Jump to content

ശാരദ/മൂന്നാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശാരദ
രചന:ഒ. ചന്തുമേനോൻ
മൂന്നാം അദ്ധ്യായം
[ 44 ]
മൂന്നാം അദ്ധ്യായം


രാമവർമൻ തിരുമുല്പാട് എന്ന ദേഹത്തെപ്പറ്റി ഒന്നാം അദ്ധ്യായത്തിൽ ഒരേടത്ത് വായിച്ചത് എന്റെ വായനക്കാരുടെ ഓർമ്മയിൽ ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ വസതി ഉദയന്തളി എന്ന ഒരു പ്രദേശത്തായിരുന്നു. ഈ സ്ഥലം പൂഞ്ചോലക്കര എടത്തിൽ നിന്ന് ഏകദേശം ഒരു രണ്ടു കാതം കിഴക്കായിരുന്നു. അദേഹം പൂഞ്ചോലക്കര എടത്തിൽ ഉണ്ടായിരുന്നു ലക്ഷ്മി അമ്മയുടെ ഭർത്താവായിരുന്നു എന്നു പറഞ്ഞിട്ടുണ്ടല്ലോ. ആ സ്ത്രീ മരിക്കുന്നതിനു രണ്ടൂ സംവത്സരങ്ങൾക്കു മുമ്പു രാമവർമ്മൻ തിരുമുൽപ്പാടും പൂഞ്ചോലക്കര അച്ചനുമായി തമ്മിൽ ബദ്ധമത്സരമായതിനാൽ തനിക്കു തന്നിലും അത്യന്ത അനുരാഗത്തോടുകൂടിയിരുന്ന ഭാർയ്യയെ ഉപേക്ഷിക്കേണ്ടിവന്നു. ഈ വേർപാടിന്നു ശേഷം ഉടനെ ലക്ഷ്മി അമ്മ മരിച്ചു. ശാരദയുടെ അമ്മയും ഈ ലക്ഷ്മിഅമ്മയും തമ്മിൽ അത്യന്തസ്നേഹമായിരുന്നു. അതു നിമിത്തം രാമവർമ്മൻതിരുമുല്പാട്ടിലേക്കു കല്യാണിഅമ്മയോട് അതിപ്രിയമായിരുന്നു. കല്യാണി അമ്മ രാജ്യംവിട്ടു പൊയ്ക്കളഞ്ഞതി. തിരുമുൽപ്പാട് കഠിനമായി വ്യസനിച്ചിരുന്നു.

പൂഞ്ചോലക്കര അച്ചനോളം ധനബാഹുല്യവും പ്രാബല്യവും ഉണ്ടായിരുന്നില്ലെങ്കിലും രാമവർമ്മൻ തിരുമുൽപ്പാട് നല്ല ഒരു ജന്മിയും കുറെ സ്വാധീനശക്തി ഉള്ളാളും ആയിരുന്നു.

പൂഞ്ചോലക്കര അച്ചനും ഇദ്ദേഹവുമായി അത്യന്ത വിരോധമായിരുന്നു. "മനുഷ്യന്നു മനുഷ്യനോളം ക്രൂരത ചെയ്യുന്ന ശത്രു ഭൂമണ്ഡലത്തിൽ മറ്റൊരു ജന്തുവും ഇല്ല" എന്ന് ഇംഗ്ലീഷ് കവി പറഞ്ഞതു സൂക്ഷ്മമായ ഒരഭിപ്രായമാണെന്ന് ഇവർ രണ്ടുപേരും അന്യോന്യം ചെയ്തിരുന്ന കർമ്മങ്ങളെ ഓർത്താൽ ഏവനും ബോദ്ധ്യപ്പെടും. ഇവർക്കു അന്യോന്യം ഉണ്ടായിരുന്ന പാരുഷ്യത്തിന്റെ കർക്കശത ഏതു പ്രകാരമായിരുന്നു എന്നു എന്റെ വായനക്കാരെ മനസ്സിലാക്കേണ്ടത് ഈ കഥയിൽ എനിമേൽ പറയുവാൻ പോകുന്ന സംഗതികളെ ഓർക്കുമ്പോൾ ആവശ്യമാണെന്ന് എനിക്കു തോന്നുന്നു. അതുകൊണ്ട് അതിനെപ്പറ്റി ചുരുക്കമായി ഇവിടെ പ്രസ്താവിക്കുന്നു.

