ശാരദ/അഞ്ചാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശാരദ
രചന:ഒ. ചന്തുമേനോൻ
അഞ്ചാം അദ്ധ്യായം

[ 77 ] വൈത്തി:- ഈ പാലിൽ യാതൊരു ദൂഷ്യവും ഉണ്ടാവാൻ സംഗതിയില്ല. എജമാനനും ശാരദയും കുടിച്ച പാലും നമ്പൂതിരി കുടിച്ച പാലും ഈ പാത്രത്തിൽ ഒന്നായി കാച്ചിയതാണു്. പാലിൽ വല്ല ദോഷവുമുണ്ടെങ്കിൽ നിശ്ചയമായി അതു സേവിച്ചവർക്കു് എല്ലാം കാണണ്ടെ. ദ്രസ്സരെ വരുത്തി നോക്കിയശേഷവും ശവം മറവുചെയ്യുന്നതായാൽ നാളെ അസ്തമിക്കുന്നതിന്നു മുമ്പു് അതു് സാധിക്കയില്ല. തലേത്തട്ടി കലശലായുള്ള ഈ സമയം ഈ ദീനം പിടിച്ചു ചത്താളുടെ ശവം ഈ കുട്ടികളുടെ എടയിൽ എന്റെ മഠത്തിൽ വെച്ചു സൂക്ഷിക്കുന്നതു് എനിക്കു സങ്കടമാണു്. ശാരദ ഉണർന്നു് ഈ വിവരം അറിഞ്ഞാൽ നിശ്ചയമായി അവൾ ഭയപ്പെടും സംശയമില്ല. എനിക്കും രണ്ടു നാലു കുട്ടികൾ ഉണ്ടല്ലൊ എജമാനനെ. പിന്നെ എന്റെ ഭാർയ്യ ഇപ്പോൾ ഗർഭിണിയാണു്. ഈ സ്ഥിതിക്കു് അശേഷം താമസിക്കാതെ ശവം ദഹനം കഴിച്ചു് വീടു് ശുദ്ധമാക്കുന്നതാണു് നല്ലതു്. ഇതൊന്നും എജമാനൻ അറിയേണ്ട. എജമാനനും ശാരദയും ഇപ്പോൾ തന്നെ എന്റെ മറ്റേ മഠത്തിലേക്ക് പുറപ്പെടുന്നതാണു നല്ലതു്. ഇവിടെ വേണ്ടതെല്ലാം ഞാൻ നടത്തിച്ചു പത്തുമണിക്കു ഞാനും എന്റെ കുട്ടികളും ഭാർയ്യയും അങ്ങോട്ട് എത്തിക്കോളാം ഈ ഗ്രാമത്തിൽ തീ പിടിച്ചതുപോലെ ദീനം തുടങ്ങിയിരിക്കുന്നു. ഒരു വിനാഴിക കുട്ടികളെ ഇവിടെ താമസിപ്പിപ്പാൻ എനിക്കു മനസ്സില്ല. എജമാനനും ശാരദയും ക്ഷണം പുറപ്പെടുന്നതാണു് നല്ലതു്. വണ്ടി ഇവിടെ തയ്യാറുണ്ടു്. എന്താണു് ശങ്കരമേനോൻ ഒന്നും പറയാത്തതു്. ഞാൻ പറഞ്ഞപ്രകാരം ചെയ്യുന്നതല്ലെ നല്ലതു്?

ശ:- ഞാൻ എന്താണു് സ്വാമീ പറയേണ്ടതു്. എനിക്കു ഒന്നും പറയാൻ തോന്നുന്നില്ല.

രാമൻമേനോൻ പട്ടരുടെ വാക്കുകൾ കേട്ടു പരിഭ്രമിച്ചു. ആകപ്പാടെ ആലോചിച്ചതിൽ പട്ടർ പറഞ്ഞതുപോലെ ചെയ്യുന്നതാണു് തൽക്കാലം നല്ലതു് എന്നു തോന്നി. സാധു നമ്പൂതിരിയെ വിചാരിച്ചു രാമൻമേനോനു അത്യന്തം വ്യസനം ഉണ്ടായെങ്കിലും തന്റെ തൽക്കാലത്തെ സ്ഥിതി ഓർത്തു വൈത്തിപ്പട്ടർ പറഞ്ഞപ്രകാരം പ്രവർത്തിക്കുക എന്നുറച്ചു.

നമ്പൂതിരിയുടെ ശവം നോക്കിച്ചിട്ടു് ഒരു ഫലവുമില്ല. നടപ്പു ദീനം തന്നെയായിരിക്കണം മരണത്തിനു കാരണം. ശാരദ ഈ നമ്പൂതിരിയുടെ മരണത്തെ അറിഞ്ഞാൽ ഭയപ്പെടും . നിശ്ചയമാണു്. തനിക്കു തൽക്കാലം എല്ലാറ്റിനും വൈത്തിപ്പട്ടരുടെ സഹായ [ 78 ] മല്ലാതെ വേറെ യാതൊരു സഹായവുമില്ല. വൈത്തിപ്പട്ടർ അപ്പോൾ പറഞ്ഞതു ശരിയാണു്. കുട്ടിയേയും കൊണ്ടു് ഈ ശവം കിടക്കുന്ന വീട്ടിൽ വളരെ സമയം ഇരിക്കുന്നതു് അശേഷം വെടിപ്പില്ല ഇങ്ങിനെ ആലോചിച്ചുംകൊണ്ടു്,

രാ:- ശരി അങ്ങിനെയാവട്ടെ. നിങ്ങൾ ക്ഷണം വണ്ടികൊണ്ടു വരുവിൻ. ശവസംസ്ക്കാരത്തിനു പത്തുറുപ്പിക ഇതാ എന്നു പറഞ്ഞു വൈത്തിപ്പട്ടർവശം ഉറുപ്പിക കൊടുത്തു. വൈത്തിപ്പട്ടർ സന്തോഷത്തോടുകൂടി വണ്ടി കൊണ്ടുവരുവാൻ കൃഷ്ണനോടുകൂടി ഓടിപ്പോയി. കൃഷ്ണനെ വഴിയിൽവെച്ച് വൈത്തിപ്പട്ടർ വളരെ ശകാരിച്ചു. അവൻ ചെയ്ത വിവരം എപ്പോഴെങ്കിലും ആരോടെങ്കിലും പറഞ്ഞാൽ അവനെ സർക്കാർ ആൾ തൂക്കിക്കൊല്ലുമെന്നും പറഞ്ഞ് വെടിപ്പായി വിശ്വസിപ്പിച്ചു. പട്ടരു് ഉടനെ വണ്ടിയുംകൊണ്ട് എത്തി. രാമൻമേനോനും ശാരദയും ശങ്കരനും കൃഷ്ണനും ആ മഠത്തിൽനിന്ന് അപ്പോൾ തന്നെ പുറപ്പെട്ടു വൈത്തിപ്പട്ടർ തയ്യാറാക്കിയ ഗൃഹത്തിലേക്ക് പോവുകയും ചെയ്തു. വൈത്തിപ്പട്ടർ ക്ഷണേന ശവദാഹം കഴിച്ചു് മഠം ശുദ്ധംവരുത്തി തന്റെ കുടുംബാംഗങ്ങളോടുകൂടി പിറ്റേ ദിവസം പന്ത്രണ്ടുമണിക്കു രാമൻമേനോൻ താമസിക്കുന്ന ഗൃഹത്തിൽ എത്തി വിവരങ്ങൾ എല്ലാം അറിയിച്ച് അവിടെ താമസിച്ചു.

