കടന്നുപോന്നു. ആ കുട്ടിയുടെ അച്ഛൻകൂടി ഇവിടേ ഉണ്ടെന്നു കേട്ടു. ഉണ്ടോ ?
രാ:- ഉണ്ടു്. ഞാൻതന്നെയാണു് കുട്ടിയുടെ അച്ഛൻ.
നമ്പു:- ശിക്ഷ. അങ്ങിനെയാണു്. കണ്ടതു വളരെ സന്തോഷമായി. കുട്ടി ഇവിടെത്തന്നെ ഉണ്ടായിരിക്കും.
രാ:- ഉണ്ടു്.
എന്നുപറഞ്ഞു നമ്പൂതിരിയും രാമൻമേനോനും ഇരുന്നശേഷം പലേ സംഗതികളെക്കുറിച്ചും ഇവർ സംസാരിച്ചു. നമ്പൂതിരി കുറേ അധികം കാമുകനാണെങ്കിലും കേവലം ബുദ്ധി ഇല്ലാത്തയാളല്ല. നേരമ്പോക്കായി സംസാരിപ്പാൻ വശത ഉണ്ടു്. രാമൻമേനോന് ആകപ്പാടെ വളരെ രസിച്ചു. ഇവർ സംസാരിക്കുന്ന മദ്ധ്യേ ശാരദ വൈകുന്നേരത്തെ മേൽകഴുകൽ കഴിച്ചു് അച്ഛന്റെ അടുക്കൽ വന്നുനിന്നു. നമ്പൂതിരി കുട്ടിയുടെ രുപം കണ്ട് അത്യന്തം ആനന്ദിച്ചു. വഴിനടന്ന ക്ഷീണം എല്ലാം തീർന്നു. കണ്ണുകൾകൊണ്ടു് ശാരദയെ പാനംചെയ്തു് ചെയ്തു് തൃപ്തി വന്നില്ല.
അതിമനോഹരിയായ ഈ കുട്ടിയുടെ സൗന്ദർയ്യത്തെക്കുറിച്ചു് ഈ കഥയിൽ ഇവളുടെ പൂർണ്ണയൗവനം തികയുന്ന ദിക്കിൽ മാത്രമേ ഞാൻ പറയുകയുള്ളു എന്നു് ആദ്യത്തിൽ നിശ്ചയിച്ചിരുന്നു. ഇനിനുമുമ്പ് രണ്ടുമൂന്നു പ്രാവശ്യം എന്റെ മനസ്സിളകി. ഈ നിശ്ചയത്തെ ലംഘിക്കാൻ പുറപ്പെട്ടു എങ്കിലും ഒരുവിധം മനസ്സിനെ പിടിച്ചു നിർത്തി. എനി അങ്ങിനെ നിർത്തുവാൻ നിവൃത്തി ഇല്ല. ശാരദയുടെ കാന്തിയെപ്പറ്റി അല്പം ഇവിടെ പറയാതിരിപ്പാൻ എന്നാൽ കേവലം അസാദ്ധ്യമാണു്.
പൂർണ്ണചന്ദ്രോദയത്തെ കണ്ടുകൊണ്ടു് ചന്ദ്രവർണ്ണന ചെയ്യേണമെന്നുറച്ചിരുന്ന ഒരു മനുഷ്യൻ സായന്തനകാലത്തിൽ അത്യന്തനീലമായി സ്വച്ഛമായിരിക്കുന്ന ആകാശത്തിൽ തിളങ്ങുന്ന അസംഖ്യനക്ഷത്രങ്ങളുടെ മദ്ധ്യേ ഉദിച്ചു വിളങ്ങുന്ന ബാലചന്ദ്രനെകണ്ടു മനസ്സിളകി ബാലചന്ദ്രനെ വർണ്ണിച്ചു എന്നു് വന്നേക്കാം. ഇതുപ്രകാരം സായന്തനപ്ലവം കഴിഞ്ഞു തന്റെ അച്ഛന്റെ സമീപത്തുവന്നു നിന്നിരുന്ന ആ ശാരദയെ നമ്പൂതിരി കണ്ടപ്രകാരം അല്പം ഒന്നു പറയാതെ നിവൃത്തിയില്ലാതായിരിക്കുന്നു. ശാരദയ്ക്ക് ഈ കാലം പന്ത്രണ്ടാമത്തെ വയസ്സു് ആരംഭിച്ചിരിക്കുന്നു. ഇങ്ങിനെ സൗന്ദർയ്യമുള്ള ഒരു കന്യകാരത്നത്തെ താൻ മുമ്പു് ഒരിക്കലും കണ്ടിട്ടില്ലെന്നു നമ്മുടെ ചെറുപ്പക്കാരൻ നമ്പൂതിരിക്കു ശാരദയെ കണ്ട ക്ഷണത്തിൽ തോന്നി. ശാരദയുടെ അപ്പോ