താൾ:Sarada.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദയവർമ്മൻ തിരുമുൽപ്പാടിലേക്കും കണ്ടന്മേനോനും ഉടനെ പുറപ്പെടാൻ തരമായില്ല. നമ്പൂതിരി ഈ രണ്ടുപേരോടും എപ്പോൾ പുറപ്പെടുന്നു , താൻ ഹാജരായിരിക്കുന്നു എന്ന് ഈ സംഭാഷണം കഴിഞ്ഞതുമുതൽ എല്ലാ ദിവസങ്ങളിലും പോയി ചോദ്യം തുടങ്ങി. അവരു രണ്ടുപേരും ഈ നമ്പൂതിരിയുടെ ബദ്ധപ്പാടുകൊണ്ട് ബുദ്ധിമുട്ടി. ഒടുവിൽ ഒരു ദിവസം ഉദയവർമ്മൻ തിരുമുൽപ്പാട് നമ്പൂതിരിയോട് ഇങ്ങനെ പറഞ്ഞു.

"എനിക്കു രണ്ടുദിവസം കഴിഞ്ഞേ പുറപ്പെടാൻ നിവൃത്തിയുള്ളു നമ്പൂതിരിക്ക് ബദ്ധപ്പാടാണെങ്കിൽ മുമ്പെ പൊയ്ക്കൊള്ളു."

"എന്നാൽ ഞാൻ മുമ്പെ പോവാം. നിങ്ങൾ എല്ലാം വരുന്ന വിവരം മുൻകൂട്ടി അറിയിച്ചു നിങ്ങൾ വരുമ്പോൾ എതിരേൽക്കാൻ ഞാൻ ഹാജരായി നിന്നുകൊള്ളാം." എന്നും പറഞ്ഞു ഉടനെ വൈത്തിപ്പട്ടരുടെ ഗൃഹത്തിലേക്കായി നമ്പൂതിരി പോയി. അദ്ദേഹം പോയതിന്റെ രണ്ടാംദിവസം ഉദയവർമ്മൻ തിരുമുൽപ്പാടും കണ്ടന്മേനോനും ഭൃത്യന്മാരോടുകൂടി വൈത്തിപ്പട്ടരുടെ രാജ്യത്തേയ്ക്കു പുറപ്പെടുകയും ചെയ്തു.


"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/52&oldid=169858" എന്ന താളിൽനിന്ന് ശേഖരിച്ചത്