[ 79 ]
അഞ്ചാം അദ്ധ്യായം


പുതിയ മഠത്തിൽ രാമൻമേനോനും മറ്റും എത്തിയ ക്ഷണം ഭക്ഷണത്തിന്റെ കാർയ്യത്തെപ്പറ്റി ഒരു പുതിയ ഏർപ്പാട് ചെയ്തു. വടക്കെ ഇന്ത്യയിൽ അധികകാലം താമസിക്കുന്ന കാലത്തു ഇവരുടെ ആഹാരം പലപ്പോഴും ഗോതമ്പുറൊട്ടിയായിരുന്നു. ശാരദയ്ക്കു സാധാരണ അഭിരുചി അന്നത്തിൽ അല്ലാ. ഈ വിധം ആഹാരത്തിലായിരുന്നു. തൽക്കാലം ഈ വിധം ആഹാരം ആക്കണമെന്നുള്ള ശങ്കരന്റെ അഭിപ്രായം രാമൻമേനോൻ സമ്മതിച്ചു. ഈ റൊട്ടി ശങ്കരൻ തന്നെ ഉണ്ടാക്കുവാൻ നിശ്ചയിച്ചു. ശങ്കരൻ അദ്ധ്വാനിക്കേണ്ടാ എന്നു രാമൻമേനോൻ പറഞ്ഞതിനു വളരെയെല്ലാം സമാധാനങ്ങൾ പറഞ്ഞ് ഒടുവിൽ രാമൻമേനോന്റെ സമ്മതം വാങ്ങി ഭക്ഷണം ശങ്കരൻ ഉണ്ടാക്കുവാൻ തുടങ്ങി. പിറ്റെ ദിവസം ഉച്ചയാവുമ്പോഴേക്ക് വൈത്തിപ്പട്ടരും കുടുംബാംഗങ്ങളും എത്തി; രാമൻമേനോനും ശാരദയ്ക്കും ഭക്ഷണം ശങ്കരൻ ഉണ്ടാക്കിയ ഗോതമ്പു റൊട്ടിയായിരുന്നു എന്നു വൈത്തിപ്പട്ടർ കേട്ട് ഒന്നു ഭ്രമിച്ചു. അപ്പോൾ ഒന്നും പറഞ്ഞില്ല. വൈകുന്നേരത്തെ ഭക്ഷണം രാവിലത്തെ പ്രകാരമാണ് ഉണ്ടാക്കുന്നത് എന്ന് അറിഞ്ഞ് വൈത്തിപ്പട്ടർ ശങ്കരനോട് അതിനെപ്പറ്റി ചോദിച്ചു.

വൈ :- എന്താണ് ശങ്കരമേനോന് വെപ്പും വശമുണ്ടോ. ഗോതമ്പുറൊട്ടി എന്റെ അമ്യാർ നല്ലവണ്ണം ഉണ്ടാക്കും. പൊടി അങ്ങട്ടു കൊടുത്താൽ മതിയല്ലോ.

ശ :- ഇത് ഞാൻ തന്നെ ഉണ്ടാക്കി നോക്കട്ടെ. വടക്ക് രാജ്യം വിട്ടശേഷം ഞാൻ ഈ വക പ്രവൃത്തിയിൽ പരിശ്രമിക്കാറില്ല. റൊട്ടി മുമ്പ് ഉണ്ടാക്കാൻ പഠിച്ചിരുന്നത് മറന്നു പോവാറായിരിക്കുന്നു. അതുകൊണ്ട് ഞാൻ തന്നെയാണ് എനി ഞങ്ങൾക്കു കുറെ ദിവസങ്ങളിൽ ഭക്ഷണം ഉണ്ടാക്കുവാൻ നിശ്ചയിച്ചത്. പഠിച്ച വിദ്യ മറന്നു കളയരുതല്ലോ.

ആകപ്പാടെ വൈത്തിപ്പട്ടർക്ക് വലിയ കുണ്ഠിതമായിത്തീർന്നു.

പുതിയ മഠത്തിലേക്കു പോയതുമുതൽ രാമൻമേനോൻ അവിടെ നിന്ന് എപ്പോൾ പുറപ്പെടാൻ സാധിക്കുമെന്നുള്ള ആലോചനയിൽ ആയിരുന്നു. സാധു നമ്പൂതിരി പറഞ്ഞ പ്രകാരം ഉദയന്തളിയിൽ നിന്ന് ആൾ വരുന്നുണ്ടെങ്കിൽ അവർ വന്നിട്ടു പുറപ്പെടുന്നത് വളരെ ഭംഗിയായിരിക്കും. അതുകൊണ്ട് രണ്ടുദിവസങങൾ ഇതിനായി കാത്തിരിക്കുകതന്നെ എന്നു ഉറച്ചു.

വൈത്തിപ്പട്ടർക്ക് ആകപ്പാടെ ദ്രവ്യത്തിലുള്ള മോഹവും അതു സാധിപ്പാനുള്ള പ്രയാസവും രാമൻമേനോന്റെ ഉദ്ദ്യേശങ്ങളെ തനിക്കു അറിയുവാൻ കഴിയാത്ത അവസ്ഥയും നിമിത്തം ബുദ്ധിക്കു വലിയ പരിഭ്രമവും ചാപല്യതയും ഉണ്ടായി. എന്താണ് രാമൻമേനോൻ ഭാവിച്ചിരിക്കുന്നത് എന്ന് ഒന്നറിയേണമെന്നുള്ള അത്യാഗ്രഹം കലശലായിത്തീർന്നു. ഒടുവിൽ ഈ ആഗ്രഹത്തെ ഉള്ളിൽ അടക്കി നിർത്താൻ വൈത്തിപ്പട്ടര് കേവലം അശക്തനായിത്തീർന്നു. പൂതിയ മഠത്തിൽ താമസം തുടങ്ങിയതിന്റെ രണ്ടാംദിവസം രാമൻമേനോൻ പലഹാരം കഴിച്ചു സ്വസ്ഥനായിരിക്കുന്ന നേരം വൈത്തിപ്പട്ടര് രാമൻമേനോന്റെ സമീപത്തു പോയി ഓഛാനിച്ചു നിന്നു. ഇരിക്കാൻ പറഞ്ഞശേഷം ഇരുന്നു. എന്നിട്ട് ഇങ്ങിനെ പറഞ്ഞു.

"പൂഞ്ചോലക്കര എടത്തിൽ നിന്നു മറുപടി ഒന്നും എനിയും അയച്ചിട്ടില്ലല്ലൊ. എന്താണ് അവർ ഭാവിച്ചിരിക്കുന്നത് എന്ന് അറിഞ്ഞി [ 80 ] ല്ലല്ലോ. എജമാനൻ എന്താണു് എനി ചെയ്‌വാൻ ഭാവിക്കുന്നതു് എന്നും ഞാൻ അറിഞ്ഞില്ല. ശാരദയെ വല്ല സംഗീതമോ മറ്റോ പഠിപ്പിക്കേണ്ട കാലമാണല്ലൊ ഇതു്. നമുക്കു് ഒരു പാർപ്പിടം വേണ്ടെ. ഏതെങ്കിലും ചില നിശ്ചയങ്ങൾ ചെയ്തു പ്രവർത്തിക്കേണ്ട കാലമായിരിക്കുന്നു എന്നു് എനിക്കു് തോന്നുന്നു."

രാ:-ഉദയന്തളി രാമവർമ്മൻ തിരുമുല്പാടു് എന്നൊരാളെക്കുറിച്ചു നിങ്ങൾ മുമ്പു് എന്നോടു പറഞ്ഞില്ലേ. അദ്ദേഹത്തിന്റെ ദിക്കു് ഈ മരിച്ച സാധു നമ്പൂതിരിയുടെ ദിക്കാണു് അല്ലേ. ഇവിടെനിന്നു എത്ര ദൂരമാണു് ആ ദിക്കു്?

വൈ:-ഉദയന്തളി എന്ന പ്രദേശം, പൂഞ്ചോലക്കര എടത്തിൽ നിന്നു് ഏകദേശം ഒന്നു രണ്ടു കാതം തെക്കാണെന്നു തോന്നുന്നു. എന്തണു് ഇതു ചോദിപ്പാൻ കാരണമെന്നറിഞ്ഞില്ല.

രാ:-പക്ഷെ ആ പ്രദേശത്തു് എങ്ങാനും ഒരു സ്ഥലം വാങ്ങി ചെറിയ ഒരു വീടും വാങ്ങി അവിടെ താമസമാക്കിയാലോ എന്നു ആലോചിക്കുന്നു.

