Jump to content

ശാരദ/ആറാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശാരദ
രചന:ഒ. ചന്തുമേനോൻ
ആറാം അദ്ധ്യായം
[ 91 ]
ആറാം അദ്ധ്യായം

രാമൻ മേനോന്റെ എഴുത്തു വായിച്ചതിൽ പരിഭവപ്പെട്ട പൂഞ്ചോലക്കര അച്ഛനും മരുമകൻ രാഘവനുണ്ണിയും തമ്മിൽ ഉണ്ടായ സംവാദം കഴിഞ്ഞ ദിക്കിലാണ് ഒന്നാം അദ്ധ്യായം അവസാനിച്ചത്. ഈ സംവാദം കഴിഞിട്ടിട്ട് ഈ അദ്ധ്യായത്തിൽ എഴുതുന്ന കഥ നടന്ന കാലത്ത് ഏകദേശം‌ ഒന്നു രണ്ടുമാസങൾ ആയിരിക്കുന്നു. എന്റെ പ്രിയപ്പെട്ട വായനക്കാരെ, നിങ്ങൾ‌ ഒന്നാം അദ്ധ്യായത്തെ വായിച്ചിട്ട് ഇപ്പോഴേക്ക് എത്ര സമയമായി ? ഇതു കഴിഞിട്ട് ഒന്നു രണ്ടു മാസമായി എന്നു നിങ്ങൾ‌ പറയുന്നതാണെങ്കിൽ ഞാൻ ഇനി എഴുതുന്നില്ല. നിങ്ങളുടെ ഉത്തരം ഇപ്പോൾ കിട്ടുവാൻ സാധിക്കുന്നതല്ലല്ലോ. അര മണിക്കൂറായി അല്ലെങ്കിൽ ഒരു മണിക്കൂറായി എന്നാണ് നിങ്ങളുടെ മറുപടി എന്നു മനസ്സിന്ന് അത്യന്തം തൃപ്തിയോടെ തന്നെയാണെങ്കിലും വിശേഷസംഗതി ഒന്നും കൂടാതെ ഞാൻ തന്നെ നിശ്ചയിച്ച് ഇനിയും എഴുതുന്നു. എന്നെപ്പോലെയുള്ള ക്ഷുദ്രകവികൾക്ക് ക്ഷുദ്രദേവതകളെപ്പോലെ ആശ ഏറിയിരിക്കും. അതുകൊണ്ടു ഗ്രന്ഥത്തിന്റെ ഗുണദോഷ ചിന്തയ്ക്കുള്ള കാലമാവുന്നതുവരെ നമ്മുടെ വൈത്തിപ്പട്ടരുടെ മാതിരി മോഹത്തെ ഒട്ടും ഞാൻ ചുരുക്കുന്നില്ല.

എഴുത്തു വായന കഴിഞ്ഞതിൽ പിന്നെ രണ്ടു മൂന്നു ദിവസങളിൽ പൂഞ്ചോലക്കര എടത്തിലും സമീപസ്ഥലങ്ങളിലും എഴുത്തിലെ സംഗതികളെപ്പറ്റിയുള്ള പ്രസ്താവം പ്രചുരമായിരുന്നു. എവിടെ രണ്ടു പേർ കൂടുന്നുവോ അവിടെയെല്ലാം ഈ പ്രസംഗം തന്നെ. രാഘവനുണ്ണി ഈ സംഗതിയെപ്പറ്റി ആലോചിച്ചതിൽ തത്ക്കാലം ഒന്നും പ്രവർത്തിക്കേണ്ട എന്നാണ് നിശ്ചയിച്ചത്. ശങ്കുനമ്പിക്കും കോന്തനുണ്ണിക്കും കേശവനുണ്ണിക്കും ഈ അഭിപ്രായം‌ തന്നെയാണ് ഉണ്ടായത്. കൃഷ്ണനുണ്ണി ഇതിൽ യാതൊരു അഭിപ്രായവും പറഞില്ല. ബി. എൽ. പരീക്ഷയ്ക്കു വായിക്കുന്ന ഗോവിന്ദനുണ്ണി ഈ കാലം എടത്തിൽ ഉണ്ടായിരുന്നു. ഇയാൾക്കും രാഘവനുണ്ണിയുടെ മകൻ കൃഷ്ണമേനോനും എഴുത്തിനു തക്കതായ മറുപടി അയക്കേണമെന്നായിരുന്നു അഭിപ്രായം.

രാഘവനുണ്ണിയുടെ മകൻ കൃഷ്ണമേനോൻ ഹൈക്കോർട്ടിൽ ഒരു വക്കീലാണ്. ഇയാൾ അതിഗംഭീര ബുദ്ധിമാനും ഇംഗ്ലീഷിലും സംസ്കൃതത്തിലും വ്യവഹാരശാസ്ത്രത്തിലും വളരെ വിദഗ്ദനും ആണ്. വയസ്സ് ഇക്കാലം ഇരുപത്തിനാലു മാത്രമേ ആയിട്ടുള്ളൂ. കണ്ടാൽ അതി [ 92 ] കോമളനാണ്. ഹൈക്കോർട്ടിൽ വക്കീലായിട്ടു ഇക്കാലം കഷ്ടിച്ചു മൂന്നു മാസമേ ആയിട്ടുള്ളൂ. ഹൈക്കോടതി പൂട്ടിയിരുന്നതിനാൽ ഈ സമയം നാട്ടിൽ വന്നതാണ്. ഇദ്ദേഹത്തിന്റെ ഭവനം പൂഞ്ചോലക്കര എടത്തിനു സമീപമാണ്. എന്നാൽ പകൽ മുഴുവനും ഇദ്ദേഹം അച്ഛനോടുകൂടി പൂഞ്ചോലക്കര എടത്തിലാണ് താമസം. രാമൻ മേനോന്റെ എഴുത്തു കിട്ടീട്ട് ഏകദേശം ഒന്ന് ഒന്നരമാസം കഴിഞ ശേഷമാണ് ഇദ്ദേഹം മദിരാശിയിൽനിന്ന് വീട്ടിൽ എത്തിയത്. ഇദ്ദേഹത്തോടു രാഘവനുണ്ണി വിവരങ്ങൾ എല്ലാം പറഞതിൽ ഉടനെ കത്തിനു തക്കതായ ഒരു മറുപടി അയക്കേണ്ടതായിരിന്നു എന്ന് ഇദ്ദേഹം മറുപടി പറഞ്ഞു

രാ:-നിന്റെ അഭിപ്രായത്തോടുകൂടി ഞാൻ യോജിക്കുന്നില്ല, അപ്പു, മറുപടി അയച്ചിട്ടില്ലെങ്കിൽ എന്താണു ദോഷം?

കൃ:-ദോഷം എന്താണെന്ന് അല്ല ഇവിടെ ഒന്നാമതു ചിന്തിക്കേണ്ടത്. ഇത്ര കഠിന ചതി ചെയ്യാൻ ഉറച്ച് ഇങ്ങിനെ ഒരു കത്ത് അയച്ചതു വാങ്ങി മിണ്ടാതിരിക്കുന്നത് എടത്തിലെ മർയ്യാദയ്ക്കും സ്ഥിതിക്കും മതിയായിട്ടുള്ളതോ എന്നാണ്. ഈ ചതി വെളിച്ചത്താക്കി ഈ എഴുതിയ ദുഷ്ടക്കള്ളനേയും അവനു സഹായിച്ചവരെയും ജേലിൽ വെപ്പിക്കണം, അതാണ് ചെയ്യേണ്ടത്. ഈ എഴുത്ത് എടത്തിലേക്കു വളരെ അപമാനകരമായിട്ടുള്ളതാണെന്നുള്ളതിനു സംശയമില്ല. ഇതു കൂടാതെ മറുപടി ഒന്നും അയക്കാതിരിക്കുന്നത് അവർ വ്യവഹാരം കൊടുത്തുവെങ്കിൽ നുമ്മൾക്കു ഗുണകരമായ ഒരു സംഗതിയായി ഒരിക്കലും വരാൻ പാടില്ല.

രാ:-ഈ കത്തു കിട്ടീട്ടുണ്ടെന്നു വ്യവഹാരം കൊടുക്കുന്ന പക്ഷം എന്തിനു സമ്മതിക്കുന്നു.

കൃ:-അച്ഛനെ കൂട്ടിൽ‌ കയറ്റി സത്യത്തിന്മേൽ‌ ഈ എഴുത്തിനെപ്പറ്റി ചോദിച്ചാലോ.

രാ:-ഞാൻ ഒരിക്കലും എഴുത്തു കിട്ടി എന്നു സമ്മതിക്കയില്ലാ, എന്നാൽ‌ എന്താണ് വരാൻ. കത്തു രജിസ്ട്രാക്കി അയച്ചതല്ലല്ലോ. കിട്ടീട്ടില്ലെന്ന് പറഞ്ഞാൽ അവർ എങ്ങിനെ ഉണ്ടെന്നു തെളിയിക്കും.

കൃ:-സത്യത്തിന്മേൽ കളാവു പറവാൻ ഉറയ്ക്കുന്ന പക്ഷം അങ്ങിനെ തന്നെ. ഇങ്ങിനെയാണ് ഭാവമെങ്കിൽ കത്തു രജിസ്ത്രറാക്കി അയച്ചിരുന്നാലും കിട്ടീട്ടില്ലെന്നു പറയാമല്ലോ.

രാ:-രജിസ്ത്രറാക്കിയ കത്തു വാങ്ങിയതാണെങ്കിൽ നമ്മുടെ ഒപ്പുള്ള രശീതി തെളിവിൽ വന്നാലോ? [ 93 ] കൃ:-(ചിറിച്ചും കൊണ്ട്) നുമ്മടെ ഒപ്പല്ല, കള്ളരശീതിയാണെന്നു പറയാം.

രാ:-സർക്കാർ രേഖയെ കളവാണെന്നു പറയാൻ പാടുണ്ടോ?

കൃ:-(പിന്നെയും ചിറിച്ചും കൊണ്ട്) കളവു പറയാൻ ഉറയ്ക്കുന്ന പക്ഷം നിശ്ചയമായും പറയാം.

രാ:-അതു പാടില്ല. ഈ എഴുത്തുകൊണ്ട് എടത്തിലേക്ക് അപമാനമാണെന്നു പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാവിന്നില്ല. ആ പോക്കിരി വൈത്തിപ്പട്ടർ ഇങ്ങനെ ഒരു കത്ത് എഴുതിപ്പിച്ച് അയച്ചതിൽ നമ്മൾക്കു എന്തു അപമാനമാണ് ഉള്ളത്?

കൃ:-വളരെ അപമാനമുണ്ട്. ഒരു പോക്കിരി നമ്മളെ ഇത്ര അലക്ഷ്യമാക്കി അച്ഛന്റെ കുടുംബത്തിലെ സ്വത്തിന്ന് അവകാശം പറയിപ്പാൻ ചതിയായും കളവായും ഒരു ആളെ കൊണ്ടുവന്ന് "ഇതാ ഇയാളെ നിങ്ങൾ കുടുംബത്തിൽ ഒരാളാക്കി എടുത്തോളിൻ" എന്നു പറയുന്നതു കേട്ടുകൊണ്ട് അതിനു യാതൊരു മറുപടിയും പറയാതെ ഇളിഭ്യന്മാരെപ്പോലെ നിൽക്കുന്നതിൽ നമ്മൾക്കു അപമാനം ഒന്നുമില്ലെന്ന് അച്ഛൻ പറയുന്നത് കേൾക്കുമ്പോൾ ഞാൻ ആശ്ചര്യപ്പെടുന്നു. നിശ്ചയമായി മറുപടി അയക്കേണമെന്ന് ആണ് എന്റെ അഭിപ്രായം.

രാ:-(കുറേനേരം‌ ആലോചിച്ചിട്ട്) ഈ എഴുത്ത് അയച്ചത് എവിടെനിന്നാണെന്നും എഴുത്ത് എഴുതിയ ആൾ ഇപ്പോൾ എവിടെ ഉണ്ടെന്നും ഒരു വർത്തമാനവുമില്ല. എങ്ങോട്ടാണ് എഴുതേണ്ടത്? എന്താണ് എഴുതേണ്ടത്? എനിക്ക് ഒന്നും തോന്നുന്നുല്ല.