ഒന്നാമത് മത്സരം തുടങ്ങുവാൻ കാരണം ഒരു ദേവസ്വമാണ്. ദേവസ്വം വാസ്തവത്തിൽ രാമവർമ്മൻ തിരുമുല്പാടിലെ വകയായിരുന്നു. പൂഞ്ചോലക്കര അച്ചനു പണ്ട് ഒരു മേൽക്കോയ്മസ്ഥാനം ഉണ്ടായിരുന്നുവത്രെ. എന്നാൽ എടത്തിൽനിന്ന് അധികം കാലമായി ആ സ്ഥാനസംബന്ദമായുള്ള യാതൊരു പ്രവൃത്തികളും ചെയ്തു വരികയൊ യാതൊരു അനുഭവങ്ങളും പറ്റിവരികയോ ഉണ്ടായിട്ടില്ല. അത്യാഗ്രഹിയായ രാഘവനുണ്ണിയുടെ ഉപദേശം നിമിത്തം ഈ മേൽക്കോയ്മസ്ഥാനം നടത്തിവരണമെന്ന് അച്ചനു കാംക്ഷ തുടങ്ങി. ആദ്യം ബന്ധുവിന്റെ നിലയിൽ ഇരുന്ന തിരുമുല്പാടുമായി സന്ധിസംസാരങ്ങൾ തുടങ്ങി. അതൊന്നും ഫലിച്ചില്ല. പിന്നെ ഈ പഴയ മേൽക്കോയ്മാവകാശം ഊരായ്മ തന്നെയാക്കി പിടിച്ചുകയറി വ്യവഹരിച്ചു. തിരുമുല്പാടിനെ തോല്പിച്ച് കൊല്ലത്തിൽ നാലഞ്ചായിരം ഉറുപ്പിക മുതലെടുപ്പുള്ള ദേവസ്വത്തെ അച്ചൻ കയ്ക്ക [ 45 ] ലാക്കി. ഉടനെ വേറെ ഒരു വ്യവഹാരം തുടങ്ങി. യഥാർത്ഥത്തിൽ രാമവർമ്മൻതിരുമുല്പാട്ടിലെ കീഴിൽ കുടിയാന്മാർ നടന്നുവന്നിരുന്ന വലിയ ഒരു ഭൂമി ഒഴിപ്പിപ്പാൻ തിരുമുല്പാട് കൊടുത്തിരുന്ന ഒരു വ്യവഹാരത്തിൽ, കുടിയാന്മാരെക്കൊണ്ട് അച്ഛൻ ജന്മവാദം പുറപ്പെടുവീച്ചു ജന്മിയുടെ നിലയിൽ വ്യവഹാരത്തിൽ കടന്നുകൂടി ദ്രവ്യം ധാരാളം ചെലവു ചെയ്തു തിരുമുല്പാടിനെ തോല്പിച്ചു. ഈ വ്യവഹാരത്തിൽ തോറ്റതിനാൽ തിരുമുല്പാട്ടിലേക്കു കൊല്ലത്തിൽ രണ്ടായിരത്തിൽ ചില്വാനം പറ നെല്ലു വരുമാനമുള്ള ഒന്നാന്തരം ഒരു ഭൂമി പൊയ്‌പോയി.

സങ്കടം സഹിക്കാൻ പാടില്ലാതെ ആയതിനാൽ തിരുമുല്പാട് അച്ഛന്റെ ചില കുടിയാന്മാരെ സ്വാധീനമാക്കി അച്ഛന്റെ വക ഒരു ഭൂമിയിൽ കയ്യേറ്റം ചെയ്തു. അച്ഛൻ ക്രിമിനൽ അന്യായം കൊടുത്തു. തിരുമുല്പാടിനും ആൾക്കാർക്കും ഒരു മജിസ്ത്രേട്ടു നല്ലവണ്ണം സമ്മാനം കൊടുത്തു. ഇവിടെയും തോറ്റു.

പൊല്ലീസ്സ് അന്യായത്തിൽ തോറ്റ ശേഷവും തിരുമുല്പാടു വിട്ടില്ല. കയ്യേറ്റം ചെയ്തു കൈവശപ്പെടുത്തിയ ഭൂമി തന്റേതാണെന്നു സ്ഥാപിപ്പാൻ വ്യവഹാരം കൊടുത്തു. ആദ്യം കോടതിയിൽ തിരുമുല്പാട് ഒരു വിധം ജയിച്ചു. അച്ഛൻ അപ്പീൽ ചെയ്തു. ആദ്യവിധി മാറ്റി അച്ഛന്റെ ഭൂമിയാണെന്ന് അപ്പീലിൽ തീർച്ചയാക്കി.

ഈ കാര്യം കഴിഞ്ഞ ഉടനെ തിരുമുല്പാട്ടിലെ കുടിയാനായ ഒരു ചെറുമനെ, തിരുമുല്പാട് തല്ലിച്ച് കഠിന ഉപദ്രവം ഏല്പിച്ചിരിക്കുന്നു എന്ന് ഒരു കള്ളപ്പൊല്ലീസ്സ് അന്യായം അച്ഛൻ തിരുമുല്പാട്ടിലേക്ക് മേൽ കൊടുപ്പിച്ചു. ചെറുമനു കഠിനമായി തല്ലുകൊണ്ട് എല്ലൊടിഞ്ഞത് ശരിയാണ്. എന്നാൽ ഇതിൽ തിരുമുല്പാട് യാതൊന്നും അറികയോ പ്രവർത്തിക്കുകയോ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ഒരു കൃഷിക്കാരൻ കാര്യസ്ഥനാണു അടിച്ചത്. അതു തിരുമുല്പാട് കാര്യസ്ഥനെക്കൊണ്ടു തന്റെ മുമ്പാകെ വച്ചു ചെയ്യിച്ചതാണെന്ന് ഉണ്ടാക്കിത്തീർത്തു. പൊല്ലീസ്സുകാർ ജോറായി അന്വേഷണം നടത്തി. തിരുമുല്പാടും കുടുംബവും ഭയപ്പെട്ടു വിറച്ചു. ഒന്നുരണ്ടായിരം ഉറുപികയോളം ചെലവു ചെയ്യേണ്ടിവന്നു. ഉറുപ്പിക ചിലവായശേഷം പൊല്ലീസ്സന്വേഷണത്തിന്റെ ഊക്ക് ഒന്നു ശമിച്ചു. മജിസ്ത്രേട്ടു തിരുമുല്പാടിനെ വിട്ടു. "ആട്ടെ, രണ്ടായിരം ചിലവായതിന്റെ ശേഷമല്ലെ" എന്നു പറഞ്ഞു അച്ഛൻ രസിച്ചു. [ 46 ]