ഈ വാക്കുകൾ കേട്ടപ്പോൾ വൈത്തിപ്പട്ടരുടെ മുഖം കാണേണ്ടതായിരുന്നു. സ്വതേയുള്ള ഗോഷ്ഠികൾക്കു് എല്ലാം വളരെ വെളിവും തെളിവും കൂടി. പട്ടരു് വല്ലാതെ അന്ധനായി ഒന്നും ഉത്തരം പറയാതെ അല്പനേരം ഇരുന്നു. തന്റെ സകല മോഹങ്ങളും നിഷ്ഫലമായി എന്നു തീർച്ചയായും നിശ്ചയിച്ചു പട്ടരു് അത്യന്തം വ്യസനത്തിലായി. ഉദയന്തളി രാമവർമ്മൻ തിരുമുല്പാടിനെ വൈത്തിപ്പട്ടർ നല്ലവണ്ണം അറിയും. രാമൻ മേനോൻ ഉദയന്തളിയിൽ താമസിക്കുന്നതായാൽ പിന്നെ ഇദ്ദേഹത്തിന്റെ സകല കാര്യങ്ങളും രാമവർമ്മൻ തിരുമുൽപാടിന്റെ ചൊല്പടിക്കു് അല്ലാതെ നടക്കുകയില്ലെന്നു നിശ്ചയമാണു്. രാമവർമ്മൻ തിരുമുല്പാടു് കൂടി ഇദ്ദേഹത്തിനു സഹായമായാൽ ഒരുനൂറ് ശങ്കരന്മാരു് തന്നെ ദ്രോഹിപ്പാൻ രാമന്മേനോന്റെ ഒന്നിച്ചു കൂടിയതുപോലെ ആയി. കഷ്ടം ഇങ്ങിനെ വരുന്നതായാൽ എന്തു നിവൃത്തി, എന്നും മറ്റുമുള്ള വിചാരങ്ങൾ പട്ടരുടെ മനസ്സിൽ കിടന്നു് മിന്നൽ ജ്വലിച്ചു് അടിക്കുന്നതുപോലെ പ്രവർത്തിച്ചു.

രാ:- എന്താണു് നിങ്ങളുടെ അഭിപ്രായം. അങ്ങിനെ ആക്കുന്നതല്ലേ നല്ലതു്. ആ തിരുമുല്പാടിനു കല്യാണിയോടു സ്നേഹമുണ്ടായിരുന്നുവെന്നും കല്യാണിയുടെ അനുജത്തിയുടെ ഭർത്താവായിരുന്നു എന്നുമല്ലേ നിങ്ങൾ പറഞ്ഞതു്? [ 81 ] വൈ:- അതെ, അതെ. എന്നാൽ രാമവർമ്മൻ തിരുമുല്പാടു ആൾ വികൃതിയാണു്. പലരുടേയും മുതൽ തട്ടിപ്പറിച്ചിട്ടുണ്ടു്. ആ ദിക്കിൽ പോകുന്നതു് അത്ര വെടിപ്പുണ്ടെന്നു തോന്നുന്നില്ല. നമ്മളെ മോശപ്പെടുത്തി പണം തട്ടിപ്പറിക്കാൻ നല്ല സാമർത്ഥ്യമുള്ളയാളാണു് ഈ തിരുമുല്പാടു്. എജമാനന്റെ പക്കൽ വേണ്ടുന്ന പണമുള്ള അവസ്ഥയ്ക്കു നോം എന്തിനു് ഈ ദുഷ്ടന്റെ അടുക്കൽ പോയി താമസിക്കുന്നു. നല്ലോരു വീടു് ഈ ദിക്കിൽ എങ്ങാൻ പണിയിക്കാമല്ലോ. എജമാനൻ ഒരു കല്പന തന്നാൽ ഒരു മാസത്തിനുള്ളിൽ ഒന്നാന്തരം ഒരു വീടു് ഈ ദിക്കിൽ തന്നെ ഞാൻ പണിയിക്കാമല്ലോ. അതിനു എന്തു പ്രയാസം. ഇത്ര അധികം പണം കയ്യിൽ ഇരിക്കുമ്പോൾ യാതൊന്നിനും നുമ്മൽക്കു ബുദ്ധിമുട്ടു വരികയില്ല. നിശ്ചയമല്ലെ.

രാ:- എത്ര അധികം പണം- എന്റെ പക്കൽ വളരെ പണമില്ല. സ്വാമീ നിങ്ങൾ വെറുതെ അന്ധാളിക്കരുതു്. ഞാൻ കുറെ അധികം സമ്പാദിച്ചു. ശരിതന്നെ. പക്ഷെ അതെല്ലാം നശിച്ചുപോയി. ഞാൻ ഇപ്പോൾ സൂക്ഷ്മത്തിൽ വലിയ ഒരു ദരിദ്രനാണു്. വലിയ വീടും മറ്റും പണിയിക്കാൻ കേവലം അസാദ്ധ്യമാണു്. തൽക്കാലം വല്ല സ്ഥലവും വാടകയ്ക്കോ മറ്റോ വാങ്ങണമെന്നു വിചാരിച്ചിട്ടേയുള്ളു. ശാരദയെ വിദ്യ അഭ്യസിപ്പിക്കുവാനും എന്റെ പക്കൽ ദ്രവ്യമില്ല. കഷ്ടിച്ചു കുറെ കാലത്തേക്കു ശാപ്പാടു് ചിലവിന്നു തന്നെ മുതൽ ഉണ്ടോ എന്നു സംശയമാണു്. നിങ്ങൾ കാര്യം അബദ്ധമായിട്ടാണു് മനസ്സിലാക്കിയിരിക്കുന്നതു്. സ്വത്തു് ധാരാളം എനിക്കുണ്ടായിരുന്നുവെങ്കിൽ ഞാൻ ശാരദയെപ്പറ്റി പൂഞ്ചോലക്കര എടത്തിലേക്കു ഒരിക്കലും എഴുതുകയില്ലായിരുന്നു.

ഈ വാക്കുകൾ കേട്ടപ്പോൾ ആദ്യം വൈത്തിപ്പട്ടരുടെ മനസ്സിനു വലിയ കുണ്ഠിതവും വ്യസനവുമാണു് ഉണ്ടായതു്. എങ്കിലും ക്രമേണ അതിന്നു നിവൃത്തിയും ഉണ്ടായി. ഒരുവന്റെ കയ്യിൽ വളരെ പണമുണ്ടെങ്കിലും അവൻ അങ്ങിനെ ഉണ്ടെന്നു ക്ഷണത്തിൽ മറ്റൊരുവനോടു് സമ്മതിക്കുമൊ? ഒരിക്കലും സമ്മതിക്കയില്ല. രാമൻ മേനോൻ തന്നോടു പറഞ്ഞതു് ഒരിക്കലും വാസ്തവമായിരിക്കാൻ പാടില്ല. വളരെ പണം നിശ്ചയമായും ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടെന്നുതന്നെ തീർച്ചയാക്കി മ്ലേച്ഛസ്ഥിതിയിൽ നീണ്ടുനില്ക്കുന്ന പല്ലുകളെ ഒരു മന്ദഹാസത്താൽ മുഴുവൻ പുറത്തുകാണിച്ചുകൊണ്ടും തല പതുക്കെ ഒന്നു കുലുക്കിക്കൊണ്ടും വൈത്തിപ്പട്ടരു് ഇങ്ങനെ പറഞ്ഞു. [ 82 ] "ആട്ടെ പണത്തിന്റെ കാര്യം എങ്ങനെയെങ്കിലും ഇരിക്കട്ടെ." എന്നു പറഞ്ഞു് പട്ടർ പിന്നെയും ഒരു മന്ദഹാസം ചെയ്തു. "അസംഖ്യം പണം കയ്യിൽ വച്ചിട്ടു് ഒന്നുമില്ലെന്നു പറയുകയോ? ഈ വിദ്യ ആർക്കും മനസ്സിലാവുകയില്ലെന്നാണോ ധരിച്ചിരിക്കുന്നതു്?" അതൊക്കെ തനിക്കു് നല്ല നിശ്ചയമുണ്ടു് എന്നു വാക്കുകൾകൊണ്ടു പറഞ്ഞാൽ അറിയുന്നതിലുമധികം വെടിപ്പായി മനസ്സിൽ തോന്നിക്കുന്ന വിധം പിന്നെയും പട്ടർ ഒന്നു തല ഇളക്കി മന്ദഹസിച്ചു.