കൃ:-എഴുത്ത് എഴുതിയ പെരുംകള്ളൻ വൈത്തിപ്പട്ടരുടെ നാട്ടിൽ എങ്ങാനും ഉള്ളവനായിരിക്കണം. അതിന്നു സംശയമില്ല. ആ ദിക്കിൽ അന്യേഷിക്കണം. ഈ കാര്യം വെറുതെ അച്ഛൻ വിട്ടുകളയരുത്. ആ വൈത്തിപ്പട്ടരെയും ഈ കത്തു എഴുതിയ പെരുംകള്ളനെയും കഠിനമായി ശിക്ഷിപ്പിക്കണം. ഈ മാതിരി ചതികൾ ഈ രാജ്യത്ത് ദുർല്ലഭമെ ഉണ്ടാവാറുള്ളൂ. ഉണ്ടാവുംബോൾ നല്ല അമർച്ച കൊടുക്കണം. എന്തു ചിലവായാലും ഈ കാര്യം അച്ഛൻ വെറുതെ വിട്ടുകളയരുത്.

രാ:-ഞാൻ എന്താണ് അപ്പു ചെയ്യേണ്ടത്? ആ വൈത്തിപ്പട്ടർ ഏതു ദിക്കിൽ ആണെന്ന് ആരറിഞ്ഞു. ജ്യേഷ്ടനു നിന്റെ അഭിപ്രായം വളരെ സമ്മതമാവുമെന്നു തോന്നുന്നു. ഞാൻ‌ ഇതിനെപ്പറ്റി ഒന്നു ജ്യേഷ്ടനെ അറിയിക്കാം. [ 94 ] ഈ സംഭാഷണം കഴിഞ്ഞു് ഏകദേശം ഒരു മാസത്തോളം ഇതിനെപ്പറ്റി രാഘവനുണ്ണി ഒന്നും ചെയ്തില്ല. അങ്ങിനെ ഇരിക്കുമ്പോൾ ഒരു ദിവസം രാവിലെ രാഘവനുണ്ണിയുടെ സ്വന്തം കാര്യസ്ഥൻ പാച്ചു മേനോൻ എന്തോ ബദ്ധപ്പെട്ടു് ഒരു കാര്യം അറിയിക്കാൻ ഉണ്ടെന്നുള്ള ഭാവത്തോടുകൂടി രാഘവനുണ്ണിയുടെ സമീപത്തിൽ പോയി നിന്നു.

രാ:-എന്താണു പാച്ചു വിശേഷിച്ചു വല്ലതും പറവാനുണ്ടോ?

പാ:-ഇന്നാൾ വലിയച്ഛനു് ഒരു എഴുത്തയച്ചില്ലെ ഒരു രാമൻ മേനോൻ. അയാളും ഒരു പെൺകുട്ടിയും കൂടി ഉദയന്തളി എത്തീട്ടുണ്ടത്രെ. അവിടെ തിരുമുല്പാടു് അവർക്കു് പാർപ്പാൻ വീടും മറ്റും ശട്ടമാക്കികൊടുത്തിരിക്കുന്നുപോൽ. വ്യവഹാരം ഉടനെ തുടങ്ങുന്നു പോൽ. എല്ലാം തിരുമുല്പാട്ടിലെ സഹായം തന്നെയാണത്രെ.

ഈ വാക്കുകൾ കേട്ടപ്പോൾ രാഘവനുണ്ണിയുടെ മനസ്സു് ഒന്നു കാളി. എടത്തിലേക്ക് ഇത്ര വൈരിയായ തിരുമുൽപ്പാടു് എനി സ്വസ്ഥനായിരിക്കയില്ലെന്നുള്ളതിന്നു സംശയമില്ല. വേഗം രാഘവനുണ്ണി ഇരുന്ന ദിക്കിൽനിന്നു് എഴുന്നേറ്റു നിന്നു.

രാ:-പാച്ചുവോടു് ആരാണു ഈ വിവരം പറഞ്ഞതു്?

പാ:-കരിപ്പാട്ടിൽ കണ്ടന്മേനോൻ എന്റെ അനുജൻ അച്ചുതനോടു് ഇന്നലെ പറഞ്ഞുപോൽ. അവനാണു് ഇപ്പോൾ എന്നോടു് പറഞ്ഞതു്. അവൻ ഇന്നലെ മുത്തശ്ശ്യാരുകാവിൽ ഉത്സവം കാണാൻ പോയിരുന്നു. അവിടെവെച്ചു് കണ്ടന്മേനോനെ കണ്ടുവത്രെ.

"ഞാൻ ജ്യേഷ്ടനെ ഒന്നു കാണട്ടെ" എന്നു പറഞ്ഞു് ഉടനെ രാഘവനുണ്ണി അവിടെനിന്നു പോയി. നേരെ പോയതു് തന്റെ മകൻ ഇരിക്കുന്ന മാളികയിലേക്കാണു്. അവിടെ ചെന്നപ്പോൾ കൃഷ്ണമേനോനെയും ഗോവിന്ദനുണ്ണിയെയും കണ്ടു.

രാ:- അപ്പു വർത്തമാനം അറിഞ്ഞുവോ? പണ്ടു് എഴുത്തയച്ച കൂട്ടർ ഉദയന്തളി എത്തീട്ടുണ്ടത്രെ.

കൃ:-ശരി, എനി പത്രിക തയ്യാറാക്കാൻ ഒരുങ്ങുക തന്നെ. ഞാൻ അന്നു പറഞ്ഞതു് അച്ഛനു ബോദ്ധ്യമായില്ലല്ലോ. അവർ ഇതുവരെ വേണ്ടുന്ന ഒരുക്കങ്ങൾ എല്ലാം ചെയ്യുകയായിരുന്നു. എനി സമൻസ്സ് വരുന്നതു കാണാം. തിരുമുൽപ്പാട് ഈ കൂട്ടരെകൊണ്ട് എന്തൊക്കെയാണു ചെയ്യിക്കുന്നതെന്നു് ആർക്കറിയാം. കാര്യത്തിൽ പരമാർത്ഥമില്ലെന്നു് അച്ഛനു നല്ല ധൈര്യമുണ്ടോ? [ 95 ] രാ:-സർവ്വശക്തനായ ദൈവം സാക്ഷിയായി ആ കല്യാണി എന്ന സ്ത്രീ ഇവിടെനിന്നു് ഒളിച്ചുപോയി ഒരു രണ്ടു മാസങ്ങൾക്കുള്ളിൽ കുടകിന്നു സമീപം ഒരു സ്ഥലത്തുവെച്ചു് മരിച്ചുപോയിരിക്കുന്നു. ഇതെന്തു കഷ്ടമാണു്. ഇങ്ങിനത്തെ നിർമ്മര്യാദയുണ്ടോ? വൈത്തിപ്പട്ടരെ കുറ്റം പറയേണ്ട. ഇതെല്ലാം തിരുമുൽപ്പാടിന്റെ വിദ്യയാണു്. സംശയമില്ല. അയാൾക്കു വലിയ ആപത്തിനുള്ള സമയം അടുത്തിരിക്കുന്നു സംശയമില്ല. ഈ കാര്യത്തിൽപ്പെട്ട ആളുകൾ മുഴുവനും ജേലിൽ ആയിപ്പോവുമെന്നുള്ളതിനു എനിക്കു സംശയമില്ല. എനി ഇപ്പോൾ നോം എന്താണു പ്രവർത്തിക്കേണ്ടതു്, അപ്പു?

കൃ:-തൽക്കാലം എന്ത് പ്രവർത്തിപ്പാനാണു്? സമൻസ്സു വരുന്നതു കാത്തിരിക്കുക. എഴുത്തിന്നു മറുവടി അയപ്പാൻ ഭാവമില്ലല്ലോ.

രാ:-മറുവടി അയയ്ക്കണമെങ്കിൽ അയച്ചു കളയാം. നീ ഒരു മറുപടി കൊടുക്കൂ. അതു റജിസ്ട്രാക്കി അയച്ചുകളയാം. ഞാൻ ക്ഷണം ജ്യേഷ്ടനെ കണ്ടു വിവരം അറിയിക്കട്ടെ.

എന്നു പറഞ്ഞയുടനെ അച്ഛനെ കാണ്മാനായി രാഘവനുണ്ണി പോയി. അച്ഛനോടു വിവരം പറഞ്ഞപ്പോഴേക്കു അദ്ദേഹം ചുകപ്പു വസ്ത്രം കണ്ടു ഞെട്ടിയ കാളയുടെ മാതിരി ഉള്ളിൽ അടക്കാൻ പാടില്ലാത്തവിധമുള്ള ക്രോധവും പരിഭ്രമവും നിമിത്തം ഒരു ഭ്രാന്തനെപ്പോലെ രാഘവനുണ്ണിയെ കലശലയായി ശകാരിച്ചു തുടങ്ങി.

അ:-ഈ അത്യാപത്തു് ഒക്കെ വരുത്തിയത് നീയാണു്. അന്നു് എഴുത്തുവന്ന ദിവസം ആ വൈത്തിപ്പട്ടരെ ഇവിടെ കൂട്ടിക്കൊണ്ടുവന്നിരുന്നുവെങ്കിൽ ഞാൻ അയാളെ സ്വാധീനമാക്കി യാതൊരു കൂട്ടവും ഇല്ലാതെ കാര്യം അവസാനിപ്പിക്കുമായിരുന്നു. അതു ചെയ്യാനയക്കാതെ ഇതു വരെ ഇതിൽ ഒന്നും പ്രവർത്തിക്കാതെ കാര്യം നമ്മുടെ കഠിനശത്രുവിന്റെ കയ്യിൽ പെടുത്തിയതു് നീയാണു്. എനി നല്ലവണ്ണം കോടതി കയറി എടത്തിലെ സ്ത്രീകളുടെ വർത്തമാനങ്ങൾ കയ്യുംകെട്ടി പറയുകയേവേണ്ടു. തിരുമുൽപ്പാടു്, ഈ ജന്മം ഞാൻ സന്ധിക്കാൻ ആവശ്യപ്പെടുകയില്ല. നീ ഇത്ര ബുദ്ധി ഇല്ലാതെ പ്രവർത്തിച്ചുവല്ലോ. കഷ്ടം ഉടനെ വക്കീൽ കർപ്പൂരയ്യനേയും ശാമൂമേനോനേയും വരുത്തണം. എനിയെങ്കിലും ആൾ വേഗം പോവട്ടെ.

രാ:ആളെ ഉടനെ അയയ്ക്കാം. കൃഷ്ണൻ ഇവിടെ ഉണ്ടു്. ഈ കത്തിന്നു് ഒരു മറുവടി അവൻ തെയ്യാറാക്കുന്നുണ്ടു്. മറുവടി അയയ്ക്കണം എന്നാണ് അവന്റെ പക്ഷം.

അ:-നീ കർപൂരയ്യന്റെ അടുക്കലേക്കു് ആളെ ഓടിക്കൂ. ശാമൂമേനോനും വരട്ടെ. അവരു വന്നിട്ടു് എല്ലാം നിശ്ചയിക്കാം. [ 96 ] "അങ്ങിനെ തന്നെ" എന്നു പറഞ്ഞു രാഘവനുണ്ണി ശങ്കുനമ്പിയെ വിളിച്ചു് ഈ വക്കീലന്മാരുടെ അടുക്കലേക്കു് ആളെ അയപ്പാൻ ഏല്പിച്ചു. കരിപ്പാട്ടിൽ കണ്ടന്മേനോനെപ്പോലെ ഈ എടത്തിലേക്കു് ഒരു വ്യവഹാരകാര്യസ്ഥനുണ്ടായിരുന്നു. അയാളുടെ പേരു് താശ്ശാരുമേനോൻ എന്നായിരുന്നു. അയാളെ ഉടനെ കർപ്പൂരയ്യനേയും ശാമുമേനോനേയും കൂട്ടിക്കൊണ്ടു വരുവാൻ അയച്ചു.

താശ്ശൻമേനോൻ ഉടനെ പുറപ്പെട്ടു് ഈ വക്കീലന്മാർ താമസിക്കുന്ന ദിക്കിൽ എത്തി. അന്ന് ഒരു ഞായറാഴ്ചയായിരുന്നു. കച്ചേരിക്കു വക്കീലന്മാർ പോയിരിക്കയില്ലെന്നു നിശ്ചയിച്ച് വക്കീൽ ശാമുമേനോന്റെ വീട്ടിലേക്കു ഒന്നാമതായി താശ്ശന്മേനോൻ കയറി വന്നു ശാമുമേനോനെ വീട്ടിൽ കണ്ടില്ല.

"ശാമുമേനോൻ വക്കീൽ ഇവിടെ ഇല്ലെ" എന്നു താശ്ശന്മേനോൻ ചോദിച്ചതിനു്

(ഉമ്രത്തുനിന്നിരുന്ന ഒരു ഭൃത്യൻ) "ഇല്ല കൊളമ്പിൽ വായിക്കാൻ പോയിരിക്കുന്നു." എന്നു പറഞ്ഞു.

താ:- കൊളമ്പിലോ ?

ഭൃത്യൻ:- അതെ

താ:- എവിടെയാണു് കൊളമ്പു് ?

