താൾ:Sarada.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്ന പേർ കൊടുക്കുന്നു. മേല്പറഞ്ഞ കരിപ്പാട്ടിൽ കണ്ടന്മേനോൻ ഈ വിധമുള്ള നാട്ടുകാര്യസ്ഥനാകുന്നു. ശീട്ടുകളിയിലും മറ്റും ചിലപ്പോൾ കിട്ടുന്നതുപോലെ ദുർവ്യവഹാരങ്ങളാൽ തന്റെ ചെറുപ്പത്തിൽ ആദ്യകാലത്തു സമ്പാദിച്ചിരുന്ന സ്വത്തും തനിക്കു തറവാട്ടിൽ കാരണവസ്ഥാനം കിട്ടിയശേഷം തറവാട്ടുവക അല്പമായി ഉണ്ടായിരുന്ന സ്വത്തും ഈ മനുഷ്യൻ ഒരുപോലെ നശിപ്പിച്ച് അഹോവൃത്തിക്കു വളരെ ബുദ്ധിമുട്ടി "ഉഴലൂർ" ആയി നടക്കുന്ന കാലമാണ്, ഈ കഥ നടന്ന കാലം. സൂക്ഷ്മത്തിൽ വളരെ വലച്ചിലിൽ ആയിരുന്നു, തന്റെ ഇപ്പോഴത്തെ സ്ഥിതി എങ്കിലും ഒരു വെളുത്തമുണ്ടും, തോർത്തുമുണ്ടും, ഒരു ചൂരൽ വടിയും, പഴെ രണ്ടു ചെരിപ്പും, കാലപ്പഴക്കത്താൽ ആദ്യത്തെ ആകൃതിയും വണ്ണവും ഏതാണ്ട് മാറിവശായ ഒരു പട്ടുകൊടയും കാര്യസ്ഥതയാൽ സഹജമെന്നപോലെ ആയിത്തീർന്നിരിക്കുന്ന തന്റെ ഗംഭീരഭാവവും ധാർഷ്ട്യാതിരേകമായ വാക്കുകളും കൂടാതെ കണ്ടന്മേനോനെ അദ്ദേഹത്തിന്റെ ഈ ദുഷ്ക്കാലത്തിലും ആരും പുറത്തു കാണാറില്ല. ധാർഷ്ട്യവും ഗർവും നിമിത്തവും ഉള്ള വിലകൂടി ക്ഷണത്തിൽ ഇല്ലാതെ ആയി പോവുമെന്നു ശങ്കിച്ച്, തന്റെ കഷ്ടദശയെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചും ആരോടും കണ്ടന്മേനോൻ പറയാറില്ല. വല്ല ശുദ്ധമനസ്സുകളായ മനുഷ്യർ തന്റെ അപ്പോശത്തെ സ്ഥിതിയെക്കുറിച്ചു പരിതാപപ്പെട്ടു കണ്ടന്മേനോനോടു വലതും പറഞ്ഞാൽ അതു തനിക്കു അശേഷം രസമാവുകയില്ലെന്നു മാത്രമല്ല ചിലപ്പോൾ ശുണ്ഠിക്കുകൂടി കാരണമായി വരുമാറാണ്. ഇങ്ങിനെയാണ് ഈ നാട്ടുകാര്യസ്ഥന്റെ പ്രകൃതം. ഇദ്ദേഹത്തിന്റെ ഭവനവും ഉദയന്തളി പ്രദേശത്തുതന്നെയാണ്. രമവർമ്മൻ തിരുമുല്പാടിന്റെ കോവിലകത്തുനിന്ന് ഒരു നാഴിക ദൂരമാണ്. രാമവർമ്മൻ തിരുമുല്പാടും അച്ചനുമായി വ്യവഹാരം തുടങ്ങിയ ആദ്യകാലങ്ങളിൽ കണ്ടന്മേനോൻ രാപകൽ തിരുമുല്പാടോടുകൂടി നിന്നു വ്യവഹാരപരിശ്രമം ചയ്തിരുന്നു. ഇയാളുടെ ഉപദേശങ്ങളാൽ രാമവർമ്മൻ തിരുമുല്പാടു പലേ അബദ്ധങ്ങളിലും ചാടീട്ടുണ്ടായിരുന്നുവെങ്കിലും കണ്ടന്മേനോനുമായുള്ള ആലോചന തിരുമുല്പാടു കേവലം വിട്ടിരുന്നില്ല. കൂടെക്കൂടെ ഇക്കാലം തിരുമുല്പാടു കണ്ടന്മേനോനെ കാണുമാറും വ്യവഹാരസംഗതികളെപ്പറ്റി ആലോചിക്കുമാറും ഉണ്ട്. അങ്ങിനെ ഇരിക്കുമ്പോൾ നമ്മുടെ ഈ കഥ നടക്കുന്ന കാലം ഒരു ദിവസം രാവിലെ കണ്ടന്മേനോൻ രാമവർമ്മൻ തിരുമുല്പാടിനെ കാണ്മാൻ അദ്ദേഹത്തിന്റെ കോവിലകത്തേക്കു ചെന്നു. കോവിലകത്തു പൂമുഖത്തുവെച്ചു രാമവർമ്മൻ തിരുംല്പാടും കണ്ടന്മേനോനുമായി ഓരോ സംഗതികളെക്കുറിച്ചും സംസാരം തുടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/48&oldid=169853" എന്ന താളിൽനിന്ന് ശേഖരിച്ചത്