Jump to content

താൾ:Sarada.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എനിക്ക് അധികാരമുണ്ടായിരുന്നുവെങ്കിൽ ഈ വൃകോദരനെ ഞാൻ തൂക്കിക്കൊല്ലുവാൻ വിധി കൊടുക്കുമായിരുന്നു. ആ മഹാപാപിക്ക് നല്ല കാലമാണ്. എന്തു ചെയ്യും. നിവൃത്തി ഇല്ലല്ലോ , വ്യവഹാരം ഈ കുട്ടി കൊടുത്തിട്ടെന്തു ഫലം. അച്ചന്റെ പണത്തിനു മീതേ എന്തെങ്കിലും പോവുമോ ?

ക :- അങ്ങിനെ പറയണ്ട. ഈ വ്യവഹാരം നല്ല ഒന്നാംതരം വ്യവഹാരമാണ്. സ്ഥാപനക്കു കൊടുത്താൽ മതി "ഇസ്പീശ്യാൽറില്ലി" എന്ന് ഇപ്പോൾ ഒരാക്ട് ഉണ്ട്. അതുപ്രകാരം സ്ഥാപനയ്ക്കു കൊടുത്താൽ കുടുങ്ങി.

രാ :- എന്ത് ആക്ട് ഉണ്ടായാലും അച്ചനു പണമില്ലെ. ആക്ടൊക്കെ പണത്തിനു വഴങ്ങണ്ടെ.

ക :- ഈ വ്യവഹാരം കൊടുത്തുവോ എന്നാൽ ജയിക്കും , സംശയമില്ല. "റില്ലി" ആക്ട് പ്രകാരം വേണ്ടേടത്തോളം തെളിവുകൊടുത്താൽ ഹൈക്കോടതിയിലെങ്കിലും ഗുണം കിട്ടും നിശ്ചയം. ഞാൻ വെറെ ഒരു വിശേഷവർത്തമാനം കൂടികേട്ടു. വലിയ മൂപ്പർക്ക് എളക്കമുണ്ടത്രേ. ഏതോ വേറെ ഒരു ജില്ലയിലേക്ക് മാറ്റുന്നുവത്രെ.

രാ :- ജഗദീശ്വരാ-ഭഗവാനൊ-ഈ ബകഹാക്ഷസൻഇവിടെനിന്നു പോയാൽ സാധുക്കൾക്ക് ജീവിക്കാമായിരുന്നു. പോവുകയില്ല. ഒരിക്കലും പോവുകയില്ല. അത്രഭാഗ്യം ഈ ജില്ലയിലെ സാധുക്കൾക്കുണ്ടോ.

ക :- അല്ല പോകും. ഇഷ്ടീൻസായ്പ് സകല വർത്തമാനവും അറിഞ്ഞിരിക്കുന്നുപോൽ. ഉടനെ മാറ്റം ഉണ്ടാവും.

രാ :- നീ പറഞ്ഞആക്ട് പ്രകാരം ഉള്ള വ്യവഹാരം ഏതു കോടതിയിൽ കൊടുക്കേണ്ടതാണ് ?

ക :- അത് മുനിസിപ്പ് കോടതിയിൽ കൊടുക്കാം.

രാ :- അപ്പോൾ സലയോ. എടത്തിലെ വസ്തുമുതൽ ഒക്കെയും അധികാരസലയായി ചേരണ്ടേ. അത് മുനിസിപ്പുകോടതിയിൽ ഒതുങ്ങുമോ ?

ക :- ഓ ഹൊ , "ഇസ്പിശ്യാൽ റില്ലി" ആക്ട് പ്രകാരം അധികാരസല ആവശ്യമില്ല. പത്തുറുപ്പികയുടെ കടലാസിൽ അന്യായം എഴുതിക്കൊടുക്കണം. അത്രേ വേണ്ടു. ഏതു കോടതിയിലും കൊടുക്കാം.

രാ :- എന്തൊ , എനിക്കു ഇതു നിശ്ചയമില്ല. ആട്ടെ എനിക്ക് ആ കുട്ടിയെയും അതിന്റെ അച്ഛനെയും കാണാൻ അത്യാഗ്രഹമായിരിക്കുന്നു. അവർ ഏതു ദിക്കിലാണ് ?

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/50&oldid=169856" എന്ന താളിൽനിന്ന് ശേഖരിച്ചത്