ഭൃത്യൻ:- വലിയ അമ്പലത്തിന്റെ കിഴക്കുഭാഗത്തു്.

താശ്ശന്മേനോൻ വ്യവഹാരകാര്യമായി പലപ്പോഴും ഈ ദിക്കിൽ വന്നിട്ടുണ്ടെങ്കിലും ഒന്നു് ഒന്നര കൊല്ലമായിട്ട് വ്യവഹാരകാര്യങ്ങൾ വിശേഷവിധിയായി ഇല്ലാത്തതിനാൽ ഈ ദിക്കിൽ വന്നിട്ടില്ലായിരുന്നു. ഈ കാലത്തിനുള്ളിൽ ഉണ്ടായതാണ് ഈ ഭൃത്യൻ പറഞ്ഞ "കൊളമ്പും" "വായനയും" ഏതെങ്കിലും താശ്ശമേനോനു് ഈ വാക്കു് അശേഷം മനസ്സിലായില്ലെങ്കിലും അന്വേഷിക്കാമെന്നുവച്ചു് അവിടെ നിന്നിറങ്ങി. കുറെ നടന്നപ്പോൾ സ്ക്കൂളിൽ പഠിക്കുന്ന ഒരു ചെറുപ്പക്കാരനെ വഴിയിൽ കണ്ടു്.

താ:- കുളമ്പു് എവിടെയാണു് അറിയുമോ ?

സ്കൂൾകുട്ടി:- കുളമ്പൂ് സിലോണിലാണു്.

താ:- വിഷമമായി. ഇപ്പോൾ രണ്ടു സംശയമായി . സിലോൺ എവിടെയാണു് ?

സ്ക്കൂൾകുട്ടി:- അതു് ഒരു ദ്വീപാണു്. തെക്കെ സമുദ്രത്തിലാണു്.

താ:- ദ്വീപോ, വക്കീലന്മാർ വായിക്കുന്നതു് ദ്വീപിൽ നിന്നാണോ? [ 97 ] സ്ക്കൂൾകുട്ടി:- എന്താണു് നിങ്ങൾക്കു ഭ്രാന്തുണ്ടോ? എന്താണു തുമ്പില്ലാതെ സംസാരിക്കുന്നതു്?

താശ്ശന്മേനോന്നു കലശലായി ദേഷ്യം വന്നു.

താ:- എന്താണു് താൻ പറഞ്ഞതു്? തുമ്പില്ലാതെ താനല്ലെ വിശേഷം പറയുന്നതു്. സ്കൂൾകുട്ടിയായിരിക്കും അല്ലെ. ആ ധിക്കാരം നല്ല വണ്ണം പുറത്തു കാണ്മാനുണ്ടു്. വക്കീലന്മാർ വായിക്കുന്ന കുളമ്പു് ഏതാണെന്നു ചോദിച്ചാൽ ദ്വീപിലാണെന്നും മറ്റും പറയുകയാണു്. ഭ്രാന്തന്റെ മാതിരി പറഞ്ഞതു താനല്ലേ?

സ്കൂൾകുട്ടി :- തന്റെ തലയുടെ കല്ലു് എളകിപ്പോയിരിക്കുന്നു. എന്നു തോന്നുന്നു. ഞാൻ തന്നോടു പറവാൻ ആളല്ല. എന്നു പറഞ്ഞു നടന്നു.

സഹിപ്പാൻ പാടില്ലാത്ത ദേഷ്യത്തോടുകൂടി താശ്ശന്മേനോൻ ഒന്നുനോക്കി. തനിക്ക് ആ ചെറുപ്പക്കാരന്റെ ചെകിടത്തു രണ്ടു കൊടുക്കേണമെന്നു് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ വയോധിക്യത്താൽ തന്റെ അപ്പോഴത്തെ ദൗർബ്ബല്യതയും ചെറുപ്പക്കാരന്റെ ദേഹമിടുക്കും മാത്രം ഓർത്തു ദേഷ്യത്തെ അടക്കിവെക്കേണ്ടിവന്നു. കഷ്ടം ഇപ്പോഴത്തെ ഈ ചെറുപ്പക്കാരെല്ലാം ഇങ്ങിനെ ഗുരുത്വം ഇല്ലാത്ത വഷളന്മാരായി തീരുന്നുവല്ലൊ. കലിയുഗവൈഭവം. എന്നു മനസ്സിൽ വിചാരിച്ചുംകൊണ്ടു താശ്ശന്മേനോൻ അമ്പലത്തിലേക്കുള്ള വഴിയിൽക്കൂടി നടന്നു. അമ്പലത്തിന്റെ ഉമ്മറത്തു സ്കൂൾകുട്ടികളെ ആണു് അധികം കണ്ടത്. തന്റെ ഉടുപ്പും കുപ്പായവും മറ്റുംനോക്കി ഈ കൂട്ടർ കുറേശ്ശ പരിഹാസം , താൻ അമ്പലത്തിന്റെ ഗോപുരവാതുക്കൽ എത്തിയപ്പോൾ തന്നെ , തുടങ്ങിയിരിക്കുന്നു എന്നു താശ്ശന്മേനോനു വെളിവായി മനസ്സിലായി. ഈ കൂട്ടരോടു തനിക്കു് എനിയും മനസ്സിലാവാത്ത കൊളമ്പു എന്ന സ്ഥലത്തെപ്പറ്റി വല്ലതും കടന്നു ചോദിച്ചാൽ ഇവർ കലസൽ കൂട്ടുമെന്നുള്ള നല്ല ഭയം ഉണ്ടായിരുന്നതിനാൽ താശ്ശന്മേനോൻ അമ്പലത്തിന്റെ നടയിൽ ഒരു ഇളിഭ്യന്റെ മാതിരി വശായി. കുറെ സമയം കഴിഞ്ഞപ്പോൾ ഒരു പട്ടർ അമ്പലത്തിലേക്കു വരുന്നതു കണ്ടു. അയാൾ സ്കൂൾക്കാരനല്ലെന്നു കണ്ടപ്പോൾ തന്നെ താശ്ശന്മേനോൻ നിശ്ചയിച്ചു.

താ:- സ്വാമി, വക്കീലന്മാർ വായിക്കുന്ന കുളമ്പു് എവിടെയാണു്?

പ:- കുളമ്പൊ, കുളമ്പല്ല, കൊളൊബ്ബു് എന്നാണു് പറയുക. അതു ആ കാണുന്നതാണു് എന്നു പറഞ്ഞു സ്ഥലം ചൂണ്ടിക്കാണിച്ചുകൊടുത്തതിന്റെ ശേഷം താശ്ശന്മേനോൻ ആ കാണിച്ചുകൊടുത്ത സ്ഥല [ 98 ] ത്തേക്കായി പുറപ്പെട്ടു. എന്തൊരു സ്ഥലമായിരിക്കണം ഇതു് എന്നു താശ്ശന്മേനോൻ അവിടെ ചെന്നു കയറുന്നതുവരെ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. താൻ ചെന്നു കയറിയപ്പോൾ കണ്ടു തനിക്കു വളരെ പരിചയമുള്ള ഒരു പഴയ മഠത്തെ താശ്ശന്മേനോൻ വ്യവഹാരാവശ്യങ്ങൾക്കായി മുമ്പേ വന്നിരുന്ന കാലങ്ങളിൽ ഹരിഹരൻ പട്ടരു് എന്നു പേരായ ഒരു ചോറ്റുകച്ചവടക്കാരൻ ചോറുവച്ചു വിറ്റിരുന്ന ഒരു സ്ഥലമായിരുന്നു ഇതു്. താശ്ശന്മേനോൻ വ്യവഹാരങ്ങൾക്കായി വന്നാൽ ഒന്നും രണ്ടും മാസം ഒന്നായി ഈ മഠത്തിലാണ് താമസിച്ചുവന്നതു്. മഠം മുമ്പത്തേതിലും വളരെ ജീർണ്ണിച്ചിരിക്കുന്നു. കിഴക്കുഭാഗം മുമ്പു് ഒരു ചുമരുണ്ടായിരുന്നതു് ഇടിഞ്ഞുവീണ സ്ഥിതിയിൽ കിടക്കുന്നു. കാറ്റിന്റെയും മഴയുടെയും അസഹ്യതയെ തടുപ്പാൻ ആ ചുമരുണ്ടായിരുന്ന സ്ഥലത്തു് ഒരു ഓലപ്പായ് കെട്ടി തൂക്കിയിരിക്കുന്നു. ആ തൂക്കിയ പായ് പൊന്തിച്ചിട്ടുവേണം അകത്തേക്കു കടപ്പാൻ. താശന്മേനോൻ പായ് പൊന്തിച്ച് അത്തേക്കു തല ഇട്ടു നോക്കിയപ്പോൾ മുമ്പു താനും വഴിപോക്കരും പലപ്പോഴും ഉണ്ണാനിരുന്ന മുറിയിൽ എട്ടു പത്തു വലിയ യോഗ്യന്മാർ വളരെ ഘനത്തോടെ വർത്തമാനക്കടലാസ്സുകളേയും പുസ്തകങ്ങളേയും വായിക്കുന്നതു കണ്ടു. മുമ്പു താശ്ശന്മേനോൻ താമസിച്ചിരുന്നകാലത്തു ഈ മുറിയിൽ ഇപ്പോൾ കണ്ടതുപോലെയുള്ള വെളിച്ചം ഉണ്ടായിരുന്നില്ല. ഇതു് ഈ മുറിക്ക് വലിയ ജാലകങ്ങൾ പിന്നെ ഉണ്ടാക്കിവെച്ചതുകൊണ്ടാണെന്നു് എന്റെ വായനക്കാർ ശങ്കിക്കരുതെ. മേൽപ്പുരകെട്ടാൻ സമയപ്രകാരം വരിപ്പണം കിട്ടാത്തതുകൊണ്ടു പുരയുടെ ഓല അവിടവിടെ ദ്രവിച്ചു നശിച്ചുണ്ടായ ദ്വാരങ്ങളിൽക്കൂടി സൂര്യരശ്മി ധാരാളമായി അകത്തേക്കു പ്രവേശിച്ചുണ്ടാകുന്ന വെളിച്ചമാണു് ഈ അധികമായ വെളിച്ചം. വൃത്താകൃതിയായുള്ള ഈ രശ്മികളിൽ ചിലതു് അവിടെ ഇരിക്കുന്ന ചില യോഗ്യന്മാരുടെ തലമണ്ടയിൽ അടിക്കുന്നതിനെ വേഷ്ടിയാലും തോർത്തുമുണ്ടിനാലും തൽക്കാലം ആച്ഛാദനം ചെയ്തുകൊണ്ടു ഗാംഭീര്യഭാവത്തിനു് ഒട്ടും കുറവില്ലാതെ ചിലർ വായിക്കുന്നു. ഈ അറയുടെ നടുവിൽ ഒരു മേശ ഇട്ടിട്ടുണ്ടു്. അതിന്നു് ആകെ മൂന്നു കാലുകൾ മാത്രമേ ഉള്ളു. കഴിച്ചുള്ള ഒരു ഭാഗം സമമാക്കി നിർത്തീട്ടുള്ളതു് കല്ലുകളും മരക്കഷണങ്ങളും മേൽക്കുമേൽവച്ചു് ഉയർത്തീട്ടാണു്. തന്റെ സ്നേഹിതൻ വക്കീൽ ശാമുമേനോനവർകൾ ഇരിക്കുന്നതു കണ്ടതു് ഒരു പഴയ വാതിൽ പലകയിന്മേലാണ്. ഹരിഹരൻപട്ടരുടെ പഴയ അടുപ്പുകല്ലുകൾ പറിച്ചെടുത്തു രണ്ടുഭാഗത്തും ചുമരുപോലെ ഉയർത്തിവെച്ചു് അതിന്മേൽ വാതില്പലകവെച്ച് അതിന്മേ [ 99 ] ലാണു് ശാമുമേനോനവർകൾ ഇരിക്കുന്നതു്. പ്രസിദ്ധനായ വക്കീൽ കർപ്പൂരയ്യനും അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ഇരിക്കുന്നതു് ശാമുമേനോനെക്കാളും ഭേദമായിട്ടാണു്. ഇംഗ്ലീഷിൽ ഈസി ചെയർ എന്നു പേർ പറയപ്പെടുന്ന ഒരു വക ചാരിക്കിടക്കുന്ന കസാലയുടെ ഏതാനും ഒരംശത്തിന്മേലാണു് ഇദ്ദേഹം ഇരിക്കുന്നതു്. ഏതാനും ഒരംശം എന്നുവെച്ചാൽ വളരെ കുറച്ചേ ബാക്കിയുള്ളു. കാലുകളും കൈകളും വെക്കുന്ന രണ്ടു തണ്ടുകളും അതുകൾ നിർത്തിയിരുന്ന രണ്ടു കുറ്റികളും വെക്കുന്ന ചാരുന്ന ഭാഗം ഉള്ള തണ്ടുകൾ പൊട്ടിപ്പോയിരിക്കുന്നു. ചാരിക്കിടക്കുന്ന ഭാഗത്തു ബാക്കിയുള്ള തണ്ടിന്മേൽ ചൂരൽ മുഴുവനും പൊയ്പോയിരിക്കുന്നു. കഷ്ടിച്ചു് ഇരിക്കാനുള്ള സ്ഥലത്തു മാത്രമേ ചൂരൽ ഉള്ളു. കാൽ നാലുണ്ടു് , എന്നാൽ അതിൽ ഒന്നിനു കലശലായുള്ള എളക്കമോ വല്ല കേടോ ഉണ്ടെന്നു കർപ്പൂരയ്യൻ വായിക്കുന്നതിനിടയിൽ കൂടെക്കൂടെ ബദ്ധപ്പെട്ടു് ആ കാലിന്മേലേക്കു നോക്കുന്നതുകൊണ്ടു നിശ്ചയിക്കാം. വായിക്കുന്നതിൽ ഒന്നുരണ്ടാൾ ഈ അറയുടെ നടുവിൽ ഇട്ടിരിക്കുന്ന മേശയുടെ വക്കിന്മേൽ സന്ധിച്ച് ഇരുന്നുവായിക്കുന്നു. ഒരാൾ മൂന്നു കാലുകൾ മാത്രമുള്ള ഒരു ചെറിയ കസാലമേൽ ഇരുന്നുവായിക്കുന്നു. ഒരാൾ മൂന്നു കാലുകൾ മാത്രമുള്ള ഒരു ചെറിയ കസാലമേൽ ഇരുന്നു് വീഴാതിരിപ്പാൻ എടത്തെ കൈകൊണ്ടു ചെറിയ ഒരു കിളിവാതലിന്റെ അഴി മുറുക്കെ പിടിച്ചു വലത്തെ കയ്യിൽ വർത്തമാനക്കടലാസ്സുവച്ചു വായിക്കുന്നു. മറ്റൊരു യോഗ്യൻ ഹരിഹരൻ പട്ടരു് വേണ്ടെന്നുവെച്ചു് ഇട്ടേച്ചുപോയിട്ടുള്ള ഒരു പഴയ അരിപ്പെട്ടിയിന്മേൽ കയറി ഇരുന്നു വായിക്കുന്നു. മറ്റൊരാൾക്കു് ഇരിപ്പാൻ സാധനം ഒന്നും കിട്ടാത്തതിനാൽ ഹരിഹരൻ പട്ടരുടെ പഴയ അടുക്കളയുടെ മുറിമണ്ണിന്മേൽ തോർത്തുമുണ്ടു് മടക്കിഇട്ട് ഇരുന്നു വായിക്കുന്നു. താശ്ശന്മേനോന്റെ തല പായുടെ ഇടയിൽക്കൂടെ കണ്ട ഉടനെ,