ഇതു കഴിഞ്ഞ്ശേഷം തിരുമുല്പാട്ടിലെ കോവിലകത്ത് അതിഘോഷമായി ഒരു അടിയന്തരം ഉണ്ടായിരുന്നു. തിരുമുല്പാടിലെ അമ്മയുടെ മാസം. ആ മാസടിയന്തിരത്തിൻനാൾ നാലഞ്ചായിരം എടങ്ങഴി അരിവെച്ചു സർവ്വാണിസദ്യ നിശ്ചയിച്ചിരുന്നു.സർവ്വാണിസദ്യ തകരാക്കിത്തീർക്കേണമെന്നു നിശ്ചയിച്ച് അച്ഛന്റെ പ്രദേശത്തുനിന്ന് ഒന്നു രണ്ടായിരം ആൾക്കാരെ സർവ്വാണിസാപ്പാടിനായി അയപ്പിച്ചു. അവർ അവിടെച്ചെന്നു കലശൽകൂടി ചോറു കടന്നുവാരി വെപ്പുസ്ഥലം അശുദ്ധമാക്കി ഉണ്ടാക്കിയ ഭക്ഷണസാധനങ്ങൾ സകലതും നശിപ്പിച്ചു അന്യോന്യം അടിയും പിടിയും നിലവിളിയും കലശലാക്കി. ഈ ലഹള കണ്ടു ഭയപ്പെട്ട് അടിയന്തരത്തിനു വന്ന മര്യാദക്കാരായ ആളുകൾ എല്ലാം ഓടി ഒളിച്ചു. തിരുമുല്പാടും കുടുംബവും മാളികമേൽ പോയി വാതിലടച്ചു. അടിയന്തിരം കേവലം ഉരസലായിപ്പോയി. ഈ സംഗതിയെ കുറിച്ചു തിരുമുല്പാട് മജിസ്ത്രേട്ടിൽ അച്ഛന്റെ മേൽ അന്യായം കൊടുത്തു. മജിസ്ത്രേട്ട് ദീർഘമായി വിസ്തരിച്ച് അന്യായം കളവാണെന്ന് കണ്ടു നീക്കി.

ഒരു ഹീനജാതിയായ സ്ത്രീയെക്കൊണ്ട്, തിരുമുല്പാടുമായി ഉണ്ടായിട്ടുള്ള സംസർഗ്ഗത്താൽ തനിക്കു ഒരു കുട്ടി ഉണ്ടായിരിക്കുന്നുവെന്നും അതിന്നു ചിലവിനു വാങ്ങി കൊടുപ്പിക്കേണമെന്നും ഒരു കള്ള അന്യായം അച്ഛൻ കൊടുപ്പിച്ചു. ആ കാര്യം വിചാരണ ചെയ്ത് മജിസ്ത്രേട്ട് ഒടുവിൽ അന്യായത്തെ നീക്കി. എങ്കിലും തിരുമുല്പാടിന്നു അതുനിമിത്തം കഠിനമായ വ്യസനവും അപമാനവും ഉണ്ടാക്കിത്തീർത്തു.

തിരുമുല്പാടിന്റെ കോവിലകത്തുള്ള സ്ത്രീകളുടെ സംബന്ധക്കാരായ ഒന്നു രണ്ടു നമ്പൂതിരിമാരോടു ഭീഷണി പറഞ്ഞ് സംബന്ധം വിടിയിപ്പിച്ചു. ഇങ്ങനെ ഇവർ തമ്മിൽ നടന്ന വ്യവഹാരങ്ങളെക്കുറിച്ചും ദുഷ്ടകർമ്മങ്ങളെക്കുറിച്ചും മുഴുവനും ഇവിടെ പറയുവാൻ പ്രയാസമാണ്. വ്യവഹാരങ്ങളിൽ മിക്കവാറും കലാശം തിരുമുല്പാടിനു ദോഷമായിട്ടാണ്. തിരുമുല്പാടിന്റെ ഭാഗം നേരായാലും കളവായാലും കാര്യം അവാസാനിക്കുന്നതിൽ ഭേദം അധികമായി ഉണ്ടാവാറില്ല. എന്നാൽ നിർഭാഗ്യവശാൽ തിരുമുല്പാട് ഒരു വ്യവഹാരപ്രിയനായിരുന്നു. ദ്രവ്യപ്രബലത ഉള്ളാളുമായി വ്യവഹാരത്തിൽ മത്സരിക്കുന്നത് എല്ലായ്പോഴും അപകടമാണെന്നുള്ള ബോദ്ധ്യം നല്ലവണ്ണം ഉണ്ടാവാൻ മാത്രമുള്ള പഠിപ്പ് തിരുമുല്പാടിന്നു ഉണ്ടായി എങ്കിലും പിന്നെയും വ്യവഹാരത്തിൽ ഉള്ള രസം അശേഷം ഇദ്ദേഹത്തിന്നു വിട്ടിട്ടില്ല. എന്തെങ്കിലും ഒരു സുഷിരം കിട്ടിയാൽ അതിൽ കൂടെ അച്ഛന്റെ നേരെ പാഞ്ഞു [ 47 ] കേറും. തോറ്റ്, ഇളിഭ്യനായി മടങ്ങും. തന്റെ നേരെ പാഞ്ഞു കേറിയതിനാൽ ഉണ്ടായ ക്രോധശമനത്തിന്ന് അച്ഛൻ തിരുമുല്പാടിന്റെ നേരെ കയറും, മിക്കവാറും കാര്യങ്ങൾ ജയിക്കുകയും ചെയ്യും. ഇങ്ങിനെ ഇവർ തമ്മിൽ ഉണ്ടായ ദുർവ്യവഹാരങ്ങളാൽ തിരുമുല്പാടിന്നു വളരെ സ്വത്ത് ക്ഷയിച്ചു കടത്തിലായി. വസ്തുക്കൾ പണയംവച്ചു തുടങ്ങി. ഈ കാലമാണ് ഇദ്ദേഹം ഈ കഥയിൽ പ്രവേശിക്കുന്നത്. കടം വാങ്ങിയും വ്യവഹരിക്കേണമെന്നുള്ള നിശ്ചയം ദൃഢമായി ചെയ്തിട്ടുള്ള ദേഹമായ ഇദ്ദേഹത്തിന്നു വ്യവഹാരത്തിൽ രസം പിടിപ്പിപ്പാൻ ഒരു നാട്ടുകാര്യസ്ഥൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേർ കരിപ്പാട്ടീൽ കണ്ടന്മേനോൻ എന്നായിരുന്നു.

