താൾ:Sarada.djvu/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലാം അദ്ധ്യായം

"ഹെ മനുഷ്യരെ , നിങ്ങളുടെ അത്യാഗ്രഹത്തിന്റെ വലുപ്പം നിങ്ങളുടെ ക്രൂരതയുടെ രൂക്ഷതയാൽ അല്ലാതെ മറ്റെന്തിനാൽ ജയിക്കപ്പെടുന്നു." എന്ന് ഒരു വ്യുല്പന്നനായ ദേഹം പണ്ടുപറഞ്ഞുപോൽ. ഈ അദ്ധ്യായത്തിൽ എഴുതുവാൻ പോവുന്ന കഥയെ ഓർത്തപ്പോൾ എനിക്കു മേല്പറഞ്ഞ വാക്കുകളുടെ യഥാർത്ഥത്തെപ്പറ്റി പൂർണ്ണബോദ്ധ്യം ഉണ്ടായി.

എന്റെ പ്രിയപ്പെട്ട വായനക്കാരെ , നിങ്ങളിൽ ചിലർക്ക് ഈ മാതിരി കഥകളിൽ ഇങ്ങനെ ഗ്രന്ഥകർത്താക്കന്മാർക്ക് സാധാരണ സംഗതികളെപ്പറ്റിയുള്ള സ്വാഭിപ്രായങ്ങളെക്കുറിച്ച് എഴുതുന്നതു രസിക്കുമോ എന്നു ഞാൻ അറിയുന്നില്ല. എങ്കിലും ഈ അദ്ധ്യായത്തിൽ പറയുവാൻ പോകുന്ന കഥയുടെ സ്വഭാവം ഓർക്കുമ്പോൾ ആ കഥ പറയുന്നതിനു മുമ്പ് മേൽ കാണിച്ച പ്രകാരമുള്ള ഒരു മുഖവുരയും അതിനെപ്പറ്റി ഏറ്റവും ചെറിയ ഒരു വിവരണവും ഇവിടെ കൊടുക്കുന്നതു യോഗ്യമെന്നു മാത്രമല്ലാ ആവശ്യമാണെന്നുകൂടി ഞാൻ വിചാരിക്കുന്നു.

ഒരു മനുഷ്യന് തന്റെ സ്നേഹിതൻമാർ പലരേയും ഒന്നായിക്ഷണിച്ച് ഒരു വിരുന്ന് കഴിക്കുമ്പോൾ അവരിൽ ഓരോരുത്തർക്ക് രുചിയുള്ളതും രുചിയില്ലാത്തതും ആയ ഭക്ഷണപദാർത്ഥങ്ങൾ എന്താണെന്ന് അന്വേഷിച്ച് അതുപ്രകാരം ഓരോരുത്തർക്ക് വട്ടം കൂട്ടുവാൻ അസാദ്ധ്യമാണ്. ഒരുവിധം തന്റെ രുചിക്കും സാധാരണസമ്പ്രതായത്തിനും ഒത്തവണ്ണം സദ്യക്ക് വട്ടംകൂട്ടുക എന്നേ വരൂ. ഈ മാതിരിയിൽ മാത്രമെ ഒരു പുസ്തകം എഴുതുന്നയാൾക്കും ചെയ്വാൻ കഴികയുള്ളു. ഗ്രന്ഥകർത്താവിന്റെ ബുദ്ധിഇശക്തിക്കും വാസനയ്ക്കും രുചിക്കും ഒത്തവണ്ണം ഗ്രന്ഥം എഴുതുവാനെ നിവൃത്തിയുള്ളു. വായനക്കാരുടെ ബുദ്ധിശക്തിക്കും രുചിക്കും ഒത്തവണ്ണം അവർ രസിക്കുകയോ നിന്ദിക്കുകയോ ചെയ്തുകൊള്ളട്ടെ.

ഈ അദ്ധ്യായത്തിന്റെ ആദ്യത്തിൽ കാണിച്ച വാക്യപ്രകാരം മനുഷ്യന്റെ ബുദ്ധിയുടെ ദുഷ്ടതയെപ്പറ്റി ഓർത്താൽ ആശ്ചര്യപ്പെടാതെ ഇരിപ്പാൻ നിവൃത്തിയില്ല. ഒരു സിംഹത്തേയോ , പുലിയേയോ , കരടിയേയോ കാണുന്ന ക്ഷണത്തിൽ അത് എന്തൊരു മാതിരി ദുഷ്ടജന്തുവാണെന്ന് മനുഷ്യർക്കും മറ്റുള്ള ജന്തുക്കൾക്കും മനസ്സിലാവുന്നു. അങ്ങിനെ മനസ്സിലാവുന്നതിനാൽ ആ വക ജന്തുക്കളിൽനിന്ന് ഉണ്ടാവുന്ന ആപത്തുകളെ തടുപ്പാനുള്ള വഴി മുൻകൂട്ടി കരുതുന്നു. എന്നാൽ ദുഷ്ടമനുഷ്യൻ എന്നു പറയുന്നത് എന്തൊരു ജന്തുവാണ് ? ഈ ജന്തുവിന്റെ സ്വഭാവമെന്താണ്. സിംഹം , പുലി , കരട് , കാട്ടുപോത്ത് , പന്നി ,പശു , മാൻ മുതലായ ജന്തുക്കളുടെ ക്രൌര്യഗുണമോ സൌമ്യഗുണമോ ഏകദേശം ഇന്നപ്രകാരമാണെന്ന് നാം ഗണിച്ചുവച്ചിട്ടുണ്ട്. എന്നാൽ ഒരു ദുഷ്ടമനസ്സായ മനുഷ്യന്റെ ദൌഷ്ട്യത്തിനു ഇന്നപ്രകാരമെല്ലാമുള്ള ചേഷ്ടകൾ ഉണ്ടാവാമെന്ന് വല്ല ഒരു നിശ്ചയവും നമുക്ക് ആർക്കെങ്കിലും കിട്ടീട്ടുണ്ടോ-ഇല്ല കിട്ടുവാൻ പാടില്ല.

മനുഷ്യന്റെ ദൌഷ്ട്യത്തിന്ന് അളവില്ല. ഒരു ദുഷ്ടമനുഷ്യനു ചെയ്തുകൂടാത്ത ദുഷ്ടകർമ്മം ഒന്നുമില്ല. അപ്പോൾ അവന്റെ ചേഷ്ടകളെ കുറിച്ച് എങ്ങനെ ഗണിക്കുന്നു. ഒരു ദുഷ്ടന്റെ മനസ്സ് ഇന്നപ്രകാരമെല്ലാം വ്യാപിക്കുമെന്നും ഇന്നത് എല്ലാം അവനേക്കൊണ്ട് ചെയ്യിപ്പിക്കാമെന്നും ഉള്ളത് ആർക്കും നിശ്ചയിപ്പാൻ പാടില്ല. അതിനാൽ ഒരു മനുഷ്യൻ ദുഷ്ടനായാൽ ദുഷ്ടമൃഗങ്ങളേക്കാൾ ഭയപ്പെടേണ്ട ഒരു

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/53&oldid=169859" എന്ന താളിൽനിന്ന് ശേഖരിച്ചത്