ശാമുമേനോൻ:- ഓഹൊ, താശ്ശന്മാൻ എപ്പോൾ വന്നു. വളരെ കാലമായല്ലോ കണ്ടിട്ടു്.

എന്നു പറഞ്ഞു വാതിൽ പലകമേൽ നിന്നു് എഴുനീറ്റു താശ്ശന്മേനോനെ അകത്തേക്കു ക്ഷണിപ്പാൻ നിവൃത്തി ഇല്ലാത്തതിനാൽ പുറത്തേക്കു പുറപ്പെട്ടു.

താ:- ഞാൻ നിങ്ങളുടെ വീട്ടിൽ പോയി. ഇവിടെയാണു് നിങ്ങൾ എന്നു മനസ്സിലായില്ല. ഈ മഠത്തിന്നു് ഇപ്പോൾ കുളമ്പു് എന്നു പേരിട്ടതു് ഞാൻ അറിഞ്ഞിട്ടില്ല. ഞാൻ നിങ്ങളെ വളരെ തിരഞ്ഞു.

ശാ:- എന്താണ് വിശേഷിച്ചോ വന്നതു്? [ 100 ] താ:- എടത്തിൽനിന്നു് അടിയന്തിരമായി ഒരു കാര്യകൊണ്ടു പറവാൻ അയച്ചതാണു്. കർപ്പൂരയ്യനോടും നിങ്ങളോടും പറഞ്ഞു് നിങ്ങൾ രണ്ടുപേരേയും ഇന്നുതന്നെ എടത്തിലേക്കു കൂട്ടിക്കൊണ്ടു ചെല്ലുവാൻ അച്ചൻ പറഞ്ഞയച്ചിരിക്കുന്നു.

ശാ:- എനിക്കു തൽക്കാലം വരാൻ സാധിക്കില്ല. കർപ്പൂരയ്യനും തരമാവില്ലെന്നു തോന്നുന്നു. ഞാൻ ചോദിക്കാം. എന്താണ് കാര്യം?

താശ്ശന്മേനോൻ വിവരങ്ങളെല്ലാം പറഞ്ഞു.

ശാ:- ഇതു ഞങ്ങൾ കേട്ടിരിക്കുന്നു. ഇതിനു് ഇപ്പോൾ ഞങ്ങൾ വന്നിട്ടു് എന്താണു് വേണ്ടതു്? വ്യവഹാരം അവരു കൊടുക്കുന്നുണ്ടെങ്കിൽ കൊടുക്കട്ടെ. അതിന്റെ ശേഷമല്ലെ നോം വല്ലതും പ്രവർത്തിക്കേണ്ടതുള്ളു.

താ:- അപ്പോൾ ഈ കത്തിനു് മറുപടി അയക്കണ്ടേ?

ശാ:- വന്ന കത്തു് ഇങ്ങട്ടു് കൊണ്ടുവന്നിട്ടുണ്ടോ?

താ:- ഇല്ല.

ശാ:- പിന്നെ എങ്ങനെ മറുപടി എഴുതും? ആകട്ടെ ഞാൻ കർപ്പൂരയ്യനോട് ഒന്നു ചോദിക്കട്ടെ. നിങ്ങൾ വീട്ടിൽ പോയി താമസിക്കിൻ. ഞാൻ ഒരുമണിക്കൂറിനകത്തു് അങ്ങട്ട് വരാം.

എന്നു പറഞ്ഞു ശാമുമേനോൻ വീണ്ടും വായിക്കുന്ന മുറിയിലേക്കു ചെന്നു കർപ്പൂരയ്യനോടു സംസാരിച്ചു. മലയാളത്തിൽ തന്നെയാണു സംസാരിച്ചതു്. എങ്കിലും ഇംഗ്ലീഷ് പഠിച്ച മലയാളികൾ ഈ കാലത്തു മലയാളം സംസാരിക്കുന്ന മാതിരിയിൽ തന്നെയാണു് ഞാൻ ഈ സംവാദം ഇവിടെ എഴുതുന്നതും.

വക്കീൽ ശാമുമേനോൻ:- എന്താണ് സാർ വായിക്കുന്നതു്? പൂഞ്ചോലക്കര എടത്തിൽനിന്നു് ഒരാൾ വന്നിരിക്കുന്നു. നുമ്മൾ രണ്ടാളും ഒന്നു അവിടത്തോളം ചെല്ലേണമെന്നു പറഞ്ഞയച്ചിരിക്കുന്നു.

കർപ്പൂരയ്യൻ:- വരട്ടെ ഒരു പത്തു മിനിട്ടു താമസിക്കിൻ. ഞാൻ ഈബുക്കിൽ നാലഞ്ചു പേജുകൾകൂടി വായിച്ചോട്ടെ. എന്നിട്ടു നോക്കി സംസാരിക്കാം.

ശ:- എന്താണ് ബുക്ക്?

ക:- ഒരു മലയാളനോവൽ. എഴുതിയ വിദ്വാൻ എന്റെ ഒരു സ്നേഹിതനാണ്. ബുക്കിനെപ്പറ്റി എന്റെ ഒപ്പിനിയൻ കിട്ടുവാൻ ആവശ്യപ്പെട്ടിരിക്കുന്നു. ഞാൻ ഇത്രനേരം വായിച്ചതു് നോവൽ അല്ല. അതിനെപ്പറ്റി ഓരോരുത്തർ കൊടുത്തിട്ടുള്ള സ്തുതിലിഖിതങ്ങളെ [ 101 ] യാണു്. ബുക്കു് ഇത്ര വണ്ണം കാണുന്നതു് ന്യൂസ്പേപ്പർ റിവ്യൂകളും സർട്ടിഫിക്കറ്റുകളും ഇതിൽ അച്ചടിച്ചു ചേർത്തതുകൊണ്ടാണു്. ഇതു മുഴുവനും വായിച്ചു. ഇതിലൊന്നുപോലെ ഒന്നു ഞാനും എഴുതി അയിച്ചേക്കാമെന്നു വെച്ചു ഈ സർട്ടിഫിക്കറ്റുകൾ വായിക്കുകയാണ്. എനി ഒരു ആറേഴെണ്ണങ്ങൾകൂടി വായിപ്പാനുണ്ടു്.

ശാ:- ഇപ്പോൾ വായിക്കുന്നതു് ആരുടെ സർട്ടിഫിക്കറ്റാണെന്നറിഞ്ഞില്ല.

ക:- നോക്കട്ടെ പറയാം. നഗരം ചാർജ് ഹെഡ്കാൺസ്റ്റേബിൾ കൊന്നുണ്ണി പെരുമ്പ്രനായരുടെ ഒപ്പാണ് സർട്ടിഫിക്കെറ്റിനു ചോടെ കാണുന്നതു്.

ശാ:- എന്താണു് ബുക്കിന്റെ പേരു?

ക:- പേരു വളരെ വലിയ പേരാണു്. ( ഒന്നാമത്തെ പേജു നോക്കിക്കൊണ്ടു്) പേരു വളരെ നീളമായിരിക്കുന്നു. ഇതിൽ കാണുന്നതു്. "ലീലാലോലാകി, അല്ല, ലീലാവല്ലി."

ശാ:- ഞാൻ നോക്കാം എന്നു പറഞ്ഞു ബുക്കു കർപ്പൂയ്യേനോടു വാങ്ങി നോക്കി. ഓ, അതു ഞാൻ വായിച്ചിരിക്കുന്നു. ഇതിന്റെ പേരു് "ലീലാലോലകല്ലോല്ലവല്ലീകോലാഹലം" എന്നാണ്. ഈ ബുക്കു ബഹുവിശേഷമാണെന്നു് അന്നംഭട്ടി ദീക്ഷിതർ സമ്മതിച്ചിരിക്കുന്നുവത്രെ.

വക്കീൽ രാഘവമേനോൻ:- അദ്ദേഹം സമ്മതിച്ചാൽ ബുക്കു നന്നായിപ്പോകുമായിരിക്കും.

ശാ:- ഇന്നു ഈ ത്രിഭൂവനങ്ങളിലും അദ്ദേഹത്തിന്റെ സമ്മതത്തിന്നു മീതെ ഒന്നും വേണ്ടതില്ല.

രാ:- എന്താണു് ഹെ. തിഭൂവനങ്ങൾ എന്നു വെച്ചാൽ.

ശാ:- ഈ ലോകം മുഴുവനും തന്നെ. യൂർറാപ്പു്, ഏഷ്യാ, ആഫ്രിക്ക, അമേരിക്ക, പിന്നെ ദ്വീപുകളും സമുദ്രങ്ങളും തന്നെ.

രാ:- ശരി എനിക്കു ബോദ്ധ്യമായി. എന്താണു് ഈ ബുക്കിന്റെ നീണ്ട പേരിന്റെ അർത്ഥം.

ശാ:- ലീലാലോലകല്ലോലവല്ലി ഈ കഥയിലെ നായികയാണു്, അവളുടെ കോലാഹലം എന്നർത്ഥം.

രാ:- (ചിരിച്ചുംകൊണ്ടു്) നായികയുടെ കോലാഹലം എന്നു പറഞ്ഞാൽ എന്താണു് ഹെ, ഇതിന്റെ സാരം?

ശാ:- കോലാഹലം എന്ന വാക്കിന്റെ അർത്ഥം മനസ്സിലാവുന്നില്ലേ? [ 102 ] രാ:- വാക്കിന്റെ അർത്ഥം എനിക്കറിയാം. അതുകൊണ്ടാണ് നായികയുടെ കോലാഹലം എന്നു പറയുമ്പോൾ അർത്ഥം മനസ്സിലാവാത്തതു്.