രാ:-എന്താണു് നിങ്ങൾ ചിരിക്കുന്നതു്? സത്യമായിട്ടും ഞാൻ സമ്പാദിച്ചിരുന്ന പണം എല്ലാം നശിച്ചുപോയി. ഞാൻ ഭോഷ്കു് പറയുന്നതല്ല. ഭോഷ്ക് ഞാൻ ഒരിക്കലും പറയുകയില്ല. ഒരു അമ്പതിനായിരം ഉറുപ്പികയോളം ഞാൻ വടക്കു് ആഗ്രാ എന്ന സ്ഥലത്തുള്ള നാട്ടുകാരുടെ ബേങ്കിൽ പലിശയ്ക്കു കൊടുത്തിരുന്നു. ആ ബേങ്കു കടത്തിൽപ്പെട്ടു നശിച്ചുപോയി. എന്റെ പണം സകലവും പോയി.

വൈത്തിപ്പട്ടർ:-(അത്യന്തം ശ്രദ്ധയോടുകൂടി) ഒരു കാശുപോലും ബേങ്കിൽനിന്നു കിട്ടിയില്ലെന്നോ?

രാ:-അല്പം പണം കടക്കാർക്കു് ഓഹരി ഇട്ട കൂട്ടത്തിൽ എനിക്കും കിട്ടീട്ടുണ്ടു്.

വൈ:-(ആർത്തിയോടെ) എത്ര പണം കിട്ടി എന്നറിഞ്ഞില്ല.

രാ:-സാരമില്ല. ഒന്നുരണ്ടായിരം ഉറുപ്പിക കിട്ടി. അത്ര മാത്രമേ ഉള്ളു.

വൈ:-(വലിയ സർപ്പദൃഷ്ടി ഇട്ടുംകൊണ്ടു്) കല്യാണിയമ്മയുടെ പക്കൽ പത്തായിരം ഉറുപ്പികയ്ക്കു മീതെ വിലയുള്ള പണ്ടങ്ങൾ ഉണ്ടായിരുന്നുവല്ലൊ. അതും പോയോ?

രാ:-അതുകളിൽ അധികം വില പിടിച്ചതെല്ലാം ഓരോ ആവശ്യങ്ങൾ നിമിത്തം എനിക്കു ചിത്രമെഴുത്തിൽ നല്ല സമ്പാദ്യം തുടങ്ങുന്നതിനു മുൻപു വിറ്റുപോയിരിക്കുന്നു.

വൈ:-(അത്യന്തം വിഷാദിച്ചുകൊണ്ടു്)അപ്പോൾ ശാരദയ്ക്കുകൂടി പണ്ടങ്ങൾ ഒന്നും ഉണ്ടാക്കിച്ചുകൊടുത്തിട്ടില്ലെന്നോ?

രാ:-അല്പമായി ചില പണ്ടങ്ങൾ ഉണ്ടു്. വളരെ എല്ലാം ഉണ്ടാക്കിച്ചുകൊടുക്കണമെന്നായിരുന്നു മോഹം. അപ്പോഴാണു് ഞാൻ വളരെപ്പെട്ടെന്നു് ദരിദ്രനായിത്തീർന്നതു്.

വൈ:‌-(കഠിന കുണ്ഠിതത്തോടെ) എന്നാൽ ബേങ്കിൽ നിന്നു കിട്ടിയ ഒന്നുരണ്ടായിരം ഉറുപ്പികയും ഏകദേശമെല്ലാം വഴിച്ചിലവിനും കല്യാണിഅമ്മയുടെ ദീനച്ചെലവിനും മറ്റും ചിലവായിരിക്കണം. [ 83 ] രാ:-ഏകദേശം അങ്ങിനെ തന്നെ.

വൈത്തിപ്പട്ടർക്കു് കാര്യം സാമാന്യം എല്ലാം മനസ്സിലായി. എതൃ വിസ്താരം നിർത്തി. ശുദ്ധാത്മാവായ രാമന്മേനോൻ പിന്നെയും ഉദയന്തളിയിൽ പോയി താമസിക്കേണ്ടുന്ന കാര്യംകൊണ്ടു ചോദിച്ചുതുടങ്ങി.

രാ:-രാമവർമ്മൻ തിരുമുല്പാടു് നല്ല മര്യാദക്കാരൻ എന്നാണു് ഞാൻ കേട്ടതു്.

വൈത്തിപ്പട്ടർ തൽക്കാലം വലിയ ഒരു ആലോചനയിൽ മഗ്നനായിരുന്നതിനാൽ രാമൻ മേനോൻ ചോദിച്ചതു് കേട്ടതെ ഇല്ല.

രാ:-നിങ്ങൾ എന്താണു് ഒന്നും പറയാത്തതു്? തിരുമുല്പാടു് ആൾ അപകടക്കാരനാണോ?

വൈ:-(പെട്ടെന്നു് ഉറക്കം ഉണർന്ന ഭാവത്തോടെ) അപകടക്കാരനോ എന്തൊ എനിക്കു് അത്രെനിശ്ചയമുള്ളു. ആൾ ഒരു പോക്കിരിയാണെന്നാണു് ഞാൻ കേട്ടതു്. ഞാൻ കുളി കഴിഞ്ഞിട്ടില്ല. കുളി കഴിഞ്ഞുവരാം എന്നു പറഞ്ഞു് വൈത്തിപ്പട്ടരു് അവിടെ നിന്നു പോവുകയും ചെയ്തു.

രാമൻ മേനോൻ പണത്തിന്റെ കാര്യംകൊണ്ടു് പറഞ്ഞതു വൈത്തിപ്പട്ടർ മുഴുവൻ വിശ്വസിച്ചില്ല. എങ്കിലും ആദ്യത്തിൽ കൃഷ്ണന്റെ വാക്കുനിമിത്തം താൻ ഊഹിച്ചപ്രകാരം അൻപതു് അറുപതിനായിരം ഉറുപ്പികയില്ലെന്നു നിശ്ചയിച്ചു. പണ്ടങ്ങൾ അടക്കം ഏകദേശം പതിനായിരത്തിൽ ചുരുങ്ങാതെ ഉണ്ടാവുമെന്നു് പട്ടരു് തീർച്ചയാക്കി. കഷ്ടം! ഇതിൽനിന്നു് ഒരു പൈസ പോലും തനിക്കു കിട്ടാതായ്പോകയോ എന്നു വിചാരിച്ചു പട്ടർ വിഷാദിച്ചു.

