താൾ:Sarada.djvu/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലാക്കി. ഉടനെ വേറെ ഒരു വ്യവഹാരം തുടങ്ങി. യഥാർത്ഥത്തിൽ രാമവർമ്മൻതിരുമുല്പാട്ടിലെ കീഴിൽ കുടിയാന്മാർ നടന്നുവന്നിരുന്ന വലിയ ഒരു ഭൂമി ഒഴിപ്പിപ്പാൻ തിരുമുല്പാട് കൊടുത്തിരുന്ന ഒരു വ്യവഹാരത്തിൽ, കുടിയാന്മാരെക്കൊണ്ട് അച്ഛൻ ജന്മവാദം പുറപ്പെടുവീച്ചു ജന്മിയുടെ നിലയിൽ വ്യവഹാരത്തിൽ കടന്നുകൂടി ദ്രവ്യം ധാരാളം ചെലവു ചെയ്തു തിരുമുല്പാടിനെ തോല്പിച്ചു. ഈ വ്യവഹാരത്തിൽ തോറ്റതിനാൽ തിരുമുല്പാട്ടിലേക്കു കൊല്ലത്തിൽ രണ്ടായിരത്തിൽ ചില്വാനം പറ നെല്ലു വരുമാനമുള്ള ഒന്നാന്തരം ഒരു ഭൂമി പൊയ്‌പോയി.

സങ്കടം സഹിക്കാൻ പാടില്ലാതെ ആയതിനാൽ തിരുമുല്പാട് അച്ഛന്റെ ചില കുടിയാന്മാരെ സ്വാധീനമാക്കി അച്ഛന്റെ വക ഒരു ഭൂമിയിൽ കയ്യേറ്റം ചെയ്തു. അച്ഛൻ ക്രിമിനൽ അന്യായം കൊടുത്തു. തിരുമുല്പാടിനും ആൾക്കാർക്കും ഒരു മജിസ്ത്രേട്ടു നല്ലവണ്ണം സമ്മാനം കൊടുത്തു. ഇവിടെയും തോറ്റു.

പൊല്ലീസ്സ് അന്യായത്തിൽ തോറ്റ ശേഷവും തിരുമുല്പാടു വിട്ടില്ല. കയ്യേറ്റം ചെയ്തു കൈവശപ്പെടുത്തിയ ഭൂമി തന്റേതാണെന്നു സ്ഥാപിപ്പാൻ വ്യവഹാരം കൊടുത്തു. ആദ്യം കോടതിയിൽ തിരുമുല്പാട് ഒരു വിധം ജയിച്ചു. അച്ഛൻ അപ്പീൽ ചെയ്തു. ആദ്യവിധി മാറ്റി അച്ഛന്റെ ഭൂമിയാണെന്ന് അപ്പീലിൽ തീർച്ചയാക്കി.

ഈ കാര്യം കഴിഞ്ഞ ഉടനെ തിരുമുല്പാട്ടിലെ കുടിയാനായ ഒരു ചെറുമനെ, തിരുമുല്പാട് തല്ലിച്ച് കഠിന ഉപദ്രവം ഏല്പിച്ചിരിക്കുന്നു എന്ന് ഒരു കള്ളപ്പൊല്ലീസ്സ് അന്യായം അച്ഛൻ തിരുമുല്പാട്ടിലേക്ക് മേൽ കൊടുപ്പിച്ചു. ചെറുമനു കഠിനമായി തല്ലുകൊണ്ട് എല്ലൊടിഞ്ഞത് ശരിയാണ്. എന്നാൽ ഇതിൽ തിരുമുല്പാട് യാതൊന്നും അറികയോ പ്രവർത്തിക്കുകയോ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ഒരു കൃഷിക്കാരൻ കാര്യസ്ഥനാണു അടിച്ചത്. അതു തിരുമുല്പാട് കാര്യസ്ഥനെക്കൊണ്ടു തന്റെ മുമ്പാകെ വച്ചു ചെയ്യിച്ചതാണെന്ന് ഉണ്ടാക്കിത്തീർത്തു. പൊല്ലീസ്സുകാർ ജോറായി അന്വേഷണം നടത്തി. തിരുമുല്പാടും കുടുംബവും ഭയപ്പെട്ടു വിറച്ചു. ഒന്നുരണ്ടായിരം ഉറുപികയോളം ചെലവു ചെയ്യേണ്ടിവന്നു. ഉറുപ്പിക ചിലവായശേഷം പൊല്ലീസ്സന്വേഷണത്തിന്റെ ഊക്ക് ഒന്നു ശമിച്ചു. മജിസ്ത്രേട്ടു തിരുമുല്പാടിനെ വിട്ടു. "ആട്ടെ, രണ്ടായിരം ചിലവായതിന്റെ ശേഷമല്ലെ" എന്നു പറഞ്ഞു അച്ഛൻ രസിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/45&oldid=169850" എന്ന താളിൽനിന്ന് ശേഖരിച്ചത്