"നാട്ടുകാര്യസ്ഥൻ" എന്നപദത്തിന്നു ഞാൻ ഉദ്ദേശിച്ച അർത്ഥമോ അല്ലെങ്കിൽ വല്ല പ്രത്യേക അർത്ഥമോ ഒരു വിവരണം കൂടാതെ എന്റെ വായനക്കാർ ഗ്രഹിക്കുമോ എന്നു ഞാൻ സംശയിക്കുന്നു. ഞാൻ ഉപയോഗിച്ച പദത്തിന്റെ ഗാംഭീര്യം നിമിത്തം മനസ്സിലാവാൻ പ്രയാസമെന്നല്ല ഞാൻ പറയുന്നത്. "നാട്ടുകാര്യസ്ഥൻ" എന്ന പദത്തിൽ എവിടെയാണ്, ഗാംഭീര്യം. എന്നാൽ മനസ്സിലാവാൻ വൈഷമ്യം എന്നു ഞാൻ ശങ്കിക്കുന്നത് ഈ പദം ഞാൻ ഉദ്ദേശിച്ച അർത്ഥത്തിൽ സാധാരണ ഗ്രഹിക്കപ്പെടുന്നുണ്ടെന്ന് എനിക്കു വിശ്വാസമില്ലാത്തതിനാലാണ്. അതുകൊണ്ട്, ആ പദത്തിന്നു ഞാൻ ഇവിടെ ഉദ്ദേശിച്ച അർത്ഥം താഴെ വിവരിക്കുന്നു.

