താൾ:Sarada.djvu/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉള്ള മനുഷ്യർക്കു തങ്ങളുടെ സ്വാർത്ഥനിവൃത്തി വരുന്നതു ദുഷ്ക്കർമ്മം കൊണ്ടു മാത്രമേ കഴികയുള്ളു എന്നു കണ്ടാൽ അവൻ ആ സ്വാർത്ഥനിവൃത്തിക്കുള്ള കാംക്ഷയെ ത്യജിക്കുന്നു.

ദുഷ്ടബുദ്ധിക്കു സ്വാർത്ഥനിവൃത്തിയിലുള്ള കാംക്ഷ ഒരു വിധത്തിലും ത്യജിക്കാൻ മനസ്സു വരുന്നതല്ല. ദുഷ്ടാമനുഷ്യർതന്നെ പലേമാതിരികളിൽ കാണും. ഒരു ദുഷ്ടബുദ്ധിക്കു പഠിപ്പും അറിവും എത്രയെങ്കിലും ഉണ്ടായാലും ദുഷ്ടകർമ്മം ചെയ്യുന്നതിൽ യാതൊരു വിരക്തിയും ഉണ്ടാകയില്ല. പഠിപ്പും അറിവും ഉള്ള ദുഷ്ടൻ ചെയ്യുന്ന ദുഷ്ടകർമ്മത്തിന്നു വെടിപ്പും മിടുക്കും കൂടും. വലിയ പഠിപ്പ് , വലിയ ഉദ്യോഗം, ഒന്നാന്തരം തലക്കെട്ട് , വിശേഷമായ പട്ടുകോട്ട് , ഭംഗിയുള്ള ചന്ദനപ്പൊട്ട് , ജനവശ്യകരമായ പുഞ്ചിരി , വിനയമൃദുളമായ വാക്ക് , സർവ്വജനസമ്മതമായ നാട്യം , അതുകളോടുകൂടിയുള്ള എത്ര ഭയങ്കരദുഷ്ടന്മാരെ നാം ദിവസേന കാണുന്നു. ആ മന്ദസാഹത്തിന്റെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന കാളകൂടത്തിന്റെ ശക്തി കടിപിണഞ്ഞവർക്കേ അറിവാൻ കഴകയുള്ളു. ഒരു വ്യാഘ്രത്തിനൊ പുലിക്കൊ ഈ മാതിരിയിലുള്ള വേഷത്തിലും ദുഷ്ടകർമ്മങ്ങൾ ചെയ്‌വാൻ സാധിക്കുമോ ?

പിന്നെ ഒരുമാതിരി പഠിപ്പില്ലാത്ത് ദുഷ്ടന്മാരുണ്ട്. അവരുടെ പ്രവൃത്തികൾ ചിലപ്പോൾ ദുഷ്ടമൃഗങ്ങളുടെ പ്രവൃത്തിപോലെ വന്നേക്കാം. ഇവർക്ക് സ്വാർത്ഥനിവൃത്തി വരുത്തുവാനുള്ള ആഗ്രഹം മുൻ പറഞ്ഞവരെപ്പോലെതന്നെ ഉണ്ടെങ്കിലും ക്ഷമയും ആലോചനയും കുറഞ്ഞിരിക്കും. അതിനാൽ ഇവരുടെ ദുഷ്ടകർമ്മങ്ങൾ ഏകദേശം ദുഷ്ടമൃഗങ്ങളുടെ കർമ്മങ്ങൾ പോലെ തോന്നും. ഇവർക്ക് തന്റെ സമസൃഷ്ടിയുടെ ജീവഹാനി വരുത്തുക. മുതൽ കളവു ചെയ്ക ഈവക പ്രവൃത്തികൾ ചെയ്യുന്നതിൽ ബുദ്ധിക്കു യാതൊരു മടിയോ ചഞ്ചലതയോ ലേശംപോലും ഇല്ല. മുൻപറഞ്ഞ രസികൻമാരായ ദുഷ്ടൻമാർക്കും ഈ വക പ്രവൃത്തികൾ ചെയ്യുന്നതിൽ മടി ഉണ്ടാവുമെന്നല്ല ഞാൻ പറയുന്നതിന്റെ അർത്ഥം. അവർക്ക് ബൂദ്ധിചാതുർയ്യവും സാമർത്ഥ്യവും ആലോചനയും ഉണ്ടാകയാൽ ഈവക പ്രവൃത്തികൾ ചെയ്യുന്നതിൽ തങ്ങൾക്ക് നേരിടാവുന്ന അപകടത്തെ ഓർത്ത് അവൻ ഈവക കർമ്മങ്ങൾ നേരിട്ടു ചെയ്യുന്നതല്ല. പാഷാണംകൊണ്ടൊ മറ്റു വല്ല ഔഷധംകൊണ്ടോ ഉപായത്തിൽ ഉപായത്തിൽ ആരും അറിയാതെ ഒരുത്തനേ തീർത്തുകളഞ്ഞാൽ വല്ല കാർയ്യലാഭവും ഉണ്ടാകുമെങ്കിൽ അങ്ങിനെ ചെയ്യുന്നതിൽ ഈ പഠിപ്പുള്ളല ദുഷ്ടന്മാർക്ക് അശേഷം വിരക്തി ഉണ്ടാവുകയില്ല.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/55&oldid=169861" എന്ന താളിൽനിന്ന് ശേഖരിച്ചത്