വക്കീൽ ചാപ്പുമേനോൻ:- നിങ്ങൾക്ക് ഈ ഭൂഖണ്ഡത്തിൽ കാണുന്നതും കേൾക്കുന്നതും ആയ യാതൊരു വസ്തുവേയും ഇതുവരെ ബോദ്ധ്യമായിട്ടില്ല. അതു നിങ്ങളുടെ സ്വഭാവമാണ്. ഈ നോവലിന്റെ പേരു് ഒന്നാം തരമായിരിക്കുന്നു, ബഹു ലളിതമായിരിക്കുന്നു. മൃദുളമായിരിക്കുന്നു.

രാഘ:- മദ്ദളമായിർക്കുന്നു, ചെണ്ടയായിരിക്കുന്നു എന്നു കൂടി പറഞ്ഞോളൂ 'ല' 'ള' എന്നക്ഷരങ്ങൾ കുറെ അധികം ചേർത്തു ഒരു മാലയാക്കി ഒരു പേർ പറഞ്ഞാൽ അതു മൃദുളമായിപ്പോയി അല്ലെ? കഥയില്ലാതെ പറയുന്നതിനു എന്തു നിവൃത്തി?

ചാപ്പു:- അതുതന്നെയാണ് ഞാനും പറയുന്നതു്. രസം അറിയാതെ പറയുന്നതിനു എന്തു നിവൃത്തി? ഈ നോവലിന്റെ പേർ വിശേഷമാണ്, സംശയമില്ല. ബഹുസുരളമായിരിക്കുന്നു.

രാഘ:- അങ്ങനെതന്നെ "ലരളം" തന്നെ സമ്മതിച്ചു. നായികയുടെ കോലാഹലം എന്താണെന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു.

ചാപ്പു:- ബുക്കു് വായിച്ചറിഞ്ഞോളൂ.

രാഘ:-അതിനുമാത്രം മഹാപാപം ഞാൻ ചെയ്തിട്ടുണ്ടെന്നു വിചാരിക്കുന്നുല്ല.

ചാപ്പു:- നോക്കുക ദുഷ്ടത നോക്കു. ഇത്ര അസൂയ അരുതു്. ഇതുപോലെ ഒരു ബുക്കു് നിങ്ങൾക്ക് എഴുതാൻ സാധിക്കുമോ?

രാഘ:- ദൈവം സാക്ഷിയായിട്ടു പറയുന്നു, ഒരിക്കലും സാധിക്കുകയില്ല എന്നു തീർച്ചതന്നെ.

ചാപ്പു:- പിന്നെ ഈ ബുക്കിനെ ദുഷിക്കുന്നതു എന്തിനു്?

രാഘ:- ശിക്ഷ! ഒരാൾ വിഡ്ഡിത്വം വല്ലതും കാണിച്ചാൽ അതിനെക്കുറിച്ചു പരിഹസിക്കണമെങ്കിൽ അതുപോലെ മറ്റൊരു വിഡ്ഢ്ത്വം കാണിച്ചിട്ടു വേണമോ?

ചാ:- നിങ്ങളോടു ഞാൻ ഒന്നും പറയുന്നില്ല. ഈ നോവലിന്റെ പേർ ചീത്തയാണെന്നു പറയുന്ന നിങ്ങളോടു് ഞാൻ എന്തു പറയാനാണു്? നിങ്ങൾക്കു പേർ ബോദ്ധ്യമാവണമെങ്കിൽ "ശൂർപ്പണഖ" എന്നോ "ഇന്ദുലേഖ" എന്നോ മറ്റോ രൂക്ഷമായ ഒരക്ഷരത്തിൽ അവസാനിക്കണം അല്ലേ, എന്നാൽ ബോദ്ധ്യമായി. [ 103 ] രാഘ :- "ശൂർപ്പണഖാ" "ഇന്ദുലേഖാ " ശരി , ശരി. രൂക്ഷാക്ഷരം വിശേഷം തന്നെ. ബഹുരസികൻ തന്നെയാണ് നിങ്ങൾ. നിങ്ങൾക്കു ദൈവം തുണയ്ക്കട്ടെ. മറ്റു ഞാൻ എന്തു പറയട്ടെ. നായികയുടെ "കോലാഹലം" എന്നു പറയുന്നത് എത്ര അപഹസിക്കത്തക്ക ഒരു വാക്കാണ്.

ചാ :- അശേഷം അപഹസിക്കത്തക്ക വാക്ക് അല്ല, കോലാഹലം എന്നു പറഞ്ഞാൽ വിനോദം എന്നാണ് അർത്ഥം. നിങ്ങളെപ്പോലെ ഞാൻ പഠിച്ചിട്ടില്ലെങ്കിലും കുറെ സംസ്കൃതം എനിക്കും അറിയാം. നാഴികമണിയുടെ കോലാഹലം എന്നു പറയുന്നതിൽ ഒരബദ്ധവുമില്ലാ. വാക്കിനു നല്ല ഭംഗിയുമുണ്ട്. ഈ വാക്കു കേട്ടപ്പോൾ രാഘവമേനോനും സംസ്കൃതത്തിൽ നല്ല സമർത്ഥനും രസികനും മൂന്നു കാലുകൾമാത്രം ഉള്ള കസാലമേൽ ഇരുന്നു കിളിവാതിലിന്റെ അഴിപിടിച്ച് ഇരുന്നു വായിക്കുന്നാളും ആയ മാധവമേനോനും ചിറിച്ചു. മാധവമേനോൻ കസാലമേൽനിന്നു എഴുനീറ്റും കസാല ഉടനേ മറിഞ്ഞുവീണു.

മാധവമേനോൻ :- കോലാഹലം എന്ന പദത്തിന്നു വിനോദം എന്നർത്ഥമില്ലാ. ഹെ , അഥവാ വിനോദം എന്നർത്ഥംവെക്കുന്ന പക്ഷം തന്നെ നായികയുടെ വിനോദം എന്ന പേരിട്ടാൽ നല്ല ഭംഗിയുണ്ടോ ?

ചാ :- കോലാഹലം എന്ന വാക്കിന്നു സംസ്കൃതത്തിൽ ജീവനായ അർത്ഥം എന്താണ് ? മാധവമേനോൻ പറയൂ , സംസ്കൃതത്തിൽ പരീക്ഷ കൊടുത്ത ആളല്ലേ ?

മാ :- 'കോലാഹലം' 'കളകള' എന്നാണ് അപിധാനം . ഒരു കളകള ശബ്ദം എന്നു മാത്രമാണ് ജീവനായ അർത്ഥം.

ചാ :- ശരി , ശരി. എന്നാൽ ഈ പേരു വളരെ യുക്തമാണെന്നു എനിക്കു തോന്നുന്നു.

രാ :- ശരി , 'ള' കാരം രണ്ടുണ്ടല്ലോ ഇല്ലേ ?

ചാ :- അതെ. 'ള' കാരം ബഹു മൃദുളമാണ്.

രാ :- ശരി. പിരളമാണ്, മദ്ദളമാണ് , എലത്താളമാണ് , ശരി തന്നെ. എന്നാൽ "ലീലാലോലകല്ലോലവല്ലീ കളകള" എന്നാക്കുക പേര്.

മാ :- ഇതിലും നല്ലതു 'വളവള' എന്നു ചേർക്കുന്നതാണെന്ന് എനിക്കു തോന്നുന്നു. "ലീലാലോലകല്ലോലവല്ലീ വളവള" എന്നായ്ക്കോട്ടേ. പേരു ഇങ്ങിനെ ഇട്ടാൽ ബുക്കിന്നു യഥാർത്ഥനാമത്വം എന്ന ഒരു ഗുണം കൂടി ഉണ്ടെന്നു ജനങ്ങൾ സമ്മതിക്കും. [ 104 ] ചാ :- അസൂയ്യ , അസൂയ്യ , അസൂയ്യ തന്നെ , നിങ്ങൾ എത്ര അസൂയപ്പെട്ടാലും അന്നംഭട്ടിദീക്ഷിതർ സമ്മതിച്ച ഒരു ബുക്കിന്നു യാതൊരു ന്യൂനതയും വരുന്നതല്ല.

രാ :- ഞാൻ ബുക്കിലെപ്പറ്റി എന്താണ് ദുഷിച്ചത് ? ബുക്കിന്റെ പേരിനെ പറ്റിയല്ലെ വ്യവഹാരമുണ്ടായത് ?

ചാ :- (ചിറിച്ചുകൊണ്ട്) അപ്പോഴേക്ക് ഇതും വ്യവഹാരമായോ ? എന്താണ് സല ചേർക്കേണ്ടത്. ഗോഷ്ടിമയം എന്നേ പറവാനുള്ളു.

വക്കീൽ ശിവരാമമേനോൻ :- നിങ്ങൾ തമ്മിൽ ശണ്ടകൂടണ്ട. നിങ്ങൾക്ക് എല്ലാപേർക്കും ഒരുപോലെ രസിക്കാൻ തക്കവണ്ണം ഞാൻ ഒരു നോവൽ എഴുതുവാൻ പോവുന്നു.

ശാ :- എന്താണു കഥ ? എന്താണു ബുക്കിന്റെ പേര്.

ശി :- ബുക്കിന്റെ പേര് പാതാള രാജാവ് എന്നാക്കേണമെന്നാണ് തല്ക്കാലം ഞാൻ വിചാരിക്കുന്നത്. ഒറച്ചിട്ടില്ല. കഥ എന്താണെന്ന് ഞാൻ പറകയില്ലാ. എന്നല്ല ബുക്കു വായിച്ചാലും എന്താണ് അതിലെ കഥ എന്നു അത്രവേഗം മനസ്സിലാവുമൊ എന്നും സംശയം. വായിച്ചു നന്ന ബുദ്ധിമുട്ടിയശേഷം ഒരു സമയം മനസ്സിലാവാനും മതി. അങ്ങിനെയാണ് ഞാൻ എഴുതുവാൻ ഭാവം.

ശാ :- ഇങ്ങിനെ ബുക്ക് എഴുതിയാൽ നിങ്ങളുടെ ബുക്ക് ആരു വായിക്കും.

ശി :- ബഹുജനങ്ങൾ വായിക്കും. തലകുലുക്കി രസിക്കും. അതിനു വിദ്യയുണ്ട്. നിങ്ങൾ നോക്കിക്കൊള്ളിൻ.

ശാ :- കഥ മനസ്സിലാവാതെ ജനങ്ങൾ രസിക്കുമോ ?

ശി :- കഥ വേഗം മനസ്സിലാവാഞ്ഞാലാണ് ബുദ്ധിമാന്മാർ രസിക്കുക. ബുദ്ധിമാന്മാർ രസിച്ചാൽ സാധാരണ ജനങ്ങൾ എല്ലാവരും രസിക്കും. ഗാംഭീർയ്യമുള്ള നോവലുകളുടെ ലക്ഷണങ്ങൾ നിങ്ങൾക്കു നിശ്ചയമില്ല. ഗാംഭീർയ്യമുള്ള നോവലുകൾ വായിച്ചാൽ? ഒന്നാമതു മനസ്സിനു യാതൊരു സ്തോഭങ്ങളും ഉണ്ടാവരുത്. വായിക്കുന്നിടത്തോളം മനസ്സു സ്തംഭിച്ചു ഘനമായി യാതൊരു വികാരങ്ങളും കൂടാതെ നില്ക്കണം. വായിച്ചു മുഴുവനായാൽ ഒരു ആശ്ചർയ്യരസംമാത്രം മനസ്സിനു തോന്നണം.

ശാ :- എന്ത് ആശ്ചർയ്യരസമാണ് മനസ്സിന്നു കഥ മനസ്സിലാവാഞ്ഞാൽ തോന്നുന്നത്. [ 105 ] ശി :- ഇത്ര മനസ്സിരുത്തി വായിച്ചിട്ടും കഥ വഴിപോലെ മനസ്സിലായില്ലല്ലോ എന്നും നാനൂറു അഞ്ഞൂറു പേജ് വായിച്ചിട്ടും മനസ്സിന്നു ഒരു വികാരവും ഒരേടത്തും വായിക്കുമ്പോൾ ഉണ്ടായില്ലല്ലൊ എന്നു ഉള്ള ആശ്ചർയ്യരസം തന്നെ. ഇങ്ങിനെ ബുക്കു എഴുതേണമെങ്കിൽ പ്രയാസമില്ലെ , ഇതാണ് ബുക്കിന്റെ ഗാംഭീർയ്യം. നിങ്ങൾക്കു നോവലിന്റെ തത്വം മനസ്സിലായിട്ടില്ല. നോവലിൽ "പ്ലോട്ട് "എന്ന കഥാരചനാവൈഭവം കാണിക്കുന്നതായാൽ കഥാസംബന്ധത്തെ വായനക്കാരനു ക്ഷണത്തിൽ മനസ്സിലാവാത്ത വിധം എഴുതിക്കൊണ്ടുപോണം. ചിലേടങ്ങളിൽ ലേശം മനസ്സിലാവരുത്. എത്ര വായിച്ചാലും മനസ്സിലാവരുത്. ഗ്രന്ഥകർത്താവുതന്നെ പിന്നെ വായിക്കുമ്പോൾ പരിഭ്രമിച്ചു വശാവണം. അതാണ് ഈ നോവലുകളുടെ ഗാംഭീർയ്യം. അദ്ധ്യായങ്ങൾ വളരെ വേണം. ഒരു അദ്ധ്യായത്തിൽ പറഞ്ഞ കഥയുടെ വാൽ പിന്നെ വളരെ അദ്ധ്യായങ്ങൾ കഴിഞ്ഞതിന്റെ ശേഷമേ അല്പം കാണാവു. അതു കണ്ടാൽ തന്നെ ഏതിന്റെ വാലാണ് അത് എന്നു ക്ഷണേന മനസ്സിലാവരുത്. എന്നിട്ട് വായനക്കാർ തപ്പിത്തിരിഞ്ഞു ബുദ്ധിമുട്ടേണം. ഇങ്ങിനെ വന്നാൽ ബുക്കിന്നു ഗാംഭീർയ്യമായി. അങ്ങിനെയാണ് ഞാൻ എഴുതുവാൻ ഭാവം.