മേല്പറഞ്ഞ സംഭാഷണം കഴിഞ്ഞതിന്റെ പിറ്റേദിവസം ഉച്ചയ്ക്കു് ഉദയവർമ്മൻ തിരുമുല്പാടും 'സ്പെസിഫിക്കു് റില്ലിഹ്' എന്നു് ഇംഗ്ലീഷിൽ പറയപ്പെടുന്ന പ്രത്യേകനിവൃത്തി ആക്ടിനെ "ഇസ്പിഷ്യാൻ റില്ലി" എന്ന പേർ വിളിച്ച കണ്ടൻ മേനോനും ഭൃത്യന്മാരും കൂടി രാമൻ മേനോനെ കാണാൻ എത്തി. രാമന്മേനോനു വളരെ സന്തോഷമായി. നമ്പൂതിരിമരിച്ച വിവരം കേട്ടു കണ്ടൻ മേനോൻ ഭയപ്പെട്ടു ഞെടുങ്ങി. ഗംഭീരഭാവം എല്ലാം പോയി. ഉടനെ നാട്ടിലേക്കു പുറപ്പെടാൻ തിരക്കി; പിറ്റെദിവസം പുലർകാലെ ഉദയന്തളിയിലേക്കു പുറപ്പെടാൻ നിശ്ചയിക്കുകയും ചെയ്തു. [ 84 ] ഉദയവർമ്മൻ തിരുമുല്പാടും ആൾക്കാരും എത്തിയതു് വൈത്തിപ്പട്ടരു് കണ്ടു. ഇതുവരെ അയാൾക്കു് അത്യാഗ്രഹം നിമിത്തം ചെയ്ത പ്രവൃത്തികളിൽ പലെ പ്രതിബന്ധങ്ങളും നേരിട്ടിരുന്നുവെങ്കിലും; മനസ്സിനു വളരെ കുണ്ഠിതം ചിലപ്പോൾ ഉണ്ടായിരുന്നുവെങ്കിലും തന്റെ ദുരാശയെ കേവലം ത്യജിക്കേണ്ടതിനു മാത്രം ഖണ്ഡിതമായ യാതൊരു സംഗതിയും കണ്ടിരുന്നില്ല. ഉദയന്തളിയിൽ പോയി താമസിക്കണമെന്നു രാമൻ മേനോനു് ആഗ്രഹമുണ്ടായി. എങ്കിലും രാമവർമ്മൻ തിരുമുല്പാടിനു് ഇതു് അത്ര രസമായി വരുമോ എന്നുള്ളതിനെക്കുറിച്ചു് വൈത്തിപ്പട്ടരു് ഒന്നും ഇതുവരെ അറിഞ്ഞിട്ടില്ല. പക്ഷെ രാമന്മേനോൻ ഉദയന്തളിയിലേക്കു പോവുമായിരിക്കും. എന്നാൽ ഇതു അത്ര വേഗം ഉണ്ടാവുകയില്ല. കുറെ ദിവസങ്ങൾ എങ്കിലും രാമൻ മേനോനും പണപ്പെട്ടിയും തന്റെ പുതിയ ഗ്രഹത്തിൽ തന്നെ ഉണ്ടാവുമെന്നായിരുന്നു വൈത്തിപ്പട്ടരു് വിചാരിച്ചിരുന്നതു്. പിന്നെ രാമൻ മേനോന്റെ പക്കൽ താൻ വിചാരിച്ചിരുന്നിടത്തോളം പണം ഇല്ലെങ്കിലും ഏതാനും ദ്രവ്യം ഉണ്ടെന്നുള്ളതിനു സംശയമില്ല. താൻ ഒരു കാര്യം പ്രവർത്തിച്ചതു് ഫലിച്ചെങ്കിലും എനിയും ആ വക പ്രവർത്തികൾ ചെയ്തു പരീക്ഷിക്കുന്നതിനുള്ള മാർഗ്ഗം കേവലം കാണാതെ ആയിട്ടുണ്ടായിരുന്നില്ല. ശങ്കരൻ തന്റെ കഠിന ശത്രുവായിരുന്നെങ്കിലും അവൻ അപ്പോൾ തന്റെ അധീനത്തിൽത്തന്നെ ആയിരുന്നു. ദ്രവ്യം വച്ച പെട്ടിയുടെ താക്കോൽ ശങ്കരന്റെ വശമായിരുന്നുവെങ്കിലും പെട്ടി ഇരിക്കുന്നതു് തന്റെ ഗൃഹത്തിൽ തന്നെയാണു്. വിശേഷിച്ചു് ഇപ്പോൾ രാമൻ മേനോൻ താമസമാക്കിയ ഗൃഹം ജനബാഹുല്യമില്ലാത്ത ഒരു ഉൾനാട്ടിലായിരുന്നു. ഈ വക സംഗതികളെ ഓർത്തു വൈത്തിപ്പട്ടരു് തന്റെ ദുർമ്മോഹങ്ങളെ ഇതുവരെ കേവലം വിട്ടിരുന്നില്ല. ഉദയവർമ്മൻ തിരുമുല്പാടിനേയും ആൾക്കാരേയും ഒന്നായിക്കണ്ട നിമിഷത്തിൽ അത്യാശാപർവ്വതത്തിന്റെ കൊടുമുടിയിൽ നിന്നിരുന്ന വൈത്തിപ്പട്ടരുടെ മനസ്സു കൊടുമുടിയോടുകൂടി ഇടിഞ്ഞു് അത്യഗാധത്തിൽ ഒരുവിധം കയറുവാൻ വഴി കാണാത്ത അന്ധകാരത്തിൽ വീണുപോയി.

"നമശ്ശിവായ, നമശ്ശിവായ ! കഴിഞ്ഞു. സകലതും കഴിഞ്ഞു. രാമൻ മേനോനും പണപ്പെട്ടിയും നോക്കി നോക്കി ഇരിക്കെ, തൊട്ടു തൊട്ടു ഇരിക്കെ ഇതാ ഇതാ ആകാശത്തിലേക്കു മറഞ്ഞു മറഞ്ഞു പോകുന്നു. ഈശ്വരാ! ഈവിധം വന്നുവല്ലോ. ഒന്നുവാരാൻ സാധിച്ചില്ലല്ലോ! ഇത്ര നിർഭാഗ്യവാനാണല്ലോ; ഞാൻ" എന്നിങ്ങനെ തിരുമുല്പാടും ആൾക്കാരും വന്നുകയറിയ ക്ഷണത്തിൽ പട്ടരുടെ മനസ്സിൽ അത്യന്തസങ്കടത്തോടു [ 85 ] കൂടിതോന്നി. എനി എന്തു നിവൃത്തി? ഒരു നിവൃത്തിയും ഇല്ല. ആവട്ടെ ഇപ്പോൾ വല്ലതും ആവശ്യപ്പെട്ടാൽ രാമൻ മേനോൻ തരുമോ എന്നു പരീക്ഷിച്ചുനോക്കണം എന്നു നിശ്ചയിച്ചു വൈത്തിപ്പട്ടരു് രാത്രി രാമന്മേനോന്റെ അത്താഴം കഴിഞശേഷം അദ്ദേഹത്തിന്റെ മുമ്പില്പോയി വളരെ വിനയപൂർവം ഇങ്ങനെ പറഞ്ഞു.

വൈ:-എജമാനൻ നാളെ രാവിലെ ഉദയന്തളിക്കു പുറപ്പെടുവാൻ നിശ്ചയിച്ചുവായിരിക്കാം. ഞാൻ കൂടി വരണമെന്നു കല്പനയായാൽ വരാം. ഞാൻ കുടുംബിയാണു്. അഹോവൃത്തിക്കു സ്വത്തു ഇല്ലാത്തവനാണു്. കല്പനയായാൽ ഞാൻ വരാം. എന്നേയും കുടുംബത്തേയും എജമാനൻ തന്നെ രക്ഷിക്കണം. എജമാനന്റെ പക്കലും അധികം പണമില്ലെന്നാണല്ലോ പറഞ്ഞതു്.എന്നാൽ ഉള്ളതിന്റെ അവസ്ഥ പോലെ എന്നേയും കുടുംബത്തേയും എജമാനൻ രക്ഷിക്കാതിരിക്കയില്ലെന്നു എനിക്കു നിശ്ചയമുണ്ടു്. നുമ്മടെ കുട്ടി ശാരദയെ പൂഞ്ചോലക്കര എടത്തിൽനിന്നും സ്വീകരിക്കുന്നുവെങ്കിൽ പിന്നെ യതൊരു ബുദ്ധിമുട്ടും ഇല്ല. സ്വീകരിക്കുന്നില്ലെങ്കിൽ പിന്നെ അതിന്റെ നിവൃത്തിക്കുള്ള വഴി നോക്കണമല്ലോ. ഞാൻ എന്താണു് ഇതിൽ വേണ്ടതു് എന്നു വച്ചാൽ എന്റെ ദേഹത്തെ ഉപേക്ഷിച്ചൂംകൂടി പ്രവർത്തിക്കാൻ ഒരുക്കമാണു്. എജമാനനേ, എജമാനന്റെ ദയവു് എല്ലായ്പോഴും വേണം. എന്റെ അപേക്ഷ അത്രമാത്രമേ ഉള്ളു.

