Jump to content

താൾ:Sarada.djvu/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചതിക്കു വട്ടം കൂട്ടിയിരിക്കുന്നതത്രേ. മഹാ അന്യായം , ഈ മാതിരി ചതി ഈ നാട്ടിൽ ഇതുവരെ ഉണ്ടായിട്ടില്ല.

ക :- വരട്ടെ , കാര്യത്തിന്റെ സത്യം ഇപ്പോൾ എങ്ങിനെ നിശ്ചയിക്കാം. എന്താണ് ഇപ്പോൾ നോം പ്രവർത്തിക്കേണമെന്നു ആവശ്യപ്പെടുന്നത്, അന്യായം കൊടുത്തിട്ടില്ലല്ലൊ; കൊടുത്തശേഷം നോക്കാം.

ശാ :- വ്യവഹാരം കൊടുക്കുമെന്നു നോട്ടീസ്സു വന്നിരിക്കുന്നുവത്രെ. അതിന്ന് ഒരു മറുവടി അയപ്പാൻ നോം രണ്ടാളും അത്രത്തോളം ചെല്ലുവാൻ ആവശ്യപ്പെട്ടിരിക്കുന്നു.

ക :- നോൺസൻസ് , നോട്ടീസ്സു ഇങ്ങട്ടയച്ചാൽ ഇവിടെനിന്നു ഒരു മറുപടി ഡ്രാഫ്ട്ചെയ്തു അയക്കരുതേ , അതുമതി. വന്നാൾ പോയിട്ടില്ലെങ്കിൽ അയാളോടു ഈ വിവരം പറഞ്ഞയച്ചാൽ മതി , നോട്ടീസ്സ് കൊണ്ടുവന്നിട്ടുണ്ടോ ?

ശാ :- ഇല്ല. എന്നാൽ ഞാൻ വിവരം പറഞ്ഞയക്കാം.

എന്നും പറഞ്ഞു ശാമുമേനോൻ അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി. ഈ വിവരങ്ങൾ പറഞ്ഞു താശ്ശന്മേനോനെ തിരിയെ അയച്ചു.

താശ്ശന്മേനോൻ പൂഞ്ചോലക്കര എത്തി അച്ചനോടു വിവരങ്ങളെ അറിയച്ചപ്പോൾ അച്ചൻ വല്ലാതെ കോപിച്ചു.

അച്ചൻ :- പണം വാങ്ങാനും നിലം ചാർത്തി വാങ്ങാനും പഠിച്ചാൽ പോരാ. നമുക്ക് ആവശ്യമുള്ള പ്രവൃത്തികൾകൂടി ചെയ്യണമെന്നു കർപ്പൂരവും ശാമുവും ഓർക്കാത്തത് ആശ്ചര്യം. കർപ്പൂരത്തിനു പക്ഷെ തിരക്കുണ്ടായിരിക്കാം , അയാൾക്കു വളരെ നമ്പ്രകൾ ഉണ്ട്. ഈ പൊട്ട ശാമുവിനുകൂടി ഇത്ര ധാർഷ്ട്യമായിപ്പോയോ. ഇവിടുത്തെ വക നമ്പ്രല്ലാതെ അവനു് ഒന്നും ഇല്ല. ഇന്നാൾ ആ നിലം ചാർത്തികൊടുത്തത് തെറ്റായിപ്പോയി. അതു കിട്ടുന്നതുവരെ അവൻ ഇവിടെനിന്നും ഒരു സമയവും വിടാറില്ല. അപ്പോൾ നമ്പറും തിരക്കും ഒന്നും കണ്ടില്ലാ. രാവുപകൽ എന്റെ പിന്നാലെ തന്നെ. മനുഷ്യര് ഇങ്ങിനെ കൃതഘ്നന്മാരായി വന്നാൽ എന്തു ചെയ്യും. ആട്ടെ തല്ക്കാലം നുമ്മളല്ലെ കുഴക്കിൽപെട്ടിരിക്കുന്നത്. ഉടനെ താച്ചു ഇവിടെ വന്ന കത്തുംകൊണ്ടുപോയി അവരെ കാണിക്കു. മറുവടി വളരെ നന്നായിരിക്കണം. രണ്ടാളുംകൂടി ദീർഘാലോചന ചെയ്ത് ഉണ്ടാക്കേണം എന്നു പറയു. മറുവടി കണ്ടാൽ പിന്നെ വ്യവഹാരംകൊടുത്തി ജയിക്കാമെന്നുള്ള മോഹം ഈ കള്ളന്മാർക്ക് വിട്ടുപോണം. അത്ര വിശേഷമായിരിക്കണം എന്നു പറയു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/108&oldid=169740" എന്ന താളിൽനിന്ന് ശേഖരിച്ചത്