താൾ:Sarada.djvu/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക :- കല്യാണിഅമ്മയുടെ കൂടെ പോയിരുന്ന വൈത്തിപ്പട്ടര് എന്ന ഒരു പട്ടരുടെ ഗൃഹത്തിൽ ആണത്രെ താമസം.

രാ :- കണ്ടൻ ഉടനെ ആ ദിക്കിലേക്ക് പുറപ്പെടണം. വൈത്തിപ്പട്ടർ എന്റെ ഒരു താല്പര്യക്കാരനാണ്. പട്ടര് വികൃതിയാണെങ്കിലും പൂഞ്ചോലക്കര എടത്തിലേക്കു ബദ്ധമത്സരിയാണ്. അയാളെ സ്വാധീനത്തിൽ വെക്കണം. കുട്ടിയേയും അതിന്റെ അച്ഛനേയും ഇങ്ങോട്ട് വൈത്തിപ്പട്ടർ മുഖാന്തിരം കണ്ടൻ തന്നെ പോയി കൂട്ടിക്കൊണ്ട് വരണം. പക്ഷേ ഉദയവർമ്മനും കൂടി വരട്ടെ. കുട്ടി എന്റെ ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ മകളല്ലേ. എനിക്ക് ആ കുട്ടിയെ എന്റെ സ്വന്തം ആളെ അയച്ചുവരുത്തുവാൻ അവകാശമുണ്ടല്ലോ. ഒട്ടും താമസിക്കരുത് ഉടനെ കണ്ടൻ പോകണം.

രാമവർമ്മൻ തിരുമുല്പാടും കണ്ടന്മേനോനും തമ്മിൽ ഉണ്ടായ ഈ സംഭാഷണം കേട്ടുകൊണ്ട് പൂമുഖത്ത് ഒരു ചെറുപ്പക്കാരൻ നമ്പൂതിരി നിന്നിരുന്നു. ഇദ്ദേഹം വലിയ ഒരു സ്ത്രീഭ്രാന്തനും ഒരു ഉത്സാഹപുരുഷനുമായിരുന്നു. കണ്ടാൽ സുമുഖനാണ്. ഇദ്ദേഹത്തിന്റെ ഇല്ലം രാമവർമ്മൻതിരുമുല്പാട്ടിലെ കോവിലകത്തിന്ന് ഏറ്റവും സമീപത്തായിരുന്നു. കോവിലകത്ത് ഇദ്ദേഹം നിത്യനാണ്. കല്യാണിഅമ്മയുടെ മകളായിട്ട് ഒരു പെൺകുട്ടി എത്തീട്ടുണ്ടെന്ന് കണ്ടന്മേനോൻ പറഞ്ഞ ഉടനെ കുട്ടിയെ കാണേണമെന്ന് നമ്പൂതിരി മനസ്സുകൊണ്ട് ഉറച്ചുകഴിഞ്ഞു ! ഇദ്ദേഹം വലിയ സഞ്ചാരിയാണ്. ഉത്സവങ്ങളോ മറ്റു വലിയ കാഴ്ചകളോ ഉള്ള ഇടങ്ങളിലെല്ലാം ഈ നമ്പൂതിരിയെ കാണാതെ ഇരിക്കുകയില്ല. കുറെ സംഗീതവാസനയുണ്ട്. പാട്ട് എവിടെയുണ്ടോ അവിടെ നമ്പൂതിരിയും ഉണ്ട്. പാട്ട് ശീലമുള്ള സ്ത്രീകൾ തനിക്ക് പരിചയമില്ലാത്തവരായി ആരു ഈ മലയാളത്തിൽ ഇല്ല. ഈ രാജ്യത്തിൽ ഇദ്ദേഹം പോയി കാണാതെയോ പരിചയമില്ലാതെയോ പ്രദേശം ഉണ്ടോ എന്നു സംശയമാണ്

"ഉടനെ കണ്ടൻ പോണം" എന്നു തിരുമുല്പാട് പറഞ്ഞപ്പോൾ-

നമ്പൂതിരി "ഞാനും കൂടെ പോവാം ! ഞാൻ വൈത്തിപ്പട്ടരുടെ ഗൃഹത്തിൽ പലപ്പോഴും പോയിട്ടുണ്ട്. സർപ്പദൃഷ്ടിക്കാരനും ഞാനുമായി നന്നെ സ്നേഹമായിട്ടാണ്. ഞാനും കൂടെ പോവാം. എന്നു പറഞ്ഞു.

രാമവർമ്മൻ തിരുമുല്പാടിനു നമ്പൂതിരി പറഞ്ഞത് വളരെ സമ്മതമായി. സന്തോഷത്തോടുകൂടി "അങ്ങിനെതന്നെ" എന്നു സമ്മതിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/51&oldid=169857" എന്ന താളിൽനിന്ന് ശേഖരിച്ചത്