രാ :- മഹാപാപം ! നിങ്ങൾ എന്തിനു് ഈശ്വരാ ഇംഗ്ലീഷ നോവലുകളെ വഷളാക്കുന്നു. ഇങ്ങിനെയാണ് നിങ്ങൾ ബുക്ക് എഴുതുന്നുവെങ്കിൽ എനിക്കു നിങ്ങൾ അയക്കുന്ന കോപ്പി ഞാൻ വായിക്കാതെ ചുട്ടുകളയും.

ശി :- നിങ്ങൾക്കു ഞാൻ കോപ്പി അയക്കാൻ ഭാവമില്ല. എന്റെ ബുക്കിനെ രസിച്ചു വായിപ്പാൻ മാത്രം ബുദ്ധിശക്തിയുള്ളവർ ദൈവകൃപയാൽ മലയാളത്തിൽ വളരെയുണ്ട്. അവരെല്ലാം രസിക്കും. അവർ രസിച്ചാൽ സർവ്വജനങ്ങളും രസിക്കും.

രാ :- ആകട്ടെ , ഇംഗ്ലീഷിൽ പ്ലോട്ടിന്റെ രസം നിങ്ങൾ പറഞ്ഞ വിധമാണെന്നു മലയാളികളെ തെറ്റായി ധരിപ്പിക്കരുതെ. നിങ്ങളുടെ രസം ഇങ്ങിനെയാണെന്നു പറഞ്ഞോളിൻ. പ്ലോട്ടിന്റെ ലക്ഷണം നിങ്ങൾ പറഞ്ഞവിധമാണെന്നു പറഞ്ഞാൽ അറിവുള്ളോർ നിങ്ങളെ പരിഹസിക്കും.

ഇവരുടെ സംവാദം ഇത്രത്തോളമാവുമ്പോഴേക്കു കർപ്പൂരയ്യന്റെ വായനകഴിഞ്ഞ് അദ്ദേഹം എഴുനീറ്റു.

ക :- കൂട്ടരെ , ഒരു കഷണം കടലാസ്സുണ്ടോ ഇവിടെ എങ്ങാനും ഈ ബുക്കയച്ച സ്നേഹിതന് എന്റെ അഭിപ്രായം എഴുതി ഇപ്പോൾ തന്നെ അയച്ചുകളയാമായിരുന്നു. [ 106 ] ശ :- കടലാസ്സ് ഇല്ല. ഇതാ മഡ്രാസ്സ് ലൊഝർനലിൽ ആദ്യത്തെ കടലാസ്സ് ഒഴിവുണ്ട്. അതു മതി എങ്കിൽ കീറി തരാം.

ക :- ഓഹോ മതി. തടിച്ച കടലാസ്സൊ. കൂലി അധികമാവുമോ ?

ശാ :- സാമാന്യം തടി ഉണ്ട്. നേർപകുതി അരയണയ്ക്കു പോവുമെന്നു തോന്നുന്നു.

ക :- എന്നാൽ അതു കീറി എടുക്കിൻ.

ശാമുമേനോൻ കടലാസു കീറി എടുത്തുകൊടുത്തു.

ക :- എനി തൂവലും മഷിയും വേണമല്ലൊ. മഷിക്കും തൂവലിന്നും അന്വേഷണം തുടങ്ങി. അവിടെ എങ്ങും ആ രണ്ടു സാധനങ്ങളേയും കാണാൻ കഴിഞ്ഞില്ല. ഒടുവിൽ അയൽ മഠത്തിൽ ചോറ്റുകച്ചവടക്കാരൻ ചോറു വിറ്റതിന്റെ കണക്ക് എഴുതിക്കൊണ്ടിരിന്നേടത്തു നിന്ന് അയാളെ ഉപദ്രവിച്ച് ഒരു പഴയ കുറ്റി തൂവലും ഒരു ചിരട്ടക്കഷണത്തിൽ ഉള്ള മഷിയും തട്ടിപ്പറിച്ചു കൊണ്ടുവന്നു ക്ലബിലെ മേശമേൽ വെച്ച് എഴുത്തു തുടങ്ങി. എഴുത്തു തുടങ്ങിയപ്പോൾ മേശ കുലുങ്ങിത്തുടങ്ങി. അപ്പോൾ ഒരു ഭാഗത്തു കാലില്ലാത്തതിന്നു പകരം കൂട്ടി ഉയർത്തിവെച്ചിരുന്ന മരക്കഷണങ്ങളും കല്ലിന്റെ കഷണങ്ങളും കുറേശ്ശെ കുറേശ്ശെ വീണുതുടങ്ങി . മേശ ഒന്നു ചെരിഞ്ഞു. അതിന്മേൽ ഇരുന്നു വായിക്കുന്നവർ എഴുനീറ്റു നിന്നു. ഒരുവിധം അപ്പോഴേക്കു കർപ്പൂരയ്യന്റെ എഴുത്ത് അവസാനിച്ചു.

ക :- നുമ്മൾക്കു നല്ല ഒരു മേശ വാങ്ങണം.

ശാ :- സംശയമില്ല വാങ്ങണം. ഒരുവരി പട്ടിക ഉണ്ടാക്കണം. ആൾ ഒന്നുക്ക് നാലണ.

ക :- വയ്യാ , വയ്യാ , അത്ര അധികമായാൽ ആരും പണം തരികയില്ല. ഒരണ വെച്ചോളു. മാവുപലക വാങ്ങി ഉപായത്തിൽ ഉണ്ടാക്കിക്കാം. എന്നാൽ മതി.

ശാ :- മതി , മതി . എന്താണ് സർട്ടിഫിക്കറ്റ് ? ഒന്നു വായിച്ചു കേൾക്കാമൊ. ഇംഗ്ലീഷിലൊ മലയാളത്തിലൊ.

ക :- മലയാളത്തിൽ. മലയാളത്തിലുള്ള ബുക്കിന്നു ഇംഗ്ലീഷിൽ സർട്ടിഫിക്കറ്റ് കൊടുത്തതുകൊണ്ട് ന്യൂസ്പേപ്പർകാർ പരിഹസിച്ചിരിക്കുന്നു. എനിക്കു സംസ്കൃതവും മറ്റും വെച്ചു മലയാളത്തിൽ ഭംഗിയായി എഴുതുവാൻ വയ്യ. ഒരുവിധം ഇതാ ഞാൻ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു് താഴെ പറയുംപ്രകാരം വായിച്ചു. [ 107 ] "ദയവുചെയ്തു അയച്ച നോവൽബുക്കും കത്തും കിട്ടി. ഇപ്പോൾ ഈയ്യിടെ ഉണ്ടാക്കിയ നോവലുകൾ എല്ലാം ഓരോ അസഭ്യകഥകളും നേരംപോക്കും അടങ്ങീട്ടുള്ള ദുർദ്ദേവതമാരെപ്പോലെ തന്നെ മലയാളത്തിനെ ബാധിച്ചിരിക്കുന്നു. വായിപ്പാൻ അറയ്ക്കുന്നു. അനാവശ്യമായി ബ്രാഹ്മണരേയും മറ്റും ദുഷിക്കുന്നു. നിങ്ങളുടെ ബുക്കിന്ന് അതൊന്നുമില്ലെന്നു കൂടാതെ വളരെ പ്രശംസനീയമായിട്ടുണ്ടെന്നു ഞാൻ വിചാരിക്കുന്നു. നിങ്ങളുടെ കഥ വളരെ രസമുണ്ട്. നിങ്ങളുടെ വാചകത്തിന്നു നല്ല സുഖവും ഭടത്വവും ആകുന്നു. ആകപ്പാടേ നല്ല ഞെറിയുണ്ടെന്നു കൂടി ഇവിടെ പ്രസ്താവിക്കേണ്ടിവന്നുപോയിരിക്കുന്നു. അതു കൊണ്ട് ഈ സർട്ടിഫിക്കെറ്റു തരുന്നതിൽ എനിക്കു വളരെ കൃതഞ്ജതയും സത്വരവും ബഹുമാനവും സന്തോഷവും കൂടി ഉള്ളതു വീണ്ടും ആവർത്തിച്ചു ആവർത്തിച്ചു പറയുന്നു."

ക :- എന്താണ് ശാമുമേനോൻ പോരെ ?

ശാ :- ധാരാളം മതി. സർട്ടിഫിക്കറ്റ് ഒന്നാന്തരം. ഈ പുസ്തകത്തിന്റെ യോഗ്യതയ്ക്ക് ഒത്ത് സർട്ടിഫിക്കേറ്റു തന്നെ.

ഇവിടെ എന്റെ വായനക്കാരോട് എനിക്ക് ഒന്നു പറവാനുണ്ട്, കർപ്പൂരയ്യന്റെ മേൽക്കാണിച്ച കത്തിൽനിന്ന് അദ്ദേഹത്തിന്റെ വക്കീൽപ്രവൃത്തിയിൽ ഉള്ള സാമർത്ഥ്യത്തെയോ പഠിപ്പിനെയോകുറിച്ച് നിങ്ങൾ ഒന്നും അനുമാനിക്കരുത്. പട്ടർ അതിസമർത്ഥനായ ഒരു വക്കീലാണ്. പട്ടർ വ്യവഹാരശാസ്ത്രത്തിൽ അതിനിപുണനും കാര്യം ഗ്രഹിക്കുന്നതിലും ഗ്രഹിച്ചാൽ അതിനെപ്പറ്റി പ്രവർത്തിക്കുന്നതിലും വളരെ നൈപുണ്യമുള്ള ആളും ആകുന്നു. എന്നാൽ വ്യവഹാരകാര്യങ്ങൾ ഒഴികെയുള്ള സംഗതികളിൽ ഒന്നും അറിവു വളരെ കുറയുമെന്നല്ല സംസ്കൃതത്തിൽ പരിജ്ഞാനവും മലയാളവാചകങ്ങൾ എഴുതുവാനുള്ള വൈഭവവും ലേശംപോലും ഇദ്ദേഹത്തിന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ടുമാത്രം മേൽക്കാണിച്ച കത്ത് അല്പം അപകടമായി വന്നുപോയതാണ്.

മേൽക്കാണിച്ച എഴുത്തു പൂട്ടിവെച്ചശേഷം കർപ്പൂരയ്യനും ശാമുമേനോനും കൂടി ക്ലബ് മുറിയിൽ നിന്നു പുറത്തേയ്ക്കു വന്നു മിറ്റത്ത് നിന്നു.

ക :- എന്തിനാണ് പൂഞ്ചോലക്കരനിന്ന് ആൾ വന്നിരിക്കുന്നത് ? ഇന്നാൾ നോം കേട്ട ടിച്ചബോറൻ കേസ്സു തുടങ്ങാൻ ഭാവമുണ്ടോ ?

ശാമു :- ഇങ്ങിനെ ഒരു അന്യായമുണ്ടോ , രാമവർമ്മൻ തിരുമുല്പാടും ഒരു പട്ടരും തിരുവനന്തപുരക്കാരൻ ഒരു പിള്ളയും കൂടിയാണ് ഈ [ 108 ] ചതിക്കു വട്ടം കൂട്ടിയിരിക്കുന്നതത്രേ. മഹാ അന്യായം , ഈ മാതിരി ചതി ഈ നാട്ടിൽ ഇതുവരെ ഉണ്ടായിട്ടില്ല.

