താൾ:Sarada.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻ എനി പറയാൻ പോവുന്ന കഥയെ കേൾക്കുമ്പോൾ ഈ ഒടുവിൽ പറഞ്ഞവിധം ഉള്ള ദുഷ്ടന്മാർകൂടി നമ്മുടെ രാജ്യത്തിൽ തന്നെ ചിലപ്പോൾ കാണപ്പെടുന്നുണ്ടെന്നറിയാം.

നമ്മുടെ സർപ്പദൃഷ്ടിക്കാരൻ വൈത്തിപ്പട്ടർ ഈ ഒടുവിൽ പറഞ്ഞമാതിരിയുള്ള ദുഷ്ടനല്ല. എന്നാൽ വൈത്തിപ്പട്ടർ സ്വാർത്ഥസിദ്ധിക്ക് എത്രം ക്രൗർയ്യകർമ്മവും ചെയ്വാൻ മടിയില്ലാത്തവനും പഠിപ്പും അറിവും അശേഷവുമില്ലാത്ത ഒരു ദുഷ്ടനും ആയിരുന്നു. ഇയാൾ കേവലം സാമർത്ഥ്യമില്ലാത്ത ഒരാളല്ല. ശങ്കരൻ മടങ്ങി എത്തിയാൽ രാമൻമേനോൻ അവനോടു ക്രോധിച്ചു ശകാരിക്കുമെന്നായിരുന്നു വൈത്തിപ്പട്ടരുടെ വിചാരവും ആഗ്രഹവും. അപ്രകാരം യാതൊരു ശണ്ഠയും ഉണ്ടായില്ലെന്നു തന്നെ അല്ലാ , രാത്രി വളരെനേരം ശങ്കരനുമായി രാമൻമേനോൻ സ്വകാർയ്യം സല്ലപിച്ചിരിക്കുന്നതാണ് വൈത്തിപ്പട്ടർ കണ്ടത്. വൈത്തിപ്പട്ടരോട് രാമൻമേനോൻ ശങ്കരൻ മടങ്ങിവന്നശേഷം ,യാതൊന്നും സംസാരിച്ചിട്ടില്ല. ശങ്കരനുമായി സ്വകാർയ്യം പറഞ്ഞ സമയത്തും വൈത്തിപ്പട്ടരെ വിളിച്ചിട്ടില്ല.

വൈത്തിപ്പട്ടർക്ക് മനസ്സിന്നു ആകെപ്പാടെ അശ്ശേഷം സ്വാസ്ഥ്യത ഇല്ലാതെ ആയി. തനിക്കു മോഹങ്ങൾ വളരെ എല്ലാം ഉണ്ടായിരുന്നു. അതുകൾ സാധിക്കുന്നതിന്ന് അത്ര പ്രയാസമില്ലെന്നായിരുന്നു , പട്ടരുടെ ആദ്യത്തെ വിചാരം. ക്രമേണ ഈ വിചാരത്തിനു ഭേദം വന്നു തുടങ്ങി. ശങ്കരൻ തനിക്കു സർവ്വത്ര വിരോധിയായി വന്നിരിക്കുന്നു. രാമൻമേനോൻ ഇവന്റെ ചൊൽപ്പടിയിൽതന്നെ ഇരിക്കുകയുള്ളു. പട്ടരുമായി രാമൻമേനോൻ യാതൊരു കാർയ്യങ്ങളെക്കുറിച്ചും ആലോചിക്കുന്നില്ലാ. അധികം പണം വെച്ചിട്ടുള്ളതെന്ന് പട്ടര് തീർച്ചയായും വിശ്വസിച്ചിട്ടുള്ള പെട്ടിയും താക്കോലും ശങ്കരൻപക്കൽ തന്നെ. ഈ സംഗതികൾ എല്ലാം ആലോചിച്ച് അതിദുഷ്ടനായ പട്ടരുടെ മനസ്സിന്നു ലേശംപോലും സ്വാസ്ഥ്യത ഇല്ലാതെ ആയിത്തീർന്നു.

"കഷ്ടം ! കഷ്ടം !" വൈത്തിപ്പട്ടര് വിചാരിക്കുന്നു. "ഞാൻ എന്തൊരു ഭാഗ്യഹീനനാണ്. എത്രതന്നെ ഞാൻ ശ്രമിച്ചിട്ടും അദ്ധ്വാനിച്ചിട്ടും എന്റെ ദാരിദ്ര്യം നീങ്ങുന്നില്ലല്ലോ. പത്തുവയസ്സുമുതൽ അദ്ധ്വാനിച്ചു തുടങ്ങിയിരിക്കുന്നു. ഇപ്പോൾ എനിക്ക് 62 വയസ്സായി. അമ്പത്തിരണ്ടുകൊല്ലം അദ്ധ്വാനിച്ചിട്ടും സുഖമായി അഹോവൃത്തിക്കു സമ്പാദിച്ചിട്ടില്ല. എന്റെ തലയിൽ എഴുത്തു തന്നെ. മറ്റെന്താണ് പറവാനുള്ളത്. പൂഞ്ചോല എടത്തിൽ തെക്കൻ ചരക്കു കച്ചോടത്തിൽ കുറെ സമ്പാദ്യം ഉണ്ടായിരുന്നു. ആ കച്ചോടം തന്നെ നിജ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/57&oldid=169863" എന്ന താളിൽനിന്ന് ശേഖരിച്ചത്