താൾ:Sarada.djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജന്തുവാണെന്ന് പ്രത്യക്ഷമാണ്. പിന്നെ മനുഷ്യരിൽ അത്യന്തക്രൂരനും അത്യന്ത സൌമ്യശീലനും ആകൃതിയിലും അവയവങ്ങളിലും പുറമെ കാണുന്ന സ്വഭാവത്തിലും ദുഷ്ടമൃഗങ്ങളേയും ശിഷ്ടമൃഗങ്ങളേയും തമ്മിൽ തിരിച്ചറിവാൻ കഴിയുന്ന മാതിരിയുള്ള ഭേദങ്ങൾ ഒന്നും കാണപ്പെടുന്നില്ല. ജഗദീശ്വരൻ ദുഷ്ടമനുഷ്യരെ സൃഷ്ടിക്കുമ്പോൾ അവർക്കു ദുഷ്ടമൃഗങ്ങളെ വേർതിരിച്ചു അറിയിക്കുന്ന മാതിരിയിലുള്ള വല്ല ദംഷ്ട്രങ്ങളോ കൊമ്പുകളോ നഖങ്ങളോ മറ്റു വല്ല അടയാളമോ കൊടുത്തിരുന്നുവെങ്കിൽ ഈ ലോകത്തിൽ മനുഷ്യരിൽനിന്നു മനുഷ്യർക്കു ഇത്ര ആപത്തുകൾ നേരിടുന്നതല്ലായിരുന്നു. ഒരു സർപ്പം ഫണം ഉയർത്തി കടിപ്പാൻ വരുന്നത് കാണുമ്പോൾ നമുക്ക് ഒന്നുകിൽ അതിനെ അടിച്ചുകൊന്നുകളയാം. അല്ലെങ്കിൽ അത് സമീപിക്കുന്നതിനുമുമ്പ് ഓടിക്കളയാം. ഒരു ദുഷ്ടമനുഷ്യൻ ഭംഗിവാക്കും പറഞ്ഞു സമീപത്തിൽ വന്നു മന്ദഹസിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു കത്തി എടുത്തു കഴുത്തിൽ കുത്തികൊല്ലുവാനുറച്ചാലോ , അനുഭവിക്കുക എന്നല്ലാതെ എന്തു നിവൃത്തി. ഇതര ജന്തുക്കളിൽ ഉള്ളതുപോലതന്നെ മനുഷ്യനും ഈവക ഓരോ ക്രൂരകർമ്മങ്ങ& ചെയ്യുന്നതിനുള്ള മുഖ്യഹേതു 'സ്വാർത്ഥം' തന്നെയാണ്. എന്നാൽ ഒരു മൃഗത്തിന്റെ സ്വാർത്ഥവികാരങ്ങൾക്ക് അളവുണ്ട്. മനുഷ്യന്റെ സ്വാർത്ഥവികാരങ്ങൾക്ക് യാതൊരു അളവുമില്ല. മൃഗത്തിനു വിശേഷബുദ്ധി ഇല്ലാത്തതിനാൽ ഇതിന്റെ സ്വാർത്ഥവികാരനിവൃത്തിക്കുവേണ്ടി ചെയ്യുന്ന ദൌഷ്ട്യകർമ്മങ്ങൾക്ക് അളവുണ്ട്. മനുഷ്യനു വിശേഷബുദ്ധി ഉള്ളതിനാൽ മനുഷ്യന്റെ സ്വാർത്ഥവികാരനിവൃത്തിക്കു ചെയ്യുന്ന ദൌഷ്ട്യകർമ്മങ്ങൾക്ക് അളവില്ല.

ഒരു സിംഹത്തിനോ വ്യാഘ്രത്തിനോ അതിന്റെ ക്ഷുത്ത് അടക്കാനുള്ള ഭക്ഷണവും ദാഹം ശമിപ്പിക്കാനുളള ജലവും നിദ്രയ്ക്ക് ഒരു ഇടവും സംഗത്തിന് സജ്ജാതിമൃഗത്തിലുള്ള ഒരു ജന്തുവേയും ആവശ്യമുള്ളപ്പോൾ എല്ലാം കിട്ടിവന്നാൽ യാതൊരു ക്രൌർയ്യകർമ്മങ്ങളും ആ സിംഹമോ വ്യാഘ്രമോ ചെയവാൻ സംഗതിയില്ല. ഈ വിധം മൃഗങ്ങളുടെ ആവശ്യങ്ങളും രുചികളും സ്വല്പങ്ങളാണ്. എന്നാൽ മനുഷ്യനോ ഈ ആവശ്യങ്ങൾക്കും രുചികൾക്കും അവസാനമില്ല. സർവ്വരാജ്യസമ്രാട്ടായിരിക്കുന്ന ഒരു ദേഹത്തിനും അത്യന്തം ദരിദ്രനും ഒരുപോലെ ആഗ്രഹനിവൃത്തി പൂർത്തിയായി ഒരിക്കലും ഉണ്ടാവില്ല.

എന്നാൽ സ്വാർത്ഥത്തിൽ തല്പരന്മാരല്ലാത്ത മനുഷ്യരെ കാണ്മാൻ പ്രയാസമാണ്. അതുകൊണ്ടു ദുഷ്ടന്മാരല്ലാത്ത മനുഷ്യരെ കാണ്മാൻ പ്രയാസമാണെന്നു പറഞ്ഞുകൂടാ. ഹൃദയശുദ്ധിയും വിവേകവും ദയയും

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/54&oldid=169860" എന്ന താളിൽനിന്ന് ശേഖരിച്ചത്