ക :- വരട്ടെ , കാര്യത്തിന്റെ സത്യം ഇപ്പോൾ എങ്ങിനെ നിശ്ചയിക്കാം. എന്താണ് ഇപ്പോൾ നോം പ്രവർത്തിക്കേണമെന്നു ആവശ്യപ്പെടുന്നത്, അന്യായം കൊടുത്തിട്ടില്ലല്ലൊ; കൊടുത്തശേഷം നോക്കാം.

ശാ :- വ്യവഹാരം കൊടുക്കുമെന്നു നോട്ടീസ്സു വന്നിരിക്കുന്നുവത്രെ. അതിന്ന് ഒരു മറുവടി അയപ്പാൻ നോം രണ്ടാളും അത്രത്തോളം ചെല്ലുവാൻ ആവശ്യപ്പെട്ടിരിക്കുന്നു.

ക :- നോൺസൻസ് , നോട്ടീസ്സു ഇങ്ങട്ടയച്ചാൽ ഇവിടെനിന്നു ഒരു മറുപടി ഡ്രാഫ്ട്ചെയ്തു അയക്കരുതേ , അതുമതി. വന്നാൾ പോയിട്ടില്ലെങ്കിൽ അയാളോടു ഈ വിവരം പറഞ്ഞയച്ചാൽ മതി , നോട്ടീസ്സ് കൊണ്ടുവന്നിട്ടുണ്ടോ ?

ശാ :- ഇല്ല. എന്നാൽ ഞാൻ വിവരം പറഞ്ഞയക്കാം.

എന്നും പറഞ്ഞു ശാമുമേനോൻ അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി. ഈ വിവരങ്ങൾ പറഞ്ഞു താശ്ശന്മേനോനെ തിരിയെ അയച്ചു.

താശ്ശന്മേനോൻ പൂഞ്ചോലക്കര എത്തി അച്ചനോടു വിവരങ്ങളെ അറിയച്ചപ്പോൾ അച്ചൻ വല്ലാതെ കോപിച്ചു.

അച്ചൻ :- പണം വാങ്ങാനും നിലം ചാർത്തി വാങ്ങാനും പഠിച്ചാൽ പോരാ. നമുക്ക് ആവശ്യമുള്ള പ്രവൃത്തികൾകൂടി ചെയ്യണമെന്നു കർപ്പൂരവും ശാമുവും ഓർക്കാത്തത് ആശ്ചര്യം. കർപ്പൂരത്തിനു പക്ഷെ തിരക്കുണ്ടായിരിക്കാം , അയാൾക്കു വളരെ നമ്പ്രകൾ ഉണ്ട്. ഈ പൊട്ട ശാമുവിനുകൂടി ഇത്ര ധാർഷ്ട്യമായിപ്പോയോ. ഇവിടുത്തെ വക നമ്പ്രല്ലാതെ അവനു് ഒന്നും ഇല്ല. ഇന്നാൾ ആ നിലം ചാർത്തികൊടുത്തത് തെറ്റായിപ്പോയി. അതു കിട്ടുന്നതുവരെ അവൻ ഇവിടെനിന്നും ഒരു സമയവും വിടാറില്ല. അപ്പോൾ നമ്പറും തിരക്കും ഒന്നും കണ്ടില്ലാ. രാവുപകൽ എന്റെ പിന്നാലെ തന്നെ. മനുഷ്യര് ഇങ്ങിനെ കൃതഘ്നന്മാരായി വന്നാൽ എന്തു ചെയ്യും. ആട്ടെ തല്ക്കാലം നുമ്മളല്ലെ കുഴക്കിൽപെട്ടിരിക്കുന്നത്. ഉടനെ താച്ചു ഇവിടെ വന്ന കത്തുംകൊണ്ടുപോയി അവരെ കാണിക്കു. മറുവടി വളരെ നന്നായിരിക്കണം. രണ്ടാളുംകൂടി ദീർഘാലോചന ചെയ്ത് ഉണ്ടാക്കേണം എന്നു പറയു. മറുവടി കണ്ടാൽ പിന്നെ വ്യവഹാരംകൊടുത്തി ജയിക്കാമെന്നുള്ള മോഹം ഈ കള്ളന്മാർക്ക് വിട്ടുപോണം. അത്ര വിശേഷമായിരിക്കണം എന്നു പറയു. [ 109 ] അച്ചൻ പറഞ്ഞപ്രകാരം താശ്ശന്മേനോൻ പുറപ്പെട്ടു. അപ്പോഴേക്കു രാഘവനുണ്ണി തന്റെ മകൻ കൃഷ്ണമേനോനെക്കൊണ്ട് ഒരു മറുവടി ഉണ്ടാക്കിച്ചുവച്ചിട്ടുണ്ടായിരുന്നു. അതു താശ്ശന്മേനോന്റെ പക്കൽ കൊടുത്തു. അതു കർപ്പൂരയ്യനേയും ശാമുനേനോനെയും കാണിച്ച് അതിൽ വേണ്ട ഭേദം ചെയ്യിച്ച് അസ്സൽ എഴുതിച്ചുകൊണ്ടുവന്നാൽ മതി , എന്നു രാഘവനുണ്ണി പറഞ്ഞയച്ചപ്രകാരം താശ്ശന്മേനോൻ പുറപ്പെട്ടു പോവുകയും ചെയ്തു.

താശ്ശന്മേനോൻ കത്ത് ഒന്നാമത് ശാമുമേനോനെ കാണിച്ചു. കോടതിവളപ്പിൽ ശാമുമേനോന്റെ ആഫീസ്സുമുറിയിൽവച്ചാണ് കത്തു കൊടുത്തത് , ശാമുമേനോന്റെ ആഫീസ്സുമുറിയെ എന്റെ വായനക്കാർക്ക് ഒന്നു വർണ്ണിച്ചു കേൾക്കണമൊ ? വേണ്ട മുഷിയും.. ഏകദേശം "കൊളമ്പിന്റെ" മാതിരി തന്നെ എന്നു അനുമാനിച്ചുകൊൾവിൻ. ശാമുമേനോൻ കത്തു വായിച്ചിട്ട്. "ഇതു കൃഷ്ണമേനോൻ ഉണ്ടാക്കിയതോ ? "

താ :- അതെ.

ശാ :- ഈ മാതിരിക്കാരെ ഹൈക്കോർട്ട് വക്കീലന്മാരാക്കുന്നുവല്ലോ. കഷ്ടം ! ഈ കത്ത് അയച്ചാൽ പകുതിയും വ്യവഹാരം സമ്മതിച്ചപോലെതന്നെ. ആവട്ടെ. ഞാൻ ഇതൊന്നു കർപ്പൂരയ്യനെ വായിച്ചു കേൾപ്പിക്കട്ടെ. നിങ്ങൾ ഇവിടെത്തന്നെ നിൽക്കിൻ.

എന്നും പറഞ്ഞു ശാമുമേനോൻ കർപ്പൂരയ്യന്റെ മുറിയിൽ ചെന്നു നോക്കി. അദ്ദേഹം വിചാരണയിൽ കോടതി മുമ്പാകെയാണെന്ന് അറിഞ്ഞ് കോടതിയിലേക്കു ചെന്നു. ബാറിൽപോയി ഇരുന്നു. കർപ്പൂരയ്യൻ ഒരു വ്യവഹാരത്തിൽ പ്രസംഗം ചെയ്യുന്നു. പ്രസംഗത്തിനു ഇടയിൽ എന്തോ ഒരു റിക്കാർട്ടു നോക്കി പറവാനുണ്ടായിരുന്നതിനാൽ ഇരുന്നു റിക്കാർട്ട് തിരയുന്ന മദ്ധ്യേ ശാമുമേനോൻ സ്വകാര്യം കർപ്പൂരയ്യന്റെ ചെവിയൽ "പൂഞ്ചോലക്കരനിന്നു കത്തിന്റെ പകർപ്പ് ഉണ്ടാക്കി അയച്ചിരിക്കുന്നു , പുതിയ വക്കീൽ കൃഷ്ണമേനോന്റെ കൃതിയാണ്. മഹാ അബദ്ധം ! ഇതൊന്നു നോക്കുന്നില്ലേ " എന്നു പറഞ്ഞു.

ക :- ഇതു മഹാ ഉപദ്രവം തന്നെ. നിങ്ങൾ നന്നായി ഒന്നു എഴുതിവെക്കിൻ.. ഈ പ്രസംഗം കഴിഞ്ഞു ഞാൻ വന്നു നോക്കാം. ഇപ്പോൾ എന്നെ ഒന്നും അലട്ടരുത്.

വേഗം ശാമുമേനോൻ തിരികെ തന്റെ മുറിയിലേക്കു വന്നു സ്വയമായി ഒരു കത്തു ഉണ്ടാക്ക വെച്ചു. വൈകുന്നേരം 5 മണി ആയ [ 110 ] പ്പോൾ കർപ്പൂരയ്യൻ തന്റ്റെ ആഫീസ്സുമുറിയിലേക്കു മടങ്ങിവന്നു എന്നു അറിഞ്ഞു ശാമുമേനോൻ അങ്ങോട്ടു ചെന്നു.

ക:-എന്താണു് സാർ. ടിച്ചബോറൻ കേസിന്റെ നോട്ടീസിന്നു മറുവടി തയ്യാറായോ? കൃഷ്ണമേനോൻ തയ്യാറാക്കിയ മറുവടി ഒന്നു വായിക്കൂ. അതു് ഒന്നാമതു കേൾക്കട്ടെ. ഞാൻ ആ കുട്ടിയെ കണ്ടിട്ടില്ല. സമർത്ഥനാണെന്നു് എന്നോടു ഹൈക്കോർട്ടുവക്കീൽ പറഞ്ഞു.

ശാ:-നല്ല സമർത്ഥൻ. ബങ്കാറയ്യന്റെ എപ്രണ്ടീസ്സായിരുന്നു കൃഷ്ണമേനോൻ! അതുകൊണ്ടു പറഞ്ഞതായിരിക്കും. ഈ കത്തു വായിച്ചുകേട്ടാൽ സാമർത്ഥ്യത്തെക്കുറിച്ചു് എല്ലാം സ്വാമിക്കു മനസ്സിലാവും. എന്നു പറഞ്ഞു് കത്തു് എടുത്തു താഴെ പറയുന്നപ്രകാരം വായിച്ചു.

"അയച്ച കത്തു കിട്ടി. നമ്മുടെ എടത്തിലേക്കു് അപമാനത്തെയും ഉപദ്രവത്തേയും ഉണ്ടാക്കിത്തീർക്കണമെന്നുള്ള അത്യാഗ്രഹത്തോടെ ഇരിക്കുന്നു ചില ദുഷ്ടന്മാരുടെ ദുരുപദേശത്താൽ മാത്രം സത്യത്തേയും മര്യാദയേയും ലജ്ജയേയും കേവലം വിട്ടു താൻ വ്യാജമായ ചില വിവരങ്ങളെ കുറിച്ചു് എഴുതിയ ഈ കത്തിനു താൻ ആവശ്യപ്പെടുന്ന പ്രകാരം എന്തൊരു മറുപടിയാണു് തനിക്കു അയക്കേണ്ടതു് എന്നു അറിയുന്നില്ല."

"നമ്മുടെ എടത്തിൽനിന്നു് ഈ രാജ്യം വിട്ടു പൊയ്ക്കളഞ്ഞതായി താൻ പറയുന്ന സ്ത്രീയിൽ തനിക്കു് ഒരു പെൺകുട്ടി ഉണ്ടായിരിക്കുന്നു എന്നു താൻ പറയുന്നതു് ഏറ്റവും കഠിനമായ വ്യാജമാണെന്നും, നിർല്ലജ്ജനായ താൻ ഈ വിധം ഉള്ള ഒരു വ്യാജത്തെ നിലനിർത്തി വല്ലതും സമ്പാദിക്കേണമെന്നോ, ഈ എടത്തിലേക്കു വല്ല അപമാനം വരുത്താമെന്നോ, ഉള്ള ദുർമ്മോഹത്തെ ക്ഷണേന വിടുന്നില്ലെങ്കിൽ അതു തനിക്കും തന്റെ ഉപദേഷ്ടാക്കന്മാർക്കും ഒരുപോലെ നാശത്തിനു ഹേതുവായി വരുമെന്നും മാത്രം തന്റെ കത്തിനു മറുപടിയായി അറിയിക്കുന്നു."

