുറെ അധികം ചേർത്തിരിക്കുന്നു." എന്നു പറഞ്ഞു കട്ടിലിന്മേൽ ഇരുന്നു. അപ്പോഴേക്കു പൊണ്ണച്ചാരു കൃഷ്ണൻ കിണ്ടി എടുപ്പാൻ അകത്തേക്കു വന്നു കിണ്ടി എടുത്തുകൊണ്ടുപോയി കഴുകി കമഴ്ത്തി. അയൽഗൃഹത്തിലേക്ക് ഉറങ്ങാൻ പോവുകയും ചെയ്തു.

പാൽ സേവിച്ചു് ഒരു നിമിഷം കഷ്ടിച്ച ആവുമ്പോൾ നമ്പൂതിരി ഇരുന്നേടത്തുനിന്നു എഴുന്നേറ്റു.

ന:- പാൽ സേവിച്ചത് എനിക്കു പിടിച്ചില്ല. ഞാൻ അത്താഴാനന്തരം ഒന്നും കഴിക്കാറില്ല. വയറ്റിൽ വല്ലാതെ ഒരു സുഖക്കേടു തോന്നുന്നു. ഛർദ്ദിപ്പാൻ തോന്നുന്നു. ഒന്നു മുറുക്കട്ടെ എന്നു പറഞ്ഞു തന്റെ മുറുക്കുചെല്ലം എടുത്തു വിളക്കിന്റെ സമീപം ഇരുന്നു ചെല്ലം തുറപ്പാൻ ഭാവിക്കുന്നു, അപ്പോൾ.

"അയ്യോ ശങ്കരാ, എനിക്കു വല്ലാതെ ഒരു തളർച്ച. എന്നെ പിടിക്കു" എന്നു പറഞ്ഞു ഉടനെ അതിശബ്ദത്തോടെ ഒന്നു ഛർദ്ദിച്ചു. ഛർദ്ദിയുടെ ഊക്ക് അതികലശൽ തന്നെ. ഉണ്ട ചോറു മുഴുവനും, കഴിച്ച പാൽ മുഴുവനും, നാലിടങ്ങഴി കഫത്തോടുകൂടി ഒന്നായി ഛർദ്ദിച്ചു. ശങ്കരൻ കിടക്കുന്ന അറമുഴുവനും ഛർദ്ദിയിൽ മൂടി. നമ്പൂതിരി നിലത്തുവീണു. ശങ്കരൻ ഉടനെ ചെന്നെടുത്തു കട്ടിലിൻമേൽ കിടത്തി കൃഷ്ണനെ ഉറക്കെ വിളിച്ചു. കൃഷ്ണനെ കണ്ടില്ല. അപ്പോഴേക്കു നമ്പൂതിരി രണ്ടാമതും അത്യന്ത കഠിനമായി ഛർദ്ദിച്ചു. "വയറു കത്തുന്നുവോ, വയറുകത്തിക്കാളുന്നുവോ , എന്റെ വയറ്റിൽ തീ കത്തുന്നുവോ" എന്നു ഉറക്കെ നമ്പൂതിരി നിലവിളിച്ചു. ഉടനെ കിടന്ന ദിക്കിൽതന്നെ കഠിനമായി ഒന്നു അതിസരിച്ചു. നിലവിളിയും മറ്റും കേട്ടു രാമൻമേനോൻ അറഉമ്മറത്തേക്കു വന്നു.

രാ:- കഷ്ടം! എന്താണ് ഇതു കഥ! കുറെ ക്ലൊറോഢയിൻ ക്ഷണത്തിൽ കൊടുക്കണം. നടപ്പുദീനത്തിന്റെ ഗുളികകൾ ഉണ്ടു്. അതു എടുത്തുകൊണ്ടുവാ എന്നു ശങ്കരനോടു പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/72&oldid=169880" എന്ന താളിൽനിന്ന് ശേഖരിച്ചത്