ഈ വാക്കുകൾ കേട്ട രാമൻ മേനോൻ നാലെട്ടു നിമിഷം ഒന്നും ഉരിയാടാതെ വിചാരിച്ചശേഷം-

രാ:-നിങ്ങൾ തൽക്കാലം എന്റെ കൂടെവന്നു ബുദ്ധിമുട്ടേണ്ട. നിങ്ങളുടെ സാവകാശം പോലെ എന്നെ കാണാൻ വന്നാൽ മതി.

എന്നുപറഞ്ഞു് എഴുത്തുപെട്ടി തുറന്നു അമ്പതൂറുപ്പികയുടെ ഒരു നോട്ടു് എടുത്തു പട്ടരുടെ വശം കൊടുത്തു.

രാ:-നിങ്ങൾ എനിക്കുവേണ്ടി ചെയ്ത പ്രവൃത്തികൾക്കു് ഇതു മതിയായ ഒരു പ്രതിഫലമാവുമോ എന്നു ഞാൻ അറിയുന്നില്ല. എങ്കിലും തൽക്കാലം നിങ്ങൾ ഇതുകൊണ്ടു സന്തോഷിക്കുമെന്നു ഞാൻ കരുതുന്നു. നിങ്ങളുടെ ഭാര്യ എനിക്കും ശാരദയ്ക്കും ഭക്ഷണം ഉണ്ടാക്കിതരുന്നതിലും മറ്റും വളരെ ജാഗ്രതയായി നിന്നിരിക്കുന്നു. ഞാൻ ഇപ്പോൾ തന്ന സംഖ്യ നിങ്ങളുടെ ഭാര്യയ്ക്കും കുട്ടികൾക്കും പ്രത്യേകമായി ചെയ്ത ഒരു സമ്മാനമാണെന്നു വിചാരിക്കണം.

വൈ:-(നോട്ടു സൂക്ഷിച്ചുനോക്കി സംഖ്യ മനസ്സിലായശേഷം) എനിക്കു് ഇന്നതു കിട്ടണമെന്നു് ഒരാഗ്രഹവുമില്ല. എജമാനനേ. [ 86 ] ഞാൻ ഒരു അത്യാഗ്രഹിയാണെന്നു എജമാനൻ ഒരിക്കലും വിചാരിക്കരുത്. എന്നെപ്പോലെ ദ്രവ്യത്തിനു് അത്യാഗ്രഹമില്ലാതെ ഒരു പട്ടര് ഈ ലോകത്തിൽ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ ഞാൻ കുടുംബിയാണ്. ദരിദ്രനാണ്. എന്തും ചെയ്യും. ഒരുവിധം അഹോവൃത്തി എനിക്കും കുടുംബങ്ങൾക്കും കഴിയണ്ടെ. എനിക്ക് ഇപ്പോൾ ഈ ദിക്കിൽ വളരെ കടം കൊടുപ്പാനുണ്ട്. കടക്കാരുടെ ഉപദ്രവം കൊണ്ടു പുറത്ത് ഇറങ്ങി സഞ്ചരിപ്പാൻ വൈകാതെ ആയിരിക്കുന്നു. എജമാനനെ , ഈ ഗൃഹം ഒന്നു നന്നാക്കണമെന്നു ഞാൻ വളരെ കാലമായി വിചാരിച്ചിരിക്കുന്നു. ഓല മാറ്റി കെട്ടിക്കാൻ എന്റെ കയ്യിൽ പണമില്ലാത്തതിനാൽ കഴിഞ്ഞ മൂന്നു കൊല്ലങ്ങളിൽ ഓല കെട്ടീട്ടില്ല. വാരി കഴുക്കോൽ മുതലായത് സകലതും നനഞ്ഞ് ദ്രവിച്ചുപോയി. എജമാനന് പാർപ്പാനാണു നന്നാക്കിയിരിക്കുന്നത്. ചിലവ് , എജമാനൻ വച്ചുതരുമെന്ന് പറഞ്ഞ് ഒല , മുള , കമുങ്ങ് മുതലായത് കടമായി വാങ്ങീട്ടാണ് എജമാനനെ ഞാൻ ചിലവിട്ടു നന്നാക്കിച്ചത്. കൂലിക്കാർക്ക് ഒരു പയിസപോലും കൂലി ഇതുവരെ കൊടുത്തിട്ടില്ല. എജമാനനോടു വാങ്ങി തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പണി എടുപ്പിച്ചതാണ്. ആകെ എനി ഇരുപത്തേഴു ഉറുപ്പികയോളം ഇതു നിമിത്തം കടമായിട്ടുണ്ട്. എനി ഈ കടക്കാരുമായി യുദ്ധം വെട്ടണം.. രണ്ടു ദിവസം എജമാനൻ ഇതിൽ താമസിച്ചിരുന്നുവെങ്കിൽ എജമാനനോടു വാങ്ങീട്ടുതന്നെ ഞാൻ ഈ കടം വീട്ടുമായിരുന്നു. ഇത്രവേഗം എജമാനൻ ഉദയന്തളിയിലേക്കു പോവുമെന്നറിഞ്ഞിരുന്നുവെങ്കിൽ ഇത്ര വെടുപ്പിൽ ഞാൻ ഈ ഗൃഹം നന്നാക്കിക്കുന്നതല്ലായിരുന്നു. എന്തു ചെയ്യാം ഭാഗ്യമില്ലാഞ്ഞാൽ ചെയ്യുന്നത് ഒക്കെയും ഇങ്ങിനെ അല്ലാതെ വരാൻ പാടില്ലല്ലോ.

രാമൻമേനോൻ ഉടനെ ശങ്കരനെ വിളിപ്പിച്ചു. ഇരുപത്തേഴുറുപ്പിക വൈത്തിപ്പട്ടർക്കു കൊടുക്കാൻ പറഞ്ഞു. വൈത്തിപ്പട്ടര് അതു വാങ്ങി.

വൈ :- അത് എനിക്ക് ഇപ്പോൾ , കിട്ടേണമെന്നു വച്ചു ഞാൻ പറഞ്ഞതാണെന്ന് എജമാനൻ ശങ്കിക്കരുത്. ഞാൻ എജമാനനുവേണ്ടി അദ്ധ്വാനിച്ചതിനും ചിലവു ചെയ്തതിന്നും കണക്കു വച്ചു പ്രതിഫലം വാങ്ങാമെന്നു ഈ ജന്മം വിചാരിച്ചിട്ടില്ല. എന്നിൽ എജമാനന്നു പൂർണ്ണദയവ് ഉണ്ടാവണമെന്നെ ഞാൻ ആഗ്രഹിച്ചിട്ടുള്ളു.

രാ :- നിങ്ങൾ എനിക്കുവേണ്ടി വല്ല പണവും ചിലവിട്ടിട്ടുണ്ടോ എനിക്കോർമ്മയില്ല. ഉണ്ടെങ്കിൽ പറയണം. [ 87 ] വൈ :- ചിലവ് പറയാൻ മാത്രം ഒന്നും ഇല്ല. സാരമില്ല. എനിക്ക് അത് ഇപ്പോൾ വെച്ചു കിട്ടേണമെന്ന് ആഗ്രഹവുമില്ല. എന്റെ പണവും എജമാനന്റെ പണവും വേറെയാണെന്നു ഞാൻ വിചാരിച്ചിട്ടില്ല.

രാ :- അതുപോരാ , പറയണം. എനിക്കു ഓർമ്മയില്ല. നിശ്ചയമായി പറയണം.

വൈ :- സാരമില്ലാത്ത് സംഖ്യയാണ്. എനിക്ക് ഇപ്പോൾ തന്നതുകൊണ്ട് തൃപ്തനായി. എനി ആ കണക്ക് ഇപ്പോൾ പറയുന്നില്ല. എജമാനനെ ക്ഷണിച്ചു കൂട്ടിക്കൊണ്ടുവന്നിട്ട് കണക്കു പറഞ്ഞു പണം മേടിക്കുന്നത് എനിക്കു പോരാത്തതാണ്. ഞാൻ ഈ കണക്കു പറകയില്ല.