സർക്കാരുദ്യോഗം, കച്ചവടം, കൃഷി, ഗൃഹസ്ഥവൃത്തി, വിദ്യാപരിശ്രമം, കൈവേലപ്രവൃത്തികൾ, കൂലിപ്പണി, തീർത്ഥാടനം, പിച്ച എടുക്കൽ മുതലായ യാതൊരു വ്യാപാരങ്ങളിലും ക്രമമായും ശരിയായും പ്രവേശിക്കാതെയും അധികകാലം കോടതിയിൽ വ്യവഹാരകാര്യങ്ങളിൽ പരിചയിച്ചു വ്യവഹാരത്തിൽ അത്യന്തം രസം പിടിച്ചു പൂർവ്വാർജ്ജിതമായി വല്ല സ്വത്തുക്കളും തനിക്ക് ഉണ്ടായിരുന്നുവെങ്കിൽ അതു വ്യവഹാരഭ്രാന്തിനാൽ നശിച്ച് ദിവസവൃത്തിക്കു നല്ല ബുദ്ധിമുട്ടോടുകൂടി വല്ല കാര്യങ്ങളിലും മദ്ധ്യസ്ഥം പറഞ്ഞു വ്യവഹാരങ്ങൾ നടത്തുന്നതിൽ വക്കീലന്മാരുടെ ഉപദേഷ്ടാവായും വല്ല മുറിവാചകങ്ങളും പഠിച്ച ഹർജികൾ, ആധാരങ്ങൾ, തറവാട്ടുകരാറുകൾ മുതലായത് എഴുതുന്നതിൽ ബഹുസമർത്ഥൻ എന്ന് അറിവില്ലാത്താളുകളെ ധരിപ്പിച്ചും, ധനപുഷ്ടിയും ജനപുഷ്ടിയും ഉള്ള തറവാടുകളിൽ കടന്നുകൂടി കുടുംബച്ഛിദ്രവും നാശവും ഉണ്ടാക്കിയും നാട്ടിൽ വ്യവഹാരങ്ങൾ വർദ്ധിപ്പിച്ചു കാലക്ഷേപം ചെയ്യുന്ന ഒരു മനുഷ്യനു ഞാൻ "നാട്ടുകര്യസ്ഥൻ" [ 48 ] എന്ന പേർ കൊടുക്കുന്നു. മേല്പറഞ്ഞ കരിപ്പാട്ടിൽ കണ്ടന്മേനോൻ ഈ വിധമുള്ള നാട്ടുകാര്യസ്ഥനാകുന്നു. ശീട്ടുകളിയിലും മറ്റും ചിലപ്പോൾ കിട്ടുന്നതുപോലെ ദുർവ്യവഹാരങ്ങളാൽ തന്റെ ചെറുപ്പത്തിൽ ആദ്യകാലത്തു സമ്പാദിച്ചിരുന്ന സ്വത്തും തനിക്കു തറവാട്ടിൽ കാരണവസ്ഥാനം കിട്ടിയശേഷം തറവാട്ടുവക അല്പമായി ഉണ്ടായിരുന്ന സ്വത്തും ഈ മനുഷ്യൻ ഒരുപോലെ നശിപ്പിച്ച് അഹോവൃത്തിക്കു വളരെ ബുദ്ധിമുട്ടി "ഉഴലൂർ" ആയി നടക്കുന്ന കാലമാണ്, ഈ കഥ നടന്ന കാലം. സൂക്ഷ്മത്തിൽ വളരെ വലച്ചിലിൽ ആയിരുന്നു, തന്റെ ഇപ്പോഴത്തെ സ്ഥിതി എങ്കിലും ഒരു വെളുത്തമുണ്ടും, തോർത്തുമുണ്ടും, ഒരു ചൂരൽ വടിയും, പഴെ രണ്ടു ചെരിപ്പും, കാലപ്പഴക്കത്താൽ ആദ്യത്തെ ആകൃതിയും വണ്ണവും ഏതാണ്ട് മാറിവശായ ഒരു പട്ടുകൊടയും കാര്യസ്ഥതയാൽ സഹജമെന്നപോലെ ആയിത്തീർന്നിരിക്കുന്ന തന്റെ ഗംഭീരഭാവവും ധാർഷ്ട്യാതിരേകമായ വാക്കുകളും കൂടാതെ കണ്ടന്മേനോനെ അദ്ദേഹത്തിന്റെ ഈ ദുഷ്ക്കാലത്തിലും ആരും പുറത്തു കാണാറില്ല. ധാർഷ്ട്യവും ഗർവും നിമിത്തവും ഉള്ള വിലകൂടി ക്ഷണത്തിൽ ഇല്ലാതെ ആയി പോവുമെന്നു ശങ്കിച്ച്, തന്റെ കഷ്ടദശയെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചും ആരോടും കണ്ടന്മേനോൻ പറയാറില്ല. വല്ല ശുദ്ധമനസ്സുകളായ മനുഷ്യർ തന്റെ അപ്പോശത്തെ സ്ഥിതിയെക്കുറിച്ചു പരിതാപപ്പെട്ടു കണ്ടന്മേനോനോടു വലതും പറഞ്ഞാൽ അതു തനിക്കു അശേഷം രസമാവുകയില്ലെന്നു മാത്രമല്ല ചിലപ്പോൾ ശുണ്ഠിക്കുകൂടി കാരണമായി വരുമാറാണ്. ഇങ്ങിനെയാണ് ഈ നാട്ടുകാര്യസ്ഥന്റെ പ്രകൃതം. ഇദ്ദേഹത്തിന്റെ ഭവനവും ഉദയന്തളി പ്രദേശത്തുതന്നെയാണ്. രമവർമ്മൻ തിരുമുല്പാടിന്റെ കോവിലകത്തുനിന്ന് ഒരു നാഴിക ദൂരമാണ്. രാമവർമ്മൻ തിരുമുല്പാടും അച്ചനുമായി വ്യവഹാരം തുടങ്ങിയ ആദ്യകാലങ്ങളിൽ കണ്ടന്മേനോൻ രാപകൽ തിരുമുല്പാടോടുകൂടി നിന്നു വ്യവഹാരപരിശ്രമം ചയ്തിരുന്നു. ഇയാളുടെ ഉപദേശങ്ങളാൽ രാമവർമ്മൻ തിരുമുല്പാടു പലേ അബദ്ധങ്ങളിലും ചാടീട്ടുണ്ടായിരുന്നുവെങ്കിലും കണ്ടന്മേനോനുമായുള്ള ആലോചന തിരുമുല്പാടു കേവലം വിട്ടിരുന്നില്ല. കൂടെക്കൂടെ ഇക്കാലം തിരുമുല്പാടു കണ്ടന്മേനോനെ കാണുമാറും വ്യവഹാരസംഗതികളെപ്പറ്റി ആലോചിക്കുമാറും ഉണ്ട്. അങ്ങിനെ ഇരിക്കുമ്പോൾ നമ്മുടെ ഈ കഥ നടക്കുന്ന കാലം ഒരു ദിവസം രാവിലെ കണ്ടന്മേനോൻ രാമവർമ്മൻ തിരുമുല്പാടിനെ കാണ്മാൻ അദ്ദേഹത്തിന്റെ കോവിലകത്തേക്കു ചെന്നു. കോവിലകത്തു പൂമുഖത്തുവെച്ചു രാമവർമ്മൻ തിരുംല്പാടും കണ്ടന്മേനോനുമായി ഓരോ സംഗതികളെക്കുറിച്ചും സംസാരം തുടങ്ങി. [ 49 ] ക :- ഇവിടുന്ന് ഒരു വിശേഷവർത്തമാനം കേട്ടുവോ.