"തന്റെ രാജ്യവും വീടും ഏതു ദിക്കിലാണെന്നു് ഇതുവരെ ഇവിടെ ആർക്കും അറിവാൻ കഴിയാഞ്ഞതിനാൽ ഈ മറുവടി ഇതുവരെ അയക്കാഞ്ഞതാണു്. ഇപ്പോൾ താൻ എടത്തിലെ പരമശത്രുവും തന്റെ മുഖ്യ ഉപദേഷ്ടാവുമായ ഉദയന്തളി രാമവർമ്മൻ തിരുമുല്പാടിലെ അധീനത്തിൽ അദ്ദേഹത്തിന്റെ ഒരു മഠത്തിൽവന്നു താമസിക്കുന്നുണ്ടെന്നു അറിഞ്ഞതിനാൽ ഈ കത്തു് അങ്ങോട്ടു് അയച്ചിരിക്കുന്നു." പൂഞ്ചോലക്കര വലിയച്ചൻ. [ 111 ] ക :- എനി നിങ്ങൾ ഉണ്ടാക്കിയ മറുവടി വായിക്കിൻ

ശാമുമേനോൻ താഴെ പറയുന്ന പ്രകാരം വായിച്ചു.

"രാമൻ എന്നു പേർ വെച്ച് എഴുതിയ ആൾക്കു് അയക്കുന്ന മറുവടി. രാമന്റെ കത്തിനെ നാം ഇതിനാൽ നിഷേധിച്ചിരിക്കുന്നു. രാമന്റെ കത്തിൽ പറയുന്ന സകല സംഗതികളും വെവ്വേറെ ആയും എല്ലാം കൂടിയും ഇതിനാൽ നിഷേധിച്ചിരിക്കുന്നു."

"കല്യാണി എന്ന ഒരു സ്ത്രീ നമ്മുടെ എടത്തിൽനിന്നു നാടുവിട്ടുപോയിട്ടില്ലെന്നു ഇതിനാൽ നിഷേധിക്കുന്നു. രാമൻ ആ സ്ത്രീയുടെ ഭർത്താവല്ലെന്നു ഇതിനാൽ നിഷേധിക്കുന്നു. ശാരദ എന്നു പേരായി ആ സ്ത്രീയിൽ രാമന് ഒരു കുട്ടി ഉണ്ടായിട്ടില്ലെന്നു ഇതിനാൽ നിഷേധിക്കുന്നു. ആ കുട്ടിക്ക് എടത്തിലെ സ്വത്തിന്മേൽ യാതൊരു അവകാശവുമുണ്ടാവാൻ പാടില്ലെന്നു ഇതിനാൽ നിഷേധിക്കുന്നു."

"കാര്യം ഇങ്ങിനെ ഇരിക്കെ രാമൻ നമ്മുടെമേൽ വല്ല വ്യവഹാരവും കൊടുത്താൽ ആ വ്യവഹാരത്തിൽ രാമനു് ഉണ്ടാകുന്ന സകല ചിലവുകളും രാമൻ സഹിക്കേണ്ടതും നമുക്കുണ്ടാവുന്ന സകല ചിലവുകളും രാമൻ തരേണ്ടതും ആണെന്നു് ഇതിനാൽ അറിയിക്കുന്നു."

ക :- ഒന്നാമത് വായിച്ച കത്തു മതിയെന്ന് എനിക്കു തോന്നുന്നു. അവരുടെ സ്വന്തം ആളുകൾ ഉണ്ടാക്കിയ കത്തല്ലേ. അതുതന്നെ അയക്കട്ടെ. അതിൽ രണ്ടുപോയിണ്ടുകൾ ഉണ്ടു്. കല്യാണി അമ്മ നാടുവിട്ടുപോയിട്ടുണ്ടെന്നുള്ള സംഗതിയെ തെളിവായി സമ്മതിച്ചിട്ടും നിഷേധിച്ചിട്ടും ഇല്ല. അതു അങ്ങിനെതന്നെയാണ് ഇപ്പോൾ വെക്കേണ്ടതു്. പിന്നെ കത്തിന്നു മറുവടി ഇതുവരെ അയപ്പാൻ താമസിച്ചതിന്റെ സംഗതി പറഞ്ഞതു് വളരെ നല്ലതായ മാതിരിയിൽ ആയിരിക്കുന്നു. നല്ല ഗൗരവം ഉണ്ടു്. എന്നാൽ വാചകപുഷ്ടി നിങ്ങളുടെ കത്തിനായിരിക്കും. അതിനെക്കുറിച്ചു് എനിക്കു പറവാൻ സാധിക്കയില്ല.

കർപ്പൂരയ്യൻ ഇത്രത്തോളം പറയുമ്പോഴേക്കു വക്കീൽ മാധവമേനോനും രാഘവമേനോനും കർപ്പൂരയ്യന്റെ മുറിയിലേക്കു കടക്കുന്നു. അവരോട്.

ക:- ആട്ടെ, നിങ്ങൾ രണ്ടാളും ഈ കത്തുകൾ നോക്കിൻ. ടിച്ച ബോറൻ കേസ്സിലെ ലോയർനോട്ടീസ്സിന്റെ മറുപടിയാണ് ഇത്. ഇതിൽ ഒന്നു ഹൈക്കോർട്ടുവക്കീൽ കൃഷ്ണമേനോൻ ഉണ്ടാക്കിയതാണു്. [ 112 ] മറ്റൊന്നു നമ്മുടെ സ്നേഹിതനുണ്ടാക്കിയതാണു്. ഏതാണു് നന്നായതെന്നു പറയിൻ.

മാധവമേനോൻ ഒന്നാമതു കൃഷ്ണമേനോൻ ഉണ്ടാക്കിയ മറുപടി വായിച്ചു. അതു രാഘവമേനോനു കൊടുത്തു. എന്നിട്ടു ശാമുമേനോൻ എഴുതിയ കത്തു വായിച്ചു. വായിച്ചുതുടങ്ങിയതുമുതൽ ചിറിയും തുടങ്ങി. ഏകദേശം പകുതിയായപ്പോൾ ചിറി കലശലായി. ചിറിച്ചു ചിറിച്ചു വായിപ്പാൻ വയ്യാതെയായി. കടലാസ്സ് മേശമേൽ ഇട്ടു. രാഘവമേനോൻ ഉടനെ ആ കടലാസ്സ് എടുത്തു വായിച്ചു. ചിറിച്ചു ശാമുമേനോന്റെ മുഖത്തേക്ക് ഒന്നു നോക്കി.

ക:- എന്താണ് കത്തിൽ വാചകത്തിനു വല്ല അബദ്ധവുമുണ്ടോ?

രാ:- കഷ്ടം, സർവ്വാബദ്ധം. ഈ കത്തിൽ രാമൻമേനോൻ പറയുന്ന സകല സംഗതികളേയും സമ്മതിച്ചിരിക്കുന്നുവല്ലോ.

ശാ:- (കഠിനദേഷ്യത്തോടുകൂടി) നിങ്ങളോട് ഞാൻ എന്റെ കത്തിനെ കുറിച്ച് അഭിപ്രായം ചോദിച്ചിട്ടില്ല.

എന്നു പറഞ്ഞു കത്തുകൾ രണ്ടും കയ്യിൽ എടുത്തു് കർപ്പൂരയ്യനോട്.

ശാ:- സ്വാമീ ഏതാണു് ഇതിൽ അയക്കേണ്ടതു്? ആൾ താമസിക്കുന്നു. വേഗം തീർച്ച പറയുക.

ക:- കൃഷ്ണമേനോൻ തയ്യാറാക്കിയതു് അസ്സൽ എഴുതിച്ചു് അയച്ചോളു. അതു മതി. ഭാരം നമുക്കു വേണ്ട.

ഈ വാക്കുകൾ കേട്ട ഉടനെ അങ്ങനെതന്നെ എന്നു പറഞ്ഞു ശാമുമേനോൻ വലിയ ക്രോധത്തോടെ കർപ്പൂരയ്യന്റെ മുറിയിൽ നിന്നു കടന്നുപോവുകയും ചെയ്തു.

രാഘവമേനോൻ:- സ്വാമീ ഈ കൃഷ്ണമേനോൻ അതിസമർത്ഥനായ ഒരു കുട്ടി തന്നെ ആണു്. അയാളുടെ വാചകം ബഹുവിശേഷം തന്നെ.

ക:- സംശയമില്ലാ. അയാളുടെ കത്തിൽ രണ്ടു മൂന്നു പോയിണ്ടുകൾ കാണുന്നതു് അസ്സലായിരിക്കുന്നു.

എന്നു പറഞ്ഞ ഇവർ എല്ലാവരും പിരിഞ്ഞു. കർപ്പൂരയ്യന്റെ അഭിപ്രായപ്രകാരം വളരെ കുണ്ഠിതത്തോടുകൂടി ശാമുമേനോൻ കൃഷ്ണമേനോൻ തയ്യാറാക്കിയ കത്തു് അസ്സൽ എഴുതിച്ചു താശ്ശൻമേനോൻ വശം കൊടുത്തയച്ചു. താശ്ശൻമേനോൻ കത്തു കൊണ്ടുപോയി അച്ചന്റെ പക്കൽ കൊടുത്തു. അച്ചൻ വായിച്ചു കേട്ടു വളരെ സന്തോഷിച്ചു. [ 113 ] അച്ചൻ :- കത്ത് വിശേഷമായിരിക്കുന്നു. കർപ്പൂരം ആൾ സമർത്ഥൻ തന്നെ. ഇതു കർപ്പൂരം ഉണ്ടാക്കിയതോ ശാമുവിന്റെ വാചകമോ ?

താ:- അവർ രണ്ടാളുടേതുമല്ല. നുമ്മടെ കുട്ടി കൃഷ്ണമേനോൻ ഉണ്ടാക്കിയതാണു്. ഞാൻ ഈ പകർപ്പു ഇവിടുന്നു പോവുമ്പോൾ കൊണ്ടുപോയിരുന്നു. അതു കർപ്പൂരയ്യനും ശാമുമേനോനും നോക്കി സമ്മതിച്ചതാണു്.

അച്ചൻ:- (ക്രോധത്തോടെ) അതു് എന്താണു്. അവർക്കുതന്നെ ഒരു കത്ത് ഉണ്ടാക്കി അയക്കരുതേ? ഇവർ ഇത്ര ഉപേക്ഷ കാണിക്കുന്നത് എന്താണു്? കൃഷ്ണനു് ഇതിൽ ഒന്നും പരിചയമായിട്ടില്ല. അവർ എഴുതുവാനുള്ള മടികൊണ്ട് ഇതു മതി എന്നു പറഞ്ഞയച്ചതായിരിക്കും. അങ്ങിനെ വരട്ടെ. കത്തു വായിച്ചു കേട്ടപ്പോൾ തന്നെ ഇതു മുഴുവനും സംഗതികൾക്കു് മറുപടിയായിട്ടില്ലെന്നു് എനിക്കു തോന്നി. ഇങ്ങട്ടു് അയച്ച കത്തിന്റെ ഒരു പകുതിയോളംകൂടി ഇല്ല. മറുവടി ഇതു പോരാ. താച്ചു വീണ്ടും പോയി കർപ്പൂരത്തെക്കൊണ്ടും ശാമുവെക്കൊണ്ടും തന്നെ ഒരു മറുവടി ഉണ്ടാക്കിച്ചുകൊണ്ടുവരണം. മടങ്ങി വീണ്ടും പോവാൻ വളരെ മടിയുള്ള താശ്ശന്മേനോൻ:- അങ്ങിനെയല്ല. ഈ കത്ത് വളരെ വിശേഷമായിരിക്കുന്നു എന്ന് എല്ലാ വക്കീലന്മാരും സമ്മതിച്ചിരിക്കുന്നു. വക്കീൽ രാഘവമേനോൻ, മാധവമേനോൻ ഇവർക്കു എല്ലാം സമ്മതമായിരിക്കുന്നു. എന്നല്ല കർപ്പൂരയ്യനും വളരെ ആലോചിച്ചു നോക്കിയശേഷമാണ് സമ്മതിച്ചതു്.

അച്ചൻ കുറഞ്ഞൊന്നു ആലോചിച്ചിട്ടു്.

"കർപ്പൂരം ഈ കത്തു വേണ്ടുവോളം മതി എന്നു സമ്മതിച്ചുവോ?"

താ:- വേണ്ടുവോളം മതി. ബഹുവിശേഷമായിരിക്കുന്നു എന്നു പറഞ്ഞു.

അ:- എന്നാൽ അങ്ങിനെയാവട്ടെ. ഇത്ര വലിയ പ്രഭുക്കന്മാരെ വക്കീലന്മാരാക്കിയാൽ ഇങ്ങനെ ഇരിക്കും. ആവട്ടെ. ഈ കത്ത് ഒരാൾ ഉദയന്തളിയിലേക്കു കൊണ്ടുപോയി കൊടുക്കട്ടെ.

അച്ചൻ കല്പിച്ച പ്രകാരം പിറ്റേദിവസം ഈ കത്തുംകൊണ്ടു് ഒരാൾ ഉദയന്തളിയിലേക്കായി പുറപ്പെടുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=ശാരദ/ആറാം_അദ്ധ്യായം&oldid=38495" എന്ന താളിൽനിന്ന് ശേഖരിച്ചത്