രാ :- നിശ്ചയമായി നിങ്ങൾ പറയണം. എനിക്ക് അതു അറിഞ്ഞേ കഴിയുകയുള്ളു. എത്ര സംഖ്യ ചിലവായിട്ടുണ്ട്. എന്തു വകയാണ് പറയിൻ.

വൈ :- ഇതിൽ എജമാനൻ എന്നെ ബുദ്ധിമുട്ടിക്കരുത്. ഞാൻ എല്ലാം പിന്നെ വാങ്ങിക്കൊള്ളാം.

രാ :- അതുപോരാ , തീർച്ചയായി എന്നോട് ഇപ്പോൾ തന്നെ പറയണം. എനിക്ക് അത് അറിയണം. നിശ്ചയമായിട്ട് പറയണം.

വൈ :- എന്തിനു എജമാനൻ എന്നെ ഇങ്ങിനെ നിർബന്ധിക്കുന്നു.

രാ :- നിർബന്ധം തന്നെ , പറയിൻ , പറയിൻ

വൈത്തിപ്പട്ടർ കുറെനേരം മൗനമായിരുന്നു.

രാ :- പറയിൻ , ഞാൻ ഇത്രയെല്ലാം താല്പർയ്യപ്പെട്ടു ചോദിച്ചാൽ പറയരുതെ, പറയിൻ

വൈ :- കല്പനയ്ക്ക് അനാദരവു ഞാൻ കാണിക്കുന്നില്ല. പറയാം. എന്റെ ബുദ്ധിമോശം കൊണ്ട് "ചെലവ്" എന്ന വാക്കു വായിൽ നിന്നു വീണുപോയി. അബദ്ധം വന്നുപോയി. എനി പറയാതെ നിവൃത്തിയില്ലല്ലോ. എനിക്കു വളരെ ലജ്ജയുണ്ട്. എങ്കിലും പറയാതെ നിവൃത്തിയില്ലല്ലോ. ശാരദയുടെ ജന്മനക്ഷത്രത്തിൻനാൾ ബ്രാഹ്മണർക്കു സമാരാധനകഴിച്ചവകയിൽ പതിനൊന്നിൽ ചില്വാനം ഉറുപ്പിക എന്റെ കയ്യിൽനിന്നു ചിലവു ഉണ്ട്. പിന്നെ രാമേശ്വരത്തിൽനിന്നു പുറപ്പെട്ടു വരുംവഴി ഒരു ദിവസം വണ്ടിക്കാർക്കു നാലുറുപ്പിക എട്ടണ ഞാൻ കൊടുത്തിട്ടുണ്ട്. പാൽ വാങ്ങിയ വക ചില്വാനം ഉറുപ്പികയോ മറ്റോ ഞാൻ കൊടുത്തിട്ടുണ്ട്. പൂഞ്ചോലക്കര [ 88 ] എടത്തിലേക്കു ശങ്കരന്റെകൂടെ പോയപ്പോൾ ഒരു രാത്രി ഭക്ഷണച്ചെലവ് രണ്ടണ , മടങ്ങിപ്പൊരുമ്പോൾ കടവു കൂലി 6 പൈ. തീവണ്ടിക്കൂലി 11 ണ , മിനിയാന്നു് ഇങ്ങോട്ടു വരുവാനുള്ള വണ്ടിക്കൂലി. മൂന്നുദിവസമായി കൃഷ്ണന്റെ സാപ്പാടു ചിലവ് ഇത്രമാത്രമേ ഉള്ളു. ഇതെല്ലാം എന്നെക്കൊണ്ട് നിർബന്ധിച്ചു പറയിക്കുന്നതാണ് .

രാ :- ശങ്കരാ ഇദ്ദേഹത്തിന്റെ കണക്കുംപ്രകാരമുള്ള ഉറുപ്പിക കൂടി കൊടുക്ക.

ശങ്കരൻ ഉറുപ്പിക കൊടുത്തു. പട്ടര് വിമുഖതയോടെ വാങ്ങി.

വൈ :- ഞാൻ ഒരു അത്യാഗ്രഹിയെന്നു എജമാനനു തോന്നരുതേ. ദരിദ്രനാണെങ്കിലും അത്യാഗ്രഹം ഒട്ടും ഇല്ല.

രാ :- എനിക്ക് അങ്ങിനെ തോന്നീട്ടില്ലാ , നിങ്ങൾ പുറത്തുപോയി കിടക്കിൻ. രാവിലെ കാണാം.

വൈത്തിപ്പട്ടര് പുറത്തേക്കു പോയി കൃഷ്ണനെ സ്വകാർയ്യമായി വിളിച്ചു.

വൈ :-കൃഷ്ണാ , രാമൻമേനോൻ പുലർച്ചെ പുറപ്പെടുന്നു. ഉദയന്തളിയിൽ ചെന്നാൽ നിണക്ക് ഒരു കാശുപോലും കിട്ടുകയില്ല. ക്ഷണത്തിൽ പോയി മാസ്പടി ചോദിച്ചു വാങ്ങി ഇവിടെ നിന്നു തന്നെ പിരിഞ്ഞോ. ഉദയന്തളി ചെന്നാൽ പിന്നെ നിണക്ക് ആരും സഹായം ഉണ്ടാകയില്ല.

കൃ :- സ്വാമി നമസ്ക്കാരം , സ്വാമി. സ്വാമി ഇപ്പോൾ പറഞ്ഞില്ലെങ്കിൽ ഞാൻ തോറ്റുപോവുമായിരുന്നു. ഞാൻ എങ്ങിനെയാണ് ചെന്നു ചോദിക്കേണ്ടത്. എനിക്കു പേടിയാവുന്നു. എജമാനൻ ദേഷ്യപ്പെട്ടാലോ.

വൈ :- വിഡ്ഢി , പടുവങ്കാ. എനി എന്ത് പേടിക്കാനാണെടാ നിണക്ക്. നീ പിരിഞ്ഞുപോവുമ്പോൾ ആരെ പേടിക്കേണം. മുമ്പിൽ ചെന്നുനിന്നു ധൈർയ്യത്തോടെ പറ. എനിക്കു നാട്ടിൽ പോണം. എന്റെ മാസ്പടി തരണം എന്നു പറ.

കൃ :- എത്ര ഉറുപ്പിക തരണം എന്നാണ് പറയേണ്ടത് സ്വാമി !

വൈ :- മാസത്തിൽ രണ്ടുറുപ്പികപ്രകാരം പതിനാറുകൊല്ലത്തെ മാസ്പടിയിൽ അമ്പതു ഉറുപ്പിക തന്നതുകഴിച്ച് മുന്നൂറ്റനാല്പത്തിനാലു ഉറുപ്പിക വരാനുണ്ടെന്നു പറ. നിന്നോട് ശുണ്ഠി എടുത്താൽ നീ ഒരു ലേശം കൂട്ടാക്കാതെ എന്റെ മാസ്പടി കിട്ടാതെ ഞാൻ പോവില്ല എന്ന് ഉറക്കെ പറഞ്ഞോ. [ 89 ] കൃ :- എന്നെ തല്ലിയാലോ.

വൈ :- തല്ലുകയില്ല. അഥവാ തല്ലിയാൽ വല്ലാതെ നിലവിളി കൂട്ടിക്കൊ. "ആയ്യോ മാസ്പടി ചോദിച്ചിട്ടു എന്നെ തല്ലിക്കൊന്നുവോ" എന്നു വല്ലാതെ ഒച്ചയിട്ടു നിലവിളിച്ചോ. നിലവിളി ഉറക്കെ കേട്ടാൽ ഞാൻ ഓടി വരാം. ഞാൻ വന്നാൽ നിന്നെ ആദ്യം ശകാരിക്കും. പിന്നെ തരംപോലെ രാമൻമേനോനോടു വല്ലതും വാങ്ങി തരാം. നമ്മൾ ചോദിക്കുന്ന സംഖ്യ കിട്ടിയില്ലെങ്കിലും വല്ലതും അതിൽ ചുരുങ്ങിട്ടെങ്കിലും കിട്ടും.

ക :- എല്ലാം സ്വാമിയുടെ ദയ , എനിക്ക് അദ്ദേഹത്തിന്റെ മുമ്പിൽപോയി ചോദിപ്പാൻ പേടിയാകുന്നു.