രാ :- ഇല്ല, എന്താണു കേൾക്കട്ടെ.

ക :- പൂഞ്ചോലക്കര എടത്തിൽനിന്നു മുമ്പു നാടുവിട്ട പൊയ്ക്കളഞ്ഞ കല്യാണിഅമ്മയുടെ മകളായിട്ടു ഒരു കുട്ടി അതിന്റെ അച്ഛനോടുകൂടി ഈ ദിക്കിൽ എത്തീട്ടുണ്ടത്രേ. കല്യാണിഅമ്മ മരിച്ചുപോയിപോൽ. കുട്ടിയുടെ അച്ഛൻ പൂഞ്ചോലക്കര അച്ഛന് ഒരു എഴുത്തയച്ചിരിക്കുന്നു. അതിൽ കുട്ടിയെ അച്ചൻ ഏറ്റുവാങ്ങി രക്ഷിക്കേണമെന്നും അല്ലെങ്കിൽ ഉടനെ വ്യവഹാരം കൊടുക്കുമെന്നും എഴുതിയിരിക്കുന്നുവത്രെ. അച്ചനും ഉണ്ണിമാരും വളരെ ഭ്രമിച്ചു വശായിരിക്കുന്നു. ഞാൻ ഇന്നലെ വൈകുന്നേരമാണ് ഈ വിവരം കേട്ടത്. അതാണ് ഇന്ന് ഇത്രനേർത്തെ ഇങ്ങോട്ടു പോന്നത്.

ഈ വാക്കുകൾ കേട്ടപ്പോൾ തിരുമുല്പാട് പെട്ടെന്ന് അത്യന്തസന്തോഷത്തിലും അല്പം വ്യസനത്തിലും ആയതിനാൽ രണ്ടുമൂന്നു നിമിഷങ്ങൾ ഒന്നും സംസാരിപ്പാൻ വയ്യാതെ ഇരുന്നു. ഈ സ്തോഭത്തിൽ നിന്ന് നിർത്തിച്ചശേഷം ചോദിച്ചു.

രാ :- ഇതു സത്യമോ ? കണ്ടനോട് ആർ പറഞ്ഞു ?

ക :- സത്യമാണ്. സംശയമില്ല. ഈ കുട്ടിയുടെ അച്ഛന്റെ എഴുത്ത് ഒരുവൻ പൂഞ്ചോലക്കര എടത്തിൽ കൊടുക്കുന്നതു കണ്ട ദേഹമാണ് എന്നോടു പറഞ്ഞത്. കാര്യത്തിൽ ഒരു സംശയവുമില്ല. എഴുത്ത് കൊണ്ടുവന്നവനെ തല്ലിക്കാൻ അച്ചൻ വട്ടംകൂട്ടി. അവൻ ഓടിക്കളഞ്ഞുവത്രെ. വർത്തമാനം പരമാർത്ഥമാണെന്നുള്ളതിനു യാതൊരു സംശയവും ഉണ്ടാവാൻ പാടില്ല.

രാ :- വ്യവഹാരം കൊടുക്കുമെന്നു തന്നെ എഴുതീട്ടുണ്ടോ ??

ക :- അങ്ങിനെ തന്നെ എഴുതിയിരിക്കുന്നു , എഴുത്തു കിട്ടിയ തിയ്യതി മുതൽ ഒരു മാസത്തിനകത്ത് എഴുത്തിലാവശ്യപ്പെട്ട പ്രകാരം പ്രവർത്തിക്കുന്നില്ലെങ്കിൽ വ്യവഹാരം കൊടുക്കുമെന്നു തന്നെ തീർച്ചയായും എഴുതിയിരിക്കുന്നു. ഈ കുട്ടിയുടെ അച്ഛൻ വളരെ ദ്രവ്യസ്ഥനും നല്ല കാര്യസ്ഥനുമാണത്രെ. കുട്ടി അതി സുമുഖിയാണ് അത്രെ.

രാ :- നിശ്ചയമായി നുമ്മൾ ഈ കുട്ടിക്കു വേണ്ട സഹായങ്ങൾ സകലതും ചെയ്യണം.

ക :- സകല സഹായങ്ങളും ചെയ്യണം.

രാ :- കഷ്ടം ! കല്യാണി മരിച്ചുപോയി ഇല്ലേ ? ഈ മഹാപാപി അച്ചൻ നിമിത്തം ആ പെണ്ണും എന്റെ ഭാര്യ ലക്ഷ്മിയും നശിച്ചു. അവരെ രണ്ടുപേരേയും ഈ അച്ചൻ കൊല ചെയ്തതായി വിചാരിക്കണം. [ 50 ] എനിക്ക് അധികാരമുണ്ടായിരുന്നുവെങ്കിൽ ഈ വൃകോദരനെ ഞാൻ തൂക്കിക്കൊല്ലുവാൻ വിധി കൊടുക്കുമായിരുന്നു. ആ മഹാപാപിക്ക് നല്ല കാലമാണ്. എന്തു ചെയ്യും. നിവൃത്തി ഇല്ലല്ലോ , വ്യവഹാരം ഈ കുട്ടി കൊടുത്തിട്ടെന്തു ഫലം. അച്ചന്റെ പണത്തിനു മീതേ എന്തെങ്കിലും പോവുമോ ?

ക :- അങ്ങിനെ പറയണ്ട. ഈ വ്യവഹാരം നല്ല ഒന്നാംതരം വ്യവഹാരമാണ്. സ്ഥാപനക്കു കൊടുത്താൽ മതി "ഇസ്പീശ്യാൽറില്ലി" എന്ന് ഇപ്പോൾ ഒരാക്ട് ഉണ്ട്. അതുപ്രകാരം സ്ഥാപനയ്ക്കു കൊടുത്താൽ കുടുങ്ങി.

രാ :- എന്ത് ആക്ട് ഉണ്ടായാലും അച്ചനു പണമില്ലെ. ആക്ടൊക്കെ പണത്തിനു വഴങ്ങണ്ടെ.

ക :- ഈ വ്യവഹാരം കൊടുത്തുവോ എന്നാൽ ജയിക്കും , സംശയമില്ല. "റില്ലി" ആക്ട് പ്രകാരം വേണ്ടേടത്തോളം തെളിവുകൊടുത്താൽ ഹൈക്കോടതിയിലെങ്കിലും ഗുണം കിട്ടും നിശ്ചയം. ഞാൻ വെറെ ഒരു വിശേഷവർത്തമാനം കൂടികേട്ടു. വലിയ മൂപ്പർക്ക് എളക്കമുണ്ടത്രേ. ഏതോ വേറെ ഒരു ജില്ലയിലേക്ക് മാറ്റുന്നുവത്രെ.

രാ :- ജഗദീശ്വരാ-ഭഗവാനൊ-ഈ ബകഹാക്ഷസൻഇവിടെനിന്നു പോയാൽ സാധുക്കൾക്ക് ജീവിക്കാമായിരുന്നു. പോവുകയില്ല. ഒരിക്കലും പോവുകയില്ല. അത്രഭാഗ്യം ഈ ജില്ലയിലെ സാധുക്കൾക്കുണ്ടോ.

ക :- അല്ല പോകും. ഇഷ്ടീൻസായ്പ് സകല വർത്തമാനവും അറിഞ്ഞിരിക്കുന്നുപോൽ. ഉടനെ മാറ്റം ഉണ്ടാവും.

രാ :- നീ പറഞ്ഞആക്ട് പ്രകാരം ഉള്ള വ്യവഹാരം ഏതു കോടതിയിൽ കൊടുക്കേണ്ടതാണ് ?

ക :- അത് മുനിസിപ്പ് കോടതിയിൽ കൊടുക്കാം.

രാ :- അപ്പോൾ സലയോ. എടത്തിലെ വസ്തുമുതൽ ഒക്കെയും അധികാരസലയായി ചേരണ്ടേ. അത് മുനിസിപ്പുകോടതിയിൽ ഒതുങ്ങുമോ ?

ക :- ഓ ഹൊ , "ഇസ്പിശ്യാൽ റില്ലി" ആക്ട് പ്രകാരം അധികാരസല ആവശ്യമില്ല. പത്തുറുപ്പികയുടെ കടലാസിൽ അന്യായം എഴുതിക്കൊടുക്കണം. അത്രേ വേണ്ടു. ഏതു കോടതിയിലും കൊടുക്കാം.

രാ :- എന്തൊ , എനിക്കു ഇതു നിശ്ചയമില്ല. ആട്ടെ എനിക്ക് ആ കുട്ടിയെയും അതിന്റെ അച്ഛനെയും കാണാൻ അത്യാഗ്രഹമായിരിക്കുന്നു. അവർ ഏതു ദിക്കിലാണ് ? [ 51 ] ക :- കല്യാണിഅമ്മയുടെ കൂടെ പോയിരുന്ന വൈത്തിപ്പട്ടര് എന്ന ഒരു പട്ടരുടെ ഗൃഹത്തിൽ ആണത്രെ താമസം.

രാ :- കണ്ടൻ ഉടനെ ആ ദിക്കിലേക്ക് പുറപ്പെടണം. വൈത്തിപ്പട്ടർ എന്റെ ഒരു താല്പര്യക്കാരനാണ്. പട്ടര് വികൃതിയാണെങ്കിലും പൂഞ്ചോലക്കര എടത്തിലേക്കു ബദ്ധമത്സരിയാണ്. അയാളെ സ്വാധീനത്തിൽ വെക്കണം. കുട്ടിയേയും അതിന്റെ അച്ഛനേയും ഇങ്ങോട്ട് വൈത്തിപ്പട്ടർ മുഖാന്തിരം കണ്ടൻ തന്നെ പോയി കൂട്ടിക്കൊണ്ട് വരണം. പക്ഷേ ഉദയവർമ്മനും കൂടി വരട്ടെ. കുട്ടി എന്റെ ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ മകളല്ലേ. എനിക്ക് ആ കുട്ടിയെ എന്റെ സ്വന്തം ആളെ അയച്ചുവരുത്തുവാൻ അവകാശമുണ്ടല്ലോ. ഒട്ടും താമസിക്കരുത് ഉടനെ കണ്ടൻ പോകണം.