വൈ :- പേടാ വിഡ്ഢി , എന്തു പേടിക്കാനാണ് . പേടിച്ചിട്ടു നിന്റെ പണം ഒഴിവാക്കുവാൻ പാടുണ്ടോ. പോയി ചോദിക്കു , പണം കിട്ടുന്നതുവരെ അലട്ടിക്കോ.

കൃഷ്ണൻ വൈത്തിപ്പട്ടരുടെ ഉപദേശപ്രകാരം രാമൻമേനോന്റെ മുറിയിലേക്കു ചെല്ലുവാൻ ഭാവിച്ചു. അപ്പോഴേക്കും രാമൻമേനോൻ ഉറക്കായിരിക്കുന്നു. കൃഷ്ണൻ മടങ്ങി വൈത്തിപ്പട്ടരുടെ അടുത്തേക്കു വന്നു. "എനി രാവിലെ ചോദിക്കാ" മെന്നു വൈത്തിപ്പട്ടർ പറഞ്ഞു. പിറ്റെന്നു പുലരാൻ നാലുനാഴിക ഉള്ളപ്പോൾ രാമൻമേനോനും മറ്റും ഉദയന്തളിക്കു പുറപ്പെട്ടു. വൈത്തിപ്പട്ടർക്കു തന്റെ ചെറിയ കുട്ടികളെ എല്ലാം രാമൻമേനോൻ പുറപ്പെടുമ്പോൾ അടുക്കെ കൊണ്ടുപോയി നിർത്തി വല്ലതും കിട്ടുമോ എന്നു പരീക്ഷിക്കേണ്ടതുണ്ടായിരുന്നതിനാൽ തല്ക്കാലം രാമൻമേനവനു ശുണ്ഠി ഉണ്ടാകാതെ കഴിക്കേണമെന്നു നിശ്ചയിച്ചു കൃഷ്ണനോട് അപ്പോൾ മാസ്പടിയെക്കുറിച്ചു ചോദിക്കേണ്ട എന്നും താൻ ഉദയന്തളിക്കു വന്നു മാസ്പടി വാങ്ങിത്തരാമെന്നും വൈത്തിപ്പട്ടര് പറഞ്ഞപ്രകാരം കൃഷ്ണൻ തന്റെ കാർയ്യത്തെക്കുറിച്ചു ഒന്നും പറയാതെ ഉദയന്തളിക്കു പുറപ്പെട്ടു.

രാമൻമേനവനും ശാരദയും മറ്റും പുറപ്പെടാറായപ്പോൾ വൈത്തിപ്പട്ടരുടെ കുട്ടികൾ എല്ലാം ഉണർന്ന് ഉമ്മറത്ത് ഹാജരായി നിൽക്കുന്നു. അമ്മ്യാര് അകത്ത് ഒരു വാതിൽ മറഞ്ഞുനിന്നു ശാരദയെ കൈകൊണ്ട് മാടിവിളിച്ചു.

ശാ :- അച്ഛാ , അമ്മ്യാര് എന്നെ വിളിക്കുന്നുണ്ട്.

രാ :- പോയി വരു.

അമ്മ്യാര് :- എനിക്കു കയ്ക്കിടുവാൻ ഒരു ചെറിയ മോതിരം അമ്മു തരില്ലെ. അമ്മുവിന്നുവേണ്ടി ഞാൻ എത്ര വെച്ചുവിളമ്പി ! [ 90 ] ശാരദ :- ഇതു കേട്ടപ്പോൾ‌ തന്റെ ചെറുവിരലിൽ കല്ല് വെച്ച ഒരു മോതിരത്തിനു തട ഇട്ടിരുന്ന ഒരു ഒഴുക്കൻ‌ സ്വർണ്ണമോതിരം ഊരി നിങളുടെ വിരലിനു ഇതു പാകമാകുമോ എന്നറിഞില്ല" എന്നു പറഞുംകൊണ്ട് അമ്മ്യാരു പക്കൽ‌ കൊടുത്ത ക്ഷണത്തിൽ‌ അച്ഛന്റെ അടുക്കലേക്കു മടങ്ങി വന്നു.

വൈത്തിപട്ടർ ഉറക്കമുണർന്ന് ഹാജരായി നിൽക്കുന്ന തന്റെ കുട്ടികളെ കണ്ടിട്ട് ആശ്ചര്യഭാവത്തോടെ ചിരിച്ചുംകൊണ്ട് അവരോട് പറഞ്ഞു

വൈ:-കുളന്തകളെ, ഉദിച്ചു 5 നാഴിക പിറകുതാൻ നിങ്ങൾ‌ എഴുന്തിരിക്കറ വഴക്കം, ഇന്നേക്കു ബഹു ജാഗ്രതയായിയിരിക്കേ. എജമാനൻ പോവറതിലെ കുളന്തകളുക്കു റൊമ്പ സങ്കടം‌. എജമാനൻ എങ്കെ ഇരുന്താലും ഒങ്കളെ രക്ഷിപ്പാർ. എജമാനനും സൗഭാഗ്യവതി ശാരദയും ക്ഷേമമായിരിക്കവേണ്ടുമെന്റു ശൊല്ലി ഉള്ളെ പോയി പടുത്തുക്കൊണ്ട് തൂങ്കുംകൾ.

കുട്ടികളിൽ‌ മൂത്തവൻ:-എജമാനൻ പോറതെപറ്റി എങ്കൾക്കു അഴുകൈവറത്. ശാരദാവും എജമാനനും നന്നായിരിക്കെട്ടും അപ്പാ. എങ്കളക്ക് മുട്ടായി വാങ്കറതക്ക് എജമാനിടത്തിലെ ശൊല്ലി കാശ് വാങ്കി താ അപ്പാ.

വൈ:-നിങ്കൾ‌ ഏഴവയത്തിലെ പിറന്ത കുളന്തകൾ‌, ഇന്ത മാതിരി ഉപദ്രവം പണ്ണാതുങ്കൾ, എജമാനൻ റൊംബവും കൊടുത്തിരിക്കാർ‌, പേശാമൽ ഉള്ളെ പോയി പടുത്തുക്കൊണ്ട് തൂങ്കുംകൾ, ഇല്ലാവിട്ടാൽ പെരൻപാലെ അടിപ്പേൻ‌, ഉള്ളേപ്പോങ്കൊൾ.

രാമൻ മേനോൻ ഈ സംഭാഷണം‌ കേട്ടു ചിരിച്ച് രണ്ടുറുപ്പിക കുട്ടികൾക്കു കൊടുത്ത് ഉടനെ പുറപ്പെട്ടു പോകുകയും ചെയ്തു.

ഉദയന്തളി എത്തി രാമവർമ്മൻ തിരുമുൽപ്പാടിനു രാമൻ മേനോനെയും ശാരദയെയും കണ്ടിട്ട് അത്യന്തസന്തോഷമായി. ഉടനെ ഇവർക്ക് പാർപ്പാൻ കോവിലകത്തു സമീപം നല്ലതായ ഒരു മാളികഭവനം ഏർപ്പെടുത്തി. അവിടെ സുഖമായി ഇവർക്കു താമസിപ്പാൻ വേണ്ടുന്ന സകല ശട്ടങ്ങളും ചെയ്തു. ഇപ്പോൾ ഇവർ ഇവിടെ താമസിക്കട്ടെ. നമുക്ക് ഈ കഥയുടെ വേറെ ഭാഗങൾ പലേതും ഈ ഘട്ടത്തിലേക്ക് എത്തിക്കുവാൻ ബാക്കിയായിരിക്കുന്നു. അതുകൊണ്ട് ആ സംഗതികളെ കുറിച്ചു എനി പറഞ്ഞു കഴിഞ്ഞശേഷം വീണ്ടും ഇങ്ങോട്ടു വരാം.

"https://ml.wikisource.org/w/index.php?title=ശാരദ/അഞ്ചാം_അദ്ധ്യായം&oldid=38494" എന്ന താളിൽനിന്ന് ശേഖരിച്ചത്