രാമവർമ്മൻ തിരുമുല്പാടും കണ്ടന്മേനോനും തമ്മിൽ ഉണ്ടായ ഈ സംഭാഷണം കേട്ടുകൊണ്ട് പൂമുഖത്ത് ഒരു ചെറുപ്പക്കാരൻ നമ്പൂതിരി നിന്നിരുന്നു. ഇദ്ദേഹം വലിയ ഒരു സ്ത്രീഭ്രാന്തനും ഒരു ഉത്സാഹപുരുഷനുമായിരുന്നു. കണ്ടാൽ സുമുഖനാണ്. ഇദ്ദേഹത്തിന്റെ ഇല്ലം രാമവർമ്മൻതിരുമുല്പാട്ടിലെ കോവിലകത്തിന്ന് ഏറ്റവും സമീപത്തായിരുന്നു. കോവിലകത്ത് ഇദ്ദേഹം നിത്യനാണ്. കല്യാണിഅമ്മയുടെ മകളായിട്ട് ഒരു പെൺകുട്ടി എത്തീട്ടുണ്ടെന്ന് കണ്ടന്മേനോൻ പറഞ്ഞ ഉടനെ കുട്ടിയെ കാണേണമെന്ന് നമ്പൂതിരി മനസ്സുകൊണ്ട് ഉറച്ചുകഴിഞ്ഞു ! ഇദ്ദേഹം വലിയ സഞ്ചാരിയാണ്. ഉത്സവങ്ങളോ മറ്റു വലിയ കാഴ്ചകളോ ഉള്ള ഇടങ്ങളിലെല്ലാം ഈ നമ്പൂതിരിയെ കാണാതെ ഇരിക്കുകയില്ല. കുറെ സംഗീതവാസനയുണ്ട്. പാട്ട് എവിടെയുണ്ടോ അവിടെ നമ്പൂതിരിയും ഉണ്ട്. പാട്ട് ശീലമുള്ള സ്ത്രീകൾ തനിക്ക് പരിചയമില്ലാത്തവരായി ആരു ഈ മലയാളത്തിൽ ഇല്ല. ഈ രാജ്യത്തിൽ ഇദ്ദേഹം പോയി കാണാതെയോ പരിചയമില്ലാതെയോ പ്രദേശം ഉണ്ടോ എന്നു സംശയമാണ്

"ഉടനെ കണ്ടൻ പോണം" എന്നു തിരുമുല്പാട് പറഞ്ഞപ്പോൾ-

നമ്പൂതിരി "ഞാനും കൂടെ പോവാം ! ഞാൻ വൈത്തിപ്പട്ടരുടെ ഗൃഹത്തിൽ പലപ്പോഴും പോയിട്ടുണ്ട്. സർപ്പദൃഷ്ടിക്കാരനും ഞാനുമായി നന്നെ സ്നേഹമായിട്ടാണ്. ഞാനും കൂടെ പോവാം. എന്നു പറഞ്ഞു.

രാമവർമ്മൻ തിരുമുല്പാടിനു നമ്പൂതിരി പറഞ്ഞത് വളരെ സമ്മതമായി. സന്തോഷത്തോടുകൂടി "അങ്ങിനെതന്നെ" എന്നു സമ്മതിച്ചു. [ 52 ] ഉദയവർമ്മൻ തിരുമുൽപ്പാടിലേക്കും കണ്ടന്മേനോനും ഉടനെ പുറപ്പെടാൻ തരമായില്ല. നമ്പൂതിരി ഈ രണ്ടുപേരോടും എപ്പോൾ പുറപ്പെടുന്നു , താൻ ഹാജരായിരിക്കുന്നു എന്ന് ഈ സംഭാഷണം കഴിഞ്ഞതുമുതൽ എല്ലാ ദിവസങ്ങളിലും പോയി ചോദ്യം തുടങ്ങി. അവരു രണ്ടുപേരും ഈ നമ്പൂതിരിയുടെ ബദ്ധപ്പാടുകൊണ്ട് ബുദ്ധിമുട്ടി. ഒടുവിൽ ഒരു ദിവസം ഉദയവർമ്മൻ തിരുമുൽപ്പാട് നമ്പൂതിരിയോട് ഇങ്ങനെ പറഞ്ഞു.

"എനിക്കു രണ്ടുദിവസം കഴിഞ്ഞേ പുറപ്പെടാൻ നിവൃത്തിയുള്ളു നമ്പൂതിരിക്ക് ബദ്ധപ്പാടാണെങ്കിൽ മുമ്പെ പൊയ്ക്കൊള്ളു."

"എന്നാൽ ഞാൻ മുമ്പെ പോവാം. നിങ്ങൾ എല്ലാം വരുന്ന വിവരം മുൻകൂട്ടി അറിയിച്ചു നിങ്ങൾ വരുമ്പോൾ എതിരേൽക്കാൻ ഞാൻ ഹാജരായി നിന്നുകൊള്ളാം." എന്നും പറഞ്ഞു ഉടനെ വൈത്തിപ്പട്ടരുടെ ഗൃഹത്തിലേക്കായി നമ്പൂതിരി പോയി. അദ്ദേഹം പോയതിന്റെ രണ്ടാംദിവസം ഉദയവർമ്മൻ തിരുമുൽപ്പാടും കണ്ടന്മേനോനും ഭൃത്യന്മാരോടുകൂടി വൈത്തിപ്പട്ടരുടെ രാജ്യത്തേയ്ക്കു പുറപ്പെടുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=ശാരദ/മൂന്നാം_അദ്ധ്യായം&oldid=38492" എന്ന താളിൽനിന്ന് ശേഖരിച്ചത്